തൃശൂർ: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ അന്വേഷണം. ആംബുലൻസ് ദുരുപയോഗം ചെയ്‌തെന്ന പരാതിയിലാണ് സുരേഷ് ഗോപിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചത്. തൃശ്ശൂർ സിറ്റി പോലീസാണ് സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടത്തുന്നത്. സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ പരാതിയിലാണ് അന്വേഷണം.
സുരേഷ് ഗോപിക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെയും അന്വേഷണം നടത്തുന്നുണ്ട്. പൂര ദിവസം ആംബുലൻസിൽ തിരുവമ്പാടിയിൽ എത്തിയ സംഭവത്തിലാണ് മോട്ടോർ വാഹന വകുപ്പും അന്വേഷണം നടത്തുന്നത്. ഗതാഗത കമ്മീഷണർ തൃശ്ശൂർ ആർടിഒ എൻഫോഴ്‌സ്‌മെന്റ് ഓഫീസറോഡാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്.
തൃശ്ശൂർ പൂരം അലങ്കോലമായതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സുമേഷ് പരാതി നൽകിയത്. പൂരം അലങ്കോലമായ രാത്രി വീട്ടിൽ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി എത്തിയത്.

