Kerala (Page 23)

തിരുവനന്തപുരം: ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവം മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് കഴിഞ്ഞതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കലോത്സവത്തിൽ ഉടനീളം അച്ചടക്കം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കലോത്സവത്തിന് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അച്ചടക്ക ലംഘനമായി കണക്കാക്കും. 63 – മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ശിക്ഷക് സദനിൽ ചേർന്ന സംഘാടക സമിതി കൺവീനർമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മേളയുടെ ഉദ്ഘാടനം ജനുവരി 4 നു രാവിലെ 10 മണിക്ക് മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്തി പിണറായി വിജയൻ നിർവഹിക്കും. ഒൻപതര മിനിറ്റ് ദൈർഘ്യമുള്ള കലോത്സവ സ്വാഗതഗാനത്തോടൊപ്പം കലാമണ്ഡലം ചിട്ടപ്പെടുത്തിയ നൃത്താവിഷ്‌ക്കാരം വേദിയിൽ അവതരിപ്പിക്കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വയനാട്, വെള്ളാർമല സ്‌കൂളിലെ വിദ്യാർഥികൾ നൃത്ത ശിൽപ്പമൊരുക്കും. നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. പതിനയ്യായിരം കലാപ്രതിഭകൾ മേളയിൽ മാറ്റുരയ്ക്കും. ഉദ്ഘാടന, സമാപന ചടങ്ങുകൾക്ക് 10000 വിദ്യാർഥികൾ പങ്കെടുക്കും. മത്സരം നടക്കുന്ന 25 വേദികളിലും കായിക മേളയ്ക്ക് സമാനമായി ജനനേതാക്കളെ പങ്കെടുപ്പിച്ചു സംഘാടക സമിതി രൂപീകരിക്കും. പ്രചാരണത്തിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും കലോത്സവത്തിന്റെ പോസ്റ്ററുകൾ, ബാനർ എന്നിവ പ്രദർശിപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു.

സ്വർണ കപ്പ് കാസർഗോഡ് നിന്നും പുറപ്പെട്ട് തിരുവനന്തപുരം നഗരാതിർത്തിയിൽ പ്രവേശിക്കുമ്പോൾ പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂളിന് മുന്നിൽ സ്വീകരണം ഒരുക്കും. ഡിസംബർ 30, 31 തീയതികളിൽ സ്‌കൂൾ തലത്തിൽ കലോത്സവത്തിന് വേണ്ടിയുള്ള ഭക്ഷ്യ വസ്തുക്കൾ ശേഖരിക്കും. ജനുവരി ഒന്നിന് വിവിധ സ്‌കൂളുകളിൽ നിന്നും ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ ബി ആർ സി യിലേക്ക് എത്തിക്കുകയും എം എൽ എ മാരുടെ സാന്നിദ്ധ്യത്തിൽ ഏറ്റുവാങ്ങുകയും ചെയ്യും. ജനുവരി 2 ന് പന്ത്രണ്ട് ബി ആർ സി കളിൽ നിന്നും പുത്തരിക്കണ്ടത്ത് എത്തിക്കുന്ന ഭക്ഷ്യവസ്തുക്കൾ സംഘാടക സമിതി ചെയർമാനായ മന്ത്രി ജി ആർ അനിൽ ഏറ്റുവാങ്ങും. ജനുവരി 3 ന് രാവിലെ 10.30 ന് ഊട്ടുപുരയുടെ പാലുകാച്ചൽ മന്ത്രി വി ശിവൻകുട്ടി പുത്തരിക്കണ്ടത്ത് നിർവഹിക്കും. അന്ന് വൈകിട്ട് മുതൽ ഭക്ഷണം വിതരണം ചെയ്ത് തുടങ്ങും. ജനുവരി 4ന് പ്രഭാത ഭക്ഷണം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ വിളമ്പി ഉദ്ഘാടനം ചെയ്യും.

സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി നഗരത്തിൽ എത്തുന്ന വിദ്യാർഥികൾക്ക് നഗരത്തിലെ സ്‌കൂളുകളിൽ തന്നെ മികച്ച താമസസൗകര്യം ഒരുക്കും. സുരക്ഷിതമായ താമസസൗകര്യത്തിനായി 25 കേന്ദ്രങ്ങളും 10 റിസർവ് കേന്ദ്രങ്ങളുമുണ്ട്. വിദ്യാർഥികൾക്ക് ബാർകോഡ് സ്‌കാൻ ചെയ്താൽ അക്കോമഡേഷൻ ചാർട്ടും, ലൊക്കേഷനും, ബന്ധപെടേണ്ട നമ്പറും ഉൾപ്പടെയുള്ള വിവരങ്ങൾ ലഭിക്കുന്ന സജ്ജീകരണമാണ് തയാറാക്കുന്നത്.

നഗരപരിധിയിലെ മുഴുവൻ സ്‌കൂളുകളുടെയും ബസുകൾ കലോത്സവത്തിനായി ഏറ്റെടുത്തിട്ടുണ്ട്. കലോത്സവം നടക്കുന്ന 25 വേദികളിലും എൻ സി സി, എസ് പി സി കേഡറ്റുകളെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ വോളണ്ടിർമാരായി നിയോഗിക്കും. കലോത്സവത്തിന് എത്തുന്നത് മുതൽ തിരികെ പോകുന്നത് വരെ എല്ലാ കാര്യങ്ങൾക്കും വോളണ്ടിയർമാരുടെ സേവനം ലഭ്യമാക്കും.

സ്റ്റേജ്, പന്തൽ നിർമാണങ്ങൾ ജനുവരി ഒന്നിന് തന്നെ പൂർത്തിയാക്കും. എല്ലാ വേദികളിലും ശുദ്ധീകരിച്ച കുടിവെള്ളം വിതരണം, ഓരോ ദിവസവുമുള്ള മാലിന്യനിർമാർജനം എന്നിവക്കും ക്രമീകരണമായി. മൂന്നാം തീയതി മുതൽ വിവിധ ജില്ലകളിൽ നിന്നെത്തുന്ന വിദ്യാർഥികളെ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും സ്വീകരിക്കുന്നതിനും താമസ സ്ഥലത്ത് എത്തിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വേദികളിലും താമസസ്ഥലത്തും ആംബുലൻസ് സംവിധാനം ഉറപ്പാക്കും. രണ്ടു മൂന്നു വേദികൾ സംയോജിപ്പിച്ച് ഫയർ ആൻഡ് റെസ്‌ക്യൂ സേവനവുമുണ്ടാവും.

ഗ്രീൻ റൂമിൽ ഫോട്ടോഷൂട്ട് അനുവദിക്കില്ല. പകരം ഫോട്ടോ എടുക്കുന്നതിനായി പ്രത്യേക സംവിധാനം പുറത്ത് ഒരുക്കും. മത്സര ഇനത്തിൽ പേര് വിളിക്കുന്ന സമയത്ത് ഹാജരായില്ലെങ്കിൽ പിന്നീട് അവസരം നൽകില്ല. കൃത്യസമയത്ത് തന്നെ മത്സരം തീർക്കുന്ന തരത്തിലാണ് ഇത്തവണ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയും സ്വാഗതസംഘം ചെയർമാനുമായ ജി ആർ അനിൽ, എം എൽ എ മാരും വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരുമായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ, ഐ ബി സതീഷ്, ഒ എസ് അംബിക, എം വിൻസെന്റ്, വി കെ പ്രശാന്ത് തുടങ്ങിയവരും അധ്യാപക, ഉദ്യോഗസ്ഥ പ്രതിനിധികളും പങ്കെടുത്തു.

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയുള്ള ക്യാമറാ നിരീക്ഷണം ശക്തമാക്കി സംസ്ഥാന സർക്കാർ. ജനുവരി ഒന്നു മുതൽ ആരംഭിക്കുന്ന ‘വലിച്ചെറിയൽ വിരുദ്ധ’ വാരാചരണത്തിന്റെ ഭാഗമായാണ് നടപടി. നിയമലംഘകർക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻഫോഴ്സ്മെന്റ് ടീം വഴിയുള്ള നിയമ നടപടികൾ കൂടുതൽ ശക്തമാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം. ബി. രാജേഷ് നിർദ്ദേശം നൽകി.

ക്യാമ്പയിനിന്റെ ഭാഗമായി എല്ലാ സംഘടനകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും മറ്റ് കൂട്ടായ്മകളുടെയും പ്രതിനിധികളെയും പ്രദേശവാസികളെയും ഉൾപ്പെടുത്തിയാണ് ജനകീയ സമിതികൾ രൂപീകരിക്കുക. ഇതോടൊപ്പം മാലിന്യം ശേഖരിക്കാനുള്ള ബിന്നുകൾ പ്രധാന കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കുന്നുവെന്നും അവ കൃത്യമായി പരിപാലിക്കുന്നുവെന്നും ജനകീയ സഹകരണത്തോടെ ഉറപ്പാക്കും. മാലിന്യസംസ്‌കരണ രംഗത്ത് സംസ്ഥാനം രാജ്യത്തിന് മാതൃകയാകുമ്പോഴും, പൊതുവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത തുടരുന്ന സാഹചര്യത്തിലാണ് ജനകീയ ക്യാമ്പയിൻ ഏറ്റെടുക്കുന്നത്.

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതേത്തുടർന്ന് ക്യാമ്പയിൻ വിജയിപ്പിക്കുന്നതിന് തദ്ദേശഭരണ അധ്യക്ഷന്മാരുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുമായുള്ള യോഗം കഴിഞ്ഞദിവസം മന്ത്രി എം. ബി. രാജേഷ് വിളിച്ചു ചേർത്തിരുന്നു.

ക്യാമറാ നിരീക്ഷണത്തിന് പുറമേ കൂടുതൽ മാലിന്യം തള്ളുന്ന പൊതുസ്ഥലങ്ങൾ കണ്ടെത്തി മാപ് ചെയ്യുകയെന്നതും പരിപാടിയുടെ ഭാഗമാണ്. പ്രധാന ജംഗ്ഷനുകൾ ഉൾപ്പെടെ ഇത്തരം സ്ഥലങ്ങളിൽ തുടർന്ന് മാലിന്യങ്ങൾ വലിച്ചെറിയപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നതിന് ജനകീയ സമിതികൾ നേതൃത്വം നൽകുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം വിദ്യാലയങ്ങൾ, കലാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയെ വലിച്ചെറിയൽമുക്തമാക്കുക എന്നതും ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മറ്റു നിയമനടപടികളും ശക്തമാക്കും. ഇതിനുപുറമെ എല്ലാ സർക്കാർ സ്ഥാപനങ്ങളും വലിച്ചെറിയൽ മുക്തമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്. പരിസര പ്രദേശം വൃത്തിയായി സൂക്ഷിക്കാൻ എല്ലാ സ്ഥാപനങ്ങളും നടപടി സ്വീകരിക്കണം. ക്യാമ്പയിനിന്റെ വിജയത്തിനായി തദ്ദേശ സ്ഥാപന തലത്തിൽ സംഘടനകളുടെയും ക്ലബ്ബുകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും യോഗം വിളിച്ചു ചേർക്കും.

വലിച്ചെറിയൽ മുക്തമാക്കേണ്ട പ്രദേശങ്ങളിൽ നടത്തേണ്ട പ്രവർത്തനങ്ങളും ബിന്നുകൾ സ്ഥാപിച്ച സ്ഥലങ്ങളിലെ നടപടികളും ഈ യോഗത്തിൽ ആസൂത്രണം ചെയ്യും. ക്യാമ്പയിൻ വിജയിപ്പിക്കാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും രംഗത്തിറങ്ങണമെന്നും മന്ത്രി എം. ബി. രാജേഷ് ആഹ്വാനം ചെയ്തു. എല്ലാ സംഘടനകളും റസിഡൻസ് അസോസിയേഷനുകളും കൂട്ടായ്മകളും വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമാകണമെന്നും മന്ത്രി അഭ്യർഥിച്ചു.

തിരുവനന്തപുരം: ജനങ്ങൾക്ക് ലഭിക്കേണ്ട നീതി ഒട്ടും വൈകരുതെന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പരിഹാരം നീട്ടിക്കൊണ്ടുപോകുന്ന പ്രവണതകൾ അവസാനിപ്പിക്കണമെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കൽപ്പറ്റ സെന്റ് ജോസഫ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തുകളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും നിസ്സാരമായ കാര്യങ്ങൾ പോലും വകുപ്പുകളുടെ ഏകോപനമില്ലാത്തത് കൊണ്ടും ഉദ്യോഗസ്ഥരുടെ അശ്രദ്ധ കൊണ്ടും നടപ്പാകാതെ പോകുന്നവയിലുണ്ട്. സർക്കാർ സംസ്ഥാനതലത്തിൽ എല്ലാ താലൂക്കുകളിലും നടത്തുന്ന കരുതലും കൈത്താങ്ങും അദാലത്തുകൾ ജനങ്ങൾ നേരിടുന്ന ഒട്ടേറെ ഒട്ടേറെ ജീവൽ പ്രശ്നങ്ങളുടെ പരിഹാരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അദാലത്തുകളിൽ വലിയ പ്രയോജനങ്ങൾ സമൂഹത്തിന് ലഭ്യമാകുന്നുവെന്നത് ആശ്വാസകരമാണ്. അതേ സമയം അദാലത്ത് എല്ലാ പ്രശ്നങ്ങളുടെയും പരിഹാരത്തിന്റെ വേദിയല്ല. ജനങ്ങൾക്ക് ന്യായമായും ലഭിക്കേണ്ട അവകാശങ്ങളാണ് അദാലത്തിൽ പരിഗണിക്കപ്പെടുക. തുടർ പരിശോധനകളും വകുപ്പ് തല പരിശോധനകളും ആവശ്യമുള്ള കേസുകളിൽ എല്ലാം നിയമാനുസൃതമായി നടക്കും. മുൻകൂട്ടി ലഭിച്ച പരാതികൾ പോലെ പുതിയ പരാതികളും പരിഗണിക്കും. പരാതികളും അപേക്ഷകളും സൂഷ്മ പരിശോധന നടത്തി പരാതിക്കാരന് നീതിപൂർവ്വം ലഭിക്കേണ്ട അവകാശമാണെങ്കിൽ കാലതാമസമില്ലാതെ ഏറ്റവും വേഗത്തിൽ ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം. പട്ടിക വർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആർ.കേളു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ, എ.ഡി.എം കെ.ദേവകി, വെസ്റ്റഡ് ഫോറസ്റ്റ് സി.സി.എഫ് കെ.വിജയാനന്ദ്, സബ്കളക്ടർ മിസൽ സാഗർ ഭരത്, വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ തുടങ്ങിയവർ സംസാരിച്ചു.

തിരുവനന്തപുരം: ന്യൂ ഇയർ ആശംസകൾ ക്ലിക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. അടുത്ത കുറച്ച് ദിവസങ്ങളിൽ, സൈബർ തട്ടിപ്പുകാർക്ക് നിങ്ങളുടെ വാട്‌സ് ആപ്പിലേക്ക് പുതുവത്സരാശംസ അയക്കാൻ കഴിയും, അതിൽ ഒരു പുതിയ എ.പി.കെ ഫയൽ തരം മാൽവെയറിലേക്കുള്ള ലിങ്ക് അടങ്ങിയിരിക്കാമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

തട്ടിപ്പുകാർ നിങ്ങളുടെ പേരിൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് പുതുവത്സരാശംസകൾ അയക്കാം. നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ, കാർഡ് ലഭിക്കാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക എന്ന് അറിയിക്കും. അത്തരമൊരു ലിങ്ക് അയച്ചാൽ, ആ ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നാണ് കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നത്. സൈബർ കുറ്റവാളികൾ ഫോൺ ഹാക്ക് ചെയ്യുകയും നിങ്ങളുടെ ഫോണിന്റെ ആക്‌സസ് അവരിലേക്ക് പോകുകയും ചെയ്യുമെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.

മൊബൈൽ ഡേറ്റ, ഗാലറി, കോൺടാക്റ്റ് നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ മോഷ്ടിക്കപ്പെടും തുടർന്ന് തട്ടിപ്പിൽ കുടുങ്ങാം. അതിനാൽ ഹാപ്പി ന്യൂ ഇയർ റെഡിമെയ്ഡ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പോലീസ് ഓർമ്മിപ്പിക്കുന്നു.

തിരുവനന്തപുരം: കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ സർവീസ് ഉദ്ഘാടനം ഡിസംബർ 31 ന്. കെഎസ്ആർടിസിയുടെ ഏറ്റവും ന്യൂതന സംരംഭമായ കെഎസ്ആർടിസി റോയൽ വ്യൂ സർവീസ് ആരംഭിക്കുകയാണ്. യാത്രക്കാർക്ക് പുറം കാഴ്ചകൾ പൂർണ്ണമായും ആസ്വദിക്കുവാൻ കഴിയുന്ന തരത്തിലാണ് [fully transparent Double Decker Bus ] KSRTC ROYAL VIEW നിർമ്മിച്ചിട്ടുള്ളത്.

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിൽ ആരംഭിച്ച രണ്ട് ഓപ്പൺ ഡബിൾഡക്കർ സർവീസുകൾ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയിൽ മൂന്നാറിലെ സഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനമായി 31-12-2024 ചൊവ്വാഴ്ച രാവിലെ 11:00 ന് ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ റോയൽ വ്യൂ ഫ്‌ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിക്കുന്നതാണ്.

ഈ ചടങ്ങിൽ കെഎസ്ആർടിസിയുടെ 2025 ലെ കലണ്ടർ പ്രകാശനവും ഗതാഗത വകുപ്പ് മന്ത്രി നിർവഹിക്കും.

തിരുവനന്തപുരം: പ്രശസ്ത സിനിമാ – സീരിയൽ നടൻ ദിലീപ് ശങ്കർ മരണപ്പെട്ടു. ഹോട്ടലിനുള്ളിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം വാൻറോസ് ജംങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം.

ഒപ്പം അഭിനയിക്കുന്നവർ ദിലീപിനെ ഫോണിൽ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഇവരും ഹോട്ടലിലേക്ക് അന്വേഷിച്ച് എത്തിയിരുന്നു. ഇതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കി. അപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചിരുന്നു. സീരിയൽ അഭിനയത്തിനായാണ് ഇദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത് എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. മുറിക്കുള്ളിൽ ഫൊറൻസിക് സംഘം പരിശോധന നടത്തുമെന്നും കന്റോൺമെന്റ് എസിപി അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211കോടി രൂപ കൂടി അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. പൊതുആവശ്യങ്ങൾക്ക് വിനിയോഗിക്കാനാകുന്ന ജനറൽ പർപ്പസ് ഫണ്ടിന്റെ ഒരു ഗഡുവാണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകൾക്ക് 150 കോടിയും ബ്ലോക്ക് പഞ്ചായത്തുകൾക്ക് 10 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക് ഏഴു കോടിയും മുൻസിപ്പാലിറ്റികൾക്ക് 26 കോടിയും, കോർപറേഷനുകൾക്ക് 18 കോടിയുമാണ് ലഭിക്കുക.

കേന്ദ്ര സർക്കാർ നയങ്ങൾ മുലമുള്ള സാമ്പത്തിക ഞെരുക്കത്തിനിടയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവച്ചിട്ടുള്ള തുക പൂർണമായും ലഭ്യമാക്കുകയെന്ന പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ധനകാര്യ മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വർഷം ഇതിനകം 10,011 കോടി രുപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കേരളത്തിന്റെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി മെട്രോ തുടർച്ചയായ വർഷങ്ങളിൽ പ്രവർത്തനലാഭം കരസ്ഥമാക്കി ചരിത്രം രചിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷമാണ് മെട്രോ ചരിത്രത്തിലാദ്യമായി പ്രവർത്തനലാഭം കൈവരിച്ചത്. ഈ വർഷം കഴിഞ്ഞ വർഷത്തേക്കാൾ അഞ്ചിരട്ടിയോളം പ്രവർത്തന ലാഭം വർധിപ്പിക്കാൻ കൊച്ചി മെട്രോയ്ക്ക് സാധിച്ചുവെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു.

യാത്രക്കാരുടെ എണ്ണത്തിലും ഈ കാലയളവിൽ വലിയ വർധനവുണ്ടാക്കാൻ കൊച്ചി മെട്രോയ്ക്ക് സാധിച്ചു. 2021-22 കാലയളവിൽ 31229 പേരാണ് ശരാശരി ഒരു ദിവസം മെട്രോ ഉപയോഗിച്ചിരുന്നതെങ്കിൽ 2022-23ൽ ഇത് 68168 ആയി വർധിച്ചിരുന്നു. 2023-24 വർഷത്തിൽ വീണ്ടും വലിയ വർധനവ് സൃഷ്ടിച്ചുകൊണ്ട് ശരാശരി 88292 പേർ ഒരു ദിവസം കൊച്ചി മെട്രോയിൽ യാത്ര ചെയ്തിട്ടുണ്ട്. ഒരു ലക്ഷത്തിലധികം പേർ യാത്ര ചെയ്ത നിരവധി ദിവസങ്ങളും ഈ കാലയളവിൽ ഉണ്ടായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ കാലത്തിനുള്ളിൽ മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുന്നുവെന്നത് അഭിമാനാർഹമായ നേട്ടമാണ്. ഈ നേട്ടത്തിൽ കെഎംആർഎല്ലിലെ എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നു. വിദ്യാർത്ഥികൾക്കും സ്ഥിരം യാത്രികർക്കുമായുള്ള വിവിധ സ്‌കീമുകൾ ഏർപ്പെടുത്തിയും സെൽഫ് ടിക്കറ്റിംഗ് മഷീനുകൾ സ്ഥാപിച്ചും യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കിയും കൂടുതൽ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാൻ നമുക്ക് സാധിച്ചു. തൃപ്പൂണിത്തുറ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുകയും കൊച്ചി മെട്രോ രണ്ടാം ഘട്ടം നിർമ്മാണമാരംഭിക്കുകയും ചെയ്തതും ഈ കാലയളവിലെ നേട്ടമാണ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന ഒരു മെട്രോ സംവിധാനമായി കൊച്ചി മെട്രോ മാറിക്കൊണ്ടിരിക്കുകയാണ്. ഈ സർക്കാരിന്റെ കാലത്തു തന്നെ കൊച്ചി മെട്രോയെ കൂടുതൽ അഭിവൃദ്ധിപ്പെടുത്താൻ സാധിക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആലപ്പുഴ: മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്തയിൽ പ്രതികരണവുമായി യു പ്രതിഭ എംഎൽഎ. വാർത്ത വ്യാജമാണെന്നാണ് യു പ്രതിഭ എംഎൽഎ വ്യക്തമാക്കുന്നത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു എംഎൽഎയുടെ പ്രതികരണം. മകൻ സുഹൃത്തുക്കളുമായി ചേർന്ന് ഇരുന്നപ്പോൾ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും പ്രതിഭ വ്യക്തമാക്കി.

മകനും സുഹൃത്തുക്കളും ചേർന്നിരിക്കുമ്പോൾ എക്‌സൈസുകാർ വന്ന് ചോദ്യം ചോദിച്ചു. എന്നാൽ, ഇപ്പോൾ വാർത്തകൾ വരുന്നത് മകനെ കഞ്ചാവുമായി പിടിച്ചു എന്നാണ്. ഒരാൾ എംഎൽഎ ആയതും പൊതുപ്രവർത്തകയായതു കൊണ്ടും ഇത്തരം വാർത്തകൾക്ക് മൈലേജ് കിട്ടും. വാർത്ത ശരിയാണെങ്കിൽ താൻ നിങ്ങളോട് മാപ്പ് പറയാം. നേരെ തിരിച്ചാണേങ്കിൽ പരസ്യമായി മാധ്യമങ്ങൾ മാപ്പ് പറയണമെന്നും പ്രതിഭ എംഎൽഎ പറഞ്ഞു.

ആരും തെറ്റായ വഴിയിൽ പോകരുതെന്ന് ആഗ്രഹിക്കുന്ന അമ്മയാണ് താനും. തന്റെ മകൻ പോവരുതെന്ന് പറയാൻ മാത്രമേ എനിക്ക് കഴിയൂ. ആ വഴി തേടുന്നതും പോവാതിരിക്കുന്നതും മറ്റുള്ളവരുടെ ഉത്തരവാദിത്തമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പെടെ ഒൻപത് യുവാക്കളെ തകഴിയിൽ നിന്നാണ് കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. ആളൊഴിഞ്ഞ ഭാഗത്ത് നിന്ന് കഞ്ചാവ് വലിക്കുമ്പോഴാണ് ഇവർ പിടിയിലായത്. യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് സംഘം മഫ്തിയിൽ എത്തിയത്. പരിശോധനയിൽ ഇവരിൽ നിന്ന് മൂന്നു ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സംഘത്തിലെ സച്ചിൻ എന്ന യുവാവിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. സച്ചിനെതിരെ കഞ്ചാവ് കൈവശം വച്ചതിനും കനിവ് ഉൾപ്പടെ ഉള്ളവർക്കെതിരെ 27-ാം വകുപ്പ് പ്രകാരം കഞ്ചാവ് ഉപയോഗിച്ചതിനുമാണ് എക്‌സൈസ് കേസെടുത്തത്. കുപ്പിയിൽ വെള്ളം നിറച്ച് കഞ്ചാവ് ഇട്ട് കുഴലുപയോഗിച്ച് വലിക്കുന്ന സംവിധാനവും (ബോങ്ങ് ) ഇവരിൽ നിന്ന് കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു. കസ്റ്റഡിയിൽ എടുത്ത യുവാക്കളെ പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കായി പമ്പയിലെ സ്‌പോട്ട് ബുക്കിംഗ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കും. നിലവിൽ ഏഴ് കൗണ്ടറുകളാണുള്ളത്. അവ പത്താക്കി ഉയർത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. 60 വയസ് പൂർത്തിയായവർക്ക് മാത്രമായി പ്രത്യേക കൗണ്ടർ തുറക്കും.

ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. ഡിസംബർ മുപ്പതിന് വൈകിട്ടാണ് മകരവിളക്ക് മഹോത്സവത്തിനായി ഇനി ശബരിമല നട തുറക്കുന്നത്. ജനുവരി 14 നായിരിക്കും മകരവിളക്ക് മഹോത്സവം നടക്കുക.