തിരുവനന്തപുരം: ജനങ്ങൾക്ക് ലഭിക്കേണ്ട നീതി ഒട്ടും വൈകരുതെന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പരിഹാരം നീട്ടിക്കൊണ്ടുപോകുന്ന പ്രവണതകൾ അവസാനിപ്പിക്കണമെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കൽപ്പറ്റ സെന്റ് ജോസഫ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തുകളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും നിസ്സാരമായ കാര്യങ്ങൾ പോലും വകുപ്പുകളുടെ ഏകോപനമില്ലാത്തത് കൊണ്ടും ഉദ്യോഗസ്ഥരുടെ അശ്രദ്ധ കൊണ്ടും നടപ്പാകാതെ പോകുന്നവയിലുണ്ട്. സർക്കാർ സംസ്ഥാനതലത്തിൽ എല്ലാ താലൂക്കുകളിലും നടത്തുന്ന കരുതലും കൈത്താങ്ങും അദാലത്തുകൾ ജനങ്ങൾ നേരിടുന്ന ഒട്ടേറെ ഒട്ടേറെ ജീവൽ പ്രശ്നങ്ങളുടെ പരിഹാരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അദാലത്തുകളിൽ വലിയ പ്രയോജനങ്ങൾ സമൂഹത്തിന് ലഭ്യമാകുന്നുവെന്നത് ആശ്വാസകരമാണ്. അതേ സമയം അദാലത്ത് എല്ലാ പ്രശ്നങ്ങളുടെയും പരിഹാരത്തിന്റെ വേദിയല്ല. ജനങ്ങൾക്ക് ന്യായമായും ലഭിക്കേണ്ട അവകാശങ്ങളാണ് അദാലത്തിൽ പരിഗണിക്കപ്പെടുക. തുടർ പരിശോധനകളും വകുപ്പ് തല പരിശോധനകളും ആവശ്യമുള്ള കേസുകളിൽ എല്ലാം നിയമാനുസൃതമായി നടക്കും. മുൻകൂട്ടി ലഭിച്ച പരാതികൾ പോലെ പുതിയ പരാതികളും പരിഗണിക്കും. പരാതികളും അപേക്ഷകളും സൂഷ്മ പരിശോധന നടത്തി പരാതിക്കാരന് നീതിപൂർവ്വം ലഭിക്കേണ്ട അവകാശമാണെങ്കിൽ കാലതാമസമില്ലാതെ ഏറ്റവും വേഗത്തിൽ ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം. പട്ടിക വർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആർ.കേളു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ, എ.ഡി.എം കെ.ദേവകി, വെസ്റ്റഡ് ഫോറസ്റ്റ് സി.സി.എഫ് കെ.വിജയാനന്ദ്, സബ്കളക്ടർ മിസൽ സാഗർ ഭരത്, വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ തുടങ്ങിയവർ സംസാരിച്ചു.

