ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211കോടി രൂപ കൂടി അനുവദിച്ചു; പ്രഖ്യാപനവുമായി ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211കോടി രൂപ കൂടി അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. പൊതുആവശ്യങ്ങൾക്ക് വിനിയോഗിക്കാനാകുന്ന ജനറൽ പർപ്പസ് ഫണ്ടിന്റെ ഒരു ഗഡുവാണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകൾക്ക് 150 കോടിയും ബ്ലോക്ക് പഞ്ചായത്തുകൾക്ക് 10 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക് ഏഴു കോടിയും മുൻസിപ്പാലിറ്റികൾക്ക് 26 കോടിയും, കോർപറേഷനുകൾക്ക് 18 കോടിയുമാണ് ലഭിക്കുക.

കേന്ദ്ര സർക്കാർ നയങ്ങൾ മുലമുള്ള സാമ്പത്തിക ഞെരുക്കത്തിനിടയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവച്ചിട്ടുള്ള തുക പൂർണമായും ലഭ്യമാക്കുകയെന്ന പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ധനകാര്യ മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വർഷം ഇതിനകം 10,011 കോടി രുപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.