Kerala (Page 22)

hot

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ജനുവരി 2,3 തീയതികളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണ ഉള്ളതിനേക്കാൾ 2 മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ഉയർന്ന ചൂട്, സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതി കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രശസ്ത കാർഡിയോ തൊറാസിക് ആന്റ് വാസ്‌കുലർ സർജറി വിദഗ്ധനുമായ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരമാണ് സംഘം സന്ദർശനം നടത്തിയത്. ഡോ. ജയകുമാറിനെ കൂടാതെ കോട്ടയം മെഡിക്കൽ കോളേജിലെ ന്യൂറോസർജറി വിഭാഗം അസോ. പ്രൊഫ. ഡോ. ഫിലിപ്പ് ഐസക്, എറണാകുളം മെഡിക്കൽ കോളേജിലെ പൾമണോളജി വിഭാഗം പ്രൊഫ. ഡോ. വേണുഗോപാൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ആശുപത്രിയിലെ മെഡിക്കൽ സംഘവുമായി ഇവർ ട്രീറ്റ്മെന്റ് പ്ലാൻ ചർച്ച ചെയ്തു. മന്ത്രി വീണാ ജോർജ് ഈ സംഘവുമായി ആശയവിനിമയം നടത്തി. ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നു. കൃത്യമായ രീതിയിൽ ചികിത്സ തുടരുന്നുവെന്നും സംഘം വിലയിരുത്തി.

63-ാംമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ജനുവരി 4ന് തിരി തെളിയും. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക.  സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം. ടി. – നിളയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും.

പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതം ആശംസിക്കും. മന്ത്രിമാരായ ജി.ആർ.അനിൽ, കെ.രാജൻ, എ.കെ.ശശീന്ദ്രൻ,  റോഷി അഗസ്റ്റിൻ, കെ എൻ ബാലഗോപാൽ തുടങ്ങി 29 മുഖ്യാതിഥികൾ പങ്കെടുക്കും.

 തുടർന്ന് ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേർന്ന്  അവതരിപ്പിക്കും.  വയനാട്  വെള്ളാർമല ജി.എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഒന്നാംവേദിയിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങൾ നടക്കുക.

കേരള ഗവർണർ ആയി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ഹൈക്കോടതി ചീഫ് ജസ്റ്റിസും പൊതുഭരണ അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാലും ചേർന്നാണ് നിയുക്ത ഗവർണറെയും ഭാര്യ അനഘ ആർലേക്കറെയും വേദിയിലേക്ക് സ്വീകരിച്ചത്. തുടർന്ന് ഗവർണറെ നിയമിച്ചു കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി വായിച്ചു. തുടർന്നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദബോസ്, നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, വി ശിവൻകുട്ടി, ജി ആർ അനിൽ, പി രാജീവ്, മുഹമ്മദ് റിയാസ്, കെ എൻ ബാലഗോപാൽ, എംപിമാരായ ശശി തരൂർ, എ എ റഹിം, എം എൽ എ മാരായ കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.

കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്‌കിൻ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങൾ അന്തിമഘട്ടത്തിലാണ്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ആവശ്യമാണ്. കെ സോട്ടോയുടെ അനുമതി ഉടൻ ലഭ്യമാക്കി മറ്റ് നടപടിക്രമങ്ങൾ പാലിച്ച് ഒരു മാസത്തിനകം കമ്മീഷൻ ചെയ്യുന്നതാണ്. കോട്ടയം മെഡിക്കൽ കോളേജിൽ കൂടി സ്‌കിൻ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സ്‌കിൻ ബാങ്ക് സ്ഥാപിക്കാനുള്ള സ്റ്റാന്റേർഡ് ഗൈഡ്‌ലൈൻ രൂപീകരിക്കാനും മന്ത്രി നിർദേശം നൽകി. ബേൺസ് യൂണിറ്റുകളെ ശക്തിപ്പെടുത്താനായി ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

 ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് ശേഖരിച്ച് പ്രിസർവ് ചെയ്ത് വച്ച് ആവശ്യമുള്ള രോഗികൾക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുകയാണ് സ്‌കിൻ ബാങ്കിലൂടെ ചെയ്യുന്നത്. അപകടങ്ങളാലും പൊള്ളലേറ്റും ത്വക്കിന് കേടുപാട് സംഭവിച്ചവർക്ക് പകരം ത്വക്ക് വച്ച് പിടിപ്പിച്ചാൽ അണുബാധയുണ്ടാകാതെ ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാനാകും. കൂടാതെ രോഗിയെ വൈരൂപ്യത്തിൽ നിന്നും രക്ഷിക്കാനുമാകും. മറ്റ് അവയവങ്ങൾ പോലെ ത്വക്ക് ദാനം ചെയ്യാനുള്ള അവബോധം ശക്തമാക്കണം.

പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് ബേൺസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രധാന മെഡിക്കൽ കോളേജുകളിൽ ബേൺസ് യൂണിറ്റുകൾ സജ്ജമാക്കി. ആലപ്പുഴ, കണ്ണൂർ, കൊല്ലം മെഡിക്കൽ കോളേജുകളിൽ ഈ സർക്കാരിന്റെ കാലത്താണ് പ്ലാസ്റ്റിക് സർജറി വിഭാഗം ആരംഭിച്ചത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ മെഡിക്കൽ കോളേജുകളിൽ ബേൺസ് യൂണിറ്റുകൾ വിജയകരമായി പ്രവർത്തിച്ചു വരുന്നു. എറണാകുളം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ബേൺസ് യൂണിറ്റുകളുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ബേൺസ് യൂണിറ്റ് സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കൊല്ലം, ആലപ്പുഴ, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ കൂടി ബേൺസ് യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസൽ സമർപ്പിക്കാൻ നിർദേശം നൽകി. ബേൺസ് യൂണിറ്റുകൾ സ്റ്റാന്റേഡൈസ് ചെയ്യാനുള്ള പ്രൊപ്പോസൽ 15 ദിവസത്തിനകം വർക്കിംഗ് ഗ്രൂപ്പ് ചേർന്ന് സമർപ്പിക്കാൻ നിർദേശം നൽകി. ഏകീകൃത ചികിത്സാ പ്രോട്ടോകോൾ രൂപീകരിക്കും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ഏകോപിപ്പിക്കാനുള്ള സംവിധാനമൊരുക്കാനും മന്ത്രി നിർദേശം നൽകി.

പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് കനത്ത പിഴയീടാക്കുമെന്നു തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഇതിനായുള്ള ക്യാമറാനിരീക്ഷണവും മറ്റു പരിശോധനകളും കർശനമാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളുൾപ്പെടെ ബന്ധപ്പെട്ട എല്ലാവർക്കും നിർദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വലിച്ചെറിയൽ വിരുദ്ധവാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്‌സിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം മാലിന്യമുക്തമാകുന്നതിന് ആദ്യം വേണ്ടത് വലിച്ചെറിയൽ മുക്തമാകുകയാണ്. നമ്മുടെ നാട് പലതിലും മാതൃകയാണെങ്കിലും ഇക്കാര്യത്തിൽ അങ്ങനെയല്ല. കുടിവെള്ളക്കുപ്പിയോ ഭക്ഷണാവശിഷ്ടങ്ങളോ പേപ്പറുകളോ കവറുകളോ എന്തും ആവശ്യംകഴിയുന്ന ഉടനേ വലിച്ചെറിയുക എന്നതാണ് പലരുടെയും ശീലം. ഇത് ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ച പ്രവണതയല്ല. മാലിന്യങ്ങൾ എത്ര വലുതായാലും ചെറുതായാലും ബിന്നുകളിൽ ഇടുകയോ വീടുകളിൽ കൊണ്ടുപോയി ഹരിതകർമസേനാംഗങ്ങൾക്ക് കൈമാറുകയോ വേണം. എന്നാൽ ഇതിന് ബോധവത്കരണം മാത്രം പോരാ. അതുകൊണ്ട് നിയമനടപടികളും ശക്തമാക്കുകയാണ്. മാലിന്യം വലിച്ചെറിയുന്നതിനുള്ള ശിക്ഷ ഇപ്പോൾ വർധിപ്പിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ ഏതൊരു പാഴ് വസ്തു വലിച്ചെറിഞ്ഞാലും പതിനായിരം രൂപവരെ പിഴ ഈടാക്കാം. ജലാശയങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിന് മുനിസിപ്പൽ-പഞ്ചായത്തിരാജ് ആക്ടുകൾ പ്രകാരം  ഒരു ലക്ഷം രൂപവരെ പിഴയും തടവുശിക്ഷയും ലഭിക്കാം.

ഏറ്റവുമധികം കുട്ടികൾ പരീക്ഷയെഴുതുന്ന കാലിക്കറ്റ് അടക്കം സംസ്ഥാനത്തെ എല്ലാ മുൻനിര സർവ്വകലാശാലകളും സർക്കാർ നിർദ്ദേശിച്ച സമയക്രമത്തിനും മുമ്പേ ഒന്നാം സെമസ്റ്റർ നാലുവർഷ ബിരുദഫലം പ്രഖ്യാപിച്ചത് കേരളത്തിന്റെ ഉജ്ജ്വലമായ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണക്കുതിപ്പിന് സുവർണ്ണ കിരീടം ചാർത്തി നൽകുന്ന നേട്ടമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പരീക്ഷയെഴുതി ഫലത്തിനായി മാസങ്ങൾ കാത്തിരിക്കുന്ന കാലം കേരളത്തിൽ അവസാനിച്ചിരിക്കുകയാന്നെന്നും  മന്ത്രി പറഞ്ഞു.

അത്യത്ഭുതവേഗത്തിലാണ് കാലിക്കറ്റ് അടക്കമുള്ള സർവ്വകലാശാലകൾ നാലുവർഷ ബിരുദ പരീക്ഷയുടെ ഒന്നാം സെമസ്റ്റർ ഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കണ്ണൂർ, കേരള, എം ജി, തുഞ്ചൻ, ശ്രീശങ്കര തുടങ്ങി നമ്മുടെ സർവ്വകലാശാലകൾ. പരീക്ഷ കഴിഞ്ഞ് ഏറ്റവും ചുരുക്കം ദിവസങ്ങളിൽ ഒന്നാം സെമസ്റ്റർ ഫലം പ്രസിദ്ധപ്പെടുത്തി റെക്കോഡിട്ടു. ഏറ്റവുമധികം വിദ്യാർഥികൾ പരീക്ഷയെഴുതിയ സർവകലാശാലയാണ് കാലിക്കറ്റ്. അമ്പത്തെട്ടായിരം   വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്ന സർവ്വകലാശാലയെന്ന നിലയിൽ കാലിക്കറ്റിന്റെ ഫലപ്രഖ്യാപനത്തിന് സവിശേഷമായ മികവുണ്ടെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞ് രണ്ടുദിവസംകൊണ്ടാണ് ഇരുപത്തിനാലായിരത്തോളം കുട്ടികൾ പരീക്ഷയെഴുതിയ കേരള സർവ്വകലാശാല ഫലം പ്രസിദ്ധപ്പെടുത്തിയത്. പതിനേഴായിരം പരീക്ഷാർത്ഥികളുണ്ടായ എം ജി അഞ്ചു ദിവസം കൊണ്ട് ഫലം പ്രഖ്യാപിച്ചു. പന്ത്രണ്ട് ദിവസം കൊണ്ടായിരുന്നു കണ്ണൂർ സർവ്വകലാശാലയുടെ ഫലപ്രഖ്യാപനം. കെ – റീപ് നടപ്പിലാക്കിയ കണ്ണൂർ സർവ്വകലാശാല ഫലപ്രഖ്യാപനത്തോടൊപ്പം വിദ്യാർത്ഥികളുടെ ലോഗിനിൽ മാർക്ക് ലിസ്റ്റ് ലഭ്യമാക്കുക കൂടി ചെയ്ത് കൂടുതൽ മികവുകാട്ടി. ഡിസംബർ അഞ്ചിന് പരീക്ഷകൾ പൂർത്തിയാക്കി ഇരുപത്തഞ്ച് ദിവസം കൊണ്ടാണ് കാലിക്കറ്റ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

ഉന്നതവിദ്യാഭ്യാസ സമഗ്രപരിഷ്‌കരണ കമ്മീഷനുകളിലെ പ്രധാന കമ്മീഷനായ പരീക്ഷാ പരിഷ്‌കരണ കമ്മീഷന്റെ സുപ്രധാന നിർദ്ദേശമാണ് ഇതുവഴി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സാക്ഷാത്കരിക്കാൻ സാധിച്ചിരിക്കുന്നത്. ഇതിനായി പുറത്തിറക്കിയ ഏകീകൃത അക്കാദമിക് കലണ്ടർ പ്രകാരം മുപ്പതു ദിവസത്തിനകം ഫലപ്രഖ്യാപനം നടന്നിരിക്കണമെന്ന് മന്ത്രിയെന്ന നിലയിൽ പ്രത്യേകം നിർദ്ദേശിച്ചു. അതുൾപ്പെടെ സർക്കാരിന്റെ ഭാവനാത്മകമായ ആസൂത്രണങ്ങളെയും പരീക്ഷകളും ഫലങ്ങളും അതിവേഗതയിൽ പൂർത്തിയാക്കാനുള്ള നിർദ്ദേശങ്ങളെയും അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ട് സർവ്വകലാശാലാ സമൂഹം വിജയത്തിലെത്തിച്ചിരിക്കുകയാണെന്നുംമന്ത്രി  ഡോ. ബിന്ദു പറഞ്ഞു.

നഗരസഭകളിൽ കഴിഞ്ഞ വർഷം മുതൽ നടപ്പിലാക്കിയ കെ സ്മാർട്ടിലൂടെ നഗരഭരണം സ്മാർട്ടായതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇ ഗവേണൻസ് രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കിയ കെ സ്മാർട്ട് രാജ്യത്തിന് മാതൃകയാകുന്ന നേട്ടങ്ങളുമായി മുന്നേറുകയാണ്. കെ സ്മാർട്ടിലൂടെ ഓഫീസ് സമയം പുനർനിർണയിക്കപ്പെട്ടു. നടപടികൾക്ക് സുതാര്യതയും വേഗവും കൈവരിച്ചു. ഏപ്രിൽ മുതൽ കെ സ്മാർട്ട് ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ കെ സ്മാർട്ടിന്റെ പൈലറ്റ് റൺ ജനുവരി 1ന് തുടങ്ങുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സിവിൽ രജിസ്‌ട്രേഷൻ, പ്രോപ്പർട്ടി ടാക്‌സ്, റൂൾ എൻജിനോടു കൂടിയ ബിൽഡിംഗ് പെർമിറ്റ്, പബ്ലിക് ഗ്രീവൻസ്, മീറ്റിംഗ് മാനേജ്മെന്റ്, ബിസിനസ് ഫെസിലിറ്റേഷൻ, വാടക/പാട്ടം, പ്രൊഫഷണൽ ടാക്‌സ്, പാരാമെഡിക്കൽ ട്യൂട്ടോറിയൽ രജിസ്‌ട്രേഷൻ, പെറ്റ് ലൈസൻസ്, പ്ലാൻ ഡെവലപ്മെന്റ്, സേവന പെൻഷൻ, ഡിജിറ്റൽ ഫയൽ മാനേജ്‌മെന്റ്‌, കോൺഫിഗറേഷൻ മൊഡ്യൂൾ, നോ യുവർ ലാൻഡ്, മൊബൈൽ ആപ്പ് എന്നീ സേവങ്ങളോടെയാണ് കെ സ്മാർട്ട് ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കുന്നത്. പഞ്ചായത്തുകളിൽ കൂടി കെ സ്മാർട്ട് വിന്യസിക്കുന്നതോടെ ഇ ഗവേണൻസിൽ വിപ്ലവകരമായ കുതിപ്പ് സംസ്ഥാനത്തിനുണ്ടാകും. ഗ്രാമപഞ്ചായത്തുകളിൽ നിലവിൽ ഐഎൽജിഎംഎസ് സംവിധാനമുള്ളതിനാൽ കെ സ്മാർട്ടിലേക്കുള്ള മാറ്റം എളുപ്പമാകും. പൊതുജനങ്ങൾക്ക് ഏളുപ്പത്തിൽ സേവനം നൽകുക എന്നതിനൊപ്പം, ജീവനക്കാരുടെ ജോലിഭാരം വൻതോതിൽ കുറയ്കാകാനും കെ സ്മാർട്ടിന് കഴിയുമെന്നു മന്ത്രി പറഞ്ഞു.

പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല. പുത്തൻ പ്രതീക്ഷകളോടെ പുതിയ നാളെകളെ വരവേൽക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണത്. ജാതിമതവർഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവർഷ രാവിന്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിനം പകരുന്ന മഹത്തായ സന്ദേശവും. ഒരുമിച്ച്, ഒറ്റക്കെട്ടായി നാളെകളെ പ്രകാശപൂർണ്ണമാക്കാനുള്ള ഊർജ്ജവും പ്രചോദനവും 2025 നമുക്ക് പകരട്ടെ. നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകോർത്തു മുന്നോട്ടു പോകാം. പുതുവർഷം സന്തോഷത്താൽ പ്രശോഭിതമാകട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ പുതുവൽസരാശംസകൾ!

കെഎസ്ആർടിസിയുടെ ഏറ്റവും നൂതന സംരംഭമായ റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് സർവീസ് സംസ്ഥാനത്തെ ടൂറിസത്തിന് മുതൽക്കൂട്ടാവുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. വിനോദ സഞ്ചാരികൾക്ക് പുറംകാഴ്ചകൾ കണ്ടുള്ള യാത്രകൾ റോയൽ വ്യൂ ബസ് നൽകും. വിദേശരാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന ഇത്തരം ബസുകൾ മൂന്നാറിലെ സഞ്ചാരികൾക്കായുള്ള കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനമാണ്. മൂന്നാറിൽ സേവനം നടത്തുന്നതിനായി കെഎസ്ആർടിസി രൂപകല്പന ചെയ്ത റോയൽ വ്യൂ ഡബിൾ ഡക്കർ ബസിന്റെ ഉദ്ഘാടനവും ആദ്യ യാത്രയുടെ ഫ്‌ളാഗ് ഓഫും തിരുവനന്തപുരം സ്വിഫ്റ്റ് ആസ്ഥാനത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കെഎസ്ആർടിസിയുടെ സ്വപ്ന സംരംഭങ്ങളിൽ ഒന്നാണിത്. ഇത്തരത്തിൽ റെട്രോഫിറ്റ്‌മെന്റ് ഡബിൾ ഡക്കർ ബസ് ഇന്ത്യയിൽ ആദ്യമാണ്. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിൽ ആരംഭിച്ച രണ്ടു ഓപ്പൺ ഡബിൾ ഡക്കർ സർവ്വീസുകളുടെ തുടർച്ചയായിട്ടാണ് വിനോദസഞ്ചാര മേഖലകളിലേക്ക് റോയൽ വ്യൂ ബസ് സർവീസ് നടപ്പിലാക്കുന്നത്.

മുന്നാറിലെ മനോഹരമായ പ്രകൃതിയും, മൂടൽമഞ്ഞും മഴയും ആസ്വദിച്ച് റോയൽ വ്യൂ ബസിൽ 25 കിലോമീറ്റർ യാത്ര ചെയ്യുന്ന രീതിയിലാണ് ക്രമീകരണം. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സർവീസുകൾ വൈകുന്നേരം 6 മണിയോടെ ബസ്സിന്റെ പൂർണ്ണമായ ലൈറ്റിങ്ങോടുകൂടി മൂന്നാർ ടൗണിലെത്തും. കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സൗന്ദര്യം ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനും സുതാര്യമായ ഗ്ലാസ് ബോഡി ബസുകൾ പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു.