Kerala (Page 2,129)

തിരുവനന്തപുരം: 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് നാളെ. ഇന്ന് നിശബ്ദപ്രചാരണം. 131 മണ്ഡലങ്ങളില്‍ വൈകീട്ട് ഏഴുവരെയും ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ വൈകീട്ട് ആറുവരെയുമാണ് വോട്ടെടുപ്പ് നടക്കുക. 957 സ്ഥാനാര്‍ഥികളാണ് സംസ്ഥാന നിയമസഭയിലേക്ക് മത്സരരംഗത്തുള്ളത്. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്. 13283727 പുരുഷന്മാരും 14162025 സ്ത്രീകളും 290 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടെ 27446039 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 518520 പേര്‍ കന്നി വോട്ടര്‍മാരുമാണ്.
40771 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളത്. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കൊങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ മണ്ഡലങ്ങളില്‍ വൈകീട്ട് ആറുമണിവരെ മാത്രമാകും വോട്ടെടുപ്പ്. കാഴ്ച വൈകല്യമുള്ളവര്‍ക്ക് എല്ലാ ബൂത്തുകളിലും ബ്രെയിലി ലിപിയില്‍ തയ്യാറാക്കിയ ഡമ്മി ബാലറ്റ് പേപ്പറും സജ്ജീകരിക്കും.ഇരട്ടവോട്ടുകള്‍ വിവാദമായ സാഹചര്യത്തില്‍ ഒന്നിലേറെ പ്രാവശ്യം വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ഒറ്റ വോട്ടുമാത്രം ചെയ്യുന്നത് ഉറപ്പാക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

kadakampally surendran

തിരുവനന്തപുരം: കഴക്കൂട്ടത്ത് ത്രികോണപോരാട്ടമാണ് നടക്കാന്‍ പോകുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍. ജനം പോളിംഗ് ബൂത്തിലേക്കെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കടംപള്ളിയുടെ പ്രസ്താവന. കഴക്കൂട്ടത്ത് വികസനമാണ് ചര്‍ച്ച ചെയ്യുകയെന്നും അത് നോക്കായാകും ജനം വിധിയെഴുതുകയെന്നും പിണറായി വിജയന്‍ ക്യാപ്റ്റന്‍ തന്നെയാണെന്നും കടകംപള്ളി പ്രതികരിച്ചു.രാഹുല്‍ ഗാന്ധിക്ക് കേരള രാഷ്ട്രീയത്തെ കുറിച്ചോ ഇടതുപക്ഷത്തെ കുറിച്ചോ ഒന്നും അറിയില്ലെന്നും രാഹുല്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് അതുകൊണ്ട് തന്നെ പ്രസക്തിയില്ലെന്നും കടകംപള്ളി പറഞ്ഞു.

കൊല്ലം: റെയിൽവേ ട്രാക്കില്‍ തെങ്ങിന്‍തടി ​വെച്ച്‌ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച രണ്ടു പേർ അറസ്റ്റിലായി. അട്ടിമറി ശ്രമം നടത്തി മണിക്കൂറുകള്‍ക്കകമാണ് റെയില്‍വേ പൊലീസ് പ്രതികളെ പിടികൂടിയത്. ഇടവ തൊടിയില്‍ ഹൗസില്‍ സാജിദ് (27), കാപ്പില്‍ ഷൈലജ മന്‍സിലില്‍ ബിജു (30) എന്നിവരെ പിടികൂടി.ഞാ‍യറാഴ്ച പുലര്‍ച്ച 12.50ഓടെ ഇടവക്കും കാപ്പിലിനുമിടയിലുള്ള നൂലത്ത് റെയില്‍വേ ട്രാക്കിലാണ് സംഭവം.

ട്രാക്കിൽ തെങ്ങിൻ തടി വെച്ചതിനു പിന്നാലെ അതുവഴി കടന്നുവന്ന ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്സ്പ്രസ് ട്രെയിൻ തടിയിൽ തട്ടിയ ഉടൻ നിർത്തുകയായിരുന്നു. ട്രെയിൻ നിർത്തിയ ശേഷം ലോക്കോ പൈലറ്റ് ട്രാക്കിലുണ്ടായിരുന്ന വലിയ തടി കഷ്ണം എടുത്തു മാറ്റുകയായിരുന്നു. ട്രെയിൻ വേഗം കുറച്ചു വന്നതിനാലാണ് വൻ അപകടം ഒഴിവായതെന്ന് റെയിൽവേ വൃത്തങ്ങൾ പറയുന്നു.

ട്രാക്കിൽ നിന്ന് ലഭിച്ച തടിക്കഷണം ഉടൻ തന്നെ കൊല്ലം ആര്‍. പി. എഫ് പോസ്​റ്റില്‍ എത്തിക്കുകയായിരുന്നു. റെയില്‍വേ പൊലീസ് ചീഫ് രാജേന്ദ്ര​ന്‍റെ നിര്‍ദേശ പ്രകാരം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സ്ക്വാഡിനെ രൂപീകരിച്ചു. ഡി വൈ. എസ്. പി കെ. എസ്. പ്രശാന്തിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരം റെയില്‍വേ പൊലീസ് സ്​റ്റേഷന്‍ സബ് ഇന്‍സ്പക്ടര്‍ ഇതിഹാസ് താഹ, കൊല്ലം റെയില്‍വേ പൊലീസ് സ്​റ്റേഷന്‍ ​ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍, ഇന്‍റലിജന്‍സ് സ്ക്വാഡ് അംഗങ്ങളായ രാജു, വിവേക്, ആദിത്യന്‍, വിമല്‍ എന്നിവരടങ്ങുന്ന പ്രത്യക സംഘം ആണ് സ്ക്വാഡിൽ ഉണ്ടായിരുന്നത്.

അധികം വൈകാതെ തന്നെ അന്വേഷണ സംഘം സംഭവ സ്ഥലത്തെത്തി. പുലർച്ചെ മുതൽ കാപ്പില്‍ പാറയില്‍ നിവാസികളായ നൂറോളം പേരെ പൊലീസ് സംഘം ചോദ്യം ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് തെങ്ങിൻ തടി കൊണ്ടുവന്നതെന്ന് സംശയം തോന്നിയ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകിയത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. തുടർന്ന് ഇവരെ തുടർ നടപടികൾക്കായി കൊല്ലം ആർ പി എഫ് സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു.

തിരുവനന്തപുരം : കേരളത്തിലെ രാഷ്ട്രീയക്കാറ്റ് യുഡിഎഫിന് അനുകൂലമാണെന്ന് ശശി തരൂര്‍ എം.പി. അഭിപ്രായ സര്‍വേകള്‍ നല്‍കുന്ന ഫലസൂചനകള്‍ക്ക് നേര്‍വിപരീതമാണ് കളത്തില്‍ പ്രകടമാകുന്നതെന്നും സര്‍വേകളില്‍ പങ്കെടുത്തവരുടെ എണ്ണവും ചോദ്യങ്ങള്‍ ചോദിച്ച സമയവും നിര്‍ണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പ്രകടനപത്രിക തയാറാക്കുന്നതിനുള്ള ചര്‍ച്ചയ്ക്കു നേതൃത്വം കൊടുക്കാനായതില്‍ സന്തോഷമുണ്ട്. പാര്‍ട്ടിയും ജനവും എല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ഏറ്റവും നന്നായി ചെയ്യാനാണ് ശ്രമിക്കുന്നത്.മാര്‍ക്‌സിസം കാലഹരണപ്പെട്ട സിദ്ധാന്തമാണെന്നും ലോകം മുഴുവന്‍ അത് തിരസ്‌കരിച്ചതാണെന്നും തരൂര്‍ പറഞ്ഞു.
ജനാധിപത്യത്തിലും ബഹുസ്വരതയിലും ഉള്‍ക്കൊളളലിലുമാണ് ഞങ്ങള്‍ക്കു വിശ്വാസമെന്നും ആളുകള്‍ക്ക് പണമുണ്ടാക്കാനും അഭിവൃദ്ധി പ്രാപിക്കാനും സ്വാതന്ത്ര്യമനുവദിക്കുന്നത് പോലെ തന്നെ രാഷ്ട്രത്തിന്റെ വരുമാനം പാവപ്പെട്ടവര്‍ക്കും പുറന്തള്ളപ്പെട്ടവര്‍ക്കും വിതരണം ചെയ്യണമെന്നുമാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം വിവരിച്ചു.

nirmala

തിരുവനന്തപുരം:കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ബി ടീം ആയിരിക്കുകയാണ്. പക്ഷേ കേരളജനത ഈ രണ്ടു മുന്നണികളില്‍ നിന്ന് രക്ഷ ആഗ്രഹിച്ച് ബദല്‍ തേടുകയാണെന്നും എന്‍ഡിഎയില്‍ ആ ബദല്‍ അവര്‍ കാണുന്നുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.പാര്‍ലമെന്റില്‍ കൊണ്ടുവരുന്ന പദ്ധതി ആ പേരില്‍ തന്നെ സംസ്ഥാനങ്ങളില്‍ നടപ്പാക്കണം.

അതിന്റെ പേരുമാറ്റിയാല്‍ പിന്നെ എങ്ങനെ അതിനുള്ള പണം ലഭിക്കും? കേന്ദ്രപദ്ധതി ആ പേരില്‍ തന്നെ നടപ്പാക്കിയാല്‍ മാത്രമേ കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട പണം ലഭിക്കുകയുള്ളൂ എന്നും അവര്‍ വ്യക്തമാക്കി.മാച്ച് ഫിക്‌സിംഗ് കഴിഞ്ഞ് എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനനിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സൗഹൃദ മത്സരത്തിലാണ്.

അഴിമതിയിലും ന്യൂനപക്ഷ പ്രീണനത്തിലും വിജയിക്കാനായി സംഘര്‍ഷം സൃഷ്ടിക്കാനും എന്തു നിയമവിരുദ്ധ പ്രവൃത്തികള്‍ ചെയ്യാനും അവര്‍ തയ്യാറാണ്. യാതൊരു വ്യത്യാസവും ഇല്ലാത്ത ഇവരുടെ ശൈലി ജനം മടുത്തിരിക്കുന്നു.

പാര്‍ലമെന്റില്‍ ബിജെപിക്ക് കേരളത്തില്‍ നിന്ന് ഒരു പ്രതിനിധി പോലുമില്ല. പക്ഷേ അതിന്റെ യാതൊരു കുറവും കേന്ദ്രസര്‍ക്കാര്‍ വരുത്തിയിട്ടില്ല. അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും കേരളത്തിന് ലഭ്യമാക്കിയിട്ടുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു.

ന്യൂഡല്‍ഹി : അസമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ടുപോയത് വിവാദത്തിലായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഇലക്ഷന്‍ കമ്മീഷന്‍ എന്നീ രണ്ട് വാക്കുകളിലാണ് രാഹുല്‍ വിമര്‍ശനമുന്നയിച്ചത്.

ബിജെപി നേതാവിന്റെ കാറില്‍ യന്ത്രങ്ങള്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.ബോഡോലാന്റ് പീപ്പിള്‌സ് ഫ്രണ്ട് നേതാവ് ഹഗ്രാമ മൊഹിലരിയെ ജയിലിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് അസം മന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്മ്മയുടെ 48 മണിക്കൂര്‍ പ്രചാരണ നിരോധനം തെരഞ്ഞെടുപ്പ് കമ്മീഷന് പകുതിയായി കുറച്ചിരുന്നു.

ഇടതുപക്ഷത്തിന്റെ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ ജനങ്ങള്‍ വളരെ സംതൃപ്തരാണെന്നും നിങ്ങള്‍ ഇങ്ങോട്ടുവരണ്ട, ജയിച്ചു എന്നുതന്നെ കരുതിക്കോളൂ എന്നാണ് പലരും പറയുന്നതെന്നും കൊല്ലം എംഎല്‍എയും നടനുമായ മുകേഷ്. സിനിമയിലും ടിവിയിലുമൊക്കെ കാണുന്നു. പിന്നെങ്ങനെയാണ് മണ്ഡലത്തിലുണ്ടാവുക എന്നായിരുന്നു ചിലരുടെയൊക്കെ ആരോപണം. ഇവരോടൊക്കെ ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ? 1330 കോടി രൂപയുടെ വികസന പ്രവര്‍ത്തനമാണ് കൊല്ലത്ത് നടത്തിയത്. അങ്ങനെയുള്ള എംഎല്‍എ മണ്ഡലത്തില്‍ ഇല്ല എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും ആവശ്യമുള്ള സ്ഥലത്ത് എംഎല്‍എ വരണമെന്നും അനാവശ്യ സ്ഥലങ്ങളില്‍ ചെന്ന് കൈ കാണിക്കലല്ല എംഎല്‍എയുടെ പണിയെന്നും അദ്ദേഹം പറഞ്ഞു. പലരും പറയുന്നുണ്ട് മുകേഷ് സ്വര്‍ണകരണ്ടിയുമായി ജീവിക്കുന്നയാളാണെന്ന്. ഞാന്‍ കൊണ്ട വെയിലിന്റെ ഒരംശം എങ്ങാനും ഇവര്‍ക്കിനി കൊള്ളാന്‍ പറ്റോ?. ചുട്ട വെയിലത്ത് നിന്ന്, അതിന്റെ കൂടെ എച്ച്എംഐ ലൈറ്റുകൂടെ അടിച്ചു തരും. അങ്ങനെ 40 കൊല്ലമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ആളാണ് ഞാനെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്നു പോലും വിചാരിച്ച ആളല്ല ഞാന്‍. അതുകൊണ്ട് തന്നെ മന്ത്രി സ്ഥാനത്തെ കുറിച്ചൊന്നും ഞാന്‍ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആസിഫ് അലിയും ഇന്നസെന്റ് ചേട്ടനുമൊക്കെ ഇങ്ങോട്ടു വിളിച്ചു പറഞ്ഞ് വന്നതാണെന്നും എന്നെ ജയിപ്പിക്കാന്‍ വേണ്ടി ഒന്ന് വരണേ, ഒരു വീഡിയോ അയച്ചുതരണേ എന്നൊന്നും പറയാന്‍ നമ്മളെ കിട്ടില്ലെന്നും മോഹന്‍ലാലും മമ്മൂട്ടിയും ഒരിക്കലും വരില്ലെന്നും അദ്ദേഹം പറഞ്ഞു.


വൈക്കം: നടനും എഴുത്തുകാരനുമായ പി.ബാലചന്ദ്രന്‍(70) അന്തരിച്ചു. പുലര്‍ച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. എട്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകീട്ട് മൂന്നുമണിക്ക് സ്വവസതിയില്‍ നടക്കും.

മലയാള സിനിമയ്ക്കും നാടകമേഖലയ്ക്കും അതുല്യ സംഭാവന നല്‍കിയ വ്യക്തിത്വമായിരുന്നു ബാലചന്ദ്രന്‍. ”മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാന്‍, മായാസീതങ്കം, നാടകോത്സവം” എന്ന് തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ചു. ഏകാകി, ലഗോ, തീയറ്റര്‍ തെറാപ്പി, ഒരു മധ്യവേനല്‍ പ്രണയരാവ്, ഗുഡ് വുമന്‍ ഓഫ് സെറ്റ്‌സ്വാന്‍ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു.

ഉള്ളടക്കം, അങ്കിള്‍ ബണ്‍, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, അഗ്‌നിദേവന്‍, മാനസം, പുനരധിവാസം, പോലീസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. ഇതില്‍ അഗ്‌നിദേവന്‍ വേണുനാഗവള്ളിയുമൊത്തായിരുന്നു രചിച്ചത്. വക്കാലത്ത് നാരായണന്‍ കുട്ടി, ശേഷം, പുനരധിവാസം , ശിവം, ജലമര്‍മ്മരം, ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ, കടല്‍ കടന്നൊരു മാത്തുക്കുട്ടി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2012-ല്‍ കവി പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഇവന്‍ മേഘരൂപന്‍ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.

1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പാവം ഉസ്മാനിലൂടെ പി ബാലചന്ദ്രനെ തേടിയെത്തി. 1989-ല്‍ പ്രതിരൂപങ്ങള്‍ എന്ന നാടകരനയ്ക്ക് കേരള സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് നേടി. പുനരധിവാസം എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു. മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡും പി ബാലചന്ദ്രനായിരുന്നു.ശ്രീലതയാണ് ഭാര്യ, ശ്രീകാന്ത്, പാര്‍വതി എന്നിവര്‍ മക്കളാണ്

കഴക്കൂട്ടം:നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച എൻ ഡി എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. കടകംപള്ളി സ്വദേശിയും ഡിവൈഎഫ്ഐ നേതാവുമായ സജിയാണ് പരാതി നൽകിയത്.തൃശ്ശൂർ കൊടകര വില്ലേജിൽ 917/പിടി 1 സ‍ർവേ നമ്പറിൽ പെടുന്ന 0.239 ഹെക്ടർ സ്ഥലം 58 ലക്ഷത്തി ഇരുപത്തയ്യായിരം രൂപ ബാങ്ക് അക്കൗണ്ടുകൾ വഴി രൊക്കം പണമായി നൽകി വാങ്ങിയെന്നും, സത്യവാങ്മൂലത്തിൽ ഇത് 20 ലക്ഷമായാണ് കാട്ടിയിട്ടുള്ളതെന്നുമാണ് സജിയുടെ പരാതിയിൽ പറയുന്നത്.

2020-21 സാമ്പത്തികവര്‍ഷത്തെ ആകെ വരുമാനം 50000 രൂപയെന്നും അതിന് മുമ്പുള്ള നാല് വർഷങ്ങളിൽ സാമ്പത്തികമായി വരുമാനമില്ലെന്നും സത്യവാങ്മൂലം നൽകിയിട്ടുള്ള ശോഭ എങ്ങനെയാണ് 58 ലക്ഷത്തിലധികം വിലവരുന്ന വസ്തുവാങ്ങിയതെന്നും പരാതിയിൽ ചോദിക്കുന്നു. മാത്രമല്ല 20 ലക്ഷത്തോളം വിലവരുന്ന ഇന്നോവ കാറ് വാങ്ങിയെന്ന് സത്യവാങ്മൂലത്തിൽ പറയുന്ന ശോഭ ഇതിന്‍റെ വരുമാന ഉറവിടം വ്യക്തമാക്കിയിട്ടില്ലെന്നും പരാതിയിൽ ചൂണ്ടികാണിച്ചിട്ടുണ്ട്.

കണ്ണൂര്‍: പലതരത്തിലാണ് ആളുകള്‍ തന്നോട് സ്‌നേഹം പ്രകടിപ്പിക്കുന്നതെന്നും ഇളം പ്രായത്തിലുളള കുഞ്ഞുങ്ങള്‍ പോലും അതിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാപ്റ്റന്‍ വിവാദങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ഒരിടത്ത് പരിപാടിയില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ആളുകള്‍ നിരന്നിരിക്കുന്നു. ഞാന്‍ സംസാരം തുടങ്ങി. അപ്പോഴാണ് ഒരു വിളി കേട്ടത്, പിണറായി അച്ചാച്ചാന്ന്. നോക്കിയപ്പോള്‍ കണ്ടത് മൂന്ന് വയസുള്ള ഒരു കുട്ടിയെയാണ്. ഞാന്‍ അങ്ങോട്ടു വരുന്നു നീ അവിടെ ഇരിക്ക് എന്ന് പറഞ്ഞാണ് ആ കുട്ടിയെ സമാധാനിപ്പിച്ചത്. ഇതെല്ലാം സംഭവിച്ച കാര്യങ്ങളാണ്.
ഒരിക്കല്‍ താന്‍ സംസാരിച്ചുകൊണ്ടിരിക്കെ ഒരു കുടുംബം കാറില്‍ അതുവഴി പോയി. നോക്കുമ്പോള്‍ ഒരു കുഞ്ഞ് ഗ്ലാസ് താഴ്ത്തി പരിപാടികള്‍ നോക്കുന്നുണ്ട്. തന്നെ കണ്ട ഉടനെ കൈ വീശി എന്തോ വിളിച്ചു പറയുകയാണ്. ഞാനും തിരിച്ച് കൈ വീശി. മുഖ്യമന്ത്രി പറഞ്ഞു. ഇതെല്ലാം ഒരു തരത്തിലുളള സ്‌നേഹപ്രകടനമാണ്. അത് ശരിയായ രീതിയില്‍ വരുന്നതാണ്. കൊറോണക്കാലത്ത് കുട്ടികളില്‍ പലരും തന്റെ ചിത്രം വരച്ച് സമ്മാനിച്ചിട്ടുണ്ട്. ഒരു യോഗത്തില്‍ ഒരു വീട്ടമ്മ പാട്ടെഴുതി കൊണ്ടുവന്നു. ഇമ്മാതിരിയാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.