കണ്ണൂര്‍: പലതരത്തിലാണ് ആളുകള്‍ തന്നോട് സ്‌നേഹം പ്രകടിപ്പിക്കുന്നതെന്നും ഇളം പ്രായത്തിലുളള കുഞ്ഞുങ്ങള്‍ പോലും അതിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാപ്റ്റന്‍ വിവാദങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
ഒരിടത്ത് പരിപാടിയില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ആളുകള്‍ നിരന്നിരിക്കുന്നു. ഞാന്‍ സംസാരം തുടങ്ങി. അപ്പോഴാണ് ഒരു വിളി കേട്ടത്, പിണറായി അച്ചാച്ചാന്ന്. നോക്കിയപ്പോള്‍ കണ്ടത് മൂന്ന് വയസുള്ള ഒരു കുട്ടിയെയാണ്. ഞാന്‍ അങ്ങോട്ടു വരുന്നു നീ അവിടെ ഇരിക്ക് എന്ന് പറഞ്ഞാണ് ആ കുട്ടിയെ സമാധാനിപ്പിച്ചത്. ഇതെല്ലാം സംഭവിച്ച കാര്യങ്ങളാണ്.
ഒരിക്കല്‍ താന്‍ സംസാരിച്ചുകൊണ്ടിരിക്കെ ഒരു കുടുംബം കാറില്‍ അതുവഴി പോയി. നോക്കുമ്പോള്‍ ഒരു കുഞ്ഞ് ഗ്ലാസ് താഴ്ത്തി പരിപാടികള്‍ നോക്കുന്നുണ്ട്. തന്നെ കണ്ട ഉടനെ കൈ വീശി എന്തോ വിളിച്ചു പറയുകയാണ്. ഞാനും തിരിച്ച് കൈ വീശി. മുഖ്യമന്ത്രി പറഞ്ഞു. ഇതെല്ലാം ഒരു തരത്തിലുളള സ്‌നേഹപ്രകടനമാണ്. അത് ശരിയായ രീതിയില്‍ വരുന്നതാണ്. കൊറോണക്കാലത്ത് കുട്ടികളില്‍ പലരും തന്റെ ചിത്രം വരച്ച് സമ്മാനിച്ചിട്ടുണ്ട്. ഒരു യോഗത്തില്‍ ഒരു വീട്ടമ്മ പാട്ടെഴുതി കൊണ്ടുവന്നു. ഇമ്മാതിരിയാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

