International (Page 7)

ന്യൂഡൽഹി: ബംഗ്ലാദേശിലെ കൊലപാതകങ്ങളിലും ആക്രമണങ്ങളിലും ഉൾപ്പെട്ട എല്ലാ കലാപകാരികൾക്കുമെതിരെ നടപടിയെടുക്കണമെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മറവിൽ ബംഗ്ലാദേശിനെ കലുഷിതമാക്കിയ കലാപകാരികൾക്കെതിരെ കേസെടുക്കമെന്ന് ഷെയ്ഖ് ഹസീന പറഞ്ഞു. ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വസേദ് എക്‌സ് പ്ലാറ്റ് ഫോമിലൂടെ പങ്കുവെച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബംഗ്ലാദേശിൽ ഉടലെടുത്ത കലാപത്തിന് പിന്നാലെ രാജ്യം വിട്ടതിന് ശേഷം ഷെയ്ഖ് ഹസീന ആദ്യമായാണ് ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്.

കലാപത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു. കലാപകാരികൾ ബംഗ്ലാദേശിനെ കലുഷിതമാക്കി, വിദ്യാർത്ഥികൾക്കും മറ്റ് പാവപ്പെട്ടവർക്കും അവരുടെ ജീവനും ഉറ്റവരെയും നഷ്ടപ്പെട്ടു. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ എന്റെ പിതാവിന്റെ ശില പോലും കലാപകാരികൾ തകർത്തു. തനിക്ക് നീതി ലഭിക്കണം. കുറ്റവാളികളെ ശിക്ഷിക്കണമെന്ന ആവശ്യവും ഷെയ്ഖ് ഹസീന മുന്നോട്ടു വെച്ചു.

മുജിബുർ റഹ്മാന്റെ അനുസ്മരണ ദിനം മാന്യമായി നടത്തണമെന്നും അവർ കൂട്ടിച്ചേർത്തു.

ജക്കാർത്ത: ജപ്പാനിൽ ഭൂചലനം. തെക്കൻ ജപ്പാനിലെ ക്യൂഷി മേഖലയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് അനുഭവപ്പെട്ടത്.ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം നിചിനാനിൽ നിന്ന് 20 കിലോമീറ്റർ വടക്ക്-കിഴക്ക് 25 കിലോമീറ്റർ ആഴത്തിലാണെന്നാണ് പ്രാരംഭ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഭൂചലനത്തെ തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഭൂചലനത്തെ തുടർന്ന് ഷോപ്പിംഗ് മാളിലെ സാധനങ്ങളും കസേരകളും ഫാനുകളും മേശകളും താഴെ വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സുനാമി മുന്നറിയിപ്പിനെ തുടർന്ന് ജപ്പാനിലെ ജനങ്ങൾ ആശങ്കയിലാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ 2 വലിയ ഭൂചലനങ്ങൾ അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

ഇനിയും ഭൂചലനം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിൽ മാറണമെന്നും അധികൃതർ വ്യക്തമാക്കി. ജപ്പാനിലെ മിയാസാക്കിക്ക് സമീപമുള്ള തെക്കൻ ദ്വീപായ ക്യൂഷുവിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജനീവ: പകർച്ചവ്യാധികൾക്ക് കാരണമായേക്കാവുന്ന മുപ്പതിലധികം രോഗാണുക്കളടങ്ങുന്ന പട്ടിക ലോകാരോഗ്യ സംഘടന പുറത്തിറക്കി. ജൂലൈ 30നാണ് ഈ പട്ടിക ലോകാരോഗ്യ സംഘടന പുറത്ത് വിട്ടത്. റിപ്പോർട്ടിൽ ഇൻഫ്ലുവൻസ എ വൈറസ്, ഡെങ്കു വൈറസ്, മങ്കിപോക്‌സ് വൈറസ് എന്നിവ ഇടംനേടിയിട്ടുണ്ട്.

രോഗകാരികളുടെ മുൻഗണനാപട്ടികയിൽ, പകർച്ചവ്യാധി പോലെയുള്ള ആഗോള പൊതുജന ആരോഗ്യ അടിയന്തരാവസ്ഥ ജനങ്ങളിലുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്താണ് രോഗാണുക്കളെ തിരഞ്ഞെടുത്തത്. രോഗം പടരുന്നതിന്റെ വേഗത, വൈറസ് ബാധയുള്ളവ, വാക്‌സിനുകൾക്കും ചികിത്സകൾക്കും പരിമിതമായ പരിധിയുള്ളവ തുടങ്ങിയവ അടിസ്ഥാനപ്പെടുത്തി ക്രമീകരിച്ചിരിക്കുന്ന പട്ടികയാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടത്.

പട്ടികയിൽ അമേരിക്കയിലെ കന്നുകാലികളിൽ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട എച്ച് 5 ഉപവകഭേദം ഉൾപ്പെടെയുള്ള നിരവധി ഇൻഫ്ലുവൻസ എ വൈറസുകളും ഉൾപ്പെട്ടിട്ടുണ്ട്. കോളറ, പ്ലേഗ്, വയറിളക്കം, അതിസാരം, ന്യുമോണിയ എന്നിവയ്ക്ക് കാരണമാകുന്ന അഞ്ച് പുതിയ ബാക്ടീരിയകളും മഹാമാരിക്ക് കാരണമാകുന്ന രോഗകാരികളുടെ പട്ടികയിലുണ്ട്. ഇന്ത്യയിൽ അടുത്തിടെ കണ്ടെത്തിയ നിപ വൈറസും പട്ടികയിലുണ്ട്.

കാഠ്മണ്ഡു: നേപ്പാളിൽ വിമാനാപകടം. കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട വിമാനമാണ് അപകടത്തിൽ പെട്ടതെന്നാണ് പുറത്തു വരുന്ന വിവരം. ജീവനക്കാരടക്കം 19 പേർ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വിമാനം പൂർണമായി കത്തിയമർന്നു. ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പൊഖാറ വിമാനത്താവളത്തിലേക്ക് പോയ വിമാനമാണ് അപകടത്തിൽ പെട്ടത്.

ശൗര്യ എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൊലീസിന്റെയും അഗ്‌നിശമനസേനയുടെ നേതൃത്വത്തിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. ടേക്ക് ഓഫിന്റെ സമയത്ത് റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം അപകടത്തിൽപെടുകയായിരുന്നുവെന്നാണ് സൂചന.

പത്തനംതിട്ട: കുവൈറ്റിലെ അബ്ബാസിയയിലെ താമസ സ്ഥലത്ത് ഉണ്ടായ തീപിടിത്തത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ പേർ പുക ശ്വസിച്ച് മരിച്ചു. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുഴക്കൽ, ഭാര്യ ലിനി എബ്രഹാം ഇവരുടെ മക്കൾ ഐസക്, ഐറിൻ എന്നിവരാണ് മരിച്ചത്.കുവൈറ്റിൽ മലയാളികൾ ഏറ്റവും അധികം തിങ്ങി പാർക്കുന്ന അബ്ബാസിയായിലുള്ള അപ്പാർട്‌മെന്റിന്റെ രണ്ടാം നിലയിൽ കുടുംബം താമസിച്ച മുറിയിലാണ് തീപിടിത്തം ഉണ്ടായത്.

ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണു തീപിടിത്തം എന്നാണ് നിഗമനം. നാട്ടിൽ നിന്ന് തിരിച്ചെത്തിയ കുടുംബം മുറിക്കത്ത് ഉറങ്ങാൻ കിടന്നപ്പോൾ എസിയിൽ നിന്ന് പുക ശ്വസിച്ച് മരിച്ചതാണെന്നാണ് ലഭിക്കുന്ന വിവരം.അവധിക്ക് നാട്ടിലായിരുന്ന കുടുംബം വെള്ളിയാഴ്ച വൈകിട്ടാണ് കുവൈറ്റിൽ തിരിച്ചെത്തിയത്.താമസ സ്ഥലത്തേത്തി ഏതാനും മണിക്കൂറുകൾക്കകമാണ് ദാരുണ സംഭവം.എ സി യിൽ നിന്ന് തീയും പുകയും ഉയരുന്നത് സമീപ വാസികൽ കണ്ടിരുന്നു. അഗ്‌നി രക്ഷ സേന ഉടൻ സ്ഥലത്തു ഏതിലെങ്കിലും കുടുംബത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

വിയന്ന: നിഷ്‌കളങ്കരായ ജനതയെ കൊന്നൊടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിന്റെ ഏതുകോണിൽ നടന്നാലും അത്തരമൊരു രക്തച്ചൊരിച്ചിൽ തെറ്റുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. സംഭാഷണത്തിനും നയതന്ത്രത്തിനും ഊന്നൽ നൽകുന്നവരാണ് ഇന്ത്യയും ഓസ്ട്രിയയും. അതിനാവശ്യമായ പിന്തുണ നൽകാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമ്മറുടെ നേതൃത്വത്തിലുള്ള പ്രതിനിധി-തല സംഘവുമായി നടത്തിയ ചർച്ചയ്ക്ക് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിയന്നയിലെ ഫെഡറൽ ചാൻസലറിയിൽ വച്ചായിരുന്നു ഇരുരാജ്യങ്ങളിലെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തിയത്.

അതേസമയം, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി റഷ്യ സന്ദർശിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

മോസ്‌കോ: റഷ്യയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ അടുത്ത സുഹൃത്തായി കാണുന്നതിനാണ് പ്രധാനമന്ത്രി റഷ്യയ്ക്ക് നന്ദി അറിയിച്ചത്. ഇതാദ്യമായാണ് തന്റെ റഷ്യൻ യാത്ര ലോകം മുഴുവൻ ഉറ്റു നോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റഷ്യൻ സന്ദർശന വേളയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇന്നലെ യുക്രൈൻ വിഷയത്തിൽ തുറന്ന ചർച്ച നടന്നു. ഇരു നേതാക്കളും പരസ്പര ബഹുമാനത്തോടെ ഇക്കാര്യത്തിലെ നിലപാട് കേട്ടു. കീവിൽ കുട്ടികളുടെ മരണം വേദനാജനകമാണ്. യുദ്ധമായാലും ഭീകരവാദമായാലും മനുഷ്യ ജീവൻ നഷ്ടമാകുന്നത് വേദനാജനകമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

റഷ്യയും യുക്രൈനും തമ്മിലെ തർക്കത്തിന് ചർച്ചയിലൂടെയാണ് പരിഹാരം കാണേണ്ടത്. യുദ്ധത്തിന്റെ മൈതാനത്ത് ഒരു പരിഹാരവും ഉണ്ടാക്കാൻ കഴിയില്ല. ഇന്നലെ പ്രസിഡന്റ് പുടിനുമായി സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചർച്ച നടത്തി. പുടിനുമായുള്ള ചർച്ചയിൽ പല ആശയങ്ങളും ഉയർന്നു. തന്റെ അഭിപ്രായം പുടിൻ കേട്ടത് സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോസ്‌കോ: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഭാരതത്തെ മാറ്റുക എന്നതാണ് മൂന്നാം മോദി സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതം ഇന്ന് ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. മോസ്‌കോയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭാരതം ഇന്ന് എല്ലാ മേഖലകളിലും മുന്നേറുകയാണെന്നതിന് ഉദാഹരണമാണ് ചന്ദ്രയാൻ ദൗത്യമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയും നിർമിച്ചു. ഭാരതം വികസിക്കുകയാണെന്ന് ലോകം പറയുകയാണ്. 140 കോടി പൗരന്മാരുടെ പിന്തുണയോടെയാണ് ഭാരതം മുന്നേറുന്നതെന്ന് മോദി അഭിപ്രായപ്പെട്ടു.

രാജ്യം വികസിതമാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഭാരതീയർ ഇന്ന് അഭിമാനിക്കുകയാണ്. ഭാരതത്തിന്റെ പുനർ നവീകരണം നമ്മുടെ യുവാക്കൾ നേരിൽ കാണുകയാണ്. രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം രണ്ടിരട്ടിയായി വർദ്ധിച്ചിരിക്കുന്നു. 40,000 കിലോമീറ്റർ വരെ റെയിൽവേ ലൈൻ വൈദ്യൂതീകരിച്ചു. ഡിജിറ്റൽ പേയ്‌മെന്റിന്റെ കാര്യത്തിൽ ഭാരതം റെക്കോർഡ് സൃഷ്ടിച്ചുവെന്ന് അദ്ദേഹം അറിയിച്ചു.

ഭാരതമണ്ണിന്റെ സുഗന്ധവും 140 കോടി ഭാരതീയരുടെ സ്‌നേഹവും കൊണ്ടാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. മൂന്നാം തവണയും എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് ഇന്ത്യൻ പ്രവാസികളുമായി താൻ സംസാരിക്കുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രിയായി താൻ സത്യപ്രതിജ്ഞ ചെയ്തിട്ട് ഒരു മാസം തികയുന്നു. മൂന്ന് മടങ്ങ് ശക്തിയോടെ മൂന്ന് മടങ്ങ് വേഗത്തിൽ പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് തങ്ങൾ അധികാരമേറ്റിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. മോദിക്ക് ഇന്ത്യയിലെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാനായെന്ന് പുടിൻ പറഞ്ഞു. മൂന്നാം തവണയും അധികാരത്തിൽ എത്തിയത് വലിയ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ-റഷ്യ 22-ാം വാർഷികസമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻറ് വ്‌ളാദിമിർ പുടിനും നേതൃത്വം നൽകുന്ന ഉച്ചകോടിക്ക് ശേഷം സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം, റഷ്യയുടെ പരമോന്നത ദേശീയ പുരസ്‌ക്കാരമായ ഓഡർ ഓഫ് സെൻറ് ആൻഡ്രു മോദിക്ക് ഇന്ന് സമ്മാനിക്കും. 2019 ലാണ് ഈ ബഹുമതി പ്രഖ്യാപിച്ചത്. മോസ്‌കോവിലെ ഇന്ത്യൻ സമൂഹത്തെയും മോദി ഇന്ന് കാണും. വൈകിട്ട് ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ മോദി എത്തും.

മാഡ്രിഡ്: എയർ യൂറോപ്പ എയർലൈൻസിന്റെ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. 30ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സ്പെയിനിൽ നിന്നും ഉറുഗ്വേയ്ക്ക് പുറപ്പെട്ട എയർ യൂറോപ്പ ബോയിംഗ് UX045 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ പറഞ്ഞു.

അറ്റ്ലാന്റിക്കിന് മുകളിലൂടെ പറന്ന വിമാനം പെട്ടെന്ന് ആകാശച്ചുഴിയിൽപ്പെടുകയായിരുന്നു. വിമാനത്തിൽ 325 യാത്രക്കാരുണ്ടായിരുന്നു. അപകടത്തിൽപ്പെട്ടതിനെ തുടർന്ന് വിമാനം ബ്രസീലിലെ നതാൽ വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്നും അധികൃതർ വിശദീകരിച്ചു.

ആകാശച്ചുഴിയിൽപ്പെട്ടതോടെ യാത്രക്കാരോട് സീറ്റ് ബെൽറ്റ് ധരിക്കാൻ ജീവനക്കാർ നിർദേശം നൽകിയിരുന്നു. ഇതിനാൽ വൻ അപകടം ഒഴിവായെന്നും സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്കാണ് പരിക്കേറ്റതെന്നും അധികൃതർ വ്യക്തമാക്കി.