International (Page 6)

ടോക്കിയോ: ജപ്പാനിൽ റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. വിദൂര ഇസു ദ്വീപുകൾക്ക് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പമുണ്ടായെന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ അറിയിപ്പിന് പിന്നാലെ പസഫിക്ക് പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒരു മീറ്റർ (3.3 ഇഞ്ച്) വരെ ഉയരമുള്ള സുനാമി തിരകൾ ഇസു ദ്വീപുകളിലും ഒഗസവാര ദ്വീപുകളിലും ആഞ്ഞടിച്ചേക്കാമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു.

പ്രധാനപ്പെട്ട നാല് ടെക്റ്റോണിക് പ്ലേറ്റുകളുടെ മുകളിലാണ് ജപ്പാൻ സ്ഥിതി ചെയ്യുന്നത്. ഓരോ വർഷവും ഏകദേശം 1,500 ഭൂചലനങ്ങൾ രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായി ജർമ്മനിയിൽ കെയർ ഹോമുകളിൽ നഴ്‌സുമാർക്ക് അവസരങ്ങളുമായി സംഘടിപ്പിക്കുന്ന സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. നഴ്‌സിംങിൽ Bsc/Post Bsc വിദ്യാഭ്യാസ യോഗ്യത അല്ലെങ്കിൽ GNM യോഗ്യതയ്ക്കു ശേഷം രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും വേണം. വയോജന പരിചരണം/പാലിയേറ്റീവ് കെയർ/ജറിയാട്രിക് എന്നിവയിൽ 2 വർഷം പ്രവൃത്തി പരിചയമുള്ളവർക്കും ജർമ്മൻ ഭാഷയിൽ ബി1, ബി2 യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്കും (ഫാസ്റ്റ് ട്രാക്ക്) മുൻഗണന ലഭിക്കും. പ്രായപരിധി 38 വയസ്സ്.

താൽപര്യമുളളവർ triplewin.norka@kerala.gov.in എന്ന ഇ-മെയിൽ ഐഡിയിലേയ്ക്ക് വിശദമായ സി.വി, ജർമ്മൻ ഭാഷായോഗ്യത (ഓപ്ഷണൽ), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയമുൾപ്പെടെയുളള മറ്റ് അവശ്യരേഖകളുടെ പകർപ്പുകൾ എന്നിവ സഹിതം 2024 ഒക്ടോബർ 10 ന് അകം അപേക്ഷ നൽകേണ്ടതാണെന്ന് നോർക്ക റൂട്ട്‌സ് സി.ഇ.ഒ അജിത് കോളശ്ശേരി അറിയിച്ചു. 9 മാസം നീളുന്ന സൗജന്യ ജർമ്മൻ ഭാഷാ പരിശീലനത്തിൽ (ഓഫ് ലൈൻ) പങ്കെടുക്കാൻ സന്നദ്ധതയുളളവരുമാകണം അപേക്ഷകർ. ഇതിനായുളള അഭിമുഖം 2024 നവംബർ 13 മുതൽ 22 വരെ നടക്കും. കഴിഞ്ഞ 6 മാസമായി തുടർച്ചയായി ഇന്ത്യയിൽ താമസിക്കുന്ന കേരളീയരായ ഉദ്യോഗാർത്ഥികൾക്ക് മാത്രമാകും ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക.

നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിൽ കുറഞ്ഞത് 2300 യൂറോയും രജിസ്‌ട്രേഡ് നഴ്‌സ് അംഗീകാരത്തിന് ശേഷം 2800 യൂറോയുമാണ് (ഓവർടൈം അലവൻസുകൾ ഒഴികെ) കുറഞ്ഞ ശമ്പളം. ആദ്യ ശ്രമത്തിൽ A2 അല്ലെങ്കിൽ B1 പരീക്ഷയിൽ വിജയിക്കുന്നവർക്കും ഇതിനോടകം B1 യോഗ്യതയുളളവർക്കും 250 യൂറോ ബോണസിനും അർഹതയുണ്ടാകും. നോർക്ക റൂട്ട്‌സും ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെൻറ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിൾ വിൻ. ഭാഷാ പരിശീലനത്തോടൊപ്പം പ്ലേസ്‌മെന്റ്, നഴ്‌സിങ് രജിസ്‌ട്രേഷൻ, വീസ ഉൾപ്പെടെയുളള യാത്രാരേഖകൾ ലഭ്യമാക്കുന്നതിലും സമഗ്രമായ സഹായം പദ്ധതിവഴി ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org , www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക. അല്ലെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.

ന്യൂഡൽഹി: ലെബനോനിലുണ്ടായ പേജർ സ്‌ഫോടനങ്ങളിൽ പരിക്കേറ്റ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരം. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ലെബനോൻ അറിയിച്ചു. ഭീഷണിക്ക് പിന്നാലെ ഇസ്രയേലിൽ സുരക്ഷ ശക്തമാക്കി.

ടെൽ അവീവിലേക്കുള്ള സർവീസുകൾ നിർത്തിവച്ച് വിമാന കമ്പനികൾ നിർത്തിവെച്ചു. 2800ലധികം പേർക്കാണ് സ്‌ഫോടനങ്ങളിൽ പരിക്കേറ്റത്. ഹിസ്ബുല്ല ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജർ യന്ത്രങ്ങളാണ് ഇന്നലെ ഒരേസമയം പൊട്ടിത്തെറിച്ചത്.

ആസൂത്രിത ഇലക്ട്രോണിക്‌സ് ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്നാണ് ഹിസ്ബുല്ലയുടെ ആരോപണം. ഹിസ്ബുല്ല സംഘങ്ങൾ ആശയവിനിമയത്തിന് ഇപ്പോഴും പഴയകാല പേജർ യന്ത്രങ്ങൾ ആണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ആയിരക്കണക്കിന് പേജാർ യന്ത്രങ്ങൾ ആണ് ഒരേ സമയം ഇന്ന് ഉച്ചയ്ക്ക് ശേഷം ലെബനോനിൽ ഉടനീളം പൊട്ടിത്തെറിച്ചത്. മരിച്ചവരിലും പരിക്കേറ്റവരിലും ഉന്നതരായ ഹിസ്ബുല്ല നേതാക്കളും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

തിരുവനന്തപുരം: സെപ്റ്റംബർ ഒന്നു മുതൽ രണ്ടു മാസകാലത്തേക്ക് യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയാളി പ്രവാസികൾക്കായി നോർക്ക രൂപീകരിച്ച ഹെൽപ്പ്ഡസ്‌ക് നിലവിൽ വന്നു. പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിന്റെ ഗുണഫലങ്ങൾ എത്തിക്കുക, അപേക്ഷ സമർപ്പിക്കാനും രേഖകൾ തയ്യാറാക്കാനും സഹായിക്കുക, കൂടാതെ നാട്ടിലേക്ക് തിരിച്ചു വരാൻ താല്പര്യമുള്ളവർക്ക് യാത്രാസഹായം ഉൾപ്പെടെ പ്രവാസികളുടെ സഹായത്തോടെ നൽകുക എന്നിവയാണ് പ്രവാസി സമൂഹം ചെയ്തു വരുന്നത്.

ഇത്തരം പ്രവർത്തനങ്ങൾ സർക്കാരുമായും നോർക്കയുമായും എകോപിപ്പിക്കുന്നതിനാണ് ഹെൽപ്ഡസ്‌ക് രൂപീകരിച്ചത്.

തിരുവനന്തപുരം: സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസത്തേക്ക് യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയാളി പ്രവാസികൾക്കായി ഹെൽപ്പ് ഡെസ്‌ക് ഒരുക്കാൻ തീരുമാനിച്ചു. നോർക്ക-റൂട്ട്‌സിന്റെയും ലോക കേരള സഭ സെക്രട്ടേറിയറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിലാണ് തീരുമാനമെടുത്തത്.

പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിന്റെ ഗുണഫലങ്ങൾ എത്തിക്കുക, അപേക്ഷ സമർപ്പിക്കാനും രേഖകൾ തയാറാക്കാനും സഹായിക്കുക, നാട്ടിലേക്ക് തിരിച്ചു വരാൻ താല്പര്യമുള്ളവർക്ക് യാത്രാസഹായം ഉൾപ്പെടെ പ്രവാസികളുടെ സഹായത്തോടെ നൽകുക എന്നിവയാണ് പ്രവാസി സമൂഹം ചെയ്തു വരുന്നത്.

അത്തരം പ്രവർത്തനങ്ങൾ സർക്കാരുമായും നോർക്കയുമായും എകോപിപ്പിക്കുന്നതിനാണ് ലോക കേരള സഭ പ്രതിനിധികളുടെ ഹെൽപ് ഡെസ്‌ക് രൂപീകരിച്ചത്.

നോർക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, നോർക്ക റൂട്സ് സിഇഒ അജിത് കൊളശേരി, ലോക കേരള സഭ സെക്രട്ടേറിയറ്റ് പ്രതിനിധികൾ, ലോക കേരള സഭ അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഇസ്ഫഹാൻ: ഇറാന്റെ സൈനിക കേന്ദ്രത്തിൽ വാതക ചോർച്ച. ഇസ്ഫഹാൻ പ്രവിശ്യയിലെ ഇറാനിയൻ റെവല്യൂഷനറി ഗാർഡിന്റെ വർക്ക് ഷോപ്പിൽ ബുധനാഴ്ച രാത്രിയാണ് ചോർച്ചയുണ്ടായത്. വാതക ചോർച്ചയെ തുടർന്ന് രണ്ടുപേർ മരണപ്പെട്ടു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്യാപ്റ്റൻ മുജ്തബ നസാരിയും ലെഫ്റ്റനന്റ് കേണൽ മുഖ്താർ മുർഷിദിയുമാണ് മരിച്ചത്.

കൂടുതൽ വിവരങ്ങൾ റെവല്യൂഷനറി ഗാർഡ് പുറത്തുവിട്ടിട്ടില്ല. ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ തെഹ്റാനിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാൻ-ഇസ്രായേൽ യുദ്ധ ഭീതി നിലനിൽക്കുമ്പോഴാണ് വാതക ചോർച്ച. 2011ൽ മിസൈൽ താവളത്തിലുണ്ടായ സ്‌ഫോടനത്തിൽ മിസൈൽ പദ്ധതിയുടെ തലവനായ കമാൻഡർ ഹസൻ തെഹ്‌റാനി മുഗദ്ദം ഉൾപ്പെടെ 17 പേർ കൊല്ലപ്പെട്ടിരുന്നു.

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിലെ അഭയാർത്ഥി ക്യാംപിന് നേരെ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. തുൾക്കാരാം നഗരത്തിന് സമീപത്തുള്ള നുർ ഷാംപ് ക്യാപിന് നേരെ വ്യോമാക്രമണം നടന്നതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരവാദികളുടെ നിർണായക ഇടത്തിന് നേരെയാണ് ആക്രമണം നടന്നതെന്നാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കിയത്.

ഒക്ടോബർ 7 ശേഷം 128 പാലസ്തീൻ സ്വദേശികളാണ് വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് യുഎൻ പുറത്തുവിട്ട കണക്കുകൾ. 26 കുട്ടികളും ഇതിൽ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. ഗാസ അതിർത്തിയിൽ നിന്ന് പിന്മാറണമെന്ന് ഇസ്രയേലിനോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. അതേസമയം, പുതിയ വെടിനിർത്തൽ കരാറിന്റെ അടിസ്ഥാനത്തിൽ പിന്മാറ്റം അനിവാര്യമെന്നാണ് ജോ ബൈഡൻ വിഷയത്തിൽ പ്രതികരിച്ചത്.

കീവ്: യുക്രൈന് സഹായവുമായി ഇന്ത്യ. അടിയന്തര വൈദ്യസഹായം നൽകുന്നതിനായി തദ്ദേശീയമായി നിർമിച്ച നാല് ‘ഭിഷ്മ്’ ക്യൂബുകൾ ഇന്ത്യ യുക്രൈന് സമ്മാനിച്ചു. ഭാരത് ഹെൽത്ത് ഇനിഷ്യേറ്റീവ് ഫോർ സഹ്യോഗ് ഹിത & മൈത്രി എന്നതിന്റെ ചുരുക്കെഴുത്താണ് BHISHM. മാനുഷിക സഹായത്തിന്റെ ഭാഗമായി വികസ്വര രാജ്യങ്ങൾക്ക് രൂപകൽപന ചെയ്ത പദ്ധതിയായ ‘ആരോഗ്യ മൈത്രി’ എന്ന പദ്ധതിക്ക് കീഴിലാണ് ഇന്ത്യയുടെ നടപടി.

ഭീഷ്മ് എന്നത് അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന മെഡിക്കൽ സൗകര്യങ്ങളും ഉപകരണങ്ങളും അടങ്ങുന്ന മൊബൈൽ യൂണിറ്റാണ്. അവശ്യ മരുന്നുകളും ഉപകരണങ്ങളും 15 ഇഞ്ച് വീതമുള്ള ക്യൂബിക്കൽ ബോക്‌സുകളിൽ പായ്ക്ക് ചെയ്തിരിക്കുന്നു. യുദ്ധം, പ്രകൃതി ദുരന്തം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ആളുകളുടെ ജീവൻ രക്ഷിക്കുന്നതിൽ ഇവ നിർണായക പങ്ക് വഹിക്കുന്നു.

വായു, കടൽ, കര, ഡ്രോൺ എന്നിങ്ങനെ വിവിധ മാർഗങ്ങളിലൂടെ ഇവ ലക്ഷ്യ സ്ഥാനത്തെത്തിക്കാൻ സാധിക്കും. ഒരാൾക്ക് ഒറ്റയ്ക്ക് വേണമെങ്കിലും ഇവ കൊണ്ടുപോകാവുന്നതാണ്. 20 കിലോഗ്രാം മാത്രമാണ് ഓരോ ഭീഷ്മ് ക്യൂബിന്റെയും ഭാരം. റഷ്യയുമായി സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഭാരതത്തിന്റെ നിർണായക നടപടി. നാല് ഭീഷ്മ് ക്യൂബുകളാണ് യുക്രെയ്‌ന് ഇന്ത്യ സമ്മാനിച്ചത്.

ഒടിവ്, ചതവ്, പൊള്ളൽ, രക്തസ്രാവം എന്നിങ്ങനെ 200-ഓളം അടിയന്തര കേസുകൾക്ക് പരിഹാരം കാണാൻ ഭീഷ്മ് ക്യൂബിന് സാധിക്കും. ഇതിന് പുറമേ ശസ്ത്രക്രിയയ്ക്ക് അവശ്യമായ ഉപകരണങ്ങളും ഓക്‌സജിൻ സപ്ലൈയും ഇത് നൽകുന്നു. ഇത്തരത്തിൽ 36 മിനി ക്യൂബുകൾ ചേർന്നാൽ ഒരു മദർ ക്യൂബാകുന്നു. രണ്ട് മദർ ക്യൂബുകൾ ചേരുന്നതാണ് ഒരു ഭീഷ്മ് ക്യൂബ്.

വാഷിംഗ്ടൺ ഡിസി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യൻ ജനതയ്‌ക്കൊപ്പം അമേരിക്കയും പങ്കുചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണവുമായ ചരിത്രത്തിൽ അമേരിക്കയും ഭാഗമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യ ദിനാശംകൾ നേർന്നത്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം വരും വർഷങ്ങളിലും ശക്തിപ്പെടും. ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിച്ചു വരികയാണ്. ഇത് ജനങ്ങൾക്കിടയിൽ സഹവർത്തിത്വത്തിനും സാമ്പത്തിക വ്യവസ്ഥ ഉയർത്തുന്നതിനും ഇടയാക്കുന്നുവെന്നും ആന്റണി ബ്ലിങ്കൻ കൂട്ടിച്ചേർത്തു.

ശ്രീനഗർ: ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താൻ യോഗം വിളിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് യോഗം ചേർന്നിരിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രതിരോധ സെക്രട്ടറി ഗിരിധർ അരമനെ, ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി, ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ്-ലെഫ്റ്റനന്റ് ജനറൽ പ്രതീക് ശർമ, സുരക്ഷാ സംബന്ധമായ ഏജൻസികളുടെ മേധാവികൾ എന്നിവർ യോഗത്തിൽ പങ്കാളികളായി.

ഡൽഹി സൗത്ത് ബ്ലോക്കിലാണ് യോഗം ചേർന്നത്. 78-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജമ്മു കശ്മീരിലും ഡൽഹിയിലും ഉൾപ്പെടെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കശ്മീർ കേന്ദ്രമായി പ്രവർത്തിക്കുന്ന ചില ഭീകരർ ഡൽഹിയിലോ പഞ്ചാബിലോ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ മുന്നോടിയായി ഡൽഹിയിൽ പോലീസ് വലിയ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഡൽഹിയിലുടനീളം 3000ത്തോളം ട്രാഫിക് ഓഫീസർമാരെയും, 10,000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരേയും വിന്യസിച്ചതായി അധികൃതർ അറിയിച്ചു. 700 എഐ ക്യാമറകളും വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാന്റ്, മാളുകൾ, മാർക്കറ്റ് എന്നിവിടങ്ങളിലും കൂടുതൽ പൊലീസിന്റേയും അർദ്ധ സൈനിക വിഭാഗങ്ങളേയും സേവനം ഉറപ്പാക്കി.