International (Page 5)

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന്റെ ഇലക്ടറൽ വോട്ടുകൾ 300 കടന്നു. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ്ിന് 226 ഇലക്ടറൽ വോട്ടുകൾ ലഭിച്ചു.

സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കൻ പാർട്ടി തന്നെയാണ് ആധിപത്യം പുലർത്തുന്നത്. സെനറ്റിൽ 52 സീറ്റുകൾ റിപ്പബ്ലിക്കൻ പാർട്ടി സ്വന്തമാക്കിയപ്പോൾ 47 സീറ്റുകളിൽ ഡെമോക്രാറ്റുകൾ ഒതുങ്ങി. ജനപ്രതിനിധി സഭയിലെ 209 സീറ്റുകൾ ഡെമോക്രാറ്റുകൾ ഉറപ്പിച്ചെങ്കിലും 216 സീറ്റുകൾ റിപ്പബ്ലിക്കൻമാരാണ് കയ്യടക്കിയത്.

അരിസോണ, നെവാദ, വിസ്‌കോസിൻ, മിഷിഗൺ, പെൻസിൽവാനിയ, നോർത്ത് കരോലിന, ജോർജി എന്നീ ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങളുംട്രംപിനൊപ്പമാണ് നിലകൊണ്ടത്. 2020ൽ ജോ ബൈഡനൊപ്പമാണ് അരിസോണ നിന്നത്. 1996ൽ ബിൽ ക്ലിന്റണ് ശേഷം ഒരു ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയോടൊപ്പം അരിസോണ നിലകൊണ്ടത് ബൈഡൻ സ്ഥാനാർത്ഥിയായപ്പോൾ മാത്രമായിരുന്നു.

ലാഹോർ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനം. 27 പേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. അൻപതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരം ആണ്. ക്വറ്റ റെയിൽവേ സ്റ്റേഷനിലായിരുന്നു ഉഗ്ര സ്‌ഫോടനം ഉണ്ടായത്. പെഷവാറിലേക്കുള്ള എക്സ്പ്രസ് ട്രെയിൻ പുറപ്പെടാനൊരുങ്ങുമ്പോഴായിരുന്നു സ്‌ഫോടനം നടന്നത്. കൊല്ലപ്പെട്ടവരിൽ കൂടുതൽ പേരും യാത്രക്കാരാണ്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനകളൊന്നും രംഗത്തെത്തിയിട്ടില്ല. ചാവേർ സ്‌ഫോടനമാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ. പാകിസ്ഥാൻ ഭരണകൂടത്തിനെതിരെ നിരവധി സായുധ സംഘങ്ങൾ പ്രവർത്തിക്കുന്ന മേഖലയാണ് ബലൂചിസ്ഥാൻ. മുൻപ് പലതവണയും ക്വറ്റയിൽ ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്.

കുടുംബവുമൊത്ത് വീട്ടിൽ ദീപാവലി ആഘോഷിക്കുന്ന അമൃത സുരേഷിന്റെ ചിത്രങ്ങൾ വൈറലാകുന്നു. അനിയത്തി അഭിരാമി സുരേഷും അമ്മ ലൈലയും അമൃതയുടെ മകൾ പാപ്പുവും ഒന്നിച്ചാണ് വീട്ടിൽ ദീപാവലി ആഘോഷിച്ചത്. വീട്ടിൽ ദീപങ്ങൾ കൊളുത്തി, പൂക്കളാൽ അലങ്കരിച്ച്, പരസ്പരം മധുരം പങ്കിട്ട് ഇവർ ദീപാവലി ആഘോഷമാക്കി. ദീപാവലി ആഘോഷത്തിന്റെ വിശേഷങ്ങൾ താരം വ്‌ളോഗിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

നീണ്ട 14 വർഷത്തെ വേദനകൾ മറികടന്ന് തങ്ങൾ അൽപം സന്തോഷത്തിലേക്ക് എത്തിയെന്നും ഉപദ്രവങ്ങളൊന്നുമില്ലാത്ത, സമാധാനമുള്ള ഒരു ദീപാവലി ദിനമാണ് കടന്നു പോകുന്നതെന്നും അമൃത വിഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളെ മനസ്സിലാക്കി കൂടെ നിന്നതിന് പ്രേക്ഷകർക്ക് അഭിരാമിയും അമ്മ ലൈലയും നന്ദി അറിയിച്ചു.

കടുത്ത മാനസികാഘാതങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി കടന്നുപോയത്. മനസ്സിനെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും എത്രയും പെട്ടെന്ന് പഴയ സന്തോഷങ്ങളിലേക്കു മടങ്ങി വരുമെന്നും അമൃത സുരേഷ് പറഞ്ഞു.

ടെഹ്‌റാൻ: വടക്കൻ ഇസ്രായേലിൽ വ്യോമാക്രമണം നടത്തി ഹിസ്ബുല്ല. വ്യോമാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ നാല് പേർ വിദേശത്ത് നിന്നുള്ള ജോലിക്കാരും മൂന്ന് പേർ ഇസ്രായേൽ പൗരന്മാരുമാണെന്നാണ് വിവരം. മെറ്റുലയിൽ ഹിസ്ബുല്ല നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 4 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ കർഷക തൊഴിലാളികളാണെന്നാണ് റിപ്പോർട്ട്.

ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മാരകമായ വ്യോമാക്രമണമാണ് ഇതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ലെബനനിൽ നിന്നുള്ള മിസൈലുകൾ മെറ്റുലയിലെ ഒരു കാർഷിക മേഖലയിൽ പതിച്ചതിന്റെ ഫലമായി വിദേശത്ത് നിന്നെത്തിയ നാല് ജോലിക്കാരും ഒരു ഇസ്രായേലി കർഷകനും ഉൾപ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.

ഒക്ടോബർ 26ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നൽകാനൊരുകാനൊരുങ്ങുകയാണ് ഇറാൻ. ഇസ്രായേലിനെ ആക്രമിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ ദേശീയ സുരക്ഷാ സമിതിയ്ക്ക് ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല ഖമേനി നിർദ്ദേശം നൽകിയതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

മോസ്‌കോ: ബോളിവുഡ് സിനിമകൾക്ക് റഷ്യയിൽ മികച്ച സ്വീകാര്യതയുണ്ടെന്ന് വെളിപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ. റഷ്യക്കാർ ഭൂരിഭാഗവും ബോളിവുഡ് സിനിമകളുടെ ആരാധകരാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സിനിമാ വ്യവസായത്തിന് റഷ്യൻ വിപണിയിലുള്ള സാധ്യതകൾ വർധിപ്പിക്കാൻ സാധിക്കുമെന്നും ഇതിനായി വരാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചകൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഇന്ത്യൻ സിനിമകൾക്കാണ് മറ്റേത് ബ്രിസ്‌ക് രാജ്യങ്ങളിലെയും വിനോദ പരിപാടികളെക്കാൾ റഷ്യയിൽ പ്രചാരം കൂടുതലുള്ളത്. റഷ്യയിൽ ബോളിവുഡ് സിനിമകൾ സംപ്രേഷണം ചെയ്യാൻ വേണ്ടി പ്രത്യേകം ടിവി ചാനലുകളുണ്ട്. അവയിൽ 24 മണിക്കൂറും ഇന്ത്യൻ സിനിമകൾ മാത്രമാണ് സംപ്രേഷണം ചെയ്യുന്നത്. സിനിമാ നിർമ്മാണവും ഫിലിം ഇൻഡസ്ട്രിയും സമ്പദ് വ്യവസ്ഥയുടെ ഭാഗമാണ്. അത് കൃത്യമായി നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യ തങ്ങളുടെ വിപണിയെ സംരക്ഷിക്കാൻ ധാരാളം കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഫിലിം മേക്കേഴ്‌സിന് റഷ്യയിൽ അവസരങ്ങൾ തുറന്നുകൊടുക്കാൻ തയാറാണെന്നും പുടിൻ കൂട്ടിച്ചേർത്തു.

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. ഷെയ്ഖ് ഹസീനയുടെ 45 കൂട്ടാളികൾക്കുമെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ വിദ്യാർഥികളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്‌റ് വാറണ്ട്.

നവംബർ പതിനെട്ടിനകം ഹസീനയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് നിർദേശം. ബംഗ്ലാദേശിലെ ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണലിലെ ചീഫ് ജസ്റ്റീസ് മൊഹമ്മദ് ഗുലാം മൊർതുസ മജൂംദാറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭത്തെതുടർന്ന് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഹസീന രാജ്യം വിട്ടിരുന്നു.

സ്റ്റോക്ക്ഹോം: 2024 ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. വിക്ടർ ആമ്പ്രോസിനും ഗാരി റുവ്കുനിനുമാണ് ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരത്തിന് അർഹരായത്. മൈക്രോ ആർ എൻ എയുടെ കണ്ടെത്തലിലും പോസ്റ്റ് ട്രാൻസ്‌ക്രിപ്ഷണൽ ജീൻ റെഗുലേഷനിൽ അത് വഹിക്കുന്ന പങ്കിനെക്കുറിച്ചുമുള്ള പഠനത്തിനാണ് പുരസ്‌കാരം.

അമേരിക്കയിൽ നിന്നുള്ള ഗവേഷകരാണ് വിക്ടറും ഗാരിയും. വിക്ടർ ആമ്പ്രോസ് നിലവിൽ മസാച്ചുസെറ്റ്‌സ് മെഡിക്കൽ സ്‌കൂളിൽ നാച്ചുറൽ സയൻസ് പ്രൊഫസറാണ്. ഗാരി റുവ്കുൻ ഹാർവാർഡ് മെഡിക്കൽ സ്‌കൂളിൽ ജനറ്റിക്‌സ് പ്രൊഫസറാണ്. പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത് സ്വീഡനിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ നൊബേൽ അസംബ്ലിയാണ്.

്1.1 മില്യൺ ഡോളർ (9.2 കോടി) വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരത്തിന് സമ്മാനമായി ലഭിക്കും. മറ്റ് നൊബേൽ പുരസ്‌കാരങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ പ്രഖ്യാപിക്കും. ആൽഫ്രഡ് നൊബേലിന്റെ ചരമവാർഷിക ദിനമായ ഡിസംബർ 10 ന് നടക്കുന്ന ചടങ്ങിലാകും ജേതാക്കൾക്ക് പുരസ്‌കാരം സമ്മാനിക്കുന്നത്.

ദുബായ്: എല്ലാ വിമാനങ്ങളിലും പേജറുകളും വാക്കി ടോക്കികളും നിരോധിച്ച് ദുബായ് ആസ്ഥാനമായുള്ള വിമാന കമ്പനി എമിറേറ്റ്‌സ്. ദുബായിലേക്കോ ദുബായിൽ നിന്നും പുറത്തേക്കോ ഉള്ള വിമാനങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും ചെക്ക്-ഇൻ അല്ലെങ്കിൽ ക്യാബിൻ ബാഗേജിൽ പേജറുകളും വാക്കി-ടോക്കികളും കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് എമിറേറ്റ്‌സ് അറിയിച്ചു. വെള്ളിയാഴ്ച്ച വാർത്താക്കുറിപ്പിലൂടെയാാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

യാത്രക്കാരുടെ ഹാൻഡ് ലഗേജിലോ ചെക്ക്ഡ് ബാഗേജിലോ കാണുന്ന ഇത്തരം വസ്തുക്കൾ ദുബായ് പോലീസ് കണ്ടുകെട്ടുമെന്ന് എമിറേറ്റ്‌സ് എയർലൈൻസ് മുന്നറിയിപ്പ് നൽകി. അതേസമയം, ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ പേജർ ആക്രമണം ഉണ്ടായതിനെ തുടർന്ന് സെപ്തംബർ 19 മുതൽ ബെയ്‌റൂത്തിലേക്കുള്ള വിമാനങ്ങളിൽ പേജറുകളും വാക്കി ടോക്കികളും കൊണ്ടുപോകുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.

ഒക്ടോബർ 8 വരെ ദുബായിൽ നിന്നും ബെയ്‌റൂത്തിലേക്കുള്ള വിമാന സർവ്വീസുകളും എമിറേറ്റ്‌സ് റദ്ദാക്കിയിട്ടുണ്ട്.

ടെഹ്റാൻ: ഇന്ത്യക്കാർ തൽക്കാലം ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം. ഇറാൻ വ്യോമാതിർത്തി വഴിയുള്ള യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശം നൽകി. ഇസ്രായേൽ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം ഇുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

ഇറാനിലും ഇസ്രായേലിലും താമസിക്കുന്ന ഇന്ത്യക്കാർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലേക്ക് സംഘർഷം വ്യാപിക്കുന്നതിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സംഘർഷങ്ങൾ ഒഴിവാക്കാനും സമാധാനം പുനഃസ്ഥാപിക്കാനും രാജ്യങ്ങൾ വേണ്ട നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

സംഘർഷം വ്യാപിക്കുന്നതിൽ അതിയായ ആശങ്കയുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എല്ലാവരും സംയമനം പാലിക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മേഖലയിലാകെ സംഘർഷം പടരുന്നത് ഒഴിവാക്കണമെന്നും ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും വിഷയങ്ങൾ പരിഹരിക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

ടെൽ അവീവ്: ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി. സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നുമാണ് ഇന്ത്യൻ എംബസിയുടെ നിർദേശം. ഇറാൻ- ഇസ്രയേൽ സംഘർഷം കണക്കിലെടുത്താണ് എംബസി ഇത്തരമൊരു നിർദ്ദേശം നൽകിയത്.

അതിനിടെ, പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിക്കുന്നത് തടയണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് ഇസ്രായേലിൽ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്. ഏകദേശം 400 ഓളം മിസൈലുകൾ ഇറാൻ വിക്ഷേപിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പലതും ഇസ്രായേലിന്റെ പ്രതിരോധ സംവിധാനം നിർവീര്യമാക്കിയെന്നും ചിലത് തുറസായ സ്ഥലങ്ങളിൽ പതിച്ചുവെന്നും ഇസ്രായേലി സേന പറഞ്ഞു.

ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലും ഭീകരരുടെ വെടിവയ്പ്പുണ്ടായി. ജാഫയിലെ ജെറുസലേം സ്ട്രീറ്റിലാണ് വെടിവെയ്പ്പ് നടന്നത്. അതേസമയം, ഇസ്രായേലിനെതിരെ നടത്തിയ മിസൈൽ ആക്രമണം അവസാനിപ്പിക്കുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് അമേരിക്കയും ഇസ്രായേലും പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് മിസെൽ ആക്രമണം അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനം ഇറാന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

സംഘർഷത്തിന് പിന്നാലെ ന്യൂയോർക്കിൽ യുഎൻ രക്ഷാസമിതി ഇന്ന് അടിയന്തിര യോഗം ചേരും. മേഖലയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അടിയന്തര യോഗം ചേരാൻ തീരുമാനിച്ചത്.