General (Page 94)

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഒക്ടോബർ 11 വെള്ളിയാഴ്ച അവധി നൽകും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പൂജാ അവധിയുടെ ഭാഗമായാണ് വെള്ളിയാഴ്ച്ച അവധി നൽകുക. ഇത് സംബന്ധിച്ച് ഇന്ന് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഒക്ടോബർ പത്താം തീയ്യതി വൈകുന്നേരമാണ് ഇത്തവണ പൂജവെയ്പ്. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാൽ അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക. 11, 12 തീയ്യതികളിഷ ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്.

ഈ സാഹചര്യത്തിൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്‌സ് യൂണിയൻ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം പ്രവർത്തനം ആരംഭിക്കുന്ന കേരളഗ്രോ, മില്ലറ്റ് കഫേ എന്നീ വിപണനകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കൃഷി മന്ത്രി പി പ്രസാദ് നിർവഹിക്കും. തിരുവനന്തപുരം ഉള്ളൂർ ജംഗ്ഷന് സമീപം ഗാർഡൻ റോസ് കൃഷിക്കൂട്ടം ആരംഭിക്കുന്ന കേന്ദ്രങ്ങളിൽ ഒക്ടോബർ 1ന് വൈകിട്ട് 4 മണിക്കാണ് ചടങ്ങ്. കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ, കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോക്, കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത്, വാർഡ് കൗൺസിലർ ആതിര എൽ എസ്, ജനപ്രതിനിധികൾ, കർഷകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

സംസ്ഥാന കൃഷി വകുപ്പ് കർഷകർ, കർഷക ഗ്രൂപ്പുകൾ, കൃഷിക്കൂട്ടങ്ങൾ, FPO കൾ, കേരളത്തിലെ ഫാമുകൾ എന്നിവരുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ചെറുധാന്യ ഉൽപ്പന്നങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന തരത്തിൽ വിപണിയിൽ കേരളഗ്രോ ഔട്ട്ലെറ്റുകൾ, മില്ലറ്റ് കഫേകൾ എന്നീ ബ്രാൻഡുകൾ അവതരിപ്പിച്ചിട്ടുണ്ട്. കേരളഗ്രോ ബ്രാൻഡിലൂടെ ഇതിനോടകം തന്നെ കൃഷി വകുപ്പിന്റെ വിവിധ ഫാമുകളുടെ ഉൽപ്പന്നങ്ങൾ ഓൺലൈനായി വിപണനം ആരംഭിച്ചിട്ടുണ്ട്. കർഷകരുടെ വരുമാന വർദ്ധനവും പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണവും ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന കേരളഗ്രോ ഔട്ട്ലെറ്റുകളും മില്ലറ്റ് കഫേകളും സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പരിപാടികളിൽ ഉൾപ്പെടുത്തി പ്രവർത്തനസജ്ജമാക്കുവാൻ ഒരുങ്ങുകയാണ് കൃഷി വകുപ്പ്.

തിരുവനന്തപുരം: ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കെഎസ്ഇബി. വൈകീട്ട് 6 മണിക്കുശേഷം അരമണിക്കൂർ വെദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

പവർ എക്‌സ്‌ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാലാണ് നടപടി. വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് ഉപഭോക്താക്കളോട് കെഎസ്ഇബി അഭ്യർത്ഥിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെഎസ്ഇബിയുടെ അഭ്യർത്ഥന.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഇന്ന് ( 30.09.2024 ) വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
പവർ എക്‌സ്‌ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ ഇന്ന് വൈകീട്ട് 6 മണിക്കുശേഷം അരമണിക്കൂർ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ട്. വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് മാന്യ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കൊല്ലം ജൂൺ മുതലുള്ള മൂന്നു മാസത്തെ കുറ്റകൃത്യങ്ങളുടെയും തുടർനടപടികളുടെയും അവലോകനം പോലീസ് ആസ്ഥാനത്ത് നടന്നു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് അധ്യക്ഷത വഹിച്ചു.

മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി ചാർജ് ഷീറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു. സ്‌കൂൾ, കോളേജ്അധികൃതരുമായി സംസാരിച്ച് മയക്കുമരുന്ന് വിരുദ്ധപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജനമൈത്രി പോലീസിനെ ചുമതലപ്പെടുത്തണം.

കുറ്റവാളികളെ അമർച്ച ചെയ്യുന്നതിന് എറണാകുളം ജില്ലയിൽ നടപ്പാക്കിയ മാപ്പിംഗ് സംവിധാനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. സൈബർ കുറ്റകൃത്യങ്ങളും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും നടപ്പാക്കും. രാത്രികാല പോലീസ് പട്രോളിങ് ശക്തിപ്പെടുത്തും. സോൺ ഐ ജിമാർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തും. വ്യാജ നമ്പർപ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തും.

ജില്ലകളിലെ സ്‌പെഷ്യൽ ബ്രാഞ്ച് സംവിധാനം ശക്തിപ്പെടുത്തും. ഇതിനായി സ്‌പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥർക്ക് പ്രത്യേകം പരിശീലനം നൽകും. ചാർജ് ഷീറ്റ് നൽകാൻ വൈകുന്ന പോക്‌സോ കേസുകൾ റേഞ്ച് ഡിഐജി മാർ വിലയിരുത്തി നടപടി സ്വീകരിക്കും.

മാവോയിസ്റ്റ് സംഘങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാനും ആവശ്യമായ ഇടപെടൽ നടത്താനും ജില്ലാ പോലീസ് മേധാവിമാർ നടപടി സ്വീകരിക്കും.

പോലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ ആവശ്യങ്ങൾക്ക് അനുസൃതമായി അവധിയും ഓഫും അനുവദിക്കും. സാമ്പത്തിക മാനേജ്‌മെന്റ് സംബന്ധിച്ച് എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ബോധവൽക്കരണം നടത്താനും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.

അവലോകനയോഗത്തിൽ എഡിജിപിമാർ, സോൺ ഐജിമാർ, റേഞ്ച് ഡിഐജിമാർ, ജില്ലാ പോലീസ് മേധാവിമാർ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ ചൊവ്വാഴ്ച (ഒക്ടോബർ 1) പ്രവർത്തനമാരംഭിക്കും. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെൽട്രോൺ കോംപണന്റ് കോമ്പ്‌ലക്‌സ് ആരംഭിക്കുന്ന ഈ പുതിയ പ്ലാന്റിൽ നിന്ന് ലോകനിലവാരത്തിലുള്ള സൂപ്പർ കപ്പാസിറ്ററുകൾ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യൻ പ്രതിരോധമേഖലയ്ക്കും ഇലക്ട്രിക് വാഹനങ്ങൾക്കും ബഹിരാകാശ ദൗത്യങ്ങൾക്കുമുൾപ്പെടെ വിതരണം ചെയ്യാൻ സാധിക്കും. ഇറക്കുമതി ചെയ്ത യന്ത്രങ്ങൾ ഘടിപ്പിക്കുന്നതുൾപ്പെടെ ആദ്യഘട്ട നിർമ്മാണം പൂർണമായും പൂർത്തിയായിട്ടുണ്ട്. ഒരു ദിവസം 2000 സൂപ്പർ കപ്പാസിറ്ററുകൾ വരെ നിർമ്മിക്കാൻ പുതിയ പ്ലാന്റിന് സാധിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രം ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനാവും.

ഏറ്റവും ഉയർന്ന ശേഷിയുള്ള കപ്പാസിറ്ററുകളായ സൂപ്പർ കപ്പാസിറ്റർ ബൈക്ക് മുതൽ ബഹിരാകാശ വാഹനങ്ങളിലടക്കം ഉപയോഗിക്കുന്ന ഘടകമാണ്. ബാറ്ററികളിലേതിനേക്കാൾ വളരെ പെട്ടെന്ന് ചാർജ് സ്വീകരിക്കാനും വിതരണം ചെയ്യാനും സൂപ്പർ കപ്പാസിറ്ററുകൾ വഴി സാധിക്കും. ദീർഘകാലത്തേക്ക് തകരാറില്ലാതെ പ്രവർത്തിക്കുന്ന സൂപ്പർ കപ്പാസിറ്ററുകൾ ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോമോട്ടീവ് യന്ത്രങ്ങൾ, ഇൻവേർട്ടറുകൾ, എനർജി മീറ്റർ തുടങ്ങി ഒട്ടേറെ ഉപകരണങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഉൽപ്പന്നമാണ്. രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന കെൽട്രോണിനൊപ്പം ഐ.എസ്.ആർ.ഒ, ഡി.ആർ.ഡി.ഒ, സി.എം.ഇ. ടി എന്നീ സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ട്. ഐ.എസ്.ആർ ഒ യുടെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

42 കോടി മുതൽ മുടക്കുള്ള പദ്ധതിയുടെ ആദ്യഘട്ടം 18 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. ISRO യുടെ സാങ്കേതിക സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 4 കോടി രൂപ ചിലവിൽ നിർമ്മിച്ച ഡ്രൈറൂമുകളും, വിദേശത്തു നിന്നും ഇറക്കുമതി ചെയ്തവയുൾപ്പെടെ 11-ൽ പരം മെഷിനറികളും ഒന്നാംഘട്ടത്തിൽ ഉൾപ്പെടുന്നു. നാലാം വർഷത്തോടെ 22 കോടി രൂപയുടെ വാർഷിക വിറ്റുവരവും 3 കോടി രൂപയുടെ വാർഷിക ലാഭവും പ്രതീക്ഷിക്കുന്നു. 2000 സൂപ്പർകപ്പാസിറ്ററുകളായിരിക്കും പ്രതിദിന ഉൽപാദന ശേഷി. ഇതോടെ കെ.സി.സി.എൽ ലോകനിലവാരമുള്ള ഇലക്ട്രോണിക്‌സ് കോംപണന്റ്‌സ് ഉല്പാദകരിലൊന്നായി മാറി.

സൂപ്പർകപ്പാസിറ്റർ അഥവാ അൾട്രാ കപ്പാസിറ്റർ / ഇലക്ട്രിക്കൽ ഡബിൾ ലേയർ കപ്പാസിറ്റർ എന്നറിയപ്പെടുന്ന കപ്പാസിറ്ററുകൾ ഉയർന്ന ശേഷിയുള്ള കപ്പാസിറ്ററുകളാണ്. അവയുടെ കപ്പാസിറ്റൻസ് സാധാരണ കപ്പാസിറ്ററുകളേക്കാൾ വളരെ ഉയർന്നതും കുറഞ്ഞ വോൾട്ടേജ് പരിധികളുള്ളവയുമാണ്. ഇലക്ട്രോലൈറ്റിക് കപ്പാസിറ്ററുകളെ അപേക്ഷിച്ച് നൂറ് മടങ്ങ് ഊർജ്ജം സംഭരിക്കാൻ കഴിവുള്ളവയാണിവ. ബാറ്ററികളെ അപേക്ഷിച്ച് സൂപ്പർകപ്പാസിറ്ററിന് വളരെ വേഗത്തിൽ ചാർജ് സ്വീകരിക്കാനും വിതരണം ചെയ്യാനും കഴിയും. റീചാർജ് ചെയ്യാവുന്ന ബാറ്ററികളേക്കാൾ കൂടുതൽ ചാർജ് / ഡിസ്ചാർജ് സൈക്കിളുകൾ കൈകാര്യം ചെയ്യാനും കഴിയും. ഓർഗാനിക് ഇലക്ട്രോലൈറ്റിനൊപ്പം ആക്ടിവേറ്റഡ് കാർബൺ ഇലക്ട്രോഡിനെ അടിസ്ഥാനമാക്കിയാണ് സൂപ്പർകപ്പാസിറ്ററുകൾ നിർമ്മിക്കുന്നത്. ആക്ടിവേറ്റഡ് കാർബണിൻറെ പ്രധാന ഗുണം അതിൻറെ വൈവിധ്യമാർന്ന ഘടന , കുറഞ്ഞ ചിലവ്, വളരെ വികസിത ഉപരിതല വിസ്തീർണ്ണം, സങ്കീർണ്ണമായ രൂപകൽപ്പന ആവശ്യമില്ലാത്ത ഉയർന്ന ഊർജ്ജ ആപ്ലിക്കേഷനുകൾ എന്നിവയാണ്. ഓട്ടോമോട്ടീവ്, റെന്യുവബിൾ എനർജി, ഇലക്ട്രിക്ക് വെഹിക്കിൾ, എനർജി മീറ്റർ, ഇൻവെർട്ടറുകൾ എന്നിങ്ങനെ നിരവധി ആപ്ലിക്കേഷനുകളിൽ സൂപ്പർകപ്പാസിറ്ററുകൾ ഉപയോഗിക്കുന്നു. അധിക വൈദ്യുതി ആവശ്യങ്ങൾക്കായി വ്യവസായങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന സൂപ്പർകപ്പാസിറ്ററുകൾ രൂപകൽപ്പന ചെയ്യാൻ ഇതിലൂടെ കഴിയും. സൂപ്പർകപ്പാസിറ്ററുകളുടെ ആപ്ലിക്കേഷനുകൾ മില്ലി-വാട്ട് വൈദ്യുതി ആവശ്യങ്ങൾ തൊട്ട് നൂറുകണക്കിന് കിലോവാട്ട് വൈദ്യുതി ആവശ്യങ്ങൾ വരെ നീളുന്നു. ഗതാഗതം, ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, പ്രതിരോധ ഉപകരണങ്ങൾ, ബഹിരാകാശ വിക്ഷേപണ വാഹനങ്ങൾ, വ്യാവസായിക മേഖലകൾ എന്നിവയിൽ സൂപ്പർകപ്പാസിറ്ററുകൾ പ്രയോജനപ്പെടുത്താൻ കഴിയും. സൂപ്പർകപ്പാസിറ്ററുകൾ ബാറ്ററികളും കപ്പാസിറ്ററുകളും തമ്മിലുള്ള ദൂരം നികത്തുന്നതു കൂടിയാണ് സൂപ്പർ കപ്പാസിറ്ററുകൾ.

ചൊവ്വാഴ്ച രാവിലെ 9.30 ന് കണ്ണൂർ കെൽട്രോൺ കോംപണന്റ് കോംപ്ലക്‌സ് ലിമിറ്റഡിൽ നടക്കുന്ന ചടങ്ങിൽ എം.വിജിൻ എം.എൽ.എ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി. എം മുഹമ്മദ് ഹനീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ തുടങ്ങിയവർ പങ്കെടുക്കും.

അഹമ്മദാബാദ്: കോടികളുടെ വ്യാജനോട്ട് പിടിച്ചെടുത്ത് അധികൃതർ. ഗുജറാത്തിലാണ് കോടികളുടെ വ്യാജനോട്ട് പിടിച്ചെടുത്തത്. മഹാത്മ ഗാന്ധിക്ക് പകരം നടൻ അനുപം ഖേറിന്റെ ചിത്രം പ്രിന്റ് ചെയ്ത 1.60 കോടി രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു. റിസർവ് ബാങ്ക് ഇന്ത്യക്ക് പകരം റിസോൾ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടിൽ രേഖപ്പെടുത്തിയിരുന്നത്.

നേരത്തെ, സൂറത്തിൽ ഒരു വ്യാജ കറൻസി നിർമാണ യൂണിറ്റ് റെയ്ഡ് ചെയ്യുകയും നാലു പേർ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഷാഹിദ് കപൂറിന്റെ ‘ഫാർസി’ എന്ന സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വ്യാജ കറൻസി യൂണിറ്റ് പ്രവർത്തിച്ചതെന്ന് പൊലീസ് കമ്മീഷണർ രാജ്ദീപ് നുകും വ്യക്തമാക്കി. ഓൺലൈൻ വസ്ത്രവ്യാപാരം നടത്താനെന്ന വ്യാജേനയാണ് പ്രതികൾ ഒരു വാണിജ്യ കെട്ടിടത്തിൽ ഓഫീസ് സ്ഥലം വാടകയ്ക്ക് എടുത്തത്.

1.20 ലക്ഷം രൂപ മൂല്യമുള്ള ഉയർന്ന നിലവാരമുള്ള വ്യാജ കറൻസിയാണ് ഇവർ രഹസ്യമായി അച്ചടിച്ചിരുന്നത്. സൂറത്ത് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) ആണ് റെയ്ഡ് നടത്തിയത്.

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിലെ ജീവനക്കാരെ കുറിച്ചുള്ള പരാതികൾ വർധിക്കുന്നതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ലഭിക്കുന്ന പരാതികളിൽ ബഹു ഭൂരിപക്ഷവും സ്വിഫ്റ്റിലെ ഡ്രൈവർമാർ, കണ്ടക്ടർമാർ എന്നിവർക്കെതിരെയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്, കണ്ടക്ടറുടെ മോശം പെരുമാറ്റം തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം പരാതികളും ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബസിൽ കയറുന്നവരോട് ഡ്രൈവറായാലും കണ്ടക്ടർ ആയാലും മര്യാദയോടെ പെരുമാറണം. ജനങ്ങളാണ് യജമാനന്മാർ. അവർ ബസിൽ കയറിയില്ലെങ്കിൽ ജീവനക്കാർക്ക് ശമ്പളം ഉണ്ടാകില്ല. ഒരു കാരണവശാലും മര്യാദയില്ലാത്ത സംസാരങ്ങൾ പാടില്ല. അപകടമുണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്തവും ചെലവും നിങ്ങളുടെ തലയിൽ വയ്ക്കും. കെഎസ്ആർടിസി പൈസയൊന്നും ചെലവാക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കെഎസ്ആർടിസി ഉണ്ടാക്കുന്ന അപകടങ്ങൾ കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ സ്വിഫ്റ്റ് ആണ് അപകടങ്ങൾ കൂടുതലുണ്ടാക്കുന്നത്. വണ്ടി ഇടിച്ച് കഴിഞ്ഞാലും ജനങ്ങളോട് ചട്ടമ്പിത്തരമൊന്നും കാണിക്കേണ്ട. കൃത്യമായ നിയമനടപടികളുടെ വഴി സ്വീകരിക്കണമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഇപ്പോൾ എഡിജിപിയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ സ്വർണക്കടത്ത് തടയുന്ന സർക്കാർ പ്രവർത്തനം ഇല്ലാതാക്കാനും മതന്യൂനപക്ഷങ്ങളെ എൽഡിഎഫിൽ നിന്ന് അകറ്റാനും ലക്ഷ്യമിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്തും ഹവാല പണമിടപാടും നടത്തുന്നത് രാജ്യദ്രോഹ പ്രവർത്തനത്തിനാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശിയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മലപ്പുറം ജില്ലയിൽ നിന്ന് അഞ്ച് വർഷത്തിനിടെ 150 കിലോഗ്രാം സ്വർണം പൊലീസ് പിടികൂടി. 123 കോടി രൂപയും പിടിച്ചു. എഡിജിപിയും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. കാലാകാലങ്ങളായി മതന്യൂനപക്ഷങ്ങൾ യുഡിഎഫിന് ഒപ്പമായിരുന്നു. അവരിപ്പോൾ എൽഡിഎഫിനൊപ്പമാണ്. എൽഡിഎഫിൽ നിന്ന് അവരെ അകറ്റുകയാണ് ലക്ഷ്യം. അൻവറിന്റെ ആരോപണങ്ങളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വെച്ചാണ് അന്വേഷണം നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് വിഹിതം വർധിച്ചിട്ടുണ്ട്. അക്കാര്യം വിശദമായി തന്നെ പരിശോധിക്കുന്നുണ്ട്. തൃശ്ശൂരിൽ ബിജെപി ജയിച്ചത് കോൺഗ്രസ് വോട്ട് ലഭിച്ചത് കൊണ്ടാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സിപിഎം പ്രവർത്തകർ കോൺഗ്രസിന് വോട്ട് ചെയ്യാറുണ്ട്. അതാണ് തൃശ്ശൂരിൽ സംഭവിച്ചത്. സിപിഎമ്മിന്റെ വോട്ട് ബിജെപിയിലേക്ക് പോയോ എന്ന കാര്യവും പരിശോധിക്കും. നേമത്ത് സംഭവിച്ചത് തന്നെ തൃശ്ശൂരിലും ആവർത്തിക്കും. ബിജെപി അടുത്ത തെരഞ്ഞെടുപ്പിൽ അവിടെ പരാജയപ്പെടുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പാർട്ടിയിൽ പ്രായപരിധി മാനദണ്ഡം നടപ്പാക്കും. താൻ തുടരണോ വേണ്ടേ എന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കുക. താനെന്നും പാർട്ടിയുടെ വിശാല താത്പര്യത്തിന് ഒപ്പമായിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മതേതര കക്ഷികൾ ഒരുമിച്ച് പ്രവർത്തിക്കണം. ഇന്ത്യ മുന്നണിയിലെ കക്ഷികളുമായി സഹകരിച്ച് സിപിഎം മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യാത്രയിൽ ഒരു വാഹനം ബ്രേക്ക് ചെയ്യുമ്പോൾ, ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ വാഹനത്തിനുളളിൽ നിൽക്കുന്നവരായാലും ഇരിക്കുന്നവരായാലും മുന്നോട്ട് തെറിച്ചു വീഴാറുണ്ട്. ഇത്തരത്തിൽ നിരവധി അപകടങ്ങൾ ഉണ്ടാകാറുമുണ്ട്. ശരീരഭാരവും വാഹനത്തോടൊപ്പം സഞ്ചരിക്കുന്ന ശരീരവേഗതയും ചേർന്ന ഒരു ആക്കം അഥവാ സംവേഗശക്തി കാരണമാണ് നാം അപ്രതീക്ഷിത ബ്രേക്കിംഗ് സമയത്ത് മുന്നോട്ട് തെറിച്ചു പോകാൻ ഇടയാക്കുന്നത്.

60 Kg ഭാരമുള്ള ഒരാൾ 60 Km വേഗതയിൽ സഞ്ചരിക്കുമ്പോൾ സഡൻ ബ്രേക്കിംഗിലോ അപകടത്തിൽ വാഹനം ഇടിച്ചു നിൽക്കുമ്പോഴോ അയാളുടെ ശരീരഭാരത്തിന്റെ 60 മടങ്ങ് (60 x 60 = 3600) ശക്തിയോടെയാകും മുൻപിലുള്ള ഗ്ലാസ്സിലോ സീറ്റിലോ യാത്രക്കാരിലോ വാഹനത്തിന്റെ മറ്റു ഭാഗങ്ങളിലോ പോയി ഇടിക്കുന്നത്. ആ സമയത്ത് 60 കിലോ ഭാരം ഏകദേശം 800 കിലോ ഭാരമായിട്ടാകും അനുഭവപ്പെടുക. ഇത്തരം സാഹചര്യങ്ങളിലാണ് Seat belt കൾ രക്ഷയേകുന്നത്.

സാധാരണ അവസ്ഥയിൽ ശരീരത്തിന്റെ സ്വാഭാവികചലനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലും അടിയന്തിര ഘട്ടത്തിൽ ലോക്ക് ചെയ്യപ്പെടുന്ന തരത്തിലും ആണ് സീറ്റ് ബെൽറ്റുകളുടെ പ്രത്യേക സാങ്കേതികത. സീറ്റ് ബെൽറ്റുകളുടെ സുരക്ഷാപൂരക സംവിധാനങ്ങളാണ് എയർ ബാഗുകൾ. സീറ്റ് ബെൽറ്റുകൾ ശരീരത്തെ സീറ്റിനോട് ചേർത്ത് പിടിക്കുമ്പോൾ ഒരു ആഘാതത്തിൽ പിന്നിലേയ്ക്ക് നീങ്ങാവുന്ന സ്റ്റിയറിംഗ് മുതലായ വാഹനഭാഗങ്ങളാൽ സീറ്റിനോട് ചേർന്ന് നിൽക്കുന്ന ശരീരത്തിൽ ആഘാതം ഏൽക്കാതിരിക്കാൻ എയർ ബാഗുകളുടെ പ്രവർത്തനം സഹായിക്കുന്നു.സീറ്റുകളും സീറ്റുകളിലെ ഈ സുരക്ഷാ ക്രമീകരണങ്ങളും പക്ഷെ മുതിർന്നവർക്ക് അനുയോജ്യമായ വിധത്തിലാണ് സജ്ജമാക്കിയിരിക്കുന്നത്.

ഇത്തരം സീറ്റുകളിൽ കുട്ടികൾക്കായി പ്രത്യേക Child Restraint Systems അഥവാ Child Safety Seat കൾ വാഹനനിർമ്മാതാക്കൾ Owner’s Manual ൽ അനുശാസിക്കുന്ന വിധം ഉപയോഗിക്കുക. കുട്ടികളെ മടിയിൽ ഇരുത്തി യാത്ര ചെയ്യുന്നതും അത്യന്തം ഗുരുതരമാണ്. നമുക്കും സീറ്റ് ബെൽറ്റിനും ഇടയിൽ ഞെരുങ്ങി കുട്ടികൾ മരണപ്പെടാൻ വരെ സാദ്ധ്യത കൂടുതലാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. ആദ്യം താൽക്കാലിക ജനറേറ്ററെത്തിച്ചാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. ഇപ്പോൾ പൂർണതോതിൽ വൈദ്യുതി പുനഃസ്ഥാപിച്ചതായി അധികൃതർ വ്യക്തമാക്കി.

സ്ത്രീകളുടെയും കുട്ടികളുടെയും അത്യാഹിത വിഭാഗം ബ്ലോക്കിലാണ് ഇന്നലെ രാത്രിയോടെ വൈദ്യതി മുടങ്ങിയത്. ടോർച്ചിന്റെയും മെഴുകുതിരി വെട്ടത്തിന്റെയും വെളിച്ചത്തിലാണ് ആശുപത്രി പ്രവർത്തിച്ചത്.

അത്യാഹിത വിഭാഗത്തിൽ വൈദ്യുതി ഇല്ലാതായതോടെ രോഗികൾ ദുരിതത്തിലായി. തുടർന്ന് രോഗികളും ബന്ധുക്കളും ആശുപത്രിയിൽ പ്രതിഷേധിച്ചു. വൈദ്യുതി മുടങ്ങിയതിന് പിന്നാലെ ജനറേറ്ററും കേടായതാണ് പ്രതിസന്ധി വർധിപ്പിച്ചതെന്നാണ് സൂപ്രണ്ട് അറിയിച്ചത്.

അതേസമയം, തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ഒരു ബ്ലോക്കിൽ വൈദ്യുതി മുടങ്ങിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആശുപത്രി സന്ദർശിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു. സമഗ്ര സമിതി അന്വേഷണം നടത്തും. ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.