General (Page 93)

കോഴിക്കോട്: ലോറിയുടമ മനാഫിനെതിരെ വിമർശനവുമായി ഷിരൂർ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബം. മനാഫ് കുടുംബത്തിന്റെ വൈകാരികത മാർക്കറ്റ് ചെയ്യുകയാണെന്നും അർജുനോട് ഒരു തുള്ളി സ്നേഹമുണ്ടെങ്കിൽ മനാഫ് ഇങ്ങനെ ചെയ്യില്ലായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് അർജന്റെ കുടുംബം മനാഫിനെതിരെ ആരോപണം ഉന്നയിച്ചത്.

മനാഫിന്റെ സഹോദരനും ലോറി ഉടമയുമായ മുബീൻ ആത്മാർത്ഥതയോടെ കൂടെ നിന്നു. മുബീനോട് മാനസികമായി അടുപ്പം ഉള്ളത് കൊണ്ടാണ് ഇതു വരെ മനാഫിനെ തള്ളിപറയാതിരുന്നത്. എന്നാൽ മനാഫിന്റെ പ്രവൃത്തികൾ തങ്ങളെ മാനസികമായി തളർത്തുന്നതാണ്. തങ്ങൾക്കെതിരെ വരുന്നത് നെഗറ്റീവ് കമന്റ് മാത്രമാണ്. എല്ലാവരുടെയും സഹായത്തോടെ ആണ് അർജുനെ കേരളത്തിലേക്ക് കൊണ്ടു വന്നത്. ഇപ്പോൾ യൂട്യൂബ് ചാനലിൽ വന്നു പറയുന്നതിൽ 75 ശതമാനവും കള്ളത്തരമാണ്. ദാരിദ്രം പറഞ്ഞ് പലരും വരുന്നുണ്ട്. 2000 രൂപ തന്ന് സഹായിക്കുന്നുവെന്ന് പറഞ്ഞ് യൂട്യൂബിലും മറ്റും അപ്ലോഡ് ചെയ്യുന്നവരുണ്ട്. ഇതൊക്കെ വളരെ മോശമായാണ് ചിത്രീകരിക്കപ്പെടുന്നതെന്നും കുടുംബം അറിയിച്ചു.

അർജുൻ നഷ്ടപ്പെട്ടുവെന്നത് യഥാർഥ്യമാണ്. അതിന്റെ പേരിൽ പിച്ച തെണ്ടേണ്ട അവസ്ഥ ഇല്ല. അത് ആ വ്യക്തി മനസിലാക്കണം. സഹായിച്ചില്ലെങ്കിലും കുത്തി നോവിക്കരുത്. തങ്ങളുടെ ദാരിദ്യം ചൂണ്ടിക്കാട്ടി ചൂഷണം ചെയ്യുന്നു. അർഹതപ്പെട്ട ആളുകൾക്ക് പണം കിട്ടട്ടെ ചില ആളുകൾ മീഡിയ പബ്ലിസിറ്റിക്കായി പണം കൊണ്ട് വരുന്നുകയാണെന്ന് അർജുന്റെ ഭാര്യ കൃഷ്ണപ്രിയ പറഞ്ഞു. മനാഫിന്റെ കൂടെ വന്ന സംഘം ആയി 2000 രൂപ തന്നു. അതും വീഡിയോ ആയി പ്രചരിപ്പിക്കുകയാണെന്നും കുടുംബം വ്യക്തമാക്കി.

അതേസമയം, അർജുന്റെ കുടുംബം നടത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി മനാഫ് രംഗത്തെത്തി. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് മനാഫ് പറഞ്ഞു. യൂട്യൂബ് ചാനൽ തുടങ്ങുന്നതിൽ എന്താണ് തെറ്റ്. ഷിരൂരിൽ എത്തിയ ശേഷമാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. അത് ചോദ്യം ചെയ്യാൻ ആർക്കാണ് അവകാശം. തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും അർജുന്റെ ചിത അണയും മുമ്പ് ക്രൂശിക്കുന്നത് എന്തിനാണെന്നും മനാഫ് ചോദിക്കുന്നു.

അർജുന്റെ അമ്മ തന്റെയും അമ്മയാണ്. അമ്മയെ അഭിമുഖം ചെയ്തിട്ടില്ല. യൂട്യൂബ് ചാനൽ നോക്കിയാൽ അത് മനസ്സിലാകുമെന്നും മനാഫ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഇലക്ട്രോണിക്‌സ് വ്യവസായങ്ങളുടെ ഹബ്ബാക്കാൻ സംസ്ഥാനത്ത് ആയിരം കോടി രൂപയുടെ അധിക നിക്ഷേപം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉൽപ്പാദനശേഷി വിപുലീകരിക്കാനും ഉൽപ്പാദനോപാധികൾ നവീകരിക്കാനുമാണിത്. അഞ്ച് വർഷത്തിനുള്ളിൽ പൊതു-സ്വകാര്യ മേഖലകളിലെ ഇലക്ട്രോണിക്‌സ് ഹാർഡ്വെയർ ഉൽപ്പാദന വിറ്റുവരവ് പതിനായിരം കോടി രൂപയായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ ഇലക്ട്രോണിക്‌സ് വ്യവസായ ഹബ്ബാക്കാൻ ദേശീയപാതകളെ ബന്ധിപ്പിക്കുന്ന ഐടി ഇടനാഴി ഉൾപ്പെടെയുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. സൂപ്പർ കപ്പാസിറ്റർ ഉൽപ്പാദനകേന്ദ്രം സജ്ജമാക്കിയ കെൽട്രോൺ സംസ്ഥാനത്തിന് അഭിമാനമാണ്. സാങ്കേതിക പരിജ്ഞാനം, ഫാക്ടറി നവീകരണം എന്നിവയ്ക്കൊപ്പം ട്രാഫിക് മാനേജ്‌മെന്റ്, ഡിഫൻസ് പ്രോഡക്ട്‌സ്, പവർ ഇലക്ട്രോണിക്‌സ് എന്നീ മേഖലകളിലൂന്നിയ പദ്ധതികൾക്ക് 395 കോടി രൂപയുടെ മാസ്റ്റർപ്ലാനാണ് തയ്യാറാക്കിയിട്ടുള്ളത്‌ന്നെ് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാർ വിൽപ്പനയ്ക്കുവച്ച പൊതുമേഖലാ സ്ഥാപനങ്ങളെപ്പോലും ഏറ്റെടുത്ത് മികവുറ്റതാക്കാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞു. ഉൽപ്പാദനമേഖലയിലെന്നപോലെ ഗവേഷണവികസന മേഖലയിലും കാര്യക്ഷമമായി കെൽട്രോൺ ഇടപെടണം. ആധുനികവൽക്കരണത്തിനുള്ളതെല്ലാം സർക്കാർ ചെയ്താലും പുതിയ കമ്പോള സാധ്യതകൾക്ക് അനുസൃതമായി നവീകരിക്കാനും ലാഭത്തിലെത്തിക്കാനും ശ്രദ്ധിക്കേണ്ടത് പൊതുമേഖലാ സ്ഥാപനങ്ങളിലുള്ളവരാണ്. കേരളത്തെ വ്യവസായസൗഹൃദമാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ചെറിയ സംരംഭങ്ങളെ ആയിരം കോടി രൂപ വിറ്റുവരവുള്ള വലിയ സംരംഭങ്ങളാക്കാൻ സഹായം നൽകുന്നുണ്ട്. 2026ഓടെ 15,000 സ്റ്റാർട്ടപ്പുകളും ഒരു ലക്ഷം തൊഴിലവസരങ്ങളുമാണ് ലക്ഷ്യമാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ ആറു വരെയുള്ള തീയതികളിൽ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ടാണുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ:

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  • അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
  • മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  • ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
  • പട്ടം പറത്തുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
  • വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
  • അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
  • ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
  • മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

ടെഹ്റാൻ: ഇന്ത്യക്കാർ തൽക്കാലം ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം. ഇറാൻ വ്യോമാതിർത്തി വഴിയുള്ള യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശം നൽകി. ഇസ്രായേൽ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം ഇുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

ഇറാനിലും ഇസ്രായേലിലും താമസിക്കുന്ന ഇന്ത്യക്കാർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലേക്ക് സംഘർഷം വ്യാപിക്കുന്നതിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സംഘർഷങ്ങൾ ഒഴിവാക്കാനും സമാധാനം പുനഃസ്ഥാപിക്കാനും രാജ്യങ്ങൾ വേണ്ട നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

സംഘർഷം വ്യാപിക്കുന്നതിൽ അതിയായ ആശങ്കയുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എല്ലാവരും സംയമനം പാലിക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മേഖലയിലാകെ സംഘർഷം പടരുന്നത് ഒഴിവാക്കണമെന്നും ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും വിഷയങ്ങൾ പരിഹരിക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

ടെൽ അവീവ്: ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി. സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നുമാണ് ഇന്ത്യൻ എംബസിയുടെ നിർദേശം. ഇറാൻ- ഇസ്രയേൽ സംഘർഷം കണക്കിലെടുത്താണ് എംബസി ഇത്തരമൊരു നിർദ്ദേശം നൽകിയത്.

അതിനിടെ, പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിക്കുന്നത് തടയണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് ഇസ്രായേലിൽ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്. ഏകദേശം 400 ഓളം മിസൈലുകൾ ഇറാൻ വിക്ഷേപിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പലതും ഇസ്രായേലിന്റെ പ്രതിരോധ സംവിധാനം നിർവീര്യമാക്കിയെന്നും ചിലത് തുറസായ സ്ഥലങ്ങളിൽ പതിച്ചുവെന്നും ഇസ്രായേലി സേന പറഞ്ഞു.

ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലും ഭീകരരുടെ വെടിവയ്പ്പുണ്ടായി. ജാഫയിലെ ജെറുസലേം സ്ട്രീറ്റിലാണ് വെടിവെയ്പ്പ് നടന്നത്. അതേസമയം, ഇസ്രായേലിനെതിരെ നടത്തിയ മിസൈൽ ആക്രമണം അവസാനിപ്പിക്കുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് അമേരിക്കയും ഇസ്രായേലും പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് മിസെൽ ആക്രമണം അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനം ഇറാന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

സംഘർഷത്തിന് പിന്നാലെ ന്യൂയോർക്കിൽ യുഎൻ രക്ഷാസമിതി ഇന്ന് അടിയന്തിര യോഗം ചേരും. മേഖലയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അടിയന്തര യോഗം ചേരാൻ തീരുമാനിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാൻ കാർഷിക വിളകളിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം വ്യാപകമാക്കണമെന്ന് കാർഷികവികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. ജീവിതശൈലീ രോഗങ്ങളെ ചെറുത്തുകൊണ്ടുള്ള ആരോഗ്യ സംരക്ഷണത്തിന് മില്ലെറ്റുകളുടെ ഉത്പ്പാദനത്തിനു പരിഗണന നൽകണമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം പ്രവർത്തനം ആരംഭിക്കുന്ന കേരളഗ്രോ, മില്ലറ്റ് കഫേ വിപണനകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഉള്ളൂർ ജംഗ്ഷന് സമീപം ഗാർഡൻ റോസ് കൃഷിക്കൂട്ടത്തിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

അട്ടപ്പാടിയിൽ മില്ലെറ്റ് സംസ്‌കരണ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴയിലും ഉടൻ പ്രവർത്തനം ആരംഭിക്കും. കേരളത്തിലെ 1076 കൃഷിഭവനുകളിലൂടെ മൂവായിരത്തിലധികം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. ഇതിൽ 800 ഉൽപ്പന്നങ്ങൾ കേരളഗ്രോ ബ്രാൻഡിലേക്കു മാറിയിട്ടുണ്ട്. നൂറിലധികം ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണ സൈറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഉൽപ്പന്നങ്ങൾക്ക് ആവശ്യകത ഉയർന്നു വരുന്ന സാഹചര്യത്തിൽ തനതു ഉൽപ്പന്നങ്ങൾ ജില്ലകളിൽ ലഭ്യമാക്കാനാണ് കേരളഗ്രോ ബ്രാൻഡ് ഷോപ്പുകളും മില്ലെറ്റ് കഫേകളും ആരംഭിച്ചത്. കർഷകർ, കർഷക ഗ്രൂപ്പുകൾ, കൃഷിക്കൂട്ടങ്ങൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, കേരളത്തിലെ ഫാമുകൾ എന്നിവയാണ് വിപണനത്തിനായി മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ചെറുധാന്യ ഉൽപ്പന്നങ്ങളും തയ്യാറാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാലാ പാർവ്വതി, കൃഷി വകുപ്പ് ഡയറക്ടർ ഇൻ ചാർജ് മീന ടി ഡി, അഡീഷണൽ ഡയറക്ടർ എ ജെ സുനിൽ, ജില്ലാ കൃഷി ഓഫീസർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.

കൊച്ചി: യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വൈകിട്ടായിരുന്നു അന്ത്യം സംഭവിച്ചത്. ആറ് മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് ഇന്ന് വൈകിട്ട് 5.21 ന് അന്ത്യം സംഭവിച്ചത്.

എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയമ്പാടിയിൽ ചെറുവിള്ളിൽ കുടുംബത്തിലെ മത്തായിയുടേയും കുഞ്ഞാമ്മയുടേയും എട്ടുമക്കളിൽ ആറാമനായി 1929 ജൂലൈ 22 നായിരുന്നു കുഞ്ഞൂഞ്ഞ് എന്ന് വിളിപ്പേരുള്ള സിഎം തോമസിന്റെ ജനനം. പുത്തൻകുരിശിൽ 2000 ഡിസംബർ 27ന് ചേർന്ന പള്ളി പ്രതിപുരുഷയോഗമാണ് തോമസ് മാർ ദിവന്ന്യാസിയോസിനെ നിയുക്ത കാതോലിക്കാ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. 2002 ജൂലൈ 26ന് ബസേലിയോസ് തോമസ് പ്രഥമൻ എന്ന പേരിൽ ശ്രേഷ്ഠ കാതോലിക്ക ബാവയായി ദമാസ്‌ക്കസിൽ വെച്ച് അദ്ദേഹം അഭിഷിക്തനായി. ആരോഗ്യകാരണങ്ങളാൽ 2019 മെയ് 1 ന് ഭരണച്ചുമതലകളിൽ നിന്ന് ഒഴിഞ്ഞെങ്കിലും ആത്മീയ നേതൃസ്ഥാനത്ത് തുടരുകയായിരുന്നു.

തിരുവനന്തപുരം: ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത് പ്രാക്ടീസ് നടത്താൻ പാടുള്ളൂ. മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ആക്ട് 2021 പ്രകാരം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാത്തവർ പ്രാക്ടീസ് ചെയ്യുന്നത് കുറ്റകരമാണ്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമ പ്രകാരം ആശുപത്രിയിൽ ജോലി ചെയ്യുന്നവർ നിശ്ചിത യോഗ്യതയുള്ളവരാണെന്നും രജിസ്റ്റർ ചെയ്തവരാണെന്നും ഉറപ്പ് വരുത്തേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. കോഴിക്കോട് നടന്ന സംഭവത്തിൽ കുറ്റക്കാർക്കെതിരെ നിയമപരമായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് നടപ്പിലാക്കാൻ മന്ത്രി എല്ലാവരുടേയും സഹകരണം അഭ്യർത്ഥിച്ചു. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് നടപ്പാക്കുന്നതിലെ സ്റ്റേ ഒഴിവാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു.

ജോലിയ്ക്ക് നിയോഗിക്കപ്പെടുന്നവർക്ക് ആവശ്യമായ യോഗ്യത ഉണ്ടെന്നുള്ള സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് മാനേജ്‌മെന്റുകൾ ഉറപ്പാക്കണം. സർക്കാർ സർവീസിൽ ഈ കർത്തവ്യം പി.എസ്.സിയാണ് നിർവഹിക്കുന്നത്. ആയത് നിയമനാധികാരികൾ ഉറപ്പ് വരുത്തുന്നു. അതേസമയം രോഗികളെയും ഒപ്പമുള്ളവരെയും സംബന്ധിച്ച് ഇങ്ങനെ പരിശോധിക്കാൻ സാധിക്കുന്നതല്ല. കൊല്ലത്ത് വ്യാജ ഗൈനക്കോളജി സർട്ടിഫിക്കറ്റുമായി ഒരു ഡോക്ടർ നടത്തിയ ചികിത്സയെ തുടർന്ന് 2019ൽ യുവതി മരിച്ച സംഭവത്തിൽ ഫയൽ മുമ്പിലെത്തിയപ്പോഴാണ് ഡോക്ടർ രജിസ്‌ട്രേഷൻ ഉള്ള ആളാണോ എന്നറിയുന്നതിന് പൊതുസമൂഹത്തിനും ഒരു സംവിധാനം ആവശ്യമാണെന്ന് ചിന്തിച്ചത്. സംസ്ഥാന മെഡിക്കൽ കൗൺസിലിനോട് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റേർഡ് ഡോക്ടർമാരുടെ പേര് മെഡിക്കൽ കൗൺസിൽ വെബ്‌സൈറ്റിൽ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൗൺസിൽ ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ കൗൺസിൽ സൈറ്റിലെ പ്രസ്തുത വിവരം ആവശ്യമുള്ളവർ മാത്രം കാണുന്നതിന് ക്യുആർ കോഡും ലഭ്യമാക്കാൻ കഴിയും.

വ്യാജ ഡോക്ടറുടെ ചികിത്സ മൂലം അച്ഛനെ നഷ്ടപ്പെട്ട ഡോ. അശ്വിനുമായി മന്ത്രി സംസാരിച്ചു. കുറ്റക്കാരെ ശിക്ഷിക്കാൻ സർക്കാരിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡോ. അശ്വിനോട് മന്ത്രി പറഞ്ഞു.

പാലക്കാട്: സ്വർണക്കടത്തുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ തലസ്ഥാനത്ത് എത്തിയുടൻ മുഖ്യമന്ത്രിയോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മലപ്പുറം കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആരാണ് സ്വർണം കടത്തുന്നതെന്നും ഇതുവഴി ലഭിക്കുന്ന പണം എങ്ങോട്ടാണ് പോകുന്നതെന്നും സർക്കാരിന് വ്യക്തമായി അറിയാം. മലപ്പുറം കേന്ദ്രീകരിച്ച് സ്വർണക്കടത്തും രാജ്യവിരുദ്ധ പ്രവർത്തനവും നടക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് അത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടുണ്ടാകണം. അങ്ങനെ നടക്കുന്നുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ട് അവർക്കെതിരെ സർക്കാർ നടപടി എടുക്കുന്നില്ല. സ്വർണക്കടത്തിന്റെ വഴികളെ കുറിച്ച് സർക്കാരിന് വ്യക്തമായി ധാരണയുണ്ട്. ഇതിനെതിരെ എന്ത് നടപടി സ്വീകരിച്ചു എന്നു കൂടി മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഗവർണർ പറഞ്ഞു.

ഫോൺ ചോർത്തൽ വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.

എറണാകുളം: നടൻ നിവിൻ പോളിയെ ചോദ്യം ചെയ്ത് പോലീസ്. പീഡനാരോപണവുമായി ബന്ധപ്പെട്ട കേസിലാണ് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥ ഐശ്വര്യ ഡോഗ്‌റെ നിവിൻ പോളിയെ ചോദ്യം ചെയ്തത്. നിവിൻ പോളി തന്നെ ദുബായിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു നേര്യമംഗലം സ്വദേശിനി നൽകിയ പരാതിയിൽ ആരോപിക്കുന്നത്.

അതേസമയം, പരാതിയ്ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന നിവിന്റെ പരാതിയിലും താരത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. തനിക്കെതിരെയുള്ള ആരോപണം വ്യാജമാണെന്ന് നിവിൻ നേരത്തെ പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടി വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നിവിൻ പോളി മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.

പീഡനം നടന്നുവെന്ന് പരാതിക്കാരി ആരോപിക്കുന്ന സമയം താൻ കൊച്ചിയിലുണ്ടായിരുന്നെന്ന് തെളിയിക്കുന്ന രേഖകളും നിവിൻ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.