General (Page 92)

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിന് മോഡൽ ടൗൺഷിപ്പ് ഒരുക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മേപ്പാടി നെടുമ്പാല എസ്റ്റേറ്റും കൽപ്പറ്റ എൽസ്റ്റോൺ എസ്റ്റേറ്റുമാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്.

ദുരന്തനിവാരണ നിയമം 2005 പ്രകാരമാണ് സ്ഥലം ഏറ്റെടുക്കുക. വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെയാവും ഒന്നാം ഘട്ടത്തിൽ പുനരധിവസിപ്പിക്കുക. വാസയോഗ്യമല്ലാത്ത സ്ഥലത്ത് കഴിയുന്നവരെ രണ്ടാം ഘട്ടത്തിൽ പുനരധിവസിപ്പിക്കും. ഗുണഭോക്താക്കളുടെ കരടു പട്ടിക ജില്ലാ കളക്ടർ പ്രസിദ്ധീകരിക്കും. ദുരന്തത്തിൽ കുടുംബാംഗങ്ങളെയും പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകും.

ഉരുൾപൊട്ടലിൽ മാതാപിതാക്കളെ രണ്ടു പേരെയും നഷ്ടപ്പെട്ട ആറ് കുട്ടികൾക്ക് പത്തു ലക്ഷം രൂപ വീതവും മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട എട്ടു കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപ വീതവും നൽകും. വനിതാശിശുവികസന വകുപ്പാണ് തുക നൽകുക. കേന്ദ്രത്തിൽ നിന്ന് അനുയോജ്യമായ സഹായം ലഭ്യമാക്കുന്നതിന് വീണ്ടും ആവശ്യപ്പെടാനും ഈ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തിന് ഏഴു ലക്ഷം രൂപ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം: ചലച്ചിത്ര നടൻ മോഹൻരാജ് അന്തരിച്ചു. നടനും നിർമാതാവുമായ ദിനേശ് പണിക്കരാണ് മരണവിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തുള്ള വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. വിദേശത്തുള്ള മകൾ എത്തിയ ശേഷമാകും സംസ്‌കാരം നടക്കുക.

ഏറെ നാളായി മോഹൻരാജിന് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന്റെ ബുദ്ധിമുട്ടുകൾ അദ്ദേഹം അനുഭവിച്ചിരുന്നു.

കിരീടം എന്ന സിനിമയിൽ കീരിക്കാടൻ ജോസ് എന്ന വില്ലൻ വേഷത്തിലൂടെയാണ് മോഹൻരാജ് ജനശ്രദ്ധ നേടിയത്. പിന്നീട് പല സിനിമകളിലും വില്ലൻ വേഷത്തിലെത്തി. ചെങ്കോൽ, നരസിംഹം, ഹലോ, മായാവി, മാർക്ക് ആന്റണി, രജപുത്രൻ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അദ്ദേഹം വേഷമിട്ടു.

കോഴിക്കോട്: അർജുനെ കാണാതായ സംഭവത്തിലോ തുടർന്ന് നടത്തിയ തെരച്ചിലിലോ മുതലെടുപ്പ് നടത്തിയിട്ടില്ലെന്ന് ലോറി ഉടമ മനാഫ്. അർജ്ജുന്റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവുമെന്ന് മനാഫ് പറഞ്ഞു. അവരോട് മാപ്പ് ചോദിക്കുന്നു. അർജുനെ അവനെ കാണാതായ സ്ഥലത്ത് നിന്ന് തിരികെ വീട്ടിലെത്തിക്കണമെന്നാണ് ആഗ്രഹിച്ചത്, അത് സാധിച്ചുവെന്നും ചിതയടങ്ങും മുൻപ് വിവാദം പാടില്ലെന്നും മനാഫ് വ്യക്തമാക്കി.

തന്റെ പെരുമാറ്റ രീതി ഇങ്ങനെയാണെന്നും അതിലൂടെ അർജുന്റെ കുടുംബത്തിന് വിഷമം ഉണ്ടായേങ്കിൽ മാപ്പ് ചോദിക്കുന്നു. അർജുന്റെ കുടുംബത്തിന് ഒപ്പമാണ്. അവർക്ക് വിഷമം ഉണ്ടാക്കാനില്ല. ഇന്നത്തോടെ ഈ വിവാദം തീരണമെന്നും മനാഫ് പറഞ്ഞു. താനും മുബീനും ഒരു ഉമ്മയുടെയും ഉപ്പയുടെയും മക്കളാണ്. ഇത് ഫാമിലി ബിസിനസാണ്. ഉപ്പ മരിച്ചതോടെ താനാണ് ഗൃഹനാഥൻ. തന്റെ കുടുംബം ഒറ്റക്കെട്ടാണെന്നും എല്ലാ പ്രവർത്തനങ്ങളും നടത്തിയത് സ്വന്തം കൈയ്യിൽ നിന്ന് പണം ചെലവഴിച്ചാണെന്നും മനാഫ് ചൂണ്ടിക്കാട്ടി.

മുക്കത്ത് ഇന്ന് താനൊരു പരിപാടിയിൽ പങ്കെടുത്തപ്പോൾ ചിലർ തനിക്ക് പണം തരാൻ സമീപിച്ചു. അത് അർജുന്റെ മകനായി നൽകാൻ നിർദ്ദേശിച്ചു. അർജുന്റെ മകന് ബാങ്ക് അക്കൗണ്ട് നമ്പർ ഉണ്ടോ എന്ന് ചോദിച്ചു. അങ്ങനെ കുടുംബത്തോടെ ചോദിച്ചിരുന്നു. അതൊരിക്കലും ദുരുദ്ദേശ്യത്തോടെ അല്ല. അതിൽ കുടുംബത്തിന് ദുഃഖം ഉണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നു. അർജുന്റെ കുടുംബത്തിന് ദുഃഖം ഉണ്ടാകുന്ന ഒന്നും താൻ ചെയ്യില്ലെന്നും മനാഫ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: വിസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. സന്ദർശക വിസയിൽ വിദേശരാജ്യത്ത് എത്തുന്നവർക്ക് ജോലി ലഭിക്കാൻ അവസരമൊരുക്കുമെന്ന നിലയിൽ റിക്രൂട്ട്‌മെന്റ് ഏജൻസികൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ അത് തട്ടിപ്പാണെന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം വ്യക്തമാക്കി.

സന്ദർശക വിസയെന്നത് രാജ്യം സന്ദർശിക്കുന്നതിനുള്ള അനുമതി മാത്രമാണ്. അത് ജോലിക്കായുള്ള അനുമതിയല്ലെന്ന തിരിച്ചറിവു വേണം. സന്ദർശക വീസയിൽ ജോലി ലഭിക്കുമെന്ന് റിക്രൂട്ട്‌മെന്റ് ഏജൻസികൾ വാഗ്ദാനം ചെയ്താൽ അതു തെറ്റാണ്. ഒരു രാജ്യവും സന്ദർശക വിസയിൽ ജോലി അനുവദിക്കില്ല. ഇങ്ങനെയുള്ള വാഗ്ദാനം വിശ്വസിച്ച് വിദേശരാജ്യത്തേക്കു പോയാൽ അതു നിയമപ്രശ്‌നങ്ങൾക്ക് ഇടയാക്കുകയും പിടിക്കപ്പെട്ടാൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിയും വരാം. ഇന്ത്യയിലേക്ക് തിരിച്ചു വരാൻ പറ്റാത്ത അവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ട്. പലപ്പോഴും ഏജൻസി വാഗ്ദാനം ചെയ്ത ജോലി ആവില്ല അവിടെ ചെല്ലുമ്പോൾ ലഭിക്കുന്നതും. കൃത്യമായ ശമ്പളമോ, ആഹാരമോ, താമസ സൗകര്യമോ, തൊഴിൽ നിയമങ്ങളുടെ പരിരക്ഷയോ ലഭിക്കില്ല. ഇത്തരത്തിൽ പോയ പലരും തിരിച്ചു വരുന്നില്ല. അവരുടെ സ്ഥിതി എന്താണെന്നു പോലും അറിയാൻ കഴിയാത്ത സാഹചര്യവും നിലവിലുണ്ട്. ഇങ്ങനെയുള്ളവരെ പിന്നീട് ബന്ധപ്പെടാൻ കഴിയാറില്ലെന്നതും ആശങ്കപ്പെടുത്തുന്നതാണ്.

ഇന്ത്യയിൽ നിന്നും സന്ദർശക വിസയിൽ ഏജൻസികളുടെ തെറ്റായ വാഗ്ദാനങ്ങൾ വിശ്വസിച്ചു മലേഷ്യ, കംബോഡിയ, തായ്‌ലൻഡ്, മ്യാൻമാർ, ലാവോസ്, വിയറ്റ്‌നാം തുടങ്ങിയ തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് പോയ നിരവധി പേർ തട്ടിപ്പിനിരയായതായി വിവരം പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള, ലൈസൻസ് ഉള്ള റിക്രൂട്ട്‌മെന്റ് ഏജൻസികൾ മുഖേന മാത്രമേ ജോലിക്കായി രാജ്യത്തിനു പുറത്തേക്കു പോകുന്നുള്ളെന്ന് തൊഴിൽ അന്വേഷകർ ഉറപ്പുവരുത്തണം. തൊഴിൽ വീസയുടെ ആധികാരികത, തൊഴിൽ നൽകുന്ന കമ്പനിയുടെ വിവരങ്ങൾ, റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ പ്രവർത്തന മികവ്, മുൻപ് തൊഴിൽ ലഭിച്ചവരുടെ അഭിപ്രായം എന്നിവ തൊഴിൽ അന്വേഷകർ കൃത്യമായി മനസിലാക്കണം. റിക്രൂട്ട്‌മെന്റ് ഏജൻസിക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ളതാണോയെന്ന് ഇ-മൈഗ്രേറ്റ് പോർട്ടൽ മുഖേന തൊഴിൽ അന്വേഷകർക്ക് എളുപ്പത്തിൽ പരിശോധിക്കാവുന്നതാണെന്നും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടി മുദ്രവെച്ച കവറിൽ ഹൈക്കോടതിക്ക് കൈമാറി അന്വേഷണ സംഘം. പരാതിയുമായി മുന്നോട്ട് പോകാൻ മൊഴി നൽകിയവർക്ക് താത്പര്യമില്ലെങ്കിൽ നിർബന്ധിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. വിനോദ മേഖലയിൽ നിയമനിർമ്മാണം വേണമെന്ന് വനിതാ കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ചൂഷണം അവസാനിപ്പിക്കണമെന്നും സിനിമാ മേഖലയെ മാത്രമല്ല സംസ്ഥാനത്തെ എല്ലാ മേഖലയെയും ഉൾക്കൊള്ളുന്നതാകണം നിയമമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ ജയശങ്കർ നമ്പ്യാർ, സി എസ് സുധ എന്നിവരുടെ ബെഞ്ചാണ് റിപ്പോർട്ട് പരിഗണിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെടുത്ത തുടർനടപടികളും സിബിഐ അന്വേഷണം വേണമെന്നതടക്കമുള്ള ഹർജികളും കോടതി പരിഗണിച്ചു. സിനിമാ മേഖലയിൽ എന്ത് നടക്കുന്നുവെന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വ്യക്തിഗത വിഷയങ്ങൾ നിലവിൽ പരിഗണിക്കുന്നില്ല. സ്ത്രീകൾക്ക് തൊഴിലിടത്തിൽ ഒരുക്കേണ്ട സൗകര്യങ്ങൾക്കാണ് പ്രാമുഖ്യം നൽകേണ്ടത്. സ്ത്രീകൾക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കാനുള്ള സാധ്യത ഉണ്ടോയെന്ന് പരിശോധിക്കണമെന്ന ആവശ്യവും കോടതി മുന്നോട്ടുവെച്ചു.

വിനോദ മേഖലക്കായി പുതിയ നിയമ നിർമാണത്തിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനായി വനിതാ കമ്മീഷൻ കോടതിയിൽ റിപ്പോർട്ട് നൽകി. വിനോദ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവസര സമത്വം ഉറപ്പു വരുത്തുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തികൊണ്ടാവും പുതിയ നിയമമെന്നും വനിതാ കമ്മിഷൻ കോടതിയെ അറിയിച്ചു.

തിരുവനന്തപുരം: ഇത്തവണ തൃശൂർ പൂരത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റമറ്റ രീതിയിൽ പൂരം നടത്താനാണ് ശ്രമിച്ചതെന്നും എന്നാൽ പൂരത്തിന്റ അവസാന ഘട്ടത്തിൽ ചില വിഷയങ്ങൾ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇത്തവണ പൂരം ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു. പൂരം അലങ്കോലപ്പെടുത്താൻ ചിലർ ശ്രമിച്ചു. ഇത് ഗൗരവത്തോടെ കണ്ട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. എഡിജിപി എംആർ അജിത് കുമാറിനെ ചുമതലപ്പെടുത്തി. സെപ്തംബർ 23 നു റിപ്പോർട്ട് സർക്കാരിന് കിട്ടി. കുറേകാര്യങ്ങൾ റിപ്പോർട്ടിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സമഗ്രമായ റിപ്പോർട്ടായി ഇതിനെ കാണാനാവില്ല. കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള കാര്യങ്ങൾ നടന്നു. വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു നീക്കം. അങ്ങനെ സംശയിക്കാനുള്ള അനേകം കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്. അത് സർക്കാർ ഗൗരവമായി കാണുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യം മുൻ നിർത്തി ആസൂത്രിത നീക്കം ഉണ്ടായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമപരമായി അനുവദിക്കാൻ കഴിയാത്ത കാര്യങ്ങൾ ആവശ്യപ്പെട്ടു. ബോധപൂർവം പ്രശ്ങ്ങൾ ഉണ്ടാക്കാൻ ശ്രമം ഉണ്ടായെന്നും എഡിജിപി റിപ്പോർട്ട് പറയുന്നു. ഒരു കുൽസിത ശ്രമവും അനുവദിക്കാൻ കഴിയില്ല. ഇതൊരു ആഘോഷമായി ചുരുക്കി കാണണ്ട. ഇത് ഒരാഘോഷം തകർക്കാൻ മാത്രം ഉള്ള ശ്രമം ആയിരുന്നില്ല. പൂരവുമായി ബന്ധപ്പെട്ട് ഏതെല്ലാം കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് പരിശോധിക്കും. പൂരം കലക്കലിൽ പുനരന്വേഷണം നടത്തും. മൂന്നു തീരുമാനം എടുത്തു. പൂരം കലക്കൽ ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ ഇന്റലിജിൻസ് എഡിജിപിയെ ചുമതലപ്പെടുത്തും. എഡിജിപി അജിത് കുമാറിന്റെ വീഴ്ച്ച ഡിജിപി റിപ്പോർട്ട് ചെയ്തു. ഇതിൽ വിശദ പരിശോധനക്ക് ഡിജിപിയെ ചുമതലപ്പെടുത്തിയെന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇടുക്കി: പരിസ്ഥിതിയും ശുചിത്വവും സംബന്ധിച്ച അശ്രദ്ധ വർദ്ധിച്ച് വരുന്നുണ്ടെന്നും പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെ ജനകീയ പ്രതിരോധം സംഘടിപ്പിക്കണമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയെ വൃത്തിയാക്കുന്നതിനുള്ള ജനകീയ പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇടുക്കി ഗവ. കോളജ് അക്കാഡമിക് ബ്ലോക്കിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിയൻ ചിന്തകളിലൂന്നിയ പ്രവർത്തനങ്ങളിലൂടെ മതനിരപേക്ഷ നിലപാടുകൾ ഉയർത്തി പിടിക്കാൻ നമുക്ക് കഴിയണം. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെയാണ് മാലിന്യ മുക്ത നവകേരളം പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള ശുചിത്വ പദയാത്രകൾ, ഹരിത ചെക്ക്പോസ്റ്റുുകൾ തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് നടത്തുന്നത്. ഒക്ടോബർ 2 മുതൽ 2025 മാർച്ച് 30 വരെ നീളുന്ന പ്രചാരണ പരിപാടിയിൽ മുഴുവൻ ജനങ്ങളും സഹകരിക്കണം മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

ജില്ലാ കളക്ടർ വി വിഘ്നേശ്വരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസ് ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ബ്ലോക്ക് പഞ്ചായത്തംഗംഡിറ്റാജ് ജോസഫ്, ഗ്രാമ പഞ്ചായത്തംഗം നിമ്മി ജയൻ,ഹരിത കേരള മിഷൻ കോ ഓഡിനേറ്റർ ഡോ അജയ് പി കൃഷ്ണ, തദ്ദേശ സ്വയംഭരണ വകുപ്പ് അസി ഡയരക്ടർ ശ്രീലേഖ. കുടുംബശ്രീ കോ ഓഡിനേറ്റർ സി ആർ മിനി, ശുചിത്വ മിഷൻ ജില്ലാ കോ ഓഡിനേറ്റർ കെ ആർ ഭാഗ്യരാജ് മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. ഹരിത കലാലയങ്ങൾ, ഹരിത ടുറിസം കേന്ദ്രം മാതൃക ഹരിത സ്ഥാപനം എന്നിവയുടെ പ്രഖ്യാപനങ്ങളും മന്ത്രി നടത്തി.

ഗവ. എഞ്ചിനിയറിംഗ് കോളേജ് ഇടുക്കി, ഗവ. പോളിടെക്നിക് കോളേജ് നെടുങ്കണ്ടം, സെന്റ് ആന്റണീസ് കോളേജ് പെരുവന്താനം, ന്യൂമാൻ കോളേജ് തൊടുപുഴ, മോഡൽ പോളിടെക്നിക് കോളേജ് പൈനാവ്,പവനാത്മ കോളേജ് മുരിക്കാശ്ശേരി യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനിയറിംഗ് മുട്ടം എന്നിവയാണ് ഹരിത കലായങ്ങൾ. ഇടുക്കി ഹിൽവ്യൂ പാർക്ക് ഹരിത ടൂറിസം കേന്ദ്രമായി തെരഞ്ഞെടുത്തു. കട്ടപ്പന ജിഎസ്ടി ജോയിന്റ് കമ്മീഷണർ ഓഫീസാണ് മാതൃകാ ഹരിത സ്ഥാപനം. തങ്കമണി ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻ സി സി യൂണിറ്റ് വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച പതിനായിരം രൂപയുടെ ചെക്ക് ജില്ലാ കളക്ടർക്ക് കൈമാറി. തുടർന്ന് 500 ശുചിത്വ വളണ്ടിയർമാരുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ കോളേജ് ശുചീകരണം നടന്നു. ജില്ലയിലെ 8 ബ്ലോക്കുകളിലായി 13 പ്രവർത്തനങ്ങളും 53 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 105 ഉദ്ഘാടന പരിപാടികളുമാണ് നടന്നു. കൂടാതെ ജില്ലയിലെ 522 തദ്ദേശ സ്ഥാപന വാർഡുകളിലും വൈവിധ്യമാർന്ന മാലിന്യമുക്ത പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ജില്ലാ കളക്ടർ കൺവീനറുമായ ജില്ലാ തല നിർവ്വഹണ സമിതിയാണ് ജില്ലയെ മാലിന്യമുക്ത ഇടുക്കിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, വനം, ടൂറിസം, ജലസേചനം തുടങ്ങിയ വകുപ്പുകൾ എന്നിവയെല്ലാം ഒത്തുചേർന്ന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പ്രവർത്തനങ്ങളെല്ലാം നടത്തുക.

തിരുവനന്തപുരം: ട്രെയിൻ അപകടങ്ങൾ തടയുന്നത് ലക്ഷ്യമിട്ട് റെയിൽവേ നടത്തുന്ന ബോധവൽക്കരണ ക്യാമ്പയിന് വ്യാഴാഴ്ച തുടക്കമാകും. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ രാവിലെ 10.30 ന് ക്യാമ്പയിന്റെ ഉദ്ഘാടനം നടക്കും. റെയിൽവേ പോലീസ് എസ് പി നകുൽ രാജേന്ദ്ര ദേശ്മുഖ്, റെയിൽവേ സംരക്ഷണ സേന ഡിവിഷണൽ സെക്യൂരിറ്റി ഓഫീസർ തൻവി പ്രഫുൽ ഗുപ്ത എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

ട്രെയിനുകൾക്കുനേരെ ഉണ്ടാകുന്ന കല്ലേറ്, റെയിൽപ്പാളങ്ങളിൽ കല്ലുകളും മറ്റും വെച്ച് സൃഷ്ടിക്കുന്ന അപകടങ്ങൾ, റെയിൽവേ ലൈൻ മുറിച്ചുകടക്കുമ്പോൾ ട്രെയിൻ തട്ടിയുണ്ടാകുന്ന അപകടങ്ങൾ എന്നിവയ്‌ക്കെതിരെയുള്ള ബോധവൽക്കരണമാണ് ഈ ക്യാമ്പയിന്റെ ഉദ്ദേശ്യം. ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പെടുന്നവർ അനുഭവിക്കേണ്ടിവരുന്ന പ്രത്യാഘാതങ്ങൾ ജനങ്ങളെ അറിയിക്കുകയും അവബോധം സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്.

ഒക്ടോബർ ഏഴുവരെ സംസ്ഥാനത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും നടക്കുന്ന ബോധവൽക്കരണ പരിപാടികളിൽ ക്ലാസുകൾ, നാടകപ്രദർശനം, ഗാനം, പോസ്റ്റർ വിതരണം ചെയ്യൽ എന്നിവ ഉണ്ടായിരിക്കും. റെയിൽവേ പാതകൾക്ക് സമീപമുള്ള സ്‌കൂളുകൾ, ട്രെയിൻ തട്ടി അപകടം ഉണ്ടാകാൻ സാധ്യതയുള്ള ഹോട്ട്‌സ്‌പോട്ട് മേഖലകൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയാകും പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

കണ്ണൂർ: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. പി ശശിക്കെതിരെ സിപിഎം നടപടി എടുത്തിട്ടുണ്ടെന്നും രണ്ട് വീടുകളിൽ കയറി പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പരാതിയിലാണ് നടപടി എടുത്തിരിക്കുന്നതെന്നും സുധാകരൻ വ്യക്തമാക്കി.

അതുകൊണ്ടു തന്നെ പിവി അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയാവാനാണ് സാധ്യത. ഓഫീസിൽ വരുന്ന സ്ത്രീകളോട് അശ്ലീലം പറയുന്നെന്നും നമ്പർ വാങ്ങുന്നെന്നുമാണ് പറഞ്ഞത്. പി ശശിയുടെ ചരിത്രം പരിശോധിക്കുമ്പോൾ അത് ശരിയാകാനാണ് സാധ്യതെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി.

ബിജെപിയുടെ തണലിൽ വളരുന്ന കാട്ടുകുരങ്ങാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനെ തൊടാനും പേടിയാണ് തൊട്ടില്ലെങ്കിലും പേടിയാണ്. സിപിഎം തകർന്ന് തരിപ്പണമാവുകയാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഫലം നോക്കിയാൽ മതിയെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: വികസന – ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ അവ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങൾക്കും ജനവിഭാഗങ്ങൾക്കും ഉപകരിക്കണം എന്ന ചിന്തയാണ് സംസ്ഥാന സർക്കാരിനെ നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താൻ എന്തൊക്കെ ശ്രമങ്ങളുണ്ടായാലും സർക്കാർ അവയിൽനിന്നും പിന്നോട്ടുപോകില്ല എന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ട്രൈബൽ പ്ലസിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനം സൃഷ്ടിച്ച പഞ്ചായത്തിനുള്ള മഹാത്മ ഗോത്ര സമൃദ്ധി പുരസ്‌കാര സമർപ്പണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആറ്റിങ്ങൽ എസ് എസ് പൂജ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗക്ഷേമവകുപ്പ് മന്ത്രി ഒ ആർ കേളു അദ്ധ്യക്ഷത വഹിച്ചു.

മാറുന്ന ലോകത്തിനൊപ്പം മുന്നേറാൻ പട്ടികജാതി-പട്ടികവർഗ്ഗ- പിന്നാക്ക വിഭാഗങ്ങളെ പ്രാപ്തരാക്കുന്ന ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയതലത്തിൽ പിന്നാക്ക വിഭാഗങ്ങൾക്കെതിരായ ആക്രമണം വർധിച്ചു വരുമ്പോൾ കേരളത്തിൽ പട്ടികജാതി- പട്ടികവർഗ്ഗ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരെ പൊതുസമൂഹത്തോടൊപ്പം ചേർത്തുനിർത്തുന്നതിനും നിരന്തരം പരിശ്രമങ്ങൾ നടത്തുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും അരികുവൽക്കരിക്കപ്പെട്ടവർക്ക് താങ്ങുംതണലുമായി മാറാൻ സംസ്ഥാന സർക്കാരിനു കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

10 ബി.എ- ക്കാരെ സ്വന്തം സമുദായത്തിൽ നിന്ന് കണ്ടിട്ട് മരിക്കണമെന്നാണ് അയ്യൻകാളി ആഗ്രഹിച്ചത്. ആ കേരളത്തിൽ നിന്നും കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ പട്ടികവിഭാഗങ്ങളിൽപ്പെട്ട 800 ഓളം വിദ്യാർത്ഥികൾ സംസ്ഥാന സർക്കാർ നൽകുന്ന പൂർണ്ണ സ്‌കോളർഷിപ്പോടെ ബിരുദാനന്തര ബിരുദ പഠനത്തിനായി വിദേശത്തേക്കു പോയി. പ്രതിവർഷം 72 പട്ടികവിഭാഗം കുട്ടികൾക്ക് എം ബി ബി എസ് പ്രവേശനം ഉറപ്പാക്കുന്ന പാലക്കാട് മെഡിക്കൽ കോളേജ് രാജ്യത്തിനുതന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള ജനസംഖ്യയുടെ 9.1 ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിന് വാർഷിക പദ്ധതിയുടെ 9.81 ശതമാനം തുകയും, 1.45 ശതമാനം വരുന്ന പട്ടികവർഗ്ഗ ജനവിഭാഗത്തിന് വാർഷിക പദ്ധതിയുടെ 2.83 ശതമാനം തുകയുമാണ് സംസ്ഥാന സർക്കാർ ബജറ്റിൽ നീക്കിവെച്ചിട്ടുള്ളത്. എന്നാൽ, രാജ്യത്താകെ 16.6 ശതമാനമുള്ള പട്ടികജാതി വിഭാഗങ്ങൾക്ക് കേവലം 3.53 ശതമാനവും 8.6 ശതമാനമുള്ള പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് കേവലം 2.65 ശതമാനവുമാണ് കേന്ദ്രം വകയിരുത്തിയിരിക്കുന്നത്. ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ പട്ടികജാതി-പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗങ്ങൾക്കുള്ള സ്‌കോളർഷിപ്പുകളിൽ വലിയ വെട്ടിക്കുറവ് വരുത്തി. മുൻവർഷം 1,078 കോടി രൂപയായിരുന്ന പട്ടികജാതി വിഭാഗത്തിനുള്ള പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഇത്തവണ 921 കോടി രൂപയാക്കി കുറച്ചു. 90 കോടിയായിരുന്ന പിന്നാക്ക വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് 50 കോടി രൂപയാക്കി കുറച്ചു. പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പിലും ഗണ്യമായ കുറവുവരുത്തിയിട്ടുണ്ട്.

പട്ടികവർഗക്കാരുടെ അടിസ്ഥാന രേഖകൾ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള കേരളത്തിന്റെ ‘എ ബി സി ഡി’ പദ്ധതി രാജ്യത്തിനുതന്നെ മാതൃകയാണ്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉറപ്പുനൽകുന്ന 100 തൊഴിൽ ദിനങ്ങൾക്ക് പുറമെ പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ അധികമായി നൽകുന്ന ട്രൈബൽ പ്ലസ് പദ്ധതിയും മാതൃകാപരമാണ്. വാസസ്ഥലത്തിന്റെ പ്രത്യേകതകളാൽ പൊതുസമൂഹത്തിൽ നിന്നും അകന്നു കഴിയുന്ന വിദൂര പിന്നാക്ക മേഖലകളിലെ ജനവിഭാഗങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി നവ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്ന ഡിജിറ്റലി കണക്റ്റഡ് ട്രൈബൽ ഏരിയാസ് പദ്ധതിക്ക് യു എന്നിന്റെ അന്തർദ്ദേശീയ പുരസ്‌കാരം ലഭിച്ചു.

എല്ലാ പട്ടികവർഗ്ഗ കുടുംബങ്ങൾക്കും ഭൂമിയുളള രാജ്യത്തെ ആദ്യ ജില്ലയായി തിരുവനന്തപുരം മാറി. ഭൂരഹിത, ഭവനരഹിത പദ്ധതിപ്രകാരം ഈ സാമ്പത്തികവർഷം 647 പട്ടികജാതി കുടുംബങ്ങളിലെ ഭൂരഹിതർക്കും, ദുർബല വിഭാഗങ്ങൾക്കുള്ള വികസന പരിപാടികളിലുൾപ്പെടുത്തി മറ്റ് 221 പേർക്കും ഭവന നിർമ്മാണത്തിനുള്ള ധനസഹായം നൽകി. 204 പേർക്ക് ഭവനപുനരുദ്ധാരണത്തിനുള്ള സഹായവും 14 പേർക്ക് ഭൂമിയും അനുവദിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ലൈഫ് മിഷൻ വഴി പട്ടികജാതി വിഭാഗക്കാരുടെ 50,830 വീടുകളുടെയും പട്ടികവർഗ്ഗ വിഭാഗക്കാരുടെ 19,739 വീടുകളുടെയും നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടുവർഷംകൊണ്ട് ലൈഫ് മിഷനിലൂടെ മാത്രം പട്ടികജാതി വിഭാഗക്കാരുടെ 1,12,383 ഭവനങ്ങളുടെയും പട്ടികവർഗ്ഗ വിഭാഗക്കാരുടെ 42,591 ഭവനങ്ങളുടെയും നിർമ്മാണമാണ് പൂർത്തീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആദിവാസികൾക്ക് 100 ദിവസം കൂടി അധിക തൊഴിൽ നൽകുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ട്രൈബൽ പ്ലസ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽ സൃഷ്ടിച്ച അഗളി ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപയും മഹാത്മ ഗോത്ര സമൃദ്ധി പുരസ്‌കാരവും മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ പുതൂർ, ആറളം ഗ്രാമപഞ്ചായത്തുകൾക്ക് യഥാക്രമം 3, 2 ലക്ഷം രൂപയും മഹാത്മ ഗോത്ര സമൃദ്ധി പുരസ്‌കാരവും ലഭിച്ചു.

പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 മുതൽ 16 വരെയാണ് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണ പരിപാടി സംഘടിപ്പിക്കുന്നത്. ‘മാറുന്ന ലോകത്തിനൊപ്പം മുന്നേറാം നമുക്കൊന്നായി’ എന്നതാണ് ഈ വർഷത്തെ പ്രമേയം. ഒക്ടോബർ 15 ന് വയനാട് മാനന്തവാടിയിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്യും.