General (Page 91)

ദുബായ്: എല്ലാ വിമാനങ്ങളിലും പേജറുകളും വാക്കി ടോക്കികളും നിരോധിച്ച് ദുബായ് ആസ്ഥാനമായുള്ള വിമാന കമ്പനി എമിറേറ്റ്‌സ്. ദുബായിലേക്കോ ദുബായിൽ നിന്നും പുറത്തേക്കോ ഉള്ള വിമാനങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും ചെക്ക്-ഇൻ അല്ലെങ്കിൽ ക്യാബിൻ ബാഗേജിൽ പേജറുകളും വാക്കി-ടോക്കികളും കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് എമിറേറ്റ്‌സ് അറിയിച്ചു. വെള്ളിയാഴ്ച്ച വാർത്താക്കുറിപ്പിലൂടെയാാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

യാത്രക്കാരുടെ ഹാൻഡ് ലഗേജിലോ ചെക്ക്ഡ് ബാഗേജിലോ കാണുന്ന ഇത്തരം വസ്തുക്കൾ ദുബായ് പോലീസ് കണ്ടുകെട്ടുമെന്ന് എമിറേറ്റ്‌സ് എയർലൈൻസ് മുന്നറിയിപ്പ് നൽകി. അതേസമയം, ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ പേജർ ആക്രമണം ഉണ്ടായതിനെ തുടർന്ന് സെപ്തംബർ 19 മുതൽ ബെയ്‌റൂത്തിലേക്കുള്ള വിമാനങ്ങളിൽ പേജറുകളും വാക്കി ടോക്കികളും കൊണ്ടുപോകുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.

ഒക്ടോബർ 8 വരെ ദുബായിൽ നിന്നും ബെയ്‌റൂത്തിലേക്കുള്ള വിമാന സർവ്വീസുകളും എമിറേറ്റ്‌സ് റദ്ദാക്കിയിട്ടുണ്ട്.

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളുടേയും വിടുതൽ ഹർജി കോടതി അംഗീകരിച്ചു. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയാണ് കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചത്. നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചതിനാൽ കെ സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതിൽ ഹാജരായിരുന്നു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള ആരോപണം. കേസിലെ ഒന്നാം പ്രതിയായിരുന്നു കെ സുരേന്ദ്രൻ.

ബിജെപി ജില്ലാ സെക്രട്ടറി കെ മണികണ്ഠ റൈയായിരുന്നു രണ്ടാപ്രതി. സുരേഷ് നായ്ക്ക് മൂന്നാം പ്രതിയും യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായ്ക്ക് മൂന്നാം പ്രതിയുമായിരുന്നു.

കോഴിക്കോട്: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽപ്പെട്ട് മരിച്ച അർജുന്റെ കുടുംബത്തിന്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കും. കുടുംബത്തിനെതിരെ സൈബർ ആക്രമണം ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലെ പ്രതിപ്പട്ടികയിൽ നിന്നാണ് മനാഫിനെ ഒഴിവാക്കുന്നത്.

മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതിയില് വ്യക്തമാക്കിയിരുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ്‌ഐആറിൽ ഉൾപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. എഫ്‌ഐആറിൽ നിന്ന് മനാഫിനെ ഒഴിവാക്കുമെന്നാണ് പൊലീസ് വ്യക്തമാക്കി.

അന്വേഷണം നടത്തി ആവശ്യമെങ്കിൽ മനാഫിനെ ഒഴിവാക്കുമെന്ന് കഴിഞ്ഞ ദിവസം പോലീസ് അറിയിച്ചിരുന്നു.

കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. കൊട്ടാരം റോഡിലുള്ള വീട്ടിലാണ് മോഷണം നടന്നത്. 26 പവനോളമാണ് നിന്ന് കളവ് പോയിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി പോലീസിൽ പരാതി നൽകി.

എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സെപ്തംബർ 22നും 30നും ഇടയിൽ മോഷണം നടന്നുവെന്നാണ് സംശയിക്കുന്നത്. സ്വർണം ബാങ്ക് ലോക്കറിലാണെന്നാണ് സംശയമുണ്ടായിരുന്നത്. എന്നാൽ പരിശോധനയിൽ വീട്ടിലും ലോക്കറിലും ആഭരണങ്ങൾ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂന്ന് മാല, വള, കമ്മൽ, ഡയമണ്ട് കമ്മലും ലോക്കറ്റും, മരതകം പതിച്ച ലോക്കറ്റുമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

കൊച്ചി: നാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി. കോതമംഗലത്ത് തെലുങ്ക് സിനിമയുടെ ഷൂട്ടിങിനെത്തിച്ച ആനകളാണ് ഏറ്റുമുട്ടിയത്. കോതമംഗലത്താണ് സംഭവം. കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റ പുതുപ്പള്ളി സാധു എന്ന ആന കാട്ടിലേക്ക് കയറി.

റിസർവ് ഫോറസ്റ്റിലേക്ക് കയറിപ്പോയ ആനയെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥരും പാപ്പാൻമാരും റിസർവ് ഫോറസ്റ്റിലേക്ക് പോയി. പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മറ്റൊരു ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ച് വന്നു. ഈ ആനയ്ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല.

ഷൂട്ടിങ്ങിന് എത്തിച്ചത് മൂന്ന് പിടിയാനയെയും രണ്ടു കൊമ്പനാനകളെയുമാണ്. ഒരാഴ്ചയായി വടാട്ടുപാറയിൽ ഷൂട്ടിംഗ് നടക്കുന്നുണ്ട്. മറ്റ് ആനകളെ വാഹനത്തിൽ കയറ്റി തിരികെ കൊണ്ടുപോയി.

തിരുവനന്തപുരം: എല്ലാ ജില്ലകളിലും തിരുവനന്തപുരം കൊച്ചി കോഴിക്കോട് കോർപറേഷനുകളിലുമായി നടന്ന 17 തദ്ദേശ അദാലത്തുകളിലൂടെ ലഭിച്ച 17799 പരാതികളിൽ 16767 എണ്ണം തീർപ്പാക്കിയതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. 92 ശതമാനത്തിലധികം പരാതികളും അപേക്ഷകന് അനുകൂലമായാണ് തീർപ്പാക്കിയത്. തീർപ്പാക്കിയ 14095 പരാതികളിലെ തീരുമാനങ്ങൾ ഇതിനകം നടപ്പിലാക്കി. ഒക്ടോബർ ഒന്നാം തീയതി നടന്ന വയനാട് ജില്ലാ അദാലത്ത് ദിവസം ലഭിച്ചവ ഉൾപ്പെടെ 1032 പരാതികളാണ് തീർപ്പാക്കാൻ ബാക്കിയുള്ളത്. ഇതിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നതായും വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.

അദാലത്തിന് അഞ്ച് ദിവസം മുൻപ് വരെ ഓൺലൈനായി ലഭിച്ച അപേക്ഷകളാണ് അദാലത്ത് വേദികളിൽ പരിഹരിച്ചത്. ഉപജില്ലാ, ജില്ലാ, സംസ്ഥാന അദാലത്ത് സമിതികളും മന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ അദാലത്ത് സമിതിയുമാണ് പരാതികൾ തീർപ്പാക്കിയത്. മുപ്പത്തിയഞ്ചിലധികം പൊതുതീരുമാനങ്ങളുടേയും സ്പഷ്ടീകരണത്തിന്റേയും ചട്ടഭേദഗതികളുടേയും പിൻബലത്തോടെയാണ് കൂടൂതൽ പരാതികളും പരിഹരിച്ചത്. സാങ്കേതിക കാര്യങ്ങളിലും തർക്കങ്ങളിലും കുടുങ്ങിക്കിടന്നതും നീതി നിഷേധിക്കപ്പെട്ടതുമായ നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കാനായി.

അദാലത്ത് ദിവസം നേരിട്ടുവന്ന പരാതികൾ രണ്ട് ആഴ്ചയ്ക്കുള്ളിൽ പരിഹരിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഈ പരിശോധന അവസാനഘട്ടത്തിലാണ്. അദാലത്തിലെ തീർപ്പ് സമയബന്ധിതമായി നടപ്പിലാക്കുന്നുവെന്നും അവസാന അപേക്ഷയിലും നീതിയുക്തമായ തീർപ്പുണ്ടാക്കുന്നുവെന്നും ഉറപ്പാക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിലും ജോയിന്റ് ഡയറക്ടർ ഓഫീസുകളിലും മോണിറ്ററിംഗ് സെൽ പ്രവർത്തിക്കുന്നുണ്ട്. ഒക്ടോബർ 15നകം പരാതികൾ പൂർണമായി തീർപ്പാക്കി തീരുമാനങ്ങൾ നടപ്പിലാക്കി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇത് വിലയിരുത്താൻ മൂന്ന് മേഖലകളായി തിരിച്ച് മന്ത്രിതല അവലോകനവും നിശ്ചയിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ ഡയറക്ടറേറ്റിലും സർക്കാരിലും തീർപ്പാകാതെ കിടക്കുന്ന ഫയലുകൾ പരിഹരിക്കാൻ പ്രത്യേക അദാലത്ത് നടത്തും. മുനിസിപ്പൽ കോർപറേഷനുകളുടെ പ്രത്യേകമായ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഒരു അദാലത്തും തീരുമാനിച്ചിട്ടുണ്ട്. ഈ അദാലത്തുകൾ എല്ലാം നവംബർ 15 ഓടെ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

മന്ത്രിക്കൊപ്പം തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫ്, സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, റൂറൽ ഡയറക്ടർ ദിനേശൻ ചെറുവാട്ട്, അർബൻ ഡയറക്ടർ സൂരജ് ഷാജി, ചീഫ് എഞ്ചിനീയർ സന്ദീപ് കെ ജി, ചീഫ് ടൗൺ പ്ലാനർ ഷിജി ചന്ദ്രൻ തുടങ്ങിയവരാണ് അദാലത്തിന് നേതൃത്വം നൽകിയത്.

വാർത്താസമ്മേളനത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫ്, സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, റൂറൽ ഡയറക്ടർ ദിനേശൻ ചെറുവാട്ട്, ചീഫ് ടൗൺ പ്ലാനർ ഷിജി ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

പത്തനംതിട്ട: അൻപത്തിയാറ് വർഷം മുമ്പ് വിമാനപകടത്തിൽ മരണമടഞ്ഞ സൈനികൻ തോമസ് ചെറിയാന് വിട നൽകി നാട്. ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചു. പത്തനംതിട്ട ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലായിരുന്നു സംസ്‌കാരം. രാവിലെ മുതൽ ആയിരങ്ങളാണ് ആദരാഞ്ജലി അർപ്പിക്കാനായി അദ്ദേഹത്തിന്റെ വസതിയിലേയ്ക്ക് എത്തിയത്.

വ്യാഴാഴ്ച വൈകിട്ടാണ് തോമസ് ചെറിയാന്റെ മൃതദേഹം പാങ്ങോട് സൈനീക ക്യാമ്പിൽ എത്തിച്ചത്. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് സൈനിക അകമ്പിയോടെ ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിച്ചത്. പൊതുദർശനത്തിനും വീട്ടിലെ പ്രാർത്ഥനാചടങ്ങുകൾക്കും ശേഷം 12. 30 ഓടെ വിലാപയാത്രയായി ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്സ് പള്ളിയിൽ മൃതദേഹം എത്തിച്ചു.

വൈകുന്നേരത്തോടെ ശവസംസ്‌കാര ശുശ്രൂഷകൾ പൂർത്തിയാക്കി മൃതദേഹം പള്ളിയോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ പൂർണ്ണ സൈനീക ബഹുമതികളോട് സംസ്‌കരിച്ചു. മെത്രാപോലീത്തമാരായ കുറിയാക്കോസ് മാർ ക്ലിമിസ്, ഏബ്രഹാം മാർ സെറാഫീം എന്നിങ്ങൾക്ക് ശവസംസ്‌കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

ചണ്ഡീഗഢിൽ നിന്ന് ലേ ലഡാക്കിലേക്ക് സൈനികരുമായി പോയ വിമാനം 1968 ഫെബ്രുവരി ഏഴിനാണ് അപകടത്തിൽപ്പെട്ട് മഞ്ഞുമലയിൽ കാണാതായത്. ആർമിയിൽ ക്രാഫ്റ്റ്‌സ്മാനായ തോമസ് ചെറിയാന് അന്ന് 22 വയസായിരുന്നു. 1965ലാണ് തോമസ് ചെറിയാൻ സേനയിൽ ചേർന്നത്, പരിശീലനം പൂർത്തിയാക്കി ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. വിമാനത്തിലുണ്ടായിരുന്ന 103 പേരിൽ 96 പേരും പട്ടാളക്കാരായിരുന്നു. തിരച്ചിൽ നടക്കുന്നതിനിടെ തിങ്കളാഴ്ച പകൽ 3.30ഓടെയാണ് മഞ്ഞുമലകൾക്കടിയിൽ നിന്ന് തോമസ് ചെറിയാന്റെ മൃതദേഹം കണ്ടെത്തിയത്.

തിരുവനന്തപുരം: മനുഷ്യൻ മറ്റ് ആവാസ വ്യവസ്ഥകളിലേക്ക് കടന്നു കയറരുതെന്നും വനവും വന്യജീവികളും പ്രകൃതിയുടെ ഭാഗമാണെന്ന ചിന്ത നിലനിർത്തണമെന്നും മൃഗസംരക്ഷണ, മൃഗശാല വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. തിരുവനന്തപുരം മ്യൂസിയം കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ വന്യജീവി വാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 1952 മുതൽ ഇന്ത്യയിലെമ്പാടും വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു വരുന്നു. വനം, വന്യജീവി സംരക്ഷണത്തിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനാണ് ഒക്ടോബർ 2 മുതൽ 8 വരെ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നത്. മനുഷ്യ സമൂഹത്തിന്റെ അനിയന്ത്രിതമായ ഇടപെടലുകൾ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നു. ചൂരൽ മലയിലടക്കമുണ്ടായ ദുരന്തങ്ങൾ ഇതിന്റെ ഉദാഹരണങ്ങളാണെന്ന് മന്ത്രി അറിയിച്ചു.

സഹവർത്തിത്വത്തിൽ നിന്ന് വന്യജീവി സംരക്ഷണം എന്ന ആശയം ഉയർത്തിയാണ് മ്യൂസിയം, മൃഗശാല വകുപ്പ് വാരാചരണം സംഘടിപ്പിക്കുന്നത്. ഒരു വിനോദ സഞ്ചാര കേന്ദ്രമെന്നതിലുപരി മൃഗങ്ങളുടെ തനതായ ആവാസ വ്യവസ്ഥ ഉറപ്പുവരുത്താൻ മൃഗശാല ശ്രമിക്കുന്നുണ്ട്. നിലവിലെ മൃഗങ്ങളെ കൂടാതെ ജിറാഫടക്കമുള്ളവയെ മൃഗശാലയിലേക്കെത്തിക്കാനുള്ള പരിപാടികളുമായി വകുപ്പ് മുന്നോട്ട് പോകുന്നു. ഹനുമാൻ കുരങ്ങ് ചാടിപ്പോയ സാഹചര്യത്തിൽ മാതൃകാപരമായ പ്രവർത്തനത്തിലൂടെ അവയെ തിരികെയെത്തിച്ച മൃഗശാല ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു.

കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് വനത്തിനുള്ളിൽ വെള്ളം അടക്കമുള്ള വിഭവങ്ങൾ കുറയുകയും വന്യജീവികൾ നാട്ടിലേക്കെത്തുകയും ചെയ്യുന്ന സാഹചര്യവും നിലവിലുണ്ട്. പ്രകൃതി സൗഹൃദമായ പ്രവർത്തനങ്ങളിലൂടെ ജലലഭ്യത വനത്തിനുള്ളിൽ ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുകയാണ്. ഇതിന് പൊതു സമൂഹത്തിന്റെയാകെ പിൻതുണ ആവശ്യമാണ്. വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന വിവിധ മത്സരങ്ങൾ പുതുതലമുറക്ക് വനം, വന്യ ജീവി സംരക്ഷണത്തിന്റെ നല്ലപാഠങ്ങൾ പകർന്നു നൽകുമെന്നും മന്ത്രി പറഞ്ഞു.

ബയോഡൈവേഴ്‌സറി ക്ലബ്ബിന്റെ ലോഗോ പ്രകാശനം നിർവഹിച്ച മന്ത്രി ക്ലബ്ബ് വോളണ്ടിയന്മാർ, മെന്റർമാർ, ഹനുമാൻ കുരങ്ങിനെ തിരിച്ചെത്തിച്ച ജീവനക്കാർ എന്നിവരെ ആദരിച്ചു. വി. കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ ഇൻ ചാർജ് വി.എസ് മഞ്ജുളാദേവി സ്വാഗമാശംസിച്ചു. ഡബ്ല്യൂ.ഡബ്ല്യൂ.എഫ് സ്റ്റേറ്റ് ഡയറക്ടർ രഞ്ജൻ മാത്യു, പ്രകൃതി സംരക്ഷണ ഫോട്ടോഗ്രാഫർ ബാലൻ മാധവൻ, പി.വി വിജയലക്ഷ്മി, വി. രാജേഷ് എന്നിവർ സംബന്ധിച്ചു.

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കിന്റെ മാനദണ്ഡം അറിയിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം സംബന്ധിച്ച കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് സർക്കാരിനോട് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

ചെലവഴിച്ച തുകയെന്ന പേരിൽ തെറ്റായ കണക്കുകളുടെ വ്യാപക പ്രചരണമുണ്ടായെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ വിശദീകരിച്ചു. വയനാട് ദുരന്തത്തിൽ കേരളത്തിന് സഹായം നൽകുന്നതിൽ നിലപാട് അറിയിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. മൂന്നാഴ്ചക്കകം മറുപടി നൽകണമെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഡിവിഷൻ ബെഞ്ച് നൽകിയ നിർദ്ദേശം.

സഹായം ലഭ്യമാക്കുന്നതിന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും നടപടിയെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എസ്റ്റിമേറ്റ് തുക കണക്കാക്കുന്നതിന് കൃത്യമായ മാനദണ്ഡം വേണ്ടതാണെന്ന് ഹൈക്കോടതി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: വിജ്ഞാനാധിഷ്ടിത സമൂഹം രൂപപ്പെടുത്താൻ സർവകലാശാലകളിലും കോളേജുകളിലും നടത്തിവരുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കേരള സർവകലാശാലയിൽ 58 കോടിരൂപയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. കേരള സർവകലാശാലയിൽ ഇതിനോടകം ആരംഭിച്ച കേന്ദ്രീകൃത ലാബ് രാജ്യത്തെ തന്നെ ഏറ്റവും മികച്ചതാണെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ പ്രവർത്തനമാരംഭിച്ച കമ്പ്യൂട്ടർ ആർട്ടി ഫാക്റ്റ്‌സ് മ്യൂസിയത്തിന്റേയും ഗ്യാലറിയുടേയും സ്വയം പ്രേരിത കാലാവസ്ഥാ നിരീക്ഷണ സംവിധാനത്തിന്റേയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

35 കോടി രൂപ ചെലവിൽ മഹാത്മാഗാന്ധി സർവകലാശാലയിലും കേന്ദ്രീകൃത ലാബ് സജ്ജമാക്കിയിട്ടുണ്ട്. വിജ്ഞാനാധിഷ്ടിത സമൂഹം വാർത്തെടുക്കാനുതകുന്ന തരത്തിലാണ് അത്യാധുനിക നിലവാരത്തിൽ ലാബുകളുടെ നിർമ്മാണവും ലൈബ്രറികളുടെ ആധുനികവൽക്കരണവും അടിസ്ഥാനസൗകര്യ വികസനവും നടപ്പിലാക്കുന്നത്. ഈ ലക്ഷ്യം മുൻനിർത്തി കരിക്കുലവും പരിഷ്‌കരിച്ചുവരികയാണ്. വിദ്യാർഥികളിൽ ശാസ്ത്രീയ വീക്ഷണവും യുക്തിബോധവും വളർത്തിയെടുക്കുന്നതിൽ സർക്കാർ പ്രഥമ പരിഗണന നൽകുന്നുണ്ട്. വിദ്യാർഥി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്നും ഇതിലൂടെ വിദ്യാർഥികൾ തൊഴിൽ ദാതാക്കളായി മാറ്റപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു.

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ഭാഗമായ ഇന്നവേഷൻ ഹബ് കൂടുതൽ വിദ്യാർഥികൾക്ക് ഉപയുക്തമാക്കുന്നതിനായി ഗവ. ആർട്‌സ് കോളേജും ഗവ. വിമൻസ് കോളേജുമായി ഒപ്പിട്ട ധാരണാപത്രം ചടങ്ങിൽ മന്ത്രി കൈമാറി. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ സഹായത്തോടെയാണ് സ്വയം പ്രേരിത കാലാവസ്ഥ നിരീക്ഷണ സംവിധാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ കമ്പ്യൂട്ടിംഗ് മേഖലയെ അടിസ്ഥാനമാക്കിയാണ് കമ്പ്യൂട്ടർ ആർട്ടിഫാക്റ്റ്‌സ് മ്യൂസിയം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അഡ്വ വികെ പ്രശാന്ത് എംഎൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ഡയറക്ടർ പ്രൊഫ. എൻ വി ചലപതി റാവു വിശിഷ്ടാതിഥിയായിരുന്നു. മ്യൂസിയം ഡയറക്ടർ ഇൻചാർജ് സോജു എസ് എസ്, അസിസ്റ്റന്റ് ഡയറക്ടർ സുന്ദർലാൽ പി എസ്, ആർട്‌സ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. സുബ്രമണിയൻ എസ്, വിമൻസ് കോളേജ് പ്രിൻസിപ്പൽ അനില ജെ എസ്, കുന്നുകുഴി വാർഡ് കൗൺസിലർ മേരി പുഷ്പം എന്നിവർ പങ്കെടുത്തു.