General (Page 85)

തിരുവനന്തപുരം: സിഎംആർഎല്ലിൽ നിന്നും ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടി വാങ്ങിയെന്ന കേസിൽ നിർണായക നീക്കവുമായി എസ്എഫ്‌ഐഒ. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴി എസ്എഫ്‌ഐഒ രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചെന്നൈയിലെ ഓഫീസിലെത്തി എസ് എഫ് ഐ ഒ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദ് വീണാ വിജയനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്.

കേസ് ഏറ്റെടുത്ത് 10 മാസത്തിനു ശേഷമാണ് നടപടി. പിണറായി വിജയന്റെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും വീണ വിജയൻ ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടിയായി 1.72 കോടിയുടെ പണ ഇടപാട് നടത്തിയെന്നാണ് കേസ്.

തിരുവനന്തപുരം: ജനങ്ങൾക്ക് വിജയദശമി ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക പുരോഗതിയുടെ പ്രധാന ചാലകശക്തികളിലൊന്നാണ് ആ സമൂഹം ആർജ്ജിച്ചെടുക്കുന്ന അറിവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസമെന്ന പ്രക്രിയയുടെ പ്രാധാന്യവും ഈ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് വിദ്യാരംഭ ദിനമാണ്. നിരവധി കുഞ്ഞുങ്ങൾ ഈ വിദ്യാരംഭ ദിനത്തിൽ അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവട് വെക്കുകയാണ്. ഇന്ന് സൗപർണ്ണിക, നതാലിയ, അലൈഖ, നമിത്, വമിക, ഘയാൽ എന്നീ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. വളർന്നു വരുന്ന തലമുറകൾക്ക് വേണ്ടി കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. ഈ വിദ്യാരംഭ ദിനം അതിനുള്ള ഓർമ്മപ്പെടുത്തൽ കൂടിയാവട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: കേരള ഫിലിം പ്രോഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ സിനിമയിലെ വനിതകളുടെ കൂട്ടായ്മ വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). നിർമ്മാതാക്കളുടെ സംഘടനയുടെ തലപ്പത്തിരിക്കുന്നവർക്ക് എതിരെ തന്റെ വ്യക്തിത്വത്തെ ഹനിക്കുന്നതും, സത്രീ വിവേചനത്തോടെയുമുള്ള പെരുമാറ്റം ഉണ്ടായി എന്ന് വനിതാ നിർമ്മാതാവ് പരാതികൾ ഉയർത്തുന്നത് വളരെ ഗുരുതരവും ആശങ്കാജനകവുമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.

സിനിമയിലെ തൊഴിലുടമകൾ’ എന്നാണ് കേരളത്തിലെ ചലച്ചിത്ര നിർമ്മാതാക്കൾ തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നത്. അതായത് നിയമപരമായി അവർക്കൊപ്പവും അവരുടെ കീഴിലും ജോലി ചെയ്യുന്ന ഓരോരുത്തർക്കും അച്ചടക്കവും സുരക്ഷയും ഉറപ്പാക്കേണ്ടവരാണ് തൊഴിലുടമകൾ. പരാതികൾ ഉന്നയിക്കപ്പെട്ടപ്പെട്ടിരിക്കുന്നത് സംഘടനാ നേതാക്കളെ കുറിച്ചാണ്. അവരിപ്പോഴും സംഘടനയുടെ തലപ്പത്തിരുന്നു കൊണ്ടാണ് കേസ് കൈകാര്യം ചെയ്യുന്നത്. സംഘടന ഈ കാര്യത്തിൽ കുറ്റാരോപിതർക്കൊപ്പമാണ് നിൽക്കുന്നത് എന്നതിന്റെ തെളിവുകൂടിയാണിതെന്ന് ഡബ്ല്യുസിസി അഭിപ്രായപ്പെട്ടു.

കേസിന്റെ ധാർമികമായ ഉത്തരവാദിത്തം പങ്കിട്ടുകൊണ്ട് താൽകാലികമായി സ്ഥാനത്തു നിന്ന് മാറി നിൽക്കാൻ പോലും ഇതുവരെ നേതാക്കൻമാർ മിനക്കെട്ടിട്ടില്ല. മലയാള ചലച്ചിത്ര വ്യവസായത്തെ നയിക്കേണ്ടത് കൃത്യമായ പ്രൊഫഷണൽ മൂല്യങ്ങളാണ് എന്നും കാലഹരണപ്പെട്ട ഏതെങ്കിലും അധികാര സമവാക്യങ്ങൾക്കുള്ളിൽ ഈ മേഖല തളച്ചിടപ്പെടേണ്ടതല്ലെന്നും ഉറപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തന്റെ മേഖലയിലെ ദുഷ്പ്രവണതകൾക്കെതിരെ ശബ്ദമുയർത്തിയ വനിതാ നിർമ്മാതാവിന് പൂർണമായ ഐക്യദാർഢ്യം അറിയിക്കുന്നു. ഇവിടെ സ്വന്തം വഴി വെട്ടിത്തെളിക്കുന്നതിന് അസാമാന്യമായ ധൈര്യം ആവശ്യമാണ്. ഹേമകമ്മറ്റി റിപ്പോർട്ടിൽ പ്രതിപാദിക്കുന്ന ‘നിശബ്ദതയുടെ സംസ്‌കാരം’ പ്രതിഷേധിക്കുന്ന സ്വരങ്ങളെ എങ്ങനെ അടിച്ചമർത്തുന്നു എന്നതിന്റെ സാക്ഷ്യമാണെന്നും സംഘടന കൂട്ടിച്ചേർത്തു.

കൊൽക്കത്ത: വെറുപ്പിന്റെ പേരിലോ അവജ്ഞയുടെ പേരിലോ ഒരു രാജ്യത്തെയും ഇന്ത്യ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും അപകീർത്തിപ്പെടുത്തുമ്പോഴും രാജ്യത്തെ ആക്രമിക്കാൻ ശ്രമിക്കുമ്പോഴും മാത്രമേ പ്രത്യാക്രമണം നടത്തൂവെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ സുക്‌ന സൈനിക സ്റ്റേഷനിൽ ആയുധപൂജയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഭാരതത്തിന്റെ സുരക്ഷയാണ് പരമപ്രധാനം. തങ്ങളുടെ താത്പര്യങ്ങൾക്ക് അതീതമായി, ഭീഷണിയുണ്ടാക്കും വിധത്തിൽ എന്തെങ്കിലും നീക്കമുണ്ടായാൽ വലിയ പ്രതിരോധമുണ്ടാകും. നമുക്ക് ലഭിച്ചതൊക്കെയും പാരമ്പര്യമായി ലഭിച്ചതാണ്. ഈ പൈതൃകം തുടർന്നും സംരക്ഷിക്കും. താത്പര്യങ്ങൾക്ക് ഭീഷണി സൃഷ്ടിക്കവിധത്തിൽ എന്തെങ്കിലുമുണ്ടായാൽ വലിയ ചുവടുവയ്പ്പാകും ഉണ്ടാവുക. ആവശ്യമെങ്കിൽ ആയുധങ്ങളും ഉപകരണങ്ങളും പൂർണ ശക്തിയോടെ ഉപയോഗിക്കാമെന്ന് ആയുധപൂജ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: വിജയദശമി നാളിൽ ആദ്യക്ഷരം കുറിച്ച് അറിവിന്റെ വെളിച്ചത്തിലേക്ക് ചുവടുവെച്ച് കുരുന്നുകൾ. ക്ഷേത്രങ്ങളിലെല്ലാം ഇന്ന് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രങ്ങൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, ഗ്രന്ഥശാലകൾ എന്നിവിടങ്ങളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലുമാണ് വിദ്യാരംഭചടങ്ങുകൾ നടക്കുന്നത്.

നിരവധി സാംസ്‌കാരിക കേന്ദ്രങ്ങളിലും വായനശാലകളിലും ഇന്ന് വിദ്യാരംഭ ചടങ്ങുകൾ നടന്നുണ്ട്. ജാതിമതഭേദമന്യേ എല്ലാവരും വിജയദശമി ദിനത്തിൽ വിദ്യാരംഭം കുറിക്കുന്നു. വിദ്യാദേവതയായ സരസ്വതിയും അധർമ്മത്തെ തകർത്ത് ധർമ്മം പുനസ്ഥാപിക്കുന്ന ശക്തി സ്വരൂപിണിയായ ദുർഗ്ഗയും ഐശ്വര്യദായിനിയായ മഹാലക്ഷ്മിയും ഒരുമിച്ചു പൂജിക്കപ്പെടുന്ന ദിനമാണ് വിജയദശമി.

ന്യൂഡൽഹി: നവരാത്രി ആഘോഷങ്ങളിൽ പങ്കുചേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ചെങ്കോട്ടയിലെ മാധവ് ദാസ് പാർക്കിൽ നടത്തിയ ആഘോഷങ്ങളിലാണ് ഇരുവരും പങ്കെടുത്തത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.

നവരാത്രി ആഘോഷങ്ങളുമായി ഭാഗമായി രാമൻ, ലക്ഷ്മണൻ, ഹനുമാൻ തുടങ്ങിയവരെ അവതരിപ്പിക്കുന്ന കലാകാരന്മാർക്ക് പ്രധാനമന്ത്രിയും രാഷ്ട്രപതിയും തിലകം ചാർത്തി. തുടർന്ന് ഇരുനേതാക്കളുടെയും സാന്നിധ്യത്തിൽ തിന്മയുടെ ആൾരൂപങ്ങളായ രാവണന്റെയും മേഘനാഥന്റെയും കുംഭകർണ്ണന്റെയും കോലങ്ങൾ കത്തിച്ചു. രാജ്യത്തെ എല്ലാ ജനങ്ങൾക്കും രാഷ്ട്രപതിയും പ്രധാനമന്ത്രി നവരാത്രിദിന ആശംസകൾ നേർന്നിരുന്നു.

സത്യത്തിലും ധാർമികതയിലുമുള്ള നമ്മുടെ വിശ്വാസത്തിന്റെ പ്രതീകമാണ് ഈ ഉത്സവമെന്ന് രാഷ്ട്രപതി പറഞ്ഞു. തിന്മക്കെതിരെ നന്മ വിജയിച്ച ദിവസം കൂടിയാണിത്. ഈ മഹത്ദിനത്തിൽ ഏത് പ്രയാസകരമായ അവസ്ഥകളിലൂടെ കടന്നു പോകുമ്പോഴും സത്യത്തിന്റെ പാത തെരഞ്ഞെടുക്കുമെന്ന് നാം ഓരോരുത്തരും പ്രതിജ്ഞ ചെയ്യണം. എല്ലാവർക്കും ഐശ്വര്യവും സമാധാനവും നിറഞ്ഞ സന്തോഷകരമായ ജീവിതം ആശംസിക്കുന്നുവെന്നും ദ്രൗപദി മുർമു വ്യക്തമാക്കി.

രാജ്യത്തെ എല്ലാ ജനങ്ങൾക്കും ദേവിയുടെ അനുഗ്രഹം ലഭിക്കട്ടെയെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായുള്ള പോരിൽ അയഞ്ഞ് ഗവർണ്ണർ. ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് ഇനി വരേണ്ടെന്ന നിലപാടിൽ ഗവർണ്ണർ അയവ് വരുത്തി. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വരാമെന്നാണ് രാജ്ഭവൻ വ്യക്തമാക്കിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ അനുമതിയോടെ ഔദ്യോഗികാവശ്യങ്ങൾക്ക് എത്താമെന്നും രാജ്ഭവൻ വിശദമാക്കി. ആവശ്യപ്പെട്ടിട്ടും രാജ്ഭവനിലെത്താതിരുന്ന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും മുന്നിൽ രാജ്ഭവന്റെ വാതിൽ ഇനി തുറക്കില്ലെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ അറിയിച്ചിരുന്നത്. ഇരുവർക്കുമെതിരെ കേന്ദ്ര സർവ്വീസ് ചട്ടപ്രകാരമുള്ള നടപടിയിലേക്ക് ഗവർണ്ണർ കടക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

തിരുവനന്തപുരം: സ്വകാര്യവ്യവസായ പാർക്കുകൾ എന്ന സങ്കൽപം കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നതും നടപ്പിലാക്കുന്നതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണെന്ന് മന്ത്രി പി രാജീവ്. കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ ഇത്തരമൊരു നയം ആവിഷ്‌കരിച്ചിരുന്നുവെങ്കിലും സാങ്കേതികമായ ചില പ്രശ്‌നങ്ങൾ കാരണം പാർക്കുകൾ ആരംഭിക്കാൻ സാധിച്ചിരുന്നില്ല. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ഒരു വർഷത്തിനുള്ളിൽ തന്നെ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടു എന്ന് മാത്രമല്ല പുതുതായി സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നവർക്ക് 3 കോടി രൂപ വരെ സാമ്പത്തിക സഹായവും ഉറപ്പ് നൽകിയെന്ന് മന്ത്രി വ്യക്തമാക്കി.

30 സ്വകാര്യ വ്യവസായ പാർക്കുകളുടെ നിർമ്മാണം ഇപ്പോൾ കേരളത്തിൽ ആരംഭിച്ചു കഴിഞ്ഞു. ഇതിൽ അഞ്ചോളം സ്വകാര്യവ്യവസായ പാർക്കുകൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. വളരെ പെട്ടെന്നുതന്നെ പാർക്കുകളുടെ നിർമ്മാണം പൂർത്തിയാകുന്നത് ചെറുതും വലുതുമായ നിരവധി നിക്ഷേപങ്ങൾ ഈ പാർക്കുകളിലേക്ക് കടന്നുവരുന്നതിന് സഹായകമാകുകയാണ്. പ്രതീക്ഷിക്കുന്നത്. ഈ സർക്കാരിന്റെ കാലത്തു തന്നെ 14 ജില്ലകളിലും സ്വകാര്യവ്യവസായ പാർക്കുകളുടെ പ്രവർത്തനം ആരംഭിക്കാൻ സാധിക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്‌കീം – 2022 പദ്ധതിക്ക് കീഴിൽ സ്വകാര്യ വ്യവസായ പാർക്ക് സ്ഥാപിക്കാനുള്ള അനുമതി ലഭ്യമായാൽ അടിസ്ഥാന സൗകര്യ വികസനത്തിനായി സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഡെവലപ്പർക്ക് സർക്കാർ സഹായം ലഭിക്കും. ഈ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനായി ഒരു ഏക്കറിന് 30 ലക്ഷം രൂപ എന്ന നിരക്കിൽ പരമാവധി 3 കോടി രൂപ വരെ സർക്കാർ അനുവദിച്ചു നൽകും. സ്വകാര്യ മേഖലയിലും വ്യവസായ പാർക്കുകൾ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവ്വ് നൽകുക എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടിയാണ് ഈ പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്തനംതിട്ട: ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ മാത്രമാക്കാനുള്ള തീരുമാനത്തിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബുക്കിങ് ഇല്ലാതെ തന്നെ പ്രവേശിക്കുമെന്നും തടഞ്ഞാൽ ശബരിമലയിൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഒരു വെർച്വൽ ക്യൂ സംവിധാനവുമില്ലാതെ ശബരിമലയിൽ ദർശനം നടത്താൻ ഭക്തജനങ്ങളെ സഹായിക്കും. സ്‌പോട്ട് ബുക്കിംഗ് വഴി ദർശനം നടത്താൻ സർക്കാർ അനുവദിച്ചില്ലെങ്കിൽ തീർത്ഥാടകർക്കൊപ്പം തങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് വേണ്ടന്ന തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു. ഇക്കാര്യം പാർട്ടി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

തിരുവനന്തപുരം: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ വിദ്യാഭ്യാസ മികവിന് കേരളം മുന്നിലെത്തിയത് പൊതുവിദ്യാഭ്യാസ മേഖലയ്ക്കുള്ള അംഗീകാരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഗ്രാമ നഗര വ്യത്യാസമില്ലാതെ പെൺകുട്ടികളും ആൺകുട്ടികളും കേരളത്തിൽ സ്‌കൂൾ വിദ്യാഭ്യാസം നേടുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ശാരീരിക പരിമിതികൾ മൂലമാണ് അവശേഷിക്കുന്ന വിദ്യാർത്ഥികൾ സ്‌കൂളുകളിൽ എത്താത്തത്. ഇവർക്ക് വീടുകളിൽ ചെന്ന് വിദ്യാഭ്യാസം നൽകാനുള്ള സൗകര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ മികവിൽ കേരളത്തെ എത്തിച്ച അധ്യാപക സമൂഹത്തിനും പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കും നന്ദി അറിയിക്കുന്നു. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ എല്ലാ മാതാപിതാക്കളും മക്കളെ സ്‌കൂളിൽ അയച്ചു പഠിപ്പിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വിദ്യാഭ്യാസ മേഖലയുടെ മികവിന് താങ്ങായുള്ളത് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും കൂടിയാണ്. അവരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.