General (Page 46)

ഇടുക്കി: കനത്ത മൂടൽമഞ്ഞും മഴയും കാരണം ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാതകളായ സത്രം പുല്ലുമേട്, മുക്കുഴി സന്നിധാനം എന്നീ പാതകൾ വഴി ഇന്ന് അയ്യപ്പ ഭക്തരെ കടത്തി വിടില്ല. സത്രം പുല്ലുമേട് വഴി സന്നിധാനത്തേക്ക് പോകാൻ അഞ്ഞൂറോളം ഭക്തർ ഇന്നലെ രാത്രി തന്നെ എത്തിയിരുന്നു. കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രമേ കടത്തി വിടുകയുള്ളുവെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.

കുറെ ഭക്തർ പമ്പ വഴി പോയി. അവശേഷിച്ച ഭക്തർക്കായി കുമളിയിൽ നിന്നും പമ്പയിലേക്ക് പ്രത്യേക സർവീസ് നടത്തി. സീറോ പോയിന്റ്, സീതക്കുളം മേഖലയിലാണ് കനത്ത മൂടൽമഞ്ഞുണ്ടായിരുന്നത്. തുടർന്ന് മുക്കുഴി വഴിയുള്ള ഗതാഗതവും ജില്ല കളക്ടർ നിരോധിച്ചു.

അയ്യപ്പ ഭക്തരുടെ സഞ്ചാരത്തിനു നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ആവശ്യമായി വന്നാൽ ഏഴ് സ്ഥലങ്ങളിൽ താൽക്കാലിക ഷെൽട്ടർ തുറക്കാൻ കളക്ടർ നിർദേശം നൽകി.

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക സമ്മർ താരിഫ് ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാൽ തന്നെ വൈദ്യുതി നിരക്ക് വർധനവ് അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി.

നിരക്ക് വർധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയാക്കി. റിപ്പോർട്ട് കെഎസ്ഇബിക്ക് നൽകിയാൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാരുമായും ഉപഭോക്താക്കളുമായും ചർച്ചചെയ്ത് നയപരമായ തീരുമാനമെടുക്കും. ഉപഭോക്താക്കൾക്ക് പോറലേൽക്കാതെയായിരിക്കും നിരക്കുവർധനവ് ഉണ്ടാകുക. സമ്മർ താരിഫും കൊണ്ടുവരുന്നത് ആലോചനയിലുണ്ട്. വേനൽകാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധിയാണ്. ഇത് മറികടക്കാനാണ് സമ്മർ താരിഫ് പരിഗണിക്കുന്നത്. നിരക്ക് വർധനവിന് പുറമെ വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏർപ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏർപ്പെടുത്തുന്നതും പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവവന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്നതിനാൽ ഇത് മലവെള്ളപ്പാച്ചിലേക്കും മിന്നൽ പ്രളയം പോലുള്ള സാഹചര്യത്തിലേക്കും വഴി വച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ തയ്യാറാവണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

റെഡ്, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കേണ്ടതാണ്. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റെവന്യൂ-തദ്ദേശ സ്ഥാപന അധികാരികളിൽ നിന്ന് മുൻകൂറായി അറിഞ്ഞുവെക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസ്സിലാക്കി വയ്ക്കാനും ശ്രദ്ധിക്കണം.

കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൊച്ചി: എറണാകുളം ജനറൽ ആശുപത്രി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ ഒരുങ്ങുന്നത്. ഇതിനുള്ള ലൈസൻസ് കെ. സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ ആശുപത്രി സൂപ്രണ്ടിന് കൈമാറി.

എത്രയും വേഗം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. രാജ്യത്തിന് തന്നെ അഭിമാനകരമാണ് എറണാകുളം ജനറൽ ആശുപത്രി. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് ജനറൽ ആശുപത്രിയിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഹൃദയ ശസ്ത്രക്രിയാ വിദഗ്ധരുടെ സേവനം ലഭ്യമാക്കി രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയിൽ നെഞ്ച് തുറക്കാതെ വാൽവ് മാറ്റ ശസ്ത്രക്രിയ നടത്തി. ഇന്ത്യയിൽ ആദ്യമായി ഹൃദയ ശസ്ത്രക്രിയ നടത്തിയ ജില്ലാതല ആശുപത്രി കൂടിയാണ്. കാർഡിയോളജി ഉൾപ്പെടെ 7 സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ, 2 കാത്ത് ലാബുള്ള ആശുപത്രി, എൻ.എ.ബി.എച്ച്. അംഗീകാരം എന്നിവ ഈ ആശുപത്രിയുടെ പ്രത്യേകതകളാണ്. ഇത് കൂടാതെയാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

sabarimala

പത്തനംതിട്ട: അയ്യപ്പദർശനത്തിന് വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യുന്നവർ അതതു ദിവസം സമയക്രമം പാലിച്ചെത്തിയാൽ അനാവശ്യതിരക്ക് ഒഴിവാക്കാനും, ബുദ്ധിമുട്ട് ഇല്ലാതെ സുഗമമായ ദർശനം സാധ്യമാക്കാനും ഇടയാകുമെന്ന് ജില്ലാ പോലീസ്. സ്‌പോട് ബുക്കിങ് 10000 ആയി നിജപ്പെടുത്തിയിട്ടുള്ളതിനാൽ, ശബരിമല സന്ദർശനത്തിന് എത്തുന്നവർ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യുന്നത് നിർബന്ധമാണ്.

ദിവസം കഴിയുന്തോറും തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുകയാണ്. ഇന്ന് രാവിലെ 11 മണിവരെ മാത്രം ദർശനം നടത്തിയവരുടെ എണ്ണം 30,882 ആണ്, ഇതിൽ ബുക്ക് ചെയ്ത ദിവസത്തെ സ്ലോട്ടിന്റെ സമയത്തിന് മുമ്പോ ശേഷമോ എത്തിയവർ 5988 ആണ്. ആകെ കണക്കാക്കുമ്പോൾ ദർശനത്തിനായി നടതുറന്നത് മുതൽ ഇന്ന് രാവിലെ 11 വരെ ദർശനം നടത്തിയത് 11,45,625 പേരാണ്. 15 മുതൽ ഇതുവരെ, ബുക്ക് ചെയ്ത ദിവസത്തെ സ്ലോട്ടിന്റെ സമയത്തിന് മുമ്പോ ശേഷമോ എത്തിയവർ 2,01,702 ആണ്. ഇത് സൂചിപ്പിക്കുന്നത് സ്ലോട്ടിന്റെ സമയക്രമം പാലിക്കാതെ ദർശനത്തിന് എത്തുന്നവരുടെ എണ്ണം വർധിക്കുന്നതായാണ്. ഇത് ആകെയുള്ള കണക്കിനെ ബാധിക്കുന്നുണ്ട്. അനാവശ്യ തിരക്ക് ഉണ്ടാവുന്നതിനും ഇത്തരത്തിൽ ഭക്തർ എത്തുന്നത് ഇടയാക്കുന്നു. അതിനാൽ, കൃത്യമായ സമയം പാലിച്ച് ദർശനത്തിനായി ഭക്തർ എത്തുന്നത് ഉറപ്പാക്കിയാൽ സുഗമമായും, യാതൊരു ബുദ്ധിമുട്ട് ഇല്ലാതെയും, തിരക്കൊഴിവാക്കിയും അയ്യപ്പദർശനം സാധ്യമാകുമെന്നാണ് കരുതുന്നതെന്ന് ജില്ലാപോലീസ് വിലയിരുത്തുന്നു.

സംസ്ഥാനത്തുള്ളവർക്ക് തീർച്ചയായും ഇത് പാലിക്കാൻ കഴിയുമെന്നും, ഇതര സംസ്ഥാനത്തുനിന്നുള്ളവർക്ക് ഒരുപരിധിവരെ ബുക്കിങ്ങിന്റെ സമയക്രമം പാലിക്കാൻ സാധിക്കുമെന്നുമാണ് ജില്ലാ പോലീസിന്റെ വിലയിരുത്തൽ.

കൊച്ചി: ഡിജിറ്റൽ അറസ്റ്റിലൂടെ പണം തട്ടിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ മുഹമ്മദ് മുഹ്‌സിൽ, കെ പി മിസ്ഹാബ് എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി സൈബർ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ നാലു കോടി രൂപയാണ് ഇവർ കാക്കനാട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത്. സംഭവത്തിൽ കാക്കനാട് സ്വദേശിയുടെ പരാതിയിൽ സൈബർ പോലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. ഫോണിലേക്ക് വിളിച്ചശേഷം നിയമവിരുദ്ധമായ ഇടപാട് നടന്നിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് പോലീസ് എന്ന വ്യാജേന വീഡിയോ കാൾ വന്നുകൊണ്ടുള്ള ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് വ്യാപകമാകുന്നതിനിടെയാണ് സംഭവത്തിൽ മലയാളികൾ അറസ്റ്റിലാകുന്നത്. ഉത്തരേന്ത്യൻ കേന്ദ്രീകരിച്ചുള്ള ഇത്തരം സംഘങ്ങളെക്കുറിച്ച് നേരത്തെയും വിവരം ലഭിച്ചിട്ടുണ്ടെങ്കിലും കേരളത്തിലും ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരമാണ് രണ്ടുപേരുടെയും അറസ്റ്റിലൂടെ പുറത്തുവരുന്നത്.

അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫിലേക്കെന്ന വാർത്തകൾ നിഷേധിച്ച് ജോസ് കെ മാണി രംഗത്ത്. കേരള കോൺഗ്രസ്സ് മുന്നണി മാറ്റത്തിൽ ഒരു ചർച്ചയും ആരുമായും നടത്തിയിട്ടില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി.

വാർത്തകൾ വ്യാജമാണ്. അന്തരീക്ഷത്തിൽ നിന്ന് സൃഷ്ടിച്ചതാണ്. മാധ്യമങ്ങൾ വാർത്ത സ്ഥിരീകരിക്കണമായിരുന്നു. കേരള കോൺഗ്രസ്സ് എം എൽഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. പാർട്ടി യുഡിഎഫ് വിട്ടതല്ല. യുഡിഎഫിൽ നിന്ന് പുറത്താക്കിയതാണ്. കേരള കോൺഗ്രസ് എം എൽഡിഎഫിനൊപ്പം ഉറച്ച് നിൽക്കും. മതമേലധ്യക്ഷൻമാർ മുന്നണി പ്രവേശത്തിൽ ഇടപെട്ടിട്ടില്ല. മുന്നണിയിൽ ആശയക്കുഴപ്പം ഉണ്ടാക്കലാണ് ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഡിഎഫിനെ സഹായിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് വാർത്തകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലാ, കടുത്തുരുത്തി നിയമസഭാ സീറ്റുകൾ സംബന്ധിച്ച് ധാരണയായാൽ യുഡിഎഫിലേക്ക് തിരിച്ചുവരാമെന്ന നിലപാടിലാണ് കേരള കോൺഗ്രസ് എം എന്നായിരുന്നു വാർത്തകൾ.

വയനാട്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചൂരൽമല മുണ്ടക്കൈ ദുരിതബാധിതർക്കായി ഒന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തി വയനാട് എംപി പ്രിയങ്ക ഗാന്ധി. എല്ലാ രാഷ്ട്രീയത്തിലും അപ്പുറം അതിഭീകരമായ മാനുഷിക ദുരന്തമാണ് ഇവിടെ നടന്നത് അതിൽ ആരും രാഷ്ട്രീയം കാണരുത്. എല്ലാവരും മനുഷ്യരാണ്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ദുരന്തബാധിതരെ സന്ദർശിച്ചിട്ടുണ്ട്. ആ മനുഷ്യരുടെ മുഖം ഓർക്കണമെന്ന് രണ്ടുപേരോടും താൻ അഭ്യർഥിക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ദുരന്തം ഉണ്ടായപ്പോൾ എല്ലാവരും ഒന്നിച്ചു നിന്നു, ഈ യോജിപ്പ് രാഷ്ട്രീയത്തിലും കാണണം. മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനെതിരെ പൊലീസ് നടത്തിയ ലാത്തിചാർജിലും പ്രിയങ്ക ഗാന്ധി വിമർശനം ഉന്നയിച്ചു.

ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൃത്യമായ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് താൻ കത്തെഴുതും, കേന്ദ്രത്തിലും സമ്മർദം ചെലുത്തും. അതാവശ്യപ്പെട്ട യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരെ പൊലീസ് ലാത്തിച്ചാർജ് ചെയ്തു. വയനാട്ടിലേയ്ക്ക് വരുന്നത് സുരക്ഷിതമല്ലെന്നാണ് പുറത്തുനിൽക്കുന്നവർ കരുതുന്നത്.ഇവിടെ വീണ്ടും ടൂറിസം വളർത്തണം. വയനാട് അത്ര സുന്ദരമാണെന്നും കാർഷികവൃത്തി, ഭക്ഷ്യ സുരക്ഷ എന്നിവയ്ക്കെല്ലാം മുൻഗണന നൽകുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പെൻഷൻ വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർവീസിൽ തുടരവെ സമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റിയവരുടെ പേരു വിവരങ്ങൾ സർക്കാർ പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കത്തു നൽകി. അല്ലാത്ത പക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥർ കൂടി സംശയനിഴലിലാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമൂഹിക സുരക്ഷാ പെൻഷൻ ലിസ്റ്റിൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ടെന്ന് 2023 സെപ്തംബറിൽ കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ സമർപ്പിച്ച റിപ്പോർട്ടിലും കണ്ടെത്തിയിരുന്നു. പരിഹാര നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് 2022 മെയ് മാസത്തിൽ സർക്കാർ സിഎജിയെ അറിച്ചിരുന്നതുമാണ്. എന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് അദ്ഭുതകരമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

തിരുവനന്തപുരം: ഫിൻജാൽ ചുഴലിക്കാറ്റ് പുതുച്ചേരിക്കും വടക്കൻ തമിഴ്‌നാടിനും മുകളിലായി സ്ഥിതിചെയ്യുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 6 മണിക്കൂറിൽ അതിതീവ്ര ന്യുന മർദ്ദമായി ശക്തി കുറയാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നാളെ അതിതീവ്ര മഴയ്ക്കും ഡിസംബർ 4 വരെയുള്ള തീയതികളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഡിസംബർ രണ്ടിന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഡിസംബർ രണ്ടിന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

  • ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം.
  • സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.
  • ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
  • സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
  • വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.
  • ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
  • മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.
  • ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം.
  • റെഡ്, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കേണ്ടതാണ്. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റെവന്യൂ-തദ്ദേശ സ്ഥാപന അധികാരികളിൽ നിന്ന് മുൻകൂറായി അറിഞ്ഞു വെക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസ്സിലാക്കി വെക്കേണ്ടതുമാണ്.
  • ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/…/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
  • ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
  • മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
  • കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്.
  • വൈദ്യതി ലൈനുകൾ പൊട്ടി വീണ് കൊണ്ടുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുന്നേ വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവർ, ക്ലാസുകളിൽ പോകുന്ന കുട്ടികൾ തുടങ്ങിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയിൽ പെട്ടാൽ 1912 എന്ന നമ്പറിൽ KSEB യെ അറിയിക്കുക.
    കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.