General (Page 45)

കോഴിക്കോട് ജില്ലയിലെ വിലങ്ങാട്ടുണ്ടായ ഉരുൾപൊട്ടൽ ദുരന്തം അനുഭവിക്കുന്ന ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന്  റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. വിലങ്ങാട്ടെ പുനരധിവാസവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൂരൽമലയിലെ ദുരന്തബാധിതർക്കു നൽകുന്ന അതേ പരിഗണന വിലങ്ങാട്ടും നൽകുമെന്നും മന്ത്രി അറിയിച്ചു. ദുരന്ത ബാധിത പ്രദേശങ്ങളിൽ ഡ്രോൺ ഇമാജിനേഷൻ എന്ന സ്ഥാപനം മുഖേന ലിഡാർ സർവ്വെ നടത്തിയ റിപ്പോർട്ട് ഇതിനകം സമർപ്പിച്ചിട്ടുണ്ട്. ആ പ്രദേശങ്ങളിൽ കോഴിക്കോട് എൻ ഐ ടിയിലെ വിദഗ്ധ സംഘം പരിശോധന നടത്തി പ്രദേശങ്ങൾ വാസ യോഗ്യമാണോ എന്ന കാര്യത്തിൽ റിപ്പോർട്ട് തയ്യാറാക്കി ജനുവരിയിൽ കൈമാറുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. 

ദുരന്ത പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ സാധിക്കുന്ന വിളകളെ സംബന്ധിച്ച് പഠനം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് കേരള കാർഷിക സർവ്വകലാശാലയിലെ വിദഗ്ധരടങ്ങുന്ന ഒരു പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിന് യോഗം തീരുമാനിച്ചു. അതിനാവശ്യമായ നിർദേശം കൃഷി വകുപ്പ് മന്ത്രി നൽകി കഴിഞ്ഞു. ഉരുൾ പൊട്ടലിന്റെ ഫലമായി പുഴയിൽ അടിഞ്ഞു കൂടിയ എക്കലും മറ്റു അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായി 2 കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും അനുവദിക്കും. ഇതിനായി മേജർ ഇറിഗേഷൻ റിപ്പോർട്ടും എസ്റ്റിമേറ്റും തയ്യാറാക്കി ജില്ലാ കളക്ടർ മുഖനേ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണം. ദുരന്തത്തിൽ തകർന്നവ പുനർ നിർമ്മിക്കുന്നതിനുള്ള 7 പ്രവൃത്തികൾക്കായി 49,60,000 രൂപ മൈനർ ഇറിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കി ചീഫ് എഞ്ചീനിയർ മുഖേന ജലവിഭവ വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി കണ്ട് റവന്യൂ ദുരന്തനിവാരണ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറുന്ന മുറയ്ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും അനുവദിക്കുന്നതിനും യോഗം തീരുമാനിച്ചു. പുഴയുടെ തകർന്ന പാർശ്വ ഭിത്തികൾ പുനർ നിർമ്മിക്കുന്നതിന് 3,13,47,165 രൂപയാണ് എസ്റ്റിമേറ്റ് സമർപ്പിച്ചിരിക്കുന്നത്. അതിൽ കല്ലിന്റെ വിലയായി കണ്ടെത്തിയ 1,19,94,145 രൂപ ഒഴികെയുള്ള 1,93,53,020 രൂപ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തണമെന്നും യോഗം തീരുമാനമെടുത്തു. ദുരന്ത ബാധിതരായി താത്കാലിക വാടക വീടുകളിൽ താമസിക്കുന്ന 92 കുടുംബങ്ങൾക്ക് നൽകുവാൻ തീരുമാനിച്ചിട്ടുള്ള 6000 രൂപ വീതം കൃത്യമായി ലഭിക്കുന്നു എന്നുള്ളത് ഉറപ്പു വരുത്തുമെന്നും റവന്യൂ മന്ത്രി പറഞ്ഞു. ജീവനോപാധി നഷ്ടപ്പെട്ടവർക്കായുള്ള ധനസഹായത്തിന്റെ ഭാഗമായി ഓരോ കുടംബത്തിലേയും മുതിർന്ന രണ്ട് പേർക്ക് നൽകുവാൻ തീരുമാനിച്ച 300 രൂപ ദിവസ വേതനം 90 ദിവസത്തേക്ക് പൂർണ്ണമായും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.  ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള നഷ്ടപരിഹാര തുക സർക്കാർ തീരുമാനിക്കുന്നതിന് അനുസരിച്ച് അതിവേഗം നടത്താനും അതുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങൾ കളക്ടർ, എംഎൽഎ, തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികൾ എന്നിവർ ചേർന്ന്  തയ്യാറാക്കുന്നതിനും യോഗം നിർദേശം നൽകി.

ഉന്നതവിദ്യാഭ്യാസമേഖലയില്‍ കരിക്കുലം, വിദ്യാഭ്യാസനയങ്ങള്‍ എന്നിവയുടെ പരിഷ്‌കരണത്തിന് വിദഗ്ധസമിതികള്‍ നടത്തുന്ന ഇടപെടലുകളുടെയും നിര്‍ദേശങ്ങളുടെയും തുടര്‍ച്ചയായി സമഗ്രവും സമൂലവുമായ ദിശാമാറ്റം അനിവാര്യമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ നടത്തിപ്പിനായി ചുമതലപ്പെടുത്തിയ കമ്മറ്റികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തുന്നതിലും വിദ്യാര്‍ത്ഥികളുടെ സംരംഭകത്വ താല്‍പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും ഊന്നല്‍ നല്‍കുന്ന തരത്തില്‍ വിജ്ഞാനാധിഷ്ഠിതസമൂഹം കെട്ടിപ്പടുക്കുന്നതിന് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഷേപ്പിംഗ് കേരളാസ് ഫ്യൂചര്‍ – ഇന്റര്‍നാഷണല്‍ കോണ്‍ക്ലേവ് ഓണ്‍ നെക്സ്റ്റ്-ജെന്‍ ഹയര്‍ എജുക്കേഷന്‍ ജനുവരി 14, 15 തീയതികളിലായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്.ആഗോളതലത്തിലുള്ള മാറ്റങ്ങളുടെ ഗതിവേഗം ഉള്‍ക്കൊണ്ട് കൊണ്ട്  പ്രഖ്യാപിച്ച രാജ്യാന്തര കോണ്‍ക്ലേവ് സര്‍ക്കാരിന്റെ വിഷന്റെ കൂടി ഭാഗമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.  

കേരളം ഇനി മസ്തിഷ്‌കനേട്ടത്തിന്റെയും റിവേഴ്സ് മൈഗ്രേഷന്റെയും കാലഘട്ടമാണ് കാണാന്‍ പോകുന്നതെന്ന് യോഗത്തിന്റെ മുഖ്യാതിഥിയായ നിയമ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായമേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കാണുന്നത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഗവേഷകരും, അക്കാദമികസമൂഹവും വ്യവസായവും ഒരുമിച്ച് പോകുന്ന ഒരു എക്കോസിസ്റ്റം ഉണ്ടാകേണ്ടത് അനിവാര്യമാണ്. മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള നയരൂപീകരണത്തിനെ സ്വാധീനിക്കാനും വ്യവസായ, വിദ്യാഭ്യാസ മേഖലകളില്‍ മുന്നേറ്റങ്ങള്‍ കൊണ്ട് റിവേഴ്സ് മൈഗ്രേഷന്‍ സാധ്യമാക്കാനും ഇതുപോലുള്ള സമ്മേളനങ്ങള്‍ വലിയ പങ്കു വഹിക്കുമെന്നും മന്ത്രി രാജീവ് പറഞ്ഞു.

നൂതന സമീപനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഗവേഷണ, അക്കാദമിക പ്രവര്‍ത്തനങ്ങളിലെ മികവുകള്‍ പങ്കിടുന്നതിനും ലക്ഷ്യമിടുന്ന കോണ്‍ക്ലേവ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളെയും അവസരങ്ങളെയും അഭിസംബോധന ചെയ്യുന്ന  വേദിയാകും. കോണ്‍ക്ലേവിന്റെ രണ്ടു ദിവസങ്ങളിലായി കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെക്കുറിച്ചുള്ള ആഗോളവീക്ഷണം, ഗവേഷണമികവ്, സാമ്പത്തിക സുസ്ഥിരത, നിര്‍മിതബുദ്ധി, നയരൂപീകരണത്തില്‍ ഗവേഷണങ്ങളുടെ പങ്ക്, തൊഴില്‍മേഖല, അധ്യാപനമേഖലയിലെ മാറ്റങ്ങള്‍, വിദ്യാര്‍ത്ഥി യൂണിയനുകളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉന്നതവിദ്യാഭ്യാസമേഖലയില്‍ ഉണ്ടാക്കുന്ന പ്രതിഫലനത്തെക്കുറിച്ച് പ്ലീനറി സെഷനുകളും പാരലല്‍ സെഷനുകളും നടക്കും. അന്താരാഷ്ട്ര വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ വിവിധ പ്രീ കോണ്‍ക്ലേവ് ഇവന്റുകള്‍ കൊച്ചിയിലെ മികവുറ്റ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നടത്താനും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

എംഎല്‍എ മാരായ കെ ജെ മാക്‌സി, സി കെ ആശ,കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗ്ഗീസ്, കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. എം. ജുനൈദ് ബുഷിരി, രജിസ്ട്രാര്‍ ഡോ. എ. യു അരുണ്‍, കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ചെയര്‍മാന്‍ സയീദ് മിര്‍സ, വിവിധ സര്‍വകലാശാലകളിലെ വൈസ്ചാന്‌സലര്‍മാര്‍,  കോളേജ് അധ്യാപക സംഘടനാപ്രതിനിധികള്‍, കുസാറ്റ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, വിവിധ വകുപ്പുമേധാവികള്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

തിരുവനന്തപുരം: കേരള സംസ്ഥാന ഐടി മിഷന്റെ പദ്ധതിയായ ഇ-ഡിസ്ട്രിക്ട് പോർട്ടലിലെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് യൂസർ അക്കൗണ്ട് സൃഷ്ടിക്കുന്നതിന് ആധാർ അധിഷ്ടിത ഒ.ടി.പി. സംവിധാനം പ്രാബല്യത്തിലായി. നിലവിൽ യൂസർ അക്കൗണ്ട് തുറക്കുന്ന സമയം നൽകുന്ന മൊബൈൽ നമ്പറിലേക്കാണ് ഒടിപി ലഭിക്കുന്നത്. എന്നാൽ ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉപഭോക്താവിന്റെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് മാത്രം ഒ.ടി.പി. നൽകാനുള്ള സംവിധാനം ഏർപ്പെടുത്തുന്നത്. യൂസർ അക്കൗണ്ട് ക്രിയേഷൻ, പുതിയ ആപ്ലിക്കന്റ് രജിസ്ട്രേഷൻ, നിലവിലെ രജിസ്ട്രേഷൻ തിരുത്തൽ, യൂസർ നെയിം റിക്കവറി, പാസ്വേഡ് റീസെറ്റ്, ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷൻ പരിശോധന എന്നീ ഘട്ടങ്ങളിൽ ഒ.ടി.പി. അനിവാര്യമാണ്. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപഭോക്താക്കൾ ആധാറുമായി ബന്ധിപ്പിക്കണം. നിലവിൽ ‘ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ അക്കൗണ്ട് ഉള്ളവർക്ക് ലോഗിൻ ചെയ്തതിന് ശേഷം പ്രൊഫൈൽ പേജിൽ ആധാർ നമ്പരുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാം.

സർക്കാർ സേവനങ്ങൾ, സർക്കാർ ഓഫീസുകൾ സന്ദർശിക്കാതെ ജനങ്ങൾക്ക് ഇന്റർനെറ്റ് മുഖേന നേരിട്ട് ലഭ്യമാക്കുവാനായി 2010-ൽ ആരംഭിച്ച പദ്ധതിയാണ് ‘ഇ-ഡിസ്ട്രിക്ട്’. റവന്യൂ വകുപ്പിന്റെ 23 ഇനം സർട്ടിഫിക്കറ്റ് സേവനങ്ങളും, വന്യജീവി ആക്രമണത്തിനാൽ ഉണ്ടാകുന്ന നഷ്ടപരിഹാരങ്ങൾക്കുള്ള ആറിനം അപേക്ഷകൾ വനം വകുപ്പിന് സമർപ്പിക്കാനുള്ള സേവനങ്ങളും, നേച്ചർ ക്യാമ്പ് റിസർവേഷൻ സേവനവും, പബ്ലിക് യൂട്ടിലിറ്റി ബില്ലുകളുടെ പെയ്‌മെന്റ് മുതലായ സേവനങ്ങളും ‘ഇ-ഡിസ്ട്രിക്ട്’ മുഖേന നൽകുന്നു. ഇതുവരെ 12 കോടിയിലധികം അപേക്ഷ ‘ഇ-ഡിസ്ട്രിക്ട് വഴി ലഭിച്ചു.

തിരുവനന്തപുരം: മൂന്ന് വർഷത്തെ അധ്യാപക സ്ഥിരനിയമനം റദ്ദാക്കുവാനോ, നിലവിൽ അംഗീകരിച്ച നിയമനങ്ങൾ പുനഃപരിശോധിക്കുവാനോ നിർദ്ദേശം നൽകിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച് വന്ന വാർത്ത തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ റിട്ട് അപ്പീൽ 1445/2022 ഉൾപ്പെടെയുള്ള ഒരു കൂട്ടം ഹർജികളുടെ 13.03.2023 ലെ വിധിന്യായത്തിന്റെ അവസാന ഖണ്ഡികയിലെ നാലാമത്തെ അഡിഷണൽ നിർദ്ദേശ പ്രകാരം, 08.11.2021 ന് ശേഷം ഉണ്ടാകുന്ന ഒഴിവുകളിൽ 10.08.2022 ലെ wp© 11673/2022നം വിധി ന്യായത്തിലേയും റിട്ട് അപ്പീൽ 1445/2022 നം വിധിന്യായത്തിലേയും നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നത് വരെ, എയ്ഡഡ് സ്‌കൂളുകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ മാത്രമേ ബന്ധപ്പെട്ട മാനേജർമാർ നിയമനം നടത്താവൂ എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രസ്തുത നിർദ്ദേശം പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ സർക്കാർ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് നിർദ്ദേശിച്ചിരുന്നു.

ആയതിന്റെ അടിസ്ഥാനത്തിൽ, ഹൈക്കോടതി വിധിന്യായങ്ങൾക്ക് വിരുദ്ധമായി സമർപ്പിക്കുന്ന നിയമന പ്രപ്പോസലുകൾ തിരികെ നൽകുന്നതിനും അവ വിധിന്യായം പാലിച്ച് സമർപ്പിക്കുമ്പോൾ അംഗീകരിക്കുന്നതിനും വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദ്ദേശം നൽകുക മാത്രമാണ് ഉണ്ടായിട്ടുള്ളത്.

പരസ്പര വിരുദ്ധമോ, അവ്യക്തമായതോ ആയ സർക്കുലറുകൾ എന്ന് പറയുന്നുണ്ടെങ്കിലും അവ ഏതെന്ന് പത്രവാർത്തയിൽ വ്യക്തമാക്കിയിട്ടില്ല. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും അപ്രകാരമുള്ള സർക്കുലറുകൾ നൽകിയിട്ടുമില്ല. എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നിയമനാംഗീകാര നടപടികൾ കൂടുതൽ വേഗത്തിൽ പൂർത്തിയാക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ മാത്രമാണ് ഭിന്നശ്ശേഷി സംവരണവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ളത് മന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: കേരളത്തിലെ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയൽ റെസിസ്റ്റൻസ് പ്രതിരോധിക്കാനും പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം (എഎംആർ സർവെയലൻസ് റിപ്പോർട്ട്) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പുറത്തിറക്കി. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെയാണ് മന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്. 2022ൽ ഈ സർക്കാരിന്റെ കാലത്താണ് രാജ്യത്ത് ആദ്യമായി 2021ലെ ആന്റി ബയോഗ്രാം പുറത്തിറക്കുന്നത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് കേരളം ചിട്ടയായ പ്രവർത്തനങ്ങളോടെ ആന്റിബയോഗ്രാം പുറത്തിറക്കുന്നത്. ലോക ആന്റിബയോട്ടിക് അവബോധ വാരാചരണത്തിന്റെ ഭാഗമായി ബഹുഭൂരിപക്ഷം പഞ്ചായത്തുകളിലുൾപ്പെടെ ശക്തമായ ബോധവത്ക്കരണ പ്രവർത്തനങ്ങളാണ് നടത്തിയത്. വീടുകളിൽ എത്തിയുള്ള ബോധവത്ക്കരണ പരിപാടിയിൽ മന്ത്രി വീണാ ജോർജ് നേരിട്ട് പങ്കാളിയായി.

കാർസ്നെറ്റ് ശൃംഖലയിൽ ഉൾപ്പെട്ട ത്രിതീയ ആരോഗ്യ കേന്ദ്രങ്ങളുടേതാണ് ഈ റിപ്പോർട്ട്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മനസിലാക്കാനും അതിലൂടെ കർമ്മപദ്ധതി ആവിഷ്‌ക്കരിച്ച് അത് കുറയ്ക്കാനും ആന്റിബയോഗ്രാം റിപ്പോർട്ടിലൂടെ സാധിക്കുന്നു. സംസ്ഥാന ആന്റി ബയോഗ്രാം റിപ്പോർട്ടിൽ നിന്നും ആന്റിബയോട്ടിക് റെസിസ്റ്റൻസ് തോത് വലിയ ഭീഷണിയായി തന്നെ നിലനിൽക്കുന്നതായാണ് കാണുന്നത്.

കേരള ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ (കാർസാപ്), കേരള ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് സർവൈലൻസ് നെറ്റ് വർക്ക് (കാർസ് നെറ്റ്) എന്നിവ രൂപീകരിച്ചാണ് എഎംആർ പ്രതിരോധം ശക്തമാക്കിയത്. എഎംആർ പ്രതിരോധം വിലയിരുത്തുന്നതിന് 9 ജില്ലകളിലെ 21 ലാബുകളിൽ നിന്നും 13 ജില്ലകളിളെ 51 ലാബുകളായി, ലബോറട്ടറികളുടെ ശൃംഖല ഘട്ടം ഘട്ടമായി വികസിച്ചു. ആന്റിമൈക്രോബിയൽ ഡാറ്റയുടെ ശേഖരണത്തിനും വിശകലനത്തിനും ഡബ്ല്യുഎച്ച്ഒ നെറ്റ് (WHONET) സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്.

2023 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള എഎംആർ ഡേറ്റയാണ് ഈ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈ കാലയളവിൽ 11 ജില്ലകളിൽ നിന്നുള്ള 34 നിരീക്ഷണ ലബോറട്ടറികളാണ് ഡേറ്റ സമർപ്പിച്ചത്. 45,397 മുൻഗണനാ രോഗകാരികളുടെ ആന്റിമൈക്രോബയൽ സസെപ്റ്റിബിലിറ്റി (എ.എസ്.ടി.) സംവേദ്യത ഡേറ്റയും ഈ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രാഥമിക തലത്തിലും ദ്വിതീയ തലത്തിലുമുള്ള ആശുപത്രികളിലെ ആന്റിബയോഗ്രാം തയ്യാറാക്കുന്നതിനായി രാജ്യത്തിലാദ്യമായി ഹബ്ബ് ആന്റ് സ്പോക്ക് മോഡൽ ഫോർ എഎംആർ സർവൈലൻസ് കേരളം ആരംഭിച്ചിരുന്നു. രാജ്യത്ത് കേരളത്തിൽ മാത്രമേ ഈ നിരീക്ഷണ സംവിധാനമുള്ളൂ. അതിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി എറണാകുളം ജില്ലയിലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി. ജില്ലാതല ആന്റിബയോഗ്രാം അടിസ്ഥാനമാക്കി എറണാകുളം ജില്ലയുടെ ആന്റിബയോട്ടിക് മാർഗരേഖ ഇന്നലെ മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. ശക്തമായ ഹബ്ബ് ആന്റ് സ്പോക്ക് എഎംആർ സർവൈലൻസിലൂടെ അടുത്ത വർഷത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കും.

സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് കേരളം പ്രവർത്തിക്കുന്നത്. എല്ലാ ജില്ലകളിലും ജില്ലാതല ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് കമ്മിറ്റികളും ബ്ലോക്ക് തല കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ ആന്റിബയോട്ടിക്കുകൾ മെഡിക്കൽ സ്റ്റോറുകളിൽ വിൽക്കാൻ പാടില്ല എന്ന സർക്കാർ നിർദേശത്തിന്റെ ഫലമായി കേരളത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ 20 മുതൽ 30 ശതമാനം വരെ ഈ വർഷം കുറവുണ്ടായി. എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.

ന്യൂഡൽഹി: ചെങ്ങന്നൂർ മുൻ എംഎൽഎ കെ കെ രാമചന്ദ്രന്റെ മകൻ ആർ പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ശരി വച്ച് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തു കൊണ്ട് സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കേരള സബോർഡിനേറ്റ് സർവീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ചാണ് പ്രശാന്തിന് ജോലി നൽകിയത്.

പ്രശാന്തിന് യോഗ്യതകളെല്ലാം ഉണ്ടെന്നും മറ്റാരുടെയും അവകാശം നിഷേധിച്ചിട്ടില്ലെന്നും മറ്റാർക്കും അവസരം നഷ്ടപ്പെട്ടില്ലെന്നും സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചെങ്കിലും ഒരു എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകുമെന്ന് കോടതി ചോദിച്ചു. പ്രശാന്തിന് 2018 ജനുവരിയിലാണ് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റൻറ് എൻജിനീയറുടെ തസ്തിക സൃഷ്ടിച്ച് നിയമനം നൽകിയത്.

എന്നാൽ നിയമനം ഭരണഘടനയുടെ 14,13 അനുച്ഛേദങ്ങളുടെ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. പാലക്കാട് സ്വദേശി അശോക് കുമാർ നൽകിയ ഹർജിയിലായിരുന്നു നടപടി. എംഎൽഎ സർക്കാർ ജീവനക്കാരനല്ലാത്തതിനാൽ മകന് ആശ്രിത നിയമനം നൽകാൻ വ്യവസ്ഥയില്ലെന്നും പിതാവിന്റെ മരണത്തെ തുടർന്ന് നിയമസഭാ സീറ്റ് ആവശ്യപ്പെടാതിരിക്കാൻ മകന് ജോലി നൽകിയെന്നുമാണ് ഹർജിയിൽ ആരോപിച്ചിരുന്നത്.

ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണത്തിൽ കടുത്ത നടപടിയുമായി സുപ്രീം കോടതി. 4 സംസ്ഥാനങ്ങളിലെയും ഡൽഹിയിലെയും ചീഫ് സെക്രട്ടറിമാർ വ്യാഴാഴ്ച ഹാജരാകണമെന്നാണ് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് സെക്രട്ടറിമാർക്ക് സമൻസ് അയച്ചു. യുപി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കാണ് സമൻസ് അയച്ചിരിക്കുന്നത്. ക്ഷമയ്ക്ക് പരിധിയുണ്ടെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മണിമല നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. മണിമല നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് (ഓറഞ്ച് അലർട്ട്) പ്രഖ്യാപിച്ചിരിയ്ക്കുന്നു.

സംസ്ഥാന ജലസേചന വകുപ്പിന്റെ പത്തനംതിട്ട ജില്ലയിലെ വള്ളംകുളം (Thondra) സ്റ്റേഷനിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാൽ മണിമല നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കൊച്ചി: വൈദ്യുതി ബോർഡിലെ കെടുകാര്യസ്ഥതക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സാധാരണക്കാരാണ് വൈദ്യുതി വകുപ്പിലെ കെടുകാര്യസ്ഥതയുടെ തിക്തഫലം അനുഭവിക്കുന്നതെന്ന് വി ഡി സതീശൻ വ്യക്തമാക്കി.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വൈദ്യുതി ബോർഡിനെ ലാഭത്തിലാക്കി കടം കുറച്ചുകൊണ്ടുവന്നു. 2016-ൽ അധികാരത്തിൽ നിന്നും ഇറങ്ങുമ്പോൾ വൈദ്യുതി ബോർഡിന്റെ അതുവരെയുള്ള കടം 1083 കോടി രൂപയായിരുന്നു. ഇപ്പോൾ അത് 45,000 കോടിയായി. കെടുകാര്യസ്ഥതയാണ് വൈദ്യുതി ബോർഡിൽ നടക്കുന്നത്. സാധാരണക്കാരാണ് അതിന്റെ തിക്തഫലം അനുഭവിക്കുന്നത്. ഇപ്പോൾ മൂന്നാമത്തെ തവണ ചാർജ് കൂട്ടാനാണ് വൈദ്യുതി ബോർഡ് തീരുമാനിച്ചിരിക്കുന്നത്. കയ്യിൽ പണമില്ലാത്ത സർക്കാരാണ് അനർഹരമായവർക്ക് പെൻഷൻ നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

അനർഹർ പെൻഷൻ വാങ്ങുന്നുണ്ടെന്ന് സിഎജി ചൂണ്ടിക്കാട്ടിയിട്ടും രണ്ടു വർഷമായി ഈ സർക്കാർ എവിടെയായിരുന്നു. ശമ്പളം കൈപ്പറ്റുന്നതിനൊപ്പം സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നത് ഗുരുതര കുറ്റകൃത്യമാണ്. അത്തരക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തട്ടിപ്പ് കാട്ടിയവരുടെ പേരുകൾ പുറത്തു വിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും സർക്കാർ എന്തുകൊണ്ട് വൈകുന്നു എന്നതു സംശയകരമാണ്. എയ്ഡഡ് സ്‌കൂളുകളിൽ മൂന്ന് വർഷം മുൻപ് സ്ഥിര നിയമനം കിട്ടിയ അധ്യാപകരെ ദിവസ വേതനക്കാരാക്കി മാറ്റാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ സർക്കാരിനല്ലാതെ ആർക്ക് ഇത്തരം തലതിരിഞ്ഞ തീരുമാനങ്ങൾ എടുക്കാനാകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: സുപ്രീം കോടതി സമുച്ചയത്തിൽ തീപിടുത്തം. കോടതി നമ്പർ 11നും കോടതി നമ്പർ 12നും ഇടയിലുള്ള വെയിറ്റിങ് ഏരിയയിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്.

ഉടൻ തന്നെ തീ അണച്ചതിനാൽ വൻദുരന്തമാണ് ഒഴിവായത്. തീപിടിച്ച് പുക ഉയർന്ന ഉടനെ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ചേർന്ന് അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു.

നേരിയ തീപിടിത്തമാണ് ഉണ്ടായതെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. സംഭവത്തെ തുടർന്ന് സ്ഥലത്ത് പുക പടലം ഉയർന്നു. സംഭവത്തെ തുടർന്ന് കോടതി നമ്പർ 11ലെ നടപടികൾ താത്കാലികമായി നിർത്തിവെച്ചു.