ശബരിമലയിലെ വിഐപി ദർശനം: ദിലീപിനും സംഘത്തിനും പ്രത്യേക പരിഗണന ലഭിച്ചത് എങ്ങനെയെന്ന ചോദ്യവുമായി ഹൈക്കോടതി

കൊച്ചി: നടൻ ദിലീപിന്റെയും സംഘത്തിന്റെയും ശബരിമലയിലെ വിഐപി ദർശനത്തിൽ കർശവന നിലപാട് സ്വീകരിച്ച് ഹൈക്കോടതി. ശബരിമലയിൽ ദിലീപിനും സംഘത്തിനും പ്രത്യേക പരിഗണന ലഭിച്ചത് ഗൗരവകരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്ന് കോടതി ചോദിക്കുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ആദ്യ നിരയിലെ എല്ലാ ഭക്തരെയും ദിലീപിന് വേണ്ടി തടഞ്ഞുവെന്നും ഇത് എങ്ങനെ അനുവദിക്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. മറ്റ് ഭക്തരെ തടഞ്ഞ് ഇത്തരം കാര്യങ്ങൾ അനുവദിക്കാനാവില്ല. ഇത്തരം കാര്യങ്ങൾ ചെയ്യാൻ ഒരു ഉദ്യോഗസ്ഥനും അധികാരമില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവെന്നും മറ്റ് ഭക്തർക്ക് ബുദ്ധിമുട്ട് നേരിട്ടുവെന്ന് മനസിലായിയെന്നും കോടതി പറഞ്ഞു.

വിഷയത്തിൽ എന്ത് നടപടിയെടുത്തുവെന്നും ഹൈക്കോടതി ചോദിച്ചു. അതേസമയം, നടന് പൊലീസ് യാതൊരു പ്രത്യേക പരിഗണനയും ചെയ്തുനൽകിയിട്ടില്ലെന്നും ദേവസ്വം ഗാർഡുകളാണ് വേണ്ടതെല്ലാം ചെയ്തുകൊടുത്തതെന്നുമുള്ള റിപ്പോർട്ട് നേരത്തെ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. സന്നിധാനം സ്‌പെഷ്യൽ ഓഫീസർ പി ബിജോയ് ആണ് റിപ്പോർട്ട് സമർപ്പിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത്.