General (Page 42)

തിരുവനനന്തപുരം: ഇന്ത്യയിലെ ഏറ്റവും മികച്ച ജൈവവൈവിധ്യ സൗഹൃദ സംസ്ഥാനമായി 2030 ൽ കേരളത്തെ മാറ്റുന്നതിനുള്ള ജനകീയ പദ്ധതികൾ സർക്കാർ നടപിലാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 2022 ലെ ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങൾ മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തിന്റെ 1.18 ശതമാനം മാത്രം വരുന്ന സംസ്ഥാനമാണ് കേരളം. ഏന്നാൽ രാജ്യത്തിൻറെ ജൈവസമ്പത്തിൻറെ 25 ശതമാനവും ഇവിടെയാണ്. ചില ജീവിവർഗങ്ങളുടെ കാര്യമെടുത്താൽ അവയുടെ 80 ശതമാനത്തോളം കേരളത്തിലുണ്ട്. അതുകൊണ്ടുതന്നെ പരിസ്ഥിതി / ജൈവവൈവിധ്യ സംരക്ഷണം മുൻനിർത്തിയുള്ള വികസന കാഴ്ചപ്പാടാണ് സർക്കാർ നടപ്പാക്കിവരുന്നത്. ഈ ഭൂമി നമുക്ക് മാത്രമുള്ളതല്ല വരും തലമുറകൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന ചിന്ത എപ്പോഴും ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൈവവിഭവങ്ങളുടെ സംരക്ഷണം പോലെ തന്നെ പ്രധാനമാണ് അവയുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകളുടെ സംരക്ഷണവും. തലമുറകളായി കൈമാറിവരുന്ന നമ്മുടെ പരമ്പരാഗത അറിവുകൾ ജൈവവൈവിധ്യ നിയമപ്രകാരം സംരക്ഷിക്കുന്നതിനായി ഡിജിറ്റൽ ലൈബ്രറി തയ്യാറാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പ്രാദേശിക ജൈവവൈവിധ്യ കർമ്മപദ്ധതിയിൽ ഹ്രസ്വ, ദീർഘകാല പദ്ധതികൾ ആവിഷ്‌കരിച്ച് ഗൗരവമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ ഭൂമിയിൽ ജീവജാലങ്ങളുടെ നിലനിൽപ്പ് വളരെയഥികം വെല്ലുവിളികൾ നേരിടുന്ന കാലമാണ്. ആഗോളതാപനത്തെയും കാലാവസ്ഥ വ്യതിയാനത്തെയും അനന്തരഫലങ്ങൾ കഴിഞ്ഞ കുറച്ചുവർഷങ്ങളായി ലോകം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കേരളവും ഇതിൽനിന്ന് മുക്തമല്ല. അതിതീവ്രമഴ, പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങൾ മനുഷ്യന്റെ ജീവനും സ്വത്തിനും കനത്ത നാശം ഉണ്ടാക്കുന്നതോടൊപ്പം ആവാസവ്യവസ്ഥയേയും തകർക്കുന്നു. പ്രകൃതി സംരക്ഷണം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ഈ അനുഭവങ്ങൾ കാട്ടിത്തരുന്നു എന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

മികച്ച ജൈവവൈവിധ്യ പരിപാലന സമിതിക്കുള്ള അവാർഡ് ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ബി.എം.സി.യും രണ്ടാം സ്ഥാനം കടലുണ്ടി ഗ്രാമപഞ്ചായത്ത് ബി.എം.സി.യും കരസ്ഥമാക്കി. കുട്ടികളുടെ സംസ്ഥാനതല ജൈവവൈവിധ്യ കോൺഗ്രസിലെ വിജയികൾക്കും യൂത്ത് ഐഡിയേഷൻ ചലഞ്ച് വിജയികൾക്കും മുഖ്യമന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു. ജൈവവൈവിധ്യ സംരക്ഷണത്തിന് വിവിധതലങ്ങളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച സ്ഥാപനങ്ങളെയും വ്യക്തികളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ, പ്രമോദ് ജി. കൃഷ്ണൻ, ഡോ. സാബു എ, ഡോ. എൻ.അനിൽകുമാർ, ഡോ. വി.ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: ഡിജിറ്റൽ അറസ്റ്റ് എന്ന ഒരു സംഭവമേ ഇന്ത്യയിൽ ഇല്ലെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. അന്വേഷണത്തിനായി നിങ്ങളുടെ അക്കൗണ്ടിലെ പണം ആർക്കെങ്കിലും കൈമാറണമെന്ന് ഇന്ത്യയിലെ ഒരു അന്വേഷണ ഏജൻസിയും നിങ്ങളോട് ആവശ്യപ്പെടില്ലെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിന് ആവശ്യമുണ്ടെന്നു തോന്നുന്നപക്ഷം നിങ്ങളുടെ അക്കൗണ്ട് നിയമപരമായി മരവിപ്പിക്കാൻ പോലീസിനും മറ്റ് ഏജൻസികൾക്കും അധികാരമുണ്ട്.

അതുകൊണ്ടുതന്നെ, നിങ്ങളുടെ പണം കൈമാറണമെന്നോ ഒടിപി നൽകണമെന്നോ ബാങ്ക് അക്കൗണ്ട് നമ്പർ വേണമെന്നോ ആരെങ്കിലും നിങ്ങളോട് ആവശ്യപ്പെട്ടാൽ ഓർത്തോളൂ, അത് തട്ടിപ്പാണ്. ഒരിക്കലും അതിനു വഴങ്ങരുത്. അഥവാ സാമ്പത്തികത്തട്ടിപ്പിൽ പെട്ടുപോയാൽ എത്രയും വേഗം 1930 എന്ന നമ്പറിൽ പോലീസിനെ വിവരം അറിയിക്കുക. തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനകം ഈ നമ്പറിൽ വിവരമറിയിച്ചാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും പോലീസ് ഓർമ്മിപ്പിച്ചു.

കൊച്ചി: കോടതി നിർദേശങ്ങൾ ലംഘിച്ച് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ആനകളെ എഴുന്നള്ളിച്ചതിൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചു. ഹൈക്കോടതിയാണ് കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചത്. ദേവസ്വം ഓഫീസർ അടക്കമുളളവർക്ക് നോട്ടീസ് അയക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.

നാട്ടാന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ പാലിക്കാതിരിക്കാൻ മനഃപൂർവമായ ശ്രമമുണ്ടായെന്ന് കരുതേണ്ടി വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ദേവസ്വം ഓഫീസർ നൽകിയ സത്യവാങ്മൂലം സ്വീകരിക്കാനാകില്ല. 15 ആനകളെയും എഴുന്നള്ളിച്ചില്ലെങ്കിൽ ഭക്തർ എതിരാകുമെന്ന വാദവും അംഗീകരിക്കാൻ കഴിയില്ല. ഈ പോക്കുപോയാൽ നിയമം ഇല്ലാത്ത നാടായി ഇവിടെ മാറും. ഇത് അംഗീകരിക്കാനാകില്ല എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്.

തിരുവനന്തപുരം: പ്രധാനപ്പെട്ട ഫിലിം ഫെസ്റ്റിവലുകളിൽ നിർണായക സ്ഥാനം വഹിക്കുന്ന ഫിലിം മാർക്കറ്റുകൾ പോലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന കേരള ഫിലിം മാർക്കറ്റ് രണ്ടാം പതിപ്പിലേക്ക് എത്തുമ്പോൾ പരിമിതികൾ മറികടന്ന് ഏറെ ദൂരം മുന്നോട്ടു പോയിട്ടുണ്ടെന്ന് ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാൻ പറഞ്ഞു. സിനിമ-ഏവിജിസി-എക്സ്ആർ മേഖലകളിലെ നൂതന അറിവ് ലഭ്യമാക്കുക, മലയാള സിനിമയുടെ ആഗോള വാണിജ്യസാധ്യത വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ചതാണ് കേരള ഫിലിം മാർക്കറ്റ്. ആദ്യപതിപ്പിൽ നിന്ന് വ്യത്യസ്തമായി കെഎഫ്എം രണ്ടാം പതിപ്പിൽ മൂന്ന് ഘടകങ്ങളാണ് പ്രധാനമായുളളത്. ബി2ബി മീറ്റിങ്ങ്, ശിൽപ്പശാലകൾ, മാസ്റ്റർ ക്ലാസുകൾ എന്നിവ മൂന്ന് ദിവസങ്ങളിലായി മൂന്ന് വേദികളിലായി നടക്കും. ലോകോത്തര നൂതന സാങ്കേതികവിദ്യകൾ ലഭ്യമാക്കുക വഴി മലയാള സിനിമയെ സർഗാത്മക സാംസ്‌കാരിക വ്യവസായമായി വളർത്തുകയാണ് ലക്ഷ്യം. ഇതേ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ആദ്യഘട്ടം 2025ൽ ഉദ്ഘാടനം ചെയ്യുന്നതിന് തയ്യാറായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇരുപത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും (കെ.എസ്.എഫ്.ഡി.സി) ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ഫിലിം മാർക്കറ്റിന്റെ (കെ.എഫ്.എം -2) രണ്ടാം പതിപ്പ് ഉദ്ഘാടനം പിയാനോ സംഗീതോപകരണം വായിച്ചു നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജെ സി ഡാനിയൽ പുരസ്‌കാരം നേടിയ കെഎസ്എഫ്ഡിസി ചെയർമാൻ കൂടിയായ പ്രശസ്ത സംവിധായകൻ ഷാജി എൻ. കരുണിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ചടങ്ങിൽ തിരുവനന്തപുരം എംഎൽഎ ആന്റണി രാജു അധ്യക്ഷത വഹിച്ചു.

കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, വിദേശ രാജ്യങ്ങളുടെ സാംസ്‌കാരിക പ്രതിനിധികളായി ഐഎഫ്എഫ്കെ ക്യൂറേറ്ററും ഫിലിം മാർക്കറ്റ് കൺസൽറ്റന്റുമായ ഗോൾഡ സെല്ലം, മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫ്രോൺസെ അറ്റാഷെ മാത്യൂ ബിജോ, അലയൻസ് ഫ്രോൺസെ ഡയറക്ടർ മാർഗോട്ട് മിഷോഡ്, കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടർ പ്രിയദർശനൻ പി എസ്, കെഎസ്എഫ്ഡിസി ഭരണസമിതി അംഗങ്ങളായ എം.എ. നിഷാദ്, പി സുകുമാർ, ജിത്തു കോലിയാട്, ഷെറിൻ ഗോവിന്ദൻ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: കുടുംബങ്ങൾക്കകത്തും സമൂഹത്തിലും കുട്ടികൾക്കെതിരെ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സമൂഹത്തിൽ ബാലാവകാശ സാക്ഷരത അനിവാര്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ബാലാവകാശങ്ങൾ നിഷേധിക്കപ്പെട്ട് മയക്കുമരുന്ന് ഉൾപ്പെടെയുള്ള ചൂഷണങ്ങൾക്ക് കുട്ടികൾ വിധേയമാകുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ബാലസൗഹൃദ രക്ഷാകർതൃത്വം ഏകദിന പരിശീലനത്തിന്റെ സമാപന സമ്മേളനം ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമൂഹിക വികാസത്തിനനുസരിച്ച് കേരളത്തിൽ കുടുംബഘടന, ബന്ധം, കുട്ടികളോടുള്ള സമീപനം എന്നിവയിൽ മാറ്റം വന്നിട്ടുണ്ട്. കുട്ടികളെ സംബന്ധിക്കുന്ന വിഷയങ്ങളിൽ കുട്ടികളുടെ അഭിപ്രായവും ആരായുന്ന ജനാധിപത്യ സമീപനം ആവശ്യമാണ്. ജനാധിപത്യ വിരുദ്ധമായ അടിച്ചമർത്തലുകളുടെ ഇരകളായി കുട്ടികളെ മാറ്റാൻ പാടില്ല. കുട്ടികളെ വളർത്തുകയല്ല, വളരാനുള്ള സാഹചര്യമാണ് മാതാപിതാക്കൾ ഒരുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാർ അധ്യക്ഷത വഹിച്ചു. കമ്മിഷൻ അംഗം എൻ.സുനന്ദ സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ജി.രമേഷ് ആശംസയും അർപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ സ്വാതി എസ് നന്ദി അർപ്പിച്ചു.

കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ചാണ് കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സൺമാർക്കുള്ള പരിശീലന പരിപാടി കമ്മിഷൻ സംഘടിപ്പിച്ചത്. ഉത്തരവാദിത്തപൂർണ രക്ഷാകർതൃത്വം, കുട്ടികളുടെ അവകാശങ്ങൾ, ജീവിത നൈപുണ്യ വിദ്യാഭ്യാസം, കുട്ടികൾ നേരിടുന്ന മാനസിക പ്രശ്‌നങ്ങൾ എന്നീ വിഷയങ്ങളിൽ ബാലാവകാശ കമ്മിഷൻ അംഗം ഡോ. എഫ്. വിൽസണും തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫസർ ഡോ.അരുൺ ബി.നായരും ക്ലാസുകൾ നയിച്ചു.

കുട്ടികൾക്ക് നേരെയുള്ള ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങൾ, ചൂഷണങ്ങൾ, ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം എന്നിവ തടയുന്നതിനും കുട്ടികൾക്കിടയിലെ ആത്മഹത്യ പ്രവണത ഇല്ലാതാക്കുന്നതിനും സൈബർ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള ബോധവത്കരണമായിരുന്നു പരിശീലന ലക്ഷ്യം. ജില്ലാതലത്തിൽ കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സൺമാർക്ക് പരിശീലനം നൽകി 2750 പേരുടെ റിസോഴ്‌സ് പേഴ്‌സൺ പൂൾ രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ കുടുംബശ്രീയുടെ 150 റിസോഴ്‌സ് പേഴ്‌സൺമാർക്ക് ദ്വിദിന പരിശീലനം നൽകി സംസ്ഥാനതല റിസോഴ്‌സ് പേഴ്‌സൺ പൂൾ രൂപീകരിച്ചിരുന്നു.

കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ബാലചന്ദ്ര മേനോന് ജാമ്യം അനുവദിച്ചത്. നവംബർ 21 വരെ നേരത്തെ അദ്ദേഹത്തിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതേ ഹർജിയിലാണ് ഇപ്പോൾ മുൻകൂർ ജാമ്യം അനുവദിച്ചത്.

ആലുവ സ്വദേശിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെ ബലാത്സംഗ പരാതി നൽകിയത്. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ബാലചന്ദ്ര മേനോൻ വാദിക്കുന്നത്. സംഭവം നടന്നിട്ട് 17 വർഷമായെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യം പത്മശ്രീ നൽകി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും സ്ത്രീകൾക്ക് മാത്രമല്ല പുരുഷൻമാർക്കും അന്തസ്സുണ്ടെന്നും കോടതി അറിയിച്ചു.

തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് ബാലചന്ദ്ര മേനോനെതിരെ കേസെടുത്തത്. ഷൂട്ടിംഗ് സെറ്റിൽ വെച്ച് തന്നെ അതിക്രമിച്ചു എന്നാണ് നടി പരാതിയിൽ ആരോപിച്ചത്.

പാലക്കാട്: രേഖകളില്ലാതെ കടത്താൻ ശ്രമിച്ച ഒരു കോടി രൂപ പിടിച്ചെടുത്തു. വാളയാറിൽ നടന്ന പൊലീസ് പരിശോധനയിലാണ് സംഭവം. കിഴക്കഞ്ചേരി സ്വദേശിയും ബിജെപി പ്രാദേശിക നേതാവുമായ പ്രസാദ് സി നായരും ഡ്രൈവർ പ്രശാന്തും യാത്ര ചെയ്ത കാറിൽ നിന്നാണ് പണം പിടിച്ചത്.

ബംഗളൂരുവിൽ നിന്ന് ആലത്തൂരിലേക്ക് വരികയായിരുന്നു. വാളയാർ ടോൾ പ്ലാസയിൽ ഇന്നലെ രാത്രിയാണ് സംഭവം. രേഖകളൊന്നും ഇവർക്ക് ഹാജരാക്കാനായില്ലെന്നും പണം കോടതിക്ക് കൈമാറുമെന്നും വാളയാർ പൊലീസ് അറിയിച്ചു. പണം പിടികൂടിയതിന് പിന്നാലെ പ്രസാദിന്റെ കിഴക്കഞ്ചേരിയിലെ വീട്ടിൽ വടക്കഞ്ചേരി പൊലീസ് പരിശോധന നടത്തുകയും ചെയ്തു.

തിരുവനന്തപുരം: ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി കിട്ടാക്കടത്തിന്റെയും എഴുതി തള്ളിയ വായ്പകളുടെയും വിശദാംശങ്ങൾ നൽകിയത്.

സ്വകാര്യബാങ്കുകളിലെ കിട്ടാക്കടത്തിന്റെ ഇരട്ടിയോളം വരും പൊതുമേഖല ബാങ്കുകളിലെ കിട്ടാക്കടം. 30.09.2024ലെ കണക്കുപ്രകാരം പൊതുമേഖല ബാങ്കുകളിലെ കിട്ടാക്കടം 3,16,331 കോടി രൂപയും സ്വകാര്യബാങ്കുകളിലെ കിട്ടാക്കടം 1,34,339 കോടി രൂപയുമാണ്. നൽകിയ വായ്പയുടെ 1.86% ആണ് സ്വകാര്യബാങ്കുകളുടെ കിട്ടാക്കടമെങ്കിൽ പൊതുമേഖല ബാങ്കുകളുടെ കാര്യത്തിൽ ഇത് 3.09% ആണ്.

50 കോടി രൂപയിലേറെ വായ്പ എടുത്ത് ബോധപൂർവം തിരിച്ചടയ്ക്കാത്ത 580 സ്ഥാപനങ്ങളുടെ പട്ടിക റിസർവ് ബാങ്ക് തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ഇത് സംബന്ധിച്ച് വിശദാംശങ്ങൾ പുറത്തുവിടാൻ തയ്യാറായില്ല. 2018-19 മുതൽ 11.45 ലക്ഷം കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളി. ഇതിൽ 3.5 ലക്ഷം കോടി രൂപ മാത്രമാണ് തിരിച്ചുപിടിക്കാൻ കഴിഞ്ഞത്. ഏറ്റവും കൂടുതൽ വായ്പ എഴുതിത്തള്ളിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്.

2015-16ൽ 15,955 കോടി രൂപയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളിയത്. എന്നാൽ 2018-19 ആയപ്പോഴേയ്ക്കും 58,905 കോടി രൂപയായി ഇത് ഉയർന്നു. പഞ്ചാബ് നാഷണൽ ബാങ്കും സമാനപാതയിലാണ്. 2014-15ൽ എഴുതിത്തള്ളിയ കിട്ടാക്കടം 5,996 കോടി രൂപയായിരുന്നത് 2023-24 ആയപ്പോഴേയ്ക്കും 18,317 കോടി രൂപയായി ഉയർന്നു.

കൊല്ലം: കരിങ്ങാലി വെള്ളകുപ്പി കാണുമ്പോൾ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് സിപിഎം വനിതാ നേതാവ് ചിന്ത ജോറോം. കൊല്ലം ജില്ലാ സമ്മേളനത്തിനിടെ പ്രചരിച്ച ചിത്രങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ചിന്ത. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ചിന്തയുടെ പ്രതികരണം. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച്, ഹരിത രാഷ്ട്രീയത്തിന്റെ മാതൃകാ പാഠങ്ങൾ പകർത്തിയാണ് പാർട്ടിയുടെ സമ്മേളനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. അതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന കുപ്പിയിൽ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയിൽ വിതരണം ചെയ്തത്. ഇതിന്റെ ചിത്രങ്ങൾ ബിയർ കുപ്പിയാണ് എന്ന മട്ടിലാണ് സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ ‘ നന്നാക്കികൾ’ പ്രചരിപ്പിക്കുന്നതെന്ന് ചിന്ത ചൂണ്ടിക്കാട്ടി.

സത്യാനന്തര രാഷ്ട്രീയത്തിൽ എങ്ങനെയാണ് അസത്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നത് എന്നതിന്റെ സാക്ഷ്യമാണ് നിലവിലെ ബിയർ കുപ്പി പരിഹാസം. പുള്ളിപ്പുലിയുടെ പുള്ളികൾ ഒരിക്കലും മായില്ല എന്ന് ബോർഹസ് പറഞ്ഞതുപോലെ, രാഷ്ട്രീയ അന്ധത ബാധിച്ച ഇടതുപക്ഷ വിരുദ്ധർ – അസത്യ പ്രചാരകർ കള്ളങ്ങൾ തുടർന്നു കൊണ്ടേയിരിക്കും. അവർ എത്രയും വേഗം തങ്ങളുടെ മാനസിക നില പരിശോധിക്കാൻ തയ്യാറാവണമെന്നും ചിന്ത കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സിപിഎം കൊല്ലം ജില്ലാ സമ്മേളനം വളരെ മാതൃകാപരമായ രീതിയിൽ ആണ് സംഘടിപ്പിപ്പെടുന്നതു. ഇത് മറച്ചുപിടിക്കുന്നതിന് കൂടിയാകാം ബോധപൂർവം അർത്ഥശൂന്യമായ ചില പരിഹാസങ്ങളും വിമർശനങ്ങളുമായി ഒരുകൂട്ടർ ഇറങ്ങി പുറപ്പെടുന്നത്. വരുംകാലത്തിന്റെ രാഷ്ട്രീയ ബോധ്യങ്ങളെയും സമര രൂപങ്ങളെയും നിർണയിക്കാനുള്ള പ്രധാനപ്പെട്ട ചർച്ചകളുടെ ഇടമാണ് പാർട്ടിയെ സംബന്ധിച്ച് ഓരോ സമ്മേളനവും. പ്രയോഗത്തിന്റെ പ്രത്യയശാസ്ത്ര രൂപമാണ് മാർക്‌സിസം.

ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച്, ഹരിത രാഷ്ട്രീയത്തിന്റെ മാതൃകാ പാഠങ്ങൾ പകർത്തിയാണ് പാർട്ടിയുടെ സമ്മേളനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. അതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന കുപ്പിയിൽ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയിൽ വിതരണം ചെയ്തത്. ഇതിന്റെ ചിത്രങ്ങൾ ബിയർ കുപ്പിയാണ് എന്ന മട്ടിലാണ് സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ ‘ നന്നാക്കികൾ’ പ്രചരിപ്പിക്കുന്നത്.

സത്യാനന്തര രാഷ്ട്രീയത്തിൽ എങ്ങനെയാണ് അസത്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നത് എന്നതിന്റെ സാക്ഷ്യമാണ് നിലവിലെ ബിയർ കുപ്പി പരിഹാസം. പുള്ളിപ്പുലിയുടെ പുള്ളികൾ ഒരിക്കലും മായില്ല എന്ന് ബോർഹസ് പറഞ്ഞതുപോലെ, രാഷ്ട്രീയ അന്ധത ബാധിച്ച ഇടതുപക്ഷ വിരുദ്ധർ – അസത്യ പ്രചാരകർ കള്ളങ്ങൾ തുടർന്നു കൊണ്ടേയിരിക്കും. അവർ എത്രയും വേഗം തങ്ങളുടെ മാനസിക നില പരിശോധിക്കാൻ തയ്യാറാവണം.

ന്യൂഡൽഹി: സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. വ്യക്തിപരമായ പകപോക്കലിന് നിയമം ഉപയോഗിക്കുന്നുവെന്നും ഭർത്താവിനും ഭർത്താവിന്റെ കുടുംബാംഗങ്ങൾക്ക് എതിരെ ഇതിലൂടെ കള്ള കേസുകൾ നൽകുന്നുവെന്നുമാണ് സുപ്രീം കോടതി ഉന്നയിക്കുന്ന വിമർശനം.

പ്രതികാരമായി നിയമം ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത വേണം. സ്ത്രീകൾക്ക് നീതി ഉറപ്പാക്കാനാണ് നിയമം. അത് അനീതിക്കായി ഉപയോഗിക്കരത്. ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ചാണ് ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. ഗാർഹിക തർക്കങ്ങൾ സംബന്ധിയായ കേസിൽ രാജ്യത്ത് വലിയ രീതിയിലാണ് വർധിച്ചിരിക്കുന്നത്. എന്നാൽ വലിയ രീതിയിൽ നിയമം ദുരുപയോഗം ചെയ്യുന്നതായി കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഭർത്താവിനും ഭർതൃവീട്ടുകാർക്കും എതിരെയുള്ള വൈരാഗ്യം തീർക്കാനായി നിയമം ഉപയോഗിക്കരുത്.

കൃത്യമായ തെളിവുകൾ ഇല്ലാതെ വ്യാപകമായ രീതിയിൽ ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കെതിരായ നിലയിൽ നിയമത്തിന്റെ സാധ്യതകൾ ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. ഇത്തരം കേസുകൾ ശ്രദ്ധയിൽ വന്നാൽ തള്ളിക്കളയണമെന്നും കീഴ്‌ക്കോടതികളോട് സുപ്രീം കോടതി നിർദ്ദേശിച്ചു.