General (Page 181)

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നൽകാൻ സംവിധാനം ഉണ്ടാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസിയിൽ നവീകരണ പദ്ധതികൾ ആറ് മാസത്തിനകം നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കെഎസ്ആർടിസി ജീവനക്കാർ കള്ളു കുടിച്ചോ എന്ന് നോക്കുന്ന സർക്കാർ അവർ കഞ്ഞി കുടിച്ചോ എന്ന് നോക്കണമെന്ന് എം വിൻസന്റ് എംഎൽഎ നിയമസഭയിൽ അറിയിച്ചിരുന്നു. കെഎസ്ആർടിസി ജീവനക്കാർ മദ്യപിച്ചോയെന്നറിയാൻ പരിശോധന നടത്തുന്നതിനെ കുറിച്ചായിരുന്നു എംഎൽഎയുടെ പരാമർശം. ഇതിന് പിന്നാലെയാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.

കെഎസ്ആർടിസി ബസ് ഡ്രൈവർമാരെ കള്ളു കുടിച്ച് വണ്ടിയോടിക്കാൻ അനുവദിക്കില്ല. ഡ്രൈവർമാരിൽ പരിശോധന കർശനമായപ്പോൾ അപകട നിരക്ക് വൻതോതിൽ കുറഞ്ഞുവെന്ന് അദ്ദേഹം സഭയിൽ വിശദീകരിച്ചു.

കെഎസ്ആർടിസി വിട്ട് പോയ യാത്രക്കാരെ തിരിച്ചെത്തിക്കും. ജനുവരിയിൽ 1600 വണ്ടി ഷെഡിൽ കിടന്നിരുന്നു. ഇപ്പോഴത് 500 ൽ താഴെയാണ്. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ കൊടുക്കാൻ സംവിധാനം വരും. അതിനുള്ള മുന്നൊരുക്കങ്ങൾ നടക്കുകയാണ്. ബാങ്ക് വായ്പ എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിച്ച് വരികയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കെഎസ്ആർടിസി കൂടുതൽ എസി ബസുകളിലേക്ക് മാറും. കാലാവസ്ഥ മാറ്റവും മാറി വരുന്ന ആവശ്യങ്ങളും പരിഗണിച്ച് സൗകര്യമുള്ള ബസുകൾ ഇറക്കും. കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്‌സുകളുടെ വ്യവസ്ഥകളിൽ ഇളവ് വരുത്തി പരമാവധി കടകൾ വാടകയ്ക്ക് നൽകാൻ നടപടി എടുക്കും. കെഎസ്ആർടിസി കംഫർട് സ്റ്റേഷനുകൾ സംസ്ഥാന വ്യാപകമായി പരിഷ്‌കരിക്കും. കംഫർട് സ്റ്റേഷൻ പരിപാലനം സുലഭ് എന്ന ഏജൻസിയെ ഏൽപ്പിക്കാൻ ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: തന്നെ ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി കെഎസ്ആർടിസി ഡ്രൈവർ യദു. ഗതാഗത മന്ത്രിക്കാണ് യദു പരാതി നൽകിയത്. ഒന്നുകിൽ ജോലിയിൽ തിരിച്ചെടുക്കണം അല്ലെങ്കിൽ പറഞ്ഞ് വിടണമെന്ന് യദു പരാതിയിൽ ആവശ്യപ്പെടുന്നു.

യദുവിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയത് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്നായിരുന്നു. ആര്യ രാജേന്ദ്രൻ നൽകിയ പരാതിക്ക് പിന്നാലെയാണ് യദുവിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയത്. ഡ്യൂട്ടിക്ക് കയറേണ്ടെന്ന് യദുവിനോട് നിർദ്ദേശിക്കുകയായിരുന്നു.

കഴിഞ്ഞ ഏപ്രിൽ മാസമാണ് പാളയത്ത് വെച്ച് തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറായ യദുവും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയർ നൽകിയ പരാതി. തുടർന്ന് യദുവിനെതിരെ പോലീസ് കേസെടുത്തു. കെഎസ്ആർടിസി ബസിന് കുറുകെ കാർ നിർത്തി ജോലി തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് വ്യക്തമാക്കി ഏപ്രിൽ 27 ന് യദുവും പരാതി നൽകി. എന്നാൽ മേയർക്കെതിരെ കേസെടുക്കാൻ പോലീസ് ആദ്യം തയ്യാറായില്ല. പിന്നീട് കോടതിയെ സമീപിച്ചതോടെ മേയർക്കും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കുകയായിരുന്നു.

കോഴിക്കോട്: സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് പ്രഖ്യാപനവുമായി റേഷൻ കട ഉടമകളുടെ സംഘടന. റേഷൻ കടകൾ അടച്ചിട്ടുകൊണ്ടായിരിക്കും സമരം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജൂലൈ എട്ട്, ഒമ്പത് തീയതികളിൽ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കാനാണ് റേഷൻ വിതരണക്കാരുടെ തീരുമാനം.

ഈ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും അടച്ചിട്ട് തിരുവനന്തപുരത്ത് രാപ്പകൽ സമരം നടത്തും. കേന്ദ്ര, കേരള സർക്കാറുകൾ റേഷൻ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, 2018 ലെ റേഷൻ വ്യാപാരി വേതന പാക്കേജ് കാലാനുസൃതമായി പരിഷ്‌ക്കരിക്കുക, കിറ്റ് കമ്മീഷൻ കോടതി വിധി മാനിച്ചുകൊണ്ട് എല്ലാ വ്യാപാരികൾക്കും നൽകുക എന്നീ ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവെയ്ക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് (കെ.എസ്.എഫ്.ഡി.സി.) കീഴിൽ പുതിയ അഞ്ച് തീയേറ്റർ സമുച്ചയങ്ങൾ ഉടൻ നിർമാണം പൂർത്തിയാക്കും. സാംസ്‌കാരികം, യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. എംഎൽഎമാരായ എം നൗഷാദ്, കടകംപള്ളി സുരേന്ദ്രൻ, കെ പ്രേംകുമാർ, പി വി ശ്രീനിജൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

കിഫ്ബി സാമ്പത്തിക സഹായത്തോടെയാണ് തീയേറ്റർ സമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുന്നത്. ആലപ്പുഴ ജില്ലയിൽ കായംകുളം മുനിസിപ്പാലിറ്റിയിൽ മൂന്ന് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം,കോട്ടയം ജില്ലയിൽ വൈക്കം മുനിസിപ്പാലിറ്റിയിൽ രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം,തൃശൂർ ജില്ലയിൽ അളഗപ്പനഗർ പഞ്ചായത്തിൽ രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം,കണ്ണൂർ ജില്ലയിൽ പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം,കണ്ണൂർ ജില്ലയിൽ പായം പഞ്ചായത്തിൽ രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം എന്നിവയുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം ജില്ലയിലെ താനൂർ,കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര എന്നിവിടങ്ങളിൽ തീയേറ്റർ സമുച്ചയം നിർമ്മിക്കുന്നതിനുവേണ്ടി ബന്ധപ്പെട്ട വകുപ്പിൽ നിന്നും സ്ഥലം കൈമാറി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. കിഫ്ബി മുഖേന ഫണ്ട് ലഭ്യമാകുന്ന മുറയ്ക്കും അനുയോജ്യമായ സ്ഥലം ലഭ്യമാകുന്ന സാഹചര്യത്തിലും ലാഭകരമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന മറ്റു കേന്ദ്രങ്ങളിലും തീയറ്ററുകൾ സ്ഥാപിക്കുന്ന കാര്യം പരിശോധിക്കും. കെ.എസ്.എഫ്.ഡി.സി.യുടെ കീഴിലുള്ള 17 തീയേറ്ററുകൾ സർക്കാരിൽ നിന്ന് ലഭിക്കുന്ന പ്ലാൻ ഫണ്ട് ഉപയോഗിച്ച് വർഷം തോറും ഏറ്റവും പുതിയ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിക്കുവാൻ പദ്ധതി തയ്യാറാക്കിയതായും മന്ത്രി അറിയിച്ചു.

തൃശൂരിലെ കൈരളി, ശ്രീ തീയേറ്ററുകളുടെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും 2024-25 വർഷത്തെ പദ്ധതി വിഹിതം ഉപയോഗിച്ച് തിരുവനന്തപുരം കലാഭവൻ തിയേറ്റർ, ചേർത്തല കൈരളി ,ശ്രീ തിയേറ്ററുകൾ എന്നിവ നവീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. പുതുതായി നിർമ്മിച്ച് കൊണ്ടിരിക്കുന്ന തീയേറ്റർ സമുച്ചയങ്ങളിൽ പ്രേക്ഷകർക്ക് വിശ്രമിക്കുന്നതിന് തയ്യാറാക്കുന്ന ലോബി ഏരിയകളിൽ പുസ്തക പ്രദർശനം,വിപണനം എന്നിവയ്ക്ക് സൗകര്യങ്ങൾ ഒരുക്കുന്നത് പരിഗണിക്കുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: 1975-ൽ നടപ്പാക്കിയ അടിയന്തരാവസ്ഥ ഭരണഘടനക്കെതിരായി നേരിട്ടുള്ള ആക്രമണത്തിന്റെ ഏറ്റവും ഇരുണ്ട അധ്യായമായിരുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന്റെ ഭാഗമായി പാർലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു രാഷ്ട്രപതിയുടെ പരാമർശം. ഇന്ന് ജൂൺ 27 ആണ്. 1975 ജൂൺ 25-ന് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഭരണഘടനക്കെതിരായ നേരിട്ടുള്ള ആക്രമണത്തിന്റെ ഏറ്റവും വലുതും ഇരുണ്ടതുമായ അധ്യായമായിരുന്നുവെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

രാജ്യം ഇതിനെതിരെ പ്രതിഷേധം ഉയർത്തി. എന്നാൽ, ഭരണഘടനാ വിരുദ്ധ ശക്തികളുടെ മേൽ രാജ്യം വിജയിച്ചുവെന്ന് ദ്രൗപദി മുർമു വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളും ഭാവി പരിപാടികളും വിശദീകരിച്ചുകൊണ്ടാണ് രാഷ്ട്രപതി പാർലമെന്റിൽ തന്റെ പ്രസംഗം ആരംഭിച്ചത്.

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയെന്നും സമ്പദ് വ്യവസ്ഥയുടെ വലുപ്പത്തിൽ 2014-ൽ 11-ാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് എത്തിയെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഇന്ത്യയെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാക്കുക എന്ന ലക്ഷ്യത്തിലാണ് സർക്കാർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി എംബി രാജേഷ്. ടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവിന് നീക്കമുണ്ടെന്ന തരത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന സബ്മിഷനെ മന്ത്രി എതിർത്തു. വ്യാജ പ്രചാരണം ഉണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് പ്രതിപക്ഷം സബ്മിഷൻ കൊണ്ടുവന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

തെറ്റായ കാര്യങ്ങൾ ആവർത്തിച്ച് പ്രതിപക്ഷം പുകമറ ഉണ്ടാക്കുകയാണ്. ഇപ്പോൾ പ്രസക്തമല്ലാത്ത കാര്യമാണ് പ്രതിപക്ഷം ടിപി കേസിൽ പറയുന്നത്. ശിക്ഷാ ഇളവ് പരിഗണിക്കുന്നില്ലെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയതാണ്. രമയുടെ മൊഴിയെടുത്തത് പൊലീസ് നടപടി ക്രമമാണോ എന്ന് പരിശോധിക്കണമെന്നും ആരെങ്കിലും ബോധപൂർവം ഇടപെടുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ഗൗരവമായ അന്വേഷണം ഇക്കാര്യത്തിൽ നടക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് വിവിധ ജയിലുകളിലെ തടവുകാർക്ക് ശിക്ഷാ ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശിക്ഷാ ഇളവ് / അകാല വിടുതൽ നൽകുന്നത് സംബന്ധിച്ച് 25.11.2022ലെ സർക്കാർ ഉത്തരവിലെ മാനദണ്ഡ പ്രകാരം പരിഗണിക്കേണ്ട തടവുകാരുടെ പട്ടിക ജയിൽ മേധാവി സർക്കാരിൽ ലഭ്യമാക്കിയിരുന്നു.

പട്ടികയിൽ അനർഹർ ഉൾപ്പെട്ടതായി കണ്ടതിനാൽ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് പുതുക്കിയ പട്ടിക സമർപ്പിക്കുവാൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി 03.06.2024ന് ജയിൽ വകുപ്പ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു.

പ്രത്യേക ഇളവ് അനുവദിക്കരുതെന്ന് ബഹു. കോടതി പ്രഖ്യാപിച്ചിട്ടുള്ള കേസുകളിൽ ഉൾപ്പെട്ട പ്രതികൾക്ക് നിലവിലെ മാനദണ്ഡപ്രകാരം ശിക്ഷായിളവിന് അർഹതയില്ല. SC No. 867/2012 കേസിലെ ശിക്ഷാതടവുകാർക്ക് 20 വർഷം തടവ് പൂർത്തിയാക്കും മുമ്പ് ഇളവ് അനുവദിക്കരുതെന്ന ബഹു. ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്.

SC No. 867/2012 നമ്പർ കേസിൽ ശിക്ഷിക്കപ്പെട്ട് തടവിലുള്ളവരുടെ ശിക്ഷായിളവ് സംബന്ധിച്ച് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട്, പോലീസ് റിപ്പോർട്ട് തേടിയത് മാനദണ്ഡപ്രകാരമല്ല. ഇത് സംബന്ധിച്ച മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടയുടൻ സൂപ്രണ്ടിന്റെ വിശദീകരണം ജയിൽ മേധാവി തേടുകയും ചെയ്തിരുന്നു. പ്രസ്തുത കേസിലെ പ്രതികളെ ഒഴിവാക്കി ശിക്ഷാ ഇളവിനുള്ളവരുടെ അന്തിമ പട്ടിക സർക്കാരിൽ നൽകുമെന്ന് വ്യക്തമാക്കി 22.06.2024 ന് ജയിൽ മേധാവി പത്രക്കുറിപ്പും നൽകിയിരുന്നു.

ശിക്ഷാ ഇളവിന് പരിഗണിക്കുന്ന തടവുകാരുടെ വിവരങ്ങൾ ആരാഞ്ഞ് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ കത്തും ഇക്കാര്യത്തിൽ ജയിൽ ഹെഡ് ക്വാർട്ടേഴ്സിലേക്ക് ജയിൽ സൂപ്രണ്ട് നൽകിയ വിശദീകരണവും മാധ്യമങ്ങൾക്ക് ലഭിക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ ഗൗരവമായി പരിശോധിക്കുന്നതാണ്.
തെറ്റായ പട്ടിക തയ്യാറാക്കി പോലീസ് റിപ്പോർട്ട് തേടിയതിന് ഉത്തരവാദികളായ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-1 ശ്രീ. ബി.ജി.അരുൺ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ശ്രീ. ഒ.വി. രഘുനാഥ് എന്നിവരെ അന്വേഷണവിധേയമായി സർവീസിൽ നിന്നും സസ്പെന്റ് ചെയ്യാൻ ഉത്തരവ് നൽകിയിട്ടുണ്ട്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ശിക്ഷാ ഇളവ് നൽകുന്നതിന് 2022 ലെ മാനദണ്ഡങ്ങൾ പ്രകാരമുള്ള തടവുകാരുടെ പുതുക്കിയ പട്ടിക സർക്കാരിന്റെ പരിഗണനയ്ക്ക് വന്നിട്ടില്ല. ഈ സാഹചര്യത്തിൽ SC No. 867/2012 കേസിലെ ശിക്ഷാതടവുകാർക്ക് ശിക്ഷാ ഇളവ് നൽകുന്നത് സർക്കാരിന്റെ പരിഗണനയിലില്ല. ഇത് സംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എം ബി രാജേഷ് നിയമസഭയിൽ മറുപടി നൽകി.

തിരുവനന്തപുരം: ശിക്ഷാ ഇളവിനുള്ള ശുപാർശയിൽ ടി പി ചന്ദ്രശേഖരൻ വധക്കേസിലെ തടവുകാരെ ഉൾപ്പെടുത്തി പോലീസ് റിപ്പോർട്ട് തേടിയ ജയിൽ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി.

കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി ജി അരുൺ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സർവീസിൽ നിന്നും സസ്പെന്റ് ചെയ്യാൻ ഉത്തരവിട്ടത്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ശിക്ഷാ ഇളവ് നൽകുന്നതിന് 2022 ലെ മാനദണ്ഡങ്ങൾ പ്രകാരമുള്ള തടവുകാരുടെ പുതുക്കിയ പട്ടിക സർക്കാരിന്റെ പരിഗണനയ്ക്ക് വന്നിട്ടില്ല. ഈ സാഹചര്യത്തിൽ SC No. 867/2012 കേസിലെ ശിക്ഷാതടവുകാർക്ക് ശിക്ഷാ ഇളവ് നൽകുന്നത് സർക്കാരിന്റെ പരിഗണനയിലില്ല. ഇത് സംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എം ബി രാജേഷ് നിയമസഭയിൽ മറുപടി നൽകി.

ന്യൂഡൽഹി: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള അന്യസംസ്ഥാന ബസുകൾ തമിഴ്‌നാട്ടിൽ തടയരുതെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുമായി സ്റ്റേജ് ക്യാരേജ് സർവീസ് നടത്തുന്നുവെന്ന് കണ്ടെത്തിയതോടെ അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ബസുകളെ വിലക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചിരുന്നു. ഇതോടെ തമിഴ്‌നാട്ടിലേക്ക് സർവീസ് നടത്തുന്ന ബസുകൾ കൂടാതെ ഇതുവഴി മറ്റുസംസ്ഥാനങ്ങളിലേക്ക് കടന്നുപോകുന്ന ബസുകളെയും തടയുകയായിരുന്നു. ഇത്തരത്തിൽ കടന്നുപോകുന്ന ബസുകളെ തടയരുതെന്ന് സുപ്രീം കോടതി തമിഴ്‌നാടിന് നിർദ്ദേശം നൽകി.

തമിഴ്‌നാട് സർക്കാരിന്റെ പുതിയ നടപടി കാരണം കേരളത്തിൽ നിന്ന് കർണാടക, പുതുച്ചേരി തുടങ്ങിയ ഇടങ്ങളിലേക്കുള്ള ബസ് സർവീസുകളും തടസപ്പെട്ടിരുന്നു. തുടർന്ന് ഈ ബസുകളുടെ ഉടമകൾ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചു. ടൂറിസ്റ്റ് പെർമിറ്റിന്റെ മറവിൽ നികുതിവെട്ടിപ്പു നടത്തുന്നത് തടയുന്നതിന് വേണ്ടി അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത 838 ബസുകൾക്ക് തമിഴ്‌നാട് ട്രാൻസ്പോർട്ട് വകുപ്പ് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയായിരുന്നു.

ടൂറിസ്റ്റ് പെർമിറ്റ് നേടുന്ന ബസുകൾക്ക് യാത്രക്കാരുമായി ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോകുന്ന കോൺട്രാക്ട് ക്യാരേജായി പ്രവർത്തിക്കാനാണ് അനുമതിയുള്ളത്. എന്നാൽ അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ഒട്ടേറെ ബസുകൾ വിവിധയിടങ്ങളിൽ നിന്ന് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സ്റ്റേജ് ക്യാരേജുകളായി പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തി. ഇതോടെ ഈ ബസുകൾ തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഇതിന് സമയവും അനുവദിച്ചു. ഈ സമയപരിധി അവസാനിച്ചതോടെയാണ് വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്.

നെയ്‌റോബി: കെനിയയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി വിദേശകാര്യ മന്ത്രാലയം. കലാപം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. നിലവിലുള്ള സംഘർഷാവസ്ഥ കണക്കിലെടുത്ത് കെനിയയിലെ എല്ലാ ഇന്ത്യക്കാരും അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. പ്രക്ഷോഭ ബാധിത പ്രദേശങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

നികുതി വർധനയ്ക്ക് എതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന കെനിയയിൽ ജനക്കൂട്ടം പാർലമെന്റിന് തീയിട്ടു. കൂറ്റൻ പാർലമെന്റ് മന്ദിരത്തിന്റെ ഒരു ഭാഗം കത്തിനശിച്ചു. പത്തോളം പേർ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. പാർലമെന്റിലേക്ക് ആയിരക്കണക്കിന് ജനങ്ങൾ ഇരച്ചെത്തിയതോടെ ജനപ്രതിനിധികൾ ഓടിരക്ഷപ്പെട്ടു.

ദേശീയ സുരക്ഷയ്ക്കെതിരായ ഭീഷണികളോട് എങ്ങനെ പ്രതികരിക്കണമെന്നതിൽ നിർണായക വഴിത്തിരിവുണ്ടായിരിക്കുന്നുവെന്ന് പ്രസിഡന്റ് വില്യം റൂട്ടോ വ്യക്തമാക്കി. ഇപ്പോഴത്തെ പ്രക്ഷോഭം രാജ്യദ്രോഹമാണെന്നും എന്ത് വിലകൊടുത്തും അശാന്തി ഇല്ലാതാക്കുമെന്നും പ്രസിഡന്റ് വിശദമാക്കി. പോലീസിനൊപ്പം സൈന്യത്തെ വിന്യസിച്ചതായി കെനിയയുടെ പ്രതിരോധ മന്ത്രിയും അറിയിച്ചു.

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ഈ മാസം നൽകിയ 30 കോടി രൂപയ്ക്ക് പുറമേ 20 കോടി രൂപ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടക്കമില്ലാതെ വിതരണം ചെയ്യാനാണ് സർക്കാർ സഹായം.

പ്രതിമാസം 50 കോടി രൂപയെങ്കിലും ഇപ്പോൾ കോർപറേഷന് സർക്കാർ സഹായം ലഭിക്കുന്നുണ്ട്. ഈ സർക്കാർ ഇതുവരെ 5717 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സഹായമായി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.