General (Page 180)

തിരുവനന്തപുരം: ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരും. റവന്യു വകുപ്പ് മന്ത്രി കെ രാജൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ ഒന്നിന് തിരുവനന്തപുരം കളക്ടറേറ്റിൽ നടക്കും. ഇതുവരെ സംസ്ഥാനത്ത് 27 ആർഡിഒ/സബ് കളക്ടർമാർ തീർപ്പ് കൽപ്പിച്ചിരുന്ന തരംമാറ്റ പ്രക്രിയ ഇനിമുതൽ 71 ഡെപ്യൂട്ടി കളക്ടർമാർ നേരിട്ട് കൈകാര്യം ചെയ്യുമെന്ന് വിശദീകരിച്ചു. ഇവരെ സഹായിക്കാൻ 68 ജൂനിയർ സൂപ്രണ്ട് തസ്തികയും 181 ക്ലർക്ക് തസ്തികയും മുമ്പ് തന്നെ സൃഷ്ടിച്ചിരുന്നു. കൂടാതെ 123 സർവെയർമാരെ താല്കികമായി നിയമിക്കാനും 220 വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനും ഉത്തരവിട്ടിട്ടുണ്ട്.

ആവശ്യമായ സോഫ്റ്റ് വെയർ ക്രമീകരണങ്ങളും ജീവനക്കാരുടെ നിയമനവും പൂർത്തികരിച്ചു കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഭൂമി തരം മാറ്റത്തിനായി ദിവസേന നൂറുക്കണക്കിന് അപേക്ഷകൾ ഓരോ ആർഡിഒ ഓഫീസുകളിലും ലഭിക്കുന്നുണ്ട്. ഭൂനികുതിയുൾപ്പടെ പ്രധാന ഇടപാടുകൾ ഓൺലൈൻ വഴിയാക്കിത്തുടങ്ങിയതോടെയാണ് ഭൂമി തരംമാറ്റത്തിനായി ഇത്രയധികം അപേക്ഷകൾ വരാനിടയായതെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 4,26,902 ലക്ഷം അപേക്ഷകളാണ് തരമാറ്റത്തിനായി ഇതുവരെ ലഭിച്ചത്. ഇതിൽ 98 ശതമാനവും തീർപ്പുകൽപ്പിച്ചു. 3,660 അപേക്ഷകൾമാത്രമാണ് പലവിധ കാരണങ്ങളാൽ തീർപ്പാകാതെ കിടക്കുന്നത്.

ജോലിത്തിരക്കുള്ള ആർഡിഒ ഓഫീസുകളിൽ ഇത്തരത്തിൽ കുന്നുകൂടിയ പതിനായിരക്കണത്തിന് അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് സാധിക്കാതെ വന്നു. സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് നിയമപരമായ മുൻഗണന നൽകാതിരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തരംമാറ്റ നടപടികൾ ഓൺലൈനാക്കി. ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 990 ജീവനക്കാരെ താൽക്കാലികമായി ആറ് മാസത്തേക്ക് നിയമിക്കാനും 340 വാഹനങ്ങളും ഐടി അനുബന്ധ ഉപകരണങ്ങൾക്കായി 5.99 കോടി രൂപയും അനുവദിച്ചിരുന്നു. ഓൺലൈൻ വഴി തരംമാറ്റത്തിനായി 4,52,215 ലക്ഷം അപേക്ഷകൾ ലഭിച്ചിരുന്നു. ഇതിൽ കഴിഞ്ഞ രാത്രിവരെയുള്ള കണക്കനുസരിച്ച് 1,78,620 അപേക്ഷകൾ തീർപ്പാക്കിയിട്ടുണ്ട്. ശേഷിക്കുന്ന 2,73,595 എണ്ണം പരിശോധിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.

വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലുമുള്ള ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന് ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓഫീസുകളിൽ നിന്നുള്ള 779 ഒഎമാരെയും 243 ടൈപ്പിസ്റ്റ്മാരെയും വില്ലേജ്/താലൂക്ക് ഓഫീസുകളിലേക്ക് പുനർവിന്യസിച്ചു. ഈ സംവിധാനങ്ങൾ കൂടി പ്രയോജനപ്പെടുത്തിയാണ് ഒന്നാം തീയതി മുതൽ താലൂക്കടിസ്ഥാനത്തിൽ തരം മാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നത്.

എറണാകുളം : അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.

എറണാകുളം ജില്ല മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ഫഹദ് ഫാസിൽ നിർമ്മിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്. രാത്രി 9 മണിയോടെയാണ് ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകൾ മറച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമായിരുന്നു ചിത്രീകരണം. അഭിനേതാക്കൾ ഉൾപ്പെടെ 50 ഓളം പേർ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നു. ഡോക്ടർമാർ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നുവെന്നാണ് മനസ്സിലാക്കുന്നത്.

പരിമിതമായ സ്ഥലമാണ് അത്യാഹിത വിഭാഗത്തിലുള്ളത്. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയയാൾക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാൻ പോലുമായില്ല. പ്രധാന കവാടത്തിലൂടെ ആരെയും കടത്തിവിട്ടുമില്ല. ചിത്രീകണ സമയത്ത് നിശബ്ദത പാലിക്കാൻ അണിയറ പ്രവർത്തകർ രോഗികളോടും കൂട്ടിരിപ്പുകാരോടും നിർദ്ദേശിക്കുന്നുണ്ടായിരുന്നു. രണ്ടു ദിവസമാണ് ചിത്രീകരണം നടക്കുന്നത്. പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമാണ് അങ്കമാലി താലൂക്ക് ആശുപത്രി. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സ്വകാര്യ ആശുപത്രിയുടെ സെറ്റ് എന്ന നിലയിലാണ് സർക്കാർ ആശുപത്രി സിനിമയിൽ ചിത്രീകരിച്ചത്.

റാഞ്ചി: ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ജാർഖണ്ഡ് ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് ജനുവരി 31നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്.

ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത് അറസ്റ്റിനു തൊട്ടുമുൻപാണ്. ഹേമന്ത് സോറന്റെ അറസ്റ്റിൽ ഇപ്പോഴും പ്രതിപക്ഷ പ്രതിഷേധം നടക്കുന്നുണ്ട്. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇതിനിടെ ഹേമന്ത് സോറന് ജാമ്യം ലഭിച്ചത് ഇന്ത്യ സഖ്യത്തിന് ആശ്വാസമേകുന്നുണ്ട്.

വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നു കേസുകളാണ് എൻഫോഴ്‌സ്‌മെന്റ് ഹേമന്ത് സോറനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന് വീണുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു. മേൽക്കൂരയുടെ തൂണ് വീണ ടാക്സി ഡ്രൈവർ ആണ് മരണപ്പെട്ടത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് പുറത്തു വരുന്ന വിവരം. വെള്ളിയാഴ്ച്ച പുലർച്ചെ അഞ്ചര മണിയോടെയാണ് ഇന്ദിരാന്ധി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നത്.

സംഭവസ്ഥലത്തെ മൂന്ന് കാറുകൾ തകർന്നു. നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. വിമാനത്താവളത്തിന്റെ ഒന്നാമത്തെ ടെർമിനലിലാണ് അപകടം സംഭവിച്ചത്. മേൽക്കൂരയും അത് താങ്ങി നിർത്തിയിരുന്ന തൂണും നിലത്തേക്ക് പതിക്കുകയായിരുന്നു. നിലവിൽ ഒന്നാമത്തെ ടെർമിനൽ താത്കാലികമായി അടച്ചിട്ടു. ഇവിടെ നിന്നുള്ള ചെക്കിൻ, സർവീസുകൾ തുടങ്ങിയവയും സുരക്ഷാ കാരണങ്ങൾ മുൻനിർത്തി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.

അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവത്തെ കുറിച്ച് നിരീക്ഷിച്ച് വരികയാണെന്നും പരിക്കേറ്റ മുഴുവൻ ആളുകളേയും ആശുപത്രിയിൽ എത്തിച്ചുവെന്നും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു കിഞ്ജാരപ്പു അറിയിച്ചു. കനത്ത മഴയെ തുടർന്നാണ് മേൽക്കൂര തകർന്ന് വീണതെന്ന് ഡൽഹി എയർപോർട്ട് അധികൃതർ അറിയിച്ചു.

ന്യൂഡൽഹി: അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമല്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് എംപി ശശി തരൂർ. 49 വർഷം മുമ്പ് നടന്ന ഒരു സംഭവത്തെ ഇത്ര ശക്തമായി ‘ഡ്രഡ്ജ്’ ചെയ്യുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിക്കുന്നു. അടിയന്തരാവസ്ഥയെയും രാഷ്ട്രീയത്തെയും കുറിച്ച് ഇന്ന് ചർച്ച ചെയ്യേണ്ടതുണ്ടെന്ന് തനിക്ക് തോന്നുന്നില്ല. എന്നാൽ ഇത് ഭരണഘടനാ വിരുദ്ധമാണെന്ന എൻഡിഎ സർക്കാരിന്റെ അവകാശവാദത്തെ താൻ വെല്ലുവിളിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

1975-നെ കുറിച്ചോ 2047-നെ കുറിച്ചോ ആണ് എൻഡിഎ സർക്കാർ സംസാരിക്കുന്നത്. താൻ ഒരിക്കലും അടിയന്തരാവസ്ഥയെ പിന്തുണയ്ക്കുന്നില്ല. താൻ അടിയന്തരാവസ്ഥക്കെതിരെ വിമർശിക്കുന്നു. എന്നാൽ അടിയന്തരാവസ്ഥ ജനാധിപത്യ വിരുദ്ധമായിരിക്കാം. പക്ഷേ അത് ഭരണഘടനാ വിരുദ്ധമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ ചട്ടങ്ങൾ ഒരിക്കലും ലംഘിച്ചിട്ടില്ല. അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറയുന്നത് ശരിയല്ലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

18-ാം ലോക്‌സഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ രാഷ്ട്രപതി ദ്രൗപതി മുർമു അടിയന്തരാവസ്ഥയെ വിമർശിച്ചിരുന്നു. അടിയന്തരാവസ്ഥാ കാലം ഭരണഘടനക്കെതിരായ ഏറ്റവും വലിയ ആക്രമണമാണെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഇരുണ്ട അദ്ധ്യായമായിരുന്നുവെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ശശി തരൂരിന്റെ പ്രതികരണം.

ന്യൂഡൽഹി: ശ്രീലങ്കൻ നാവികസേന പിടികൂടിയവരെ ഉടൻ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ശ്രീലങ്കയിൽ തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ശ്രീലങ്കൻ നാവികസേന പിടികൂടിയ 34 മത്സ്യത്തൊഴിലാളികൾ നിലവിൽ ജുഡീഷ്യൽ റിമാന്റിലണ്. മറ്റ് ആറ് പേർ ശിക്ഷ അനുഭവിച്ച് തടവിലാണ്. മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗത്തിൽ വരുന്ന തടസങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ശ്രീലങ്കയിൽ തടവിലാക്കപ്പെട്ട 34 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി വരികയാണ്. എത്രയും പെട്ടന്ന് കേന്ദ്രസർക്കാർ അവരെ മോചിപ്പിക്കും. 2014ൽ എൻഡിഎ സർക്കാർ അധികാരത്തിലേറിയതിന് ശേഷം മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും കേന്ദ്രസർക്കാർ പ്രാധാന്യം നൽകുന്നു. അവരുടെ സംരക്ഷണം ഉറപ്പുവരുത്താൻ പരാമവധി ശ്രമിക്കും. ഇതിന്റെ ഭാഗമായി ശ്രീലങ്കൻ സർക്കാരുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടി പ്രസംഗം നീട്ടിക്കൊണ്ടുപോയ മന്ത്രി സജി ചെറിയാനെതിരെ സ്പീക്കർ എ എൻ ഷംസീർ. പ്രസംഗം ചുരുക്കാൻ പലതവണ പറഞ്ഞിട്ടും മന്ത്രി അനുസരിക്കാത്ത സാഹചര്യത്തിലാണ് സ്പീക്കറുടെ പരാമർശം. ഫിഷറീസ് വകുപ്പിൽ നടത്തിയ പരിഷ്‌കാരങ്ങൾ വായിച്ചപ്പോൾ ഇതു കഴിഞ്ഞ ആഴ്ചയും വായിച്ചതല്ലേയെന്ന് സ്പീക്കർ ചോദിച്ചു. ഇതോടെ സഭയിൽ കൂട്ടച്ചിരി മുഴങ്ങി. പക്ഷേ, മന്ത്രി അവസാനിപ്പിച്ചില്ല.

പ്രസംഗം നീണ്ടപ്പോൾ വീണ്ടും സ്പീക്കർ ഇടപെട്ടു. ‘മന്ത്രി പറയുന്ന പോയിന്റുകൾ കേട്ടു കേട്ടു താൻ മടുത്തുവെന്നായിരുന്നു സ്പീക്കർ വ്യക്തമാക്കിയത്. വകുപ്പിനെക്കുറിച്ചു പറഞ്ഞശേഷം മന്ത്രി ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി.

തൃശൂരിനെക്കുറിച്ചു പറഞ്ഞപ്പോൾ സ്പീക്കർ വീണ്ടും ഇടപെട്ടു. ‘തൃശൂരൊക്കെ നമ്മൾ ഒരുപാട് ചർച്ച ചെയ്തില്ലേ. ഈ ഫ്‌ളോറിൽ തന്നെ എത്ര തവണ ചർച്ച ചെയ്തതാണെന്ന് സ്പീക്കർ ചോദിച്ചു. ഇതോടെ തൃശൂർ വിഷയം ചെറുതായൊന്നു പരാമർശിച്ച ശേഷം മന്ത്രി പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയതായി സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. പുതിയ ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും കേരളത്തിന് പിന്തുണ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി. നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

നേരത്തെ കേരളത്തിന്റെ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി കത്ത് കൊടുത്തിരുന്നു. സംസ്ഥാനത്തിന്റെ കടബാധ്യതയിൽ വലിയ കുറവ് വന്നിട്ടുണ്ട്. വരുമാനവും വർധിച്ചിട്ടുണ്ട്. പത്താം ധനകാര്യ കമ്മീഷന്റെ ഭാഗത്ത് നിന്നും കിട്ടിയതിന്റെ നേർ പകുതിയെ ഇപ്പോൾ കിട്ടുന്നുള്ളൂവെന്ന് അദ്ദേഹം അറിയിച്ചു. കേന്ദ്ര നയങ്ങളുടെ ഭാഗമായുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയെന്നും ധനമന്ത്രി വിശദമാക്കി.

ഹൈവേ നിർമ്മാണത്തിനായി കൂടുതൽ തുക ചിലവായി. അത് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയിൽ കേരളത്തിന്റെ കാര്യങ്ങൾ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. കെഎസ്ആർടിസി ശമ്പളം രണ്ടുപ്രാവശ്യമായി കൊടുത്തതാണ് പ്രശ്‌നം എന്നതിൽ അർത്ഥമില്ല. പൊതുമേഖല സ്ഥാപനങ്ങൾക്കെല്ലാം പണം കൊടുക്കാൻ സാധാരണ രീതിയിൽ കഴിയുന്നതല്ല. കേരളം മാത്രമാണ് ഇത്രയും ചെയ്തത്. എല്ലാ ഫണ്ടും ഒരുമിച്ച് എടുക്കാൻ സാധിക്കാത്തതുകൊണ്ടാണ് രണ്ടുവട്ടമായതെന്ന് അദ്ദേഹം അറിയിച്ചു.

കെടിഡിസിക്കും കെഎസ്ആർടിസിക്കുമായി 650 കോടി രൂപ കഴിഞ്ഞ മാർച്ചിൽ കൊടുത്തതാണ്. സിൽവർ ലൈൻ കേന്ദ്ര സർക്കാർ ഒറ്റയടിക്ക് അനുവാദം തരുമെന്ന് പ്രതീക്ഷിക്കുന്നില്ല. സിൽവർ ലൈൻ ഒരു ദീർഘകാല പദ്ധതിയാണ്. നിലവിൽ വന്ദേ ഭാരത് പോലുള്ള ട്രെയിനുകൾ കൂടുതൽ വന്നാൽ മതിയെന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ഉൾപ്പെടെ 9 പുതിയ ഡാമുകൾ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്ന് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 129 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ മുൻ നിർത്തിയാണ് പുതിയ അണക്കെട്ട് നിർമ്മിക്കാൻ നീക്കം നടത്തുന്നത്. ഇതിന് ഡി.പി.ആർ തയാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

കേന്ദ്ര സർക്കാറിന്റെ പാരിസ്ഥിതിക ആഘാത പഠനത്തിനായുള്ള അനുമതിക്കായി ശ്രമം തുടരുന്നു. തമിഴ്നാടിന് ജലവും കേരളത്തിന് സുരക്ഷയും എന്നതാണ് ഈ വിഷയത്തിൽ കേരളത്തിന്റെ നയം. പെരിയാർ, ചാലക്കുടി, ചാലിയാർ, പമ്പ- അച്ചൻകോവിൽ, മീനച്ചിൽ നദീതടങ്ങളിൽ പ്രളയ പ്രതിരോധ ഡാമുകൾ നിർമ്മിക്കാനും നടപടി തുടങ്ങി. ഇതിൽ മൂന്നു ഡാമുകളുടെ പഠനം പൂർത്തിയാക്കിയതായും മന്ത്രി കൂട്ടിച്ചർത്തു.

കാവേരി ട്രിബ്യൂണൽ ഉത്തരവ് പ്രകാരം പാമ്പാർ സബ് ബേസിനിൽ മൂന്നു പദ്ധതികളിലായി മുന്ന് ഡാമുകൾക്കുവേണ്ടി തൃശൂർ ഫീൽഡ് സ്റ്റഡി സർക്കിൾ പഠനം നടത്തിയിട്ടുണ്ട്. പാമ്പാർ നദീതടത്തിൽ നിന്ന് കേരളത്തിന് അനുവദിച്ച മൂന്ന് ടി.എം.സി ജലം ഫലപ്രദമായി ഉപയോഗിക്കുന്നതിനായി പാമ്പാർ സബ് ബേസിനിൽ ചെങ്കല്ലാർ പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിശ്ശേരി ഡാം, തലയാർ പദ്ധതിയിൽ ഉൾപ്പെടുത്തി ലോവർ ചട്ട മൂന്നാർ ഡാം, വട്ടവട പദ്ധതിയിൽ ഉൾപ്പെടുത്തി ഒറ്റമരം ഡാം എന്നീ മൂന്നു ഡാമുകൾ നിർമ്മിക്കാൻ ആലോചനയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമശനവുമായി ഹൈക്കോടതി. യാക്കോബായ – ഓർത്തഡോക്‌സ് പള്ളിത്തർക്കവുമായി ബന്ധപ്പെട്ടാണ് വിമർശനം. വിധി നടപ്പാക്കാത്തത് ഭരണ സംവിധാനങ്ങളുടെ പരാജയമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

സർക്കാർ നടപടികൾ പ്രഹസനമാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവ് നടപ്പാക്കുന്നതിനെ എതിർക്കുന്ന യാക്കോബായ വിഭാഗം കോടതിയലക്ഷ്യമാണ് നടത്തുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കടുത്ത ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. വിധി നടപ്പിലാക്കാൻ ആവശ്യമായ നടപടികൾ പൊലീസ് സ്വീകരിക്കുന്നില്ലെന്നായിരുന്നു ഓർത്തോഡോക്‌സ് വിഭാഗത്തിന്റെ പരാമർശം.

വിധി നടപ്പിലാക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ പിന്നെ ആർക്കാണ് സാധിക്കുകയെന്നാണ് കോടതിയുടെ ചോദ്യം. വിധി നടപ്പാക്കാൻ കഴിയുന്നില്ലെന്നാണോ പറയുന്നത്. വിധി നടപ്പിലാക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചത്. സംസ്ഥാന സർക്കാരിന് വിധി നടപ്പിലാക്കാൻ കഴിയുന്നില്ലെങ്കിൽ ഭരണഘടനാ പ്രതിസന്ധിയാണെന്ന് പറയേണ്ടി വരും. സുപ്രീം കോടതി വിധിയാണ് നടപ്പിലാക്കാത്തതെന്ന് ഓർക്കണം. പൊലീസ് റിപ്പോർട്ട് പറയുന്നത് അതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വലിയ ക്രമസമാധാന പ്രശ്‌നമാണെന്നും ചിലപ്പോൾ വെടിവെപ്പ് വരെ ആവശ്യമായി വരുമെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയിൽ വിശദീകരിച്ചു. ജനങ്ങളിൽ ഒരു വിഭാഗം ശക്തമായ എതിർപ്പുമായി രംഗത്തുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തിനാണ് പ്രതിരോധിക്കുന്നതെന്ന് യാക്കോബായ വിഭാഗത്തോട് കോടതി ചോദിച്ചു. പ്രശ്‌നങ്ങൾ ഉണ്ടാക്കില്ല എന്ന് കഴിഞ്ഞ തവണ പറഞ്ഞതല്ലേ. എന്നിട്ടും തടസം നിന്നാൽ കോടതിയലക്ഷ്യമാകും. പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കാത്തത് കോടതിയലക്ഷ്യമല്ലേയെന്നും കോടതി ചോദിക്കുന്നു. കേസ് അടുത്ത മാസം എട്ടിന് വീണ്ടും പരിഗണിക്കും.