General (Page 179)

ആലപ്പുഴ: പാർട്ടിയെ നിർണായക ഘട്ടങ്ങളിൽ സഹായിച്ചയാളാണു വെള്ളാപ്പള്ളി നടേശനെന്ന് സിപിഎം നേതാവുമായ മുൻമന്ത്രി ജി സുധാകരൻ. അഭിപ്രായം തുറന്നു പറയുന്ന ശീലം അദ്ദേഹത്തിനുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെപ്പറ്റിയുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശത്തിനു വിരുദ്ധമായ പ്രതികരണവുമായാണ് അദ്ദേഹം രംഗത്തെത്തിയത്.

വെള്ളാപ്പള്ളിയുമായി സംസാരിച്ചാൽ തീരുന്ന പ്രശ്‌നങ്ങളേയുള്ളൂ. പാർട്ടി നിലപാടുകളിലെ ശുദ്ധതയെപ്പറ്റി അദ്ദേഹത്തിനു സംശയമുണ്ടെങ്കിൽ സംസാരിച്ചു തീർക്കണം. 50 വർഷമായി അദ്ദേഹത്തെ നേരിട്ടറിയാം. ഒരു കാര്യം പറഞ്ഞാൽ അദ്ദേഹം തള്ളില്ല. ഇപ്പോൾ പാർട്ടിക്കു ബുദ്ധിമുട്ടുണ്ടാകുന്ന അഭിപ്രായം പറഞ്ഞു കാണും. അദ്ദേഹത്തിന് അഭിപ്രായം പറയാൻ ആരോടും ചോദിക്കേണ്ട ആവശ്യമില്ല. പക്ഷേ, അദ്ദേഹം അത് എല്ലാവരെയും പറ്റിയും പറയുന്നതാണ്. ഈഴവ വോട്ടുകൾ എന്ന വോട്ട് ഇല്ല. വോട്ടുകളിൽ എല്ലാ സമുദായക്കാരുമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പാർട്ടിക്കെതിരെ ശബ്ദിച്ചതിന് ടി പി ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ രീതിയിൽ ഇനിയും ആരെയെങ്കിലും സിപിഎം കൊല്ലാൻ നോക്കിയാൽ അവർക്ക് കോൺഗ്രസ് സംരക്ഷണം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും, പാർട്ടിയും നൽകുന്ന സംരക്ഷണമാണ് കൊലയാളികളുടെ പിൻബലം. പാർട്ടിയിൽ ഉയർന്നുവരുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ ടിപി ചന്ദ്രശേഖരൻ മാതൃകയിൽ തീർത്തുകളയാം എന്നാണ് കരുതുന്നതെങ്കിൽ അവർക്ക് സംരക്ഷണം നൽകാനാണ് കോൺഗ്രസിന്റെ തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊന്ന കേസിലെ പ്രതി ആകാശ് തില്ലങ്കേരി വീണ്ടും വധഭീഷണി മുഴക്കി രംഗത്തുവന്നത് സിപിഎം സമുന്നത നേതാക്കളുടെ അറിവോടെയാണ്. ടിപി ചന്ദ്രശേഖരനെ കൊല്ലുന്നതിനു മുൻപും സമാനമായ ഭീഷണികൾ ഉയർന്നിരുന്നു. അന്നു കുലംകുത്തിയെന്ന് വിളിച്ച് ഭീഷണി മുഴക്കിയ ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായത്. ടിപി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികളായ ടികെ രജീഷ്, ഷാഫി, സിജിത്ത്, ട്രൗസർ മനോജ് എന്നിവർക്ക് ശിക്ഷായിളവു നൽകാൻ നടത്തിയ നീക്കത്തിനൊടുവിൽ ഇരകളായത് മൂന്ന് ജയിലുദ്യോഗസ്ഥരാണ്. എന്നാൽ, ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ച് ഇത്തരമൊരു നീക്കം നടത്താൻ ഉദ്യോഗസ്ഥർക്ക് കഴിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒടുങ്ങാത്ത പകയാണ് ഇതിനു പിന്നിലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

കണ്ണൂർ സെൻട്രൽ ജയിലിൽ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ ഈ കൊലയാളികൾ കഴിയുന്നത് പാർട്ടിയുടെയും സർക്കാരിന്റെയും ഊറ്റമായ പിന്തുണയോടെയാണ്. ജയിൽ ഉദ്യോഗസ്ഥർ ഇവരുടെ പാദസേവകരാണ്. ജയിൽ സൂപ്രണ്ടിനെ മർദിച്ച സംഭവം വരെ ഇവിടെ ഉണ്ടായിട്ടുണ്ട്. ജയിലിൽ കിടന്നുകൊണ്ടാണ് ഇവർ പലിശയ്ക്ക് പണം നല്കുന്നത്. മൊബൈൽ ഫോണും മൊബൈലിൽ സംസാരിക്കാനുള്ള അവകാശവും ഇവർക്കുണ്ട്. പുറം ഗുണ്ടാപ്പണികൾ ഇവർ ഏർപ്പാടാക്കുന്നു. കോഴിക്കോട് രാമനാട്ടുകരയിൽ 5 പേരുടെ മരണത്തിന് ഇടയാക്കിയ സ്വർണം പൊട്ടിക്കൽ സംഭവത്തിനു പിന്നിലും ജയിലിൽ കഴിയുന്ന പാർട്ടി ബന്ധമുള്ള കൊലയാളികളാണ്. ഇവർക്ക് യഥേഷ്ടമാണ് പരോൾ ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബർലിൻ: ജർമനിയിൽ പുതിയ പൗരത്വ പരിഷ്‌കാര നിയമം പ്രാബല്യത്തിൽ വന്നു. ജർമനിയിൽ താമസിക്കുന്ന വിദേശികൾക്ക് കൂടുതൽ വേഗത്തിലും യഥാർത്ഥ പൗരത്വം ഉപേക്ഷിക്കാതെയും ജർമൻ പൗരത്വം നേടാനാകുമെന്നതാണ് ഇതിന്റെ സവിശേഷത. പൗരത്വം ലഭിക്കാനുള്ള നടപടിക്രമങ്ങളും അതിന്റെ കാലയളവും ലഘൂകരിച്ചാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നിരിക്കുന്നത്.

2024 ജൂൺ 27 മുതലാണ് ജർമൻ സർക്കാർ ആവിഷ്‌ക്കരിച്ച പുതിയ പൗരത്വ പരിഷ്‌കാരങ്ങൾ പ്രാബല്യത്തിൽ വന്നത്. പുതിയ പൗരത്വ നിയമം ജർമനിയിലെ വിദേശികൾക്ക് ഒന്നിലധികം പൗരത്വങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ ജർമൻ പൗരത്വത്തിന് അപേക്ഷിക്കാൻ അനുമതി നൽകുന്നു. ജർമൻ പൗരത്വം നേടുമ്പോൾ സ്വദേശിവൽക്കരണത്തിനുള്ള അപേക്ഷകർ അവരുടെ മുൻ പൗരത്വം ഉപേക്ഷിക്കേണ്ടതില്ല. സ്വദേശിവൽക്കരണ അപേക്ഷകർക്ക് ഇപ്പോൾ ജർമൻ പൗരത്വം കൂടുതൽ വേഗത്തിൽ ലഭിക്കുമെന്നതാണ് പുതിയ നിയമത്തിന്റെ ഏറ്റവും വലിയ സവിശേഷത. ജർമനിയിൽ അഞ്ച് വർഷം നിയമപരമായ താമസത്തിന് ശേഷം വിദേശികൾക്ക് പൗരത്വത്തിന് അപേക്ഷിക്കാം. നേരത്തെ് ഇത് എട്ട് വർഷമായിരുന്നു.

പുതിയ നിയമപ്രകാരം, ജർമൻ പൗരന്മാരെ വിവാഹം കഴിച്ച വിദേശികൾക്ക്, ജർമൻ പൗരത്വത്തിന് അപേക്ഷിക്കാനുള്ള കാത്തിരിപ്പ് കാലയളവ് നാല് വർഷമായി കുറച്ചു. മികച്ച തൊഴിൽ പ്രകടനം കാണിക്കുന്ന, സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന, സാമ്പത്തികമായി സ്വയം പിന്തുണയുള്ള, ജർമൻ ഭാഷ ഉയർന്ന പ്രാവീണ്യത്തിൽ സംസാരിക്കുന്ന ആളുകൾക്ക്, സ്വദേശിവൽക്കരണ കാലയളവ് മൂന്ന് വർഷമായി കുറച്ചിട്ടുണ്ട്. ജർമനിയിൽ വിദേശ മാതാപിതാക്കൾക്ക് ജനിച്ച കുട്ടികൾക്ക് അവരുടെ മാതാപിതാക്കളുടെ പൗരത്വം നിലനിർത്തിക്കൊണ്ട് ജർമൻ പൗരത്വം നേടാം. കുറഞ്ഞത് ഒരു രക്ഷകർത്താവെങ്കിലും അഞ്ച് വർഷത്തിലേറെയായി ജർമനിയിൽ നിയമപരമായി താമസിക്കുകയും സ്ഥിരതാമസമുള്ളവരുമാണെങ്കിൽ കുട്ടിക്ക് പൗരത്വം ലഭിക്കും. ജർമൻ പൗരത്വ പരീക്ഷയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

കൊളംബോ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുസംഘത്തിലെ കണ്ണികളായ ഇന്ത്യക്കാർ ശ്രിലങ്കയിൽ അറസ്റ്റിൽ. 137 ഇന്ത്യക്കാരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീലങ്കൻ കുറ്റാന്വേഷണവിഭാഗമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊളംബോയുടെ പ്രാന്തപ്രദേശങ്ങളായ മഡിവേല, ബത്തരമുള്ള, നെഗുംബോ എന്നിവിടങ്ങളിൽ അധികൃതർ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഇത്രയധികം പേർ പിടിയിലാകുന്നത്.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് നിർണായകത്തെളിവുകൾ ലഭിച്ചത് നെഗുംബോയിലെ ആഡംബരവീട്ടിൽ നടത്തിയ തിരച്ചിലിലാണ്. ആദ്യം 13 പേരെയും പിന്നീട് 19 പേരെയും പിടികൂടി. പെരദെനിയയിൽ അച്ഛനും മകനും സംഘത്തെ സഹായിച്ചതായി സമ്മതിച്ചു. തട്ടിപ്പിനിരയായ ആളുടെ പരാതിപ്രകാരമായിരുന്നു അന്വേഷണം നടന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തുന്നതിന് പണം നൽകാമെന്നുപറഞ്ഞാണ് സംഘം തട്ടിപ്പുനടത്തിയത്. വാഗ്ദാനത്തിൽ ആകൃഷ്ടരായി എത്തുന്നവരെ വാട്സാപ്പ് കൂട്ടായ്മയിൽ ചേർക്കും. ആദ്യഘട്ട പ്രതിഫലം നൽകിയശേഷം ഇരകളെ നിക്ഷേപത്തിനായി നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതിയെന്ന് അന്വേഷണസംഘം അറിയിച്ചു. അറസ്റ്റിലായവർ ദുബായ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന അന്താരാഷ്ട്ര തട്ടിപ്പുറാക്കറ്റിലെ കണ്ണികളാണിവരെന്നാണ് സൂചന. നിയമവിരുദ്ധവാതുവെപ്പ്, ചൂതാട്ടം തുടങ്ങിയ മറ്റു സാമ്പത്തിക കുറ്റകൃത്യങ്ങളും സംഘം നടത്തിയതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎമ്മിനെ പ്രതിചേർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂർ ബാങ്കിൽ നിന്നും തട്ടിയെടുത്ത പണം പാർട്ടി കൈപ്പറ്റിയെന്നാണ് ഇഡി വ്യക്തമാക്കുന്നത്. സിപിഎമ്മിന്റേതും സ്വകാര്യ വ്യക്തികളുടേതും ഉൾപ്പെടെ 29.5 കോടി രൂപയുടെ സ്വത്തുവകകളാണ് ഇഡി കണ്ടുകെട്ടിയത്.

ഇഡി കണ്ടുകെട്ടിയവയിൽ സിപിഎമ്മിന്റെ 76 ലക്ഷത്തോളം രൂപയുടെ സ്വത്തുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. സിപിഎമ്മിന്റേതടക്കം ഒമ്പത് പേരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പ്രതിചേർക്കപ്പെട്ട മറ്റ് വ്യക്തികൾ അനധികൃതമായി ബാങ്കിൽ നിന്നും പണം സമ്പാദിച്ചവരാണ്.

പാർട്ടിയുടെ എട്ട് അക്കൗണ്ടുകളും പൊറത്തിശ്ശേരി പാർട്ടി കമ്മിറ്റി ഓഫീസ് നിർമിക്കാൻ വാങ്ങിയ ഭൂമിയും കണ്ടുകെട്ടിയിട്ടുണ്ട്. തൃശ്ശൂർ ജില്ലാ സെക്രട്ടറി എന്ന നിലയിൽ എം എം വർഗീസിന്റെ പേരിലാണ് സ്വത്തുക്കൾ.

ശ്രീനഗർ: അമർനാഥ് തീർഥാടന യാത്രയ്ക്കായി ആദ്യസംഘം പുറപ്പെട്ടു. 4603 പേരാണ് ആദ്യ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് ബേസ് ക്യാംപായ ജമ്മുവിലെ ഭഗവതി നഗറിൽ നിന്നു സംഘം യാത്ര തിരിച്ചത്. ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഫ്‌ളാഗ് ഓഫ് ചെയ്തു.

ഇത്തവണയും 2 വഴികളിലൂടെയാണ് തീർഥയാത്ര. 48 കി.മീ ദൂരമുള്ള പരമ്പരാഗത നുൻവാൻ-പഹൽഗാം വഴിയും 14 കി.മീ ദൂരമുള്ള ബാൽറ്റൽ വഴിയുമാണു തുറന്ന് നൽകിയിരിക്കുന്നത്. 3880 മീറ്റർ ഉയരത്തിലാണ് അമർനാഥ് ഗുഹ. വെള്ളിയാഴ്ച ഉച്ചയോടെ തീർഥാടകരുടെ ആദ്യസംഘം കശ്മീർ താഴ്വരയിൽ എത്തിയിരുന്നു.

കനത്ത സുരക്ഷയാണ് തീർഥാടകർക്കായി കേന്ദ്ര സർക്കാർ ഒരുക്കിയിട്ടുള്ളത്. ജമ്മു കശ്മീർ പൊലീസിന്റെയും സിആർപിഎഫിന്റെയും ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിന്റേതും ഉൾപ്പടെ വിവിധ അർധ സൈനിക വിഭാഗങ്ങളുടെ കനത്ത സുരക്ഷയിലാണു തീർഥാടനം നടക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളുടെ പേര് മാറ്റുന്നുവെന്നത് അടിസ്ഥാന രഹിതമായ പ്രചരണമാണെന്ന് വ്യക്തമാക്കി ആരോഗ്യ വകുപ്പ്. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഇനിയും ആ പേരുകളിൽ തന്നെ അറിയപ്പെടുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

നെയിം ബോർഡുകളിൽ ആ പേരുകളാണ് ഉണ്ടാകുക. ബ്രാൻഡിംഗായി കേന്ദ്ര സർക്കാർ നിർദേശിച്ച ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’, ‘ആരോഗ്യം പരമം ധനം’ എന്നീ ടാഗ് ലൈനുകൾ കൂടി ഉൾപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്രത്തിന്റെ ഫണ്ടുകൾ കിട്ടാതെയായതോടെയാണ് പേര് മാറ്റത്തിൽ കേന്ദ്രത്തോട് കേരളം വഴങ്ങിയത്.

കഴിഞ്ഞ ഡിസംബറിനുള്ളിൽ പേര് മാറ്റം പൂർത്തിയാക്കണമെന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അന്ത്യശാസനം. പക്ഷെ കേന്ദ്രത്തിന്റെ ബ്രാൻഡിങ് നിബന്ധനയ്ക്ക് വഴങ്ങില്ലെന്നായിരുന്നു കേരളത്തിന്റെ നിലപാട്. ഇതോടെ എൻഎച്ച്എം ഫണ്ട് അനുവദിക്കാൻ കേന്ദ്രം തയ്യാറായിരുന്നില്ല. ശമ്പള വിതരണം അടക്കം പ്രതിസന്ധിയിലായിരുന്നു.

ന്യൂഡൽഹി: ഐഎസ്ആർഒയുടെ ചന്ദ്രയാൻ 4 ദൗത്യത്തെക്കുറിച്ച് വെളിപ്പെടുത്തി ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. മുൻ പതിപ്പുകളെ പോലെ ഒറ്റ വിക്ഷേപണമായല്ല, ഇരട്ട വിക്ഷേപണമാണ് ചന്ദ്രയാൻ 4 ദൗത്യത്തിൽ നടക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചന്ദ്രനിൽ നിന്ന് സാമ്പിൾ ശേഖരിക്കുകയെന്ന ലക്ഷ്യവുമായി ആസൂത്രണം ചെയ്യുന്ന ദൗത്യമാണ് ചന്ദ്രയാൻ 4. രണ്ട് ഭാഗങ്ങളായാണ് ചന്ദ്രയാൻ 4 പേടകം വിക്ഷേപിക്കുന്നത്. ശേഷം ബഹിരാകാശത്ത് വെച്ച് ഈ ഭാഗങ്ങൾ തമ്മിൽ യോജിപ്പിക്കുകയും ചന്ദ്രനിലേക്ക് യാത്ര തുടരുകയും ചെയ്യും. ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങൾ ബഹിരാകാശത്ത് വെച്ച് സംയോജിപ്പിക്കുന്ന ഡോക്കിങ് സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന ജോലികൾ നടക്കുകയാണെന്നും ‘സ്പെഡെക്സ്’ എന്ന പേരിൽ ഈ വർഷം അവസാനത്തോടെ ഈ സാങ്കേതിക വിദ്യ പരീക്ഷിക്കുമെന്നും സോമനാഥ് വിശദമാക്കി.

നേരത്തെ നടത്തിയ ദൗത്യങ്ങളിലൊന്നും തന്നെ ഐഎസ്ആർഒയ്ക്ക് ഡോക്കിങ് നടത്തേണ്ടി വന്നിട്ടില്ല. സ്പെഡ്എക്സിലൂടെ നടത്തുന്ന ഡോക്കിങ് സാങ്കേതിക വിദ്യ പരീക്ഷണം ബഹിരാകാശ നിലയം ഉൾപ്പടെയുള്ള ഭാവി ബഹിരാകാശ ദൗത്യങ്ങളിൽ ഇന്ത്യക്ക് പ്രയോജനം ചെയ്യുന്നതാണ്. ഇന്ത്യ ആസൂത്രണം ചെയ്യുന്ന ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ബിഎഎസ്) എന്ന ബഹിരാകാശ നിലയത്തിന്റെ നിർമാണവും വ്യത്യസ്ത ഭാഗങ്ങൾ പലതവണയായി ബഹിരാകാശത്ത് എത്തിച്ച് കൂട്ടിച്ചേർത്തുകൊണ്ടായിരിക്കും. ചന്ദ്രയാൻ 4 പദ്ധതിക്കായുള്ള നിർദേശം സർക്കാരിന്റെ അനുമതിക്കായി നൽകിയിട്ടുണ്ടെന്നും ഐഎസ്ആർഒയുടെ ‘വിഷൻ 47’ ഉദ്യമത്തിന്റെ ഭാഗമായുള്ള നാല് പദ്ധതി നിർദേശങ്ങളിൽ ഒന്നാണിതെന്നും സോമനാഥ് പറഞ്ഞു. 2035 ഓടെ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040 ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനും ലക്ഷ്യമിട്ടുള്ളതാണ് വിഷൻ 47. ബഹിരാകാശ നിലയ വിക്ഷേപണവുമായി ബന്ധപ്പെട്ട സർക്കാരിന് നൽകാനുള്ള വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന പ്രൊപ്പോസൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ കർഷകർക്ക് അംഗങ്ങളാകാൻ അവസരം. ഈ പദ്ധതിയിൽ അംഗങ്ങളായ കർഷകർക്ക് തങ്ങളുടെ കാർഷിക വിളകൾക്ക് കുറഞ്ഞ പ്രീമിയത്തിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയാണിത്. പദ്ധതിയിൽ അംഗമായവർക്ക് വിളനാശമുണ്ടായാൽ നഷ്ടപരിഹാരത്തിന് അർഹതയും ലഭിക്കും.

പദ്ധതിയിലൂടെ പരിരക്ഷ ലഭിക്കുന്നത് തെങ്ങ്, വാഴ, റബർ, നെല്ല്, കവുങ്ങ്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഏലം, ഗ്രാമ്പൂ, ഇഞ്ചി. മാവ്, പൈനാപ്പിൾ, കശുമാവ്, മരച്ചീനി, പയറുവർഗങ്ങൾ (ഉഴുന്ന്, പയർ, ചെറുപയർ, ഗ്രീൻ പീസ്, സോയാബീൻ), കിഴങ്ങുവർഗങ്ങൾ ( ചേന, ചേമ്പ്, കാച്ചിൽ, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്), പച്ചക്കറി വിളകൾ (പടവലം, പാവൽ , വള്ളിപ്പയർ, മത്തൻ, കുമ്പളം, വെള്ളരി, വെണ്ട, പച്ചമുളക് ) എന്നീ വിളകൾക്കാണ്.

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ ഓരോ വിളയ്ക്കും വെവ്വേറെ പ്രതികൂല കാലാവസ്ഥാ ഘടകങ്ങളും അതു രേഖപ്പെടുത്തുന്ന കാലാവധിയും വിളയനുസരിച്ചുള്ള കാലാവസ്ഥയുടെ നിർണായക തോതും ടേം ഷീറ്റ് പ്രകാരം സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇവയിൽ രേഖപ്പെടുത്തിയിരിക്കുന്ന കാലാവസ്ഥയുടെ ഡാറ്റയും ഓരോ വിളയ്ക്കുമുള ടേം ഷീറ്റും അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നിർണയിക്കുന്നത്. ഇതിന് പുറമെ ശക്തമായ കാറ്റ്, വെള്ളപ്പൊക്കം എന്നിവ മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കും പദ്ധതിയിലൂടെ പരിരക്ഷ ലഭിക്കും.

കർഷകർക്ക് ഈ പദ്ധതിയിലേക്ക് സി എസ് സി ഡിജിറ്റൽ കേന്ദ്രങ്ങൾ വഴി ഓൺലൈനായി റജിസ്റ്റർ ചെയ്യാം. വായ്പയെടുത്ത കർഷകരാണെങ്കിൽ അവരെ അതതു ബാങ്കുകൾ പദ്ധതിയിൽ ചേർക്കും. അപേക്ഷയോടൊപ്പം പ്രീമിയം തുക, ആധാറിന്റെ പകർപ്പ്, നികുതി രശീതിയുടെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് തുടങ്ങിയ രേഖകൾ കൂടി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ നിങ്ങളുടെ പഞ്ചായത്തിലെ കൃഷി ഭവനിൽ നിന്നു ലഭിക്കുന്നതാണ്.

ഹെക്ടറിന് 1600 രൂപയാണ് നെല്ലിന് കർഷക പ്രീമിയമായി നൽകേണ്ടത്. 80000 രൂപയാണ് ഇതിന്റെ ഇൻഷുറൻസ് തുക. വാഴ കർഷക പ്രീമിയം ഹെക്ടറിന് 8750 രൂപയാണ് നൽകേണ്ടത്. ഇൻഷുറൻസ് തുക 175000 രൂപ. തെങ്ങിന് കർഷക പ്രീമിയം ഹെക്ടറിന് 5000 രൂപയും ഇൻഷുറൻസ് തുക: 100000 രൂപയുമാണ്. റബർ കർഷക പ്രീമിയം ഹെക്ടറിന് 5000 രൂപയും ഇൻഷുറൻസ് തുക 100000 രൂപയുമാണ്.

ഓൺലൈൻ റജിസ്‌ട്രേഷന് Pmfby.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. ജൂൺ 30 ആണ് അവസാന തീയതി.

എറണാകുളം: സിപിഎം പഞ്ചായത്തംഗം റോഡിൽ മാലിന്യം തള്ളിയ സംഭവത്തിൽ എന്ത് നടപടിയെടുത്തെന്ന് സർക്കാരിനോട് ചോദിച്ച് ഹൈക്കോടതി.മൂവാറ്റുപുഴ മഞ്ഞള്ളൂരിൽ റോഡിൽ മാലിന്യം തള്ളിയ പഞ്ചായത്തംഗത്തിനെതിരെ സർക്കാർ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്. ബ്രഹ്മപുരം വിഷയം പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം സർക്കാരിനോട് ചോദിച്ചത്.

അടുത്ത സിറ്റിംഗിൽ വിഷയത്തിൽ സർക്കാർ മറുപടി നൽകണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. ഉത്തരവാദിത്തപ്പെട്ട ഒരു പഞ്ചായത്തംഗം തന്നെ നിയമം ലംഘിച്ച സാഹചര്യത്തിലാണ് സാഹചര്യത്തിലാണ് കോടതിയുടെ ഭാഗത്ത് നിന്നും സർക്കാരിനോട് ഇത്തരമൊരു ചോദ്യം ഉണ്ടായിരിക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങൾ മാത്രമല്ല വ്യക്തികൾ കൂടി ഇടപെട്ടാലേ കേരളത്തിലെ മാലിന്യ സംസ്‌കരണ പ്രശ്‌നങ്ങൾക്ക് പരിഹാരമാവുകയുള്ളൂവെന്ന് കോടതി അഭിപ്രായപ്പെട്ടു. മുൻപും ഉന്നത ഉദ്യോഗസ്ഥരെയടക്കം ഓൺലൈനിൽ വിളിച്ച് വരുത്തി വിശദീകരണം തേടിയ സംഭവത്തെ കുറിച്ചും കോടതി ചൂണ്ടിക്കാട്ടി.

വഴിയരികിൽ മാലിന്യം വിലിച്ചെറിഞ്ഞത് മഞ്ഞള്ളൂർ പഞ്ചായത്തിലെ 13-ാം വാർഡ് മെമ്പർ പി എസ് സുധാകരനാണ്. സ്‌കൂട്ടറിൽ പോകുന്നതിനിടെ വഴിയരികിലേക്ക് മാലിന്യം തള്ളുന്ന സുധാകരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് കോടതി വിഷയത്തിൽ ഇടപെടൽ നടത്തിയത്.