General (Page 178)

കൊൽക്കത്ത: കോടതിയെ നീതിയുടെ ക്ഷേത്രമായും ജഡ്ജിമാരെ ദൈവമായും താരതമ്യം ചെയ്യുന്നതിൽ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഇത്തരത്തിൽ താരതമ്യം ചെയ്യുന്നത് അപകടമെന്ന് അദ്ദേഹം പറഞ്ഞു. ജഡ്ജിമാർ സ്വയം അങ്ങനെ കാണുന്നത് അതിലേറെ അപകടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊൽക്കത്തയിലെ നാഷണൽ ജുഡീഷ്യൽ അക്കാദമി സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

സാധാരണ ജഡ്ജിമാരെ ലോർഡ്ഷിപ്പ് എന്നും ലേഡിഷിപ്പ് എന്നും അഭിസംബോധന ചെയ്യാറുണ്ട്. ജനങ്ങളെ സേവിക്കുന്നവർ എന്ന നിലയിൽ ജഡ്ജിമാരുടെ റോൾ മാറ്റാൻ താൻ ആഗ്രഹിക്കുന്ന. മറ്റുള്ളവരെ സേവിക്കാനുള്ളവരെന്ന് സ്വയം കണക്കാക്കുമ്പോൾ നിങ്ങളിൽ അനുകമ്പ, സഹാനുഭൂതി എന്നിവ നിറയും. ക്രിമിനൽ കേസിൽ ആരെയെങ്കിലും ശിക്ഷിക്കുമ്പോൾ പോലും ജഡ്ജിമാർ അനുകമ്പയോടെയാണ് അത് ചെയ്യുന്നത്. കാരണം എല്ലാത്തിനുമൊടുവിൽ ഒരു മനുഷ്യനാണ് ശിക്ഷിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വൈവിധ്യം, ഉൾക്കൊള്ളൽ, സഹിഷ്ണുത തുടങ്ങി ഭരണഘടനാ ധാർമികതയുടെ പ്രാധാന്യം തിരിച്ചറിയേണ്ടത് പ്രധാനമാണ്. ഭരണഘടനാപരമായ ധാർമ്മികത സുപ്രിം കോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജിമാർക്ക് മാത്രമല്ല, ജില്ലാ ജുഡീഷ്യറിക്കും പ്രധാനമാണ്. കാരണം സാധാരണ പൗരന്മാരുടെ ഇടപെടൽ ആദ്യം ആരംഭിക്കുന്നത് ജില്ലാ ജുഡീഷ്യറിയിൽ നിന്നാണെന്നും ഡി വൈ ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: അക്ഷയ കേന്ദ്രം, ഫ്രണ്ട്‌സ് ഇവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ എസ് ഇ ബി നിർത്തലാക്കി. ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെ എസ് ഇ ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് തീരുമാനം. വൈദ്യുതിബിൽ തുക കെ എസ് ഇ ബിയുടെ അക്കൗണ്ടിലെത്താൻ കാലതാമസമുണ്ടാകുന്നതു കാരണം ഉപഭോക്താക്കൾ നേരിട്ടുവന്ന ബുദ്ധിമുട്ടുകളും അതു സംബന്ധിച്ച പരാതികളും കണക്കിലെടുത്തതാണ് ഈ നടപടി.

നിലവിൽ 70 ശതമാനത്തോളം ഉപഭോക്താക്കളും ഓൺലൈൻ മാർഗ്ഗങ്ങളിലൂടെയാണ് വൈദ്യുതി ബില്ലടയ്ക്കുന്നത്. അധികച്ചെലവേതുമില്ലാതെ തികച്ചും അനായാസം വൈദ്യുതി ബിൽ അടയ്ക്കാനുള്ള നിരവധി ഓൺലൈൻ മാർഗ്ഗങ്ങൾ കെ എസ് ഇ ബി ഒരുക്കിയിട്ടുണ്ട്. സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും പണമടയ്ക്കാവുന്നതാണ്. ഉപഭോക്താക്കളുടെ സഹകരണം അഭ്യർത്ഥിക്കുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു.

ആലപ്പുഴ: കേരളത്തിൽ എസ്എസ്എൽസി പാസായവരിൽ നല്ലൊരു ശതമാനത്തിനും എഴുതാനോ വായിക്കാനോ അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. പണ്ടൊക്കെ എസ്എസ്എൽസി പാസാകാൻ 210 മാർക്ക് കിട്ടാൻ ബുദ്ധിമുട്ടായിരുന്നുവെന്നും ഇപ്പോൾ എല്ലാവരും ജയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആരെങ്കിലും എസ്എസ്എൽസി തോറ്റാൽ അത് സർക്കാരിന്റെ പരാജയമായി ചിത്രീകരിക്കും. രാഷ്ട്രീയ പാർട്ടികൾ സമരത്തിനിറങ്ങും. അതുകൊണ്ടുതന്നെ എല്ലാവരെയും ജയിപ്പിക്കുകയാണ് സർക്കാരിന് നല്ല കാര്യം. ഈ പ്രവണത നല്ലതല്ലെന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പ്രകൃതിയോട് ഇണങ്ങിയുളള ജീവിതം കുറഞ്ഞതിനാൽ കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥയായി. ഇപ്പോൾ തുടങ്ങിയാൽ പൂട്ടാത്ത സ്ഥാപനം മദ്യവിൽപന ശാലയും ആശുപത്രിയുമാണ്. ഈ സ്ഥാപനങ്ങൾ നാൾക്കുനാൾ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ. 9 പേരാണ് മണ്ണിടിച്ചിലിൽ മരണപ്പെട്ടത്. എട്ട് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെയാണ് മരിച്ചത്. ഗുൽമി ജില്ലയിലെ മാലിക ഗ്രാമത്തിലാണ് മണ്ണിടിച്ചിൽ. മരണപ്പെട്ടവരിൽ അഞ്ചു പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മലയോര മേഖലയിൽ മൂന്നിടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

രാത്രിയായതിനാൽ വീട്ടുകാർ ഉറക്കത്തിലായിരുന്നു. വീടുകൾ ഉൾപ്പെടെ പൂർണമായി തകർന്നു. ഇതിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പെട്ടാണ് മരണം സംഭവിച്ചത്. ബഗ്ലുങ് ജില്ലയിൽ രണ്ട് പേരും സയാങ്ജ ജില്ലകയിൽ രണ്ട് പേരും മരണപ്പെട്ടുവെന്ന് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിലും കനത്ത മഴയാണ് നേപ്പാളിൽ അനുഭവപ്പെട്ടത്. നേപ്പാളിൽ വിവിധയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 14 പേരാണ് മരണപ്പെട്ടത്.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് നടപടി. ദേശീയ കൺവീനറുമായ കെജ്രിവാളിനെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന കേസിലാണ് കോടതിയുടെ നടപടി.

ജൂലൈ 12 വരെ കെജ്രിവാൾ തിഹാർ ജയിലിൽ കഴിയണം. കേസുമായി കെജ്രിവാൾ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങൾക്ക് മതിയായ ഉത്തരങ്ങൾ അല്ല നൽകുന്നതെന്നുമാണ് സിബിഐ റിമാൻഡ് അപേക്ഷയിൽ വ്യക്തമാക്കിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് നാല് കുറ്റപത്രങ്ങളാണ് സിബിഐ ഹാജരാക്കിയത്.

മനീഷ് സിസോദിയ, ബി.ആർ.എസ്. നേതാവ് കെ കവിത തുടങ്ങിയവർ ഉൾപ്പെടെ 17 പ്രതികൾ കുറ്റപത്രത്തിലുണ്ട്.

ന്യൂഡൽഹി: നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ദേശീയതലത്തിൽ ഈ സംവിധാനം അവസാനിപ്പിക്കണമെന്നാണ് സ്റ്റാലിൻ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നീറ്റ് പരീക്ഷയെ എതിർത്തുകൊണ്ട് തമിഴ്നാട് നിയമസഭ വെള്ളിയാഴ്ച പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാലിൻ പ്രധാനമന്ത്രിയ്ക്ക് കത്ത് നൽകിയിരിക്കുന്നത്.

പ്രത്യേക പരീക്ഷ നടത്താതെ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനം പ്ലസ്ടു മാർക്കിന്റെ മാത്രം അടിസ്ഥാനത്തിൽ നൽകണമെന്നും പ്രവേശന പരീക്ഷകൾ വിദ്യാർഥികളിൽ അനാവശ്യ സമ്മർദം സൃഷ്ടിക്കുകയാണെന്നും കത്തിൽ പറയുന്നു. തമിഴ്‌നാടിനെ നീറ്റിൽ നിന്ന് ഒഴിവാക്കണം. മെഡിക്കൽ പ്രവേശനം പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം ഞങ്ങൾ നിയമസഭയിൽ ഐക്യകണ്‌ഠേന പാസാക്കിയിട്ടുണ്ട്. ഇത് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഒരു സ്ഥിരീകരണം ലഭിച്ചിട്ടില്ല. അടുത്തിടെ നീറ്റ് പരീക്ഷക്കിടെ നടന്ന ക്രമക്കേടുകൾ തമിഴ്‌നാട് സർക്കാറിന്റെ എതിർപ്പിനെ സാധൂകരിക്കുന്നതാണ്. നിലവിലെ പ്രവേശന പ്രക്രിയ അവസാനിപ്പിക്കണമെന്ന് മറ്റു പല സംസ്ഥാനങ്ങളും ഇതിനോടകം ആവശ്യപ്പെടുന്നു. ഈ കാര്യങ്ങളെല്ലാം പരിഗണിച്ച് തമിഴ്നാടിനെ നീറ്റിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള ബില്ലിന് കേന്ദ്രസർക്കാർ അനുമതി നൽകണമെന്നും കത്തിൽ വിശദീകരിക്കുന്നു.

അതേസമയം, നീറ്റ് വിഷയത്തിൽ തമിഴ്‌നാടിനെ പിന്തുണയ്ക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും സ്റ്റാലിൻ കത്തയച്ചു. എൻടിഎ നടത്തിയ പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സമീപകാല റിപ്പോർട്ടുകൾ രാജ്യത്തെ മെഡിക്കൽ കോഴ്സുകൾക്കായി തയ്യാറെടുക്കുന്ന പലരുടെയും സ്വപ്നങ്ങളെയാണ് തകർത്തത്. അതുകൊണ്ട് തമിഴ്നാടിന്റെ ഈ ആശങ്കയും ആവശ്യവും പാർലമെന്റിൽ അറിയിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു, കൂടാതെ രാജ്യത്തെ യുവാക്കളുടെ താൽപ്പര്യം കണക്കിലെടുത്ത് അതത് സംസ്ഥാന നിയമസഭകളിൽ സമാനമായ പ്രമേയങ്ങൾ പാസാക്കാൻ ഇൻഡി സഖ്യത്തിലുള്ള സംസ്ഥാനങ്ങളോട് നിർദ്ദേശിക്കുകയും ചെയ്യുന്നുവെന്ന് സ്റ്റാലിൻ അറിയിച്ചു.

ന്യൂഡൽഹി: ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയം ഇന്ത്യയ്ക്കാകെ അഭിമാനമാണെന്നും ഓരോ ഇന്ത്യാക്കാരനും ഈ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കുറിച്ച് അഭിമാനം എന്നും മോദി കൂട്ടിച്ചേർത്തു. ടൂർണമെന്റിലുടനീളം ഗംഭീരമായ പ്രകടനം നടത്തിയ ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സൂര്യകുമാർ യാദവിന്റെ ക്യാച്ചിനെയും രോഹിത് ശർമയുടെ നായക മികവിനെയും രാഹുൽ ദ്രാവിഡിന്റെ പരിശീലക മികവിനെയും രാഹുൽ ഗാന്ധി അഭിനന്ദിക്കുകയും ചെയ്തു.

രാജ്യത്തിന് എന്തെന്നില്ലാത്ത ആനന്ദവും അഭിമാനവും പകരുന്ന ഈ വിജയം കായികമേഖലയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ഇന്ത്യ രണ്ടാമത്തെ പുരുഷ ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയിരിക്കുന്നു. ടൂർണമെന്റിൽ ഉടനീളം പുലർത്തിയ ആത്മവിശ്വാസവും മികവും കടുത്ത മത്സരം നേരിട്ട ഫൈനലിലും കൈവിടാതെ വിജയം കരസ്ഥാമാക്കാൻ ടീം ഇന്ത്യയ്ക്ക് സാധിച്ചു. ഈ സന്തോഷത്തിൽ ഹൃദയപൂർവ്വം പങ്കു ചേരുന്നു. ടീം ഇന്ത്യയ്ക്ക് ഹാർദ്ദമായ അഭിനന്ദനങ്ങളെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

17 വർഷങ്ങൾക്ക് ശേഷമാണ് ടി 20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയത്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കിയത്.

ന്യൂഡൽഹി: ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യത്തിൽ ഉറച്ച് ജനതാദൾ യുണൈറ്റഡിന്റെ (ജെഡിയു) ദേശീയ എക്‌സിക്യുട്ടിവ് യോഗം. ഇക്കാര്യം ആവശ്യപ്പെട്ടുള്ള പ്രമേയം യോഗത്തിൽ പാസാക്കി. സാമ്പത്തിക, വികസന അസമത്വം ചൂണ്ടിക്കാട്ടിയാണ് പ്രത്യേക പദവിയെന്ന ബിഹാറിന്റെ ഏറെനാളത്തെ ആവശ്യം മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ ഉയർത്തിക്കാട്ടുന്നത്. ബിഹാറിന്റെ വളർച്ചയ്ക്കും സംസ്ഥാനം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനും ഉള്ള സുപ്രധാന നടപടിയാണിതെന്നാണ് അദ്ദേഹം അറിയിച്ചത്. യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബിഹാറിന് പ്രത്യേക പദവിയെന്ന ആവശ്യം പുതുതായി ഉണ്ടായതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിഹാറിന്റെ സംവരണ ക്വോട്ട സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പ്രമേയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഈ സംവരണ ക്വോട്ട ഉൾപ്പെടുത്തണമെന്നും ജെഡിയു വ്യക്തമാക്കുന്നു.

തിരുവനന്തപുരം: കരുവന്നൂർ കേസിലെ ഇഡി നടപടിയിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേസെടുക്കുന്നത് ഭരിക്കുന്ന പാർട്ടിയാണോയെന്ന് നോക്കിയല്ലെന്ന് അദ്ദേഹം പറഞ്ഞു. നടപടി നിയമലംഘനമുള്ളത് കൊണ്ടാണെന്നും അദ്ദേഹം അറിയിച്ചു.

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎമ്മിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതിചേർത്തു. കരുവന്നൂർ ബാങ്കിൽ നിന്നും തട്ടിയെടുത്ത പണം പാർട്ടി കൈപ്പറ്റിയെന്നാണ് ഇഡി വ്യക്തമാക്കുന്നത്. സിപിഎമ്മിന്റേതും സ്വകാര്യ വ്യക്തികളുടേതും ഉൾപ്പെടെ 29.5 കോടി രൂപയുടെ സ്വത്തുവകകളാണ് ഇഡി കണ്ടുകെട്ടിയത്

ഇഡി കണ്ടുകെട്ടിയവയിൽ സിപിഎമ്മിന്റെ 76 ലക്ഷത്തോളം രൂപയുടെ സ്വത്തുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. സിപിഎമ്മിന്റേതടക്കം ഒമ്പത് പേരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പ്രതിചേർക്കപ്പെട്ട മറ്റ് വ്യക്തികൾ അനധികൃതമായി ബാങ്കിൽ നിന്നും പണം സമ്പാദിച്ചവരാണ്.

പാർട്ടിയുടെ എട്ട് അക്കൗണ്ടുകളും പൊറത്തിശ്ശേരി പാർട്ടി കമ്മിറ്റി ഓഫീസ് നിർമിക്കാൻ വാങ്ങിയ ഭൂമിയും കണ്ടുകെട്ടിയിട്ടുണ്ട്. തൃശ്ശൂർ ജില്ലാ സെക്രട്ടറി എന്ന നിലയിൽ എം എം വർഗീസിന്റെ പേരിലാണ് സ്വത്തുക്കൾ.

നാസ: ഇന്ത്യൻ വംശജയായ സുനിത വില്യംസും സഹയാത്രികൻ ബുഷ് വിൽമോറും ഭൂമിയിലേക്ക് മടങ്ങാനാവാതെ ബഹിരാകാശത്ത് കുടുങ്ങിയിട്ട് രണ്ടാഴ്ചയാകുന്നു. സ്റ്റാർലൈനർ പേടകത്തിന്റെ സാങ്കേതിക തകരാറ് കാരണമാണ് ഇവർക്ക് തിരികെ മടങ്ങാൻ കഴിയാത്തത്. ഇവർ കയറിയ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തിരിക്കയാണ്. എന്നാൽ, അപകട ഭീഷണി ഇല്ലെന്നാണ് നാസ വ്യക്തമാക്കിയിരിക്കുന്നത്.

സ്റ്റാർലൈനർ വിക്ഷേപിച്ചത് ഹീലിയം ടാങ്കുകളിൽ ചോർച്ച വകവയ്ക്കാതെയാണ്. പേടകത്തിലെ ത്രസ്റ്ററുകളിലേക്ക് ഇന്ധനത്തെ തള്ളിവിടുന്നത് ഹീലിയമാണ്. ബഹിരാകാശ നിലയത്തോട് അടുത്തപ്പോൾ ഹീലിയം ചോർച്ച രൂക്ഷമായി. 28 ത്രസ്റ്റർ മോട്ടോറുകളിൽ അഞ്ചെണ്ണം കേടാവുകയും ചെയ്തു. അതിൽ നാലെണ്ണം റീസ്റ്റാർട്ട് ചെയ്തു. ഒന്നിന്റെ തകരാർ പരിഹരിച്ചിട്ടില്ല. ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെട്ട ശേഷം (അൺഡോക്കിംഗ് ) ഏഴ് മണിക്കൂർ മതി സ്റ്റാർലൈനറിന് ഭൂമിയിൽ തിരിച്ചെത്താൻ. അൺഡോക്കിംഗിന് ശേഷം 70 മണിക്കൂറിന് വേണ്ട ഹീലിയം സ്റ്റോക്ക് ഉണ്ടെന്നാണ് നാസ പറയുന്നത്. സ്റ്റാർലൈനറിന്റെ സർവീസ് മൊഡ്യൂളിലാണ് ഹീലിയം ടാങ്കുകളും ത്രസ്റ്ററുകളും.

ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങുന്നതിന് തൊട്ടുമുമ്പ് ഇത് പേടകത്തിൽ നിന്ന് വേർപെട്ട് കത്തിയെരിയും. പിന്നെ ഡേറ്റ കിട്ടില്ല. അതിന് മുമ്പ് തകരാറുകൾ മനസിലാക്കാനാണ് മടക്കയാത്ര നീട്ടുന്നത്. അടിയന്തര ഘട്ടത്തിൽ പേടകത്തിന് ഭൂമിയിലേക്ക് മടങ്ങാൻ സുനിത വില്യംസും ബുഷ് വിൽമോറും ക്ലിയറൻസ് നൽകിയിട്ടുണ്ടെന്നും നാസ വിശദീകരിച്ചു.