General (Page 177)

ചെന്നൈ: സംസ്ഥാനത്ത് വേരു പടർത്തുന്ന ലഹരിമാഫിയയെ കുറിച്ച് കുട്ടികൾക്ക് മുന്നറിയിപ്പ് നൽകി നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കാനായി സംഘടിപ്പിച്ച പരിപാടിയിലാണ് വിജയ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

ലഹരി മാഫിയയിൽ നിന്ന് അകലം പാലിക്കാനായി താരം കുട്ടികളെ ഉപദേശിച്ചു. സേ നോ ടു ഡ്രഗ്‌സ്, സേ നോ ടു ടെംമ്പററി പ്ലഷേഴ്‌സ് എന്ന് കുട്ടികളെ കൊണ്ട് പ്രതിജ്ഞയും എടുപ്പിച്ചു.

തെറ്റും ശരിയും മനസ്സിലാക്കി വേണം പുതിയ തലമുറ മുന്നോട്ടു പോകാൻ. നിങ്ങൾ ഏതു മേഖലയിൽ വിജയിക്കാൻ ആഗ്രഹിക്കുന്നുവോ അതിനു വേണ്ടി കഠിനാധ്വാനം ചെയ്യുക. സമൂഹമാധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ അപ്പാടെ വിശ്വസിക്കരുതെന്നും വിജയ് ആവശ്യപ്പെട്ടു.

കൊച്ചി: വർഷങ്ങൾക്ക് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കൊച്ചിയിൽ ഞായറാഴ്ച്ച ചേർന്ന അമ്മ ജനറൽ ബോഡിയിലാണ് സുരേഷ് ഗോപി എത്തിയത്. 27 വർഷത്തിനു ശേഷമാണ് അദ്ദേഹം അമ്മ മീറ്റിംഗിൽ പങ്കെടുക്കാൻ വേണ്ടി എത്തുന്നത്. ജനറൽ ബോഡിയിലേക്ക് വോട്ടെടുപ്പ് തീരുന്നതിന് തൊട്ടുമുൻപാണ് അദ്ദേഹം എത്തിയത്. തെരഞ്ഞെടുപ്പിൽ അദ്ദേഹം വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.

മോഹൻലാലാണ് സുരേഷ് ഗോപിയെ വേദിയിലേക്ക് വരവേറ്റത്. സുരേഷ് ഗോപിയ്ക്ക് മോഹൻലാൽ ഉപഹാരം നൽകുകയും ചെയ്തു. കേന്ദ്രമന്ത്രി പദവിയിലെത്തിയ സുരേഷ് ഗോപിയെ അമ്മ താര സംഘടന ആദരിച്ചു. കൂടാതെ, അദ്ദേഹത്തിന് പുതുക്കിയ അംഗത്വ കാർഡും സമ്മാനിച്ചു.

1997-ലാണ് സുരേഷ് ഗോപി അമ്മയിൽ നിന്നും അകന്നത്. ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട തർക്കത്തിനെ തുടർന്നായിരുന്നു നീക്കം. വർഷങ്ങൾക്ക് ശേഷം ഇടവേള ബാബുവിന്റെ ഇടപെടലിലൂടെ അദ്ദേഹം സംഘടനയിൽ എത്തിയിരുന്നു. 2022-ൽ ‘ഉണർവ്’ എന്ന പേരിൽ നടത്തിയ മെഡിക്കൽ ക്യാമ്പിലേക്കാണ് സുരേഷ് ഗോപി എത്തിയത്. എന്നാൽ, കാൽനൂറ്റാണ്ടിന് ശേഷമാണ് ജനറൽ ബോഡി മീറ്റിംഗിൽ പങ്കെടുക്കുന്നത്.

ബെംഗളൂരു: രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്നുള്ള സുനിതാ വില്യംസിന്റെ മടങ്ങിവരവിനെ കുറിച്ച് ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. നിലവിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഒൻപത് ബഹിരാകാശ യാത്രികരുണ്ട്. ബഹിരാകാശ നിലയത്തിൽ യാത്രികർക്കു വളരെക്കാലം സുരക്ഷിതമായി തുടരാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സോമനാഥിന്റെ പരാമർശം.

ബോയിങ് സ്റ്റാർലൈനർ എന്ന പുതിയ ക്രൂ മൊഡ്യൂളിനെക്കുറിച്ചും സുരക്ഷിതമായി മടങ്ങിവരാനുള്ള അതിന്റെ കഴിവിനെ കുറിച്ചുമാണ് ചർച്ചകൾ പുരോഗമിക്കുന്നത്. തിരിച്ചു ഭൂമിയിലെത്താനുള്ള മതിയായ കഴിവുകൾ ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിനുണ്ട്. അതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് എസ്. സോമനാഥ് വിശദമാക്കി.

ഒരു പുതിയ ബഹിരാകാശ വാഹനത്തിന്റെ ആദ്യ ഫ്‌ലൈറ്റിൽ തന്നെ യാത്ര ചെയ്യാനുള്ള സുനിതാ വില്യംസിന്റെ ധൈര്യത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. സുനിതയുടെ ധീരതയിൽ തങ്ങളെല്ലാം അഭിമാനിക്കുന്നു. ധാരാളം ദൗത്യങ്ങൾ ഇനിയും സുനിതയ്ക്ക് മുന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നത് നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി ഡൽഹി ബാർ കൗൺസിൽ. നിയമങ്ങൾ ഭരണഘടനാവിരുദ്ധമെന്നാണ് ബാർ കൗൺസിൽ കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീംകോടതി വിധിക്കെതിരായ നിയമങ്ങൾ വരെ നടപ്പാക്കാൻ ഒരുങ്ങുന്നുവെന്നും കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നത് ഇന്ന് അർദ്ധ രാത്രി മുതലാണ്. ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിക്രമം, തെളിവ് നിയമം എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമം തുടങ്ങിയവയാണ് നടപ്പിലാക്കുന്നത്.

രണ്ടാം മോദി സർ്ക്കാരാണ് ഈ നിയമം പാസാക്കിയത്. സാമൂഹിക കാലത്തെ യാഥാർത്ഥ്യങ്ങളും മാറുന്ന കാലത്തെ കുറ്റകൃത്യങ്ങളും കണക്കിലെടുത്താണ് പുതിയ ക്രിമിനൽ നിയമങ്ങളെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

തിരുവനന്തപുരം: കേരളത്തിൽ എസ്എസ്എൽസി കഴിഞ്ഞ് ഉപരിപഠനത്തിനു യോഗ്യത നേടുന്നവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മന്ത്രി സജി ചെറിയാൻ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്തു നടത്തിയ പരാമർശം വാർത്തയായ സാഹര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.

കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസ മേഖലയിൽ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തണം എന്നുള്ളത് പൊതുസമൂഹം ഉൾക്കൊള്ളുന്ന ആവശ്യമാണ്. അതിനുള്ള കൂടുതൽ പദ്ധതികൾ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ നടക്കുകയാണ്. മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അടർത്തിയെടുത്താണ് ഇപ്പോൾ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. പ്രസംഗം മൊത്തം കേട്ടാൽ പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള അഭിപ്രായ പ്രകടനമാണ് അദ്ദേഹം നടത്തിയത് എന്ന് വ്യക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ പ്രീ പ്രൈമറി, പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസം നടത്തുന്ന സംസ്ഥാനമാണു കേരളം. അക്കാദമിക മികവിന്റെ കാര്യത്തിൽ കേരളം ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ അടക്കം കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വികസന സൂചികകളിൽ കേരളം ഇപ്പോഴും പ്രഥമ ശ്രേണിയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റിയിൽ രൂക്ഷ വിമർശനം. മേയറുടെ പിടിപ്പുകേട് നഗരസഭാ ഭരണം കൈവിട്ടു പോകാനുള്ള സാധ്യതയിലേക്ക് വരെ കാര്യങ്ങളെത്തിച്ചുവെന്ന വിമർശനമാണ് ഉയർന്നിരിക്കുന്നത്.

പാർട്ടിയുടെ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യവും കമ്മിറ്റിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മേയർ കെഎസ്ആർടിസി ഡ്രൈവർ യദുവുമായി തർക്കമുണ്ടായ വിഷയത്തിലും വിമർശനം ഉണ്ടായി.

മേയറും എംഎൽഎയും നടത്തിയത് അപക്വമായ ഇടപെടലാണെന്നും തർക്കം പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നും കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. പൊലീസിന്റെ പ്രവർത്തനം പാർട്ടിക്ക് നാണക്കേടുണ്ടാക്കി. പോലീസിൽ നിയന്ത്രണമില്ലാതായി. ആഭ്യന്തര വകുപ്പിനെതിരെയും കമ്മിറ്റിയിൽ വിമർശനം ഉയർന്നു.

ന്യൂഡൽഹി: കേന്ദ്ര ഏജൻസികൾക്കെതിരെ വിമർശനവുമായി എംപി കെ രാധാകൃഷ്ണൻ. കേന്ദ്ര ഏജൻസികൾ ഏറെക്കാലമായി ഇടതുപക്ഷ ഗവൺമെന്റിനെ വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. അവർ സിപിഎമ്മിനെ മാത്രമാണോ ലക്ഷമിടുന്നതെന്ന് കണ്ടറിയണമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ഇടതുപക്ഷത്തെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സഹകരണ മേഖലയിൽ പ്രശ്നങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കൃത്യമായ അന്വേഷണം വേണമെന്ന് നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നും കെ രാധാകൃഷ്ണൻ അറിയിച്ചു. ഇത് രാഷ്ട്രീയ പകപോക്കൽ ഉള്ള നീക്കമാണ്. സഹകരണ മേഖലയിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം ഇല്ലാതാക്കാനുള്ള ശ്രമമാണിത്. പിരിക്കുന്ന പൈസ ആർക്കെങ്കിലും കൊള്ളയടിക്കാനുള്ള അവസരം ഉണ്ടാക്കുകയല്ല. മറിച്ച് ബാങ്കുകളിൽ നിക്ഷേപിക്കുകയും ആവശ്യത്തിന് എടുക്കുകയും ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്. മറ്റൊരു രീതിയിലും ഉണ്ടാക്കിയ പൈസയല്ല അതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർട്ടി ഓഫീസ് ഉണ്ടാക്കാനുള്ള പണമാണത്. അത് ജനങ്ങളുടെ സ്വത്താണ്. ബ്രാഞ്ചിന് വേണ്ടിയുള്ള സ്ഥലവും ജില്ലാ സെക്രട്ടറിയുടെ പേരിലാണ് വാങ്ങുക. ഭൂമി തിരിച്ചെടുക്കാനുള്ള നടപടികൾ നിയമപരമായി സ്വീകരിക്കും. ഓരോ ആവശ്യങ്ങൾക്കും വ്യത്യസ്ത അക്കൗണ്ടുകൾ എടുക്കാറുണ്ട്. കള്ളപ്പണം ഉണ്ടാക്കുകയോ വിനിയോഗിക്കുകയോ ചെയ്യുന്ന പാർട്ടിയല്ല സിപിഎമ്മെന്നും കെ രാധാകൃഷ്ണൻ അറിയിച്ചു.

കോഴിക്കോട്: കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയ്ക്ക് കത്തയച്ച് എം കെ രാഘവൻ എം.പി. അമീബിക് മസ്തിഷ്‌ക ജ്വരത്തെ കുറിച്ച് പഠിക്കാനായി കേരളത്തിലേക്ക് വിദഗ്ധസംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം നദ്ദയ്ക്ക് കത്തയച്ചത്. വളരെ വിരളമായി കണ്ടുവരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തിൽ ആശങ്കയാകുന്ന സാഹചര്യത്തിലാണ് എം കെ രാഘവന്റെ നീക്കം.

ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടശേഷം ഏഴുവർഷത്തിനിടെ ആറുപേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് മൂന്നുകുട്ടികൾക്ക് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചതോടെയാണ് ആശങ്ക ആരംഭിച്ചത്. അമീബിക് മസ്തിഷക ജ്വരം ബാധിച്ച് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടുവയസ്സുകാരൻ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ അതിഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.

മേയ് 21-ന് മലപ്പുറം മൂന്നിയൂർ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂൺ 16-ന് കണ്ണൂരിൽ 13-കാരിയുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതിൽ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടർന്നാണ് രോഗം ബാധിച്ചത്.

കോട്ടയം: എഫ്.സി.ഐ. ഗോഡൗണിൽ നിന്ന് ധാന്യം നേരേ റേഷൻകടയിലെത്തണമെന്ന് വ്യക്തമാക്കി കേന്ദ്ര ഭക്ഷ്യവകുപ്പ്. കേരളത്തിൽ ധാന്യം സപ്ലൈകോ ഗോഡൗണിൽ എത്തിച്ചശേഷം അവിടെ നിന്നാണ് കടകളിലേക്കു പോകുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഭക്ഷ്യ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ശരാശരി 300 കോടിയോളം രൂപയാണ് സപ്ലൈകോ ഗോഡൗണിൽ നിന്ന് ധാന്യം കൊണ്ടുപോകാൻ ഓരോ വർഷവും സംസ്ഥാനം ചെലവിടുന്നത് ധാന്യം നേരേ കടകളിലെത്തിച്ചാൽ ചെലവ് പകുതിയാകുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

ഓരോ മാസവും ഗോഡൗൺ വാടക, കയറ്റിറക്ക്, ചാക്ക് മാറ്റിനിറയ്ക്കൽ, ഗോഡൗൺ മേൽനോട്ടം, വാഹനക്കൂലി എന്നിവയ്ക്കായി 21 കോടി രൂപയാണ് സപ്ലൈകോ മാറ്റിവെക്കുന്നത്. വാതിൽപ്പടി വിതരണത്തിന് ചുമതലപ്പെടുത്തിയ കരാറുകാർക്കുള്ള മാസച്ചെലവുമാത്രം ശരാശരി 25 കോടിയാണ്. ചെലവുകൾ സംസ്ഥാന സർക്കാർ സപ്ലൈകോയ്ക്ക് നൽകണം. എന്നാൽ, 2018 മുതൽ ഇവ പൂർണതോതിൽ കിട്ടുന്നില്ല. 798 കോടിയാണ് കഴിഞ്ഞ മൂന്ന് ബജറ്റുകളിലായി വാതിൽപ്പടി റേഷൻ വിതരണത്തിന് അനുവദിച്ചതായി പറയുന്നത്. 710 കോടി ഇക്കാലയളവിൽ ചെലവ് വന്നു. 281.13 കോടി സപ്ലൈകോയ്ക്ക് ഇനിയും കിട്ടാനുണ്ട്. സ്ഥാപനത്തെ പ്രതിസന്ധിയിലാക്കിയതിൽ ഈ കടത്തിനും പങ്കുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂഡൽഹി: പാലക്കാട്ടെ അട്ടപ്പാടിയിലെ കാർത്തുമ്പി കുട നിർമാണ യൂണിറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ സംപ്രേഷണ പരിപാടിയായ മൻ കി ബാത്തിന്റെ 111-ാം എപ്പിസോഡിലാണ് പ്രധാനമന്ത്രി കാർത്തുമ്പി കുട നിർമ്മാണ യൂണിറ്റിനെ കുറിച്ച് സംസാരിച്ചത്. ഇന്ന്, കാർത്തുമ്പി കുടകൾ കേരളത്തിലെ ചെറിയൊരു ഗ്രാമത്തിൽ നിന്ന് ബഹുരാഷ്ട്ര കമ്പനികളിലേക്കുള്ള യാത്ര പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വോക്കൽ ഫോർ ലോക്കലിന് ഇതിനേക്കാൾ മികച്ച ഉദാഹരണമുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൺസൂൺ എത്തിക്കൊണ്ടിരിക്കുകയാണ്. മഴക്കാലത്ത് നമ്മളെല്ലാവരും വീട്ടിൽ കുട അന്വേഷിക്കാൻ ആരംഭിച്ചിട്ടുണ്ടാകും. ഇന്നത്തെ മൻ കി ബാത്തിൽ തനിക്ക് നിങ്ങളോട് ഒരു പ്രത്യേക കുടയെ കുറിച്ചാണ് പറയാനുള്ളത്. കേരളത്തിലാണ് ഈ കുടകൾ നിർമിക്കുന്നത്. കേരളത്തിന്റെ സംസ്‌കാരത്തിൽ കുടകൾക്ക് പ്രാധാന്യമുണ്ട്. കേരളത്തിന്റെ പാരമ്പര്യത്തിലേയും ആചാരങ്ങളിലേയും അവിഭാജ്യഘടകമാണ് കുടകൾ. എന്നാൽ ഞാനിവിടെ സംസാരിക്കുന്നത് കാർത്തുമ്പി കുടകളെക്കുറിച്ചാണ്. കേരളത്തിലെ അട്ടപ്പാടിയിലാണ് ഈ കുടകൾ നിർമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഈ വർണശബളമായ കുടകൾ കാണാൻ നയന മനോഹരമാണ്. ഈ കുടകളുടെ പ്രത്യേകത എന്താണെന്നാൽ, ഇത് കേരളത്തിലെ ആദിവാസി സഹോദരിമാരാണ് നിർമിക്കുന്നത്. ഇന്ന് രാജ്യത്ത് കുടകൾക്കായുള്ള ആവശ്യം വർദ്ധിക്കുകയാണ്. കാർത്തുമ്പി കുടകൾ രാജ്യത്തുടനീളം ഓൺലൈനായും വാങ്ങാൻ കഴിയുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

വട്ടലക്കി കാർഷിക സഹകരണ സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് കുടകൾ നിർമിക്കുന്നത്. ഈ സൊസൈറ്റിയെ നയിക്കുന്നത് നമ്മുടെ സ്ത്രീശക്തിയാണ്. വനിതകളുടെ നേതൃത്വത്തിൽ അട്ടപ്പാടിയിലെ ആദിവാസി സമൂഹം സംരംഭത്തിന്റെ ഉത്കൃഷ്ടമായ മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സൊസൈറ്റി ഒരു ബാംബൂ ഹാൻഡിക്രാഫ്റ്റ് യൂണിറ്റും ആരംഭിച്ചിട്ടുണ്ട്. ചില്ലറ വിൽപ്പനശാലയും പരമ്പരാഗത ലഘുഭക്ഷണശാലയും തുറക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ. കുടകളും മറ്റ് ഉത്പന്നങ്ങളും വിൽക്കുക എന്നത് മാത്രമല്ല അവരുടെ ലക്ഷ്യം. അതിനൊപ്പം അവർ തങ്ങളുടെ പാരമ്പര്യത്തേയും സംസ്‌കാരത്തേയും ലോകത്തിന് പരിചയപ്പെടുത്തുക കൂടിയാണ് ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.