General (Page 176)

ന്യൂഡൽഹി: രാഹുൽ ഗാന്ധിയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദു സമൂഹത്തെ അക്രമാസക്തരെന്ന് വിളിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഹുലിന്റെ വാക്കുകൾ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ എല്ലാ മഹത് വ്യക്തിത്വങ്ങളും അഹിംസയെക്കുറിച്ചും ഭയം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുമാണ് പറഞ്ഞിട്ടുള്ളതെന്നും എന്നാൽ ഹിന്ദു എന്ന് സ്വയം വിളിക്കുന്നവർ അക്രമത്തെയും വിദ്വേഷത്തെയും കുറിച്ചാണ് സംസാരിക്കുന്നതെന്നുമുള്ള രാഹുലിന്റെ പരാമർശത്തിനാണ് പ്രധാനമന്ത്രി മറുപടി നൽകിയത്.

രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തി. ഹിന്ദുവായതിൽ അഭിമാനം കൊള്ളുന്ന കോടിക്കണക്കിന് ഇന്ത്യാക്കാർ ഈ രാജ്യത്തുണ്ടെന്ന കാര്യം അദ്ദേഹത്തിനറിയില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. അവരെല്ലാവരും അക്രമത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് പറയാനാണോ അദ്ദേഹം ശ്രമിക്കുന്നത്. അക്രമത്തെ ഒരു മതവുമായും ബന്ധപ്പെടുത്താനാകില്ല. അദ്ദേഹം മാപ്പ് പറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.

ഹിന്ദുക്കൾ അക്രമകാരികളാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിലൂടെ ഹിന്ദുക്കളോടുള്ള കോൺഗ്രസിന്റെ വിദ്വേഷ മനോഭാവം വ്യക്തമായി എന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു.

കൊച്ചി: വില്ലിങ്ടൺ ഐലൻഡിൽ 500 കോടി രൂപയുടെ ടൗൺഷിപ്പ് ഒരുങ്ങുന്നു. ഷോപ്പിങ്മാളും മൾട്ടിപ്ലക്സും മറ്റു വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള പദ്ധതിയാണ് വെല്ലിംഗ്ടണ്ണിൽ ഒരുങ്ങുന്നത്. ഏകദേശം 150 ഏക്കറാണ് ബി.ഒ.ടി. പാലത്തിനടുത്തായി (അലക്‌സാണ്ടർ പറമ്പിത്തറ പാലം മുതൽ പഴയ ബ്രിഡ്ജ് വരെ) കൊച്ചി തുറമുഖ അതോറിറ്റിക്കുള്ളത്. ഇത് ദേശീയപാത 966 ബി.യുടെ അടുത്തായാണ് വരുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 15 ഏക്കറിലാണ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്.

ഹൈലൈറ്റ് ഗ്രൂപ്പ് ഷോപ്പിങ് മാൾ നിർമിക്കാനുള്ള പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ചെറിയ ഐസ്‌ക്രീം കട മുതൽ വൻകിട വ്യാപാര ശൃംഖലകൾ വരെ ഈ പദ്ധതിയുടെ പരിധിയിലുണ്ട്. മൾട്ടിപ്ലക്‌സുകളും ഇവിടെ ഉയരും. നിലവിൽ കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ വസ്ത്ര ബ്രാൻഡുകൾ, കഫെ, റസ്റ്ററന്റ് തുടങ്ങിയവ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിൽ അന്താരാഷ്ട്ര ബ്രാൻഡായ സ്റ്റാർബക്‌സും ഉൾപ്പെടും. മറ്റ് വിവിധ പദ്ധതികളുടെ പ്രവൃത്തികൾ പുരോഗമിക്കുന്നുണ്ട്.

കൊച്ചി തുറമുഖ അതോറിറ്റിയുടെ സ്ഥലം വിവിധ ഗ്രൂപ്പുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും പാട്ടത്തിന് നൽകിയാണ് വികസന പദ്ധതികൾ ഒരുക്കുന്നത്. 30 വർഷത്തെ കരാറിലാണ് മിക്ക പദ്ധതികളും നടപ്പാക്കുന്നത്.

ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ് സംഹിത പ്രകാരം റജിസ്റ്റർ ചെയ്ത ആദ്യ കേസ് ഡൽഹി പൊലീസ് റദ്ദാക്കി. ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്റെ ഫുട്ട് ഓവർ ബ്രിജിനടിയിൽ തടസ്സം സൃഷ്ടിച്ചതിനു തെരുവ് കച്ചവടക്കാരനെതിരെയാണു എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഈ എഫ്ഐആർ പരിശോധിച്ച ശേഷം ഒഴിവാക്കിയെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയത്.

മധ്യപ്രദേശിലെ ഗ്വാളിയറിൽ നിന്നാണ് നിലവിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് അമിത് ഷാ പറഞ്ഞു. ഗ്വാളിയാറിൽ മോട്ടോർ സൈക്കിൾ മോഷണത്തിനാണു പുതിയ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേസ് രജിസ്റ്റർ ചെയ്തതിരിക്കുന്നത് ജൂൺ ഒന്നിനു പുലർച്ചെ 12.10നാണ്. രണ്ടാമത്തെ കേസ് ഛത്തീസ്ഗഡിലെ കബീർധാം ജില്ലയിലെ പോലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മാഡ്രിഡ്: എയർ യൂറോപ്പ എയർലൈൻസിന്റെ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. 30ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സ്പെയിനിൽ നിന്നും ഉറുഗ്വേയ്ക്ക് പുറപ്പെട്ട എയർ യൂറോപ്പ ബോയിംഗ് UX045 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ പറഞ്ഞു.

അറ്റ്ലാന്റിക്കിന് മുകളിലൂടെ പറന്ന വിമാനം പെട്ടെന്ന് ആകാശച്ചുഴിയിൽപ്പെടുകയായിരുന്നു. വിമാനത്തിൽ 325 യാത്രക്കാരുണ്ടായിരുന്നു. അപകടത്തിൽപ്പെട്ടതിനെ തുടർന്ന് വിമാനം ബ്രസീലിലെ നതാൽ വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്നും അധികൃതർ വിശദീകരിച്ചു.

ആകാശച്ചുഴിയിൽപ്പെട്ടതോടെ യാത്രക്കാരോട് സീറ്റ് ബെൽറ്റ് ധരിക്കാൻ ജീവനക്കാർ നിർദേശം നൽകിയിരുന്നു. ഇതിനാൽ വൻ അപകടം ഒഴിവായെന്നും സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്കാണ് പരിക്കേറ്റതെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂഡൽഹി: സ്പീക്കർ ഓം ബിർലയുടെ നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോൾ കുനിഞ്ഞുനിന്ന് വണങ്ങിയ സ്പീക്കറുടെ നടപടിയെ വിമർശിച്ചാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. സഭയിൽ സ്പീക്കർ എല്ലാവർക്കും മുകളിലാണെന്നും സഭാംഗങ്ങൾ അദ്ദേഹത്തിന് മുന്നിലാണ് വണങ്ങേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തനിക്ക് കൈ തന്നപ്പോൾ നിവർന്നുനിന്ന നിങ്ങൾ മോദിക്ക് കൈ കൊടുത്തപ്പോൾ കുനിഞ്ഞുനിന്ന് വണങ്ങിയതെന്തിനാണെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.

രാഹുൽ ഗാന്ധി ഉന്നയിച്ച ഈ ചോദ്യത്തിന് സ്പീക്കർ തന്നെ മറുപടി നൽകി. ബഹുമാന്യനായ പ്രധാനമന്ത്രി ഈ സഭയുടെ നേതാവാണ്. തന്റെ സംസ്‌കാരത്തിലും ധാർമികതയിലും താൻ മുതിർന്നവരെ കാണുമ്പോൾ തലകുനിക്കുകയും തന്റെ പ്രായത്തിലുള്ളവരെ തുല്യമായി കാണുകയും ചെയ്യുന്നു. മുതിർന്നവരെ വണങ്ങുകയും ആവശ്യമെങ്കിൽ അവരുടെ കാലിൽ തൊടുകയും ചെയ്യുക എന്നതാണ് തന്റെ ധാർമികതയെന്ന് സ്പീക്കർ പറഞ്ഞു.

അതേസമയം, സഭയിൽ സ്പീക്കറേക്കാൾ വലിയവനായി ആരുമില്ലെന്ന് പറയാൻ താൻ ഉദ്ദേശിക്കുന്നുവെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. സഭയിൽ സ്പീക്കറാണ് എല്ലാവർക്കും മുകളിൽ. അദ്ദേഹത്തിന് മുന്നിൽ എല്ലാവരും വണങ്ങണം. നിങ്ങളാണ് സ്പീക്കർ, നിങ്ങൾ ഒരാളുടെയും മുന്നിൽ തലകുനിക്കരുത്. സ്പീക്കറാണ് ലോക്സഭയിലെ അവസാന വാക്ക്. അതിനാൽ, സഭയിലെ അംഗങ്ങളെന്ന നിലയിൽ തങ്ങൾ അദ്ദേഹത്തിന് വിധേയരാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ആറു പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. മണ്ണുമാഫിയ ബന്ധവും അനധികൃത പണപ്പിരിവും ആരോപിച്ചുള്ള പരാതിയുടെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടി. നാലു സ്റ്റേഷനുകളിൽ നിന്ന് എഎസ്‌ഐ അടക്കമുള്ളവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

ഭരണപരമായ സൗകര്യത്തിന് വേണ്ടിയെന്നാണ് സ്ഥലംമാറ്റമെന്ന് ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കോന്നിയിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സുരേഷ് സി. പണിക്കർ, കൊടുമണിലെ സിപിഒമാരായ പ്രദീപ്കുമാർ, എ.ആർ. അജിത്ത്കുമാർ എന്നിവരെ റാന്നിക്കും കീഴ് വായ്പൂരിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ കെ. ജെയ്‌മോനെ പമ്പയിലേക്കും അടൂർ സ്റ്റേഷനിലെ സിപിഓമാരായ എസ്.ശ്രീജിത്ത്, ശ്യാംകുമാർ എന്നിവരെ ചിറ്റാറിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

രഹസ്യാന്വേഷണ വിഭാഗങ്ങൾ ഇവർക്കെതിരേ നേരത്തേ തന്നെ എസ് പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. വരും ദിനങ്ങളിൽ കൂടുതൽ പേർക്കെതിരേ നടപടി ഉണ്ടാകുമെന്നാണ് വിവരം.

കൊച്ചി: സംസ്ഥാന സർക്കാർ വയനാട് കുറുവ ദ്വീപിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ ഹൈക്കോടതി തടഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് എങ്ങനെ അനുമതി നൽകി എന്നതിൽ വിശദീകരണം നൽകാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.

വയനാട്ടിലെ എക്കോ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇക്കോ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാരനായ വെള്ളച്ചാലിൽ പോളിനെ ആന ചവിട്ടിക്കൊന്നതിന് പിന്നാലെയായിരുന്നു ഹൈക്കോടതിയുടെ നടപടി. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങളും പാടില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ട് കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇക്കോ ടൂറിസത്തിന്റെ ഭാഗമായി കുറുവ ദ്വീപിൽ നടക്കുന്നത്.

ന്യൂഡൽഹി: പ്രതിപക്ഷം ആരെയും ഭയപ്പെടുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സത്യമാണ് തങ്ങളുടെ ആയുധമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭയിൽ പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് ചിത്രം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇത് കൂടാതെ ഗുരു നാനാക്കിന്റെ ചിത്രവും ഇസ്ലാം മത ചിഹ്നവും രാഹുൽ ലോക്‌സഭയിൽ പ്രദർശിപ്പിച്ചു. എന്നാൽ രാഹുൽ ഗാന്ധി പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയതിനെ സ്പീക്കർ എതിർത്തു. ഇന്ത്യയെന്ന ആശയത്തെ ബിജെപി ആക്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ബിജെപിയുടെ ആശയത്തെ എതിർക്കുന്നവരെ മുഴുവൻ ആക്രമിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഭരണഘടനക്കെതിരെ തുടർച്ചയായ ആക്രമണമുണ്ടായി. ഭരണഘടനക്കെതിരായ ആക്രമണത്തെ ജനം എതിർത്തു. ദരിദ്രരും ദളിതരും ന്യൂനപക്ഷങ്ങളും രാജ്യത്ത് ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷത്ത് ഇരിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. ശിവന്റെ അഭയമുദ്രയാണ് കോൺഗ്രസിന്റെ ചിഹ്നം. ദൈവവുമായി പ്രധാനമന്ത്രിക്കു നേരിട്ട് ബന്ധമുണ്ടെന്ന് രാഹുൽ ഗാന്ധി മോദിയെ പരിഹസിക്കുകയും ചെയ്തു.

ഗാന്ധിജിയെ ഉയർത്തെഴുന്നേൽപ്പിച്ചത് ഒരു സിനിമയാണെന്നാണു മോദി പറഞ്ഞത്. ഇതിനെക്കാൾ വലിയ അജ്ഞതയുണ്ടോ. ബിജെപി അംഗങ്ങൾ ഭരണഘടനയെന്ന് പറയുന്നതിൽ സന്തോഷമുണ്ട്. ജനങ്ങളും താനും ആക്രമിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് താൻ ആക്രമിക്കപ്പെട്ടത്. 55 മണിക്കൂർ ഇഡി ചോദ്യം ചെയ്തത് താൻ ആസ്വദിച്ചു. അയോധ്യയിൽ മത്സരിക്കാൻ മോദി ആലോചിച്ചു. എന്നാൽ തോൽക്കുമെന്നു കരുതി പിന്മാറി. രാമക്ഷേത്രം പണിതിട്ടും അയോധ്യയിൽ ബിജെപി തോറ്റു. അയോധ്യയിൽ രാമക്ഷേത്ര ഉദ്ഘാടനത്തിന് അദാനിയും അംബാനിയുമുണ്ടായിരുന്നു. എന്നാൽ അയോധ്യ നിവാസികൾ ഉണ്ടായിരുന്നില്ല. ബിജെപി ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂഡൽഹി: രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിക്രമം, തെളിവ് നിയമം എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമം തുടങ്ങിയവയാണ് നടപ്പിലാക്കുന്നത്.

പുതിയ നിയമ പ്രകാരം ആദ്യ കേസ് ഡൽഹിയിലെ കമലാ മാർക്കറ്റ് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 285 അനുസരിച്ച് ഫുട്പാത്ത് കൈയേറി കച്ചവടം നടത്തിയതിന് ഒരു തെരുവ് കച്ചവടക്കാരനെതിരെയാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിലായിരുന്നു ഇയാൾ കച്ചവടം ചെയ്തിരുന്നത്.

പുതിയ നിയമം ഇന്നുമുതൽ നടപ്പാക്കുന്നതിന് മുന്നോടിയായി തെരുവുകളിലും പൊലീസ് സ്റ്റേഷനുകളിലും ജനം കൂടാനിടയുള്ള ഇടങ്ങളിലും നിയമം അറിയിച്ച് പോസ്റ്ററുകൾ പതിച്ചിരുന്നു. രണ്ടാം മോദി സർക്കാരാണ് ഈ നിയമം പാസാക്കിയത്. സാമൂഹിക കാലത്തെ യാഥാർത്ഥ്യങ്ങളും മാറുന്ന കാലത്തെ കുറ്റകൃത്യങ്ങളും കണക്കിലെടുത്താണ് പുതിയ ക്രിമിനൽ നിയമങ്ങളെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

തിരുവനന്തപുരം: പൊലീസുദ്യോഗസ്ഥരുടെ ജോലിഭാരവും മാനസിക സമ്മർദ്ദവും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. അഞ്ചു വർഷത്തിനിടെ എൺപത്തിയെട്ട് പോലീസുകാർ ആത്മഹത്യ ചെയ്തു. ആറു ദിവസത്തിനുള്ളിൽ അഞ്ചു പോലീസുകാർ ആത്മഹത്യ ചെയ്തുവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

പുതിയ പദ്ധതികൾ പ്രഖ്യാപിച്ചാലും പഴയ അംഗബലമേ പൊലീസിലുള്ളൂവെന്ന് അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടു വന്ന പിസി വിഷ്ണുനാഥ് പറഞ്ഞു. 44 പേരെ വെച്ചാണ് 118 പോലീസുകാർ ചെയ്യേണ്ട ജോലി ഒരു സ്റ്റേഷനിൽ നടത്തുന്നത്. വനിതാ പോലീസുകാർക്ക് ആവശ്യമായ റെസ്റ്റ് റൂമുകൾ പോലുമില്ല. ഇടുങ്ങിയ മുറികളാണ് എല്ലാ പോലീസ് സ്റ്റേഷനുകളുമെന്ന് അദ്ദേഹം പറഞ്ഞു.

മരിച്ച ജോബിദാസ് എന്ന പോലീസുകാരന്റെ ആത്മഹത്യാക്കുറിപ്പ് പിസി വിഷ്ണുനാഥ് നിയമസഭയിൽ വായിക്കുകയും ചെയ്തു. നന്നായി പഠിക്കണമെന്നും പോലീസിൽ അല്ലാതെ മറ്റൊരു ജോലി വാങ്ങണമെന്ന് മക്കൾക്ക് നിർദ്ദേശമുള്ള ഭാഗമാണ് വായിച്ചത്. പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ യോഗ ഉൾപ്പെടെ നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യപാനശീലം ഉള്ളവരെ ലഹരിമുക്തമാക്കുന്നതിന് പ്രത്യേക കർമ്മ പദ്ധതിയുണ്ട്. പോലീസ് സ്റ്റേഷനുകളിൽ തന്നെ മെന്ററിങ് സംവിധാനമുണ്ട്. എട്ടുമണിക്കൂർ ജോലി എന്നത് വേഗത്തിൽ നടപ്പാക്കാൻ കഴിയുന്നതല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

സാങ്കേതികവിദ്യ കൂട്ടി ജോലിഭാരം കുറയ്ക്കാനുള്ള നീക്കങ്ങൾ സർക്കാർ സ്വീകരിച്ചു വരുന്നുണ്ട്. ജോലിയുടെ ഭാഗമായി വരുന്ന സമ്മർദ്ദം പൂർണമായി ഒഴിവാക്കാൻ കഴിയില്ല. പോലീസ് സേനയിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്ന് ഗൗരവമായി പരിശോധിക്കും. പോലീസുകാരുടെ മനോവീര്യം തകർക്കുന്ന നടപടികൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.