General (Page 152)

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. ഇതുപ്രകാരം വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം.സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം. സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

വൈദ്യുതി ലൈനുകൾ പൊട്ടി വീണ് കൊണ്ടുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുന്നേ വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവർ, ക്ലാസുകളിൽ പോകുന്ന കുട്ടികൾ തുടങ്ങിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയിൽ പെട്ടാൽ 1912 എന്ന നമ്പറിൽ കെഎസ്ഇബിയെ അറിയിക്കുക.

കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്ന് നാവിക സേനാ സംഘം എത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണ് നേവിയുടെ സഹായം അഭ്യർത്ഥിച്ചത്. നേവിയുടെ റിവർ ക്രോസിംഗ് ടീമിന്റെ സഹായമാണ് അഭ്യർത്ഥിച്ചത്. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കും.

അതേസമയം, പൊലീസിന്റെ ഡ്രോണുകൾ വിന്യസിച്ച് തിരിച്ചിൽ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്‌ക്വാഡും രംഗത്തിറങ്ങും. ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും.

സൈന്യത്തിന്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബാഗ്ലൂരിൽ നിന്നാണ് എത്തുക. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും.

പിണറായി വിജയന്റെ നിർദ്ദേശപ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിന്റെ കേരള – കർണാടക ചുമതലയുള്ള മേജർ ജനറൽ വി.ടി. മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത സ്ഥലത്ത് 5 മന്ത്രിമാർ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ രാജൻ, പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു എന്നിവർ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്ററും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. ഇതിനു പുറമെയാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഉരുൾപൊട്ടലിൽ സാധ്യമായ രക്ഷാപ്രവർത്തനങ്ങളെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ മുഴുവൻ സിപിഎം പ്രവർത്തകരും അടിയന്തരമായി രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങണമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ആഹ്വാനം ചെയ്തിട്ടുണ്ട്.

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം ഫോണിൽ ബന്ധപ്പെടുകയും സ്ഥിതിഗതികൾ വിലയിരുത്തികയും ചെയ്തു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ദുരന്തത്തിൽ ദുഃഖമറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം വേണമെന്ന ആവശ്യം രാഹുൽ മുന്നോട്ടുവെച്ചു. കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രിയും ജില്ലാ കലക്ടറുമായും ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. എല്ലാ യു. ഡി. എഫ്. പ്രവർത്തകരും ഭരണകൂടത്തിനൊപ്പം ചേർന്ന് രക്ഷപ്രവർത്തനത്തിൽ പങ്കാളികളാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വയനാട് മേപ്പാടിയിലെ മുണ്ടക്കൈയിലാണ് ഉരുൾപ്പൊട്ടൽ ഉണ്ടായത്. 19 മൃതദേഹങ്ങൾ കണ്ടെടുത്തു. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. ചൂരൽമല ടൗണിന്റെ ഒരു ഭാഗം ഒലിച്ചുപോയി.

ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകൾ തകർന്നു. വെള്ളാർമല സ്‌കൂൾ പൂർണമായും വെള്ളത്തിനടിയിലായി. ഉരുൾപൊട്ടലിൽ കനത്ത നാശമാണ് ഉണ്ടായത്.

തിരുവനന്തപുരം: വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ, റിസോർട്ട്, ഹോംസ്റ്റേ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഹോംസ്റ്റേകൾ പ്രോത്സാഹിപ്പിക്കണം. എന്നാൽ കരുതലുകൾ സ്വീകരിക്കണം. എല്ലാ ഹോംസ്റ്റേകൾക്കും തദ്ദേശസ്വയംഭരണസ്ഥാപന ലൈസൻസും ജിഎസ്ടി രജിസ്ട്രേഷനും ഉറപ്പാക്കണം. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കണം. ക്ലീൻ ഡെസ്റ്റിനേഷൻ കാമ്പയിൻ വ്യാപിപ്പിക്കണം. വേസ്റ്റ് ബിന്നുകൾ ആവശ്യത്തിന് സ്ഥാപിക്കണം. അതത് സ്ഥലങ്ങളിലെ മാലിന്യ നീക്കത്തിന് ഹരിതകർമ്മസേനയെ ചുമതലപ്പെടുത്തിയെന്ന് ഉറപ്പാക്കണം.

ബോട്ടുകളും വള്ളങ്ങളും ഉപയോഗിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാകണം. റിസോട്ടുകൾ ബോട്ടിങ് നടത്തുമ്പോൾ ലൈഫ് ഗാർഡുകൾ ഉണ്ടാകണം. ഇൻലാൻഡ് നാവിഗേഷൻ വെരിഫിക്കേഷൻ നടത്തി ഹൗസ്‌ബോട്ടുകൾക്ക് സർട്ടിഫിക്കറ്റ് നൽകണം. യാത്രികർക്ക് സുരക്ഷ ഉറപ്പാക്കണം. ജലാശയങ്ങളിലും ബീച്ചുകളിലും ആവശ്യമായ ലൈഫ് ഗാർഡുകളെ ഉറപ്പാക്കണം. ആവശ്യമുള്ള സ്ഥലങ്ങളിൽ പൊലീസിന്റെയും ടൂറിസം പൊലീസിന്റെയും സാന്നിധ്യവും ഉറപ്പാക്കണം. ടൂറിസം കേന്ദ്രങ്ങളിൽ തെരുവുനായ ശല്യം ഒഴിവാക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ശ്രദ്ധിക്കണം.

റോഡരികിലും കുറ്റിക്കാട്ടിലുമുള്ള പരസ്യമായ മദ്യപാനവും വിൽപനയും ഒഴിവാക്കാൻ നടപടിയെടുക്കണം. എക്സൈസ് വകുപ്പിന്റെ ശ്രദ്ധ ടൂറിസം കേന്ദ്രങ്ങളിൽ ഉണ്ടാകണം. ആവശ്യമായ സിസിടിവി കാമറകൾ ഉണ്ടാകണം. സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്ന സ്ഥിതിയുണ്ടാകരുതെന്നും ടൂറിസം കേന്ദ്രങ്ങളിൽ ആവശ്യമായ വെളിച്ചം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൂറിസ്റ്റ് ഗൈഡുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ജീവനക്കാർ, തൊഴിലാളികൾ എന്നിവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം. നിലവിലുളളവരുടെ സർട്ടിഫിക്കറ്റ് പുതുക്കണം.

യോഗത്തിൽ ചീഫ് സെക്രട്ടി ഡോ. വേണു വി, അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ഫയർ ആൻഡ് റസ്‌ക്യു മേധാവി കെ പത്മകുമാർ, ടൂറിസം സെക്രട്ടറി കെ ബിജു, തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ തുടങ്ങിയവർ സംസാരിച്ചു.

തിരുവനന്തപുരം: വയനാടുണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം. സംസ്ഥാന പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഫോൺ : 9497900402, 0471 2721566.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഉത്തരമേഖല ഐജിയും കണ്ണൂർ ഡിഐജിയും വയനാട് എത്തും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്രമസമാധാനവിഭാഗം എഡിജിപിക്ക് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകി. കേരള ആംഡ് പൊലീസ് നാല്, അഞ്ച് ബറ്റാലിയനുകൾ, മലബാർ സ്പെഷ്യൽ പൊലീസ് എന്നിവിടങ്ങളിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ വയനാട്ടേയ്ക്ക് തിരിച്ചുകഴിഞ്ഞു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്. മലപ്പുറം ജില്ലയിലെ രക്ഷാപ്രവർത്തനങ്ങൾക്കായും പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾ അപ്പപ്പോൾ ദുരിതബാധിത പ്രദേശത്തെ തിരച്ചിൽ സംഘങ്ങൾക്ക് കൈമാറുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി കൺട്രോൾ റൂമിൽ ആവശ്യത്തിന് പൊലീസുകാരെയും വിന്യസിച്ചു.

കൊച്ചി: കേരളത്തിലെ മൂന്നാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ജൂലൈ 31 മുതൽ സർവീസ് ആരംഭിക്കും. ബെംഗളൂരു കന്റോൺമെന്റ് -എറണാകുളം ജംഗ്ഷൻ സ്പെഷ്യൽ വന്ദേഭാരത് എക്‌സ്പ്രസിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. എസി ചെയർകാറിന് 1,465 രൂപയും എക്‌സിക്യൂട്ടീവ് ചെയർകാറിന് 2,945 രൂപയുമാണ് നിരക്ക്.

ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.50ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10ന് ബെംഗളൂരുവിലെത്തും. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ 5.30ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.20ന് എറണാകുളത്തെത്തും. ജൂലൈ 31 മുതൽ ഓഗസ്റ്റ് 26 വരെയാണ് നിലവിൽ താത്കാലികമായി ട്രെയിൻ സർവ്വീസ് നടത്തുക. ഇടദിവസങ്ങളിൽ അറ്റകുറ്റപ്പണി നടത്തും.

ജൂലൈ 31 മുതൽ ഓഗസ്റ്റ് 26 വരെയാണ് നിലവിൽ സർവീസ്. സ്പെഷ്യൽ സർവ്വീസിനുള്ള റേക്ക് ഷൊർണൂരിൽ നിന്ന് എറണാകുളം സ്റ്റേഷനിലെത്തിച്ചു. ഓറഞ്ച് നിറമുള്ള 8 കോച്ചുകളുള്ള റേക്കാണ് സർവ്വീസിനായി എത്തിച്ചിരിക്കുന്നത്.

എറണാകുളം: കൊച്ചിയിൽ സിനിമ ഷൂട്ടിംഗിനിടെ അപകടം ഉണ്ടായ സഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കലാകാരൻമാർ അപകടമുണ്ടാക്കുന്നത് തെറ്റായ പ്രവണതയാണെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തെ കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ നൽകിയിരിക്കുന്ന നിർദ്ദേശം.

സംഭവത്തിൽ കാറിന്റെ അമിത വേഗത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അപകടം സംഭവിച്ചത്. നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കൊച്ചി എം ജി റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്.

വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്.

ശ്രീനഗർ: ജമ്മുകശ്മീരിൽ സ്‌ഫോടനം. ഉത്തര കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോർ ടൗണിലുള്ള ആക്രിക്കടയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. സോപോറിലെ ഷേർ കോളനിയിലാണ് കടയുള്ളത്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. പൊലീസും ഫൊറൻസിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തുന്നുണ്ട്.

ട്രക്കിൽ നിന്ന് ആക്രികൾ ഇറക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. രണ്ട് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേർ ആശുപത്രിയിലെത്തിയതിന് ശേഷമാണ് മരണപ്പെട്ടത്. നാസിർ അഹമ്മദ് നാദ്രൂ (40), ആസിം അഷ്‌റഫ് മിർ (20), ആദിൽ റാഷിദ് ഭട്ട് (23), മുഹമ്മദ് അസർ (25) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

തിരുവനന്തപുരം: ഓഗസ്റ്റ് 01 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുന മർദ്ദ പാത്തി സജീവമായി സ്ഥിതിചെയ്യുന്നു. തെക്കു കിഴക്കൻ മധ്യ പ്രദേശിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി, കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി / മിന്നലൊട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്ന് മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ടാണുള്ളത്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/…/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും 75 ശതമാനം ബാറുകളിൽ നിന്നും നികുതി കുടിശിക പിരിക്കുന്നതിൽ സർക്കാർ ഗുരുതര വീഴ്ചവരുത്തിയത് പിണറായി മന്ത്രിസഭയ്ക്ക് മദ്യലോബിയുമായുള്ള അവിശുദ്ധബന്ധത്തിന്റെ പേരിലാണെന്ന് അദ്ദേഹം പറഞ്ഞു.

ബാർ മുതലാളിമാരുടെ കുഞ്ഞാണ് പിണറായി മന്ത്രിസഭ എന്നതിനാൽ അവരുടെ മുന്നിൽ സർക്കാർ മുട്ടിടിച്ചു നില്ക്കുകയാണ്. സംസ്ഥാനത്തെ ബാറുകളിൽ ബഹുഭൂരിപക്ഷം വരുന്ന 606 ബാറുകൾ നികുതി കുടിശിക വരുത്തിയെന്ന് സമ്മതിച്ച ധനമന്ത്രിക്ക് ആത്മാഭിമാനം ഉണ്ടെങ്കിൽ രാജിവച്ചു പുറത്തുപോകണമന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പാവപ്പെട്ടവർ കെട്ടുതാലിവരെ വിറ്റ് നാനാതരം നികുതികൾ അടയ്ക്കുമ്പോഴാണ് ബാർ മുതലാളിമാരെ ധനമന്ത്രി എണ്ണതേച്ച് കുളിപ്പിക്കുന്നത്. കേരളീയം പരിപാടി ഉൾപ്പെടെയുള്ള സർക്കാരിന്റെ ധൂർത്തും ആഢംബരവും സ്‌പോൺസർ ചെയ്യുന്നത് ബാറുകാരാണ്. യഥേഷ്ടം ബാറുകളും വൈൻ പാർലറുകളും അനുവദിക്കുന്നതോടൊപ്പമാണ് നികുതി കുടിശിക കണ്ടില്ലെന്നു നടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫ് എംഎൽഎ സണ്ണി ജോസഫ് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് കോടികളുടെ നികുതി പിരിവിലെ വീഴ്ച ധനകാര്യമന്ത്രിക്ക് സമ്മതിക്കേണ്ടിവന്നത്. അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തി ഡ്രൈ ഡേ ഒഴിവാക്കി പുതിയ മദ്യനയം നടപ്പാക്കാൻ ബാറുടമകൾ വ്യാപകമായി പണപ്പിരിവിന് ആഹ്വാനം ചെയ്ത ശബ്ദസന്ദേശം പുറത്ത് വന്നത് ഉൾപ്പെടെയുള്ള സംഭവങ്ങൾ സർക്കാരിന് മദ്യമുതലാളിമാരോടുള്ള കടപ്പാടിന്റെ ആഴം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.