General (Page 151)

കല്പറ്റ: വയനാട് ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ കേരളത്തിന് എല്ലാ സഹായവും ഉറപ്പുനൽകുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും സ്ഥിതി നിരന്തരം നിരീക്ഷിച്ചുവരുന്നതായും കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. കേന്ദ്ര ഗവൺമെന്റിൽ നിന്ന് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ദുരന്ത ഭൂമിയിലേക്ക് ഉടൻതന്നെ രക്ഷാ പ്രവർത്തനത്തിനായി വിവിധ സേനകളുടെ പ്രവർത്തനം സാധ്യമാക്കിയതായും ജോർജുകുര്യൻ പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം കേന്ദ്രമന്ത്രി ജോർജ് കുര്യൻ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വവും ഏകോപനവും നൽകുകയാണ്. ദുരന്തമുണ്ടായി ഉടൻതന്നെ എൻഡിആർഎഫിന്റെ രണ്ടു ടീമുകൾ, ഇന്ത്യൻ ആർമിയുടെ രണ്ട് സംഘങ്ങൾ, എയർഫോഴ്സിന്റെ രണ്ട് ഹെലികോപ്റ്ററുകൾ എന്നിവ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കായി വിന്യസിച്ചതായി മന്ത്രി അറിയിച്ചു. എൻഡിആർഎഫിന്റെ മൂന്ന് അധിക ടീമുകൾ രക്ഷാപ്രവർത്തനത്തിനാവശ്യമുള്ള ഉപകരണങ്ങളുമായി, യാത്രയിലാണ്. തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി ഡോഗ് സ്‌ക്വാഡിനെയും വിന്യസിച്ചിട്ടുണ്ട്. മൂന്ന് ബെയ്ലി പാലങ്ങളുടെ നിർമ്മാണത്തിനായി മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പിന്റെ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. സൈന്യത്തിന്റെ രണ്ട് സംഘങ്ങൾ അവശ്യസാധന സാമഗ്രികളുമായി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് എത്തിയിട്ടുണ്ട്.

ഒരു 110 അടി ബെയ്ലി പാലവും മൂന്ന് സെർച്ച് ആന്റ് റെസ്‌ക്യൂ ഡോഗുകളും ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തി. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിന് എഞ്ചിനീയറിംഗ് ടീമിന്റെ ഹെലികോപ്റ്റർ നിരീക്ഷണം നടത്തും. കണ്ണൂർ ഡിഎസ്സി സെന്ററിൽ നിന്നുള്ള രണ്ട് സംഘങ്ങളും ദുരന്ത സ്ഥലത്തെത്തി. രക്ഷാപ്രവർത്തകരുടെ നീക്കത്തിന് സഹായിക്കുന്നതിന് ഇന്ത്യൻ നാവികസേനയുടെ കപ്പൽ ഐഎൻഎസ് സാമൂതിരിയെ വിന്യസിച്ചിട്ടുണ്ട്. ആവശ്യാനുസരണം അധിക വിഭവങ്ങൾ കേന്ദ്ര സർക്കാർ അയയ്ക്കും. സ്ഥിതിഗതികൾ കേന്ദ്ര സർക്കാർ ഉന്നതതലത്തിൽ നിരീക്ഷിച്ചുവരികയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ രണ്ട് കൺട്രോൾ റൂമുകളും സ്ഥിതിഗതികൾ നിരീക്ഷിക്കുകയും സംസ്ഥാനത്തിന് സാധ്യമായ എല്ലാ സഹായവും നൽകുകയും ചെയ്യുന്നു. ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ രക്ഷിക്കാനും സഹായിക്കാനും സംസ്ഥാന സർക്കാരിന് സാധ്യമായ എല്ലാ സഹായവും നൽകാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ജോർജ് കുര്യൻ വ്യക്തമാക്കി.

തിരുവനന്തപുരം: വയനാട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. രക്ഷാപ്രവർത്തനങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി. കേന്ദ്ര സർക്കാരിന്റെ കീഴിലെ ഏജൻസികളുമായുള്ള ഏകോപനം, ദുരന്ത മുഖത്തെ സേനാ വിഭാഗങ്ങളുടെ വിന്യാസം, ആരോഗ്യ-സുരക്ഷാ മുൻകരുതലുകൾ, ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ എന്നിവ മുഖ്യമന്ത്രി വിലയിരുത്തി.

സംസ്ഥാനതലത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ദുരന്തനിവാരണ അതോറിറ്റി ഓഫീസിലെത്തിയാണ് മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുത്തത്. ചീഫ് സെക്രട്ടറി ഡോ. വി വേണു, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡേ, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ, സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ്, എ ഡി ജി പി ഇന്റലിജൻസ് മനോജ് എബ്രഹാം, പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, ചീഫ് ഫോറസ്റ്റ് പ്രിൻസിപ്പൽ കൺസർവേറ്റർ പുകഴേന്തി, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ഡോ. എസ് കാർത്തികേയൻ, സിവിൽ സപ്ലൈസ് എം.ഡി സജിത്ത് ബാബു, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി അനുപമ, ജി.എസ്.ടി കമ്മീഷണർ അജിത്ത് പാട്ടീൽ, വാട്ടർ അതോറിറ്റി എം ഡി ബിനു ഫ്രാൻസിസ്, ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.

കൽപറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കുന്നതിനുള്ള ബെയിലി പാലം നിർമാണത്തിനുളള സാമഗ്രികൾ ഉച്ചയോടെ ബെംഗളൂരുവിൽ നിന്നെത്തും. പാലം നിർമിച്ചാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാമെന്നും മന്ത്രി അറിയിച്ചു.

കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ 184 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 98 പേരെ കാണാതായെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാൽ ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായത്.

ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിർത്തിവച്ച രക്ഷാദൗത്യം സൈന്യം രണ്ടാംദിനമായ ഇന്ന് രാവിലെ ആരംഭിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് തിരച്ചിൽ നടത്താൻ കൂടുതൽ സൈന്യം രംഗത്തെത്തി. ചൂരൽമലയിൽ നാലു സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം തിരിച്ചൽ നടത്തുന്നത്. അഗ്നിശമനസേനാംഗങ്ങളും തിരച്ചിൽ നടത്തും.

ദുരന്തം ഏറ്റവും അധികം ബാധിച്ച ചൂരൽമലയിൽ സൈന്യം രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. 4 സംഘങ്ങളായി 150 സൈനികരാണ് ചൂരൽമലയിൽ രക്ഷാദൗത്യത്തിന് എത്തിയിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനാണ് ആദ്യപരി?ഗണന എന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന് പിന്തുണയുമായി സന്നദ്ധപ്രവർത്തകരുമുണ്ട്.

തിരുവനന്തപുരം: ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി സംസ്ഥാന സർക്കാർ എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർക്ക് മറ്റ് എന്ത് പകരം നൽകിയാലും അത് മതിയാകില്ല. എങ്കിലും ദുരിതത്തിൽ സർവ്വതും നഷ്ടപ്പെട്ടവരെ കൈപിടിച്ചുയർത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2018 ൽ പ്രളയം ഉണ്ടായപ്പോൾ കേരളമൊട്ടാകെ ഒറ്റക്കെട്ടായി ദുരന്തബാധിതരെ സഹായിക്കാൻ തയ്യാറായി. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് സഹായഹസ്തം ആ ഘട്ടത്തിൽ നീണ്ടു. അതുപോലെതന്നെ വയനാട്ടിൽ ഇപ്പോൾ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ എല്ലാവിധത്തിലും സഹായിക്കാൻ നാം ഒരുമിച്ച് ഇറങ്ങേണ്ട സാഹചര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പല വിധത്തിൽ സഹായങ്ങൾ പ്രഖ്യാപിച്ച് ഇതിനോടകം പലരും മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും അതൊന്നും മതിയാകില്ല. കൂടുതൽ സഹായങ്ങൾ ഉണ്ടെങ്കിൽ മാത്രമേ എല്ലാ തരത്തിലും നമുക്ക് ആ നാടിനെ പുനർനിർമ്മിക്കാൻ സാധിക്കുകയുള്ളൂ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകി അവരെ സഹായിക്കാൻ പങ്കാളികളാകണം.

സി. എം.ഡി.ആർ.ഫിലേക്ക് 50 ലക്ഷം കേരള ബാങ്ക് ഇക്കാര്യത്തിൽ ഇപ്പോൾ തന്നെ നൽകിയിട്ടുണ്ട്. സിയാൽ 2 കോടി രൂപ വാഗ്ദാനം നൽകി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ 5 കോടി രൂപ സഹായമായി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

വയനാട്ടിൽ ഉണ്ടായ ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു പരിപാടികളും ആഘോഷങ്ങളും മാറ്റിവെച്ചിട്ടുണ്ട്. ദേശീയപതാക താഴ്ത്തിക്കെട്ടി ദുഃഖാചരണത്തിന്റെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ചെന്നൈ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുഃഖമറിയിച്ച് തമിഴ് നടൻ വിജയ്. തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ആയിരുന്നു വിജയ് അനുശോചനം രേഖപ്പെടുത്തിയത്. സംഭവത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും തന്റെ പ്രാർത്ഥനകൾ ദുഃഖിതരായ കുടുംബങ്ങൾക്ക് ഒപ്പമുണ്ടെന്നും വിജയ് കുറിച്ചു.

കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയാണ്. തന്റെ ചിന്തകളും പ്രാർത്ഥനകളും ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. ദുരിതബാധിതർക്ക് ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ നൽകണമെന്ന് സർക്കാർ അധികാരികളോട് അഭ്യർത്ഥിക്കകയാണെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം, ഉരുൾപൊട്ടലിൽ അടിയന്തര സഹായമായി 5 കോടി രൂപ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് അദ്ദേഹം അനുശോചനം അറിയിക്കുകയും ചെയ്തു. ദുരന്തത്തിൽ തമിഴ്നാടിന്റെ എല്ലാ സഹായ സഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ പുറത്തുവരുന്ന മരണസംഖ്യാ കണക്കുകളിൽ ഇനിയും മാറ്റം വരാമെന്നും സാധ്യമാകുന്ന എല്ലാ രീതിയിലും രക്ഷാപ്രവർത്തനം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു പ്രദേശം മുഴുവൻ ഇല്ലാതായി. പരിക്കേറ്റവർക്ക് ചികിത്സ ഒരുക്കാനും മറ്റുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുമാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

45 ക്യാമ്പുകളിലായി 3069 പേർ കഴിയുന്നുണ്ട്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. വിവിധ ജില്ലകളിൽ നിന്ന് പൊലീസിന്റെ ഡ്രോൺ സംഘങ്ങളെ നിയോഗിച്ചു. മണ്ണിനടിയിലെ മൃതദേഹം കണ്ടെത്താൻ രണ്ട് പൊലീസ് ഡോഗുകൾ വയനാട്ടിലേക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ട്. ക്യാമ്പുകളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നിടത്തും ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കും. 20000 ലിറ്റർ കുടിവെള്ളവുമായി ജലവിഭവ വകുപ്പിന്റെ രണ്ട് വാഹനങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടുവെന്ന് അദ്ദേഹം അറിയിച്ചു.

ചുരൽമലയിൽ മദ്രസയിലും പോളിടെക്‌നിക്കിലൂം താൽക്കാലിക ആശുപത്രികൾ തയ്യാറാക്കിയിട്ടുണ്ട്. മൊബൈൽ മോർച്ചറികൾ എത്തിക്കും. അധികമായി ആരോഗ്യ പ്രവർത്തകരെ വിന്യസിച്ചു. അവധിയിലുള്ള ആരോഗ്യ പ്രവർത്തകരോട് തിരികെ എത്താൻ നിർദ്ദേശം നൽകി. അപകടസ്ഥലം ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലമല്ല. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തസ്ഥലം സന്ദർശിക്കാൻ ശ്രമിക്കരുത്. പ്രാധാന്യം രക്ഷാപ്രവർത്തനത്തിന്. അതിൽ പങ്കാളികളാകുന്നവർ മാത്രമേ അങ്ങോട്ട് പോകാവൂ. കാഴ്ചക്കാരായി അങ്ങോട്ട് പോകരുത്. ദുരന്ത മേഖലയിൽ നിൽക്കുന്ന മാധ്യമ പ്രവർത്തകർ സുരക്ഷ ഉറപ്പാക്കണം. ഭീതി പടർത്താതെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അഭിനന്ദനാർഹമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടലിന്റെ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി വകുപ്പ്തല ക്രമീകരണങ്ങൾ വിലയിരുത്തി. പൊതുവിലെ സാഹചര്യം മന്ത്രി വിശദീകരിച്ചു. ഈ മേഖലയിലെ ആശുപത്രികളിലെ ഒഴിവുള്ള കിടക്കകളുടെ കണക്കുകൾ കൃത്യമായെടുക്കണം. ആവശ്യമെങ്കിൽ താത്ക്കാലികമായി ആശുപത്രികൾ സജ്ജമാക്കാൻ നിർദേശം നൽകി. ആശുപത്രികളിലെ മോർച്ചറി സംവിധാനം വിലയിരുത്തണം. മൊബൈൽ മോർച്ചറികളുടെ സേവനം കൂടി ഉപയോഗപ്പെടുത്താനും മന്ത്രി നിർദേശം നൽകി.

കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയ മന്ത്രി ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും സഹായമായി കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കണമെന്നും നിർദ്ദേശിച്ചു. മലയോര മേഖലയിൽ ഉൾപ്പെടെ എത്തിച്ചേരാൻ കഴിയുന്ന കഴിയുന്ന കനിവ് 108 ആംബുലൻസിന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സ്ഥലത്തേക്ക് എത്തിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനും നിർദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തണം. ക്യാമ്പുകളിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പാക്കണമെന്നും പകർച്ചവ്യാധി പ്രതിരോധം വളരെ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

അതേസമയം, വയനാട് ജില്ലയിലെ ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ ജീവൻ നഷ്ടമായവരുടെ വേർപാടിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്താൻ പൊതുവിതരണ വകുപ്പിലെയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. റേഷൻകടകളിലും സപ്ലൈകോ വിൽപനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുകളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെയും സമീപജില്ലകളിലെയും സപ്ലൈകോ-ഭക്ഷ്യ, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഇതിനായി ഉറപ്പുവരുത്തുകയും ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിച്ചു നൽകുന്നതിന് ജില്ലാഭരണകൂടത്തിന്റെ നിർദേശപ്രകാരം അടിയന്തര നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ എണ്ണം 95 ആയി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിരവധി പേരാണ് ഇനിയും മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നത്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.

പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് ഉരുൾപൊട്ടിയത്. അതേസമയം, ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഇന്നും നാളെയും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷ പരിപാടികളും മാറ്റിവെച്ചു.

ദുരന്ത നിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവുവിനെ സ്പെഷ്യൽ ഓഫിസറായി നിയമിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും ജില്ലാ കളക്ടർക്കും ജില്ലാ ഭരണകൂടത്തിനും ആവശ്യമായ പിന്തുണ നൽകുന്നതിനുമായാണ് സ്പെഷ്യൽ ഓഫിസറെ നിയോഗിച്ചു സർക്കാർ ഉത്തരവിറക്കിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുകയും വയനാട് ജില്ലയിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടാവുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ തീവ്രമഴമുന്നറിയിപ്പ് നൽകിയിട്ടുമുള്ള സാഹചര്യത്തിൽ അവശ്യസർവ്വീസായി പ്രഖ്യാപിച്ചിരിക്കുന്ന പൊലീസ്, ഫയർ ആൻഡ് സേഫ്റ്റി, റവന്യൂ ആരോഗ്യം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാ വകുപ്പുകളിലെയും ജീവനക്കാരുടെ ദീർഘകാല അവധി ഒഴികെയുള്ള അവധി റദ്ദാക്കി തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു. ഈ ജീവനക്കാരെ ഏതു തരത്തിലുള്ള പ്രകൃതിക്ഷോഭ ദുരന്ത സാഹചര്യങ്ങളും നേരിടുന്നതിന് സജ്ജരാക്കി നിർത്തുന്നതിന് എല്ലാ വകുപ്പ് മേധാവികൾക്കും ജില്ലാ കളക്ടർമാർക്കും ചീഫ് സെക്രട്ടിറി നിർദ്ദേശം നൽകി.

കൂടുതൽ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത മുൻനിർത്തി ഏതുതരത്തിലുള്ള ദുരന്തസാഹചര്യങ്ങളെയും നേരിടുന്നതിന് സംസ്ഥാനം തയ്യാറാകുന്നതിന്റെ ഭാഗമായാണ് ഉത്തരവ്.

പാലക്കാട്: പാലക്കാട് ജില്ലയിലെ ചുരം റോഡുകളിലൂടെയുള്ള യാത്രക്കും വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനത്തിനും ഇന്നു മുതൽ നിയന്ത്രണം.
കനത്ത കാലവർഷത്തെ തുടർന്ന് മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ചുരം, അട്ടപ്പാടി ചുരം റോഡുകളിലൂടെയുള്ള ഗതാഗതത്തിന് ജില്ലാ കലക്ടർ മുഴുവൻ സമയ നിയന്ത്രണം ഏർപ്പെടുത്തി.

പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലുള്ളതും തോട്ടം മേഖലയിലെ ചരക്കു ഗതാഗതവും ഒഴികെയുള്ള യാത്രകൾക്ക് ഇന്ന് മുതൽ ഓഗസ്റ്റ് 2 വരെ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു.

ജില്ലയിലെ വെള്ളച്ചാട്ടങ്ങളിലേക്ക് വിനോദ സഞ്ചാരികൾക്കുള്ള പ്രവേശനം ഇന്ന് മുതൽ ഓഗസ്റ്റ് വരെ പൂർണ്ണമായും നിരോധിച്ചു.