General (Page 150)

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ വൻ ഉരുൾപൊട്ടൽ മേഖലയിൽ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിലും വളരെയധികം മഴയാണു പെയ്തതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദുരന്തമുണ്ടാകുന്നതിനു മുൻപ് ഒരു തവണപോലും ആ പ്രദേശത്തു റെഡ് അലർട്ട് നൽകിയിട്ടുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ദുരന്തം ഉണ്ടായ പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് ആണ് ദുരന്തമുണ്ടായ ഘട്ടത്തിൽ നിലനിന്നിരുന്നത്. 115നും 204മില്ലിമീറ്ററിനും ഇടയിൽ മഴ പെയ്യും എന്നായിരുന്നു കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാൽ ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ 200 മില്ലി മീറ്ററും അടുത്ത 24 മണിക്കൂറിനുള്ളിൽ 372 മില്ലിമീറ്റർ മഴയാണ് ഈ പ്രദേശത് ആകെ പെയ്തത്. 48 മണിക്കൂറിനുള്ളിൽ 572 മില്ലിമീറ്റർ മഴയാണ് ആകെ പെയ്തത്. മുന്നറിയിപ്പ് നല്കിയതിലും എത്രയോ അധികമായിരുന്നു അത്. ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് ഒരുതവണ പോലും ആ പ്രദേശത്ത് റെഡ് അലർട്ട് നൽകിയിട്ടുണ്ടായിരുന്നില്ല. എന്നാൽ അപകടം ഉണ്ടായതിനുശേഷം രാവിലെ ആറുമണിയോടുകൂടിയാണ് റെഡ് അലർട്ട് ഈ പ്രദേശത്ത് മുന്നറിയിപ്പായി നൽകുന്നത്.

ജൂലൈ 23 മുതൽ ജൂലൈ 28 വരെ ഓരോ ദിവസവും കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിന് നൽകിയ മഴ മുന്നറിയിപ്പ് പരിശോധിച്ചാൽ അതിൽ ഒരു ദിവസം പോലും അതിശക്തമായ മഴ സാധ്യതയായ ഓറഞ്ച് അലേർട് പോലും നൽകിയിട്ടില്ല എന്നതാണ് വസ്തുത. ജൂലായ് 29 ന് ഉച്ചക്ക് ഒരു മണിക്ക് നൽകിയ മുന്നറിയിപ്പിൽ പോലും വയനാട് ജില്ലക്ക് ഓറഞ്ച് അലേർട് മാത്രമാണ് നൽകിയത്. വയനാട്ടിൽ ഉരുൾപൊട്ടൽ നടന്നതിന് ശേഷം ജൂലൈ 30 ന് അതിരാവിലെ 6 മണിക്ക് മാത്രമാണ് വയനാട്ടിൽ അതിതീവ്ര മഴക്കുള്ള സാധ്യതയും റെഡ് അലേർട്ടും പ്രഖ്യാപിക്കുന്നത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വയനാട്ടിൽ ലാൻഡ് സ്ലൈഡ് വാണിങ് സിസ്റ്റത്തിനായി സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഇതേ ദിവസം ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഉച്ചക്ക് 2 മണിക്ക് നല്കിയ മണ്ണിടിച്ചിൽ/ഉരുൾ പൊട്ടൽ സംബന്ധിച്ച വയനാട് ജില്ലയ്ക്കുള്ള 30ആം തീയതിക്കും 31ആം തീയതിക്കും ഉള്ള മുന്നറിയിപ്പിൽ പച്ച അലേർട്ട് ആണ് നല്കിയിട്ടുള്ളത്. പച്ച എന്ന ചെറിയ മണ്ണിടിച്ചിൽ/ഉരുൾ പൊട്ടൽ ഉണ്ടാകുവാൻ ഉള്ള സാധ്യത എന്നാണ് അർത്ഥം. എന്നാൽ അപ്പോഴേക്കും അതിതീവ്ര മഴ ലഭിക്കുകയും അപകടം സംഭവിക്കുകയും ചെയ്ത് കഴിഞ്ഞിരുന്നു.

മറ്റൊരു കേന്ദ്ര സർക്കാർ ഏജൻസിയായ കേന്ദ്ര ജലകമ്മീഷൻ ആണ് പ്രളയമുന്നറിയിപ്പ് നൽകാൻ ഉത്തരവാദിത്വപ്പെട്ട സ്ഥാപനം. എന്നാൽ ജൂലൈ 23 മുതൽ 29 വരെയുള്ള ഒരു ദിവസം പോലും കേന്ദ്ര ജലകമ്മീഷൻ ഇരുവഴിഞ്ഞി പുഴയിലോ ചാലിയാറിലോ പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. കേരളം മുൻകൂട്ടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മഴക്കാലം തുടങ്ങുമ്പോൾ തന്നെ എൻ ഡി ആർ എഫ് സംഘത്തെ ലഭ്യമാക്കിയിരുന്നു. 9 എൻ.ഡി.ആർ.എഫ് സംഘം വേണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചത്. വയനാട് ജില്ലയിൽ ഇതിൽ ഒരു സംഘത്തെ സർക്കാർ മുൻകൂറായി തന്നെ വിന്യസിക്കുകയും ചെയ്തിരുന്നു.

കാലവർഷം ആരംഭിച്ച ദിവസം മുതൽ വിവിധതരത്തിലുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഭാഗമായി ലഭിക്കുന്നുണ്ട്. അതിനനുസരിച്ചുള്ള സുരക്ഷാ സംവിധാനങ്ങൾ ഓരോ പ്രദേശത്തും ഒരുക്കിയിട്ടുമുണ്ട്. ഇന്നലെ സൂചിപ്പിച്ചതുപോലെ സമീപത്തുള്ള എല്ലാ സ്ഥലങ്ങളിലും പ്രത്യേകിച്ച് റെഡ് സോണിന്റെ ഭാഗമായിട്ടുള്ള ഇടങ്ങളിൽ മുന്നറിയിപ്പുകൾ നൽകുകയും ജനങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവിടെ മാത്രമല്ല പ്രളയ സാധ്യതയും ഉരുൾപൊട്ടൽ അടക്കമുള്ള മറ്റു പ്രകൃതിക്ഷോഭങ്ങൾക്കും സാധ്യതയുണ്ടെന്ന് മുൻകൂട്ടി വിവരം ലഭിച്ച പ്രദേശങ്ങളിലെല്ലാം ഇത്തരം മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി കുറേ അപകടം ഒഴിവാക്കാനായിട്ടുണ്ട്. എന്നാൽ ഈ ദുരന്തം ആരംഭിച്ച പ്രഭവ കേന്ദ്രം അവിടെ നിന്ന് ആറേഴ് കിലോമീറ്റർ ഇപ്പുറത്താണ്. അത്തരമൊരു സ്ഥലത്ത് ഇത്തരം ദുരന്തം സാധാരണ ഗതിയിൽ ആരും പ്രതീക്ഷിക്കുന്നില്ല. അവരെ ഒഴുവാക്കുകയെന്നുള്ളതും സാധാരണ ഗതിയിൽ ചിന്തിക്കുന്ന കാര്യമല്ല. അതാണ് സംഭവിച്ചത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വന്ന മാറ്റങ്ങളുണ്ട്. ആ മാറ്റങ്ങൾ പൂർണമായി ഉൾക്കൊള്ളാനും പ്രതിരോധിക്കാനുമുള്ള നടപടികളിലേക്ക് നമ്മൾ കടക്കണം. ഇങ്ങനെയെല്ലാം പ്രശ്‌നം ഉണ്ടാകുമ്പോൾ ആരുടെയെങ്കിലും പെടലിക്കിട്ട് അതിന്റെ ഉത്തരവാദിത്തം ഞങ്ങൾക്കല്ല എന്നു പറഞ്ഞ് ഒഴിഞ്ഞു മാറിയത് കൊണ്ട് കാര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമോ? കേന്ദ്ര ഗവൺമെൻറും ഇക്കാര്യം ഗൗരവമായി ആലോചിക്കണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വന്നുകൊണ്ടിരിക്കുന്ന ദുരന്തങ്ങൾ പ്രതിരോധിക്കുന്നതിന് ആവശ്യമായ ഫലപ്രദമായ നടപടികളിലേക്കാണ് കടക്കേണ്ടത്.

പഴിചാരേണ്ട ഘട്ടമല്ല. ദുരന്തമുഖത്തെ ഹതാശരായ ജനങ്ങൾ നിരാലംബരായി കഴിയുകയാണ്. അവരെ സഹായിക്കുക, രക്ഷിക്കേണ്ടവരെ രക്ഷിക്കുക, മണ്ണിനടിയിൽ കിടക്കുന്നവരെയടക്കം കണ്ടെത്തുക, അതിന് കുട്ടായ ശ്രമം നടത്തുക, ആ പ്രദേശത്തെ വീണ്ടെടുക്കാനാവശ്യമായ കാര്യങ്ങൾ ചെയ്യുക, അവിടെ നഷ്ടപ്പെട്ടു പോയ ഗ്രാമത്തെ വീണ്ടെടുക്കുക. ഇതിനെല്ലാം ഒരുമിച്ചു നിൽക്കുകയാണ് ഈ ഘട്ടത്തിൽ പരമപ്രധാനം. ഇതിനാണ് സംസ്ഥാന സർക്കാർ മുൻതുക്കം കൊടുക്കുന്നത്. അതിന് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ നാടിനെ പുനർ നിർമ്മിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തവും കടമയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാർ, അച്ഛനമ്മമാർ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ അങ്ങനെ ആരോരും ഇല്ലാതായി ഒരു രാത്രി കൊണ്ട് ഒറ്റപ്പെട്ടു പോയ മനുഷ്യർ. ഇനി എങ്ങനെ മുമ്പോട്ട് ജീവിതം എന്ന് വിറങ്ങലിച്ച് നിൽക്കുന്നവരാണ് ഏറെയും. അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാനും ആ നാടിനെ പുനർ നിർമ്മിക്കാനും നാം ഒന്നിച്ച് ഇറങ്ങേണ്ടതുണ്ട്. എല്ലാത്തരത്തിലും സർക്കാർ സംവിധാനങ്ങൾ ആ നാടിനൊപ്പം ആണ്. എങ്കിലും ഒരു ആയുസ്സിലെ മുഴുവനും നഷ്ടപ്പെട്ടവർക്ക് പുനരധിവാസം അടക്കമുള്ള കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

ഇതിനോടകം സഹായഹസ്തങ്ങളുമായി എല്ലാ മേഖലയിൽ നിന്നും സുമനസ്സുകൾ മുന്നോട്ടു വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ച 5 കോടി രൂപ തമിഴ്‌നാട് പൊതുമരാമത്ത് മന്ത്രി ഇ.വി വേലു മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി കൈമാറി.

ലുലു ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ എം എ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാൺ ജ്വല്ലേഴ്‌സ് ഉടമ കല്ല്യാണ രാമൻ എന്നിവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞം പോർട്ട് അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപ സഹായ വാഗ്ദാനം നൽകിയിട്ടുണ്ട്. കൂടാതെ കെഎസ്എഫ്ഇ അഞ്ചു കോടി രൂപയും കനറാ ബാങ്ക് ഒരുകോടി രൂപയും കെ എം എം എൽ 50 ലക്ഷം രൂപയും വനിത വികസന കോർപ്പറേഷൻ 30 ലക്ഷം രൂപയും, ഔഷധി ചെയർ പേഴ്‌സൺ ശോഭന ജോർജ്ജ് 10 ലക്ഷം രൂപയും നൽകി. തമിഴ് ചലച്ചിത്ര നടൻ വിക്രം 20 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിയുന്നവരെല്ലാം സംഭാവന നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉരുൾപൊട്ടൽ ഉണ്ടായ മേഖലയിലേക്ക് വയനാട് ജില്ല ഭരണസംവിധാനത്തിന്റെ മേൽനോട്ടത്തിൽ വസ്ത്രവും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ശേഖരിക്കുന്നുണ്ട്. അത് കൃത്യമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും എത്തിച്ചു നൽകുകയും ചെയ്യുന്നു. എന്നാൽ ദുരിതബാധിതരെ സഹായിക്കാൻ എന്ന പേരിൽ നടക്കുന്ന ചില പ്രവർത്തനങ്ങൾ ഈ ഘട്ടത്തിൽ ഒഴിവാക്കേണ്ടതാണ്. സന്നദ്ധ സംഘടനകളുടെ പേരിൽ അടക്കം ഒറ്റയ്ക്കും കൂട്ടായും പല സ്ഥലങ്ങളായി നടക്കുന്ന പണപ്പിരിവും ഭക്ഷണവും വസ്ത്രവും അടക്കമുള്ള വസ്തുക്കളുടെ ശേഖരണം നിർത്തിവെക്കണം. ഈ ഘട്ടത്തിൽ അത് ഉപകാരപ്പെടുന്ന ഒരു പ്രക്രിയയല്ല. അതുകൊണ്ട് അതിൽ പങ്കാളികൾ ആയിരിക്കുന്നവർ അതിൽ നിന്ന് പിന്മാറണം. ശേഖരിച്ച വസ്തുക്കൾ അതത് ജില്ലകളിലെ കളക്ടറേറ്റുകളിലേക്ക് കൈമാറണം. ഇനി എന്തെങ്കിലും ആവശ്യങ്ങൾ വന്നാൽ ദുരന്തനിവാരണ അതോറിറ്റി അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ നിലവിൽ 1167 പേരുൾപ്പെടുന്ന സംഘത്തെയാണ് രക്ഷാപ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ 10 സ്റ്റേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ സമീപ ജില്ലയിൽ നിന്ന് ഉൾപ്പെടെയുള്ള 645 അഗ്‌നിസേനാംഗങ്ങളും, 94 എൻ.ഡി.ആർ.എഫ് അംഗങ്ങളും, 167 ഡി.എസ്.സി അംഗങ്ങളും, എം.ഇ.ജിയിൽ നിന്നുള്ള 153 പേരും ഉൾപ്പെടുന്നു. കോസ്റ്റ് ഗാർഡ് അംഗങ്ങളും ഇന്നലെ എത്തിയിട്ടുണ്ട്.

രക്ഷാപ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിനാവശ്യമായ ഉദ്യോഗസ്ഥ സംവിധാനങ്ങളും ഉപകരണങ്ങളും എത്തിക്കുന്നതിനുള്ള തടസങ്ങൾ ഒഴിവാക്കുക, താൽക്കാലിക കയർ പാലത്തിലൂടെ റെസ്‌ക്യൂ ടീമിനെ എത്തിക്കുക എന്നീ കാര്യങ്ങൾക്ക് പ്രധാന പരിഗണനയാണ് നൽകുന്നത്. റോഡ് തടസം ഒഴിവാക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ മുണ്ടക്കൈ ഭാഗത്തെ രക്ഷാപ്രവർത്തനങ്ങൾക്കാണ് പ്രഥമ പരിഗണന നൽകുന്നത്. രണ്ടാമത് അട്ടമലയും മൂന്നാമത് ചൂരൽ മലയുമാണ്. ചികിത്സയും പരിചരണവും നൽകാൻ ആവശ്യമായ മെഡിക്കൽ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്താൻ കെ-9 ടീമിനെ നിയോഗിച്ചു. ഭക്ഷണവും കുടിവെള്ളവും എത്തിക്കാൻ നേവിയുടെ സഹായവും സ്വീകരിച്ചിട്ടുണ്ട്.

അഗ്‌നിരക്ഷ സേന, കേരള പോലീസ്, വിവിധ സേന വിഭാഗങ്ങൾ, വിവിധ വകുപ്പുകൾ എന്നിവ എല്ലാം ചേർന്ന് ഏകോപിതവും വേഗത്തിലുള്ളതുമായ രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. തിരുവനന്തപുരത്തു നിന്നും 132 സേനാംഗങ്ങൾ കൂടി എത്തി. കണ്ണൂർ ഡി എസ് സി യിൽ നിന്ന് 6 ഓഫിസർമാരുടെ നേതൃത്വത്തിൽ 67 സേനാംഗങ്ങളുണ്ട്. താൽക്കാലികമായി ഒരാൾക്ക് നടക്കാനുള്ള പാലം ചൊവ്വാഴ്ച സന്ധ്യയോടെ സജ്ജമായി. ഇത് രക്ഷാ പ്രവർത്തനത്തിന് വേഗം കൂട്ടി. പാലത്തിലൂടെ ആളുകളെ ചൂരൽമലയിലേക്കും അവിടെ നിന്ന് ആശുപത്രിയിലേക്കും എത്തിക്കുന്നു. വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിച്ചും കുരുങ്ങിക്കിടന്ന ആളുകളെ രക്ഷിച്ചു ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്.

ഇന്റലിജന്റ് ബറീഡ് ഒബ്ജക്ട് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിച്ച് മണ്ണിനടിയിലുള്ള മനുഷ്യന്റെ സാന്നിധ്യം കണ്ടെത്തുന്നതിന് ശ്രമിക്കും. ഇതിനായി റിട്ട. മേജർ ജനറൽ ഇന്ദ്രപാലന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സഹായം തേടിയിട്ടുണ്ട്. എൻഡിആർഎഫിന്റെ 3 ടീമുകളുണ്ട്. മദ്രാസ് റെജിമെൻറ്, ഡിഫെൻസ് സർവീസ് കോപ്‌സ് എന്നിവർ ഡിങ്കി ബോട്ട്‌സും വടവും ഉപയോഗിച്ച് രക്ഷപ്രവർത്തനം നടത്തുന്നു.

ലോക്കൽ പോലീസിന്റെ 350 പേർ സ്ഥലത്തുണ്ട്. കേരള പോലീസിന്റെ കഡാവർ നായകൾ, ഹൈ ആൾട്ടിറ്റിയൂഡ് ടീം, സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എന്നിവയും ഉണ്ട്. രക്ഷാപ്രവർത്തനത്തിന് രണ്ട് ഹെലികോപ്റ്ററുകൾ (എ.എൽ.എച്ച്, എം ഐ-7 ഹെലികോപ്റ്ററുകൾ) ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ചൂരൽമലയിൽ താലൂക്ക് തല കണ്ട്രോൾ റൂം തുടങ്ങി. മന്ത്രിമാർ നേരിട്ട് സ്ഥലത്ത് ക്യാമ്പ്‌ചെയ്തു പ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. വനംവകുപ്പിൻറെ 55 അംഗങ്ങൾ, ആരോഗ്യ വകുപ്പ്, റവന്യു, തദ്ദേശസ്വയംഭരണ വകുപ്പുകൾ എന്നിവ സർവ്വസജ്ജമായി ചൂരൽമലയിലുണ്ട്.

തിരുവനന്തപുരം: നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച് കേന്ദ്ര ജല കമ്മീഷൻ. ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കരുവന്നൂർ (പാലക്കടവ് സ്റ്റേഷൻ),ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ), കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ), പാലക്കാട് ജില്ലയിലെ ഭാരതപ്പുഴ (കുമ്പിടി സ്റ്റേഷൻ), പുലംതോട് (പുലാമന്തോൾ സ്റ്റേഷൻ), മലപ്പുറം ജില്ലയിലെ കടലുണ്ടി (കാരത്തോട് സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.

പത്തനംതിട്ട ജില്ലയിലെ മണിമല (കല്ലൂപ്പാറ സ്റ്റേഷൻ), തൃശൂർ ജില്ലയിലെ ചാലക്കുടി (അരങ്ങാലി സ്റ്റേഷൻ), കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി (കുറ്റ്യാടി സ്റ്റേഷൻ), കാസറഗോഡ് ജില്ലയിലെ ചന്ദ്രഗിരി (പൂക്കയം സ്റ്റേഷൻ), പയസ്വിനി (എരിഞ്ഞിപുഴ സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം: കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് കേരളാ പോലീസ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കണമെന്നാണ് നിർദ്ദേശം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് മാറി താമസിക്കേണ്ടതാണെന്ന് പോലീസ് അഭ്യർത്ഥിച്ചു.

ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്തതും മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥയിൽ ഉള്ളവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോനദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ലെന്ന് പോലീസ് നിർദ്ദേശം നൽകി.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്. മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേയ്ക്കുള്ള വിനോദ യാത്രകൾ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്. അടിയന്തരഘട്ടങ്ങളിൽ 112 എന്ന നമ്പറിൽ വിളിച്ച് പോലീസിന്റെ സഹായം തേടാവുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കേരളത്തിന് പ്രളയ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി അമിത് ഷാ. ജൂലൈ 23 ന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമിത് ഷാ വ്യക്തമാക്കി. ഒരാഴ്ച മുൻപ് എൻഡിആർഎഫ് സംഘത്തെ അയച്ചിരുന്നുവെന്നും അമിത് ഷാ അറിയിച്ചു.

ഇത് രാഷ്ട്രീയ വാഗ്വാദത്തിനുള്ള സമയമല്ലെന്ന ആമുഖത്തോട് കൂടിയാണ് അമിത് ഷാ സംസാരിച്ചത്. കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, വയനാട്ടിലെ സ്ഥിതി ചർച്ച ചെയ്യാൻ അമിത് ഷാ യോഗം വിളിച്ചു. ലോക്‌സഭയിലെ ചർച്ചയ്ക്ക് മുന്നോടിയായാണ് യോഗം വിളിച്ചിരിക്കുന്നത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയും യോഗത്തിൽ പങ്കെടുക്കും.

വയനാട്: വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേരള പോലീസ്. ഡിസാസ്റ്റർ ടൂറിസം വേണ്ട എന്ന് മുന്നറിയിപ്പോടെയുള്ള പോസ്റ്റർ സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ ഫേസ്ബുക്കിൽ പങ്കുവച്ചു. രക്ഷാപ്രവർത്തകർക്ക് തടസ്സം സൃഷ്ടിച്ചാൽ കർശന നടപടിയെന്നും പോലീസ് വ്യക്തമാക്കി. ദുരന്തപ്രദേശത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തകർക്ക് തടസ്സം സൃഷ്ടിച്ചാൽ കർശന നടപടിയെന്നും പോലീസ് വ്യക്തമാക്കി.

വയനാട്ടിൽ അപകടമുണ്ടായ മേഖലകളിലേക്ക് അനാവശ്യമായി യാത്ര നടത്തരുതെന്ന് മുഖ്യമന്ത്രിയും നിർദേശം നൽകിയിരുന്നു.. പറഞ്ഞറിയിക്കാനാവാത്തത്രയും തീവ്രമായ ഒരു ദുരന്തമുഖത്താണ് നാടുള്ളത്. നാടാകെ രക്ഷാപ്രവർത്തനത്തിലാണ്. ഈ സമയത്ത് രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്ന വിധം ദുരന്തമേഖലയിൽ കാഴ്ചക്കാരായി നിൽക്കുന്ന പ്രവണത ഒഴിവാക്കേണ്ടതുണ്ടെന്നുമാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.

വിവരമറിഞ്ഞ് ഒട്ടേറെ ആളുകൾ വയനാട്ടിലേക്ക് തിരിക്കുന്നുണ്ട്. രക്ഷാപ്രവർത്തകർക്കും ആരോഗ്യപ്രവർത്തകർക്കും യാത്രചെയ്യാനുള്ള സൗകര്യമാണ് ഇങ്ങനെചെയ്താൽ തടയപ്പെടുന്നത്. ദുരന്ത മേഖലയിലേക്ക് അനാവശ്യമായി വാഹനങ്ങൾ പോകുന്നത് കർശനമായി ഒഴിവാക്കണം. സമൂഹത്തിന്റെയാകെ ഉത്തരവാദിത്വമായി മനസ്സിലാക്കി ഇതിൽ സഹകരിക്കാൻ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ന്യൂഡൽഹി: 2047 ൽ ഇന്ത്യ വികസിത രാജ്യമായി സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവി തലമുറ അഭിമാനത്തോടെ വികസിത ഭാരതത്തിൽ ജീവിക്കുമെന്ന കാഴ്ചപ്പാടോടെയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യം നേടുമ്പോൾ നമ്മൾ ഒരു ദരിദ്ര രാഷ്ട്രമായിരുന്നു. രാജ്യത്തെ ചൂഷണം ചെയ്യാനെത്തിയവർ അവസാനം വരെ അത് ചെയ്തു. നൂറ് വർഷത്തിനുള്ളിൽ നിരവധി വെല്ലുവിളികളെ അതിജീവിച്ച് നാം നമ്മുടെ ലക്ഷ്യങ്ങൾ നേടിയെടുക്കും. 2047 ൽ ഇന്ത്യ ഒരു വികസിത രാജ്യമായി സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികം ആഘോഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ന്യൂഡൽഹിയിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച ബജറ്റിനുശേഷമുള്ള യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയുടെ നയങ്ങൾ, പ്രതിബദ്ധത, ദൃഢനിശ്ചയം, തീരുമാനങ്ങൾ, നിക്ഷേപങ്ങൾ എന്നിവ ആഗോള പുരോഗതിയുടെ അടിത്തറയായി മാറുന്നത് ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവവന്തപുരം: വയനാട് ദുരന്തത്തിൽ രക്ഷപെട്ടു വരുന്നവർക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാൻ ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഓക്‌സിജൻ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ പോയിന്റ് സൗകര്യമൊരുക്കാൻ നിർദ്ദേശിച്ചു. ബുധനാഴ്ച രാവിലെ വയനാട് കലക്ടറേറ്റിൽ ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനം.

ഇവിടെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കും.
കൂടാതെ ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും
നിയോഗിക്കും. കോഴിക്കോട്, തലശ്ശേരി ഉൾപ്പെടെ നാല് സഹകരണ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം വരാൻ തയ്യാറാണെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ അറിയിച്ചു.

കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി പാലത്തിലൂടെ കൊണ്ടുവരുന്ന പോയിന്റിൽ വെള്ളം വിതരണം ചെയ്യാൻ സജ്ജീകരണം ഏർപ്പെടുത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ഇവിടെയും ആരോഗ്യ ടീമിനെ നിയോഗിക്കും.

ചൂരൽമലയിൽ ജെസിബി നിൽക്കുന്ന സ്ഥലം മുതൽ കൺട്രോൾ റൂം വരെ ആവശ്യത്തിന് ലൈറ്റ് എത്തിക്കുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച രക്ഷാപ്രവർത്തനത്തിനായി കോഴിക്കോട് നിന്നും മറ്റും അസ്‌ക വിളക്കുകൾ ഉടനടി എത്തിച്ചത് വളരെയധികം ഉപകാരപ്രദമായതായി മന്ത്രി കൂട്ടിച്ചേർത്തു.

യോഗത്തിൽ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, വി അബ്ദുറഹ്മാൻ, കെ കൃഷ്ണൻകുട്ടി, ജി ആർ അനിൽ, ഒ ആർ കേളു, രക്ഷപ്രവർത്തനം ഏകോപിപ്പിക്കുന്ന പ്രത്യേക ഉദ്യോഗസ്ഥൻ സീരാം സാംബശിവറാവു, എഡിഎം കെ ദേവകി എന്നിവർ പങ്കെടുത്തു.