General (Page 149)

കൽപ്പറ്റ: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം മേഖലയിൽ ജീവന്റെ തുടിപ്പ് കണ്ടെത്താൻ റഡാർ പരിശോധന. തെർമൽ ഇമേജ് റഡാർ പരിശോധനയാണ് നടക്കുന്നത്. പുഞ്ചിരിമട്ടത്തെ റഡാർ പരിശോധനയ്ക്കുശേഷമാണ് മുണ്ടക്കൈയിലെ പരിശോധന ആരംഭിച്ചത്.

സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയശേഷമാണ് രക്ഷാപ്രവർത്തകരും പരിശോധന ഏജൻസി ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നത്. മുണ്ടക്കൈയിൽ റഡാറിൽ നിന്നും സിഗ്‌നൽ ലഭിച്ച കെട്ടിടത്തിൽ പരിശോധന നടത്തുകയാണ്. സിഗ്‌നൽ ലഭിച്ച സ്ഥലം എൻഡിആർഎഫ് കുഴിച്ച് പരിശോധന നടത്തും. ശ്വാസം, അനക്കം തുടങ്ങിയവ ഉൾപ്പെടെ റഡാറിൽ വ്യക്തമാകും. കെട്ടിടങ്ങളിൽ ഇനിയും ആളുകൾ കുടുങ്ങികിടക്കുന്നുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. ഡെപ്യൂട്ടി കളക്ടറും സ്ഥലത്തുണ്ട്. സിഗ്‌നൽ ലഭിച്ച സ്ഥലത്ത് കെട്ടിടം പകുതി തകർന്ന നിലയിലാണുള്ളത്. അതിനാൽ തന്നെ വളരെ സൂക്ഷമമായിട്ടാണ് പരിശോധന. കെട്ടിടത്തിനുള്ളിൽ ആരെങ്കിലും ജീവനോടെ ഉണ്ടോയെന്ന് അറിയാനാണ് പരിശോധന.

കെട്ടിടത്തിൽ ജീവനോടെ ആരെങ്കിലും ഉണ്ടാകുമെന്ന സംശയമുള്ളതിനാൽ സൂക്ഷമമായിട്ടാണ് രക്ഷാപ്രവർത്തനം. കമ്പിപ്പാരയും മറ്റും ഉപയോഗിച്ച് എൻഡിആർഎഫ് സംഘം കെട്ടിടത്തിന്റെ ഒരു ഭാഗം നീക്കം ചെയ്താണ് തെരച്ചിൽ നടത്തുന്നത്. ജീവനുള്ള ഒരു വസ്തുവായിരിക്കാം കെട്ടിടത്തിനുള്ളിലുണ്ടാകുകയെന്നാണ് രക്ഷാപ്രവർത്തകർ അറിയിച്ചിരിക്കുന്നതെന്ന് സിഗ്‌നൽ ലഭിച്ച കെട്ടിടത്തിന് സമീപത്ത് താമസിച്ചിരുന്ന പ്രദേശവാസി വ്യക്തമാക്കി.

വയനാട്: ബെയ്ലി പാലം പൂർത്തിയായതോടെ ദുരന്ത മുഖത്ത് തിരച്ചിൽ കൂടുതൽ ഊർജിതമായി. സേനവിഭാഗങ്ങൾക്കൊപ്പം പ്രവർത്തനത്തിന് നേരിട്ട് നേതൃത്വം നൽകി മന്ത്രി മുഹമ്മദ് റിയാസും രാവിലെ മുതൽ ദുരന്ത ഭൂമിയിലെത്തി. മേപ്പാടി പ്രകൃതി ദുരന്തം സംഭവിച്ച് നാല് ദിവസം പിന്നിടുമ്പോൾ രക്ഷാപ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. ചൂരൽമല- മുണ്ടക്കൈയിൽ ആർമി സേനാംഗങ്ങൾ നിർമ്മാണം പൂർത്തീകരിച്ച ബെയ്‌ലി പാലത്തിലൂടെ മണ്ണ്മാന്തി യന്ത്രങ്ങൾ മറുകര എത്തിച്ചാണ് തിരച്ചിലിന് ഉപയോഗിക്കുന്നത്. വിവിധ സേനാ വിഭാഗങ്ങൾ, സന്നദ്ധപ്രവർത്തകൾ, നാട്ടുകാർ എന്നിവരെല്ലാം കൂട്ടായി രക്ഷാ പ്രവർത്തനത്തിൽ കൈകോർത്തു നീങ്ങുന്നു.

പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെയുള്ള 8 കിലോമീറ്റർ പരിധിയിൽ അടിഞ്ഞുകൂടിയ മണ്ണ് മാറ്റിയുള്ള പരിശോധനയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ.രാജൻ, എ.കെ ശശീന്ദ്രൻ, ഒ.ആർ കേളു എന്നിവർ ചൂരൽ മലയിലെ കൺട്രോൾ റൂമിൽ തത്സമയം രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി രംഗത്തുണ്ട്.

തിരുവനന്തപുരം: കെഎസ്ആർടിസിയ്ക്ക് സർക്കാർ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ജീവനക്കാരുടെ ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാൻ കൂടിയാണ് സർക്കാർ സഹായം ലഭ്യമാക്കുന്നത്.

ഇപ്പോൾ പ്രതിമാസം 50 കോടി രൂപയെങ്കിലും കോർപ്പറേഷന് സർക്കാർ സഹായമായി നൽകുന്നുണ്ട്. ഈ സർക്കാർ ഇതുവരെ 5777 കോടി രൂപ കോർപറേഷന് സഹായമായി കൈമാറിയെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെടുത്തി എത്തിക്കുന്നവർക്ക് തീവ്ര പരിചരണം നൽകാനായി വയനാട്ടിലെ ആശുപത്രികളിൽ ഐസിയുകൾ സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എയർ ലിഫ്റ്റ് ചെയ്താൽ എത്തപ്പെടുന്ന മഞ്ചേരി മെഡിക്കൽ കോളേജ്, കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളും സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ഇതുവരെ 199 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇതുകൂടാതെ 130 ശരീരഭാഗങ്ങളുടെ ഡിഎൻഎ സാമ്പിളുകളും എടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, വയനാട് മേപ്പാടിയിൽ ഇപ്പോൾ പോസ്റ്റുമോർട്ടം നടത്തുന്ന സ്ഥലത്തിന് പുറമേ മറ്റൊരു സ്ഥലത്ത് കൂടി പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചു. ചുളിക്ക മദ്രസ ഹാളാണ് അവർ വിട്ടു നൽകിയത്. ആവശ്യകതയനുസരിച്ച് ഇവിടെയും പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കും. ഇതുകൂടാതെ നിലമ്പൂർ ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള അധിക സജ്ജീകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിന് ദേശീയ അന്തർദേശീയ ഗൈഡ്‌ലൈൻ പ്രകാരം മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

വയനാട്: വയനാട് ദുരന്ത മേഖലയിൽ കൂടുതൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് തെരച്ചിൽ നടത്തുമെന്ന് ജില്ലാ കളക്ടർ മേഘശ്രീ. മഴ കൂടുതൽ ശക്തമായാൽ മാത്രമേ രക്ഷാപ്രവർത്തനത്തെ ബാധിക്കുകയുള്ളൂവെന്നും ഇപ്പോഴത്തെ അവസ്ഥ പ്രതികൂലമല്ലെന്നും കളക്ടർ അറിയിച്ചു. ആറ് സോണുകളിലായാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. എല്ലാ സോണിലും സേനകളെ വിന്യസിച്ചിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു.

1,376 രക്ഷാപ്രവർത്തകരും ഇവർക്ക് പുറമേ വോളന്റിയർമാരുമുണ്ട്. രണ്ടായിരത്തിലധികം ആളുകൾ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തുണ്ട്. എല്ലാ സോണിലും തെരച്ചിൽ നടത്തും. കഴിഞ്ഞ ദിവസം ഡ്രോൺ ഉപയോഗിച്ച് ചിത്രങ്ങൾ എടുത്തിരുന്നു. ഈ ചിത്രങ്ങൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തും. അവിടെയുണ്ടായിരുന്ന ആളുകളുടെ ഫോൺ നമ്പർ ഉപയോഗിച്ച്, മൊബൈൽ ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തി തെരച്ചിൽ നടത്തും. ഇതിന്റെയൊക്കെ മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ വിവരങ്ങൾ എല്ലാ സംഘങ്ങളുടെയും ഹെഡിന് കൈമാറിയിരുന്നു. ഇത് ഉപയോഗിച്ച് അതത് സ്ഥലങ്ങളിൽ പോയി അവർ തെരച്ചിൽ നടത്തിയെന്നും കളക്ടർ വിശദീകരിച്ചു.

മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കൃത്യമായ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരുന്നു. അപകട സാധ്യതയെന്ന് തോന്നുന്ന സ്ഥലങ്ങളിലുള്ള എല്ലാ ആളുകളെയും മാറ്റി പാർപ്പിച്ചു. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നുണ്ട്. പോളിടെക്‌നിക് കോളേജിൽ ഭക്ഷണം പാചകം ചെയ്യുന്നതിനായുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അവിടെ പാചകം ചെയ്ത് കഴിഞ്ഞാൽ മറ്റിടങ്ങളിലേക്ക് എത്തിക്കും. ആഹാരത്തിന്റെ കാര്യത്തിൽ ഒരു ബുദ്ധിമുട്ടുകളുമില്ലെന്നും കളക്ടർ കൂട്ടിച്ചേർത്തു.

തൃശൂർ: തൃശൂരിൽ ഉരുൾപൊട്ടൽ ഭീഷണി ഉണ്ടെന്ന മുന്നറിയിപ്പ്. വടക്കാഞ്ചേരി അകമലയിൽ മണ്ണിന് ബലക്കുറവുണ്ടെന്ന റിപ്പോർട്ട് വന്നതോടെ ആളുകൾ മാറിത്താമസിക്കാൻ നിർദ്ദേശം നൽകി. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം നാലു വകുപ്പുകൾ പ്രദേശത്ത് സംയുക്ത പരിശോധ പരിശോധന നടത്തി. പ്രദേശവാസികൾക്കാണ് മാറി താമസിക്കാൻ നിർദ്ദേശം നൽകിയത്. മണ്ണിനടിയിലൂടെ ഉറവുള്ളതിനാൽ അപകടസാധ്യത വളരെ കൂടുതലാണെന്നും പരിശോധന സംഘത്തിന്റെ റിപ്പോർട്ടിലുണ്ട്.

മൈനിങ് ആന്റ് ജിയോളജി,സോയിൽ കൺസർവേഷൻ, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ടുമെന്റ് ഉദ്യോഗസ്ഥരും റവന്യൂ സംഘവുമാണ് അകമലയിൽ പരിശോധന നടത്തി നടത്തിയത്. ജിയോളജിസ്റ്റുകൾ പരിശോധന നടത്തിയപ്പോഴാണ് പ്രദേശത്ത് ഉരുൾപൊട്ടാൻ സാധ്യതയുള്ളതായി കണ്ടെത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ ആളുകളോട് മാറി താമസിക്കാൻ നിർദ്ദേശം നൽകി. പ്രദേശവാസികൾ മഴക്കാലം കഴിയുന്നത് വരെ മാറി താമസിക്കണമെന്നാണ് മുന്നറിയിപ്പ്. മഴക്കാലം കഴിയുന്നത് വരെ ഏത് നിമിഷവും ഉരുൾപൊട്ടൽ ഉണ്ടാകാം. മണ്ണിന് ബലക്കുറവുണ്ട്. മണ്ണിനടിയിലൂടെ ഉറവുള്ളതിനാൽ അപകടസാധ്യത വളരെ കൂടുതലാണെന്നും ജിയോളജിസ്റ്റുകൾ നഗരസഭയെ അറിയിച്ചു.

41 കുടുംബങ്ങളാണ് ഈ മേഖലയിലുള്ളത്. ഇവരോട് മാറിത്താമസിക്കാൻ നിർദ്ദേശം നൽകിയതായി വടക്കാഞ്ചേരി നഗരസഭ അറിയിച്ചു. മാറുന്നതിനാവശ്യമായ ക്യാമ്പുകൾ ഒരുക്കിയതായും നഗരസഭാ ചെയർമാൻ പറഞ്ഞു. അതേസമയം, കോഴിക്കോട് ബാലുശ്ശേരിയിലും ജനങ്ങൾ ഭീതിയിലാണ്. മലവെള്ളം ഭൂമിയിലേക്ക് വലിയ ശബ്ദത്തോടെ ഒലിച്ചിറങ്ങുന്നതായി നാട്ടുകാർ പറയുന്നു. കോട്ടൂർ പഞ്ചായത്ത് 5-ാം വാർഡ് പൂനത്ത് തുരുത്തമല കോളനിക്ക് സമീപമാണ് സംഭവം. ശബ്ദം കേട്ടതോടെ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. സംഭവം ശ്രദ്ധയിൽ പെടുത്തിയതോടെ പേരാമ്പ്രയിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ ബെയ്ലി പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ സർവകക്ഷി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാലിയാർ പുഴയിലും മൃതദേഹങ്ങൾക്കായി പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പുനരധിവാസം ഫലപ്രദമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന ശ്രദ്ധ രക്ഷാപ്രവർത്തനത്തിലാണ്. തത്കാലം ആളുകളെ ക്യാംപിൽ താമസിപ്പിക്കും. പുനരധിവാസ പ്രക്രിയക്ക് ഫലപ്രദമായി നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാംപുകൾ തുടരും. വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ളവരുടെ സ്വകാര്യത സൂക്ഷിക്കാനാവും വിധം ക്യാംപുകളിൽ ക്രമീകരണം ഏർപ്പെടുത്തും. ക്യാംപിനകത്ത് കുടുംബാംഗങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. ക്യാംപിനകത്ത് താമസിക്കുന്നവരെ കാണാൻ പോകുന്നവർക്ക് സംസാരിക്കാൻ ഒരു പൊതു സൗകര്യം ഒരുക്കും. ക്യാംപിനകത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നല്ല നിലയിൽ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുതെന്നും അത് സ്വീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസമുണ്ടാകില്ല. കുട്ടി എവിടെയാണോ അവിടെ ഇരുന്ന് കൊണ്ട് തന്നെ വിദ്യ നൽകാനാവും. പെട്ടെന്ന് സ്‌കൂളിലേക്ക് പോകാനാവില്ല. മാനസികാഘാതം പ്രതീക്ഷിക്കാവുന്നതിന് അപ്പുറമാണ്. എല്ലാവർക്കും കൗൺസിലിങ് നൽകും. കൂടുതൽ പേരെ ദൗത്യത്തിന്റെ ഭാഗമാക്കും. ആദിവാസി കുടുംബങ്ങളെ വനത്തിൽ നിന്ന് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. അവർ അതിന് തയ്യാറല്ല. അവർക്ക് ഭക്ഷണം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലേത് മഹാ ദുരന്തമാണ്. പകർച്ചവ്യാധി തടയാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. ആരോഗ്യ വകുപ്പ് മുന്നറിയിപ്പുകൾ അംഗീകരിക്കണം. മൃതദേഹം തിരിച്ചറിയാനുള്ള സ്ഥലത്ത് ആളുകൾ തള്ളിക്കയറരുത്. ചത്ത മൃഗങ്ങളെയും കൃത്യമായി സംസ്‌കരിക്കും. 12 മന്ത്രിമാർ വയനാട്ടിലുണ്ട്. എല്ലാവരും ഇവിടെ തുടരുന്നത് പ്രായോഗികമല്ല. റവന്യൂ-വനം-ടൂറിസം-എസ്സി എസ്ടി മന്ത്രിമാർ അടങ്ങുന്ന മന്ത്രിസഭാ ഉപസമിതി ഇവിടെ ക്യാംപ് ചെയ്ത് പ്രവർത്തിക്കും. ശ്രീറാം സാംബശിവ റാവു പ്രത്യേക ഉദ്യോഗസ്ഥനായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം: ചൂരൽമല ഉരുൾപൊട്ടൽ മേഖലയിലെ പ്രദേശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരൽമലയിൽ നിന്നും നിർമ്മിക്കുന്ന താൽക്കാലിക പാലത്തിന്റെ (ബെയ്ലി പാലം) നിർമ്മാണ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി.

ബെയ്ലി പാലത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാകുന്നതായി അധികൃതർ മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, എ.കെ ശശീന്ദ്രൻ, പി.എ മുഹമ്മദ് റിയാസ്, കെ കൃഷ്ണൻക്കുട്ടി, ഒ.ആർ കേളു, നിയമസഭാ സ്പീക്കർ എ.എൻ ഷംസീർചീഫ് സെക്രട്ടറി ഡോ വി. വേണു, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ എന്നിവർ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

തിരുവനന്തപുരം: ഉരുൾപൊട്ടൽ രക്ഷാദൗത്യത്തിന്റെയും പുനരധിവാസ പ്രവർത്തനങ്ങളുടെയും തുടർ പ്രവർത്തനങ്ങൾക്ക് നാലംഗ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ, വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, പട്ടികജാതി- പട്ടികവർഗ്ഗ പിന്നാക്ക വകുപ്പ് മന്ത്രി ഒ.ആർ കേളു എന്നിവരടങ്ങിയതാണ് ഉപസമിതി. ശ്രീറാം സാംബശിവ റാവു, ഡോ.എ കൗശിഗൻ എന്നിവർ സ്പെഷ്യൽ ഓഫീസർമായി പ്രവർത്തിക്കും. കളക്ടറേറ്റ് എ.പി.ജെ ഹാളിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദുരന്ത സമയത്ത് എല്ലാവരും ഒരേ മനസ്സോടെയും ഗൗരവം ഉൾക്കൊണ്ടുമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. രക്ഷാപ്രവർത്തനത്തെക്കുറിച്ച് പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടികളും മികച്ച സംതൃപ്തിയാണ് രേഖപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സേനാ വിഭാഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ തുടർന്നുള്ള രക്ഷാ പ്രവർത്തനങ്ങൾ ഏകോപിതമായി നടത്തും. ചൂരൽ മലയിൽ നിന്നും മുണ്ടക്കൈയിലേക്ക് താൽക്കാലികമായി നിർമ്മിക്കുന്ന ബെയ്‌ലി പാലം പൂർത്തിയാകുന്നതോടെ രക്ഷാ പ്രവർത്തനത്തിന് കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനാകും. ദൗത്യശ്രമം കാര്യക്ഷമമാക്കാനും സാധിക്കും. മുണ്ടക്കൈ – ചൂരൽമല പ്രദേശങ്ങളിലെ പുനരധിവാസ പ്രക്രിയ ഫലപ്രദമായി നടപ്പാക്കും. നിലവിൽ ആളുകളെ ക്യാമ്പുകളിൽ തന്നെ താമസിപ്പിക്കേണ്ടി വരും. ക്യാമ്പുകളിൽ കഴിയുന്നത് വ്യത്യസ്ത കുടുംബങ്ങളിലുള്ളവരാണ്. കുടുംബങ്ങളുടെ സ്വകാര്യത സൂക്ഷിക്കാനുള്ള ക്രമീകരണങ്ങൾ ക്യാമ്പുകളിൽ ഉറപ്പാക്കും. മാധ്യമ പ്രവർത്തകരും സന്ദർശകരുമടക്കം ആരെയും ക്യാമ്പിനകത്ത് പ്രവേശിപ്പിക്കില്ല. ക്യാമ്പിലുള്ളവരെ കാണാനെത്തുന്നവർക്ക് ഇതിനായി പ്രത്യേക സ്ഥലം ഏർപ്പാടാക്കും.

ദുരന്തമേഖലയിൽ അകപ്പെട്ട വിദ്യാർത്ഥികളുടെ പഠനത്തിന് തടസ്സം ഉണ്ടാവില്ല. വിദ്യാഭ്യാസ- തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെ താൽക്കാലിക ക്രമീകരണം ഉണ്ടാക്കും. പിന്നീട് സാധാരണ രീതിയിലുള്ള പഠന ക്രമീകരണങ്ങൾ നടത്തും. ദുരന്തത്തിനരയായവരിൽ കടുത്ത മാനസികാഘാതം ഏറ്റവരുണ്ട്. ഇവർക്ക് ആവശ്യമായ കൗൺസലിങ് നൽകും. നിലവിൽ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാനസിക വിദഗ്ധർ കൗൺസിലിങ് നൽകുന്നുണ്ട്. ആവശ്യമാകുന്ന പക്ഷം കൂടുതൽ ഏജൻസികളെ ഏർപ്പെടുത്തും. ദുരന്തം നേരിട്ട മേഖലകളിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ സ്‌നേഹപൂർവ്വം മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. മാറാൻ കൂട്ടാക്കാത്തവർക്ക് കൃത്യമായി ഭക്ഷണവും അവശ്യ വസ്തുക്കളും ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിന് പ്രമോട്ടർമാർ ഉൾപ്പെടെയുള്ളവരുടെ സേവനം ഉപയോഗപ്പെടുത്തും.

ഈ മഹാദുരന്തം മറ്റൊരു ദുരന്തത്തിന് വഴിവെക്കുന്ന സ്ഥിതി ഉണ്ടാകരുത്. പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത നല്ലപോലെ ഉണ്ടാവണം. ഉരുൾപൊട്ടലിൽ നിരവധി വീട്ട് മൃഗങ്ങളും ചത്തൊടുങ്ങിയിട്ടുണ്ട്. അവയെ കൃത്യമായി സംസ്‌കരിക്കാൻ നടപടികൾ സ്വീകരിക്കും. പോസ്റ്റ്‌മോർട്ടും നടക്കുന്ന ആശുപത്രികളിലേക്ക് ആളുകൾ അനാവശ്യമായി പോകരുത്, ബന്ധുകൾ ഒഴികെയുള്ളവർ അവിടെ നിന്നും വിട്ട് നിൽകണം.

സർട്ടിഫിക്കറ്റ് നഷ്ടമായവർക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികളും കൈക്കെള്ളും. എല്ലാവരുടെയും സഹകരണത്തോടെയുള്ള രക്ഷാ പ്രവർത്തനം തുടരും – മുഖ്യമന്ത്രി പറഞ്ഞു.

കളക്ടറേറ്റ് ആസൂത്രണ ഭവൻ എപിജെ ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രിമാരായ കെ. രാജൻ, എ.കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി.എൻ വാസവൻ, കെ.കൃഷ്ണൻകുട്ടി, മുഹമ്മദ് റിയാസ്, പി.പ്രസാദ്, റോഷി അഗസ്റ്റിൻ, ഒ.ആർ കേളു, വീണാ ജോർജ്ജ് എന്നിവരും പങ്കെടുത്തു.

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വെള്ളാർമല സ്‌കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്‌കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തിരമായി ഇക്കാര്യത്തിൽ നടപടി എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഭൂകമ്പം ഉൾപ്പെടെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള കെട്ടിടം സ്‌കൂളിന് നിർമ്മിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മാണം നടത്തും. സ്‌കൂളിന് ചുറ്റുമത്തിലും പണിയും. ബജറ്റിൽ ഒരു ജില്ലയിൽ ഒരു മാതൃക സ്‌കൂൾ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വയനാട്ടിലെ ഈ മാതൃക സ്‌കൂൾ വെള്ളാർമല സ്‌കൂൾ ആയിരിക്കുമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.