ലക്‌നൗ: കൃത്യമായി നികുതി അടയ്ക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. തന്റെ പ്രതിമാസവരുമാനത്തിന്റെ അൻപത് ശതമാനത്തിലധികവും നികുതിയായി അടയ്ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നികുതി നൽകിയതിനുശേഷം തനിക്ക് മിച്ചം പിടിക്കാൻ കഴിയുന്നതിലും അധികം തുക നികുതി നൽകിയതിനുശേഷം മറ്റ് ഉദ്യോഗസ്ഥർ സമ്പാദിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജിൻജാക്കിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
രാജ്യത്തിന്റെ വികസനത്തിനായി ജനങ്ങൾ കൃത്യമായി നികുതി അടയ്ക്കണം. ഒരു ട്രെയിൻ ഏതെങ്കിലും സ്റ്റേഷനിൽ നിർത്തിയില്ലെന്ന് പറഞ്ഞാൾ ചിലപ്പോൾ ദേഷ്യത്തിൽ നമ്മൾ അത് ബലംപ്രയോഗിച്ച് നിർത്താൻ ശ്രമിക്കും. ചിലപ്പോൾ ട്രെയിനിന് തീയിടും. അങ്ങനെ ചെയ്താൽ ആർക്കാണ് നഷ്ടംമെന്ന് രാഷ്ട്രപതി ചോദിച്ചു. ആളുകൾ പറയും അത് സർക്കാരിന്റെ സ്വത്താണെന്ന്. എന്നാൽ അത് നികുതിദായകന്റെ പണമാണെന്ന് അദ്ദേഹം വിശദമാക്കി. രാജ്യത്ത് ഏറ്റവും ഉയർന്ന ശമ്പളമുളള വ്യക്തിയാണ് രാഷ്ട്രപതി. രാഷ്ട്രപതിയും നികുതി അടയ്ക്കുന്നുണ്ട്. താൻ ഓരോ മാസവും 2.75 ലക്ഷം രൂപയാണ് നികുതിയായി നൽകുന്നത്. തനിക്ക് അഞ്ച് ലക്ഷം രൂപ മാസ ശമ്പളമുണ്ടെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ, നികുതിയും ഈടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

