General (Page 141)

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സന്നദ്ധസേവന സേനയായ ടീം കേരള. ചൂരൽമല, പുഞ്ചിരിമട്ടം, മുണ്ടക്കൈ ചെക്ക് ഡാം, മേപ്പാടി പ്രദേശങ്ങളിലാണ് ടീം കേരള വളണ്ടിയർമാർ ശുചീകരണം നടത്തിയത്. മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള 50 വീതം അംഗങ്ങളാണ് ദുരന്ത മേഖലയിലെത്തി ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായത്.

സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, ബോർഡ് അംഗങ്ങളായ വി കെ. സനോജ്, ഷെബീറലി, ജില്ലാ കോ-ഓർഡിനേറ്റർ ഫ്രാൻസിസ്, ജില്ലാ ഓഫീസർ വിനോദൻ പൃത്തിയിൽ, ടീം കേരള സംസ്ഥാന കോ-ഓർഡിനേറ്റർ പി.എം. സാജൻ, ഡൈസ് നോൺ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഉരുൾപൊട്ടലുണ്ടായ ജൂലൈ 30 മുതൽ ജില്ലയിലുള്ള ടീം കേരള വളണ്ടിയർമാർ ദുരന്തസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു. 12 ദിവസമായി ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണ വിതരണത്തിലും മാലിന്യങ്ങൾ നീക്കുന്നതിലും സജീവമാണ് ടീം അംഗങ്ങൾ. പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സന്നദ്ധ സേനയാണ് ടീം കേരള. 18 നും 30 നും ഇടയിൽ പ്രായമുള്ളവരാണ് ടീം കേരളയിൽ സന്നദ്ധപ്രവർത്തനത്തിനായി രജിസ്റ്റർ ചെയ്തത്. ജില്ലയിൽ പരിശീലനം ലഭിച്ച 250 പേർ ടീം കേരള അംഗങ്ങളാണ്.

തിരുവനന്തപുരം: ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ആഗസ്റ്റ് 15 ന് രാവിലെ 9ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തുന്നതോടെ തുടക്കമാവും. വിവിധ സേനാവിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്‌കൗട്ട്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്യും. മുഖ്യമന്ത്രി മെഡലുകൾ വിതരണം ചെയ്യും. പരേഡിനുശേഷം വിവിധ സ്‌കൂളുകളിലെ കുട്ടികൾ ദേശഭക്തിഗാനങ്ങൾ അവതരിപ്പിക്കും.

ജില്ലാ ആസ്ഥാനങ്ങളിലും രാവിലെ 9 ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. സബ്ഡിവിഷണൽ/ ബ്ളോക്ക്, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ, ഓഫീസുകൾ, സ്‌കൂളുകൾ, കോളേജുകൾ, എന്നിവിടങ്ങളിലും പതാക ഉയർത്തും.

സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകളിൽ എല്ലാ ഉദ്യോഗസ്ഥരുടെയും പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന സർക്കാർ സർക്കുലറിൽ അറിയിച്ചു. പ്ലാസ്റ്റിക്കിൽ നിർമിച്ച ദേശീയപതാകകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ഹരിതചട്ടം പാലിക്കണമെന്നും സർക്കുലറിൽ അറിയിച്ചു.

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കാണാതായവർക്കു വേണ്ടി മലപ്പുറം ജില്ലയിൽ ചാലിയാറിൽ തിങ്കൾ, ചൊവ്വ ( ഓഗസ്റ്റ് 12,13) ദിവസങ്ങളിൽ അഞ്ചിടങ്ങളിലായി വിശദമായ തെരച്ചിൽ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗം പി.എ. മുഹമ്മദ് റിയാസ്. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുണ്ടേരി ഫാം മുതൽ പരപ്പാൻപാറ വരെയുള്ള അഞ്ചുകിലോമീറ്റർ ദൈർഘ്യത്തിലായിരിക്കും ഒരു സംഘം തെരച്ചിൽ നടത്തുക. രാവിലെ ഏഴുമണിക്കു മുണ്ടേരി ഫാം മേഖലയിൽ തുടങ്ങുന്ന തെരച്ചിൽ ഉച്ചയ്ക്കു രണ്ടുമണിക്കു പരപ്പൻപാറയിൽ അവസാനിക്കും. എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ് സേന, പോലീസ്, വനംവകുപ്പ് എന്നീ സേനകൾ അടങ്ങുന്ന 60 അംഗ സംഘമായിരിക്കും ഇവിടെ തെരച്ചിൽ നടത്തുക. വൈദഗ്ധ്യം ആവശ്യമായതിനാൽ ചാലിയാർ പുഴയുടെ ഈ ഭാഗത്തെ തെരച്ചിലിലിന് സന്നദ്ധപ്രവർത്തകരെ അനുവദിക്കില്ല.

വനമേഖലയായ പാണൻകായത്തിൽ 10 സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ 50 അംഗ സംഘമായിരിക്കും തെരച്ചിൽ നടത്തുക. പാണൻകായ മുതൽ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതൽ ചാലിയാർ മുക്കുവരെയും 20 സന്നദ്ധപ്രവർത്തരും 10 പോലീസുകാരും അടങ്ങുന്ന 30 അംഗസംഘങ്ങൾ തെരച്ചിൽ നടത്തും. ഇരുട്ടുകുത്തി മുതൽ കുമ്പളപ്പാറ വരെ സന്നദ്ധപ്രവർത്തകർ ഉൾപ്പെടുന്ന 40 അംഗ സംഘവും തെരച്ചിൽ നടത്തും.

ക്യാമ്പിൽ കഴിയുന്നവരുടെ താൽക്കാലിക പുനരധിവാസത്തിനായി 253 വാടകവീടുകൾ കണ്ടെത്തിയുണ്ട്. നൂറോളം വീടുകൾ സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവരുടെ അഭിപ്രായങ്ങൾ പരിഗണിച്ചായിരിക്കും താൽക്കാലിക പുനരധിവാസം സംബന്ധിച്ച തീരുമാനമെടുക്കുക. ഇതിനായി 14 ക്യാമ്പുകളിലായി 18 സംഘങ്ങൾ സർവേ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഏതുപഞ്ചായത്തിൽ താമസിക്കണമെന്നതു ക്യാമ്പിൽ കഴിയുന്നവർക്കു തെരഞ്ഞെടുക്കാം. ദുരന്തത്തെത്തുടർന്ന് ബന്ധുക്കൾ ആരുമില്ലാതെ ഒറ്റയ്ക്കായി പോയവരെ തനിച്ചുതാമസിപ്പിക്കുകയില്ല. ഒരു സർക്കാർ ഉദ്യോഗസ്ഥനെ രക്ഷകർത്താവായി നിയോഗിച്ചുകൊണ്ടായിരിക്കും ഇവരുടെ പുനരധിവാസം. വാടകവീടുകളിലേക്കു മാറുമ്പോൾ ഫർണിച്ചർ അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി അടിസ്ഥാനസൗകര്യ കിറ്റ് സജ്ജമാക്കും. എന്തെല്ലാം ഇതിൽ ഉൾപ്പെടുമെന്ന് ആളുകളെ അറിയിക്കും.
ഞായറാഴ്ച നടന്ന ജനകീയതെരച്ചലിൽ സന്നദ്ധപ്രവർത്തകരും പ്രദേശവാസികളും ക്യാമ്പിൽ കഴിയുന്നവരും ജനപ്രതിനിധികളും അടക്കം രണ്ടായിരം പേർ പങ്കെടുത്തു. തെരച്ചിലിൽ കാന്തൻപാറ വനത്തിനുള്ളിൽനിന്നു മൂന്നു ശരീരഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനുശേഷമേ മനുഷ്യശരീരമാണോ എന്നു വ്യക്തമാകൂ. അട്ടമലയിൽനിന്ന് അസ്ഥി കണ്ടെത്തിയിട്ടുണ്ട്. ഇതും മനുഷ്യന്റേതാണോ ഇപ്പോഴുണ്ടായ ദുരന്തത്തിന്റെ ഭാഗമാണോ എന്നു പരിശോധിക്കും.
ഇതുവരെ 229 മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 178 പേരെ തിരിച്ചറിഞ്ഞു. 51 പേരെ കൂടി തിരിച്ചറിയാനുണ്ട്. ശരീരഭാഗങ്ങൾ തിരിച്ചറിയാനുള്ള ഡി.എൻ.എ. പരിശോധന ഉടൻ പൂർത്തിയാകും. രക്ഷാപ്രവർത്തനത്തിന് സാധ്യമായ എല്ലാകാര്യങ്ങളും ചെയ്തുവെന്നാണ് വിവിധ സേനാവിഭാഗങ്ങൾ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ ജില്ലാ കളക്ടർ ഡി.ആർ മേഘ്രശീയും പങ്കെടുത്തു.

കല്‍പ്പറ്റ: ദുരന്തമുഖത്ത് പൊട്ടിക്കരഞ്ഞ് മന്ത്രി എ കെ ശശീന്ദ്രന്‍. ജനകീയ തിരച്ചില്‍ പുരോഗമിക്കവെ പ്രദേശത്ത് എത്തിയതായിരുന്നു മന്ത്രി. ഇവരെ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്ന് പറഞ്ഞായിരുന്നു മന്ത്രി വികാരാധീനനായത്.

ഇങ്ങനെയൊരു കാഴ്ചയ്ക്ക് സാക്ഷിയാകേണ്ടിവരുമെന്ന് ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇവരോട് താന്‍ എന്തുത്തരം പറയും. ദുരന്തത്തിന്റെ വ്യാപ്തി അനുഭവിച്ചു. ഈ അനുഭവം എല്ലാവര്‍ക്കും ഉണ്ടാവും. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ ഇത്രയേ ആയുസുള്ളൂ. നമ്മുടെ ജീവിതത്തിലൊക്കെ എന്ത് ദുരന്തമാണ് ഉണ്ടാവുകയെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക. എല്ലാവരും നമ്മുടെ ബന്ധുക്കളാണ്. നമ്മുടെ വാക്കും പ്രവര്‍ത്തനങ്ങളും അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതായിരിക്കണം. അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരണം. ആ പ്രതിജ്ഞയാണ് ഇത്തരം ഘട്ടങ്ങളില്‍ എടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

ഭോപ്പാൽ: പരിശീലക വിമാനം തകർന്നുവീണ് 2 പൈലറ്റുമാർക്ക് പരിക്ക്. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. സ്വകാര്യ ഏവിയേഷൻ അക്കാദമിയുടെ പരിശീലക വിമാനമാണ് തകർന്നുവീണതെന്നാണ് പൊലീസ് വ്യക്തമാക്കി.

രണ്ടു സീറ്റുകളുള്ള സെസ്‌ന 152 എന്ന വിമാനമാണ് തകർന്നത്. 40 മിനിറ്റോളം വിമാനം ആകാശത്തു പറന്നു. ഉച്ചക്ക് 1.30 ഓടെയാണ് വിമാനം തകർന്ന് താഴേക്ക് പതിച്ചത്. എഞ്ചിൻ തകരാറാകാം കാരണമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

രണ്ട് പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ ഇവർ അപകടനില തരണം ചെയ്തുവെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇരുവരും നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

kn Balakrishnan

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ മേഖല രാജ്യത്തിന് മാതൃകയാകുന്ന തരത്തിലുള്ള കുതിപ്പ് കൈവരിച്ച് വരികയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കുളക്കട സർക്കാർ ഹോമിയോ ഡിസ്‌പെൻസറി മാതൃകാ സ്ഥാപനമായി പ്രഖ്യാപിക്കുന്ന ചടങ്ങ് കലയപുരം ഡിസ്‌പെൻസറി അങ്കണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്ത് വലിയ പ്രാധാന്യമർഹിക്കുന്നവയാണ് ഹോമിയോ ആശുപത്രികൾ. ധാരാളം സ്‌പെഷ്യലിറ്റി ചികിത്സകൾ രോഗികൾക്ക് നൽകാൻ ഹോമിയോ ആശുപത്രികൾക്ക് സാധിക്കുന്നു. സിദ്ധ ആയുർവേദ യൂനാനി ഹോമിയോ തുടങ്ങിയ ചികിത്സാരീതികളുടെ ഏകോപനത്തിലൂടെ ആരോഗ്യ മേഖല പ്രശംസനീയമായ നേട്ടമാണ് സംസ്ഥാനത്ത് കൈവരിച്ചു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ ചികിത്സാരീതിയുടെയും തനത് പ്രത്യേകതകൾ കണ്ടെത്തി അവ വികസിപ്പിക്കുക എന്നതാണ് കൈകൊണ്ടിട്ടുള്ള നയം.10 കോടി ചെലവിൽ ആയുഷ് മിഷന്റെ ആശുപത്രി നിർമ്മാണം കൊട്ടാരക്കരയിൽ ആരംഭിക്കാൻ പോവുകയാണ്. കൊട്ടാരക്കരയിൽ തന്നെ മികച്ച സേവനങ്ങൾ പ്രധാനം ചെയ്യുന്ന ആയുർവേദ ആശുപത്രിയും പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കടൂക്കാല അധ്യക്ഷനായ ചടങ്ങിൽ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ്. രഞ്ജിത് കുമാർ, കുളക്കട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെ.ജയകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. സി എസ് പ്രദീപ്, ജില്ലാ പഞ്ചായത്ത് അംഗം ആർ രശ്മി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷർ, ഗ്രാമപഞ്ചായത്ത്-എച്ച് എം സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം: നെല്ല് സംഭരണത്തിന് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 50 കോടി രൂപ അനുവദിച്ചു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സർക്കാർ വിഹിതത്തിൽ 207 കോടി രുപ കുടിശിക നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിലവിലെ സീസണിലെ നെല്ലിന്റെ വില കർഷകർക്ക് വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ തുക അനുവദിച്ചത്.

കേന്ദ്ര സർക്കാർ വിഹിതത്തിന് കാത്തുനിൽക്കാതെ, നെല്ല് സംഭരിക്കുമ്പോൾതന്നെ കർഷകർക്ക് വില നൽകുന്നതാണ് കേരളത്തിലെ രീതി. സംസ്ഥാന സബ്സിഡിയും ഉറപ്പാക്കി നെല്ലിന് ഏറ്റവും ഉയർന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ താങ്ങുവില നൽകുമ്പോൾ മാത്രമാണ് കർഷകന് നെൽവില ലഭിക്കുന്നത്. കേരളത്തിൽ പിആർഎസ് വായ്പാ പദ്ധതിയിൽ കർഷകന് നെൽവില ബാങ്കിൽനിന്ന് ലഭിക്കും. പലിശയും മുതലും ചേർത്തുള്ള വായ്പാ തിരിച്ചടവ് സംസ്ഥാന സർക്കാർ നിർവഹിക്കും. കർഷകൻ നൽകുന്ന ഉൽപാദന ബോണസിന്റെയും വായ്പാ പലിശയുടെയും ബാധ്യത സംസ്ഥാന സർക്കാരാണ് തീർക്കുന്നത്. ഇതിലൂടെ നെല്ല് ഏറ്റെടുത്താൽ ഉടൻ കർഷകന് വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. വായ്പാ ബാധ്യത ഏറ്റെടുക്കേണ്ടിവരുന്നതുമില്ല. കേരളത്തിൽ മാത്രമാണ് നെൽ കർഷകർക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളത്.

ന്യൂഡൽഹി: ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ച്. ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന്റെ പ്രതികാരമെന്ന് മാധബി ബുച്ച് പറഞ്ഞു. ഹിൻഡൻബർഗ് സ്വഭാവഹത്യ നടത്തുകയാണ്. എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണെന്നും മാധബി പുരി ബുച്ച് പറഞ്ഞു.

ഏത് ഏജൻസിക്കും രേഖകൾ നൽകാൻ തയ്യാറാണെന്നും മാധബി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സെബി ചെയർപേഴ്‌സണെതിരെ പുതിയ വെളിപ്പെടുത്തലുമായി ഹിൻഡൻ ബർഗ് രംഗത്തെത്തിയത്. സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനും, ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴൽ കമ്പനികളിൽ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിൻഡൻ ബർഗ് കണ്ടെത്തൽ.

അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോർട്ടിലുണ്ട്. അദാനിക്കെതിരെ മുൻപ് ഹിൻഡൻ ബർഗ് നടത്തിയ വെളിപ്പെടുത്തൽ രാജ്യത്ത് വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിൻഡൻബർഗ് നേരത്തെ പുറത്ത് വിട്ട റിപ്പോർട്ട്. 2023 ജനുവരി 24നായിരുന്നു അദാനി ഗ്രൂപ്പിനെതിരെ വൻ വെളിപ്പെടുത്തലുകളുമായി ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നത്.

വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സർക്കാർ ഇതര സംവിധാനങ്ങളുടെ ഇടപെടൽ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിന് കളക്ട്രേറ്റിൽ ഇന്റർ ഏജൻസി ഗ്രൂപ്പിന്റെ (ഐ.എ.ജി) കോർഡിനേഷൻ ഡെസ്‌ക് പ്രവർത്തനം തുടങ്ങി. കളക്ട്രേറ്റിൽ ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ ഡിസ്ട്രിക്ട് എമർജൻസി ഓപ്പറേഷൻ സെന്ററിനു (ഡി.ഇ.ഒ.സി.) സമീപമാണ് ഹെൽപ് ഡെസ്‌കിന്റെ പ്രവർത്തനം.

സർക്കാർ, സർക്കാരിതര സന്നദ്ധസംഘടനകൾ, പൗരസമിതികൾ എന്നിവയുടെ ഏകോപനത്തിലൂടെ പ്രാദേശിക തലത്തിലെ ദുരന്തപ്രതികരണ ലഘൂകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായാണ് ദുരന്തനിവാരണ അതോറിറ്റികളുടെ കീഴിൽ ഐ.എ.ജി. പ്രവർത്തിക്കുന്നത്്.

ചൂരൽമല ദുരന്തത്തിന്റെ പ്രതികരണ പ്രവർത്തനങ്ങളിൽ ആദ്യദിനം തന്നെ വയനാട്, മലപ്പുറം ഐ.എ.ജി. പങ്കാളികളായിരുന്നു. ദുരന്തത്തിന്റെ വ്യാപ്തി വലുതായതിനാൽ ദേശീയ, അന്തർദേശീയ സന്നദ്ധ സംഘടനകളുടേയും കോർപറേറ്റുകളുടേയും സഹകരണം കൂട്ടിയിണക്കേണ്ടതുണ്ട്. അടിയന്തര സഹായം ആവശ്യമുള്ളതും ദീർഘകാല പിന്തുണ ആവശ്യമുള്ളതുമായ വിഷയങ്ങളിൽ സഹായിക്കാനുള്ള സന്നദ്ധതയും അഭ്യർഥനകളും കോഡിനേഷൻ ഡെസ്‌ക് വഴി ഏകോപിപ്പിക്കും. വയനാട് ദുരന്തത്തിന്റെ ഇരകൾക്ക് സഹായമെത്തിക്കാനും പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളാവാനും താൽപര്യമുള്ള സന്നദ്ധ സംഘടനകൾക്ക് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ https://forms.gle/ueUtVwbZZuJ3pBrc8 എന്ന ഓൺലൈൻ ഫോമിലൂടെ അറിയിക്കാം. 8943204151 എന്ന നമ്പറിൽ നേരിട്ടും ബന്ധപ്പെടാം.

റിലയൻസ്, ടാറ്റ, ആമസോൺ തുടങ്ങിയ വലിയ കമ്പനികൾ ഇതിനോടകം തന്നെ ഐ.എ.ജിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ തങ്ങളുടെ സഹകരണങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, വയനാട് ഐ.എ.ജി, യൂണിസെഫ്, സന്നദ്ധ സംഘടനകളുടെ കൂട്ടായ്മായായ സ്പിയർ ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജില്ലയിൽ ഈ സംവിധാനം പ്രവർത്തിക്കുന്നത്.

ബംഗളൂരു: തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർന്നു. കർണാടക കൊപ്പൽ ജില്ലയിലാണ് തുംഗഭദ്ര ഡാമം സ്ഥിതി ചെയ്യുന്നത്. ഡാമിന്റെ 19-ാമത് ഗേറ്റാണ് പൊട്ടിയത്. ഡാമിൽ നിന്ന് വൻ തോതിൽ വെള്ളം ഒഴുകുകയാണ്. രാത്രി 12 മണിയോടെ ആണ് ഗേറ്റ് പൊട്ടി വീണത്. 35000 ക്യുസക്‌സ് വെള്ളം ഒഴുകിപ്പോയി. ഭീഷണി ഒഴിവാക്കാനായി ഡാമിന്റെ 33 ഗേറ്റുകളും തുറന്നു വെള്ളം പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ്.

ഡാമിൽ നിന്ന് 60 ടി എം സി അടി വെള്ളം അടിയന്തരമായി ഒഴുക്കി കളയാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിച്ചൂർ ജില്ലകളിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കർണാടക, ആന്ധ്രാ തെലങ്കാന സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങൾ ആശ്രയിക്കുന്ന പ്രധാന ജല സംഭരണിയാണ് തുറന്നു വിട്ടിരിക്കുന്നത്.