General (Page 142)

പത്തനംതിട്ട: എല്ലാ പൊതുഇടങ്ങളും ശിശു സൗഹൃദവും സ്ത്രീസൗഹൃദവുമാക്കുക എന്നുള്ളതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. പത്തനംതിട്ട കെ. എസ്. ആർ. റ്റി. സി ബസ്റ്റാൻഡിൽ കെ.എസ്.ആർ. റ്റി. സി അനുവദിച്ചു നൽകിയ സ്ഥലത്ത് ആരോഗ്യവകുപ്പും ആരോഗ്യ കേരളവും ചേർന്ന് നിർമ്മിച്ച ബ്രസ്റ്റ് ഫീഡിങ് റൂം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് തയ്യാറാക്കിയ ബ്രെസ്റ്റ് ഫീഡിങ് റൂമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഒരാഴ്ച കാലം കൊണ്ടാണ് പൂർത്തീകരിച്ചത്. പൊതു ഇടങ്ങൾ മാതൃ ശിശു സൗഹൃദപരമാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ സർക്കാരിന്റെയും പൊതു പങ്കാളിത്തത്തോടെയും കൂടുതൽ കേന്ദ്രങ്ങളിൽ ബ്രസ്റ്റ് ഫീഡിങ് മുറികൾ സ്ഥാപിക്കുന്നത് യാഥാർത്ഥ്യമാക്കുമെന്നും ഏറെ സന്തോഷത്തോടെയാണ് പത്തനംതിട്ടയിൽ പുതുതായി ആരംഭിച്ച ബ്രഡ് ഫീഡിങ് കോർണർ നാടിനു സമർപ്പിക്കുന്നതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: വേനൽക്കാല താരിഫിൽ നിന്ന് 32 ലക്ഷം ഉപഭോക്താക്കളെ ഒഴിവാക്കി വൈദ്യുതി നിരക്ക് ശുപാർശ ചെയ്ത് കെഎസ്ഇബി. വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന ജനുവരി മുതൽ മേയ് വരെ 10 പൈസ നിരക്ക് വർധന ഏർപ്പെടുത്തണമെന്ന് കെഎസ്ഇബി നിർദേശിച്ചിരുന്നു.

എന്നാൽ പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 26 ലക്ഷം ഗാർഹിക ഉപഭോക്താക്കൾക്കും വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന എൽടി 6 (ഡി) ജനറൽ വിഭാഗങ്ങളും ഉൾപ്പെടുന്ന 32 ലക്ഷം ഉപഭോക്താക്കളെ വർധനയിൽ നിന്ന് ഒഴിവാക്കും. സ്ഥിരമായി ജീവൻരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കാനും നിർദേശമുണ്ട്.

അർബുദബാധിതരോ, ഭിന്നശേഷിക്കാരോ ഉള്ള ബിപിഎൽ കുടുംബങ്ങളിൽ പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നതിനും എൻഡോസൾഫാൻ ദുരിതബാധിതരുള്ള കുടുംബങ്ങളിൽ പ്രതിമാസം 150 യൂണിറ്റ് വരെ ഉപഭോഗത്തിനും 1.50 രൂപ നിരക്ക് മാത്രമായിരിക്കും ഈ കാലയളവിൽ ഈടാക്കുക. പകൽ സമയത്ത് 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന 7.88ലക്ഷം ഗാർഹിക ഉപഭോക്താക്കൾക്കും 20 കിലോ വാട്ടിന് മുകളിൽ ഉപയോഗിക്കുന്ന 21,000 എൽടി 4 വിഭാഗത്തിലെ വ്യാവസായിക ഉപഭോക്താക്കൾക്കും താരിഫ് ഇളവ് നൽകാനും നിർദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായവർക്കുള്ള പുനരധിവാസത്തിനുള്ള സാമ്പത്തിക പിന്തുണയും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള സഹായങ്ങളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്ത മേഖല സന്ദർശിക്കാൻ എത്തിയ പ്രധാനമന്ത്രിക്കു മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇത് ഉൾപ്പെടെ കേരളത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിച്ചു.

പ്രധാനമന്ത്രിയോട് ദുരന്തന്തിന്റെ വ്യാപ്തി വിശദീകരിച്ച ശേഷം മുഖ്യമന്ത്രി അവ കുറിപ്പായി കൈമാറി. നാശനഷ്ടങ്ങളുടെ വിശദമായ കണക്കെടുപ്പ് നടന്നുവരികയാണ്. ആയിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ദുരന്തവുമായി ബന്ധപ്പെട്ട വിശദമായ നിവേദനം സംസ്ഥാനം കേന്ദ്ര സർക്കാരിന് പിന്നീട് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി..

ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഘാതം സംസ്ഥാനത്തെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് അടിക്കടിയുണ്ടാകുന്ന പ്രവചനാതീതമായ പ്രകൃതി ദുരന്തങ്ങൾ. ഈ വർഷത്തെ വേനൽക്കാലത്ത് നേരിട്ട ഉഷ്ണതാപം സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമാണ്. കൂടാതെ പെട്ടെന്നുണ്ടായ അതിതീവ്ര ഉരുൾപൊട്ടലിനും ഇടയാക്കിയത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതമാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ ഇത്തരം അപ്രതീക്ഷിത പ്രകൃതിക്ഷോഭങ്ങൾ നേരിടാൻ മതിയായ സജ്ജീകരണങ്ങൾ കേരളത്തിന് ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ പശ്ചാത്തലത്തിൽ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, ഇന്ത്യ മെറ്റിയോറോളജിക്കൽ ഡിപ്പാർട്‌മെന്റ്, നാഷണൽ സിസ്മിക് സെന്റർ, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളുടെ സ്‌പെഷ്യൽ സെന്ററുകളും അത്യാധുനിക പഠന സൗകര്യങ്ങളുള്ള പ്രാദേശിക ഓഫീസുകളും സംസ്ഥാനത്ത് ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കാലാവസ്ഥാ നിരീക്ഷണത്തിനായി ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. അതിനായി ഹൈ റെസൊല്യൂഷൻ ഹസാർഡ് അസ്സെസ്റ്റ്‌മെന്റ് ടൂളുകളും ലാൻഡ് യൂസ് പ്ലാനിംഗ് മാപുകളും ലിഡാർ (LiDAR) അടിസ്ഥാനപ്പെടുത്തിയുള്ള ഡിജിറ്റൽ എലവേഷൻ മോഡലും ഉപയോഗപ്പെടുത്താവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാർ കാലാവസ്ഥാ പഠനത്തിനായി 2015 ൽ കോട്ടയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് സ്ഥാപിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന പ്രതിസന്ധികൾക്ക് പ്രാദേശികാടിസ്ഥാനത്തിനുള്ള പരിഹാരത്തിനായി ഈ സ്ഥാപനത്തിന്റെ ഗവേഷണ ക്ഷമത വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ വലിയ സാമ്പത്തിക പിന്തുണ അനിവാര്യമാണ്. കാലാവസ്ഥാ വ്യതിയാനത്തെ ദീർഘകാലാടിസ്ഥാനത്തിൽ അതിജീവിക്കാൻ പര്യാപ്തമായ നിർമ്മാണ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കാൻ കേരള ക്ലൈമറ്റ് ചേഞ്ച് അഡാപ്‌റ്റേഷൻ മിഷനും പ്രവർത്തിച്ചുവരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിച്ച് സംസ്ഥാനത്തിന് സുരക്ഷിതമായി മുന്നോട്ടുപോകാൻ ഈ രണ്ട് സ്ഥാപനങ്ങൾക്കും ഉദാരമായ സാമ്പത്തിക പിന്തുണയും സാങ്കേതിക സഹായവും ആവശ്യമാണ്.

വയനാട് സന്ദർശിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തിൽ നന്ദി അറിയിച്ച മുഖ്യമന്ത്രി ദുരന്തത്തിന്റെ വ്യാപ്തി കണക്കാക്കി കേന്ദ്ര സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകൾ സംസ്ഥാന സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കാൻ നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിച്ചു. അതിവേഗത്തിലുള്ള പുനർനിർമാണത്തിനും കാലാവസ്ഥാ വ്യതിയാനത്തെ ദീർഘകാലാടിസ്ഥാനത്തിൽ ചെറുക്കാനും സംസ്ഥാനം നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾക്ക് മതിയായ സാമ്പത്തിക പിന്തുണ ആവശ്യമാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.

ദുരന്തത്തിന്റെ വ്യാപ്തിയും ആഘാതവും കണക്കിലെടുത്ത് വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തമായും ദേശീയ ദുരന്തമായും എത്രയും വേഗം പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനുൾപ്പെടെ കേന്ദ്രസർക്കാരിന്റെ എല്ലാ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതായി മന്ത്രി എ കെ ശശീന്ദ്രൻ. വിശദമായ കാര്യങ്ങൾ എത്രയും പെട്ടന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ സമർപ്പിക്കണമെന്നും അതാണ് ഇനി തങ്ങളുടെ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും ജനങ്ങളും സഹകരിച്ച് ഈ ശ്രമകരമായ ദൗത്യം പൂർത്തിയാക്കാനും പ്രതിസന്ധിയെ അതിജീവിക്കാനും കഴിയുമെന്ന പ്രത്യാശ കൂടുതൽ ഉറപ്പിക്കുന്ന ചർച്ചകളാണ് ഉണ്ടായതെന്ന് മന്ത്രി അറിയിച്ചു.

പ്രധാനമന്ത്രിയുടെ സന്ദർശനം തങ്ങളെപ്പോലുളളവർക്ക് കൂടുതൽ കർമ്മനിരതമായി പ്രവർത്തിക്കാനുളള ആവേശവും നൽകുന്നുണ്ട്. കേരളത്തിന്റെ പ്രതീക്ഷയെ സാധൂകരിക്കുന്ന രീതിയിലുളള പ്രതികരണമാണ് പ്രധാനമന്ത്രിയിൽ നിന്നും ഉണ്ടായത്. എല്ലാ കാര്യവും ചെയ്യാൻ കേന്ദ്ര പങ്കാളിത്തം ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും മന്ത്രി വിശദമാക്കി.

അതേസമയം, വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകി. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടം സമർപ്പിക്കണമെന്നാണ് കേരളത്തിന് പ്രധാനമന്ത്രി നൽകിയ നിർദ്ദേശം.

സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണിത്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. വയനാട് സന്ദർശനത്തിന് ശേഷം ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയ പ്രധാനമന്ത്രി അവിടെ നിന്നും ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്തു. മുൻ നിശ്ചയിച്ചതിനേക്കാൾ 2 മണിക്കൂറോളം അധികം ദുരന്തമേഖലയിൽ ചെലവിട്ടതിന് ശേഷമാണ് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി പോയത്.

കൽപ്പറ്റ: വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തിന് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടം സമർപ്പിക്കണമെന്നാണ് കേരളത്തിന് പ്രധാനമന്ത്രി നൽകിയ നിർദ്ദേശം.

സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണിത്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. വയനാട് സന്ദർശനത്തിന് ശേഷം ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയ പ്രധാനമന്ത്രി അവിടെ നിന്നും ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്തു. മുൻ നിശ്ചയിച്ചതിനേക്കാൾ 2 മണിക്കൂറോളം അധികം ദുരന്തമേഖലയിൽ ചെലവിട്ടതിന് ശേഷമാണ് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി പോയത്.

വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്ക് കേന്ദ്രത്തിന് കഴിയുന്ന എല്ലാ സഹായവും നൽകും. ദുരിതബാധിതർക്ക് ഒപ്പം നിൽക്കുകയാണ് ഇപ്പോൾ ഏറ്റവും പ്രധാനം. നൂറ് കണക്കിന് ആളുകളുടെ സ്വപ്നങ്ങളാണ് തകർന്നത്. ദുരന്തത്തിൽപ്പെട്ടവരുടെ ഭാവി സംരക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന് വീണ്ടും ദേശീയ പുരസ്‌കാരം. മാലിന്യ നിയന്ത്രണ, സംസ്‌കരണ രംഗത്തെ മികവിനാണ് തിരുവനന്തപുരം വിമാനത്താവളത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചത്. ഗ്രീൻടെക് ഫൗണ്ടേഷന്റെ പൊലൂഷൻ കൺട്രോൾ വേസ്റ്റ് റീസൈക്ലിങ് എക്‌സലൻസ് പുരസ്‌കാരമാണ് എയർപോർട്ടിന് ലഭിച്ചത്. ഗുവാഹത്തിയിൽ നടന്ന ചടങ്ങിൽ എയർപോർട്ട് അധികൃതർ പുരസ്‌കാരം ഏറ്റുവാങ്ങി.

വിമാനത്താവളത്തിൽ സുസ്ഥിര മാലിന്യ സംസ്‌കരണത്തിനായി അവലംബിച്ച മാലിന്യം കുറയ്ക്കൽ, പുനരുപയോഗം, പുനഃസംസ്‌ക്കരിക്കൽ, വീണ്ടെടുക്കൽ എന്നിവയിലൂടെ ലാൻഡ്ഫിൽ ഡൈവേർഷൻ നിരക്ക് 99.50% എത്തിയിട്ടുണ്ട്. 100% പ്ലാസ്റ്റിക് മാലിന്യങ്ങളും ഖരമാലിന്യങ്ങളും എയർപോർട്ടിൽ സംസ്‌കരിക്കുന്നുണ്ട്.

ഐഎസ്ഒ 14001:2015 അംഗീകാരമുള്ള മാലിന്യ സംസ്‌കരണ സംവിധാനം എയർപോർട്ടിലുണ്ട്. വേർതിരിക്കുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നതിനും റീസൈക്ലിംഗ് യാർഡിലേക്കു മാറ്റാനും പ്രത്യേക സംവിധാനങ്ങളുണ്ട്.

കൽപ്പറ്റ: വയനാട് ചൂരൽമലയിലെ ദുരന്ത മേഖല സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളാർമല സ്‌കൂൾ റോഡിലായിരുന്നു അദ്ദേഹം ആദ്യം സന്ദർശനം നടത്തിയത്. ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ജിവിഎച്ച്എസ് സ്‌കൂളും പ്രദേശത്ത് തകർന്ന വീടുകളും പ്രധാനമന്ത്രി വാഹനത്തിലിരുന്ന് അദ്ദേഹം ആദ്യം കണ്ടു. ഇതിനുശേഷം അദ്ദേഹം വെള്ളാർമല സ്‌കൂളിലെത്തി. തുടർന്ന് സ്‌കൂളിലെ കുട്ടികളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു.

വെള്ളാർമല സ്‌കൂളിലേ കുട്ടികളുടെ പഠനത്തെക്കുറിച്ചും മറ്റു വിവരങ്ങളും അദ്ദേഹം ചോദിച്ച് മനസിലാക്കി. ചീഫ് സെക്രട്ടറി ഡോ. വി വേണുവാണ് അദ്ദേഹത്തിന് കാര്യങ്ങൾ വിശദീകരിച്ച് നൽകിയത്. ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല സ്‌കൂൾ റോഡിലെ വിവിധ പ്രദേശങ്ങളിലും പ്രധാനമന്ത്രി സന്ദർശനം നടത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി വേണു തുടങ്ങിയവർ പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

സ്‌കൂൾ റോഡിൽ വെച്ച് എഡിജിപി എംആർ അജിത് കുമാർ രക്ഷാപ്രവർത്തനത്തെക്കുറിച്ചും ദുരന്തത്തെക്കുറിച്ചും വിശദീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിയും ദുരന്ത സ്ഥലത്ത് വെച്ച് പ്രധാനമന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ചു.

ചെന്നൈ: തമിഴ്നാട്ടിൽ കോളേജ് വിദ്യാർത്ഥികൾക്ക് മാസം തോറും 1000 രൂപയുടെ ഗ്രാൻഡ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സംസ്ഥാനത്ത് ഡിഗ്രി കോഴ്സുകൾക്ക് കോളേജുകളിൽ പോകുന്ന 3.28 ലക്ഷം ആൺകുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സംസ്ഥാനത്തെ കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് നേരത്തെ തന്നെ ഡിഎംകെ സർക്കാർ പ്രത്യേക സഹായ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ‘തമിൾ പുതൽവൻ’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

പദ്ധതിക്ക് വേണ്ടി ഈ വർഷം 360 കോടി രൂപ നീക്കിവെച്ചതായി പദ്ധതി ഉദ്ഘാടന ചടങ്ങിൽ സ്റ്റാലിൻ പറഞ്ഞു. കോയമ്പത്തൂരിലെ 173 വർഷം പഴക്കമുള്ള 6500 കുട്ടികൾ പഠിക്കുന്ന ആർട്‌സ് കോളേജിലാണ് ഉദ്ഘാടന പരിപാടികൾ നടന്നത്. പദ്ധതിയുടെ ആദ്യ ഗഡു വ്യാഴാഴ്ച്ച തന്നെ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലെത്തിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.’പുതുമൈ പെൺ’ പദ്ധതി ആരംഭിച്ചപ്പോൾ പുരുഷ വിദ്യാർഥികൾ ഒഴിവാക്കപ്പെട്ടതായി തോന്നിയിരുന്നു, അവരെ കൂടി ചേർത്തുനിർത്താനാണ് പുതിയ പദ്ധതിയെന്ന് സ്റ്റാലിൻ കൂട്ടിച്ചേർത്തു.

വയനാട്: പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം വലിയ പ്രതീക്ഷ നൽകുന്നുവെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ഉരുൾപൊട്ടലിന്റെ വ്യാപ്തി പ്രധാനമന്ത്രിയെ നേരിട്ട് ബോധ്യപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തമുണ്ടായ സാഹചര്യത്തെ കുറിച്ച് കൃത്യമായി പ്രധാനമന്ത്രിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തം എത്രത്തോളം വയനാടിനെ ബാധിച്ചുവെന്ന് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തും.

അദ്ദേഹത്തിന്റെ വരവിൽ വലിയ പ്രതീക്ഷയുണ്ട്. ഉരുൾപൊട്ടലിന്റെ ദൃശ്യങ്ങൾ സഹിതം കാണിച്ച് സ്ഥിതിഗതികൾ അറിയിക്കും. 2,000 കോടിയുടെ പ്രത്യേക പാക്കേജാണ് കേന്ദ്രസർക്കാരിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്. ഇത് പുനരധിവാസത്തിന് മാത്രമാണെന്നും കെ രാജൻ പറഞ്ഞു. മറ്റ് നാശനഷ്ടങ്ങൾ കണക്കാക്കി പ്രത്യേക നിവേദനം കൈമാറും. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് മാറാൻ ദുരിത ബാധിതർക്ക് 90 ദിവസം നൽകും. ദുരിത മേഖലയ്ക്കായുള്ള എല്ലാ സഹായങ്ങളും പ്രധാനമന്ത്രിയോട് ഘട്ടം ഘട്ടമായി ചോദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി സഹായം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. വയനാട് ദുരന്തമേഖല സന്ദർശിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കേരളത്തിലെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

സുരേഷ് ഗോപി, കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള നേതാക്കളും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. 3 ഹെലികോപ്റ്ററിലായിട്ടാണ് വയനാട്ടിലെ ദുരന്തബാധിത മേഖലയിലേക്ക് പ്രധാനമന്ത്രി പുറപ്പെടുക. ദുരന്തമേഖലയിൽ പ്രധാനമന്ത്രി ആകാശ നിരീക്ഷണം നടത്തും.

ചൂരൽമലയിൽ ക്യാമ്പിലുള്ളവരെയും ചികിത്സയിലുള്ളവരെയും പ്രധാനമന്ത്രി സന്ദർശിക്കും. ശേഷം കളക്ടറേറ്റിൽ അവലോകന യോഗം നടത്തുകയും ചെയ്യും.