General (Page 140)

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിലെ ദേശീയ റാങ്കിങ് സൂചിപ്പിക്കുന്ന എൻ ഐ ആർ എഫ് (National Institutional Ranking Framework) പട്ടിക പുറത്ത് വന്നപ്പോൾ കേരളത്തിലെ സർവകലാശാലകളും കലാലയങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. മികച്ച സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്സിറ്റികളുടെ ലിസ്റ്റിൽ 9 ഉം 10 ഉം 11 ഉം റാങ്കുകൾ കേരളത്തിലെ സർവകലാശാലകൾക്കാണ്. കേരള സർവകലാശാല 9-ാം റാങ്കും, കൊച്ചിൻ സർവകലാശാല 10-ാം റാങ്കും, മഹാത്മാഗാന്ധി സർവകലാശാല 11-ാം റാങ്കും കാലിക്കറ്റ് സർവകലാശാല 43-ാം റാങ്കുമാണ് കരസ്ഥമാക്കിയിട്ടുള്ളത്.

IIT കളും IIM കളും അടക്കം സർവകലാശാലകളുടേയും കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പൊതുപട്ടികയിൽ കേരള സർവകലാശാല 38-ാം റാങ്കും, കുസാറ്റ് 51 ഉം, മഹാത്മാ ഗാന്ധി സർവകലാശാല 67 ഉം റാങ്കുകൾ നേടി.

രാജ്യത്തെ സർവകലാശാലകളുടെ മാത്രമായിട്ടുള്ള റാങ്കിങ് പട്ടിക പരിശോധിക്കുമ്പോൾ കേരളത്തിലെ പ്രധാന സർവകലാശാലകളായ കേരള സർവകലാശാല 21-ാം റാങ്കും, കുസാറ്റ് 34-ാം റാങ്കും, മഹാത്മാഗാന്ധി സർവകലാശാല 37ാം റാങ്കും, കാലിക്കറ്റ് സർവകലാശാല 89-ാം കരസ്ഥമാക്കിയിട്ടുണ്ട്.

കോളേജുകളുടെ പട്ടികയിൽ ആദ്യ 100 ൽ 16 കോളേജുകളും ആദ്യ 200 ൽ 42 കോളേജുകളും ഉൾപ്പെട്ടിട്ടുണ്ട്. ആദ്യ 300 ൽ 71 കോളേജുകളാണ് കേരളത്തിൽ നിന്നും ഉൾപ്പെട്ടിട്ടുള്ളത്. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് 20-ാം റാങ്കും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് 22-ാം റാങ്കും, എറണാകുളം സെന്റ് തെരേസാസ് കോളേജ് 46-ാം റാങ്കും, സേക്രഡ് ഹാർട്ട് കോളേജ് തേവര 48-ാം റാങ്കും, ഗവ. വിമൻസ് കോളേജ് തിരുവനന്തപുരം 49-ാം റാങ്കും, എറണാകുളം മഹാരാജാസ് കോളേജ് 53-ാം റാങ്കും നേടിയിട്ടുണ്ട്.

ആദ്യ 100ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് (റാങ്ക് – 22), ഗവ. വിമൻസ് കോളേജ് (റാങ്ക് – 49), എറണാകുളം മഹാരാജാസ് കോളേജ് (റാങ്ക് -53), പാലക്കാട് വിക്ടോറിയ കോളേജ് (റാങ്ക് -84) എന്നീ 4 ഗവൺമെന്റ് കോളേജുകളും ആദ്യ 150 ൽ ഈ നാല് കോളേജുകൾക്ക് പുറമേ ബ്രണ്ണൻ കോളേജ്, ആറ്റിങ്ങൽ ഗവ കോളേജ്, കോഴിക്കോട് മീൻചന്ത ആർട്സ് & സയൻസ് കോളേജ്, കോട്ടയം ഗവ. കോളേജ് എന്നിവയും 151 മുതൽ 200 ബാന്റിൽ നെടുമങ്ങാട് ഗവ കോളേജും പട്ടാമ്പി ഗവ കോളേജും ഉൾപ്പെട്ടിട്ടുണ്ട്.

NIRF റാങ്കിങ്ങിൽ ഉൾപ്പെട്ട ആദ്യ 300 കോളേജുകളിൽ 71 എണ്ണം കേരളത്തിൽ നിന്നുള്ളവയാണ്, അതിൽ 16 എണ്ണം ഗവൺമെന്റ് കോളേജുകളാണ്.

എഞ്ചിനീയറിംഗ് കോളേജ് വിഭാഗത്തിൽ സി.ഇ.റ്റി. തിരുവനന്തപുരം 101 മുതൽ 150 വരെ ബാന്റിൽ ഇടം പിടിച്ചു. ഗവ. കോളേജ് തൃശ്ശൂർ ആദ്യ 201 മുതൽ 300 വരെയുള്ള ബാന്റിലും ഇടം നേടി.

കഴിഞ്ഞ വർഷത്തെ യൂണിവേഴ്സിറ്റി റാങ്കിങ്ങുകൾ പരിശോധിക്കുമ്പോൾ ഓവറോൾ വിഭാഗത്തിൽ കേരള യൂണിവേഴ്സിറ്റി കഴിഞ്ഞ വർഷത്തെ 47-ാം സ്ഥാനത്തു നിന്നും 38-ാം സ്ഥാനത്തേക്കും, കുസാറ്റ് 63-ാം സ്ഥാനത്തു നിന്നും 51-ാം സ്ഥാനത്തേക്കും മുന്നേറി. NUALS ലോ വിഭാഗത്തിൽ 38-ാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരളാ പോലീസ്. മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്‌തെന്നും ചോദ്യം ചെയ്യാനായി ഡൽഹിക്ക് കൊണ്ടുപോവുകയാണെന്നും വാട്‌സ്ആപ്പ് കോളിൽ പോലീസ് എന്ന് പരിചയപ്പെടുത്തി എത്തുന്ന തട്ടിപ്പുകാർ മാതാപിതാക്കളെ അറിയിക്കുന്നു. ഇതോടെ പരിഭ്രാന്തരാകുന്ന മാതാപിതാക്കൾ കുട്ടിയെ വിട്ടുകിട്ടാനുള്ള മാർഗ്ഗങ്ങൾ ആരായുന്നു. ഇതോടെ തട്ടിപ്പുകാർ അവസാനത്തെ അടവ് പുറത്തെടുക്കും. കുട്ടിയെ വിട്ടുകിട്ടാനായി യു പി ഐ ആപ്പ് മുഖേന പണം നൽകാനാണ് അവർ ആവശ്യപ്പെടുകയെന്ന് പോലീസ് വ്യക്തമാക്കി.

50,000 രൂപ മുതൽ എത്ര തുകയും അവർ ആവശ്യപ്പെടാം. പണം ഓൺലൈനിൽ കൈമാറിക്കഴിഞ്ഞുമാത്രമേ തട്ടിപ്പിനിരയായ വിവരം നിങ്ങൾക്ക് മനസ്സിലാകുകയുള്ളൂ. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ പെടാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തുക. അഥവാ ഇങ്ങനെ പണം നഷ്ടമായാൽ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ പോലീസിനെ അറിയിക്കാൻ ശ്രമിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.

തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു.

കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 30.07.2024-ന് നൽകിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാർ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്.

കോഴിക്കോട്: കോഴിക്കോട് കക്കാടംപൊയിലിൽ പി വി അൻവർ എംഎൽഎയുടെ കാട്ടരുവിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ച് നീക്കാൻ ഉത്തരവിട്ട് കളക്ടർ. ഒരു മാസത്തിനകം പൊളിച്ച് നീക്കാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി.

രണ്ട് തവണയായി നടത്തിയ തെളിവെടുപ്പിന് ശേഷമാണ് കളക്ടറുടെ ഉത്തരവ്. പ്രകൃതിദത്തമായ നീർച്ചാലുകൾക്ക് കുറുകെ നിർമ്മാണ പ്രവർത്തികൾ നടത്തി, കാട്ടരുവിയുടെ സ്വതന്ത്രമായ ഒഴുക്കിന് തടസ്സമുണ്ടാക്കി. കാലവർഷത്തിൽ ഇത് ദുരന്തത്തിന് വഴിവെക്കുമെന്ന് കാണിച്ചാണ് പൊളിച്ചു നീക്കാനുള്ള കളക്ടറുടെ ഉത്തരവ്. ഒരുമാസത്തിനകം നിർമ്മാണങ്ങൾ പൊളിച്ചുനീക്കി പൂർവ്വ സ്ഥിതിയിലാക്കണം എന്നാണ് നിർദേശം. ഉടമസ്ഥർ ചെയ്തില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി പൊളിച്ച് നീക്കണമെന്നും, അതിന്റെ ചിലവ് ഉടമസ്ഥരിൽ നിന്നും ഈടാക്കണമെന്നും ഉത്തരവിലുണ്ട്.

അരുവിയുടെ ഒഴുക്ക് തടഞ്ഞ് നിർമ്മിച്ച തടയണകൾ പൊളിച്ച് നീക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

തിരുവനന്തപുരം: കെട്ടിടനിർമ്മാണം നടക്കുന്ന പ്ലോട്ടിൽ തന്നെ ആവശ്യമായ പാർക്കിംഗ് സംവിധാനം ഒരുക്കണം എന്ന കെട്ടിടനിർമാണ ചട്ടത്തിലെ വ്യവസ്ഥയിൽ ഇളവ് വരുത്തുമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ്, പാർലമെന്ററികാര്യവകുപ്പ് മന്ത്രി എം ബി രാജേഷ്. കേരളം പോലെ ഭൂമി ലഭ്യത കുറഞ്ഞ സംസ്ഥാനത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് ഈ വ്യവസ്ഥ തടസം സൃഷ്ടിക്കുന്നുവെന്ന വർഷങ്ങളായുള്ള പരാതികളെത്തുടർന്നാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന പരിഷ്‌കരണ നടപടികൾ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് വിശദീകരിക്കുകയായിരുന്നു മന്ത്രി.

കെട്ടിടം നിർമിക്കുന്ന വ്യക്തിയുടെ പേരിലുള്ള സമീപ പ്ലോട്ടിൽ കൂടി പാർക്കിംഗ് സംവിധാനം അനുവദിക്കുന്നതിനാണ് നടപടി സ്വീകരിട്ടത്. 25 ശതമാനം പാർക്കിംഗ് എങ്കിലും നിർമ്മാണം നടക്കുന്ന പ്ലോട്ടിലും ബാക്കി 75 ശതമാനം വരെ സമീപ പ്ലോട്ടിലും പാർക്കിംഗ് ആകാം. ഭൂമി ഉടമസ്ഥന്റെ പേരിലായിരിക്കണം, നിർമാണ നടക്കുന്ന പ്ലോട്ടിന്റെ 200 മീറ്റർ ദൂരത്തിനുള്ളിലാകണം, വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോകാനും വരാനും സൗകര്യമുണ്ടായിരിക്കണം, പാർക്കിങ്ങിന് ഉപയോഗിക്കുന്ന തൊട്ടടുത്ത ഭൂമി മറ്റ് നിർമാണ പ്രവർത്തനത്തിന് ഉപയോഗിക്കില്ല, മറ്റാർക്കും കൈമാറില്ല എന്ന് ഉടമയും തദ്ദേശസ്ഥാപന സെക്രട്ടറിയും കരാറിൽ ഏർപ്പെടണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഇളവ് നടപ്പിലാക്കുന്നത്. നിർമാണ രംഗത്ത് ഈ തീരുമാനം വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്റ്റേക്ക് ഹോൾഡേഴ്‌സും നിർദേശിച്ച നൂറുകണക്കിന് പരിഷ്‌കരണ നടപടികൾ സർക്കാരിന്റെ പരിഗണനയിലാണ്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് മാത്രം 106 ചട്ടങ്ങളിലായി 351 ഭേദഗതി നിർദേശങ്ങളാണ് സർക്കാരിന്റെ മുന്നിലുള്ളത്. ബൃഹത്തായ പ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ നിശ്ചയിച്ച പരിഷ്‌കരണ നടപടികൾക്ക് ആവശ്യമായ ഉത്തരവുകൾക്കുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. നിയമഭേദഗതി ഉൾപ്പെടെയുള്ള നടപടികൾ സമീപ ദിവസങ്ങളിൽ ആരംഭിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

സ്‌കൂൾ/കോളജ് ഹോസ്റ്റൽ കെട്ടിടങ്ങൾക്ക് ഫ്‌ളോർ ഏരിയ അനുസരിച്ചുള്ള കാർ പാർക്കിംഗ് സൗകര്യം നിലവിൽ ആവശ്യമാണ്. ഈ പാർക്കിംഗ് നിബന്ധന ലഘൂകരിക്കും. നിലവിലുള്ള കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരം ഒരു പ്ലോട്ടിന്റെ അളവിൽ ഏതെങ്കിലും കാരണത്താൽ വ്യത്യാസം വന്നാൽ (ഉദാ. വിൽപ്പന, ദാനം, റോഡിന് വിട്ടുനൽകൽ, ഭൂമി അധികമായി ആർജിക്കൽ…) അനുവദിച്ച പെർമിറ്റ് റദ്ദാകുന്ന സ്ഥിതിയുണ്ട്. കെട്ടിട നിർമാണത്തിന് മറ്റ് വിധത്തിൽ ചട്ടലംഘനങ്ങൾ വരാത്തവർക്ക് ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അതിനാൽ പ്ലോട്ട് ഏരിയയിൽ കുറവോ കൂടുതലോ വന്നതിനു ശേഷവും ചട്ടലംഘനം ഇല്ലാത്ത പക്ഷം പെർമിറ്റ് നിലനിൽക്കുന്ന നിലയിൽ ചട്ടങ്ങളിൽ മാറ്റം കൊണ്ടുവരും.

നിലവിൽ കെട്ടിട നിർമാണ പെർമിറ്റുകളുടെ കാലാവധി 5 വർഷമാണ്. അടുത്ത 5 വർഷത്തേക്ക് കൂടി പെർമിറ്റ് നീട്ടുന്നതിന് നിലവിൽ വ്യവസ്ഥയുണ്ട്. പിന്നീടും പെർമിറ്റ് കാലാവധി നീട്ടേണ്ടി വരികയാണെങ്കിൽ സങ്കീർണമായ നടപടികൾ ആവശ്യമാണ്. അതിനാൽ പ്രവൃത്തിയുടെ ആവശ്യമനുസരിച്ച് പരമാവധി 5 വർഷത്തേക്ക് കൂടി (മൊത്തം 15 വർഷം) ലളിതമായ നടപടികളിലൂടെ പെർമിറ്റ് കാലാവധി നീട്ടുന്നതിന് സൗകര്യം ഒരുക്കും.

റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ഡെവലപ്മെന്റ് പെർമിറ്റ് എടുക്കാതെ സ്ഥലം ചെറിയ പ്ലോട്ടുകളായി വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്ലോട്ട് ഉടമസ്ഥർക്ക് ലഭിക്കേണ്ട പൊതുസൗകര്യങ്ങൾ ഇതുവഴി നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. ഈ പശ്ചാത്തലത്തിൽ ചെറു പ്ലോട്ടുകളുടെ ഉടമകൾക്ക് പെർമിറ്റ് നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. റിയൽ എസ്റ്റേറ്റ് ഡവലപ്പറുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ മൂലം ചെറു പ്ലോട്ടുകളുടെ ഉടമസ്ഥർക്ക് പെർമിറ്റ് കിട്ടാത്ത സാഹചര്യം ഒഴിവാക്കികൊണ്ടും, നിയമലംഘനം നടത്തിയവർക്കെതിരെ നടപടി ഉറപ്പാക്കുന്ന തരത്തിലും ചട്ടങ്ങൾ ഭേദഗതി ചെയ്യും.

നിലവിൽ കെട്ടിട നിർമാണ പെർമിറ്റ് അപേക്ഷകൾ നിരസിക്കപ്പെട്ടാൽ അപ്പീൽ നൽകേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബ്യൂണലിലാണ്. ഇത് തിരുവനന്തപുരത്ത് മാത്രമാണുള്ളത്. പൊതുജനങ്ങൾക്ക് സഹായകരമായ നിലയിൽ ജില്ലാതല ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒന്നാം അപ്പലെറ്റ് അതോറിറ്റി സംവിധാനം ഏർപ്പെടുത്തും.

ടർഫുകളെ നിലവിൽ അസംബ്ലി ഒക്കുപ്പൻസിയിലാണ് പരിഗണിക്കുന്നത്. അതായത് ഓഡിറ്റോറിയത്തിന് തുല്യമായ പാർക്കിംഗ് സംവിധാനം വേണം. ഗാലറി ഇല്ലാത്ത ടർഫുകൾക്ക് ഇത്രയും പാർക്കിംഗ് ആവശ്യമില്ല. അതിനാൽ ഇത്തരം ടർഫുകൾക്ക് പാർക്കിംഗ് കാര്യത്തിൽ ഇളവ് നൽകും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന വ്യാപാര-വാണിജ്യ-വ്യവസായ-സേവന ലൈസൻസ് ഫീസ് കണക്കാക്കുന്നതിനുള്ള സ്ലാബുകൾ പരിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ സ്ലാബുകൾ കൊണ്ടുവരും. ഇതോടെ വ്യാപാരി-വ്യവസായി മേഖലയിൽ നിന്നുള്ള സംഘടനകളുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് പരിഹാരം കാണുന്നത്. കൂടാതെ നഗരസഭകളിൽ നിന്നും വ്യാപാര ലൈസൻസ് എടുക്കാൻ വൈകിയാൽ ചുമത്തുന്ന പിഴയിൽ കുറവു വരുത്തും. നിലവിൽ യഥാർഥ ലൈസൻസ് ഫീസിന്റെ മൂന്നും നാലും ഇരട്ടിവരെ പിഴ വരുന്ന സാഹചര്യമുണ്ട്. നിയമലംഘനമില്ലാത്ത കേസുകളിൽ പരമാവധി ഇത്ര ശതമാനം എന്ന് നിശ്ചയിച്ച് ലഘൂകരിക്കും. വീടുകളോട് ചേർന്ന് പ്രവർത്തിക്കുന്ന ചെറുകിട വ്യവസായ-ഉദ്പാദക-വാണിജ്യ സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കുന്ന തരത്തിൽ ലൈസൻസ് ചട്ടങ്ങൾ ഭേദഗതി ചെയ്യും.

ഹരിതകർമ്മസേനയുടെ പ്രവർത്തനം കൂടുതൽ ജനസൗഹൃദവും കാര്യക്ഷമവുമാക്കും. വ്യാപാര സ്ഥാപനങ്ങൾക്ക് ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവിന് അനുസരിച്ചുമാത്രം യൂസർഫീസ് നിശ്ചയിച്ച് നൽകും. ചില നഗരസഭകളിൽ എല്ലാ കച്ചവട സ്ഥാപനങ്ങളിൽ നിന്നും ഒരേ ഫീസ് വാങ്ങുന്നുവെന്ന പരാതി പരിഗണിച്ചാണ് നടപടി. വാങ്ങാവുന്ന പരമാവധി ഫീസ് സർക്കാർ നിശ്ചയിച്ചുനൽകും. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ആഴ്ചയിലൊരിക്കൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഹരിതകർമ്മസേന ശേഖരിക്കുന്ന വിവിധ തരം ഖര മാലിന്യങ്ങൾക്ക് പ്രത്യേകം പ്രത്യേകം ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കും. നിശ്ചിത യൂസർഫീക്കകത്ത് പ്ലാസ്റ്റിക് മാത്രമല്ല, കലണ്ടർ പ്രകാരമുള്ള മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. സാധാരണ നിലയിലുള്ള ശേഖരണത്തിനാണ് ഇത് ബാധകമാവുക. വിവിധ തരം മാലിന്യങ്ങൾക്ക് ഈടാക്കുന്ന തുകയിലെ അന്തരം കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കലണ്ടർ പ്രകാരമല്ലാതെ, ഉപഭോക്താവിന്റെ പ്രത്യേക ആവശ്യപ്രകാരം അജൈവ മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിൽ അധിക ഫീസ് ഈടാക്കാം.

തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് സമയബന്ധിതമായി സേവനം ഉറപ്പാക്കാനും അഴിമതി പൂർണമായി തടയാനും ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ പൊതുജനങ്ങൾക്ക് തത്സമയം പരാതി നൽകുന്നതിനും പ്രശ്‌നപരിഹാരം തേടുന്നതിനുമായി കോൾ സെന്ററും വാട്സപ്പ് നമ്പറും ഏർപ്പെടുത്തും. ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സമയബന്ധിതമായ തുടർനടപടി ഉറപ്പാക്കും.

തദ്ദേശസ്വയംഭരണ വകുപ്പിന്റെ പുതുക്കിയ സേവനാവകാശ നിയമം വിജ്ഞാപനം ചെയ്തിട്ടുണ്ട്. പ്രായോഗികവും ജനോപകാരപ്രദവുമായ നിരവധി നിർദേശങ്ങൾ ഇതിലുണ്ട്. ഉദാ. വാലിഡായ ലൈസൻസ് സ്‌പോട്ടിൽ പുതുക്കുന്നതിന് ചട്ടത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ പലപ്പോഴും ഇത് നടന്നിരുന്നില്ല. പുതുക്കിയ വിജ്ഞാപനത്തിൽ അന്നേ ദിവസം തന്നെ ലൈസൻസ് പുതുക്കി നൽകണമെന്ന വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്. ചെയ്തുകൊടുത്തില്ലെങ്കിൽ അപ്പീൽ നൽകാനും ശിക്ഷ നൽകാനുമുള്ള വ്യവസ്ഥയുമുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ മഹാഭൂരിപക്ഷവും ഓൺലൈനിലാണെങ്കിലും അപേക്ഷ നൽകുന്നവരെ നേരിട്ട് വിളിച്ചുവരുത്തുന്ന സ്ഥിതി പലയിടത്തുമുണ്ട്. ഓൺലൈൻ സേവനങ്ങൾക്ക് അപേക്ഷിച്ചവരെ കൃത്യമായ കാരണമില്ലാതെ വിളിച്ചുവരുത്തിയാൽ ശക്തമായ നടപടി സ്വീകരിക്കും. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകളിൽ സേവനം ഓൺലൈനിൽ തന്നെ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കും. ഓരോ അപേക്ഷയും സമർപ്പിക്കുന്ന സമയത്തുതന്നെ ആവശ്യമായ രേഖകളുടെ ചെക്ക് ലിസ്റ്റ് കൈമാറുകയും രേഖകളെല്ലാമുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ഓൺലൈനിലും ഓഫ്ലൈനിലും ഈ സൗകര്യം ഉറപ്പാക്കും. പുതിയ സേവനാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ ചെക്ക് ലിസ്റ്റ് കാലികമായി പുതുക്കും. പൂർണമായ അപേക്ഷകളിൽ സേവനാവകാശ നിയമപ്രകാരം പരിഹാരം/സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന തീയതി കൈപ്പറ്റ് റസീതിനൊപ്പം അപേക്ഷകന് നൽകും. പുതിയ രേഖകൾ ആവശ്യമായി വന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അപേക്ഷകനോട് രേഖാമൂലം കാരണം വിശദീകരിച്ച് ആവശ്യപ്പെടണം. വാക്കാൽ ആവശ്യപ്പെടാനാവില്ല.

പൊതുജനങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് സേവനം കൃത്യമായി ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ നിലവിലുള്ള 66 ഇന്റേണൽ വിജിലൻസ് ഓഫീസർമാർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതല വീതിച്ചുനൽകുമെന്ന് മന്ത്രി പറഞ്ഞു. കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും റീജിയണൽ പെർഫോമൻസ് ഓഡിറ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘവും, മുൻസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും ഇന്റേണൽ വിജിലൻസ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ചുമതല നിർവഹിക്കുക. കെ സ്മാർട്ട്, ഐ എൽ ജി എം എസ് സംവിധാനങ്ങൾ വഴി ഇവർക്ക് ഫയൽ നീക്കവും ഓരോ ഉദ്യോഗസ്ഥനും കൃത്യസമയത്ത് സേവനം നൽകുന്നുണ്ടോ എന്ന കാര്യവും നിരീക്ഷിക്കാനാവും. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ ആഴ്ചയും ഇവർ പ്രിൻസിപ്പൽ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. എല്ലാ രണ്ട് ആഴ്ചയിലും മന്ത്രിതലത്തിൽ ഈ വിവരങ്ങൾ പരിശോധിക്കും.

സേവനം ലഭ്യമാക്കേണ്ട സമയപരിധി, ഓരോ സീറ്റിലും ഫയൽ കൈവശം വക്കാവുന്ന പരമാവധി ദിവസങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള സേവന ബോർഡ്, ഹാജർ ബോർഡ്, അദാലത്ത് സമിതി/സേവനാവകാശ നിയമ പ്രകാരമുള്ള അപ്പീൽ അധികാരികൾ ഉൾപ്പെടെയുള്ളവയുടെ വിവരങ്ങൾ, പരാതിപ്പെടാനുള്ള നമ്പർ എന്നിവ കൃത്യതയോടെ തദ്ദേശസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തീർപ്പാക്കാനാവാത്ത പരാതികൾ സ്ഥിരം അദാലത്ത് സമിതികൾക്ക് കൈമാറി തുടർനടപടി ഉറപ്പാക്കും.

ടേക്ക് എ ബ്രേക്കുകളുടെ നടത്തിപ്പ് കുറ്റമറ്റരീതിയിൽ ആക്കുന്നതിനും വൃത്തിയുള്ള ശുചിമുറികൾ ഉറപ്പുവരുത്തുന്നതിനുള്ള പുതുക്കിയ നടപടിക്രമം പുറപ്പെടുവിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വൻകിട പ്രവൃത്തികളുടെ ഡിസൈൻ നിലവിൽ തയ്യാറാക്കുന്നത് എഞ്ചിനിയറിംഗ് കോളേജുകൾ മുഖേനയാണ്. ഇതിനായി വലിയ ഫീസ് നൽകേണ്ടിവരുന്നത് പല തദ്ദേശ സ്ഥാപനങ്ങളും പരാതികളായി ഉന്നയിച്ചിട്ടുണ്ട്. ഇത് പരിഗണിച്ച് തദ്ദേശസ്വയംഭരണ വകുപ്പിൽ നിലവിൽ ജോലി ചെയ്യുന്ന യോഗ്യതയുള്ള എഞ്ചിനീയർമാരെ ഉപയോഗപ്പെടുത്തി പ്രത്യേക ഡിസൈൻ വിംഗ് രൂപീകരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ക്വാളിറ്റി മോണിറ്ററിംഗ് ലാബുകൾ സ്ഥാപിക്കും.

തദ്ദേശസ്വയംഭരണ വകുപ്പിലെ ഓവർസിയർമാരുടെ നിയമനം നിലവിൽ സംസ്ഥാനടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നാണ് നടത്തുന്നത്. ഇതുമൂലം ചില ജില്ലകളിൽ ഓവർസിയർമാരുടെ ഒഴിവുകൾ സ്ഥിരമായി ഉണ്ടാകുന്നു. ഇത് പരിഹരിക്കുന്നതിനായി ഓവർസിയർമാരുടെ നിയമനം ജില്ലാ അടിസ്ഥാനത്തിൽ നടത്തുന്നതിന് നടപടി സ്വീകരിക്കും. പെർഫോമൻസ് ഓഡിറ്റ് സംവിധാനം അവസാനിപ്പിച്ചതിനാൽ പ്രസ്തുത വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ജൂനിയർ സൂപ്രണ്ട് തസ്തികയിലുള്ളവരെ ഇപ്പോൾ തന്നെ അസിസ്റ്റന്റ് സെക്രട്ടറി തസ്തിക ഇല്ലാതിരുന്ന ഗ്രാമപഞ്ചായത്തുകളിലേക്ക് പുനർവിന്യസിപ്പിച്ചിട്ടുണ്ട്. സീനിയർ ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ് തസ്തികയിലുള്ളവരെ പുനർവിന്യസിക്കുന്ന നടപടി നടന്നുവരുകയാണ്. കൂടാതെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുമുള്ള അധിക ജീവനക്കാരെയും തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുനർവിന്യസിക്കും. ജീവനക്കാർക്കുള്ള പരിശീലനം സമയബന്ധിതമായും കാര്യക്ഷമമായും നടത്തും. കില കൂടാതെ ഐ എം ജി യുടെ സഹായം കൂടി തേടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഓൺലൈൻ വഴി പ്രചരിക്കുന്ന വ്യാജവാർത്തകൾ തിരിച്ചറിയാനും ‘ഫാക്ട് ചെക്കിങ്ങിന്’ കുട്ടികളെ പര്യാപ്തമാക്കാനും ലക്ഷ്യമിടുന്ന ഉള്ളടക്കം കേരളത്തിലെ 5, 7 ക്ലാസുകളിലെ പുതിയ ഐ.സി.ടി. പാഠപുസ്തകങ്ങളുടെ ഭാഗമായി.

നേരത്തെ 2022-ൽ ‘സത്യമേവ ജയതേ’ പദ്ധതിയുടെ ഭാഗമായി അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിലെ 19.72 ലക്ഷം കുട്ടികൾക്ക് വ്യാജവാർത്തകൾ പ്രതിരോധിക്കാനുള്ള പ്രത്യേക ഡിജിറ്റൽ സാക്ഷരതാ പരിശീലനം കൈറ്റിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. 5920 പരിശീലകരുടെ സഹായത്തോടെയാണ് 9.48 ലക്ഷം യു.പി. തലത്തിലെ കുട്ടികൾക്കും 10.24 ലക്ഷം ഹൈസ്‌ക്കൂൾ കുട്ടികൾക്കും രാജ്യത്താദ്യമായി പരിശീലനം നൽകിയത്. ഇന്റർനെറ്റ് നിത്യ ജീവിതത്തിൽ, സോഷ്യൽ മീഡിയയ്ക്ക് നമ്മെ വേണം, സോഷ്യൽ മീഡിയയിലെ ശരിയും തെറ്റും, വ്യാജവാർത്തകളുടെ വ്യാപനം എങ്ങനെ തടയാം എന്നിങ്ങനെ നാല് മേഖലകളിലായാണ് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരിശീലനം കൈറ്റ് കുട്ടികൾക്ക് ‘സത്യമേവ ജയതേ’യുടെ ഭാഗമായി നൽകിയത്. ഡിജിറ്റൽ മാധ്യമങ്ങൾ വഴി പങ്കുവെയ്ക്കുന്ന സത്യവിരുദ്ധമായ വിവരങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന തെറ്റായ സ്വാധീനവും വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കലും വിവിധ ‘കേസ് സ്റ്റഡികളിലൂടെ’ പരിശീലനത്തിന്റെ ഭാഗമാക്കിയിരുന്നു.

അടുത്ത വർഷം 6, 8, 9, 10 ക്ലാസുകളിലെ ഐ.സി.ടി. പാഠപുസ്തകങ്ങൾ മാറുമ്പോൾ ഈ രംഗത്തെ ഏറ്റവും പുതിയ വിവരങ്ങൾ കൂടി അതിലുൾപ്പെടുത്തും.

വ്യാജവാർത്തകൾ തിരിച്ചറിയാനും ആധികാരികത ഉറപ്പാക്കാനും മാത്രമല്ല സ്‌ക്രീൻ സമയം നിയന്ത്രിക്കാനും അഞ്ചാം ക്ലാസിലെ ‘ഇന്റർനെറ്റിൽ തിരയുമ്പോൾ’ എന്ന അദ്ധ്യായത്തിലുണ്ട്. ഏഴാം ക്ലാസിലെ ‘തിരയാം, കണ്ടെത്താം’ എന്ന അദ്ധ്യായത്തിലും ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതും കുറ്റകരമാണെന്നതും വിശദീകരിക്കുന്നുണ്ട്. ലഭിക്കുന്ന വിവരങ്ങൾ മറ്റുള്ളവർക്ക് പങ്കുവെയ്ക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇത്തരം വിവരങ്ങൾ നൽകുന്നവരെ അവയുടെ ഭവിഷ്യത്ത് ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കേണ്ടതിനെക്കുറിച്ചും ഉള്ളടക്കങ്ങളുടെ പകർപ്പവകാശത്തെക്കുറിച്ചും പാഠപുസ്തകത്തിലുണ്ട്. ഏഴാം ക്ലാസിലെ പുതിയ ഐ.സി.ടി പാഠപുസ്തകത്തിലാണ് രാജ്യത്താദ്യമായി 4 ലക്ഷം കുട്ടികൾക്ക് എ.ഐ പഠനത്തിന് അവസരം നൽകിയിട്ടുള്ളത്.

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച സുരക്ഷാ വിഷയത്തിൽ സർക്കാർ ജനങ്ങൾക്കൊപ്പമാണെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കലക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നതാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടാണ്. ഇത് സംബന്ധിച്ച് തമിഴ്‌നാടും കേരളവും തമ്മിൽ കേസ് നിലവിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പരമോന്നത നീതിപീഠത്തിന്റെ ശുഭകരമായ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം തന്നെ ഇക്കാര്യം കോടതിക്ക് പുറത്ത് ചർച്ച ചെയ്ത് പരിഹരിക്കാനാവുമോ എന്നതും പരിശോധിക്കും. ഡാം മാനേജ്‌മെന്റ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കണം. ഇതിനായി ഉദ്യോഗസ്ഥതല ഏകോപനം കൂടുതൽ ശക്തിപ്പെടുത്തും . സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകും. അനാവശ്യ ഭീതിപരത്തുന്ന വ്‌ലോഗർമാരെ നിയന്ത്രിക്കും. ആശങ്കപ്പെടണ്ട ഒരു കാര്യവും നിലവിലില്ലെന്നും മന്ത്രി വ്യക്തമാക്കി.

സുരക്ഷാ മുൻകരുതൽ സംബന്ധിച്ച മുന്നൊരുക്ക പദ്ധതി തയ്യാറാക്കാനും ഉദ്യോഗസ്ഥർക്ക് ചുമതലകൾ നൽകാനും ജില്ലാ കളക്ടറെ യോഗം ചുമതലപ്പെടുത്തി. പഞ്ചായത്ത്തല ജാഗ്രത സമിതികൾ ഉടൻ വിളിച്ചു ചേർക്കും. വണ്ടിപ്പെരിയാറിൽ വാഴൂർ സോമൻ എം എൽ എ യുടെ അധ്യക്ഷതയിലാകും യോഗം ചേരുക . ഡാം സേഫ്റ്റി സമിതി യോഗങ്ങൾ കൃത്യസമയത്ത് ചേർന്ന് വിവരങ്ങൾ വിശകലനം ചെയ്യുന്നതിനും യോഗം തീരുമാനിച്ചു.

ഡീൻ കുര്യാക്കോസ് എം പി, എം എൽ എ മാരായ വാഴൂർ സോമൻ, എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ബിനു, ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി, എ ഡി എം ബി ജ്യോതി ,മറ്റ് ജില്ലാതല വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കേന്ദ്ര സഹായം ഉറപ്പാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പുനരധിവാസമല്ല, നവ അധിവാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. അവർ ആഗ്രഹിക്കുന്ന പോലെ അപകട രഹിതമായൊരു ജീവിതം എങ്ങനെയാണ് സമ്മാനിക്കാൻ കഴിയുക എന്നാണ് കേന്ദ്രം ആലോചിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

പുനരധിവാസം മാത്രമല്ല അവരുടെ ഉപജീവനത്തിന് വേണ്ടി അടക്കമുള്ള കാര്യങ്ങളിൽ ആവശ്യമായ കാര്യങ്ങൾ ചെയ്യും. വയനാട്ടിലെ ദുരന്തബാധിതർക്കായി വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയിട്ടുണ്ട്. കുടിവെള്ളം, താമസം, ആരോഗ്യം തുടങ്ങി 7 ഫോക്കസ് മേഖലയാണ് വയനാടിനാണ് താൻ മുന്നോട്ട് വെച്ചിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

വയനാടിനായി പൂർണ മെഡിക്കൽ കോളേജ് സജ്ജമാക്കും. ദുരന്തബാധിതർക്ക് കുടിവെള്ളം മുതൽ തെഴിൽ വരെയുള്ള കാര്യങ്ങൾ ഉറപ്പാക്കും. അനധികൃത കുടയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രവർത്തനങ്ങൾ കാലോചിതമായി പരിഷ്‌കരിക്കുന്നു. കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഉൾപ്പെടെ സമഗ്ര ഭേദഗതി പ്രഖ്യാപിച്ചിരിക്കുകയാണ്. മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. സമയബന്ധിത സേവനം ഉറപ്പാക്കാനും അഴിമതി തടയാനും സംവിധാനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ പൊതുജനങ്ങൾക്ക് തൽസമയം പരാതി അറിയിക്കാൻ കോൾ സെന്ററും വാട്‌സ് ആപ്പ് നമ്പരും ഏർപ്പെടുത്തും. കിട്ടുന്ന പരാതികളിൽ ഉടനടി തീരുമാനം ഉണ്ടാകും. ഓൺലൈൻ അപേക്ഷ കൊടുത്താലും ചില ഉദ്യോഗസ്ഥർ ആളുകളെ നേരിട്ട് വിളിച്ച് വരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഓൺലൈൻ അപേക്ഷയ്ക്ക് ഓൺലൈൻ പരിഹാരം തന്നെ ഉറപ്പാക്കും. അപേക്ഷകരെ ഓഫീസുകളിൽ അനാവശ്യമായി കയറ്റി ഇറക്കിയാൽ കർശന നടപടിയുണ്ടാകും. ആവശ്യമായ രേഖകളുടെ ചെക് ലിസ്റ്റ് ഓൺലൈനായാലും അല്ലെങ്കിലും ആദ്യമേ അപേക്ഷകന് നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

പുതിയ രേഖകൾ ആവശ്യമെങ്കിൾ അധിക രേഖക്കുള്ള കാരണം ഉദ്യോഗസ്ഥൻ രേഖാമൂലം തന്നെ അപേക്ഷകനെ അറിയിക്കണം. ആഭ്യന്തര വിജിലൻസ് ഉദ്യോഗസ്ഥർക്ക് ചുമതല വിഭജിച്ച് നൽകും. സേവനത്തിനുള്ള സമയപരിധി, എത്ര ദിവസം കൊണ്ട് ഫയൽ തീർപ്പാക്കണം എന്നിവ പരാതി പരിഹാര നമ്പർ സഹിതം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കണം. ഈ വിവരങ്ങൾ എല്ലാം ഉൾപ്പെടുത്തി തദ്ദേശ സ്ഥാപനങ്ങളിൽ ബോർഡുകൾ സ്ഥാപിക്കും. സ്ഥിരം അദാലത്ത് സമിതികൾ കൂടുതൽ ജനകീയമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൽപ്പറ്റ: വയനാട് ദുരന്തത്തിൽ കാണാതായവരുടെയും മരിച്ചവരുടെയും ഡിഎൻഎ ടെസ്റ്റുമായി ബന്ധപ്പെട്ട ഫലങ്ങൾ ഇന്നലെ മുതൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. പൂർണ്ണമായി ഫലം രണ്ട് ദിവസത്തിനുള്ളിൽ ലഭ്യമാകും. ഇതോടെ കൂടുതൽ പേരെ തിരിച്ചറിയാനാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.

വയനാട് ദുരന്തത്തിലെ ദുരിതബാധിതർക്കുള്ള പുനരധിവാസത്തിൽ സർക്കാരിന് കൃത്യമായ ധാരണയുണ്ട്. അക്കാര്യത്തിൽ യാതൊരു വിധത്തിലുള്ള ആശങ്ക വേണ്ട. ഒന്നാമത്തെ ഘട്ടം സ്‌കൂളിലേക്ക് മാറ്റുക എന്നുള്ളതാണ്. ഇവരിൽ ബന്ധുവീടുകളിലേക്കും മാറുന്നവരെയും മാറിയവരെയും ഒഴിവാക്കിയാൽ ബാക്കിയുള്ളവരെ താത്ക്കാലികമായി ലഭ്യമായ വാടകവീടുകളിലും സർക്കാർ ക്വാർട്ടേഴ്‌സുകളിലും കൃത്യമായ ഉപകരണങ്ങളോടെ തന്നെ പുനരധിവസിപ്പിക്കാൻ തന്നെയാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു.

65 ക്വാർട്ടേഴ്‌സുകൾ ഇപ്പോൾ റെഡിയാണ്. 34 എണ്ണം തയ്യാറാക്കുന്നുണ്ട്. പുനരധിവസിപ്പിക്കേണ്ട ആളുകളെക്കുറിച്ചുള്ള കണക്കുകൾ ഇപ്പോൾ തയ്യാറാക്കുന്നുണ്ട്. ലഭ്യമായ സ്ഥലങ്ങളിലേക്കായിരിക്കും ആദ്യം ആളുകളെ മാറ്റുക. അവരിൽ തന്നെ വിദ്യാർത്ഥികളുടെ വിദ്യാഭാസത്തിനും മുൻഗണന നൽകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.