General (Page 133)

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സർക്കാർ അനുവദിച്ച അടിയന്തര ധനസഹായമായ 10,000 രൂപയിൽ നിന്നും വായ്പ തിരിച്ചടവ് ഈടാക്കിയ കേരള ഗ്രാമീൺ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

ജില്ലാ കളക്ടറും കേരള ഗ്രാമീൺ ബാങ്ക് ചൂരൽമല ബ്രാഞ്ച് മാനേജരും ഇക്കാര്യം പരിശോധിച്ച് ഒരാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിങ്ങിൽ കേസ് പരിഗണിക്കും

ബാങ്കിന്റെ ചൂരൽമല ശാഖയിൽ നിന്നും വായ്പയെടുത്തവരിൽ നിന്നാണ് പ്രതിമാസ തിരിച്ചടവ് ഈടാക്കിയതെന്നാണ് പരാതി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 10 പേരാണ് ബാങ്കിനെതിരെ രംഗത്തെത്തിയത്. സർക്കാർ ധനസഹായം ബാങ്കിലെത്തിയതിന് പിന്നാലെയാണ് വായ്പ തിരിച്ചു പിടിച്ചത്. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ മലയാള സിനിമാ രംഗത്ത് നടമാടുന്ന ഒട്ടേറെ തെറ്റായ പ്രവണതകൾ സംബന്ധിച്ചിട്ടുള്ള കാര്യങ്ങൾ പുറത്തുവന്നതായി കേരള വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി. സിനിമാ മേഖലതന്നെ ക്രിമിനലുകൾ കൈയടക്കിയിരിക്കുന്നുവെന്നും പുരാഷാധിപത്യപരമായ പ്രവണതകളാണുള്ളതെന്നും സ്ത്രീകൾക്ക് കേവലമായ രണ്ടാംപൗരത്വം മാത്രം ലഭ്യമാകുന്ന സാഹചര്യമാണുള്ളതെന്നും ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഹേമാ കമ്മിഷൻ കണ്ടെത്തിയ ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരത്തിനു നിർദ്ദേശിച്ച മാർഗങ്ങളും ഈ റിപ്പോർട്ടിലുണ്ട്. അതിനാൽ അവ വിശദമായി പരിശോധിച്ച് സിനിമാ മേഖലയിൽ അടിമുടി മാറ്റങ്ങൾ ഉണ്ടാക്കാൻ, സ്ത്രീകൾക്ക് അന്തസോടെയും ആത്മാഭിമാനത്തോടെയും സ്വന്തം തൊഴിലിടത്തിൽ ജോലി ചെയ്യാൻ ഉതകുന്ന സാഹചര്യങ്ങൾ ഉറപ്പുവരുത്താനുള്ള നടപടി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് സതീദേവി അറിയിച്ചു.

സ്ത്രീകൾക്ക് അവരുടെ ശുചിമുറികൾ ഉപയോഗിക്കാൻ പലപ്പോഴും കഴിയുന്നില്ല, വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങളില്ല, ഷൂട്ടിംഗ് മേഖലയിൽ ഏറെ അരക്ഷിതമായ അന്തരീക്ഷം നിലനിൽക്കുന്നു, യാത്രാ വേളകൾ സുരക്ഷിതമല്ല… ഇത്തരം കാര്യങ്ങൾ വ്യക്തമായ സ്ഥിതിക്ക് അവരുടെ സുരക്ഷ സിനിമാ മേഖലയിൽ എങ്ങനെ ഉറപ്പാക്കാനാകുമെന്ന് പരിശോധിച്ച്, അവ നടപ്പാക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ വ്യക്തമാക്കി.

സേവന വേതന വ്യവസ്ഥകളിലുള്ള അന്തരം സംബന്ധിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. റെമ്യൂണറേഷൻ ആക്ട് നിലവിൽ വന്നിട്ടു വർഷങ്ങൾ പിന്നിട്ട സാഹചര്യത്തിൽ സിനിമാമേഖലയിൽ ജോലിചെയ്യുന്ന സ്ത്രീയുടെ അധ്വാനത്തിന്, അവളുടെ പ്രതിഭയ്ക്ക് പുരുഷന്റെ അധ്വാനത്തിന് കിട്ടുന്ന അത്രയും വില കൽപിക്കുന്നില്ലെന്നത് നിയമ വിരുദ്ധ സമീപനമാണ്. അതുകൊണ്ട് ഈക്വൽ റെമ്യൂണറേഷൻ ആക്ട് ഉൾപ്പെടെ സ്ത്രീകൾക്ക് തൊഴിലിടത്തിൽ ലഭ്യമാകേണ്ട എല്ലാ അവകാശങ്ങളും ഉറപ്പാക്കാൻ നടപടി വേണം. പുരുഷധിപത്യത്തിന് അന്ത്യം കുറിക്കാനും ലിംഗസമത്വത്തിന്റെ അന്തരീക്ഷം ഒരുക്കിയെടുക്കാനും സിനിമാ മേഖലയിൽ സാധിക്കണം. 2013 ലെ പോഷ് ആക്ട് അനുസരിച്ചുളള പരാതി പരിഹാര സംവിധാനങ്ങൾ എല്ലാ ഷൂട്ടിംഗ് മേഖലയിലും ഉറപ്പുവരുത്തണമെന്ന് സതീദേവി ആവശ്യപ്പെട്ടു.

ഹേമാ കമ്മിഷൻ നിർദേശങ്ങൾ പ്രാവർത്തികമാക്കാനായി അടിയന്തര ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റേത് മേഖലയെക്കാളും കൊടിയ ചൂഷണമാണ് സിനിമാ മേഖലയിൽ നിലനിൽക്കന്നത്. ആ കൊടിയ ചൂഷണം തികച്ചും സ്ത്രീവിരുദ്ധത കാട്ടുന്ന ഇടമായി സിനിമ എന്ന വ്യവസായ മമഖല മാറ്റുന്നു. ഇത് സിനിമാ വ്യവസായ മേഖലയുടെ ഉന്നമനത്തിന് വലിയ തടസമുണ്ടാക്കും. സ്ത്രീ വിരുദ്ധ പ്രവണതകൾ സിനിമാ മേഖലയിൽ നിന്നും മാറ്റിയെടുക്കുന്നതിന് ഉതകുന്ന രൂപത്തിലുളള നടപടികൾ സർക്കാർ സ്വീകരിക്കണം. ഹേമാ കമ്മിഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പോഷ് ആക്ട് പ്രകാരമുള്ള പരാതി പരിഹാര കമ്മിറ്റികൾ ഷൂട്ടിംഗ് സെറ്റുകളിൽ ഉറപ്പുവരുത്തണമെന്ന് സർക്കാരിനോട് കേരള വനിതാ കമ്മിഷൻ ശുപാർശ ചെയ്യുമെന്നും പി സതീദേവി കൂട്ടിച്ചേർത്തു.

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പുറത്തുവിട്ട ഭാഗം ഞെട്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിനിമ മേഖലയിൽ ലൈംഗിക ചൂക്ഷണവും ക്രിമിനൽവൽക്കരണവും അരാജകത്വവും നടക്കുന്നു എന്നത് ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.

ചൂഷണം വ്യാപകമാണ് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നാലരവർഷം റിപ്പോർട്ട് പുറത്ത് വിടാതെ സർക്കാർ എന്തിന് അടയിരുന്നു. ഇത്ര വലിയ സ്ത്രീ വിരുദ്ധത നടന്നിട്ട് ആരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തെറ്റ് ചെയ്തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരേണ്ടത് സർക്കാരിന്റെ ചുമതലയാണ്. നാലരവർഷം റിപ്പോർട്ട് പുറത്ത് വിടാതെ സർക്കാർ ചെയ്തത് ഗുരുതരമായ കുറ്റമാണ്. സർക്കാർ നടപടി കേരളത്തിന് അപമാനകരമായ കാര്യമാണ്. ക്രിമിനൽ കുറ്റം അറിഞ്ഞിട്ടും നടപടി എടുക്കാത്തത് ക്രിമിനൽ കുറ്റം തന്നെയാണ്. മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും ചെയ്തത് ക്രിമിനൽ കുറ്റമാണ്. ഇഷ്ടക്കാരെ സംരക്ഷിക്കാൻ ആണോ റിപ്പോർട്ട് മൂടി വെച്ചതെന്നും വി ഡി സതീശൻ ആരോപിച്ചു.

തൃശൂർ: തൃശൂർ ഒല്ലൂർ സ്വദേശിനിയായ യുവതിയിൽ നിന്ന് നിക്ഷേപത്തട്ടിപ്പിലൂടെ 57 ലക്ഷം രൂപ ഓൺലൈൻ വഴി കൈക്കലാക്കിയ കേസിലെ പ്രതികൾ പിടിയിൽ. വാട്ട്‌സ് ആപ്പിലൂടെ ‘ഗോൾഡ്മാൻ സാച്ച്സ്’ എന്ന കമ്പനിയെ പരിചയപ്പെടുത്തി നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. ‘ഗോൾഡ് മാൻ സാച്ച്സ്’ കമ്പനിയിൽ ഉന്നതജോലി ഉള്ളവരാണെന്നും ട്രേഡിംഗ് ടിപ്പ്‌സ് തരാമെന്നും പറഞ്ഞാണ് യുവതിയുമായി തട്ടിപ്പ് സംഘം വാട്ട്‌സ് ആപ്പിലൂടെ പരിചയപ്പെട്ടത്.

പല ഘട്ടങ്ങളിലായി അരക്കോടിയോളം രൂപ നിക്ഷേപിച്ച യുവതിക്ക് കൂടുതൽ വിശ്വാസം തോന്നിപ്പിക്കുന്നതിനായി ഒരു തുക ലാഭവിഹിതമെന്ന പേരിൽ കമ്പനി അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. അങ്ങനെ 57,09,620 രൂപയാണ് യുവതി നിക്ഷേപിച്ചത്.

ചതി മനസിലാക്കിയ യുവതി തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാലു പ്രതികളേയും പിടികൂടിയത്. മലപ്പുറം എടരിക്കോട് സ്വദേശി അബ്ദുറഹ്മാൻ (25), എടക്കോട് സ്വദേശി സാദിഖ് അലി (32), കുറ്റിപ്പുറം സ്വദേശി ജിത്തു കൃഷ്ണൻ (24), കാട്ടിപ്പറത്തി സ്വദേശി രോഷൻ റഷീദ് (26) എന്നിവരാണ് പിടിയിലായത്. തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.

തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ, ഡി സി ആർ ബി എ സി പി മനോജ് എന്നിവരുടെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ സുധീഷ് കുമാർ, സബ് ഇൻസ്പെക്ടർമാരായ കെ ശ്രീഹരി, കെ ജയൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ വിനു പി കുര്യാക്കോസ്, എ ശുഭ, സിവിൽ പൊലീസ് ഓഫീസർമാരായ വി ബി അനൂപ്, അഖിൽ കൃഷ്ണ, ചന്ദ്രപ്രകാശ്, ഒ.ആർ അഖിൽ, കെ അനീഷ്, വിനോദ് ശങ്കർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഒരു വിട്ടുവീഴ്ചയും സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ കാര്യത്തിൽ കൃത്യമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയത് സർക്കാരിന്റെ തലയിൽ കെട്ടിവെയ്ക്കണ്ട. സിനിമ മേഖലയിൽ വലിയ ഇടപെടലാണ് സർക്കാർ നടത്തിയിട്ടുള്ളത്. സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാനാണ് സർക്കാർ കമ്മിറ്റിയെ നിയോഗിച്ചത്. പരാതിയുള്ളവർക്ക് നൽകാവുന്നതാണ്. എല്ലാ മേഖലയിലും പ്രബല വിഭാഗമുണ്ട്. അവർക്കെതിരെ നിർഭയമായി പരാതി നൽകാം. നടപടി ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

താൻ മന്ത്രിയായി മൂന്നര വർഷത്തിനിടയ്ക്ക് ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ല. ഡബ്ല്യുസിസി (വിമൻ ഇൻ സിനിമാ കളക്ടീവ്) പോലെയുള്ള സംഘടനകൾ ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് മാസത്തിനകം സിനിമ കോൺക്ലേവ് സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സിനിമ, സീരിയൽ മേഖലയിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും കോൺക്ലേവിൽ വിശദമായി ചർച്ച ചെയ്യും. സിനിമയിലെ എല്ലാ മേഖലയിലെ പ്രതിനിധികളെയും കോൺക്ലേവിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

loan

തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഇന്ന് ചേർന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

എല്ലാവരും മരിച്ച കുടുംബങ്ങളുടെ കണക്ക് അതാത് ബാങ്കുകളിൽ നിന്ന് എടുക്കും. വായ്പ എഴുതി തള്ളുന്നതിൽ അതാത് ബാങ്കുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. എല്ലാവരും മരിച്ച കുടുംബങ്ങൾ, കുടുംബനാഥൻ മരിച്ച കുടുംബങ്ങൾ എന്നിവരുടെ വായ്പ എഴുതിത്തള്ളണമെന്ന ശുപാർശയാണ് നൽകുക.

വായ്പ പൂർണമായും എഴുതിത്തള്ളണമെന്ന തീരുമാനമെടുക്കാൻ സമിതിക്ക് അധികാരമില്ല. കൃഷിയിടവും കൃഷിയും നശിച്ചവരുടെ വായ്പ എഴുതി തള്ളാൻ ബാങ്കുകളോട് നിർദ്ദേശിച്ചു. കാർഷിക വായ്പകൾക്ക് അഞ്ച് വർഷത്തെ സാവകാശം അനുവദിക്കും. ആദ്യ ഒരു വർഷം മൊറോട്ടോറിയം ഉണ്ടാകും. അത് ചെറുകിട സംരംഭകർക്ക് കൂടി ബാധകമാക്കാനും ബാങ്കേഴ്‌സ് സമിതി ശുപാർശ നൽകും.

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച എട്ട് പേർക്ക് സാംസ്‌കാരിക വകുപ്പ് റിപ്പോർട്ടിന്റെ പകർപ്പ് കൈമാറി. അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകൾക്കെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

സിനിമാ മേഖലയിൽ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേർ മൊഴി നൽകിയിട്ടുണ്ട്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ട്. ഏജന്റുമാരും മേഖലയിൽ ലൈംഗിക ചൂഷണത്തിനടക്കം പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമ്മാതാക്കളും സംവിധായകരും നിർബന്ധിക്കുന്നു. സഹകരിക്കാൻ തയ്യാറാകാത്തവർക്ക് അവസരം നിഷേധിച്ച് ഒഴിവാക്കുന്ന രീതിയാണ് മലയാള സിനിമാ രംഗത്തുള്ളതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ലൈംഗിക ചൂഷണത്തിനെതിരെ പരാതിപ്പെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും ചിലർ മൊഴി നൽകിയിട്ടുണ്ട്.

വഴിമാറിപ്പോവുക, നിലനിൽക്കണമെങ്കിൽ ചൂഷണത്തിന് വിധേയരാവുകയെന്ന നിലയാണ്. വെളിപ്പെടുത്തലുകൾ കേട്ട് ഞെട്ടിയെന്നാണ് ഹേമ കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്.

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് നടി രഞ്ജിനിക്ക് വീണ്ടും തിരിച്ചടി. ഡിവിഷൻ ബെഞ്ച് കേസ് തള്ളിയതിന് പിന്നാലെ സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹർജി ഫയൽ ചെയ്യാൻ നിർദ്ദേശം നൽകിയ കോടതി, സ്റ്റേ ഉത്തരവ് നൽകാനാവില്ലെന്ന് അറിയിക്കുകയായിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച അപ്പീൽ ഹർജിയും ഡിവിഷൻ ബെഞ്ചിന്റെ മുന്നിലേക്ക് എത്തിയില്ല. ഡിവിഷൻ ബെഞ്ച് സിറ്റിംഗ് ഇല്ലാത്തിനാലാണ് അപ്പീൽ ഹർജി എത്താതിരുന്നത്.

പാലക്കാട്: കേരളത്തിൽ ആണവനിലയം സ്ഥാപിക്കുന്നതിൽ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ തീരുമാനമുണ്ടാകൂവെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. പൊതുജനങ്ങളുടേയും മാധ്യമങ്ങളുടേയും ഉൾപ്പെടെ അഭിപ്രായം തേടുമെന്ന് അദ്ദേഹം പറഞ്ഞു.

നയം തീരുമാനിക്കുന്നത് സർക്കാരാണ്. നിലവിൽ വൈദ്യുതി നിയന്ത്രണത്തിന്റെ ഭാഗമായി പവർകട്ടില്ല. വൈദ്യുതി ലഭ്യത അനുസരിച്ച് നിയന്ത്രണം തീരുമാനിക്കും. സംസ്ഥാനത്ത് നിലവിൽ വൈദ്യുതി പ്രതിസന്ധി ഇല്ലെന്നും മന്ത്രി അറിയിച്ചു.

കേന്ദ്രവിഹിതത്തിന്റെ ലഭ്യതക്കുറവ് അനുസരിച്ച് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ്. നിലവിൽ വൈദ്യുതി പ്രതിസന്ധിയില്ല. ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കെട്ടിട നിർമാണ ചട്ടങ്ങൾ പരിഷ്‌കരിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്. മണപ്പുള്ളിക്കാവ് കോസ്‌മോ പൊളിറ്റൻ ക്ലബിൽ നടന്ന ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കെട്ടിട നിർമാണ ചട്ടങ്ങളിൽ കാലോചിതമായ ഭേദഗതികൾ കൊണ്ടുവരും. 106 ചട്ടങ്ങളിലായി 350 ഓളം ഭേദഗതികളാണ് പരിഗണനയിൽ. ഇത് സംബന്ധിച്ച വ്യക്തതകൂടി അദാലത്തുകളിൽ ഉണ്ടാകും. അദാലത്തിൽ വ്യക്തപരമായ പരാതികൾക്ക് പുറമെ പൊതുവായ പ്രശ്‌നങ്ങളിലും തീരുമാനമുണ്ടാകുന്നുണ്ട്. സർക്കാർ സഹായത്തോടെ ലഭിക്കുന്ന വീടുകൾ ഏഴ് വർഷത്തിന് ശേഷം കൈമാറാമെന്ന തീരുമാനം ഇത്തരത്തിൽ ഉണ്ടായതാണ്.

കെട്ടിട നിർമാണ പെർമിറ്റ് എടുത്ത ശേഷം നിർമാണം നടന്നില്ലെങ്കിൽ ഈടാക്കിയ അധിക എഫ്.എ.ആർ ഫീസ് തിരിച്ചുനൽകാനും തീരുമാനമായി.
14 ജില്ലകളിലും മൂന്ന് കോർപറേഷനുകളിലുമായി 17 തദ്ദേശ അദാലത്ത് സംഘടിപ്പിക്കും. സുതാര്യവും കാര്യക്ഷമവുമായ പരാതി പരിഹാരമാണ് ലക്ഷ്യം.