General (Page 132)

തിരുവനന്തപുരം: സംസ്ഥാനത്തെ എ.എ.വൈ റേഷൻകാർഡ് ഉടമകൾക്ക് ഈ വർഷവും പതിമൂന്ന് ഇനം ഭക്ഷ്യ ഉല്പന്നങ്ങൾ അടങ്ങിയ ഓണകിറ്റ് സംസ്ഥാന സർക്കാർ സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആറു ലക്ഷം പേർ ഗുണഭോക്താക്കളാകുന്ന ഈ സംരംഭത്തിന് 36 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.

മുൻ വർഷങ്ങളിലേതു പോലെ ഈ വർഷവും ഓണക്കാലത്ത് കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഓണച്ചന്തകൾ സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. സെപ്റ്റംബർ 6 മുതൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെപ്റ്റംബർ 10 മുതൽ 14 വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലൈക്കോ ഓണം ഫെയറുകൾ സംഘടിപ്പിക്കും. കർഷകരിൽനിന്നും നേരിട്ട് സംഭരിച്ച ജൈവ പച്ചക്കറികൾ വിപണനം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഫെയറുകളിൽ ഒരുക്കും.

ഓണക്കാലത്തു നിത്യോപയോഗ സാധങ്ങൾ തടസമില്ലാതെ സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിൽ ലഭ്യമാക്കുന്നതിനു നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ മാവേലി/സൂപ്പർമാർക്കറ്റുകളിലൂടെ വിതരണം ചെയ്യും. ഇതിനു പുറമെ പ്രമുഖ കമ്പനികളുടെ ബ്രാൻറഡ് ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ ഓഫറുകൾ നൽകി വിൽപ്പന നടത്തും.

സെപ്റ്റംബർ 7 മുതൽ 14 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന 1500 ചന്തകളാണ് കൺസ്യൂമർ ഫെഡ് നടത്തുന്നത്. ഇതിൽ 73 എണ്ണം ത്രിവേണി സ്റ്റോറുകളിലൂടെയും ബാക്കിയുള്ളവ സഹകരണ ബാങ്കുകൾ മുഖേനയുമാണ് നടത്തുക. സപ്ലൈകോ നിശ്ചയിച്ച വിലയുടെ അടിസ്ഥാനത്തിൽ 13 ഇനം സാധനങ്ങൾക്കാണ് സബ്‌സിഡി നൽകുന്നത്. 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ത്രിവേണികളിൽ സാധനങ്ങൾ ലഭ്യമാണ്.

കേരളത്തിലെ ഖാദി ഉത്പന്നങ്ങളുടെ വിൽപന പ്രോത്സാഹിപ്പിക്കുന്നതിന് തുണിത്തരങ്ങൾക്ക് 30% വരെ റിബേറ്റ് നൽകിവരുന്നു. ഈ വർഷം ഓഗസ്റ്റ് 8 മുതൽ സെപ്റ്റംബർ 14 വരെയാണ് ഓണം റിബേറ്റ് മേള. കേരളത്തിൽ ഖാദി മേഖലയിൽ പണി എടുക്കുന്ന 15000 തൊഴിലാളികൾക്ക് തുടർച്ചയായി ജോലിയും ആനുകൂല്യങ്ങളും ലഭിക്കുവാൻ റിബേറ്റ് വില്പന സഹായകമാവും. ഈ ബജറ്റിൽ റിബേറ്റ് നൽകാനായി 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന കൈത്തറി സംഘങ്ങൾക്കും നെയ്ത്തുകാർക്കും പ്രയോജനപ്രദമായ രീതിയിൽ ആഗസ്റ്റ് 23 മുതൽ സെപ്തംബർ 14 വരെ റിബേറ്റോടുകൂടി വിൽപന നടത്തും.

ഓണക്കാലത്ത് സർക്കാർ ആ ഭിമുഖ്യത്തിലുള്ള ആഘോഷമൊഴികെ മറ്റെല്ലാ കാര്യങ്ങളും നടക്കും. അതുകൊണ്ട് തന്നെ കലാകാരന്മാരും കച്ചവടക്കാരും സാധാരണ ജനങ്ങളെയാകെയും ഓണവുമായി ബന്ധപ്പെട്ട് പ്രയാസപ്പെടുത്തുന്ന നില ഉണ്ടാകില്ല.

കയർ ഫെഡ് ഓഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 30 വരെ അവരുടെ കയർ ഉൽപ്പങ്ങൾക്ക് പരമാവധി 23% ഇളവ് നൽകും. മെത്തകൾക്ക് പരമാവധി 50% ഇളവ് നൽകും.

2000 കർഷക ചന്തകൾ ഓണത്തിന്റെ ഭാഗമായി സെപ്തംബർ 11 മുതൽ 14 വരെ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സാധാരണ പച്ചക്കറികൾക്ക് മൊത്ത വ്യാപാര വിലയെക്കാൾ 10 ശതമാനം കൂട്ടി കർഷകരിൽ നിന്ന് സംഭരിച്ച് വിപണി വിലയെക്കാൾ 30 ശതമാനം വരെ താഴ്ത്തിയായിരിക്കും വിൽക്കുക. ജൈവ പച്ചക്കറികൾമൊത്ത വ്യാപാര വിലയെക്കാൾ 20 ശതമാനം കൂട്ടി കർഷകരിൽ നിന്ന് സംഭരിച്ചും വിപണി വിലയെക്കാൾ 10 ശതമാനം വരെ താഴ്ത്തിയും വിൽക്കുന്നതായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ ദുരിത ബാധിതരായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഇത് സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവാസത്തിന്റെ വിവിധ വശങ്ങൾ ദുരന്തബാധിത പ്രതികരണ രംഗത്തെ വിദഗ്ധരുമായും ദുരന്ത മേഖലയിലെ ജനപ്രതിനിധികളുമായും ചർച്ച ചെയ്യാൻ സംസ്ഥാന ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങൾശേഖരിച്ച ശേഷമാണ്, പുനരധിവാസ പദ്ധതിക്ക് അന്തിമ രൂപം നൽകുകയെന്ന് അദ്ദേഹം അറിയിച്ചു.

ദുരന്ത ബാധിത മേഖലയിൽ 729 കുടുംബങ്ങളായിരുന്നു ക്യാംപുകളിൽ ഉണ്ടായിരുന്നത്. നിലവിൽ 219 കുടുംബങ്ങൾ ക്യാമ്പുകളിൽ കഴിയുന്നു. മറ്റുള്ളവർ വാടക വീട് കണ്ടെത്തി അങ്ങോട്ടേക്കോ കുടുംബവീടുകളിലേക്കോ മാറിയിട്ടുണ്ട്. ഇവർക്ക് സർക്കാർ അനുവദിച്ച വാടക നൽകും. 75 സർക്കാർ ക്വാർട്ടേഴ്‌സുകൾ അറ്റകുറ്റപ്പണി നടത്തി താമസയോഗ്യമാക്കി. ഇവയിൽ 83 കുടുംബങ്ങളെ താമസിപ്പിക്കാം. സർക്കാർ കണ്ടെത്തിയ 177 വീടുകൾ വാടകയ്ക്ക് നൽകാൻ ഉടമസ്ഥർ തയ്യാറായിട്ടുണ്ട്. അതിൽ 123 എണ്ണം ഇപ്പോൾ തന്നെ മാറിത്താമസിക്കാൻ യോഗ്യമാണ്. 105 വാടക വീടുകൾ ഇതിനകം അനുവദിച്ചു നൽകിയിട്ടുണ്ട്. 22 കുടുംബങ്ങൾ അങ്ങനെ താമസം തുടങ്ങി. മാറിത്താമസിക്കാൻ ബാക്കിയുള്ളവർ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകൾ കണ്ടെത്തി നൽകുന്നതിൽ കാര്യമായ തടസ്സം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

179 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 17 കുടുംബങ്ങളിൽ ഒരാളും അവശേഷിക്കുന്നില്ല. ഈ കുടുംബത്തിൽ നിന്ന് 65 പേരാണ് മരണമടഞ്ഞത്. 5 പേരുടെ നെക്സ്റ്റ് ഓഫ് കിൻ-നെ കണ്ടെത്താനാവാത്ത സ്ഥിതിയാണ്. ഡി എൻ എ പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നു. മരണപ്പെട്ട 59 പേരുടെ ആശ്രിതർക്ക് എസ് ഡി ആർ എഫിൽ നിന്നും 4 ലക്ഷവും സി എം ഡി ആർ എഫിൽ നിന്നും 2 ലക്ഷവും അടക്കം 6 ലക്ഷം രൂപ വീതം ഇതിനകം വിതരണം ചെയ്തു. 691 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം വിതരണം ചെയ്തു. ഇതിനു പുറമെ 172 പേരുടെ മരണാനന്തര ചടങ്ങുകൾക്കായി 10,000 രൂപ വീതം കുടുംബങ്ങൾക്ക് കൈമാറി. 119 പേരെയാണ് ഇനി കണ്ടെത്താൻ അവശേഷിക്കുന്നത്. കണ്ടെത്തെത്താൻ അവശേഷിക്കുന്നവരുടെ ബന്ധുക്കളിൽ നിന്നും 91 പേരുടെ ഡി എൻ എ സാമ്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചുവെന്ന് അദ്ദേഹം വിശദമാക്കി.

ജീവിതോപാധികൾ നഷ്ടപ്പെട്ട് അതിജീവനത്തിനായി പൊരുതുന്ന ഹതഭാഗ്യരെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാൻ കേരളത്തിലെ ബാങ്കുകളുടെ പിന്തുണ അനിവാര്യമാണ്. കാർഷിക വൃത്തിയായിരുന്നു ആ ജനതയുടെ പ്രധാന വരുമാനമാർഗം. അതിനായും വിദ്യാഭ്യാസം, പാർപ്പിടം തുടങ്ങി മറ്റു പല ആവശ്യങ്ങൾക്കായും ലോണുകൾ എടുത്തവരാണതിൽ ഭൂരിഭാഗം പേരും. എന്നാൽ ഇന്ന് അവർക്ക് ആ വീടുകൾ നഷ്ടപ്പെട്ടിരിക്കുന്നു, കൃഷിഭൂമി നാമാവശേഷമായിരിക്കുന്നു, അനേകം പേർ ഉറ്റവർ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോയിരിക്കുന്നു. ഈ സാഹചര്യത്തിൽ ലോണുകൾ എഴുതിത്തള്ളണമെന്ന നിർദേശം ഇന്നലെ നടന്ന സ്റ്റേറ്റ് ലവൽ ബാങ്കേഴ്‌സ് സമിതി യോഗത്തിൽ വെച്ചു.

വായ്പ്കൾ പൂർണ്ണമായും എഴുതിത്തള്ളുന്ന കാര്യം അതാത് ബാങ്കുകളുടെ ബോർഡുകളിൽ അവതരിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ദുരന്ത മേഖലയിലുള്ളവരിൽ നിന്നും ജൂലൈ 30 ന് ശേഷം പിടിച്ച ഇ.എം.ഐകൾ അതാത് ബാങ്ക് അക്കൗണ്ടുകളിലേക്ക് തിരിച്ചടക്കണമെന്ന് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റി ബാങ്കുകൾക്ക് നിർദ്ദേശം നൽകി. ദുരന്തമുണ്ടായതിന് ശേഷവും പല വിധത്തിലുള്ള തിരിച്ചടവുകൾ നടത്തേണ്ടി വന്നവർക്ക് സാമ്പത്തിക പിന്തുണ നൽകാനാണ് ഈ തീരുമാനമെടുത്തത്.

കാർഷികവും കാർഷികേതര ആവശ്യങ്ങൾക്കുമായി എടുത്ത നിലവിലെ എല്ലാ ലോണുകളും എത്രയും പെട്ടെന്ന് റീസ്ട്രക്ചർ ചെയ്യുമെന്ന് യോഗം തീരുമാനിച്ചു. ഇ.എം.ഐ തിരിച്ചടവിൽ ഉൾപ്പെടെ വരുന്ന മാറ്റം ദുരന്തബാധിത മേഖലയിലുള്ളവർക്ക് അടിയന്തര ആശ്വാസം പകരുന്ന വിധത്തിലായിരിക്കും. അതോടൊപ്പം പുതിയലോണുകൾ നിബന്ധനകൾ ലഘൂകരിച്ച് നൽകുന്നതിനാവശ്യമായ തീരുമാനങ്ങളും കൈക്കൊള്ളും.

പെട്ടെന്നുള്ള ആശ്വാസത്തിനായി സെക്യൂരിറ്റിയില്ലാതെ 25,000 രൂപ വരെയുള്ള കൺസംഷൻ ലോണുകൾ നൽകാനും തീരുമാനമായിട്ടുണ്ട്. 30 മാസമായിരിക്കും ഈ ലോണിന്റെ തിരിച്ചടവ് സമയം. ദുരന്തമേഖലയിൽ ഉള്ള എല്ലാ റിക്കവറി നടപടികളും തൽക്കാലം നിർത്തിവയ്ക്കാനും യോഗത്തിൽ തീരുമാനമായി. ദുരിതബാധിതർക്ക് നൽകുന്ന സാമ്പത്തിക സഹായം അവരുടെ നിലനിൽക്കുന്ന സാമ്പത്തിക ബാധ്യതകൾക്കുള്ള തിരിച്ചടവാക്കി മാറ്റില്ല. ലഭ്യമാക്കുന്ന എല്ലാ സഹായവും ദുരിതബാധിതരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇതുവഴി സാധിക്കും. ദുരന്തമേഖലയിൽ നിന്നുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ടുള്ള നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് മാൻഡേറ്റുകൾ അവർക്ക് സാമ്പത്തികമായ സമ്മർദ്ദം ഉണ്ടാക്കുന്നത് ഒഴിവാക്കാൻ റിവ്യൂ ചെയ്യുന്നതിനും യോഗത്തിൽ തീരുമാനമെടുത്തു

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണം വാരാഘോഷ പരിപാടി ഒഴിവാക്കിയിട്ടുണ്ട്. ഓണം കേരളത്തിന്റെയാകെ ഉത്സവമാണ്. എല്ലാ ജനവിഭാഗങ്ങളും ഒത്തുചേരുന്ന ഓണാഘോഷം നാടിന്റെ ഐക്യത്തിൻറേയും സാഹോദര്യത്തിന്റെയും പ്രതിഫലനമാണ്. വയനാടിനായി നമ്മൾ എപ്പോഴത്തേക്കാളും ഒരുമിച്ചു നിൽക്കേണ്ട ഈ ഘട്ടത്തിൽ അതിനുള്ള ഊർജ്ജവും പ്രചോദനവും നൽകാൻ ഓണത്തിനു സാധിക്കും. ആ സന്ദേശം ഉൾക്കൊണ്ട് മാനവഹൃദയങ്ങളാകെ ഒരുമിക്കുന്ന മനോഹര സന്ദർഭമാകട്ടെ ഇത്തവണത്തെ ഓണാഘോഷമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഏറ്റവും മികച്ച ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന നാടെന്ന നിലയിൽ കേരളത്തിനെ ഒരു ബ്രാന്റായി ലേബൽ ചെയ്യുന്ന സംസ്ഥാന വ്യവസായവകുപ്പിന്റെ ശ്രമങ്ങൾ വിജയതീരത്തേക്ക് അടുക്കുകയാണ്. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ കേരള ബ്രാന്റ് ലൈസൻസ് നാളെ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

നാളെ ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്തുവച്ച് നടക്കുന്ന ചടങ്ങിലാണ് ലൈസൻസ് കൈമാറുക. ഉത്തരവാദിത്ത വ്യവസായമെന്ന സംസ്ഥാന സർക്കാരിന്റെ നയമനുസരിച്ചും ഏറ്റവും മികച്ച ഗുണനിലവാരം ഉറപ്പ് വരുത്തിയും നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്കാണ് ‘കേരള ബ്രാന്റ്’ ലൈസൻസ് ലഭിക്കുക. ഇത്തരമൊരു പ്രത്യേക ലൈസൻസ് ലഭിക്കുന്നതിലൂടെ അന്താരാഷ്ട്ര വിപണിയിലടക്കം ഈ ഉൽപ്പന്നങ്ങൾക്ക് ആദ്യഘട്ടത്തിൽ മലയാളികൾക്കിടയിലും പിന്നീട് എല്ലാവർക്കുമിടയിലും കൂടുതൽ സ്വീകാര്യത ലഭിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലെ വ്യവസായങ്ങൾക്ക് പൊതുവായ ഒരു ഐഡന്റിറ്റി നൽകുന്നതിനും സംസ്ഥാനത്തെ തദ്ദേശീയ ഉൽപന്നങ്ങൾക്ക് സവിശേഷമായ സ്ഥാനം സൃഷ്ടിച്ചുകൊണ്ട് ആഗോള വിപണിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ‘കേരള ബ്രാന്റ് ലൈസൻസ്’ കേരളത്തിലെ സംരംഭങ്ങളെ പ്രാപ്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയിട്ടില്ലെന്നും പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ കത്ത് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളുടെ വെളിപ്പെടുത്തൽ അടങ്ങുന്ന അതീവ രഹസ്യാത്മക റിപ്പോർട്ടെന്ന് കത്തിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഉയർന്ന ഗൗരവകരമായ പ്രശ്‌നങ്ങളുടെ തുടർച്ചയായിട്ടായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. ഹേമ കമ്മിറ്റി ശുപാർശ അതീവ പ്രാധാന്യത്തോടെ പരിഗണിക്കാനാണ് സർക്കാർ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ശുപാർശ നടപ്പാക്കുന്നതിന് പൊതുമാർഗ്ഗ രേഖ കൊണ്ട് വരാൻ സർക്കാരിന് അവകാശമുണ്ടോ എന്നും പരിഗണിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു സമിതി രൂപംകൊണ്ടത്. റിപ്പോർട്ടിന്റെ ആമുഖത്തിൽ തന്നെ ഇക്കാര്യം ഉണ്ട്. സിനിമ മേഖലയിൽ ഐസിസി രൂപീകരിക്കുന്നത് അടിയന്തര സ്വഭാവത്തോടെ നടപ്പാക്കി എന്ന് ഉറപ്പാക്കി. സിനിമാ സീരിയൽ രംഗത്തെ ചൂഷണം തടയാൻ ട്രൈബ്യൂണൽ രൂപീകരിക്കണമെന്ന് നിർദ്ദേശം ഉണ്ട്. ഭാരിച്ച സാമ്പത്തിക ബാധ്യത വരുന്ന നിർദ്ദേശം ആണിത്. ട്രൈബ്യൂണൽ ഗൗരവമായി തന്നെ പരിഗണിക്കും. വിപുലമായ ചർച്ച നടത്തി സിനിമാ നയം രൂപീകരിക്കും. അതിനായി കോൺക്ലേവ് അടക്കം അഭിപ്രായ രൂപീകരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമ മേഖലയിൽ തുല്യ വേതനത്തിന് സാങ്കേതിക തടസം ഉണ്ട്. മദ്യവും മയക്കുമരുന്നും അടക്കം ലഹരി ഉപയോഗം തടയാനും, ലൈംഗികാതിക്രമവും തടയാൻ ഇപ്പോൾ തന്നെ സംവിധാനങ്ങളുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

സിനിമാ മേഖലയാകെ മോശമെന്ന അഭിപ്രായം സർക്കാരിനില്ല. സിനിമാ മേഖലയെ ആകെ ചെളിവാരി എറിയരുത്. സിനിമക്കുള്ളിൽ സിനിമയെ വെല്ലുന്ന തിരക്കഥ പാടില്ല. മാന്യമായ തൊഴിലവസരം ഉണ്ടാക്കാൻ സിനിമാ മേഖലയിൽ നിന്നുള്ളവർ തന്നെ മുൻകയ്യെടുക്കണം. ഗ്രൂപ്പുകളോ കോക്കസുകളോ ഭരിക്കുന്നതാകരുത് സിനിമ. ലൈംഗികമായാലും മാനസികമായാലും ശാരീരികമായാലും ചൂഷകരോട് സർക്കാരിന് സന്ധിയില്ല. കഴിവും സർഗ്ഗാത്മകതയുമായിരിക്കണം മാനദണ്ഡമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധപ്രവണതകളെ ശക്തമായി നേരിടും. അതിന് സർക്കാരിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. ഇനിയും ചെയ്യാൻ തന്നെയാണ് തീരുമാനം. പൊതു സ്വഭാവത്തിൽ കൈകാര്യം ചെയ്യാവുന്ന ഒരു രേഖയല്ല പൊലീസിന് മുന്നിലും എത്തിയത്. കേസെടുത്ത് അന്വേഷിക്കണം എന്ന ശുപാർശ ജസ്റ്റിസ് ഹേമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. നടിയെ ആക്രമിച്ച സംഭവത്തിലെല്ലാം സർക്കാർ നിലപാട് നേരത്തെ തെളിയിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമയിൽ അവസരം നൽകാമെന്ന വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതികളിൽ സംവിധായകനും പ്രമുഖ നടനെതിരെയും കേസ് എടുത്തിട്ടുണ്ട്. മൊഴി നൽകിയ ആരെങ്കിലും പരാതിയുമായി വന്നാൽ എത്ര ഉന്നതനായാലും ഉചിതമായ നടപടിയുണ്ടാവും. ഇത് സർക്കാർ നൽകുന്ന ഉറപ്പാണ്. ഉണ്ടാകാൻ പാടില്ലാത്ത അപജയങ്ങൾ സിനിമാ മേഖലയിൽ ഉണ്ട്, അതിന് പരിഹാരം വേണം. അതിന് തന്നെയാണ് കമ്മീഷനെ വച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മുപ്പത് ദിവസത്തിനുള്ളിൽ വിവരാവകാശ അപേക്ഷയിൽ മറുപടി നൽകാത്ത വിവരാവകാശ ഓഫിസർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമീഷൻ അംഗം ടി. കെ. രാമകൃഷ്ണൻ. ഒരു ഓഫിസിൽ ലഭിക്കുന്ന വിവരാവകാശ അപേക്ഷയിൽ ചോദിച്ച വിവരങ്ങൾ മറ്റൊരു ഓഫിസിൽ നിന്നാണ് ലഭ്യമാക്കേണ്ടതെങ്കിൽപോലും അത് ആ ഓഫിസിലേക്ക് കൈമാറേണ്ട ചുമതല വിവരാവകാശ ഓഫിസർക്കുണ്ട്. വിവരങ്ങൾ ഈ ഓഫിസിൽ ലഭ്യമല്ല, അറിയില്ല എന്ന രീതിയിൽ മറുപടി നൽകുന്നതിനെതിരെ നടപടി സ്വീകരിക്കും കമീഷൻ വ്യക്തമാക്കി.

വിവരാവകാശ അപേക്ഷയിൽ രണ്ടാം അപ്പിൽ കൂടിവരുന്ന പ്രവണതയുണ്ട്. ഇത് താഴെ തട്ടിൽ തന്നെ വിവരങ്ങൾ നൽകുന്നതിൽ വീഴ്ചവരുത്തുന്നതിനാലാണ്. രണ്ടാം അപ്പീലുകളുടെ എണ്ണം കുറക്കുന്നതിൽ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർമാർക്ക് നിർണായക പങ്കുണ്ടെന്നും കമീഷൻ പറഞ്ഞു.

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി കേന്ദ്രമന്ത്രിയും നടനവുമായ സുരേഷ് ഗോപി. ഹേമ കമ്മിറ്റി റിപ്പോർട്ട് പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ട് ആദരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘടനകൾ പരിശോധിക്കട്ടെ. സിനിമാ മേഖലയിൽ സജീവമല്ലാതായിട്ട് നാളുകളായി. സർക്കാരിനെ വിമർശിക്കാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

തുടർ നടപടി സർക്കാർ പരിശോധിച്ചു കൈക്കൊള്ളും. കമ്മിറ്റിയുടെ ശുപാർശകൾ സിനിമാ മേഖലയിലെ നവീകരണത്തിന് ഉതകുന്നതാകണം. ഒപ്പം വരുംതലമുറയ്ക്ക് നിർഭയമായി പ്രവർത്തിക്കാനും ഇത് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. ജനപ്രതിനിധിയെന്ന നിലയിൽ റീപ്പോർട്ടിനെക്കുറിച്ച് പഠിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ധർമ്മടം നിയോജക മണ്ഡലത്തിലെ പിണറായി വില്ലേജിൽ, 12.93 ഏക്കർ സ്ഥലത്ത് 285 കോടി രൂപ ചിലവിൽ സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയമായ പിണറായി എജുക്കേഷൻ ഹബിന്റെ നിർമ്മാണോദ്ഘാടനം ആഗസ്റ്റ് 23 ന് നടക്കും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഉദ്ഘാടനം നിർവഹിക്കുന്നത്. പിണറായി കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും.

പോളിടെക്നിക് കോളേജ്, ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, ഐ ടി ഐ, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, സിവിൽ സർവ്വീസ് അക്കാഡമി എന്നിവയാണ് ഈ വിദ്യാഭ്യാസ സമുച്ചയത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ അടിസ്ഥാന വികസന സൗകര്യങ്ങളായ അതിഥി മന്ദിരം, കാന്റീൻ, ഓഡിറ്റോറിയം, പൊതുകളിസ്ഥലം, ഹോസ്റ്റൽ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.
പദ്ധതിഭൂമിയോട് ചേർന്ന് പിണറായി ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്, 2000 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയവും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നുണ്ട്. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഏകോപനച്ചുമതല ഐ എച്ച് ആർ ഡിയും നിർമ്മാണ മേൽനോട്ടം കെ എസ് ഐ ടി ഐ എല്ലും നിർവ്വഹിക്കുന്നു.

നവീനമായ പുതുതലമുറ കോഴ്സുകൾ ഉൾപ്പെടെ നൽകുന്ന നിരവധി സ്ഥാപനങ്ങൾ ഒറ്റ ക്യാമ്പസിൽ ലഭ്യമാക്കുന്നത് സംസ്ഥാനത്തുതന്നെ ആദ്യമായാണ്. രാജ്യത്തിനകത്തും പുറത്തും നിന്നും വിദ്യാർത്ഥികളെ ആകർഷിക്കാൻ കഴിയുന്ന നിലയിലേക്ക് ഈ സ്ഥാപനത്തിന് വളരാനുള്ള എല്ലാ അനുകൂല ഘടകങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. ചടങ്ങിൽ വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതികൾ തുടങ്ങിയവർ സംബന്ധിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സ്‌പേസ് ഓഡിറ്റ് നടത്താൻ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, വകുപ്പ് മേധാവികൾ എന്നിവർ ചേർന്ന് സ്‌പേസ് ഓഡിറ്റ് നടത്തി സുരക്ഷിതത്വം ഉറപ്പാക്കണം. സ്ഥാപന തലത്തിൽ പ്രിൻസിപ്പൽമാരും സംസ്ഥാന തലത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ഇത് ഉറപ്പാക്കണം. എല്ലാ മെഡിക്കൽ കോളേജുകളിലും സെക്യൂരിറ്റി, ഫയർ സേഫ്റ്റി, ഇലട്രിക്കൽ, ലിഫ്റ്റ് എന്നിവയുടെ സേഫ്റ്റി ഓഡിറ്റ് നടത്തി സുരക്ഷിതത്വം ഉറപ്പാക്കി വരുന്നു. ഇത് കൂടാതെയാണ് ഡ്യൂട്ടി റൂം, പരിശോധനാ മുറി, റെസ്റ്റ് റൂം തുടങ്ങിയവ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കുന്നത്. അത്യാഹിത വിഭാഗത്തിൽ രണ്ട് പേരേയും വാർഡുകളിൽ ഒരാളേയും മാത്രമേ കൂട്ടിരിപ്പുകാരായി അനുവദിക്കുകയുള്ളൂ. രോഗികളുടെ വിവരങ്ങൾ കൃത്യമായി അറിയിക്കാനായി ബ്രീഫിംഗ് റൂം സജ്ജമാക്കിയിട്ടുണ്ടെന്ന് എല്ലാ സ്ഥാപനങ്ങളും ഉറപ്പാക്കേണ്ടതാണ്. ഡോക്ടർമാർ രോഗികളോട് കൃത്യമായി വിവരങ്ങൾ വിശദീകരിച്ച് നൽകണമെന്നും മന്ത്രി നിർദേശം നൽകി. മെഡിക്കൽ കോളേജുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാ മെഡിക്കൽ കോളേജുകളും കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കണം. ജില്ലാ കളക്ടർ അധ്യക്ഷനായ കോഡ് ഗ്രേ സമിതിയിൽ പ്രിൻസിപ്പൽ, സൂപ്രണ്ട്, ആർഎംഒ, പിജി, ഹൗസ് സർജൻ പ്രതിനിധികൾ എന്നിവരുണ്ടാകും. സുരക്ഷ ഉറപ്പാക്കാൻ കൃത്യമായ ഇടവേളകളിൽ മോക് ഡ്രിൽ സംഘടിപ്പിക്കണം. പബ്ലിക് അഡ്രസ് സിസ്റ്റം, വാക്കി ടോക്കി, അലാറം എന്നിവ നിർബന്ധമായും സ്ഥാപിക്കണം. പ്രധാനയിടങ്ങളിൽ സിസിടിവി ഉറപ്പാക്കണം. പല മെഡിക്കൽ കോളേജുകളും സേഫ്റ്റി ഓഡിറ്റിന്റെ അടിസ്ഥാനത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. രാത്രി കാലങ്ങളിൽ പോലീസ് പട്രോളിംഗ് വ്യാപിപ്പിക്കും. ആശുപത്രിയ്ക്കുള്ളിൽ അനധികൃത കച്ചവടം അനുവദിക്കാൻ പാടില്ല.

രാത്രി കാലങ്ങളിൽ ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്ന വനിത ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണം. തെരുവ് വിളക്കുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. രാത്രിയിൽ സെക്യൂരിറ്റി നിരീക്ഷണം ശക്തമാക്കണം. രോഗികളോ കൂട്ടിരുപ്പുകാരോ ജീവനക്കാരോ അല്ലാതെ പുറത്ത് നിന്നുള്ള പാസില്ലാത്ത ഒരാളും രാത്രികാലങ്ങളിൽ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ തങ്ങാൻ പാടില്ല. അനധികൃതമായി കാമ്പസിനുള്ളിൽ തങ്ങുന്നവർക്കെതിരെ പോലീസിന്റെ സഹായത്തോടെ നടപടി സ്വീകരിക്കേണ്ടതാണ്. സെക്യൂരിറ്റി ജീവനക്കാർക്ക് പരിശീലനം ഉറപ്പാക്കണം. സുരക്ഷ ഉറപ്പാക്കാനായി ജീവനക്കാർക്ക് ഏകീകൃത നമ്പർ നൽകണം. ഫോൺ വഴി അലാറം പ്രവർത്തിപ്പിക്കാൻ പറ്റുന്ന സംവിധാനം സജ്ജമാക്കണം. തെരുവു നായകളുടെ ആക്രമണങ്ങളിൽ നിന്നും ജീവനക്കാർക്കും ആശുപത്രിയിലെത്തുന്നവർക്കും സംരക്ഷണം നൽകാൻ ജില്ലാ ഭരണകൂടവുമായി ചേർന്ന് പദ്ധതി തയ്യാറാക്കി നടപ്പിലാക്കണം. ആബുലൻസുകളുടെ അനധികൃത പാർക്കിംഗ് അനുവദിക്കില്ല. പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും ഉന്നയിച്ച വിഷയങ്ങളിൽ മെഡിക്കൽ കോളേജ് തലത്തിൽ പരിഹാരം കാണാനും മന്ത്രി നിർദേശം നൽകി.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ജോ. ഡയറക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, പിജി ഡോക്ടർമാരുടേയും ഹൗസ് സർജൻമാരുടേയും പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആശുപത്രിയിൽ. ന്യുമോണിയ ബാധിച്ചതിനെ തുടർന്നാണ് യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എയിംസ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.

നിലവിൽ അദ്ദേഹം ഐസിയുവിലാണ്. ഇന്നലെ വൈകിട്ടാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്.

ആശുപത്രിയിൽ ചെക്കപ്പിന് എത്തിയപ്പോഴാണ് ന്യുമോണിയ സ്ഥിരീകരിച്ചത്. കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല.

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. കമ്മിറ്റി റിപ്പോർട്ടിൽ ഉള്ളത് 24 നിർദേശങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. അത് സർക്കാർ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ സംഘടനകളുമായും സംസാരിച്ചു. നടന്നത് വലിയ പ്രക്രിയയാണ്. നിസ്സാരമായി കാണരുത്. അതിന്റെ തുടർച്ചയാണ് നവംബറിൽ നടക്കുന്ന കോൺക്ലേവ്. തുടർ നടപടി നിയമപരമായി പരിശോധിക്കുമെന്നും പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നും മന്ത്രി അറിയിച്ചു.

ഇപ്പോൾ പറഞ്ഞ ഭാഗം ചർച്ച ചെയ്ത ശേഷം തുടർ നടപടികളിലേക്ക് പോകേണ്ടതാണെങ്കിൽ പോകും. നിയമപരമായ വശങ്ങൾ പരിശോധിച്ച് തുടർ നടപടികളെടുക്കും. റിപ്പോർട്ടിൽ നടപടി വേണമെങ്കിൽ കോടതി പറയട്ടെയെന്നും മന്ത്രി വ്യക്തമാക്കി. കോടതിയുടെ പരിഗണനയിൽ ഉള്ള റിപ്പോർട്ടാണ്. പുറത്ത് വിടാത്ത രഹസ്യ ഭാഗങ്ങളിൽ നടപടി എടുക്കേണ്ടതുണ്ടെങ്കിൽ കോടതി പറയട്ടെ. സർക്കാരിന് മുന്നിലേക്ക് എന്തെങ്കിലും വന്നാൽ കർശന നടപടി ഉണ്ടാകും. ഒരു വിട്ടു വീഴ്ചയും സർക്കാർ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.