General (Page 131)

തിരുവനന്തപുരം: സംസ്ഥാനത്തെ സംരംഭകരെ കൈപിടിച്ചുയർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഉത്പന്നങ്ങൾക്ക് കേരളബ്രാൻഡിങ് നൽകുന്നതെന്നും ഗുണനിലവാരം, എത്തിക്കൽ ഉത്പാദനം എന്നിവയെ ആധാരമാക്കി നൽകുന്ന മെയ്ഡ് ഇൻ കേരള ബ്രാൻഡിങ് സംസ്ഥാനത്തെ സംരംഭകർക്ക് വലിയ ആത്മവിശ്വസം പകരുമെന്നും വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കേരള ബ്രാൻഡിങ്ങിന്റെ ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട ആറ് വെളിച്ചെണ്ണ ഉത്പാദകർക്ക് മെയ്ഡ് ഇൻ കേരള ബ്രാൻഡ് സർട്ടിഫിക്കറ്റ് സമ്മാനിക്കുന്ന ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന് അഭിമാനകരമായ നിമിഷമാണിത്. കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ ആവിഷ്‌കരിച്ച ഘട്ടത്തിൽ തന്നെ വ്യവസായ സംരംഭകരുടെ ഉത്പന്നങ്ങൾക്ക് മാർക്കറ്റ് എങ്ങിനെ ഉറപ്പുവരുത്താൻ കഴിയും, വിപണി എങ്ങിനെ വിപുലപ്പെടുത്താൻ കഴിയും എന്ന് ആലോചിച്ചിരുന്നു. അതിലൊന്ന് ചെറുകിട സംരംഭകരുടെ ഉത്പന്നങ്ങൾക്ക് കെ സ്റ്റോർ വഴി അതത് പ്രദേശത്ത് വിൽക്കാനുള്ള സംവിധാനം ഒരുക്കലായിരുന്നു. അതിന് വ്യവസായ വകുപ്പ് പൊതുവിതരണവകുപ്പുമായി ധാരണപത്രം ഒപ്പിടുകയും സംവിധാനം ഒരുക്കുകയും ചെയ്തു. ഒരു കോടി രൂപയുടെ ഉത്പന്നങ്ങൾ ഇത്തരത്തിൽ പ്രാദേശികതലത്തിൽ വിൽപന നടത്താൻ കഴിഞ്ഞു. കൂടാതെ ഇ കൊമോഴ്‌സ് പ്ലാറ്റ് ഫോമുകൾ വഴിയും, സഹകരണ, സ്വകാര്യ മാളുകൾ വഴിയും പ്രത്യേക പരിഗണനയോടെ പ്രാദേശിക ഉത്പന്നങ്ങളുടെ വിൽപനക്ക് അവസരം ഒരുക്കി. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ കേരളബ്രാൻഡിങ് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കേരളം ലോകം അറിയുന്ന ഒരു ബ്രാൻഡാണ്. നമ്മുടെ മാനവവിഭവ സൂചകം, കേരള മോഡൽ വികസനം, കേരളത്തിന്റെ ടൂറിസം ഒക്കെ ലോകത്ത് അംഗീകരിക്കപ്പെട്ട ബ്രാൻഡാണ്. ഇതിനെ എങ്ങിനെ നമ്മുടെ നാട്ടിലെ ഉത്പന്നങ്ങളുടെ വിപണനത്തിന് ഉപയോഗപ്പെടുത്താം എന്ന ആലോചനയിൽ നിന്നാണ് മെയ്ഡ് ഇൻ കേരള എന്ന കേരള ബ്രാൻഡ് ഉണ്ടാവുന്നതെന്ന് മന്ത്രി പറഞ്ഞു.

കോവിഡിന് ശേഷം ആളുകളുടെ ഉപഭോഗരീതികളിൽ വലിയ മാറ്റം ഉണ്ടായി. ഗുണനിലവാരത്തിനൊപ്പം ഉത്പാദനം എത്തിക്കലാണോ എന്നതൊക്കെ ആളുകൾ ഇന്ന് പരിഗണിക്കുന്നുണ്ട്. വലിയ ബ്രാൻഡുകൾക്കപ്പുറം നാട്ടിലെ ഗുണനിലവാരമുള്ള ഉത്പന്നങ്ങൾക്ക് ആളുകൾ മുൻഗണന നൽകിത്തുടങ്ങി. എത്തിക്കൽ ഉത്പാദനരീതികൾ ഇന്ന് ഉത്പന്നങ്ങൾക്ക് വിപണിയിൽ മൂല്യവർധനവ് നൽകുന്നുണ്ട്. ഗുണനിലവാരം, എത്തിക്കൽ ഉത്പാദനം എന്നീ രണ്ട് സംഗതികൾ പരിഗണിച്ചാണ് കേരളബ്രാൻഡിങ്ങിൽ സർട്ടിഫിക്കേഷൻ നൽകുന്നത്. ഇത്തരത്തിൽ ആറ് വെളിച്ചെണ്ണ ബ്രാൻഡുകൾക്കാണ് ഇന്ന് മെയ്ഡ് ഇൻ കേരള സർട്ടിഫിക്കേഷൻ നൽകുന്നത്. അടുത്ത ഘട്ടത്തിൽ കുടിവെള്ളം, ഫുട് വെയർ, നെയ്യ്, തേൻ എന്നിവ അടക്കം 14 ഉത്പന്നങ്ങൾക്ക് കൂടി സർട്ടിഫിക്കേഷൻ നൽകുമെന്നും മന്ത്രി പറഞ്ഞു.

ഒക്ടോബറിൽ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സംരംഭകസഭകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സംരംഭകർക്ക് ആവശ്യമായ സഹായങ്ങൾ തത്സമയം നൽകുക, തടസ്സങ്ങൾ നീക്കുക തുടങ്ങിയവയാണ് സംരംഭകസഭകളിലൂടെ ഉദ്ദേശിക്കുന്നതെന്നും അത് സംരംഭകർക്ക് വലിയ ആത്മവിശ്വാസം പകരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ചടങ്ങിൽ സംസ്ഥാനത്തെ ആറ് വെളിച്ചെണ്ണ ഉത്പാദകർക്ക് മന്ത്രി കേരള ബ്രാൻഡിങ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ആലപ്പുഴ ജില്ലയിലെ എആർഎൽ കുട്ടനാടൻ കോക്കനട്ട് ഓയിൽ, കോട്ടയത്തെ കെഡിസൺ എക്‌സ്‌പെല്ലേഴ്‌സ്, എറണാകുളത്തെ വാരപ്പെട്ടി കോക്കനട്ട് ഓയിൽ, കണ്ണൂരിലെ കെ എം ഓയിൽ ഇൻഡസ്ട്രീസ്, സഹകാരി ഓയിൽ, കാസർകോട്ടെ കല്ലത്ര ഓയിൽ മിൽസ് എന്നിവർക്കാണ് മെയ്ഡ് ഇൻ കേരള സർട്ടിഫിക്കേഷൻ നൽകിയത്. മെയ്ഡ് ഇൻ കേരള ലോഗോ ഡിസൈൻ ചെയ്ത ലതീഷ് ലക്ഷ്മണിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.

തിരുവനന്തപുരം ഹിൽട്ടൺ ഗാർഡനിൽ സംഘടിപ്പിച്ച പരിപാടിയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. കെ എസ് ഐ ഡി സി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ ആർ, പബ്ലിക് സെക്ടർ ട്രാൻസ്ഫർമേഷൻ ബോർഡ് എക്‌സിക്യൂട്ടീവ് ചെയർമാൻ അജിത് കുമാർ കെ, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, കെ എസ് എസ് ഐ എ സംസ്ഥാന പ്രസിഡന്റ് എ നിസാറുദ്ധീൻ, സി ഐ ഐ കേരള പ്രതിനിധി രവീന്ദ്രൻ നായർ, ഫിക്കി കേരള പ്രതിനിധി രഘുചന്ദ്രൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഫോറിൻ ട്രേഡ് അസി. ഡയറക്ടർ ജനറൽ ഹസൻ ഉസെയ്ദ് എൻ. എ, കെ ബി ഐ പി സിഇഒ സുരാജ് എസ്, കോക്കനട്ട് ഡെവലപ്‌മെന്റ് ബോർഡ് ഡെ. ഡയറക്ടർ രശ്മി, ബി ഐ എസ് ജോയിന്റ് ഡയറക്ടർ സന്ദീപ് എസ് കുമാർ എന്നിവർ സാന്നിധ്യമായി. വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ സ്വാഗതവും വ്യവസായ, വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ രാജീവ് ജി നന്ദിയും പറഞ്ഞു.

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ തീർപ്പാകാതെ കിടക്കുന്ന അപേക്ഷകളിൽ നിയമപരമായി തീർപ്പാക്കാൻ കഴിയുന്ന മുഴുവൻ പരാതികളും ജില്ലാതല തദ്ദേശ അദാലത്തുകളിലൂടെ പരിഹരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ജനങ്ങളുടെ പ്രശ്‌നങ്ങൾ ആഴത്തിൽ പഠിക്കാനുള്ള അവസരം കൂടിയാണ് തദ്ദേശ അദാലത്തെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ നാലാം നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കാര്യക്ഷമമായും സമയബന്ധിതമായും അപേക്ഷകളിൽ തീർപ്പുണ്ടാകണം എന്ന ഉദ്ദേശ്യമാണ് സർക്കാരിനുള്ളത്. അതിനാലാണ് സ്ഥിരം അദാലത്ത് സമിതികൾ രൂപീകരിച്ചത്. ഇതനുസരിച്ച് താലൂക്ക് തലത്തിൽ പത്തു ദിവസവും ജില്ലാതലത്തിൽ പതിനഞ്ച് ദിവസവും സംസ്ഥാനതലത്തിൽ ഒരു മാസവും കൂടുമ്പോൾ അദാലത്ത് സമിതികൾ ചേരുന്നുണ്ട്. ഇതുവഴി ലഭിച്ച എണ്ണായിരത്തോളം പരാതികളിൽ 66% വും തീർപ്പാക്കി. ഇനിയും തീർപ്പാകാത്തവ പരിഹരിക്കാനാണ് ജില്ലാതലത്തിൽ തദ്ദേശ അദാലത്തുകൾ സംഘടിപ്പിക്കുന്നത്. മൂന്നിടങ്ങളിൽ പൂർത്തിയായ അദാലത്തുകളിൽ ലഭിച്ച ആയിരത്തോളം പരാതികളിൽ ഭൂരിഭാഗവും തീർപ്പാക്കി.

വ്യക്തിപരമായ പരാതികൾ തീർപ്പാക്കുന്നതോടൊപ്പം ചില പൊതു തീരുമാനങ്ങളും അദാലത്തിൽ കൈക്കൊള്ളും. സർക്കാർ ധനസഹായത്തോടെ വീട് നിർമ്മിച്ചവർക്ക് അത് വിൽക്കാനുള്ള സമയം പത്തുവർഷം എന്നതിൽ നിന്ന് ഏഴുവർഷമാക്കി ചുരുക്കിയ ആനുകൂല്യം എല്ലാവർക്കും ലഭ്യമാക്കി തീരുമാനമെടുത്തു. എറണാകുളം അദാലത്തിൽ ലഭിച്ച പരാതിയെ തുടർന്നാണ് ഈ തീരുമാനമെടുത്തത്.

ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തി നൂലാമാലകളും സങ്കീർണതകളും ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതിന് ചട്ടങ്ങളിൽ വ്യക്തത ഉണ്ടാവണം. നിലവിൽ 106 ഓളം ചട്ടങ്ങളിൽ ഭേദഗതി വേണമെന്ന് കണ്ടെത്തിയിട്ടുണ്ട്. അദാലത്ത് ദിനത്തിൽ നേരിട്ട് ലഭിച്ച പരാതികൾ വൈകാതെ തീർപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലും അദാലത്തിൽ സന്നിഹിതനായിരുന്നു.

വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അദാലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, അർബൻ ഡയറക്ടർ സൂരജ് ഷാജി, വിവിധ തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു. തിരുവനന്തപുരം കോർപ്പറേഷൻ തല അദാലത്ത് ഓഗസ്റ്റ് 29ന് കോർപ്പറേഷൻ ഓഫീസ് കോമ്പൗണ്ടിൽ നടക്കും.

തിരുവനന്തപുരം: തനിക്ക് സിനിമയില്ലാതെ പറ്റില്ലെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. സിനിമയില്ലെങ്കിൽ താൻ ചത്തുപോകുമെന്നും അദ്ദേഹം അറിയിച്ചു.

സിനിമ താൻ ചെയ്യും. അതിന് ഞാൻ അനുവാദം ചോദിച്ചിട്ടുണ്ട്. അതിന് മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്നുണ്ടെങ്കിൽ രക്ഷപ്പെട്ടു. സിനിമകൾ കുറേയുണ്ട് എന്ന് താൻ പറഞ്ഞപ്പോൾ അമിത് ഷാ പേപ്പർ മാറ്റിവെച്ചതാണ്. മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത രീതിയിൽ സിനിമ ഷൂട്ടിംഗ് സെറ്റിൽ അതിനുള്ള സൗകര്യം ഉണ്ടാകണം എന്നാണ് ആഗ്രഹം. മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നുണ്ടെങ്കിൽ താൻ രക്ഷപ്പെട്ടു. ചരിത്രം എഴുതിയ തൃശൂർക്കാർക്ക് താൻ എന്തായാലും നന്ദി അർപ്പിക്കണം എന്ന് നേതാക്കൾ പറഞ്ഞതുകൊണ്ടത് വഴങ്ങിയതാണ്. സിനിമ ഇല്ലാതെ പറ്റില്ല. അത് തന്റെ പാഷനാണെന്ന് സുരേഷ് ഗോപി അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചും വേദിയിൽ പരോക്ഷമായി സൂചിപ്പിച്ചു സുരേഷ് ഗോപി. സിനിമയിൽ മാത്രം അല്ല പ്രശ്‌നങ്ങൾ. എല്ലാ മേഖലയിലും അത്തരം കാര്യങ്ങൾ ഉണ്ട്. എല്ലാ സമ്പ്രദായത്തിനും ശുദ്ധി വേണം. വ്യക്തിപരമായ ആവശ്യങ്ങൾക്കായി അത് കോട്ടം വരുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ഇന്റർനാഷണൽ റോബോട്ടിക്‌സ് റൗണ്ട് ടേബിൾ കോൺഫറൻസ് മറ്റന്നാൾ. അന്താരാഷ്ട്ര തലത്തിലുൾപ്പെടെ ശ്രദ്ധേയമായിട്ടുള്ള നൂറിലധികം കമ്പനികൾ പങ്കെടുക്കുന്ന കോൺഫറൻസ് ആഗസ്ത് 23ന് കൊച്ചിയിൽ വച്ചാണ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.

റോബോട്ടിക്‌സ് സാങ്കേതിക വിദ്യയിലൂന്നിയ വ്യവസായങ്ങൾ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് നാം പുതിയ വ്യവസായ നയം രൂപീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ മേഖലയിൽ കടന്നുവരുന്ന സംരംഭങ്ങൾക്ക് മികച്ച ഇൻസന്റീവുകളും സബ്‌സിഡികളും മറ്റ് സഹായങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭ്യമാകും. റോബോട്ടിക്‌സ് സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുന്നതിനായി നൂതന റോബോട്ടിക് വാണിജ്യവൽക്കരണ ഗവേഷണ കേന്ദ്രം, ഹ്യൂമണോയിഡ് റോബോട്ട് ഗവേഷണ കേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിന് സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇത് കൂടാതെ റോബോട്ടിക്‌സ്, ഓട്ടോമേഷൻ മേഖലയിലെ കഴിവും ട്രാക്ക് റെക്കോർഡും അടിസ്ഥാനമാക്കി തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റോബോട്ടിക്‌സ് ഇന്നൊവേഷൻ/ഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും. ഇന്ത്യയിൽ നാലാം വ്യവസായ വിപ്ലവ മേഖലയിലെ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഏറ്റവും വളക്കൂറുള്ള മണ്ണാണ് നമ്മുടെ കേരളം. ഇത്രയും വ്യവസായസൗഹൃദമായ മണ്ണ് കേരളത്തിൽ ഒരുക്കുന്നതിൽ നമ്മളൊന്നിച്ച് വിജയം കൈവരിച്ചുകഴിഞ്ഞു. ഇനി സംരംഭങ്ങളെ വരവേൽക്കാം. അതിനുള്ള അടുത്ത ചുവടാണ് ഈ റോബോട്ടിക്‌സ് റൗണ്ട് ടേബിളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ വ്യാജ ലോട്ടറി വില്പന നടത്തുന്ന ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് പോലീസ് നോട്ടീസ് നൽകി. ഇത്തരം ഓൺലൈൻ ലോട്ടറികളുടെ പരസ്യങ്ങൾ ഫേസ്ബുക്കിൽ നിന്ന് നീക്കാൻ മെറ്റയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്.

ഓൺലൈൻ ലോട്ടറിയുടെ 60 വ്യാജ ആപ്പുകളാണ് പോലീസിന്റെ സൈബർ പട്രോളിങിനെത്തുടർന്ന് കണ്ടെത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 25 വ്യാജ ഫേസ് ബുക്ക് പ്രൊഫൈലും 20 വെബ് സൈറ്റുകളും കണ്ടെത്തി.
ഇത്തരം തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കുന്നതാണ്.

കേരള മെഗാമില്യൺ ലോട്ടറി, കേരള സമ്മർ സീസൺ ധമാക്ക എന്നീ പേരുകളിൽ സമൂഹമാധ്യമങ്ങൾ വഴി കേരള സംസ്ഥാന ലോട്ടറി ഓൺലൈൻ ആയി എടുക്കാം എന്ന വ്യാജപരസ്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്‌സ്ആപ്പ്, ടെലഗ്രാം, ഇൻസ്റ്റാഗ്രാം മുതലായ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. കേരള സർക്കാർ ഓൺലൈൻ ലോട്ടറി ആരംഭിച്ചെന്നും 40 രൂപ മുടക്കിയാൽ 12 കോടി രൂപ വരെ നേടാമെന്നുമുള്ള സന്ദേശമാണ് ലഭിക്കുക. സന്ദേശത്തിൽ പറയുന്ന നമ്പറിലേയ്ക്ക് 40 രൂപ അയച്ചാൽ വാട്‌സ്ആപ്പിലേയ്ക്ക് വ്യാജ ലോട്ടറി ടിക്കറ്റ് ചിത്രം അയച്ചുനൽകും. നറുക്കെടുപ്പിന്റെ സമയം കഴിയുമ്പോൾ കൃത്രിമമായി നിർമ്മിച്ച നറുക്കെടുപ്പ് ഫലം തട്ടിപ്പുകാർ അയച്ചുനൽകുകയും ഫലം പരിശോധിക്കുമ്പോൾ കൈവശമുള്ള ടിക്കറ്റിന് അഞ്ചു ലക്ഷം രൂപ സമ്മാനം ലഭിച്ചതായി കാണിക്കുകയും ചെയ്യും.
ഇതോടെ തട്ടിപ്പിന്റെ അടുത്തഘട്ടം ആരംഭിക്കുന്നു. സർക്കാർ പ്രതിനിധിയെന്നു പരിചയപ്പെടുത്തിക്കൊണ്ട് ഒരാൾ ഫോണിൽ വിളിക്കുകയും സമ്മാനത്തുക ലഭിക്കാൻ ജി എസ് ടി, സ്റ്റാമ്പ് ഡ്യൂട്ടി എന്നീ ആവശ്യത്തിനായി പണം ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

ഇങ്ങനെ പണം ട്രാൻസ്ഫർ ചെയ്തുകഴിയുമ്പോൾ റിസർവ്വ് ബാങ്ക് സമ്മാനത്തുക പിടിച്ചുവച്ചിരിക്കുന്നതായും സമ്മാനം കൈമാറാനായി കൂടുതൽ പണം വേണമെന്നും ആവശ്യപ്പെടുന്നു. ഓരോ ചുവടും വിശ്വസനീയമായി തോന്നിക്കാനായി കൃത്രിമമായി നിർമ്മിച്ച രേഖകളും വീഡിയോകളും ഇരകൾക്ക് നൽകുന്നു.

ഇത്തരത്തിൽ വളരെ വിശ്വസനീയമായി തോന്നിപ്പിക്കുന്ന രീതിയിൽ നടത്തുന്ന വ്യാജഭാഗ്യക്കുറിയുടെ ഓൺലൈൻ തട്ടിപ്പിന് ഇരയാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണം. സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ പോലീസിനെ വിവരം അറിയിക്കണം.

പാലക്കാട്: ജനതാദൾ പ്രവർത്തകരെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിൽ ആറുപേരെ വെറുതെ വിട്ടു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവരെയാണ് വെറുതെ വിട്ടത്.

സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു, പ്രവർത്തകരായ അത്തിമണി അനിൽ, കൃഷ്ണൻകുട്ടി, ഷൺമുഖൻ, പാർഥൻ, ഗോകുൽദാസ് എന്നിവരെയാണ് വെറുതെ വിട്ടത്. വണ്ടിത്താവളം സ്വദേശികളും ജനതാദൾ പ്രവർത്തകരുമായ ശിവദാസ്, കറുപ്പസ്വാമി എന്നിവരെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് അതിവേഗ കോടതിയുടെ വിധി.

2002 ൽ ശിവദാസും, കറുപ്പസ്വാമിയും സഞ്ചരിച്ചിരുന്ന ബൈക്കിൽ ജീപ്പിടിച്ചായിരുന്നു കൊലപാതകം നടന്നത്.

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും ഒത്തുച്ചേർന്ന് നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിനിമ മേഖലയിൽ മാത്രമല്ല, ബാങ്കിംഗ് മേഖലയിലും മറ്റ് എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകൾക്കെതിരെ ഇത്തരം അക്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇതൊക്കെ കണ്ടെത്തി പരിഹാരം ഉറപ്പാക്കണം. എല്ലാം പരിശോധിച്ച് കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാത്തിനും തിരുത്തൽ നടപടികളുണ്ടാകും. അതിനാണ് ഭരണ സംവിധാനങ്ങളുള്ളത്. ഒരു കോടിയും പത്ത് കോടിയും വാങ്ങുന്നവന്റെയല്ല, സിനിമാ മേഖല. 2,000 രൂപ ദിവസക്കൂലി വാങ്ങി മടങ്ങുന്ന കുറച്ച് ആളുകളുടെയും ഇടമാണിത്. ഇവിടെ ഒരു ചെറിയ കാര്യത്തെ പെരുപ്പിച്ച് കാണിച്ചാലും ആ മേഖലയുടെ മുഴുവൻ നിലനിൽപ്പിനെയാണ് ബാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറം: പി വി അൻവർ എംഎൽഎക്കെതിരെ രൂക്ഷ വിമർശനം. ജില്ല പൊലീസ് മേധാവി എസ് ശശീധരനെ പൊതുവേദിയിൽ അപമാനിച്ച നടപടിയിലാണ് പ്രതിഷേധം ശക്തമാകുന്നത്. പി വി അൻവർ എംഎൽഎക്കെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കി. അൻവർ പ്രസ്താവന പിൻവലിച്ച് പൊതുമദ്ധ്യത്തിൽ മാപ്പ് പറയണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

മലപ്പുറം എസ്.പിയെ പല മാർഗത്തിൽ കൂടി സ്വാധീനിക്കാൻ ശ്രമിച്ചതായി പി.വി അൻവർ എംഎൽഎ പരസ്യമായി സമ്മതിക്കുകയായിരുന്നു. നിയമവ്യവസ്ഥ ഉയർത്തി പിടിക്കാൻ എംഎൽഎ തയ്യാറാകണം. പി വി അൻവർ പ്രസ്താവന പിൻവലിച്ച് പൊതുമദ്ധ്യത്തിൽ മാപ്പ് പറയണമെന്നും പ്രമേയത്തിൽ പറയുന്നു. എംഎൽഎക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും അസോസിയേഷൻ അറിയിച്ചു.

പൊലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളന വേദിയിൽ വെച്ചാണ് മലപ്പുറം എസ്പി എസ് ശശീധരനെ അൻവർ അധിക്ഷേപിച്ചത്. എസ്പി പരിപാടിക്ക് എത്താൻ വൈകിയതാണ് എംഎൽഎയെ പ്രകോപ്പിച്ചത്.

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന്റെ നിലപാട് സുതാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മൊഴി നൽകിയ ഏതെങ്കിലും വനിത പരാതി നൽകാൻ തയാറായി മുന്നോട്ടു വന്നാൽ സർക്കാരിൽ നിന്ന് ഉചിതമായ ഇടപെടലുണ്ടാകും. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ എത്ര ഉന്നതനായാലും നിയമത്തിനു മുന്നിലെത്തിക്കും. അതിൽ ഒരു തരത്തിലുള്ള സംശയവും ആർക്കും വേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹേമ കമ്മറ്റി റിപ്പോർട്ടിൽ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങൾ ഉള്ളതിനാൽ പുറത്ത് വിടാൻ പാടില്ല എന്ന് ആവശ്യപ്പെട്ട് കൊണ്ട് ജസ്റ്റിസ് ഹേമ തന്നെ സർക്കാരിന് 2020 ഫെബ്രുവരി 19ന് കത്ത് നൽകിയിരുന്നു. അന്നത്തെ സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കത്ത് നൽകിയത്. തങ്ങളുടെ കമ്മറ്റി മുൻപാകെ സിനിമാ മേഖലയിലെ ചില വനിതകൾ നടത്തിയത് തികച്ചും രഹസ്യാത്മകമായ വെളിപ്പെടുത്തലുകൾ ആണ്. ആയതിനാൽ യാതൊരു കാരണവശാലും താൻ അടങ്ങുന്ന കമ്മറ്റി തയ്യാറാക്കിയ റിപ്പോർട്ട് പുറത്ത് വിടാൻ പാടില്ല എന്ന് ജസ്റ്റിസ് ഹേമ കത്തിൽ ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന വിവരങ്ങൾ പങ്കിടാൻ കഴിയാത്ത സാഹചര്യത്തിൽ വിവരാവകാശ നിയമ പ്രകാരം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് വന്ന അപേക്ഷകൾ സാസ്‌കാരിക വകുപ്പിന്റെ മുഖ്യവിവരാവകാശ ഓഫീസർ നിരസിച്ചു. അതിനെതിരെ റിപ്പോർട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് ഒരു മാധ്യമപ്രവർത്തകൻ 2020 ൽ തന്നെ വിവരാവകാശ കമ്മീഷനെ സമീപ്പിച്ചിരുന്നു. റിപ്പോർട്ടിൽ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങൾ ഉള്ളതിനാൽ വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് പുറത്ത് വിടാൻ കഴിയില്ലെന്ന് 2020 ഒക്ടോബർ 22 ന് കമ്മീഷൻ ചെയർമാൻ വിൻസൺ എം പോൾ ഉത്തരവ് ഇട്ടു. കമ്മിറ്റിയുടെ നിർദ്ദേശങ്ങളും പരിഹാര നടപടികളും പ്രത്യേക ഭാഗത്തായി നൽകിയിരുന്നില്ല. സാക്ഷി മൊഴികളും പരിശോധനാ വിധേയമാക്കിയതിന്റെ ഭാഗമായിട്ടാണ് റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്നതിനാൽ വെളിപ്പെടുത്തേണ്ടവ ഏതെന്ന് വിഭജിച്ച് എടുത്ത് ചൂണ്ടിക്കാട്ടുക അസാധ്യമാണെന്നു നിരീക്ഷിക്കുക കൂടി ചെയ്തു കൊണ്ടാണ് റിപ്പോർട്ട് വെളിപ്പെടുത്താൻ നിർവ്വാഹമില്ലെന്ന് വിവരാവകാശ കമ്മീഷൻ വ്യക്തമാക്കിയത്.

2020 ൽ പുറപ്പെടുവിച്ച ആ ഉത്തരവിനെ ഓവർ റൂൾ ചെയ്താണ് വിവരാവകാശ കമ്മീഷൻ റിപ്പോർട്ട് പരസ്യപ്പെടുത്താൻ 2024 ജൂലൈ 7 ന് സർക്കാരിന് നിർദേശം നൽകിയത്. വിവരാവകാശ നിയമപ്രകാരം സ്വകാര്യതാ ലംഘനം ഉളള ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പരസ്യപ്പെടുത്താനായിരുന്നു കമ്മീഷൻ നിർദേശം. അവ ഏതെല്ലാം എന്ന് പരിശോധിച്ച് റിപ്പോർട്ട് പരസ്യപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്ന ഘട്ടത്തിലാണ് തടസ്സഹർജിയുമായി ഒരു നിർമ്മാതാവ് ഹൈക്കോടതിയെ സമീപിക്കുന്നത്. റിപ്പോർട്ട് പുറത്ത് വിടുന്നതിനെതിരെ ഹൈക്കോടതി ആദ്യം സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചു. പിന്നീട് ആ സ്റ്റേ വെക്കേറ്റ് ചെയ്യപ്പെട്ടു. ഇതോടെ വീണ്ടും റിപ്പോർട്ട് പുറത്ത് വിടാൻ തയ്യാറെടുക്കുന്നതിനിടെയാണ് മറ്റൊരു തടസ്സഹർജിയുമായി നടി ഹൈക്കോടതിയെ സമീപിച്ചത്. അതിൻമേലുളള നിയമതടസ്സങ്ങൾ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. അതിന് പിന്നാലെ റിപ്പോർട്ട് പുറത്ത് വന്നു. റിപ്പോർട്ട് പുറത്ത് വരുന്നത് ഒരു തരത്തിലും സർക്കാരിന് എതിർപ്പ് ഉളള കാര്യമല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കംപ്യൂട്ടർ പരിജ്ഞാനമുള്ള ഒരു സ്റ്റെനോഗ്രാഫറുടെ സഹായം പോലും ഇല്ലാതെയാണ് ഹേമ കമ്മിറ്റി ഈ റിപ്പോർട്ട് തയ്യാറാക്കിയത് എന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. സാക്ഷികൾ കമ്മറ്റിക്ക് മുമ്പാകെ പറഞ്ഞ പല കാര്യങ്ങളും അതീവ രഹസ്യസ്വഭാവമുള്ളവയാണ്. ആ വിശദാംശങ്ങൾ കമ്മിറ്റിയുമായി പങ്കുവെച്ചത് സാക്ഷികൾ തങ്ങളിൽ അർപ്പിച്ച വിശ്വാസംകൊണ്ടാണെന്നും കമ്മിറ്റി വ്യക്തമാക്കുന്നു. ആ വിശ്വാസം കാത്തുസൂക്ഷിക്കാനാണ് പ്രൊഫഷണൽ ടൈപ്പിംഗ് അറിയാഞ്ഞിട്ടും കമ്മിറ്റി അംഗങ്ങൾ സ്വന്തമായി തന്നെ ടൈപ്പ് ചെയ്തത് എന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. വ്യക്തികൾ കമ്മിറ്റിക്ക് മുൻപാകെ വെളിപ്പെടുത്തിയ ഏതെങ്കിലും വിവരങ്ങൾ ചോർന്ന് വിവാദമാകുന്നത് തടയേണ്ടതിന്റെ അനിവാര്യത റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നർത്ഥം. സിനിമയിൽ നിന്നുള്ള നിരവധി വ്യക്തികൾ കമ്മിറ്റിക്ക് മുമ്പാകെ ഉന്നയിച്ച വിവിധ ആരോപണങ്ങളുടെ സെൻസിറ്റീവ് സ്വഭാവവും അവ പരസ്യമായാൽ അവർ അഭിമുഖീകരിക്കേണ്ടി വന്നേക്കാവുന്ന പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് സാക്ഷികളുടെ മൊഴികൾക്ക് പരിപൂർണമായും രഹസ്യാത്മകത ഉറപ്പുവരുത്താൻ കമ്മിറ്റി ശ്രമിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ഇതൊക്കെ വസ്തുതയായിരിക്കെ, സർക്കാർ പൂഴ്ത്തിവെച്ചു എന്ന ആരോപണത്തിൽ അർഥമില്ല. സർക്കാരിന് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും തുടർന്നും ചെയ്യും. ചലച്ചിത്ര മേഖലയിലെ എല്ലാത്തരം നിയമ വിരുദ്ധ – സ്ത്രീ വിരുദ്ധ പ്രവണതകളെയും ശക്തമായി തന്നെ നേരിടുമെന്നും അതിനുള്ള നിശ്ചയ ദാർഢ്യം തെളിയിച്ച സർക്കാരാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലീസ് റിപ്പോർട്ട് വാങ്ങിയിട്ടും ഒരു നടപടിയും എടുത്തിട്ടില്ല എന്നത് വസ്തുതകളെ വളച്ചൊടിച്ച നടത്തുന്ന മറ്റൊരു പ്രചാരണമാണ്. വനിതാ കമ്മീഷന്റെ ഒരു കത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സാംസ്‌കാരിക വകുപ്പിനോട് റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടത്. എന്നാൽ രഹസ്യമായി സൂക്ഷിക്കണം എന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്ന ഒരു രേഖയാണ് പൊലീസിന് ലഭിച്ചത്. ഇതിലെ ഏതെങ്കിലും വിഷയം കേസെടുത്ത് അന്വേഷിക്കണമെന്ന ശുപാർശ ഹേമ കമ്മിറ്റി വെച്ചിട്ടില്ല. അതിനപ്പുറം, മൊഴി നൽകിയവരുടെ സ്വകാര്യത സംരക്ഷിക്കണം എന്ന ആവശ്യവും ഉണ്ട്.

എന്നാൽ, നടി ആക്രമിക്കപ്പെട്ട സംഭവം ഉൾപ്പെടെ ചലച്ചിത്ര രംഗത്തു ഉയർന്ന ഒരു വിഷയവും നിയമ നടപടി ഇല്ലാതെ പോയിട്ടില്ല. വാഹനത്തിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കേരളാ പോലീസ് എടുത്ത നിലപാട് പ്രത്യേകം ഓർമ്മിപ്പിക്കേണ്ടതില്ലല്ലോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പീഡന പരാതികളിൽ നടിമാർ നൽകുന്ന പരാതികളിൽ കേസെടുത്ത് അന്വേഷണം നടത്താൻ പോലീസ് ഒരു ഘട്ടത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. സിനിമയിൽ അവസരം നൽകാം എന്ന് വാഗ്ദാനം ചെയ്ത് ഒരു സംവിധായകൻ പീഡിപ്പിച്ചു എന്ന് ഒരു സ്ത്രീ കഴിഞ്ഞ വർഷം പരാതി നൽകി. ഉടനടി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിനിമയിൽ അഭിനയിപ്പിക്കാം എന്ന് വാഗ്ദാനംചെയ്ത് പീഡനം നടത്തിയ പ്രമുഖ നടനെതിരെ കേസെടുത്തു. നടിയോട് ലൈംഗിക താൽപ്പര്യത്തോടെ സമ്മർദ്ദം ചെലുത്തിയ മറ്റൊരു നടനെതിരെയും കേസെടുത്തു.

പോക്‌സോ കേസിൽ മറ്റൊരു നടനെതിരെയും,പീഡന പരാതിയിൽ മറ്റൊരു സംവിധായകനെതിരെയും കേസെടുത്തത് സമീപ കാലത്താണ്. ഇത് മാത്രമല്ല സിനിമക്കുള്ളിലെ സാമ്പത്തിക വഞ്ചന, പകർപ്പവകാശ ലംഘനം, സൈബർ അധിക്ഷേപം തുടങ്ങിയ പല വിധ പരാതികളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് നൽകിയ പരാതിയിൽ പഴയൊരു സംവിധാകനെതിരെ ഐടി ആക്റ്റ് പ്രകാരവും, ജീവന് ഭീഷണി ഉണ്ടെന്ന് കാട്ടി പ്രമുഖയായ നടി നൽകിയ പരാതിയിൽ പ്രസിദ്ധനായ മറ്റൊരു പരസ്യ സംവിധായനെതിരെയും കേസെടുത്തു. നടിയെ ഫോണിലൂടെ തുടർച്ചയായി ശല്യം ചെയ്ത സംഭവത്തിൽ വേറൊരു സംവിധായനെതിരെ കേസെടുത്തു. ഇങ്ങനെ പരാതി ലഭിച്ച എല്ലാകേസിലും മുഖം നോക്കാതെയുള്ള നടപടിയാണ് പോലീസ് സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൊച്ചി: ശബരിമലയിലെ ഭസ്മ കുളത്തിന്റെ നിർമ്മാണം ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. തുടർ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ടാഴ്ച്ചത്തേക്കാണ് ഇടക്കാല ഉത്തരവ് നൽകിയിരിക്കുന്നത്. സത്യവാങ്മൂലം സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയോട് സാവകാശം തേടിയിട്ടുണ്ട്.

കേസ് രണ്ടാഴ്ച്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് ശബരിമലയിൽ പുതിയതായി പണി കഴിപ്പക്കുന്ന ഭസ്മ കുളത്തിന്
തറക്കല്ലിട്ടത്. മകര ജ്യോതി, ശബരി ഗസ്റ്റ് ഹൗസുകൾക്ക് സമീപമാണ് പുതിയ ഭസ്മകുളം നിർമ്മിക്കുന്നത്. പൂർണ്ണമായും ആധുനിക ശുദ്ധീകരണ സംവിധാനങ്ങളോട് കൂടിയാണ് ഭസ്മ കുളം സമർപ്പിക്കുന്നത്.

തിരുവനന്തപുരം പൂജപ്പുര സ്വദേശിയും ശിൽപ്പിയുമായ എം ആർ രാജേഷാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.