General (Page 130)

കൊല്ലം: പേവിഷബാധയ്ക്കുള്ള സാഹചര്യം സംസ്ഥാനത്ത് പരിപൂർണ്ണമായി ഒഴിവാക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണവും ക്ഷീരവികസനവും വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. ഇതിനായി തെരുവ് നായ്ക്കൾക്കും വളർത്തുമൃഗങ്ങൾക്കും വാക്സിൻ എടുക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ നടപ്പാക്കും. തെരുവ് നായ്ക്കളെ വന്ധ്യം കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തും. വളർത്തുമൃഗങ്ങളുടെ കടിയേറ്റാൽ ചികിത്സ തേടാതെ അവഗണിക്കുന്നത് പേ വിഷബാധയേറ്റുള്ള മരണങ്ങൾക്ക് പോലും കാരണമാകാറുണ്ട്. ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ജാഗ്രത ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. കൊല്ലം ജില്ലയിൽ നടപ്പിലാക്കുന്ന റാബീസ് ഫ്രീ കൊല്ലം പദ്ധതിയുടെ ഉദ്ഘാടനം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിന് സമീപം നടത്തിയ ചടങ്ങിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

2030 ഓടെ ജില്ലയിൽ തെരുവ് നായ്ക്കളുടെ ഉപദ്രവം പൂർണ്ണമായി ഇല്ലാതാക്കുന്നതിനും പേവിഷബാധ ഉണ്ടാകുന്നതിനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ടാണ് കമ്പാഷൻ ഫോർ ആനിമൽ വെൽഫെയർ അസോസിയേഷൻ എന്ന സംഘടനയുടെ കൂടി സഹകരണത്തോടെ കൊല്ലം മുനിസിപ്പൽ കോർപ്പറേഷനും മൃഗസംരക്ഷണ വകുപ്പും ചേർന്ന് റാബിസ് ഫ്രീ കൊല്ലം പദ്ധതി നടപ്പിലാക്കുന്നത്. ദേശീയ ക്ഷീരവികസന ബോർഡിന്റെ സ്ഥാപനമായ ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ് ഹൈദരാബാദിന്റെ സഹായവും ഈ പദ്ധതിക്കുണ്ട്. തെരുവ് നായ്ക്കൾക്ക് വാക്സിൻ നൽകുന്നതിനുള്ള മൊബൈൽ യൂണിറ്റിന്റെ ഫ്ളാഗ് ഓഫ് കർമ്മവും മന്ത്രി നിർവഹിച്ചു.

മേയർ പ്രസന്ന ഏണസ്റ്റ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പവിത്ര യു പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെ സർക്കാർ ബഹുമാനിക്കുമെന്ന് കരുതുന്നെന്ന് ഗവർണർ പറഞ്ഞു. സ്ത്രീകളെ വിനോദോപാധി മാത്രമായി കാണുന്ന പ്രശ്‌നം അതീവ ഗുരുതരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കടുത്ത നിയമനടപടികൾ സ്വീകരിക്കണം. റിപ്പോർട്ടിൽ പേരുകൾ ഉണ്ടെങ്കിൽ അന്വേഷണ ഏജൻസിക്ക് നടപടി സ്വീകരിക്കാം. മുഴുവൻ റിപ്പോർട്ട് ഹൈക്കോടതി ചോദിച്ച സ്ഥിതിക്ക് സ്വാഭാവികമായും നടപടികൾ ഉണ്ടാകുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതിയുടെ മുന്നിലേക്ക് വന്ന് കഴിഞ്ഞുവെന്നും ഇനിയുള്ള നടപടികൾ കോടതി തീരുമാനിക്കുമെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പ്രതികരിച്ചിരുന്നു. ക്രിമിനൽ ഭാഗമാണ് ഹൈക്കോടതി പരിശോധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതിയുടെ മുന്നിലേക്ക് വന്ന് കഴിഞ്ഞുവെന്നും ഇനിയുള്ള നടപടികൾ കോടതി തീരുമാനിക്കുമെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ക്രിമിനൽ ഭാഗമാണ് ഹൈക്കോടതി പരിശോധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആർക്കെങ്കിലുമെതിരെ ആക്രമണങ്ങളോ മറ്റ് വഴിവിട്ട ബന്ധങ്ങളോ നടന്നിട്ടുണ്ടോ എന്ന് കോടതി പരിശോധിക്കും. സർക്കാർ ഭരണപരമായ കാര്യങ്ങളാണ് പരിശോധിച്ചത്. അതിന്റെ ഭാഗമായി എല്ലാ തലത്തിലുള്ള ചർച്ചകളും നടക്കുന്നുണ്ട്. കോൺക്ലേവ് നടത്താനാണ് സർക്കാർ തീരുമാനം. നവംബർ 23, 24, 25 തീയിതകളിൽ കോൺക്ലേവ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിക്കുന്നതിന് മുമ്പ് തന്നെ സർക്കാർ തീരുമാനിച്ച കാര്യമാണിതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചു.

കോൺക്ലേവിനായുള്ള സർക്കാർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. സിനിമ- സീരിയൽ രം?ഗത്ത് വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണെന്ന് സർക്കാർ കൂടിയാലോചിച്ച് തീരുമാനിക്കും. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ തങ്ങൾ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഴ്സോ: സമാധാനപരമായ ചർച്ചകളിലൂടെ രാജ്യങ്ങൾക്കിടയിലുള്ള ഐക്യം പുനഃസ്ഥാപിക്കാൻ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് യുദ്ധങ്ങൾ നടത്തേണ്ട കാലമല്ലെന്ന് അദ്ദേഹം പറഞ്ഞു. യുക്രെയ്ൻ സന്ദർശനത്തിന് മുന്നോടിയായി പോളണ്ടിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ആഗ്രഹിക്കുന്നത് ഇത് യുദ്ധത്തിന്റെ കാലമല്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കാനാണ്. ബുദ്ധന്റെ പാരമ്പര്യമുള്ള രാജ്യമാണ് ഭാരതം. ശാശ്വത സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. മനുഷ്യരാശിക്ക് ഭീഷണിയാകുന്ന വെല്ലുവിളികൾക്കെതിരെ ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. അതിനാൽ സമാധാനപരമായ ചർച്ചകൾക്കും, നയതന്ത്ര ബന്ധങ്ങൾക്കും ഇന്ത്യ കൂടുതൽ പ്രാധാന്യം നൽകുന്നു. ഒരുമിച്ച് നിന്ന് വെല്ലുവിളികളെ നേരിടാൻ സാധിക്കണം. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് മനസിലാക്കാനുള്ള ആർജ്ജവമാണ് എല്ലാ രാജ്യങ്ങൾക്കിടയിലും വേണ്ടത്. യുദ്ധകാലത്ത് യുക്രെയ്ൻ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിൽ പോളണ്ട് പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം മുദ്രവച്ച കവറിൽ ഹാജരാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സെപ്റ്റംബർ 10ന് കോടതിയിൽ ഹാജരാകാനാണ് നിർദേശം. എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ കഴിയുമെന്നത് അടക്കം വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരിക്കുന്നത്.

അതേസമയം, കേസിൽ വനിതാ കമ്മീഷനെയും കക്ഷി ചേർത്തു. കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്‌നങ്ങളെന്ന് കോടതി നിരീക്ഷിച്ചു. കുറ്റകൃത്യം നടന്നെങ്കിൽ കേസെടുത്തു കൂടെയെന്ന് കോടതി ചോദിച്ചു. കേസ് എടുക്കണമെന്ന ഹർജിയിൽ സർക്കാരിന്റെ നിലപാട് എന്താണെന്ന ചോദ്യവും കോടതി മുന്നോട്ടുവെച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റങ്ങൾ ഉണ്ടോ. മൊഴി തന്നവരുടെ പേരുകൾ സർക്കാരിന്റെ പക്കലുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ അത് കോൺഫിഡൻഷ്യൽ ആണെന്ന് സർക്കാർ മറുപടി നൽകി.

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗവൺമെന്റിന് കൃത്യമായ നിലപാടുണ്ടെന്നും റിപ്പോർട്ടിന്മേൽ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി കെ എൻ ബാലഗോപാൽ. വനിതകളുടെ അടക്കം പരാതികൾ പഠിച്ച ശേഷമുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. പരിഷ്‌കരിച്ച നിയമങ്ങൾ നിലവിലുണ്ട്. റിപ്പോർട്ട് സർക്കാർ പിടിച്ചു വച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു.

പുറത്ത് വിടുന്നതിന് നേരത്തെ നിയമപരമായ തടസങ്ങൾ ഉണ്ടായിരുന്നു. വിഷയത്തിൽ പ്രതിപക്ഷം കണ്ണടച്ചു രാഷ്ട്രീയമായി എതിർക്കുകയാണ്. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം : ഭൂമി രജിസ്ട്രേഷൻ, അളവ്, പോക്കുവരവ് എന്നിവയെല്ലാം പൂർണമായി ഓൺലൈനാകുന്നു. രജിസ്ട്രേഷൻ, റവന്യൂ, സർവേ വകുപ്പുകളിൽ നടന്നിരുന്ന ഭൂ സേവനങ്ങൾ ­ഒറ്റ പോർട്ടലിലേക്ക് മാറ്റുന്നതോടെ ഈ മൂന്ന് കാര്യങ്ങളും വീട്ടിലിരുന്ന് ചെയ്യാനാകുമെന്നതാണ് നേട്ടം. ഭൂമിയിടപാടിന് മുൻപായി വിൽക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ തണ്ടപ്പേർ സർട്ടിഫിക്കറ്റിന് വേണ്ടി റവന്യൂ വകുപ്പിനും സ്‌കെച്ചിനായി സർവേ വകുപ്പിനും അപേക്ഷ നൽകണം

ഇവ കിട്ടിയാൽ രജിസ്ട്രേഷനിലേക്ക് കടക്കാം. ആധാരത്തിന്റെ വിവിധ മാതൃകകൾ പോർട്ടലിൽ ഉണ്ടാകും. തങ്ങൾക്ക് അനുയോജ്യമായ മാതൃക ആധാരത്തിൽ വ്യക്തിവിവരങ്ങൾ ചേർത്താൽ മതി. ആധാരമെഴുത്തുകാരുടെ സഹായത്തോടെയും ഇത് ചെയ്യാംഇ- സ്റ്റാമ്പിനും രജിസ്ട്രേഷനുമുള്ള ഫീസ് ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് നേരിട്ട് അടയ്ക്കണം.

ഇടനിലക്കാരെ ഒഴിവാക്കാനും അധിക ഫീസ് വാങ്ങാതിരിക്കാനുമാണിത്. ആധാരമെഴുത്ത് പൂർത്തിയായാൽ ഒപ്പിടുന്നതിന് ഉടമ സബ് രജിസ്ട്രാർ ഓഫീസിൽ പോകേണ്ടിവരും. സബ് രജിസ്ട്രാർ ഓഫീസിൽ എത്താതെ രജിസ്ട്രേഷൻ നടത്തുന്ന സംവിധാനം കൊണ്ടുവരാനും ശ്രമം നടക്കുന്നുണ്ട്.രജിസ്ട്രേഷൻ നടക്കുമ്പോൾ തന്നെ സർവേ, റവന്യൂ രേഖകളിൽ പുതിയ ഉടമയുടെ പേരും വിവരങ്ങളും രേഖപ്പെടുത്തും.

അതുകൊണ്ടുതന്നെ പോക്കുവരവ് ചെയ്യാൻ പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. സ്ഥലപരിശോധന ആവശ്യമുള്ള പോക്കുവരവ് കേസുകളിൽ, ഉദ്യോഗസ്ഥ സംഘത്തിന് തത്സമയം തന്നെ അറിയിപ്പ് നൽകും. ഐ.എൽ.എം.ഐ.എസ്. പോർട്ടൽ വഴി ഓൺലൈനായി മൂന്നു വകുപ്പുകൾക്കുമുള്ള ഫീസ് അടയ്ക്കാം.

അഹമ്മദാബാദ്: അന്ധ വിശ്വാസങ്ങളും ദുരാചാരങ്ങളും തടയാൻ ലക്ഷ്യമിട്ടുള്ള നടപടികളുമായി ഗുജറാത്ത്. ഇതിനായി ഗുജറാത്ത് നിയമസഭ ബിൽ പാസാക്കി. പ്രിവൻഷൻ ആൻഡ് എറാഡിക്കേഷൻ ഓഫ് ഹ്യൂമൻ സാക്രിഫൈസ് ആൻഡ് അതർ ഇൻഹ്യൂമൻ, എവിൾ ആൻഡ് അഘോരി പ്രാക്ടീസസ് ആൻഡ് ബ്ലാക്ക് മാജിക് ബിൽ 2024 എന്നിവയാണ് ഗുജറാത്ത് നിയമസഭ ബുധനാഴ്ച ഏകകണ്ഠമായി പാസാക്കിയത്.

നിയമത്തിന്റെ പിൻബലത്തോടെ നരബലി അടക്കമുള്ള ദുർമന്ത്രവാദങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. മന്ത്രവാദത്തിന്റെ പേരിൽ അതിമാനുഷിക ശക്തി അവകാശപ്പെട്ട് ആളുകളെ വഞ്ചിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

വിശ്വാസത്തിന്റെ പേരിൽ ആളുകളെ ചൂഷണം ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരെക്കൊണ്ട് സമൂഹം നിറഞ്ഞിരിക്കുന്നു. ഇത്തരക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ലക്ഷ്യമിടുന്നു. നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്ന ആളുകൾക്ക് ആറ് മാസത്തിൽ കുറയാത്തതും ഏഴ് വർഷം വരെ നീളുന്നതുമായ ജയിൽ ശിക്ഷയും 5,000 മുതൽ 50,000 രൂപ വരെ പിഴയും ചുമത്തുമെന്നാണ് ബില്ലിൽ പറയുന്നത്. വിജ്ഞാപനം പുറപ്പെടുവിച്ച് 30 ദിവസത്തിനുള്ളിൽ നിയമത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങൾ രൂപീകരിക്കും.

തിരുവനന്തപുരം: നവംബറിൽ തിരുവനന്തപുരത്ത് ബിഎംഡബ്ല്യു അടക്കമുള്ള കമ്പനികളുമായി സഹകരിച്ച് ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ സംബന്ധിച്ച റൗണ്ട് ടേബിൾ കോൺഫറൻസ് നടത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ബിഎംഡബ്ല്യു പ്രതിനിധികളുമായി തിരുവനന്തപുരം ഹിൽട്ടൺ ഗാർഡനിൽ നടന്ന ചർച്ചയ്ക്ക് ശേഷം മാധ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരത്തെ ഓട്ടോമോട്ടീവ് ടെക്‌നോളജി ഹബ്ബാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സർക്കാറും കെഎസ് ഐഡിസിയും. ഇതിന്റെ ഭാഗമായാണ് ബിഎംഡബ്ല്യു പ്രതിനിധികളുമായി പ്രാഥമിക ചർച്ച നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ബി എം ഡബ്ല്യു അടക്കമുള്ള കമ്പനികൾക്ക് ഓട്ടോമോട്ടീവ് സോഫ്റ്റ് വെയറുകൾ വികസിപ്പിച്ചുനൽകുന്ന കേരള കമ്പനിയായ ആക്‌സിയ ടെക്‌നോളജീസ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് തിരുവനന്തപുരം ചാർട്ടറുമായി സഹകരിച്ചാണ് റൗണ്ട് ടേബിൾ സംഘടിപ്പിക്കുന്നത്. പരിപാടിയിൽ ബിഎംഡബ്ല്യുവിനെക്കൂടാതെ ജർമ്മൻ, സ്വീഡിഷ് ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ കമ്പനികളും പങ്കെടുക്കും.

കേരളത്തിൽ നിക്ഷേപം നടത്തുന്നതിന് സന്നദ്ധരായി ലോകത്തെമ്പാടമുള്ള നിരവധി പ്രമുഖ സാങ്കേതികവിദ്യ കമ്പനികൾ മുന്നോട്ടുവരുന്നതായി മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും വലിയ വ്യവസായ വികസനം നടക്കുകയാണ്. കേരളം വ്യവസായ രംഗത്ത് മുന്നേറുന്ന സാഹചര്യം സംരംഭകരിലും വലിയ ആത്മവിശ്വാസമാണ് പകരുന്നത്. കൊച്ചിയെ ജനറേറ്റീവ് എഐ ഹബ്ബും ആലപ്പുഴയെ മാരിടൈം ഹബ്ബുമാക്കാനുള്ള ശ്രമങ്ങളിലാണ് സർക്കാർ. ഇടുക്കിയും വയനാടും അടക്കമുള്ള ജില്ലകളിൽ നിക്ഷേപം വരുന്നുണ്ട്. 50000 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് സമീപകാലത്തുണ്ടായതായും മന്ത്രി ചൂണ്ടിക്കാട്ടി. ബി എം ഡബ്ല്യു മുൻ വിദഗ്ധനും ആക്‌സിയ സ്ട്രാറ്റജിക് അഡൈ്വവസറുമായ സ്റ്റെഫാൻ ജുറാഷേക് കേരളത്തിൽ നിക്ഷേപം നടത്തുന്നതിനുള്ള വിവിധ സാധ്യതകൾ ആരാഞ്ഞു. മൂന്ന് പതിറ്റാണ്ട് ബി എം ഡബ്ല്യൂവിൽ ഇലക്ട്രിക് മൊബിലിറ്റി, വെഹിക്കിൾ ഡൈനാമിക്‌സ്, ഇലക്ട്രിക് പവർട്രെയിൻ തുടങ്ങിയ മേഖലകളിൽ സേവനമനുഷ്ടിച്ചിട്ടുള്ള സ്റ്റെഫാൻ കമ്പനിയുടെ ഗവേഷണ, വികസന വിഭാഗം വൈസ് പ്രസിഡന്റുമായിരുന്നു. ബി എം ഡബ്ല്യു പ്രതിനിധികളായ ക്രിസ്റ്റീന ഹെയ്ൻ, ഹെർമൻ ഫെരേര, ആക്‌സിയ ടെക്‌നോളജീസ് സ്ഥാപകനും സി.ഇ.ഒയുമായ ജിജിമോൻ ചന്ദ്രൻ, വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്‌ഐഡിസി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ ആർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും ഓൺലൈനായും ഓഫ്ലൈനായും ചർച്ചകൾ തുടരുമെന്നും വ്യവസായ, വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചർച്ചകൾ ഏകോപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: സർക്കാർ അഭിഭാഷകരിലൂടെയാണ് ജനങ്ങൾ സർക്കാരിനെ കാണുന്നതെന്നും എല്ലാ സർക്കാർ കേസുകളിലും വിജയിക്കാനാകണമെന്നും നിയമ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സംസ്ഥാനത്തെ 14 ജില്ലകളിലെയും ഗവ. പ്ലീഡർമാർക്കുള്ള ലാപ് ടോപ് വിതരണം തിരുവനന്തപുരം ഹിൽട്ടൺ ഗാർഡനിൽ സംഘടിപ്പിച്ച ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സാധാരണക്കാരെ കോടതികളുമായി അടുപ്പിക്കാൻ സാങ്കേതികവിദ്യയെ ഉപയോഗിക്കാനാവണം. എല്ലാമേഖലകളിലും ഇന്ന് ഡിജിറ്റലൈസേഷൻ നടക്കുകയാണ്. കേരളത്തിൽ അതിനാവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളുമുണ്ട്. മൈബൈൽ പെനട്രേഷൻ ഏറ്റവുമധികമുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. മൈബൈൽ ഉപയോക്താക്കളിൽ 87 ശതമാനം പേർക്കും ഇവിടെ ഇന്റർനെറ്റ് ലഭ്യതയുമുണ്ട്. ഡിജിറ്റൽ സാക്ഷരതയിലും നാം ഏറെ മുന്നിലാണ്. സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗിക്കാനായാൽ കേസുകൾ കെട്ടിക്കിടക്കുന്നത് കുറയ്ക്കാനും വേഗത്തിൽ ആളുകൾക്ക് നീതി ലഭ്യമാക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.

വിവിധ കോടതികളിലെ വിവിധ ഭാഷകളിലുള്ള വിധികൾ വായിക്കാനും പഠിക്കാനുമൊക്കെ ഇന്ന് സൗകര്യങ്ങളുണ്ട്. സർക്കാർ അഭിഭാഷകരായിരിക്കുമ്പോൾ വൈവിധ്യമാർന്ന കേസുകൾ ലഭിക്കും. ഈ അവസരം ഉപയോഗപ്പെടുത്തി മികച്ച അഭിഭാഷകരായി മാറണം. സ്ത്രീകളുമായും കുട്ടികളുമായും ബന്ധപ്പെട്ട കേസുകൾക്ക് മുൻഗണന നൽകണമെന്നും മന്ത്രി പറഞ്ഞു. സർക്കാർ അഭിഭാഷകരുടെ പ്രവർത്തനം ആറുമാസത്തിലൊരിക്കൽ ഓഡിറ്റ് ചെയ്യാൻ സംവിധാനം വേണമെന്നും മന്ത്രി പറഞ്ഞു.

14 ജില്ലകളിലെയും ഗവ. പ്ലീഡർമാർക്ക് ചടങ്ങിൽ ലാപ്‌ടോപ് വിതരണം ചെയ്തു. സർക്കാർ കേസുകളുടെ കാര്യക്ഷമമായ നടത്തിപ്പിനും നിയമവകുപ്പ് നടപ്പാക്കിയ സിസിഎംഎസ് (കോർട്ട് കേസ് മോണിട്ടറിങ് സൊല്യൂഷൻ) പദ്ധതിയുടെ നിരീക്ഷണത്തിനുമായാണ് ജില്ലാ ഗവ. പ്ലീഡർമാർക്ക് ലാപ്‌ടോപ് നൽകിയത്. വെബ് അടിസ്ഥാനത്തിലുള്ള കമ്പ്യൂട്ടറൈസ്ഡ് സംവിധാനത്തിലൂടെ കോടതിയിലുള്ള കേസുകൾ ട്രാക്ക് ചെയ്യാനും നിരീക്ഷിക്കാനുമുള്ള പദ്ധതിയാണ് സിസിഎംഎസ്. എച്ച് പി യുടെ ലാപ്‌ടോപാണ് നൽകിയത്.

നിയമവകുപ്പ് സെക്രട്ടറി സനൽ കുമാർ അധ്യക്ഷത വഹിച്ചു. അഡീഷണൽ സെക്രട്ടറി എൻ ജീവൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഹാരിസ് മുഹമ്മദ് നന്ദിയും പറഞ്ഞു. ഗവ. പ്ലീഡർമാർ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.