General (Page 117)

തിരുവനന്തപുരം: താമസ ആവശ്യത്തിനുള്ള വീടുകൾ നിർമ്മിക്കുന്നതിന് ദേശീയപാതാ സർവീസ് റോഡുകളിൽ നിന്നുള്ള ആക്‌സസ് പെർമിഷൻ നിർബന്ധമാക്കില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ആക്‌സസ് പെർമിഷൻ ഇല്ലാതെ തന്നെ വീടുകൾക്ക് ഇനി മുതൽ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ബിൽഡിങ് പെർമിറ്റും നമ്പറും ലഭിക്കും. വിവിധ ജില്ലാ അദാലത്തുകളിൽ വന്ന പരാതികൾ പരിഗണിച്ചാണ് പൊതുവായ തീരുമാനം സർക്കാർ സ്വീകരിച്ചത്. വിമാനത്താവളം, റെയിൽവെ, പ്രതിരോധ സ്ഥാപനങ്ങൾ എന്നിവയുടെ എൻ ഒ സിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ പ്രത്യേക സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

മലപ്പുറത്ത് നടന്ന തദ്ദേശ അദാലത്തിന്റെ ഉദ്ഘാടന വേദിയിൽ അധ്യക്ഷനായിരുന്ന ടി വി ഇബ്രാഹിം എംഎൽഎ ആണ് ഇക്കാര്യം അധ്യക്ഷ പ്രസംഗത്തിൽ ഉന്നയിച്ചത്. എം എൽ എ ഉന്നയിച്ച വിഷയത്തിന്, തൊടുപിന്നാലെ സംസാരിച്ച മന്ത്രി പരിഹാരം കാണുകയായിരുന്നു. ആക്‌സസ് പെർമിറ്റിന്റെ മറവിൽ വലിയ ചൂഷണങ്ങൾ നടക്കുന്നുവെന്നും പരാതികളുണ്ടെന്നും മന്ത്രി പറഞ്ഞു.

ജില്ലാതല തദ്ദേശ അദാലത്ത് മലപ്പുറം മേൽമുറിയിലെ മഅദിൻ അക്കാദമി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനമെങ്ങും പതിനായിരക്കണക്കിന് പേർക്ക് ഗുണകരമാവുന്ന പ്രഖ്യാപനമാണ് മന്ത്രി നടത്തിയത്.

തദ്ദേശ അദാലത്തുകൾ വഴി നിരവധി പൊതുവായ പ്രശ്‌നങ്ങളിലാണ് ഇതിനകം തീരുമാനം ഉണ്ടാക്കാനായത്. ചട്ടങ്ങളിലെ അവ്യക്തതകളിൽ വ്യക്തത വരുത്തുകയും കാലഹരണപ്പെട്ടവ കാലാനുസൃതമാക്കുകയും ചെയ്യും. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 106 ചട്ടങ്ങളിൽ 351 ഭേദഗതികൾ കൊണ്ട് വരാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വസ്തു നികുതി കുടിശ്ശികയ്ക്കും വാടക കുടിശ്ശികയ്ക്കും കൂട്ടുപലിശക്ക് പകരം ക്രമപലിശ മാത്രം ഈടാക്കുക, പഞ്ചായത്തുകളിൽ നടക്കുന്ന വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ സ്വദേശത്തുള്ളവർക്കും വീഡിയോ കോൺഫറൻസ് സംവിധാനത്തിന് അനുമതി, ലൈഫ് ഉൾപ്പെടെ സർക്കാർ പദ്ധതികളിൽ വീട് ലഭിച്ചവർക്ക് 7 വർഷത്തിന് ശേഷം വിൽക്കാൻ അനുമതി തുടങ്ങിയ തീരുമാനങ്ങൾ ഇതിനകം അദാലത്തിന്റെ ഭാഗമായി കൈക്കൊണ്ടിട്ടുണ്ട്. മുൻകൂട്ടി ഓൺലൈനായി ലഭിച്ച പരാതികൾ അദാലത്തിൽ വെച്ച് തീർപ്പാക്കും. ഇന്ന് പുതുതായി നേരിട്ട് അദാലത്തിൽ ലഭിക്കുന്ന പരാതികൾ രണ്ട് ആഴ്ചയ്ക്കുള്ളിൽ തീർപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ ടി.വി. ഇബ്രാഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ യു.എ. ലത്തീഫ്, കുറുക്കോളി മൊയ്തീൻ, ആബിദ് ഹുസൈൻ തങ്ങൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, എൽ എസ് ജി ഡി പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, റൂറൽ ഡയറക്ടർ ദിനേശൻ ചെറുവാട്ട്, ജില്ലാ കളക്ടർ വി.ആർ വിനോദ്, തദ്ദേശ സ്വയം ഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ സന്ദീപ് കെ ജി, ചീഫ് ടൗൺ പ്ലാനർ ഷിജി ചന്ദ്രൻ, മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി, ജില്ലാ ജോയിന്റ് ഡയറക്ടർ അരുൺ രംഗൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അബ്ദുറഹിമാൻ കാരാട്ട്, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അബ്ദുൽ കലാം മാസ്റ്റർ, വാർഡ് കൗൺസിലർ സുഹ്‌റ അയമോൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം: കേരളാ ലോജിസ്റ്റിക്‌സ് പാർക്ക് നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ദേശീയ-സംസ്ഥാന സമ്പദ് വ്യവസ്ഥയിൽ നിർണ്ണായക സ്ഥാനമുള്ള മേഖലയാണ് ‘ലോജിസ്റ്റിക്‌സ് മേഖല’. ഉത്പാദന സ്ഥലത്തു നിന്നും കമ്പോളത്തിലേക്കും ഉപഭോക്താക്കളിലേക്കും മത്സര ക്ഷമത നിലനിർത്തിക്കൊണ്ട് അതിവേഗത്തിലും, ശ്രദ്ധയോടെയും ഉൽപ്പന്നങ്ങൾ എത്തിക്കുന്ന ബൃഹത്തായ ശൃംഖലാ സംവിധാനമാണ് ലോജിസ്റ്റിക്‌സ്. ഓൺലൈൻ വഴിയുള്ള വിപണനം വളരെയേറെ വർദ്ധിച്ചിരിക്കുന്ന കാലഘട്ടത്തിൽ ലോജിസ്റ്റിക്‌സ് മേഖലയെ മുൻനിർത്തി പ്രത്യേക നയരൂപീകരണം ആവശ്യമായതിനാലും വിദേശ നിക്ഷേപം ഉൾപ്പെടെയുള്ള നിരവധി നിക്ഷേപ സാധ്യതകളുള്ള മേഖലയായതിനാലും വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനാലും ലോജിസ്റ്റിക്‌സിന് പ്രാധാന്യം നൽകിക്കൊണ്ട് നിക്ഷേപസാധ്യതകൾ ഉയർത്തുന്നതിനുള്ള കർമ്മ പദ്ധതികൾ തയ്യാറാക്കേണ്ടതാണ്. അത് മുൻനിർത്തി സർക്കാർ പുറപ്പെടുവിച്ച വ്യവസായ നയത്തിലെ മുൻഗണനാ മേഖലയിലും ‘ലോജിസ്റ്റിക്‌സ്/ പാക്കേജിംഗ് ‘ വിഭാഗം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

സംസ്ഥാനത്തെ വിപുലമായ റോഡ് ശൃംഖലയും, റെയിൽ, പോർട്ട്, ജലഗതാഗതം എന്നിവയുടെ ആനുകൂല്യവും, വിഴിഞ്ഞം, കൊച്ചി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര തുറമുഖങ്ങളുടെയും സാന്നിദ്ധ്യവും ലോജിസ്റ്റിക്‌സ് മേഖലയ്ക്ക് അനുകൂല ഘടകങ്ങളാണ്. സർക്കാർ അംഗീകരിച്ച് പുറപ്പെടുവിച്ച വ്യവസായ പാർക്കുകളുമായി ബന്ധപ്പെട്ട ലാന്റ് പോളിസിയിലും കെ.എസ്.ഐ.ഡി.സി, കിൻഫ്ര ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ സംരംഭകർക്ക് നൽകുന്ന അടിസ്ഥാന സൗകര്യങ്ങളിലും ലോജിസ്റ്റിക്‌സ് മേഖലയ്ക്ക് പ്രത്യേക പരിഗണനയും സവിശേഷ ആനുകൂല്യങ്ങളും നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് നിക്ഷേപം വളർത്തുന്നതിനും, സുസ്ഥിര വ്യാവസായിക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി നടപ്പിൽ വരുത്തിയ 2023-ലെ കേരള വ്യവസായ നയത്തിൽ, 22 മുൻഗണനാ മേഖലകളിൽ ഒന്നായ ലോജിസ്റ്റിക്‌സ് ആന്റ് പാക്കേജിംഗ് മേഖലയിൽ വളരുന്ന സമ്പത്ത് വ്യവസ്ഥയ്ക്ക്, ശക്തമായ ലോജിസ്റ്റിക്‌സ് കണക്ടിവിറ്റിയുടെ പ്രാധാന്യം മനസ്സിലാക്കി, ലോജിസ്റ്റിക്‌സ് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഡിജിറ്റലൈസേഷനും, സാങ്കേതിക വിദ്യകളും പ്രോൽസാഹിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി, മിനി മൾട്ടി മോഡൽ ലോജിസ്റ്റിക്‌സ് പാർക്കുകൾ സംസ്ഥാനത്ത് തുടങ്ങുമെന്ന പ്രഖ്യാപനത്തിന്റെ തുടർച്ചയാണ് ലോജിസ്റ്റിക്‌സ് പാർക്ക് നയം.

ലോജിസ്റ്റിക്ക് പാർക്ക് പോളിസി പ്രകാരം കുറഞ്ഞത് 10 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വലിയ തോതിലുള്ള ലോജിസ്റ്റിക് പാർക്കുകളും 5 ഏക്കറിൽ മിനി ലോജിസ്റ്റിക് പാർക്കുകളും സ്ഥാപിക്കാം. ഈ പാർക്കുകളിൽ ചരക്ക് കൈകാര്യം ചെയ്യൽ, ഇന്റർ മോഡൽ ട്രാൻസ്ഫർ സൗകര്യങ്ങൾ, ഇന്റേണൽ റോഡ് നെറ്റ്വർക്കുകൾ പോലുള്ള അടിസ്ഥാന സൗകര്യ ഘടകങ്ങൾ, ഡോർമിറ്ററികൾ, മെഡിക്കൽ സെന്ററുകൾ തുടങ്ങിയ നോൺ-കോർ ഘടകങ്ങൾ എന്നിവ ഉൾപ്പെടും.

ലോജിസ്റ്റിക്‌സ് പാർക്ക് നയം പ്രകാരം ചീഫ് സെക്രട്ടറി നേതൃത്വം നൽകുന്ന ഒരു ലോജിസ്റ്റിക്‌സ് കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിറ്റിക്ക് ആയിരിക്കും ഈ മേഖലയിലെ തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള അധികാരം. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ലോജിസ്റ്റിക്‌സ് സെല്ലും നയം വിഭാവനം ചെയ്യുന്നു. ഈ സംവിധാനമായിരിക്കും ലോജിസ്റ്റിക്‌സ് ആക്ഷൻ പ്ലാൻ നടപ്പിലാക്കുക. ഇതിന് പുറമെ പ്രത്യേകമായി സിറ്റി ലോജിസ്റ്റിക്‌സ് കോർഡിനേഷൻ കമ്മിറ്റികളും നഗരതലത്തിൽ ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി രൂപീകരിക്കും. ലോജിസ്റ്റിക്‌സ് പാർക്കുകൾക്കും മിനി ലോജിസ്റ്റിക്‌സ് പാർക്കുകൾക്കുമായി ഏകജാലക ക്ലിയറൻസ് സംവിധാനം രൂപീകരിക്കാനും പോളിസിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഒരു ലോജിസ്റ്റിക്‌സ് പാർക്കിന് പരമാവധി 7 കോടി രൂപവരെയും, മിനി ലോജിസ്റ്റിക്‌സ് പാർക്കിന് 3 കോടി രൂപവരെയും മൂലധന സബ്‌സിഡി ലഭിക്കാനുള്ള അർഹതയുണ്ടായിരിക്കും. ലോജിസ്റ്റിക്‌സ്/മിനി ലോജിസ്റ്റിക്‌സ് പാർക്ക് ഒരുക്കുന്നതിനായി ഭൂമി ഏറ്റെടുക്കുമ്പോഴും ലീസിനെടുക്കുമ്പോഴും സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും ഒഴിവാക്കി നൽകും. പൊതു സ്വകാര്യ പങ്കാളിത്തത്തിലും, പൂർണമായും സ്വകാര്യമേഖലയിലെ പാർക്കെന്ന നിലയിലും കേരളത്തിൽ ലോജിസ്റ്റിക്‌സ്/മിനി ലോജിസ്റ്റിക്‌സ് പാർക്കുകൾ ആരംഭിക്കാൻ നയത്തിലൂടെ സാധിക്കുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഓണാഘോഷം ഒഴിവാക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങൾ വേണ്ടെന്ന് വച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. സപ്ലൈക്കോ ഓണം ഫെയർ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരത്ത് സർക്കാർ സംഘടിപ്പിക്കുന്ന ഓണാഘോഷം മാത്രമാണ് ഒഴിവാക്കിയത്. എല്ലാ വർഷവും ഓണക്കാലത്ത് സർക്കാർ വിപണി ഇടപെടൽ നടത്താറുണ്ട്. സർക്കാർ ഇടപെടൽ കാരണം ഇന്ത്യയിൽ തന്നെ ഏറ്റവും വിലക്കയറ്റം കുറവുള്ള സംസ്ഥാനം കേരളമാണ്. കേരളത്തിൽ എല്ലാത്തിനും വലിയ വിലക്കുറവാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

വയനാട്ടിൽ ഇനി പുനർനിർമ്മാണമാണ് വേണ്ടത്. അതിന് നാടിന്റെയാകെ പിന്തുണ ഉയരുന്നുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ വൻതോതിൽ വരുന്നുണ്ട്. മറുഭാഗത്ത് ഓണക്കാലത്ത് സംസ്ഥാന സർക്കാർ വിപണി ഇടപെടൽ കാര്യക്ഷമമായി നടത്തുന്നു. പണപ്പെരുപ്പം അഞ്ച് ശതമാനം വർധിച്ചു. അതോടെ ഭക്ഷ്യോൽപന്നങ്ങൾക്ക് വില കൂടി. പച്ചകറികൾക്ക് 30 ശതമാനം വില കൂടി. ദേശീയ തലത്തിൽ ഫലപ്രദമായ വിപണി ഇടപെടൽ വേണ്ട സമയമാണ്. എന്നാൽ അതിന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇന്ധന, പാചകവാതക വില വർധന തടയാൻ നടപടി ഒന്നും കേന്ദ്ര സർക്കാർ സ്വീകരിച്ചില്ല. വിലകയ്യറ്റം തടയാൻ കാർഷിക മേഖലയിൽ ഇടപെടൽ വേണം. പക്ഷേ കാർഷിക സബ്‌സിഡികൾ വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. പൊതുവിതരണ രംഗം വേണ്ടെന്ന് വയ്ക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാന ധനവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ കോൺക്ലേവ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 12ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. തെലങ്കാന ഉപമുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു, കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, പഞ്ചാബ് ധനകാര്യ മന്ത്രി ഹർപാൽ സിങ് ചീമ, തമിഴ്നാട് ധനകാര്യ മന്ത്രി തങ്കം തെന്നരസു, കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ പങ്കെടുക്കും. അഞ്ച് സംസ്ഥാനങ്ങളിലെയും ധനകാര്യ സെക്രട്ടറിമാർ ഉൾപ്പെടെ ഉദ്യോഗസ്ഥരും ധനകാര്യ വിദഗ്ധരും പങ്കെടുക്കും.

പതിനാറാം ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങളുമായി ആശയവിനിമയം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കേരളം ധനമന്ത്രിമാരുടെ കോൺക്ലേവ് നടത്താൻ നിശ്ചയിച്ചതെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ അഴിച്ചുപണിയേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള വേദികളിൽ പ്രധാനപ്പെട്ട ഒന്നായാണ് ധനകാര്യ കമ്മീഷനെ കേരളം പരിഗണിക്കുന്നത്. ധനകാര്യ വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ യോജിച്ച നിലപാട് ഈ ഘട്ടത്തിൽ അനിവാര്യമായിരിക്കുകയാണ്. സംസ്ഥാനങ്ങൾ നേരിടുന്ന വികസന-ധനകാര്യ പ്രശ്നങ്ങൾ പതിനാറാം ധനകാര്യ കമ്മീഷൻ മുമ്പാകെ അവതരിപ്പിക്കുന്നത് സംബന്ധിച്ച ആശയരൂപീകരണമാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.

12 ന് ഉച്ചയ്ക്കുശേഷം നടക്കുന്ന ചർച്ചയിൽ വിഷയ വിദഗ്ധരുടെ വലിയ നിര പങ്കെടുക്കും. കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്മണ്യൻ, കേരള സംസ്ഥാന ആസൂത്രണ കമ്മീഷൻ വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ, മുൻ ധനകാര്യ മന്ത്രി ടി എം തോമസ് ഐസക്, കേന്ദ്ര കാബിനറ്റ് മുൻ സെക്രട്ടറി കെ എം ചന്ദ്രശേഖരൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, നാലാം സംസ്ഥാന ധന കമ്മീഷൻ ചെയർമാൻ ഡോ. എം എ ഉമ്മൻ, പന്ത്രണ്ടാം ധനകാര്യ കമ്മീഷൻ അംഗം ഡോ. ഡി കെ ശ്രീവാസ്തവ, സാമ്പത്തിക വിദഗ്ധരായ ഡോ. പ്രഭാത് പട്നായിക്, പതിനാറാം ധനകാര്യ കമ്മീഷനുമുമ്പാകെ കേരളം സമർപ്പിക്കുന്ന നിവേദനത്തിന്റെ കരട് തയ്യാറാക്കാനായി നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ ഡോ. സി പി ചന്ദ്രശേഖർ, ഡോ. ജയതി ഘോഷ്, ഡോ. സുശീൽ ഖന്ന, ഡോ. എം ഗോവിന്ദ റാവു, ഡോ. പിനാകി ചക്രവർത്തി, പ്രൊഫ. കെ എൻ ഹരിലാൽ, റിട്ട. ഐആർഎസ് ഉദ്യോഗസ്ഥൻ ആർ മോഹൻ, സിഡിഎസ് ഡയറക്ടർ ഡോ. സി വി വീരമണി, ഗിഫ്റ്റ് ഡയറക്ടർ ഡോ. കെ ജെ ജോസഫ്, എൻഐപിഎഫ്പിയിലെ പ്രൊഫസർ ലേഖ ചക്രബർത്തി, കേരള കാർഷിക സർവകലാശാലയിലെ മുൻ പ്രൊഫസർ ഡോ. പി ഷഹീന, കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-ഏക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസിലെ കെ കെ കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുക്കും.

രാജ്യത്ത് സാമ്പത്തിക ഫെഡറിലസം വലിയ തോതിൽ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലാണ് ഇത്തരത്തിൽ ഒരു ചർച്ചാ സമ്മേളനത്തിന് കേരളം നേതൃത്വം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ മൊത്തം പൊതുചെലവിന്റെ 62.4 ശതമാനവും സംസ്ഥാനങ്ങൾ വഹിക്കേണ്ടിവരുന്നു. എന്നാൽ, രാജ്യത്തെ മൊത്തം വരുമാനത്തിന്റെ 37.3 ശതമാനം മാത്രം സംസ്ഥാനങ്ങൾക്ക് ലഭിക്കുമ്പോൾ 63 ശതമാനത്തോളം കേന്ദ്രത്തിനാണ് കിട്ടുന്നത്. സംസ്ഥാനങ്ങൾക്ക് നൽകേണ്ട വിഹിതത്തിൽ സെസ്, സർചാർജ് എന്നിവ കേന്ദ്രസർക്കാർ പരിഗണിക്കുന്നില്ല. ഇത് സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടത്തിന് ഇടയാക്കുന്നതായി മന്ത്രി പറഞ്ഞു. പതിനഞ്ചാം ധന കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യാൻ ശുപാർശ ചെയ്തു. എന്നാൽ സംസ്ഥാനങ്ങൾക്ക് ലഭിച്ചത് ഏകദേശം 29.6 ശതമാനം മാത്രം. ഇതിന് കാരണം ഉയർന്ന തോതിലുള്ള സെസും സർചാർജുമാണ്.

പത്താം ധനകാര്യ കമ്മീഷൻ കേരളത്തിന് ശുപാർശ ചെയ്ത വിഹിതം 3.875 ശതമാനമായിരുന്നു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ നിർദേശിച്ചത് 1.92 ശതമാനവും. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങൾക്കും പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശകളിൽ വലിയ ധന നഷ്ടമാണുണ്ടായത്. സംസ്ഥാനങ്ങളുടെ കടമെടുപ്പ് അവകാശങ്ങളിലും വിവേചന നിലപാടുകൾ നിലനിൽക്കുന്നതായി മന്ത്രി അഭിപ്രായപ്പെട്ടു.

സീബ്രാ ക്രോസിൽ ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കി മോട്ടോർ വാഹന വകുപ്പ്. സീബ്രാ ക്രോസ്സ് സൂചിപ്പിക്കുന്ന റോഡ് സിഗ്‌നൽ കണ്ടാൽ വേഗം കുറച്ച് വാഹനം സീബ്രാ ക്രോസ്സിന് മുമ്പായി വാഹനം നിർത്താനുള്ള റോഡ് മാർക്കിംഗിൽ റോഡിന് ഇടതുശം ചേർത്ത് നിർത്തണം. പെഡസ്ട്രിയൻ ക്രോസ്സിംഗിലൂടെ റോഡ് ക്രോസ്സ് ചെയ്യാൻ കാൽനടക്കാരെയും വീൽ ചെയറിൽ പോവുന്നവരെയും മറ്റും അനുവദിക്കുക.

ക്രോസ്സിംഗിൽ ആരും തന്നെ ഇല്ലെങ്കിൽ മാത്രം വാഹനം മുന്നോട്ട് എടുക്കുക. ട്രാഫിക് കൺട്രോൾ സിഗ്‌നൽ ഉള്ള ഇടങ്ങളിൽ സ്റ്റോപ്പ് ലൈനിനു പിറകിലായി മാത്രമേ വാഹനം നിർത്താവൂ. സ്റ്റോപ്പ് ലൈൻ മാർക്ക് ചെയ്തിട്ടില്ലെങ്കിലോ അത് മാഞ്ഞു പോയിട്ടുണ്ടെങ്കിലോ പെഡസ്ട്രിയൻ ക്രോസിങിനു പിറകിലായി മാത്രം വാഹനം നിർത്തുക.

പെഡസ്ട്രിയൻ ക്രോസിങ്ങ് അടയാളപ്പെടുത്തിയിട്ടില്ല എങ്കിൽ വാഹനം പ്രൈമറി ട്രാഫിക് സിഗ്‌നലിൽ നിർത്തിയിടണം. ഗ്രീൻ സിഗ്‌നൽ ഓൺ ആയാലും പെഡസ്ട്രിയൻ ക്രോസിംഗിൽ ആരും ഇല്ലെങ്കിൽ മാത്രമേ വാഹനം മുന്നോട്ട് എടുക്കാൻ പാടുള്ളൂ. ‘Give Way’ അടയാളത്തിന് മുമ്പായി പെഡസ്ട്രിയൻ ക്രോസ്സിംഗ് ഇല്ലെങ്കിൽ പോലും അവിടെ കാൽ നടയാത്രക്കാർക്കാണ് മുൻഗണന. വാഹനം മുന്നോട്ട് എടുക്കാനാവാത്ത വിധം റോഡിൽ ട്രാഫിക് ബ്ലോക്കിൽ പെട്ടാൽ യാതൊരു കാരണവശാലും പെഡസ്ട്രിയൻ ക്രോസ്സിംഗിൽ നിർത്തിയിടരുത്.

കൊച്ചി: കൊച്ചിയിലെ യുവതിയുടെ പരാതിയിൽ ബലാത്സംഗക്കേസിൽ പൊലീസ് പ്രതി ചേർത്തതിനെതിരെ നടൻ നിവിൻ പോളി പരാതി നൽകി. ഇന്ന് രാവിലെ ഡിജിപിക്കാണ് നിവിൻ പോളി പരാതി നൽകിയത്. തനിക്കെതിരായിട്ടുള്ളത് കള്ളക്കേസാണെന്ന് വ്യക്തമാക്കിയാണ് നിവിൻ പോളി പ്രാഥമിക പരാതി നൽകിയത്.

തന്റെ പരാതി കൂടി പരിശോധിക്കണമെന്നും നിവിൻ പോളി പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ എഫ്‌ഐആറിന്റെ പകർപ്പ് കിട്ടിയശേഷം വിശദമായ പരാതി എഴുതി നൽകുമെന്നും നിവിൻ വ്യക്തമാക്കി. നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നാണ് നിവിൻ അറിയിച്ചിരിക്കുന്നത്.

തനിക്കെതിരായ പരാതിക്ക് പിന്നിൽ ഗൂഡാലോചന ഉണ്ടെന്നും പരാതിക്കാരിയെ കണ്ടിട്ടുപോലുമില്ലെന്നും നിവിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: ഓണക്കാലത്ത് സപ്ലൈകോ ചന്തകൾ വഴി വിൽക്കുന്ന അവശ്യവസ്തുക്കളുടെ വില വർധിപ്പിച്ചത് ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. ഈ വിലവർധന സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ ഒരു പൊൻതൂവൽ കൂടിയായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു.

വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും നട്ടം തിരിയുന്ന ജനങ്ങളെ ഈ ഓണക്കാലത്തു പിഴിയുന്നത് മര്യാദകേടാണ്. സർക്കാരിന്റെ ധൂർത്തിനു പണം കണ്ടെത്താൻ പാവം ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരരുത്. സാധാരണക്കാരും തൊഴിലാളികളുമാണ് ഓണക്കാലത്തും അല്ലാതെയും സപ്ലൈക്കോയെ ആശ്രയിക്കുന്നത്. നിത്യവൃത്തിക്കു പോലും വഴിയില്ലാതെ പൊറുതിമുട്ടുന്ന അവരെ പിഴിഞ്ഞെടുക്കരുത്. സപ്ലൈക്കോയുടെ ഈ വിലവർധനവ് ജനദ്രോഹപരമാണ്. അടിയന്തിരമായി പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സിനിമാ സെറ്റുകളിൽ വനിതാ കമ്മീഷൻ പരിശോധന നടത്തും. പരാതി പരിഹാര സെൽ പ്രവർത്തിക്കാത്ത ഇടങ്ങളിൽ വനിതാ കമ്മീഷൻ ഇടപെടൽ ഉണ്ടാകും എന്നും പി സതീദേവി അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബഞ്ച് ഹൈക്കോടതി രൂപീകരിച്ചിട്ടുണ്ട്. പത്താം തീയതി ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ വനിതാ കമ്മീഷന്റെ നിലപാട് അറിയിക്കാമെന്നും പി സതീദേവി പറഞ്ഞു.

ഹൈക്കോടതി ഉത്തരവ് വന്നാൽ അത് പ്രാബല്യത്തിൽ വരുത്താൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും സതീദേവി ഉറപ്പുനൽകി.

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. വനിതാ ജഡ്ജി അടങ്ങുന്ന ബെഞ്ച് കേസുകൾ പരിഗണിക്കും.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതുമായി ബന്ധപ്പെട്ട് തന്റെ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നിർമാതാവായ സജിമോൻ പാറയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദജ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവർ പ്രത്യേക ബെഞ്ച് രൂപീകരിക്കുന്ന കാര്യം വ്യക്തമാക്കിയത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഉള്ളടക്കം സംബന്ധിച്ചുള്ള കേസുകൾ ഉൾപ്പെടെ വിശാല ബെഞ്ചായിരിക്കും ഇനി പരിഗണിക്കുക. ഹേമ കമ്മിറ്റി റിപ്പോർട്ട് സെപ്റ്റംബർ ഒൻപതിന് മുൻപ് സർക്കാർ ഹൈക്കോടതിക്ക് കൈമാറാൻ നിർദ്ദേശിച്ചിരുന്നു. പൂർണ രൂപത്തിന് പുറമേ മൊഴിപ്പകർപ്പുകൾ, റിപ്പോർട്ടിന് പിന്നാലെ സർക്കാർ സ്വീകരിച്ച നടപടികൾ, ആരോപണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനെ കുറിച്ചുള്ള വിവരങ്ങൾ, ചില കേസുകൾ എന്നിവയാണ് കോടതിക്ക് കൈമാറുക.

തിരുവനന്തപുരം: ശ്രീകാര്യം മേൽപ്പാലത്തിന്റെ ടെണ്ടറിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതോടെ നഗരത്തിലേക്ക് തടസ്സമില്ലാത്ത യാത്രക്കുള്ള സാഹചര്യമൊരുങ്ങുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ശ്രീകാര്യത്തെ ഗതാഗതക്കുരുക്ക് മറികടക്കാനുള്ള പദ്ധതിക്കാണ് തുടക്കമാകുന്നത്. മേൽപ്പാലത്തിനുള്ള സ്ഥലമേറ്റെടുക്കൽ നേരത്തെ തന്നെ പൂർത്തിയായി. ഈ സാഹചര്യത്തിൽ വേഗത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കാനാകും. പദ്ധതിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡുമായി ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് മന്ത്രി അറിയിച്ചു.

71.38 കോടി രൂപ ചെലവഴിച്ചാണ് മേൽപ്പാലനിർമ്മാണം നടത്തുന്നത്. ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമ്മാണ ചുമതല നൽകിയിരിക്കുന്നത്. തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി കൂടി മുന്നിൽ കണ്ടാണ് ശ്രീകാര്യത്ത് മേൽപ്പാലം നിർമ്മിക്കുക. ഈ പാക്കേജിന്റെ ഭാഗമായി ഉള്ളൂർ, പട്ടം എന്നിവിടങ്ങളിലും മേൽപ്പാലം നിർമ്മിക്കാൻ പദ്ധതി തയ്യാറാകുന്നുണ്ട്. ഇവിടങ്ങളിൽ സ്ഥലമേറ്റെടുപ്പ് നടപടികൾ തുടരുകയാണ്.