General (Page 113)

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ സെപ്തംബർ 12 ന് ജലവിതരണം മുടങ്ങും. സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ചാർജ് ചെയ്യുകയും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പ് ലൈനുമായി കണക്ട് ചെയ്യുകയും ചെയ്യുന്ന ജോലികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച (12/09/24) പകൽ 10.00 മണി മുതൽ രാത്രി 12 മണി വരെ വഴുതക്കാട്, ഉദാരശിരോമണി റോഡ്, പാലോട്ടുകോണം, സി എസ് എം നഗർ, ശിശുവിഹാർ ലൈൻ, കോട്ടൺഹിൽ, ഇടപ്പഴിഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ഇറക്കം റോഡ്, മേട്ടുക്കട, വലിയശാല, തൈക്കാട്, എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും.

ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി ഓൺലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് സജീവമായ ഇടപെടൽ നടത്തിയതിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള പോലീസിന് സമ്മാനിച്ചു. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻററിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, സൈബർ ഓപ്പറേഷൻസ് വിഭാഗം എസ്.പി. ഹരിശങ്കർ എന്നിവർ ചേർന്നാണ് അവാർഡ് സ്വീകരിച്ചത്.

സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി നിരവധി നടപടികളാണ് കേരള പോലീസ് കൈക്കൊണ്ടുവരുന്നത്. തട്ടിപ്പിനായി ഉപയോഗിച്ച 27,680 ബാങ്ക് അക്കൗണ്ടുകളും 11,999 സിംകാർഡുകളും 17,734 വെബ്‌സൈറ്റുകളും സൈബർ ഡിവിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സൈബർ ഫ്രോഡ് ആൻഡ് സോഷ്യൽ മീഡിയ വിങ്ങിന്റെ നേതൃത്വത്തിൽ പ്രവർത്തനരഹിതമാക്കി. 8,369 സാമൂഹ്യ മാധ്യമ പ്രൊഫൈലുകളും 537 വ്യാജ മൊബൈൽ ആപ്ലിക്കേഷനുകളും കണ്ടെത്തി നിയമനടപടി സ്വീകരിച്ചു.

വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ സാമ്പത്തികത്തട്ടിപ്പു കേന്ദ്രങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് ആൾക്കാരെ നിയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ 17 കേസുകൾ രജിസ്റ്റർ ചെയ്തു. 51 ഏജൻറുമാരുടെ നീക്കങ്ങൾ മനസ്സിലാക്കുകയും 16 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കുട്ടികളുടെ നഗ്‌നദൃശ്യങ്ങൾ ഇൻറർനെറ്റിൽ തിരയുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ഘട്ടങ്ങളിലായി നടത്തിയ ഓപ്പറേഷൻ പി- ഹണ്ട് എന്ന പരിശോധനയിൽ 395 കേസുകൾ രജിസ്റ്റർ ചെയ്യുകയും 37 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2347 പരിശോധനകളിലായി 881 ഇലക്ട്രോണിക് ഉപകരണങ്ങളാണ് പിടിച്ചെടുത്തത്.

ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ അറിയിക്കാനുള്ള 1930 എന്ന ഹെൽപ് ലൈൻ നമ്പറിൽ 2023ൽ 23,748 പരാതികളാണ് ലഭിച്ചത്. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട 201 കോടി രൂപയിൽ 37 കോടി രൂപ വീണ്ടെടുത്തു. ഇക്കൊല്ലം ഓഗസ്റ്റ് വരെ ലഭിച്ച 27,723 പരാതികളിൽ നഷ്ടപ്പെട്ട 514 കോടി രൂപയിൽ 70 കോടി രൂപ വീണ്ടെടുക്കാൻ പോലീസിനു കഴിഞ്ഞു.

സൈബർ മേഖലയിലെ കുറ്റാന്വേഷണമികവ് വർദ്ധിപ്പിക്കുന്നതിൻറെ ഭാഗമായി ആയിരത്തിൽപരം പോലീസ് ഉദ്യോഗസ്ഥർക്ക് ഇതിനകം പരിശീലനം നൽകിയിട്ടുണ്ട്. സബ് ഇൻസ്‌പെക്ടർ, ഇൻസ്‌പെക്ടർ റാങ്കിലുള്ള 360 പോലീസുകാർക്ക് മൂന്നു ഘട്ടങ്ങളിലായി പ്രത്യേക പരിശീലനം നൽകി. കേന്ദ്രസർക്കാർ നൽകുന്ന ആറുമാസം ദൈർഘ്യമുള്ള സൈബർ കമാൻഡോ കോഴ്‌സിലേക്ക് കേരള പോലീസിൽ നിന്ന് 24 പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തു.

ചെന്നൈ: സ്വകാര്യവ്യക്തികളും വ്യാപാരസ്ഥാപനങ്ങളും പൊതുസ്ഥലങ്ങളിൽ ‘നോ പാർക്കിംഗ്’ ബോർഡുകൾ സ്ഥാപിക്കുന്നതും, റോഡിന്റെ വശങ്ങൾ ബാരിക്കേഡ് വച്ച് കൈയേറുന്നതും നിയമവിരുദ്ധമെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ശിക്ഷ എന്തെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് കോടതി നിർദ്ദേശം നൽകി. സർക്കാരിനോടും പൊലീസിനോടുമാണ് കോടതി നിർദേശം നൽകിയത്.

ചെന്നൈ നഗരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ നിന്ന് സ്വകാര്യ സ്ഥാപനങ്ങൾ തടയുന്നുവെന്ന് ചൂണ്ടിക്കാട്ടി, സിഎസ് നന്ദകുമാർ എന്നയാൾ നൽകിയ പൊതുതാല്പര്യ ഹർജിയിലാണ് കോടതി നിർദേശം. പത്രങ്ങളിലും ചാനലുകളിലും ഇതു സംബന്ധിച്ച പരസ്യങ്ങൾ നൽകണമെന്നും കോടതി നിർദേശിച്ചു.

പൊലീസിന്റെ അനുമതിയോടെയാണ് കൈയേറ്റം നടക്കുന്നതെന്നായിരുന്നു ഹർജിക്കാരൻ കോടതിയിൽ വ്യക്തമാക്കിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ആർഎസ്എസുമായി ബന്ധം സിപിഎമ്മിനല്ല കോൺഗ്രസിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മിന് ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിന് കെട്ട ചരിത്രമില്ലെന്നും ആർഎസ്എസിനോട് സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ ഇനിയും വെള്ളം ചേർക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

രണ്ടാം പിണറായി സർക്കാർ വന്നത് മുതൽ സർക്കാർ വിരുദ്ധ വാർത്തകൾ നൽകുന്നു. സർക്കാരിന്റെ തുടക്കം മുതൽ എല്ലാ ഭാഗത്ത് നിന്നും എതിർപ്പായിരുന്നു. ഇപ്പോൾ കേരളത്തിൽ വലിയ പ്രചാരണം നടത്തുന്നത് സിപിഎം – ആർഎസ്എസ് ബന്ധമാരോപിച്ചാണ്. എന്തോ വലിയ കാര്യം നടന്നുവെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം സിപിഎമ്മിന് ഉണ്ടായിട്ടില്ല. ആർഎസ്എസിനെ നേരിട്ട് ജീവൻ നഷ്ടമായ പാർട്ടിയാണ് സിപിഎം. ആ പാർട്ടിയെ നോക്കിയാണ് ആർഎസ്എസ് ബന്ധം ആരോപിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തലശേരി കലാപ കാലത്ത് പള്ളിക്ക് സംരക്ഷണം നൽകിയത് സിപിഎമ്മാണ്. അന്ന് ജീവൻ നഷ്ടമായ പാർട്ടിയാണ് സിപിഎം. ഗോൾവാക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ വണങ്ങി നിന്നത് ആരാണ് എന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന 2000 ഓണച്ചന്തകളിൽ പഴം, പച്ചക്കറികൾക്ക് 30 ശതമാനം വരെ വിലക്കുറവുണ്ടാകുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. ഓണത്തിനോടനുബന്ധിച്ച് കൃഷി വകുപ്പ് ആരംഭിക്കുന്ന 2000 കർഷക ചന്തകളുടെയും സഞ്ചരിക്കുന്ന വിൽപ്പനശാലകളുടെയും ഉദ്ഘാടനം തിരുവനന്തപുരം വികാസ് ഭവനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. വിപണിയിലൂടെ 10 ശതമാനം അധികം വില നൽകിയാണ് കൃഷിക്കാരിൽ നിന്നും പഴങ്ങളും പച്ചക്കറികളും സംഭരിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടു സംഭരിക്കുന്നതിനാൽ കർഷകർക്ക് കൂടുതൽ ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു.

നമ്മുടെ പച്ചക്കറി ആവശ്യങ്ങൾക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമുണ്ട്. ഇത്തരം സ്ഥലങ്ങളിൽ നിന്നും കർഷകക്കൂട്ടായ്മകളുമായി ചർച്ച ചെയ്ത് ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നത് ഉപഭോക്താക്കൾക്ക് ഗുണം ചെയ്യുന്നു. വിലക്കയറ്റത്തെ പിടിച്ചു നിർത്താൻ സംസ്ഥാന സർക്കാർ നടത്തുന്ന ആത്മാർഥമായ പരിശ്രമങ്ങളുടെ ഭാഗമാണിത്. അനുവദനീയമായ അളവിനേക്കാൾ വിഷാംശം കൂടുതലുള്ള പച്ചക്കറികൾ ഒഴിവാക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തതയിലെത്താൻ കഴിയുന്ന സംസ്ഥാനമെന്ന നിലയിൽ അത്തരത്തിലുള്ള ആത്മാർഥമായ പരിശ്രമങ്ങൾ ഉണ്ടാകണം. പഴവർഗങ്ങളും, ഇലവർഗങ്ങളും ഉൾപ്പെടെയുള്ള പല പച്ചക്കറികളും നമ്മുടെ പറമ്പിലും കൃഷിയിടങ്ങളിലും ഉൽപ്പാദിപ്പിക്കാൻ കഴിയണം. ഇതിനാവശ്യമായ ബൃഹത്തായ പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ രൂപം നൽകിക്കഴിഞ്ഞുവെന്ന് അദ്ദേഹം അറിയിച്ചു.

ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ വിജയത്തിന്റെ തുടർച്ചയായിരിക്കും ഇത്. വിപണിയുടെ സാധ്യതകൾ കൂടി പഠിച്ചുകൊണ്ടാകണം പച്ചക്കറി ഉൽപ്പാദനം വേണ്ടതെന്നും അല്ലാത്തപക്ഷം ആവശ്യക്കാരില്ലാത്ത സാഹചര്യത്തിൽ കർഷകന് നഷ്ടമുണ്ടാകും എന്നത് ഓർക്കണമെന്നും മന്ത്രി പറഞ്ഞു. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൂടുതൽ ചലിക്കുന്ന പച്ചക്കറിച്ചന്തകൾ സംസ്ഥാനവ്യാപകമായി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സെപ്റ്റംബർ 11 മുതൽ 14 വരെയാണ് കർഷകച്ചന്തകൾ പ്രവർത്തിക്കുക. ചടങ്ങിൽ ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന വിൽപനശാല ആന്റണിരാജു എം.എൽ.എ ഫ്‌ലാഗ് ഓഫ് ചെയ്തു. കൃഷി വകുപ്പ് ഡയറക്ടർ അദീല അബ്ദുള്ള, മുതിർന്ന കർഷകൻ അബ്ദുൾ റഹീം, കർഷകത്തൊഴിലാളി നെൽസൺ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി ക്ഷേമനടപടികളുമായി സാമൂഹ്യനീതി വകുപ്പ്. സാമൂഹ്യ സുരക്ഷാമിഷൻ വഴി വിവിധ പദ്ധതികളിലൂടെ ധനസഹായം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

സാമൂഹ്യസുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന ആശ്വാസകിരണം പദ്ധതി പ്രകാരം അനുവദിച്ച പത്തു കോടി രൂപ വിനിയോഗിച്ച് അർഹരായ ഗുണഭോക്താക്കാർക്ക് അഞ്ചു മാസത്തെ ധനസഹായം അനുവദിച്ചു. ആശ്വാസകിരണം പദ്ധതിയിൽ ലൈഫ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ് ബാങ്ക് പാസ് ബുക്ക് എന്നിവ ലഭ്യമാക്കിയ അർഹരായ 26765 പേർക്കാണ് അഞ്ചു മാസത്തെ ധനസഹായം അനുവദിച്ചത്. അർഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് മുഖേന ധനസഹായ വിതരണം ആരംഭിച്ചു. എൻഡോസൾഫാൻ ദുരിതബാധിതരായ 5293 പേർക്ക് അഞ്ചു കോടിയുടെ ധനസഹായം നൽകുന്നതിനും നടപടികളായതായി മന്ത്രി പറഞ്ഞു.

മുഴുവൻ സമയ പരിചാരകന്റെ സേവനം ആവശ്യമായ കിടപ്പിലായ രോഗികളെയും മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുളളവരെയും പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ‘ആശ്വാസകിരണം’. കാസർഗോഡ് ജില്ലാ കളക്ടർ അംഗീകരിച്ച് നൽകിയ ദുരിതബാധിതരുടെ പട്ടിക പ്രകാരം ദീർഘകാലചികിൽസ ആവശ്യമുള്ളവരും രോഗാവസ്ഥയിലുള്ളവരും തൊഴിലെടുക്കാനാകാതെ വീട്ടിനുള്ളിൽ കഴിയുന്നവരുമായവരിൽ നിന്ന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ഭിന്നശേഷി പെൻഷൻ ലഭിക്കുന്നവർക്ക് 1700 രൂപയും ഭിന്നശേഷി പെൻഷൻ ലഭിക്കാത്തവർക്ക് 2200 രൂപയും എൻഡോസൾഫാൻ ദുരിത ബാധിതരായ മറ്റുള്ളവർക്ക് 1200 രൂപയും വീതം പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് സ്നേഹസാന്ത്വനം പദ്ധതി.

ഇതിനുപുറമെ, സ്പെഷ്യൽ ആശ്വാസകിരണം പദ്ധതി പ്രകാരം എൻഡോസൾഫാൻ ദുരിത ബാധിതരെ പരിചരിക്കുന്നവർക്ക് 700 രൂപ നിരക്കിൽ നൽകുന്ന പ്രതിമാസ ധനസഹായം 775 പേർക്കും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: ആർഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ സിപിഎമ്മിന് ഇ പി ജയരാജനോടും എഡിജിപി എം ആർ അജിത്ത് കുമാറിനോടും രണ്ട് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മിന്റെ കപട മുഖംമൂടി അഴിഞ്ഞുവീണുവെന്നും ബിജെപിയുമായുള്ള ബന്ധം പുറത്തുവന്നെന്നും അദ്ദേഹം പറഞ്ഞു.

ഭരണകക്ഷി എംഎൽഎ വെല്ലുവിളിച്ചിട്ടും സിപിഎമ്മിന് മിണ്ടാൻ പറ്റുന്നില്ല. മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തനത്തിനല്ല, മറിച്ച് വിഷയം ലൈവാക്കി നിർത്താനാവും എഎൻ ഷംസീർ ഇറങ്ങിയത്. പിവി അൻവറിന് പിന്നിൽ പ്രതിപക്ഷമല്ല. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രതിപക്ഷം പറഞ്ഞതാണ് ശരി. കൃത്യമായ നിയമവശം പരിശോധിച്ചാണ് പ്രതിപക്ഷം നിലപാടെടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖം നോക്കാതെയുള്ള സ്ത്രീപക്ഷ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. സംസ്ഥാന സർക്കാർ സ്വീകരിച്ചത് സ്ത്രീ വിരുദ്ധ നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് 74.20 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ. പെൻഷൻ വിതരണത്തിന്റെ വായ്പാ തിരിച്ചടവിനാണ് സഹായം. ഈ വർഷം ഇതുവരെ കെഎസ്ആർടിസിക്ക് സർക്കാർ നൽകിയത് 865 കോടി രൂപയാണ്. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

ബജറ്റിൽ വകയിരുത്തിയത് 900 കോടി രൂപയാണ്. പെൻഷൻ വിതരണത്തിന് കോർപ്പറേഷൻ പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് എടുത്ത വായ്പകളുടെ തിരിച്ചടവിനാണ് പണം അനുവദിച്ചത്. രണ്ടാം പിണറായി സർക്കാർ ഇതുവരെ 6044 കോടി രൂപയാണ് ഇതുവരെ കെ എസ് ആർ ടി സി ക്ക് അനുവദിച്ചത്.

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുന്നു. കടുത്ത ശ്വാസകോശ അണുബാധയെ തുടർന്നാണ് സീതാറാം യെച്ചൂരിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്.

തീവ്ര പരിചരണ വിഭാഗത്തിൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും നിലവിൽ ഗുരുതരാവസ്ഥയിലാണെന്നാണ് അറിയിച്ചിട്ടുള്ളതെന്നും സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസ് അറിയിച്ചു.

ഛണ്ഡീഗഡ്: ആംആദ്മി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ. പഞ്ചാബിലാണ് സംഭവം. ആം ആദ്മി പാർട്ടി കിസാൻ വിങ് അധ്യക്ഷൻ തർലോചൻ സിംഗാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൃഷി സ്ഥലത്ത് നിന്ന് തിരികെ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം നടന്നത്.

റോഡിന് സമീപത്താണ് തർലോചനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികളുടെ സഹായത്തോടെ മകൻ ഹർദീപ് സിങ് തർലോചനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പിതാവിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ഹർപ്രീത് ആരോപിച്ചു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും പോലീസ് അറിയിച്ചു.