General (Page 110)

തിരുവനന്തപുരം: സെപ്റ്റംബർ ഒന്നു മുതൽ രണ്ടു മാസകാലത്തേക്ക് യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയാളി പ്രവാസികൾക്കായി നോർക്ക രൂപീകരിച്ച ഹെൽപ്പ്ഡസ്‌ക് നിലവിൽ വന്നു. പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിന്റെ ഗുണഫലങ്ങൾ എത്തിക്കുക, അപേക്ഷ സമർപ്പിക്കാനും രേഖകൾ തയ്യാറാക്കാനും സഹായിക്കുക, കൂടാതെ നാട്ടിലേക്ക് തിരിച്ചു വരാൻ താല്പര്യമുള്ളവർക്ക് യാത്രാസഹായം ഉൾപ്പെടെ പ്രവാസികളുടെ സഹായത്തോടെ നൽകുക എന്നിവയാണ് പ്രവാസി സമൂഹം ചെയ്തു വരുന്നത്.

ഇത്തരം പ്രവർത്തനങ്ങൾ സർക്കാരുമായും നോർക്കയുമായും എകോപിപ്പിക്കുന്നതിനാണ് ഹെൽപ്ഡസ്‌ക് രൂപീകരിച്ചത്.

തിരുവനന്തപുരം: ഓണാവധി പ്രമാണിച്ച് ഹൗസ് ബോട്ടുകളടക്കമുള്ള ടൂറിസ്റ്റ് ബോട്ടുകളിൽ കുട്ടികൾ അടക്കമുള്ള വിനോദസഞ്ചാരികൾ കൂടുതലായി എത്തുമെന്നതിനാൽ കേരളാ മാരീടൈം ബോർഡ് പരിശോധനകൾ കൂടുതൽ ശക്തമാക്കി. ടൂറിസ്റ്റ് ബോട്ടുകളിൽ ആവശ്യമായ ലൈഫ് സേവിങ് ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതും അനുവദനീയമായ ആളുകൾ മാത്രമേ കയറുന്നുള്ളൂവെന്നും ഉറപ്പാക്കേണ്ടത് ബോട്ടുടമയുടെയും ബോട്ട് ഡ്രൈവറുടെയും കടമയാണ്. നിയമപ്രകാരം യാത്രക്കാർ ലൈഫ് സേവിങ് ജാക്കറ്റ് ധരിക്കേണ്ട യാനങ്ങളിൽ അതുറപ്പാക്കേണ്ടത് ബോട്ട് ഡ്രൈവറുടെ കടമയാണ്.

രജിസ്‌ട്രേഷൻ/ സർവെ ഇല്ലാതെ സർവീസ് നടത്തിയാൽ അവ പിടിച്ചെടുത്ത് നശിപ്പിക്കുന്ന നടപടികൾ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കും. അംഗീകൃത ലൈസൻസ് ഇല്ലാതെ ബോട്ടുകൾ ഓടിച്ചാൽ ഓടിക്കുന്ന ആൾക്കും ബോട്ട് ഉടമയ്ക്കും എതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും. വിനോദ സഞ്ചാരത്തിനായി വരുന്ന യാത്രക്കാർ യാത്ര ചെയ്യുന്ന യാനം അംഗീകൃതമാണോയെന്ന് യാനത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് നോക്കി മനസ്സിലാക്കേണ്ടതാണ്.

കൊച്ചി: സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പദ്ധതിക്കായി കരാറുകളും ഉപകരാറുകളും നൽകിയിൽ വൻ അഴിമതിയുണ്ടെന്ന് ആരോപിച്ചായിരുന്നു സതീശൻ ഹർജി നൽകിയത്.

സർക്കാരുമായി ബന്ധപ്പെട്ട കമ്പനികൾക്കാണ് ചട്ടങ്ങൾ പോലും ലംഘിച്ച് ടെൻഡർ നൽകിയതെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് കോടതി മേൽനോട്ടം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോപണങ്ങൾക്ക് ആധാരമാകുന്ന തെളിവുകൾ സംശയലേശമന്വേ നിരത്താൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന സർക്കാർ വാദം അംഗീകരിച്ച് ഹർജി തള്ളുകയായിരുന്നു.

തിരുവനന്തപുരം: ഓണാഘോഷം അതിരുകടക്കരുതെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. സമീപകാലത്തായി കലാലയങ്ങളിൽ പ്രധാനപ്പെട്ട ആഘോഷ ദിവസങ്ങളിലും ഇലക്ഷൻ ആർട്‌സ് ഡേ തുടങ്ങി മറ്റ് പ്രധാനപ്പെട്ട ദിവസങ്ങളിലും വാഹനങ്ങളുമായി ക്യാമ്പസിൽ വരുന്നതും ക്യാമ്പസിനകത്തും , പുറത്തും അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നതും അഭ്യാസ പ്രകടനങ്ങൾ കാണിച്ച് മറ്റുള്ളവരുടെ മുന്നിൽ ഹീറോയാകാൻ ശ്രമിക്കുന്നതും കൂടിവരുന്ന സാഹചര്യമാണ് ഉള്ളത്. ഇത് കണകത്കിലെടുത്താണ് എംവിഡിയുടെ മുന്നറിയിപ്പ്.

ചിലപ്പോൾ ലഹരിയുടെ അകമ്പടി കൂടി ആകുമ്പോൾ ഇത് അത്യന്തം അപകടകരമായ സാഹചര്യമാണ് വിളിച്ചുവരുത്തുന്നത്. പലപ്പോഴും ഓടിച്ച് പരിചിതമല്ലാത്ത വാഹനങ്ങൾ കടമെടുത്ത് ആയിരിക്കും ഇത്തരം ആഘോഷങ്ങൾക്ക് എത്തുക പവർ സെഗ്മെന്റ് വാഹനങ്ങൾ ഇത്തരത്തിൽ ഉപയോഗിക്കുന്നത് വളരെയധികം അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്ന ഒന്നാണ്. ക്യാമ്പസ് മാനേജ്‌മെന്റും, അദ്ധ്യാപകരും , രക്ഷിതാക്കളും ഇക്കാര്യത്തിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടു.

കഴിയുന്നതും വാഹനങ്ങൾ ഇത്തരം ആഘോഷങ്ങൾക്കായി നൽകാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ടെന്നും എംവിഡി കൂട്ടിച്ചേർത്തു.

ചെന്നൈ: ഓണത്തിരക്ക് പ്രമാണിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് വിവിധ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചു. ചെന്നൈ എഗ്മോർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തെ കൊച്ചുവേളിയിലേക്കുള്ള പ്രത്യേക ട്രെയിൻ (06160) ഇന്ന് 3.15 ന് പുറപ്പെടും. ഈ ട്രെയിൻ നാളെ രാവിലെ 8.30 ന് കൊച്ചുവേളിയിലെത്തും..പെരമ്പൂർ, തിരുവള്ളൂർ, ആരക്കോണം, കാട്പാടി, ജോളർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, ബോത്തനൂർ (കോയമ്പത്തൂർ), പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം,ചങ്ങനാശ്ശേരി, തിരുവല്ല, സെങ്ങന്നൂർ, മാവേലിക്കര, കായങ്ങുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. മുകളിലുള്ള ട്രെയിനിന്റെ ബുക്കിംഗ് ആരംഭിച്ചു.

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് മംഗലാപുരത്തേക്കുള്ള പ്രത്യേക ട്രെയിൻ (06161) ഇന്ന് ഉച്ചകഴിഞ്ഞ് 3.10ന് പുറപ്പെടും. നാളെ രാവിലെ 8.30 ന് ട്രെയിൻ മംഗലാപുരത്തെത്തും. ഈ ട്രെയിനിന് പെരമ്പൂർ, ആരക്കോണം, കാട്പാടി, ജോലാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, നീലേശ്വരം, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.

ഈ ട്രെയിൻ (06162) തിരികെ സെപ്റ്റംബർ 15 ഞായറാഴ്ച വൈകിട്ട് 6 . 45 ന് മംഗളൂരുവിൽ നിന്ന് പുറപ്പെടും. ഇത് പിറ്റേദിവസം രാവിലെ 11 .40 ന് ചെന്നൈയിൽ എത്തും. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ണൂരേക്കുള്ള പ്രത്യേക ട്രെയിൻ (06163) സെപ്റ്റംബർ 14 ശനിയാഴ്ച രാത്രി 11 . 50 ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. പിറ്റേ ദിവസം ഉച്ചക്ക് 1.30 ന് ട്രെയിൻ കണ്ണൂർ എത്തും. ഈ ട്രെയിനിന് പെരമ്പൂർ, ആരക്കോണം, കാട്പാടി, ജോലാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മദ്യനയ അഴിമതി കേസിൽ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചിട്ടുള്ളത്. മൂന്ന് കാര്യങ്ങളാണ് പരിശോധിച്ചതെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് നടപടി നിയമവിരുദ്ധമാണോ, സ്ഥിര ജാമ്യം അനുവദിക്കണോ, കസ്റ്റഡിയിലുള്ള ആളെ അറസ്റ്റ് ചെയ്യാമോ തുടങ്ങിയ കാര്യങ്ങളാണ് കോടതി പരിശോധിച്ചത്. പിന്നീടാണ് കെജ്രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

കെജ്രിവാളിന് ജാമ്യം ലഭിച്ചതോടെ ജയിൽ മോചനം ലഭിക്കും. അനന്തകാലം തടവിലിടുന്നത് ശരിയല്ലെന്നും വിചാരണ പെട്ടെന്ന് പൂർത്തിയാകാനിടയില്ലെന്നും ഉത്തരവിൽ വിലയിരുത്തിയിട്ടുണ്ട്.

കഴിഞ്ഞ മാർച്ചിലാണ് കേജ്രിവാളിനെ മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്തത്. ഈ കേസിൽ റിമാൻഡിൽ കഴിയവേ, ജൂൺ 26 ന് സിബിഐയും അറസ്റ്റ് ചെയ്തു. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ജയിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. സിബിഐ രജിസ്റ്റർ ചെയ്ത കേസിലും ജാമ്യം അനുവദിച്ചതോടെയാണ് കേജ്രിവാളിന്റെ ജയിൽ മോചനത്തിന് വഴി തെളിഞ്ഞത്.

തിരുവനന്തപുരം: രണ്ടു വർഷത്തിന് ശേഷം ഇൻഡിഗോ ബഹിഷ്‌ക്കരണം അവസാനിപ്പിച്ച് സിപിഎം നേതാവ് ഇ പി ജയരാജൻ. അന്തരിച്ച സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അവസാനമായി ഒരുനോക്ക് കാണാൻ വേണ്ടി ഡൽഹിയിൽ അടിയന്തരമായി എത്തേണ്ടതു കൊണ്ടാണ് ഇ പി ജയരാജൻ ഇൻഡിഗോയിൽ യാത്ര ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി 10.30ന് കരിപ്പൂരിൽ നിന്നുള്ള വിമാനത്തിലാണ് ഇ പി ഡൽഹിയിലെത്തിയത്. ഇൻഡിഗോയുമായുള്ള സമരത്തേക്കാൾ വലുത് സീതാറാം യെച്ചൂരിയാണെന്ന് ഇപി പറഞ്ഞു. അന്നത്തെ ഭൗതിക സാഹചര്യത്തിൽ അന്ന് എടുത്ത നിലപാട് ശരി. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇപ്പോഴെടുത്ത നിലപാട് ശരിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിയുമായുള്ള അകൽച്ച അല്ല ഇപ്പോഴത്തെ വിഷയമെന്നും യെച്ചൂരിയെന്ന വിഷയം മാത്രമേയുള്ളൂ. എല്ലാ കാര്യങ്ങളും പിന്നീട് വിശദമായി പറയുമെന്നും ഇപി കൂട്ടിച്ചേർത്തു.

കൊച്ചി : സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ പണം തട്ടുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. ഡൽഹി സ്വദേശി പ്രിൻസാണ് അറസ്റ്റിലായത്. കൊച്ചി സ്വദേശിയിൽ നിന്ന് 29 ലക്ഷം രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

സെൻട്രൽ പോലീസിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. പണം കൈമാറിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പിടിയിലായ ദിവസം ഇയാളുടെ അക്കൗണ്ടിലൂടെ നാലരക്കോടിയുടെ ഇടപാടുകളാണ് നടന്നത്.

ഫെബ്രുവരിയിലാണ് തട്ടിപ്പ് നടക്കുന്നത്. പ്രമുഖ വിമാനക്കമ്പനിയുമായി കള്ളപ്പണമിടപാടുകൾ നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് തട്ടിപ്പ് സംഘം യുവാവിനെ വെർച്വൽ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം: സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട ധനവിഹിതത്തിന്റെ ന്യായവും സന്തുലിതവുമായ വിതരണത്തിന് കേന്ദ്ര ഗവൺമെന്റ് തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ധനകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ധനകാര്യ മന്ത്രിമാരുടെ ഏകദിന കോൺക്ലേവ് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തമിഴ്‌നാട്, കർണാടക, പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള ധനമന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും വിഷയ വിദഗ്ദ്ധരുടെയും സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കിയത്. പ്രസ്തുത വിഷയം 16-ാം ധനകാര്യ കമ്മിഷന് മുമ്പാകെ ഉന്നയിക്കും. ഭരണഘടനയുടെ ആർട്ടിക്കിൾ 280 നിർവചിച്ചിരിക്കുന്ന നീതി ആയോഗിന്റെ ചുമതല, അതിവിപുലമായ പരിഗണനാ വിഷയങ്ങൾ എന്നിവ പരിമിതപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.

കേന്ദ്ര സർക്കാർ ഈടാക്കുന്ന സർചാർജുകളുടെയും സെസുകളുടെയും വർദ്ധിച്ചുവരുന്ന പ്രവണതയെക്കുറിച്ച് ആശങ്കയുണ്ട്. ഇത് ഇപ്പോൾ മൊത്ത നികുതി വരുമാനത്തിന്റെ 20 ശതമാനം വരും. സംസ്ഥാനങ്ങളുമായി പങ്കിടുന്ന നികുതികളുടെ ഡിവിസിവ് പൂളിൽ ഉൾപ്പെടുത്തിയതിനാൽ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട വിഹിതത്തിൽ കുറവുണ്ടാകുന്നതിലേക്ക് നയിച്ചു, ഈ പ്രവണത 16-ാം ധനകാര്യ കമ്മീഷൻ പരിഗണിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ നികുതി അധികാരങ്ങളും സംസ്ഥാനങ്ങളുടെ ചെലവ് ബാധ്യതകളും തമ്മിലുള്ള നിരന്തരമായ സാമ്പത്തിക അസന്തുലിതാവസ്ഥ നിലനിൽക്കുന്നു എന്നത് യാഥാർഥ്യമാണ്. നിലവിലെ നികുതി വിതരണം പുനഃപരിശോധിക്കണമെന്നത് കേരളത്തിന്റെ ആവശ്യമാണ്. അസന്തുലിതാവസ്ഥ മികച്ച രീതിയിൽ പരിഹരിക്കുന്നതിന് നിലവിലെ വിതരണത്തിൽ നിന്ന് 50 ശതമാനം വരെ വർദ്ധിപ്പിക്കണമെന്നതും നികുതിയുടെ അറ്റവരുമാനത്തിന്റെ ഉയർന്ന വിഹിതം വേണമെന്നുമുള്ള കേരളത്തിന്റെ ആവശ്യം മുഖ്യമന്ത്രി ആവർത്തിച്ചു. ഇത് പുതിയ ആവശ്യമല്ല, മറ്റ് സംസ്ഥാനങ്ങൾ മുൻ കമ്മീഷനുകൾക്ക് മുമ്പാകെ ഇത് ഉന്നയിച്ചിട്ടുണ്ട്. വർഷങ്ങളായി കേരളത്തിന്റെ നികുതി വിഹിതം കുറയുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യം, വിദ്യാഭ്യാസം, ജനസംഖ്യാ സൂചകങ്ങൾ എന്നിവയിൽ ഗണ്യമായ പുരോഗതി കൈവരിച്ച കേരളം പോലെയുള്ള സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം ലഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വികസനത്തിന്റെ വ്യത്യസ്ത തലങ്ങൾ കണക്കിലെടുത്ത് കൂടുതൽ സന്തുലിത സമീപനം കേന്ദ്ര സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നു. ദേശീയ മുൻഗണനകൾ പരിഗണിച്ച് സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിലെ ഘടകങ്ങൾക്കായി കർശനമായ വ്യവസ്ഥകളോടെ ഫണ്ടുകൾ നൽകുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. തമിഴ്‌നാട്ടിലെ രാജമന്നാർ കമ്മിറ്റി, പശ്ചിമ ബംഗാളിലെ ഇടതുമുന്നണി സർക്കാർ സമർപ്പിച്ച മെമ്മോറാണ്ടം, 1983-ലെ മുഖ്യമന്ത്രിമാരുടെ കോൺക്ലേവ് എന്നിവ സർകാരിയ കമ്മീഷനെ നിയമിക്കുന്നതിന് കാരണമായി. രാജ്യത്തിന്റെ ഫെഡറൽ സാമ്പത്തിക ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിന് അർത്ഥവത്തായ ശുപാർശകൾ നൽകിക്കൊണ്ട് ഈ പാരമ്പര്യം തുടരേണ്ടതുണ്ട്. 16-ാം ധനകാര്യ കമ്മീഷനു മുമ്പാകെ അവതരിപ്പിക്കാനുള്ള സമഗ്രമായ നിർദ്ദേശങ്ങൾ രൂപപ്പെടുത്താൻ കോൺക്ലേവിന്റെ ചർച്ചകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, തെലങ്കാന ഉപമുഖ്യമന്ത്രിയും ധനകാര്യവകുപ്പ് മന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു, കർണാടക റവന്യുവകുപ്പ് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, പഞ്ചാബ് ധനകാര്യവകുപ്പ് മന്ത്രി ഹർപാൽ സിങ് ചീമ, തമിഴ്‌നാട് ധനകാര്യവകുപ്പ് മന്ത്രി തങ്കം തെന്നരസു, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ധനകാര്യ വകുപ്പ് സെക്രട്ടറി കേശവേന്ദ്ര കുമാർ എന്നിവർ സംബന്ധിച്ചു. ഡോ. അരവിന്ദ് സുബ്രഹ്മണ്യൻ പ്രത്യേക പ്രഭാഷണം നടത്തി.

തെലങ്കാന സ്‌പെഷ്യൽ ചീഫ് സെക്രട്ടറി കെ രാമകൃഷ്ണ റാവു, കർണാടക അഡീഷണൽ ചീഫ് സെക്രട്ടറി എൽ കെ അതീഖ്, തമിഴ്‌നാട് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി ടി ഉദയചന്ദ്രൻ, പഞ്ചാബ് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി അജോയ് കുമാർ സിൻഹ, മുൻ ധനകാര്യവകുപ്പ് മന്ത്രി ടി എം തോമസ് ഐസക്, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, മുൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖർ, നാലാം സംസ്ഥാന ധന കമ്മീഷൻ ചെയർമാൻ ഡോ. എം എ ഉമ്മൻ, സാമ്പത്തിക വിദഗ്ധരായ പ്രൊഫ. പ്രഭാത് പട്‌നായിക്, പതിനാറാം ധനകാര്യ കമ്മീഷനുമുമ്പാകെ കേരളം സമർപ്പിക്കുന്ന നിവേദനത്തിന്റെ കരട് തയ്യാറാക്കാനായി നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ ഡോ. സി പി ചന്ദ്രശേഖർ, ഡോ. ജയതി ഘോഷ്, ഡോ. സുശീൽ ഖന്ന, പതിനാലാം ധനകാര്യ കമ്മീഷൻ അംഗങ്ങളായ ഡോ. സുദിപ്‌തോ മണ്ഡൽ, ഡോ. എം ഗോവിന്ദ റാവു, പന്ത്രണ്ടാം ധനകാര്യ കമ്മീഷൻ അംഗം ഡോ. ഡി കെ ശ്രീവാസ്തവ, റാം മനോഹർ റെഡ്ഡി, റിട്ട. ഐആർഎസ് ഉദ്യോഗസ്ഥൻ ആർ മോഹൻ, ഡോ. പിനാകി ചക്രവർത്തി, പ്രൊഫ. കെ എൻ ഹരിലാൽ, സിഡിഎസ് ഡയറക്ടർ ഡോ. സി വീരമണി, ഗിഫ്റ്റ് ഡയറക്ടർ ഡോ. കെ ജെ ജോസഫ്, എൻഐപിഎഫ്പിയിലെ പ്രൊഫസർ ലേഖ ചക്രബർത്തി, കേരള കാർഷിക സർവകലാശാലയിലെ മുൻ പ്രൊഫസർ ഡോ. പി ഷഹീന, കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-ഏക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസിലെ ഫെല്ലൊ ഡോ. രാഖി തിമോത്തി തുടങ്ങിയവർ സെഷനുകളിൽ പങ്കെടുത്തു.

തിരുവനന്തപുരം: എംആർപിയേക്കാൾ കൂടിയ വില ഉത്പന്നത്തിന് ഈടാക്കുന്നത് അന്യായമായ വ്യാപാര സമ്പ്രദായവും സേവനത്തിലെ പോരായ്മയും ആണെന്ന് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി ദിനേശ്കുമാർ തിരുവനന്തപുരം പുളിയറക്കോണത്തെ ‘മോർ’ സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ഒരു ലിറ്റർ കേര വെളിച്ചെണ്ണക്ക് എം ആർ പിയേക്കാൾ 10 രൂപ കൂടുതൽ ഈടാക്കിയതിനെതിരെ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.

എതിർകക്ഷിയുടെ പ്രവൃത്തി അധാർമ്മിക വ്യാപാരരീതി ആണെന്നും ഉപഭോക്താവിന് നൽകേണ്ട സേവനത്തിൽ വീഴ്ച വരുത്തിയെന്നും ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് പി.വി. ജയരാജൻ, അംഗങ്ങളായ പ്രീത ജി നായർ, വിജു വി.ആർ എന്നിവരുടെ ഉത്തരവിൽ പറഞ്ഞു. ഹർജിക്കാരന് നഷ്ടപരിഹാരമായി 5010 രൂപയും (അധികമായി ഈടാക്കിയ 10 രൂപ ഉൾപ്പെടെ) കോടതി ചെലവായി 2500 രൂപയും 5000 രൂപ ലീഗൽ ബെനിഫിറ്റ് ഫണ്ടിലേക്കും ഒരു മാസത്തിനകം എതിർകക്ഷി അടവാക്കാനും അന്യായ വ്യാപാര സമ്പ്രദായം ആവർത്തിക്കരുതെന്നും കമ്മീഷൻ ഉത്തരവിട്ടു.