General (Page 111)

തിരുവനന്തപുരം: കേരളത്തിന് 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി കെ എസ് ഇ ബി കരാറിലേർപ്പെട്ടു. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ സോളാർ എനർജി കോർപ്പറേഷനുവേണ്ടി ജനറൽ മാനേജർ (കൊമേഷ്യൽ) എ. കെ. നായിക്കും, കെ എസ് ഇ ബി എൽ നുവേണ്ടി ചീഫ് എഞ്ചിനീയർ (കൊമേഷ്യൽ) സജീവ് ജി. യുമാണ് കരാറിൽ ഒപ്പുവച്ചത്.

സെക്രട്ടേറിയറ്റിലെ വൈദ്യുതി വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ, കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ, ഡയറക്ടർ (ഫിനാൻസ്) ആർ ബിജു, ശബാശിഷ് ദാസ്, പ്രോജക്റ്റ് ഹെഡ് (SECI) മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സംസ്ഥാനത്ത് വൈദ്യുതി ലഭ്യതക്കുറവ് രൂക്ഷമായ വൈകുന്നേരം 6 മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളിലുൾപ്പെടെ വൈദ്യുതി ലഭ്യമാകുന്ന കരാറാണ് ഇന്ന് ഒപ്പുവച്ചിരിക്കുന്നത്. പകൽ സമയത്ത് സൗരോർജ്ജ വൈദ്യുതിയും പീക്ക് സമയത്ത് 2 മണിക്കൂർ നേരം ബാറ്ററി സ്റ്റോറേജ് സിസ്റ്റം വഴിയുള്ള വൈദ്യുതിയുമാണ് ലഭ്യമാകുക. വൈകീട്ട് മണിക്കൂറിൽ 250 മെഗാവാട്ട് എന്ന നിലയിൽ തുടർച്ചയായി 2 മണിക്കൂറോ തവണകളായോ ആവശ്യാനുസരണം ഈ വൈദ്യുതി ഉപയോഗിക്കാനാകും. യൂണിറ്റിന് താരതമ്യേനെ കുറഞ്ഞ നിരക്കായ 3.49 രൂപയ്ക്ക് വൈദ്യുതി ലഭ്യമാകും എന്ന സവിശേഷതയുമുണ്ട്. 2026 സെപ്റ്റംബറോടെ ഈ കരാർ പ്രകാരമുള്ള വൈദ്യുതി ലഭ്യമായിത്തുടങ്ങും. 25 വർഷമാണ് കരാർ കാലാവധി.

ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഡൽഹി എയിംസ് മെഡിക്കൽ കോളേജിന് പഠനത്തിന് വിട്ടു നൽകും. സെപ്തംബർ 14ന് ഡൽഹി എകെജി ഭവനിൽ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കും. അതിനു ശേഷമായിരിക്കും മൃതദേഹം എയിംസിന് വിട്ടു നൽകുക. സിപിഎം കേന്ദ്രങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് മൃതദേഹം എയിംസിലെ മോർച്ചറിയിൽ സൂക്ഷിക്കും. രണ്ടാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് യെച്ചൂരി അന്തരിച്ചത്. ശ്വാസകോശ അണുബാധയെ തുടർന്നാണ് യെച്ചൂരി ചികിത്സയിൽ കഴിഞ്ഞത്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നിരവധി രാഷ്്ട്രീയ പ്രമുഖർ സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

സീതാറാം യെച്ചൂരിയുടെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമല്ല ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങൾക്കാകെ കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സീതാറാം യെച്ചൂരിയുടെ നിര്യാണം സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ്. വ്യക്തിപരമായും വളരെ ദു:ഖകരമായ ഒരു സന്ദർഭമാണിത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അദ്ദേഹത്തെ സ്‌നേഹിക്കുന്ന അസംഖ്യം ഹൃദയങ്ങളുടെയും വേദനയിൽ പങ്കു ചേരുന്നു. സഖാവിന്റെ ഉജ്ജ്വല സ്മരണകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

കോൺഗ്രസ് നേതാവ ് രാഹുൽ ഗാന്ധിയും യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. നമ്മുടെ രാജ്യത്തെ കുറിച്ച് ആഴത്തിലുള്ള ധാരണയുള്ള, ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു യെച്ചൂരിയെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. തങ്ങൾ നടത്തിയിരുന്ന നീണ്ട ചർച്ചകൾ ഇനി തനിക്ക് നഷ്ടമാകുമെന്നും രാഹുൽ പറഞ്ഞു. ദുഃഖത്തിന്റെ ഈ വേളയിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുയായികൾക്കും ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട്: ജെൻസന് കണ്ണീരോടെ വിട നൽകി നാട്. വൈകാരിക രംഗങ്ങൾക്കാണ് ഇന്ന് വയനാട് സാക്ഷ്യം വഹിച്ചത്. എങ്ങനെയാണ് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കേണ്ടതെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു എല്ലാവരും. ശ്രുതി മോളോട് താനെന്ത് പറയും എന്നു പറഞ്ഞ് അലമുറയിട്ട ജെൻസന്റെ അമ്മ കണ്ടു നിന്നവരുടെ ഉള്ളിലെല്ലാം നോവ് പടർത്തി. എല്ലാവരുടെയും മനസിൽ മായാത്ത നോവായി ശ്രുതിയുടെ മുഖം നിറഞ്ഞു നിന്നു.

വലിയ ജനക്കൂട്ടമാണ് ജെൻസനെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിയത്. ആണ്ടൂർ നിത്യസഹായമാതാ പള്ളിയിലാണ് ജെൻസന്റെ സംസ്‌കാര ചടങ്ങുകൾ നടന്നത്.

ശ്രുതിക്ക് അവസാനമായി ജെൻസനെ ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിച്ചിരുന്നു. നേരത്തെ ശ്രുതിയെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ മോശമായതിനാൽ ആശുപത്രിയിലേക്ക് മൃതദേഹം എത്തിക്കുകയായിരുന്നു. 15 മിനിറ്റോളമാണ് ആശുപത്രിയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചത്.

ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെൻസൻ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്.

തിരുവനന്തപുരം: സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സീതാറാം യെച്ചൂരിയുടെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമല്ല ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങൾക്കാകെ കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ധീരോദാത്തമായ ഒരു രാഷ്ടീയ ജീവിതത്തിനു തിരശ്ശീല വീണിരിക്കുന്നു. അടിയന്തരവാസ്ഥയുടെ ഭീകരതയെ നിർഭയം നേരിട്ട വിപ്ലവകാരിയായ വിദ്യാർത്ഥിയിൽ നിന്നും രാജ്യമാകെ ബഹുമാനിക്കുന്ന സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവായി വളർന്ന സഖാവ് യെച്ചൂരിയുടെ ജീവിതം ഇന്ത്യൻ രാഷ്ടീയ ചരിത്രത്തിലെ ഉജ്ജ്വലമായ ഏടുകളിലൊന്നാണ്. ധൈഷണികതയും നേതൃപാടവവും ഒരുപോലെ കൈമുതലായിരുന്ന സഖാവ് സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങി തന്നിൽ നിക്ഷിപ്തമായ ബഹുമുഖമായ ഉത്തരവാദിത്തങ്ങളെല്ലാം മികച്ച രീതിയിൽ നിർവഹിച്ചു. കർഷകരുടേയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ രാഷ്ട്രീയ ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹം സംഘപരിവാർ വർഗീയതയ്‌ക്കെതിരെ ഉയർന്ന ബഹുജനമുന്നേറ്റങ്ങളുടെ നേതൃനിരയിൽ നിലയുറപ്പിച്ചു. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം തിരിച്ചടികൾ നേരിട്ട ഘട്ടങ്ങളിലെല്ലാം അടിപതറാതെ മറ്റു സഖാക്കൾക്ക് ആത്മവിശ്വാസം പകർന്നു. പല ഘട്ടങ്ങളിലും ദേശീയ രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്ക് രൂപം നൽകുന്നതിൽ അദ്ദേഹം നിർണ്ണായകമായ പങ്കു വഹിക്കുകയുണ്ടായെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

സീതാറാം യെച്ചൂരിയുടെ നിര്യാണം സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ്. വ്യക്തിപരമായും വളരെ ദു:ഖകരമായ ഒരു സന്ദർഭമാണിത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അദ്ദേഹത്തെ സ്‌നേഹിക്കുന്ന അസംഖ്യം ഹൃദയങ്ങളുടെയും വേദനയിൽ പങ്കു ചേരുന്നു. സഖാവിന്റെ ഉജ്ജ്വല സ്മരണകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്നായിരുന്നു അന്ത്യം. ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.

കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

1952 ഓഗസ്റ്റ് 12-നാണ് സീതാറാം യെച്ചൂരി ജനിച്ചത്. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ യെച്ചൂരി ജെ.എൻ.യുവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ജെ.എൻ.യുവിൽ വച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായി. 1974-ൽ എസ്എഫ്‌ഐയിൽ അംഗമായി. മൂന്നുവട്ടം ജെ.എൻ.യു സർവകലാശാല യൂണിയൻ പ്രസിഡന്റായി. ജെഎൻയുവിൽ പിഎച്ച്ഡിക്ക് ചേർന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതം മൂലം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

2005-ൽ പശ്ചിമ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു അദ്ദേഹം. പീപ്പിൾസ് ഡെമോക്രസി വാരികയുടെ എഡിറ്ററായിരുന്നു.

തിരുവനന്തപുരം: ഓണക്കാലത്ത് ജീവനക്കാർക്കുള്ള ബോണസിൽ റെക്കോർഡിട്ട് ബിവ്‌റിജസ് കോർപറേഷൻ. 95000 രൂപയാണ് ഇത്തവണ ജീവനക്കാർക്ക് ബിവ്‌റേജസ് കോർപ്പറേഷൻ ബോണസായി നൽകുന്നത്. 90000 രൂപയായിരുന്നു കഴിഞ്ഞ വർഷം നൽകിയത്.

ഇത്തവണ 5000 രൂപ ബെവ്‌കോ സ്വീപ്പർ തൊഴിലാളികൾക്കും ഓണ ബോണസ് നൽകും. സർക്കാരിന്റെ ബോണസ് പരിധി കടക്കാതിരിക്കാൻ പെർഫോമൻസ് ഇൻസെന്റീവ്, എക്‌സ് ഗ്രേഷ്യ എന്നിങ്ങനെ വേർതിരിച്ച് ഒരുമിച്ചു നൽകും. ഔട്ട്‌ലെറ്റിലും ഓഫീസിലുമായി 5000 ജീവനക്കാരാണ് ബെവ്‌കോയിലുള്ളത്.

തിരുവനന്തപുരം: ശ്രുതിയ്ക്ക് സർക്കാർ ജോലി നൽകുമെന്ന് മന്ത്രി കെ രാജൻ. ശ്രുതിയെ ഒരിക്കലും തനിച്ചാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ശ്രുതിക്ക് അവസാനമായി ജെൻസനെ ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിച്ചിരുന്നു. നേരത്തെ ശ്രുതിയെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ മോശമായതിനാൽ ആശുപത്രിയിലേക്ക് മൃതദേഹം എത്തിക്കുകയായിരുന്നു. 15 മിനിറ്റോളമാണ് ആശുപത്രിയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചത്.

ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെൻസൻ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്. വൈകിട്ട് 3 മണിക്ക് ആണ്ടൂർ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക.

തിരുവനന്തപുരം: അന്വേഷണ സംഘത്തിന് മുന്നിൽമൊഴി നൽകി എഡിജിപി എംആർ അജിത്ത് കുമാർ. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച, ഔദ്യോഗിക കൃത്യനിർവഹണത്തിലെ ക്രമക്കേടുകൾ എന്നിവ ഉൾപ്പെടെ ഉയർന്നിരിക്കുന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് അജിത്ത് കുമാർ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകിയിരിക്കുന്നത്.

പൊലീസ് ആസ്ഥാനത്ത് കേസിന്റെ അന്വേഷണ ചുമതലയുള്ള സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് നേരിട്ടാണ് മൊഴി രേഖപ്പെടുത്തുന്നത്. കേസിന്റെ അന്വേഷണ ചുമതലയിലുള്ള ഐജി സ്പർജൻ കുമാർ, എസ്പിമാരായ മധുസൂദനൻ എന്നിവരും ഒപ്പമുണ്ട്.

ഐജി സ്പർജൻ കുമാർ എഡിജിപിയുടെ മൊഴിയെടുക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ തനിക്കെതിരായ അന്വേഷണത്തിൽ തന്നേക്കാൾ ജൂനിയറായ ഐജി സ്പർജൻ കുമാറിനെ മൊഴിയെടുക്കാൻ നിയമിച്ചതിനെതിരെ ഡിജിപിക്ക് എഡിജിപി കത്ത് നൽകിയിരുന്നു. ഐജി സ്പർജൻ കുമാറിന് മുന്നിൽ മൊഴി നൽകില്ലെന്നും ഡിജിപി നേരിട്ട് മൊഴിയെടുക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്. തുടർന്നാണ് അജിത് കുമാറിന്റെ മൊഴി നേരിട്ട് രേഖപ്പെടുത്താൻ ഡിജിപി തീരുമാനിച്ചത്.

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയുമടക്കമുള്ള ഉറ്റവർ ഇല്ലാതായ ചൂരൽമല സ്വദേശി ശ്രുതിക്ക് ഇന്നലെയുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരൻ ജെൻസനേയും നഷ്ടമായിരിക്കുന്നുവെന്ന വാർത്ത ഏറെ വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കൽപറ്റയിലെ വെള്ളാരംകുന്നിൽ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വാനിലുണ്ടായിരുന്ന ശ്രുതിയും ബന്ധുക്കളും പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിൽ തന്റെ കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്ടമായ ശ്രുതിക്ക് ഇപ്പോൾ മറ്റൊരു ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വന്നുവെന്നത് ഹൃദയഭേദകമായ കാര്യമാണ്. ദുരന്തമുഖങ്ങളിലുണ്ടാവുന്ന നഷ്ടങ്ങൾക്ക് എന്ത് പകരം നൽകിയാലും മതിയാകില്ല. ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്ന ഉറപ്പാണ് നമുക്കിപ്പോൾ നൽകാൻ സാധിക്കുക. ശ്രുതിയുടെയും ജെൻസന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാൻ ശ്രുതിക്കാവട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും മരിച്ചിരുന്നു. ജെൻസണുമായുള്ള വിവാഹ നിശ്ചയത്തിനും പുതിയ വീടിന്റെ ഗൃഹപ്രവേശത്തിനും ശേഷമായിരുന്നു ദുരന്തം സംഭവിച്ചത്. ദുരന്ത മുഖത്ത് ഒറ്റപ്പെട്ടു പോയ ശ്രുതിയെ ജെൻസൺ തന്റെ ഒപ്പു ചേർത്തു നിർത്തുകയായിരുന്നു. ഇതിനിടെയാണ് വിധി വീണ്ടും ഇവരുടെ ജീവിതത്തിൽ വില്ലനായി എത്തിയിരിക്കുന്നത്.

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജെൻസൻ കഴിഞ്ഞ ദിവസം രാത്രിയാണ് മരണപ്പെട്ടത്.

എറണാകുളം: മോട്ടോർ വാഹനങ്ങളിൽ അംഗീകൃത വ്യവസ്ഥകൾക്ക് അനുസരിച്ച് കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് വ്യക്തമാക്കി ഹൈക്കോടതി. അങ്ങനെ ചട്ടം പാലിച്ച് കൂളിങ് ഫിലിം പതിപ്പിച്ചതിന്റെ പേരിൽ വാഹനങ്ങൾക്ക് പിഴ ഈടാക്കാൻ കഴിയില്ലെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് എൻ നഗരേഷാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മോട്ടോർ വാഹനചട്ടങ്ങളിലെ ഭേദഗതി പ്രകാരം വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റി ഗ്ലാസുകൾക്ക് പകരം ‘സേഫ്റ്റിഗ്ലേസിങ്’ കൂടി ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട്. മുന്നിലേയും പിന്നിലെയും ഗ്ലാസുകളിൽ 70 ശതമാനത്തിൽ കുറയാത്ത സുതാര്യമായ ഫിലിം പതിപ്പിക്കാമെന്നും വശങ്ങളിലെ സുതാര്യത 50 ശതമാനത്തിൽ കുറയരുതെന്നുമാണ് ചട്ടം പറയുന്നത്.

സേഫ്റ്റിഗ്ലേസിങ് വാഹനങ്ങളിൽ ഘടിപ്പിക്കുന്നതിന് വാഹന നിർമാതാവിനു മാത്രമല്ല വാഹന ഉടമക്ക്വും അവകാശമുണ്ടെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.