General (Page 109)

പാലക്കാട്: തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി
മരണം. പാലക്കാട് കഞ്ചിക്കോടാണ് സംഭവം. കഞ്ചിക്കോട് ആലാമരം സ്വദേശി സുരേഷ് ആണ് മരണപ്പെട്ടത്. 50 വയസായിരുന്നു.

തീറ്റ മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ ഇഡ്ഡലി കുടുങ്ങുകയായിരുന്നു. ഇഡ്ഡലി പുറത്തെടുത്ത ശേഷം സുരേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആലാമരത്തെ യുവാക്കളുടെ കൂട്ടായ്മയാണ് തീറ്റ മത്സരം സംഘടിപ്പിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായായിട്ടായിരുന്നു മത്സരം.

ന്യൂഡൽഹി: അന്തരിച്ച സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കൽ ഗവേഷണത്തിനായി വിട്ടുനൽകാനുള്ള സമ്മതപത്രത്തിൽ കുടുംബാംഗങ്ങൾ ഒപ്പുവച്ചു. അദ്ദേഹത്തിന്റെ ശരീരം എയിംസ് അധികൃതർ ഏറ്റുവാങ്ങി.

കഴിഞ്ഞ ദിവസമാണ് സീതാറാം യെച്ചൂരി അന്തരിച്ചത്. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിൽ യെച്ചൂരിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പിബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കൾ യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു.

കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

1952 ഓഗസ്റ്റ് 12-നാണ് സീതാറാം യെച്ചൂരി ജനിച്ചത്. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ യെച്ചൂരി ജെ.എൻ.യുവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ജെ.എൻ.യുവിൽ വച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായി. 1974-ൽ എസ്എഫ്ഐയിൽ അംഗമായി. മൂന്നുവട്ടം ജെ.എൻ.യു സർവകലാശാല യൂണിയൻ പ്രസിഡന്റായി. ജെഎൻയുവിൽ പിഎച്ച്ഡിക്ക് ചേർന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതം മൂലം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

തിരുവനന്തപുരം: സപ്ലൈക്കോ നിലനിൽക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് പഠിപ്പിച്ച ഓണക്കാലമാണ് ഇതെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ. ഫലപ്രദമായ വിപണി ഇടപെടൽ നടത്തി വിലക്കയറ്റം പിടിച്ചു നിർത്താൻ സപ്ലൈകോയ്ക്ക് സാധിച്ചു. സപ്ലൈകോയുടെ തിരിച്ചുവരവിനാണ് നാം സാക്ഷ്യം വഹിച്ചത്. ഈ ഓണക്കാലത്തു സാധാരണക്കാർക്ക് ആശ്വാസകരമായ നടപടികൾ സ്വീകരിക്കാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

സർക്കാരിന്റെ പ്രവർത്തനങ്ങളെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. അതിന്റെ തെളിവാണ് സപ്ലൈക്കോ സ്റ്റോറുകളിലെയും, ഓണം ഫെയറുകളിലെയും ജനത്തിരക്ക്. ഉത്രാടദിനത്തിന് മുൻപുള്ള ദിവസങ്ങളിൽ 16 കോടി രൂപയുടെ വില്പനയാണ് ജില്ലാ ഫെയറുകളിലും സപ്ലൈകോ ഔട്ട്ലെറ്റുകളിലും നടന്നത്. 24 ലക്ഷത്തിലധികം പേർ സപ്ലൈക്കോയിൽ നിന്ന് സാധനങ്ങൾ വാങ്ങി. ഒട്ടേറെ പ്രതിസന്ധികൾക്കിടയിലും ഗുണനിലവാരം ഉറപ്പാക്കി ന്യായമായ വിലയിൽ ഭക്ഷ്യവസ്തുക്കൾ ജനങ്ങൾക്ക് എത്തിക്കാൻ സപ്ലൈകോയ്ക്ക് സാധിച്ചുവെന്ന് അദ്ദേഹം അറിയിച്ചു.

ഈ ഓണക്കാലത്ത് 52 ലക്ഷം കുടുംബങ്ങൾക്ക് ഏറ്റവും നല്ല അരിയിനമായ ചമ്പാവരി 10 കിലോ അധികം നൽകി. 50 രൂപയിലധികം വില വരുന്ന ചമ്പാവരി 10 രൂപ നിരക്കിൽ നൽകാൻ കഴിഞ്ഞത് ഭക്ഷ്യവകുപ്പിന് അഭിമാനകരമായ നേട്ടമായി. അർഹരായ 92% റേഷൻ കാർഡ് ഉടമകളും സൗജന്യ ഭക്ഷ്യ കിറ്റ് വാങ്ങിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം പുത്തരികണ്ടം മൈതാനത്തിലെ സപ്ലൈക്കോ ഓണം ഫെയർ സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

ചെങ്ങന്നൂർ: ചെങ്ങന്നൂർ-പമ്പ റെയിൽപ്പാതയുടെ അന്തിമ ലൊക്കേഷൻ അംഗീകരിച്ച് റെയിൽവേ. സർവേയുടെ അടിസ്ഥാനത്തിൽ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി റെയിൽവേ ബോർഡിനു സമർപ്പിച്ചു. റിപ്പോർട്ട് ബോർഡ് പരിശോധിച്ചു തുടങ്ങി. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പാതയ്ക്കുവേണ്ട ചെലവു കണക്കാക്കുന്നത്.

വനമേഖലയുടെ സാന്നിധ്യമുള്ളതിനാൽ ഹരിത തീവണ്ടികളായിരിക്കും ഓടിക്കുകയെന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. വന്ദേഭാരത് മോഡൽ തീവണ്ടികളായിരിക്കും ഇതിനായി റെയിൽവേ പരിഗണിക്കുക.

റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചാൽ പദ്ധതി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കും. 177.80 ഹെക്ടർ സ്ഥലമായിരിക്കും പാതയ്ക്കായി ഏറ്റെടുക്കേണ്ടിവരുന്നത്. ചെങ്ങന്നൂർ-പമ്പ പാതയ്ക്കായി പുതുതായി ഒരു സ്റ്റേഷൻകൂടി ചെങ്ങന്നൂരിൽ നിർമിക്കും. ഇത് മഠത്തിൽപ്പടിയിലോ, ഹാച്ചറിയിലോ ആയിരിക്കും. പുതിയപാത നിലവിലുള്ള പാതയുമായി ബന്ധിപ്പിക്കുന്നതോടെ ചെങ്ങന്നൂർ സ്റ്റേഷൻ ജംഗ്ഷനാകും.

മലപ്പുറം: സമയം കഴിഞ്ഞിട്ടും ബിവറേജിൽ നിന്നും മദ്യം വാങ്ങി പൊലീസ് ഉദ്യോഗസ്ഥർ. മലപ്പുറത്താണ് സംഭവം നടന്നത്. പൊലീസുദ്യോഗസ്ഥർ മദ്യം വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തി. ഇതോടെ ഇരു കൂട്ടരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും വരെ ഉണ്ടായി. മദ്യവിൽപനയ്ക്കായുള്ള സമയം കഴിഞ്ഞ് രണ്ട് പേർ ബിവറേജിന്റെ ഗേറ്റിന് പുറത്തുനിന്ന് ജീവനക്കാരോട് സംസാരിക്കുന്നതും പണം കൈമാറുന്നതും കണ്ട നാട്ടുകാരൻ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു.

ദൃശ്യങ്ങൾ പകർത്തിയത് ചോദ്യം ചെയ്ത് പൊലീസ് നാട്ടുകാരെ മർദ്ദിച്ചുവെന്ന ആരോപണം ഉയരുന്നുണ്ട്. സംഭവത്തിൽ പരിക്കേറ്റ കണ്ടനകം സ്വദേശി സുനീഷ് കുമാർ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

മലപ്പുറം എടപ്പാൾ കണ്ടനകം ബിവറേജിൽ ഇന്നലെ രാത്രി 9.30യോടെയായിരുന്നു സംഭവം. ചങ്ങരംകുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് എന്ന് പറഞ്ഞാണ് സംഘം നാട്ടുകാരെ മർദ്ദിച്ചത്.

ചെന്നൈ: ധനമന്ത്രി നിർമല സീതാരാമനെതിരെ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ജിഎസ്ടിയെ കുറിച്ചുള്ള ന്യായമായ ചോദ്യത്തെ ധനമന്ത്രി നേരിട്ട രീതി ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു. ജനം എല്ലാം കാണുന്നുണ്ടെന്നും സ്റ്റാലിൻ വ്യക്തമാക്കി.

അതേസമയം, കോയമ്പത്തൂരിലെ ശ്രീ അന്നപൂർണ ഹോട്ടൽ ശൃംഖലയുടെ ഉടമയുമായി ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ സംഭാഷണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ബിജെപി പ്രവർത്തകർ ഷെയർ ചെയ്തതിൽ ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ ക്ഷമ ചോദിച്ചിരുന്നു.

തിരുവനന്തപുരം: ഓണക്കാലത്ത് റോഡ് ബ്ലോക്ക് കൂടി വരികയാണ്. നിലവിലെ റോഡ് സൗകര്യം വെച്ചു എങ്ങനെ ബ്ലോക്ക് കുറക്കാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ഇതിനായി ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1 ബ്ലോക്കിൽ നിർബന്ധം ആയും ക്യു പാലിക്കുക .

2 ബ്ലോക്കിൽ കിടക്കുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾക്കും സൈഡ് റോഡിൽ നിന്നും റോഡ് മുറിച്ചു കടക്കാൻ ആരെക്കിലും ഉണ്ടകിലും അവർക്ക് വഴി നൽകുക . ഞാൻ ബ്ലോക്കിൽ അല്ലെ എല്ലാവരും കിടക്കട്ടെ എന്ന സങ്കുചിത ചിന്ത ഒഴിവാക്കുക .

3 .ബ്ലോക്കിൽ നിന്നും ഒരു വണ്ടി എങ്കിലും ഒഴിവായാൽ തനിക് കുറച്ചു മുൻപേ പോകാൻ സാധിക്കും എന്ന യാഥാർഥ്യം മനസിലാക്കുക

4.പരമാവധി പബ്ലിക് ട്രാൻസ്പോർട് സംവിധാനം ഉപയോഗപ്പെടുത്തുക.

  1. പീക്ക് ടൈമിൽ ഷോപ്പിംഗ് പോലുള്ള കാര്യങ്ങൾക്കുള്ള യാത്ര മാറ്റി offpeak ടൈം തിരഞ്ഞെടുക്കുക.

6.റോഡിൽ അനാവശ്യ പാർക്കിംഗ് ഒഴിവാക്കുക.

7 കടയുടെ മുന്നിൽ പാർക്കിങ് സ്‌പേസ് ലഭ്യം അല്ലങ്കിൽ മുന്നോട്ട് പോയി റോഡിൽ നിന്നും ഇറക്കി പാർക്ക് ചെയ്തിട്ട് തിരികെ നടന്നു വരിക . റോഡിൽ നിർബന്ധം ആയും പാർക്കിംഗ് പാടില്ല.

ഓണക്കാലത്ത് വീട് പൂട്ടി യാത്ര പോകുന്നവരാണ് നമ്മളിൽ പലരും. ഇത്തരത്തിൽ യാത്ര പോകുമ്പോൾ വീടിന്റെ സുരക്ഷിതത്വത്തെപ്പറ്റി പലരും ആശങ്കപ്പെടാറുണ്ട്. അതിനൊരു പരിഹാര മാർഗം മുന്നോട്ടുവെയ്ക്കുകയാണ് കേരളാ പോലീസ്.

വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ ‘Locked House Information” സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.

യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്. ഗൂഗിൾപ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോൽ ആപ്പ് ലഭ്യമാണ്.

തിരുവനന്തപുരം: രജിസ്‌ട്രേഷൻ വകുപ്പിന്റെ പേൾ, റവന്യൂ വകുപ്പിന്റെ റെലിസ്, സർവേ വകുപ്പിന്റെ ഇ മാപ്പ് എന്നീ പോർട്ടലുകൾ സംയോജിപ്പിച്ച് ഇന്ത്യയിൽ ആദ്യമായി എന്റെ ഭൂമി എന്ന ഇന്റഗ്രേറ്റഡ് പോർട്ടൽ ഒക്ടോബർ മാസം കേരളത്തിൽ നടപ്പാക്കുമെന്ന് മന്ത്രി കെ രാജൻ. കളമശേരി മുനിസിപ്പിൽ ടൗൺഹാളിൽ പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മാസം പോർട്ടലിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്നും മന്ത്രി അറിയിച്ചു.

ഭൂമിയുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങളിലുണ്ടാകുന്ന തെറ്റിദ്ധാരണകൾ, തട്ടിപ്പുകൾ എന്നിവ ഒഴിവാക്കുന്നതിന് ഇന്റഗ്രേറ്റഡ് പോർട്ടൽ വഴി സാധിക്കും. രജിസ്‌ട്രേഷൻ സമയത്ത് തന്നെ ഭൂമിയുടെ പോക്കുവരവിന്റെ സാധ്യതകളും ലൊക്കേഷൻ സ്‌കെച്ചും രജിസ്റ്റർ ചെയ്യുന്നവർക്ക് തിരിച്ചറിയാൻ കഴിയുന്ന സംവിധാനത്തിലൂടെ രജിസ്‌ട്രേഷൻ ഒരു കരാർ മാത്രമല്ല റവന്യൂ, സർവേ വകുപ്പുകളെ കൂടി കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പ്രക്രിയയാക്കി മാറ്റുകയാണ് റവന്യൂ വകുപ്പ്. ഇന്ത്യക്ക് പുറത്തുള്ള പത്ത് രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികളായ മലയാളികൾക്ക് കേരളത്തിലുള്ള ഭൂമിക്ക് ഓൺലൈനായി കരം അടയ്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിന് ഇ ബാങ്കിംഗിന്റെയും ഇ ട്രഷറിയുടെയും സൗകര്യം ഉപയോഗിച്ച് സമ്പൂർണമായി റവന്യൂ വകുപ്പിനെ ഡിജിറ്റലാക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

ഫ്‌ളാറ്റുകളിൽ താമസിക്കുന്നവരുടെ ഭൂമിക്ക് ആനുപാതികമായി കരം അടയ്ക്കാൻ കഴിയണമെന്ന ആവശ്യം നിലനിൽക്കുകയാണ്. ഫ്‌ളാറ്റ് സമുച്ചയത്തിലെ ഫ്‌ളാറ്റ് ഉടമകൾക്ക് ഫ്‌ളാറ്റിന്റെ ഉടമസ്ഥതാവകാശം ലഭിക്കുമെങ്കിലും തണ്ടപ്പേർ ലഭിക്കില്ല. ഇ സാഹചര്യത്തിൽ അൺ ഡിവൈഡഡ് ഷെയർ എന്ന ആശയം മുന്നോട്ടു വെച്ചു കൊണ്ട് ഫ്‌ളാറ്റിന്റെ സ്‌ക്വയർ ഫീറ്റിനു തുല്യമായ ഭൂമിയ്ക്ക് അവകാശം ലഭിക്കുന്ന വിധത്തിൽ തണ്ടപ്പേർ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

കടൽ പുറമ്പോക്കിൽ താമസിക്കുന്നവർക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നു. ഏറ്റവും വലിയ വേലിയേറ്റ പോയിന്റി നിന്ന് 100 മീറ്റർ പരിധിയിൽ ഉൾപ്പെടാത്തവർക്ക് ഭൂമി പതിച്ചു നൽകുന്നതിന് സർക്കാർ നടപടി സ്വീകരിച്ചു. പട്ടയമിഷ9 രൂപീകരിച്ചുള്ള ചിട്ടയായ പ്രവർത്തനം, പട്ടയ അസംബ്ലികൾ, പട്ടയ ഡാഷ്‌ബോർഡുകൾ എന്നിവ വഴി പട്ടയവിതരണത്തിൽ സർക്കാർ പുതു ചരിത്രം കുറിക്കുകയാണ്. കഴിഞ്ഞ സർക്കാർ 177011 പട്ടയങ്ങൾ വിതരണം ചെയ്തു. ഈ സർക്കാർ മൂന്നു വർഷം കൊണ്ട് 180887 പട്ടയങ്ങൾ വിതരണം ചെയ്തു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യത്തോടെ സാധാരണക്കാർക്ക് പട്ടയം നൽകാനുള്ള പ്രവർത്തനങ്ങളിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചുവെന്നും മന്ത്രി പറഞ്ഞു.

പട്ടയവിതരണത്തിൽ റെക്കോഡ് നേട്ടമാണ് റവന്യൂ വകുപ്പ് കൈവരിച്ചിരിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി പി. രാജീവ് പറഞ്ഞു.

എം.എൽ.എ മാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, പി.വി. ശ്രീനിജിൻ, ആന്റണി ജോൺ, കെ.എൻ. ഉണ്ണികൃഷ്ണൻ, കെ.ജെ. മാക്‌സി, കളമശേരി നഗരസഭാധ്യക്ഷ സീമ കണ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ലാന്റ് റവന്യൂ കമ്മീഷണർ ഡോ.എ. കൗശികൻ, ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ.എം. ദിനകരൻ, ടോമി ജോസഫ്, പൗലോസ് മുടക്കന്തല തുടങ്ങിയവർ പങ്കെടുത്തു.

കോതമംഗലം താലൂക്കിൽ വനഭൂമി ജണ്ടയ്ക്ക വെളിയിൽ വർഷങ്ങളായി ഭൂമി കൈവശം വച്ചിരുന്നവർക്ക് പട്ടയം നൽകുന്നതിനായി സർക്കാർ പ്രത്യേക ഉത്തരവിലൂടെ ആരംഭിച്ച കോതമംഗലം ഭൂമി പതിവ് സ്‌പെഷ്യൽ തഹസിൽദാറുടെ ഓഫീസിൽ നിന്നും 50 വർഷത്തിലധികമായി ഭൂമി കൈവശം വെച്ചിരുന്ന 105 പേരിൽ അഞ്ച് പേർക്കാണ് ആദ്യമായി വേദിയിൽ പട്ടയം വിതരണം ചെയ്തത്. വി.വി. ജോൺ, സാലി അലക്‌സ്, ത്രേസ്യാമ്മ മാത്തുക്കുട്ടി, വി.വി. വർഗീസ്, റെന്നി സ്‌കറിയ എന്നിവർക്കാണ് ആദ്യം വേദിയിൽ പട്ടയ രേഖ കൈമാറിയത്. ജില്ലയിലെ 539 പട്ടയങ്ങളാണ് വിതരണം ചെയ്തത്. കോതമഗലം താലൂക്കിൽ -24, മുവാറ്റുപുഴ -26, കുന്നത്തുനാട് – 27, ആലുവ-11, പറവൂർ – 10, കൊച്ചി – 9, കണയന്നൂർ – 7 എന്നിങ്ങനെയാണ് പട്ടയങ്ങൾ വിതരണം ചെയ്തത്. 250 ലാന്റ് ട്രിബ്യൂണൽ പട്ടയങ്ങളും 70 ദേവസ്വം പട്ടയങ്ങളും കോതമംഗലം സ്‌പെഷ്യൽ ഓഫീസിന് കീഴിൽ 105 പട്ടയങ്ങളും വിതരണം ചെയ്തു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 15 നകം 597 പട്ടയങ്ങൾ കൂടി ചേർത്ത് ആകെ 1136 പട്ടയങ്ങൾ ജില്ലയിൽ വിതരണം ചെയ്യും.

ന്യൂഡൽഹി: ഏജന്റുമാരാൽ കബളിപ്പിക്കപ്പെട്ടതിനെ തുടർന്ന് റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യാൻ നിർബന്ധിതരായ ആറ് യുവാക്കൾ ഇന്ത്യയിലേക്ക് മടങ്ങി. റഷ്യൻ സൈന്യത്തിൽ ചേർന്ന ആറ് ഇന്ത്യക്കാരെയാണ് റഷ്യ-യുക്രെയ്ൻ അതിർത്തിയിലെ ക്യാമ്പുകളിൽ നിന്ന് മോചിപ്പിച്ചിരിക്കുന്നത്. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിൽ നിന്നുള്ള മുഹമ്മദ് സൂഫിയാൻ, ഗുൽബർഗയിൽ നിന്നുള്ള മുഹമ്മദ് ഇല്യാസ് സയ്യിദ് ഹുസൈനി (23), മുഹമ്മദ് സമീർ അഹമ്മദ് (24), നയീം അഹമ്മദ് (23) എന്നിവരാണ് ഈ സംഘത്തിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലാണ് വിഷയത്തിൽ നിർണായകമായത്.

ജൂലൈ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി മോസ്‌കോയിൽ സന്ദർശനം നടത്തിയിരുന്നു. സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി സംസാരിച്ചിരുന്നു. തുടർന്നാണ് ഇവരുടെ മോചനം സാധ്യമായത്. വ്യാഴാഴ്ച വൈകുന്നേരം കശ്മീരിൽ നിന്നുള്ള ഒരു യുവാവും കൊൽക്കത്തയിൽ നിന്നുള്ള മറ്റൊരാളും മോസ്‌കോയിൽ നിന്ന് വിമാനം കയറിയിരുന്നു.

റഷ്യൻ സർക്കാർ ഓഫീസുകളിൽ ഹെൽപ്പർമാരായി ജോലിക്ക് അപേക്ഷിച്ചെന്ന് വിശ്വസിപ്പിച്ചാണ് ഇവരെ കബളിപ്പിച്ചത്.