General (Page 108)

ന്യൂഡൽഹി: തിരുവോണ ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതി ദൗപതി മുർമ്മു. എല്ലാവർക്കും സമാധാനവും ഐശ്വര്യവും സന്തോഷവും ഉണ്ടാകട്ടേയെന്ന് രാഷ്ട്രപതി പറഞ്ഞു. ഓണത്തിന്റെ സുവർണാവസരത്തിൽ എല്ലാവർക്കും ആശംസകൾ. പ്രത്യേകിച്ച് കേരളത്തിലെ സഹോദരീ സഹോദരന്മാർക്ക് ഹൃദയംഗമമായ ആശംസകൾ നേരുന്നുവെന്ന് രാഷ്ട്രപതി വ്യക്തമാക്കി.

വിളവെടുപ്പ് ആഘോഷിക്കുകയും പ്രകൃതി മാതാവിനോടുള്ള നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു. എല്ലാവർക്കും സമാധാനവും ഐശ്വര്യവും സന്തോഷവും ഉണ്ടാകട്ടെയെന്ന് രാഷ്ട്രപതി അറിയിച്ചു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും മലയാളികൾക്ക് ഓണാശംസകൾ അറിയിച്ചിരുന്നു. എല്ലായിടത്തും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്റെ മഹത്തായ സംസ്‌കാരത്തെ ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ് ഫോമിൽ കുറിച്ചു.

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ 24 വയസുകാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ഇതറിഞ്ഞ ഉടനെ ഇന്നലെ രാത്രിയില്‍ തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതലയോഗം ചേര്‍ന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപീകരിച്ചിരുന്നു. ഇതുകൂടാതെ ഔദ്യോഗിക സ്ഥീരീകരണത്തിനായി സാമ്പിളുകള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയക്കുകയും ചെയ്തു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞ 24 വയസുകാരന്‍. ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. 4 സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഐസൊലേഷനിലുള്ള 5 പേര്‍ക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അപൂര്‍വമെങ്കിലും അണുബാധ സാധ്യതയുള്ള എല്ലാവരെയും കോണ്‍ടാക്ട് ട്രേസിംഗ് നടത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ആര്‍ക്കെങ്കിലും അണുബാധയുണ്ടായിട്ടുണ്ടെങ്കില്‍ തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ച് ജീവന്‍ രക്ഷിക്കുന്നതിനും പുതുതായി ആര്‍ക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനും വേണ്ടിയുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.

ന്യൂഡൽഹി: സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടർന്ന് ഒഴിവു വന്ന സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തൽക്കാലം ആരെയും തെരഞ്ഞെടുക്കില്ല. താത്ക്കാലിക ചുമതല തൽക്കാലം ആർക്കും ഇപ്പോൾ നൽകേണ്ടതില്ലെന്ന തീരുമാനത്തിലാണ് പാർട്ടി.

പാർട്ടി സെന്ററിലെ നേതാക്കൾ കൂട്ടായി ചുമതല നിർവ്വഹിക്കും. ഈ മാസം അവസാനം ചേരുന്ന പിബി, സിസി യോഗങ്ങൾ തുടർകാര്യങ്ങൾ ആലോചിക്കുമെന്ന് നേതാക്കൾ അറിയിച്ചു. പാർട്ടി കോൺഗ്രസ് വരെ നിലവിലെ സംവിധാനം തുടരുന്നതും പരിഗണനയിലാണ്.

തിരുവനന്തപുരം: ഇനി അനായാസമായി വൈദ്യുതി ബിൽ അടയ്ക്കാം. ഒരധികച്ചെലവുമില്ലാതെ ഓൺലൈൻ വഴി ബില്ല് അടയ്ക്കാനുള്ള നിരവധി മാർഗ്ഗങ്ങളാണ് കെ എസ് ഇ ബി ഒരുക്കിയിരിക്കുന്നത്. KSEB എന്ന ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷനിലോ wss.kseb.in എന്ന വെബ്‌സൈറ്റിലോ പ്രവേശിച്ച് ഡയറക്റ്റ് നെറ്റ്ബാങ്കിംഗ് അല്ലെങ്കിൽ Rupay ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ബിൽ അടയ്ക്കുമ്പോൾ യാതൊരുവിധ ട്രാൻസാക്ഷൻ ഫീസും ഈടാക്കുന്നില്ലെന്ന് കെഎസ്ഇബി അറിയിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യൻ ബാങ്ക്, , ഫെഡറൽ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവിടങ്ങളിൽ അക്കൗണ്ട് ഉള്ളവർക്ക് ഡയറക്റ്റ് നെറ്റ്ബാങ്കിംഗ് സൗകര്യം ലഭ്യമാണ്. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഫെഡറൽ ബാങ്ക് ഗേറ്റ് വേയിലൂടെ 2000 രൂപ വരെയുള്ള പെയ്‌മെന്റ് നടത്തുന്നതിന് ട്രാൻസാക്ഷൻ ചാർജ് ഉണ്ടാവില്ല
ലോ ടെൻഷൻ വൈദ്യുത ഉപഭോക്താക്കൾക്ക് തങ്ങളുടെ 13 അക്ക കൺസ്യൂമർ നമ്പർ വിർച്വൽ അക്കൗണ്ട് നമ്പരായി ഉപയോഗിച്ച് NEFT/RTGS വഴി ബില്ലടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Virtual Account Number : KEB<13 Digit consumer Number>
Beneficiary Name : Kerala State Electricity Board Ltd.
Bank & Branch : South Indian Bank, Trivandrum Corporate
IFSC Code : SIBL0000721

ഇവ കൂടാതെ, UPI/Online Banking/ Debit Card/ Credit Card എന്നീ മാർഗ്ഗങ്ങളുപയോഗിച്ചും വൈദ്യുതി ബിൽ അടയ്ക്കാമെന്നും കെഎസ്ഇബി കൂട്ടിച്ചേർത്തു.

ആഗ്ര: ശക്തമായ മഴയിൽ ചരിത്ര സ്മാരകമായ താജ്മഹലിന് കേടുപാടുകൾ. കഴിഞ്ഞ എട്ട് പതിറ്റാണ്ടിനിടെ നഗരത്തിൽ അനുഭവപ്പെട്ട ശക്തമായ മഴയിലാണ് താജ്മഹലിന് കേടുപാടുകൾ സംഭവിച്ചത്. 48 മണിക്കൂർ നിർത്താതെ മഴ പെയ്യുകയായിരുന്നു. താജ്മഹലിന്റെ പ്രധാന താഴികക്കുടത്തിന് ചോർച്ച സംഭവിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കൂടുതൽ നിരീക്ഷണത്തിനായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ജീവനക്കാരെ നിയോഗിച്ചു. സ്മാരകത്തിന് ചുറ്റുമുള്ള പൂന്തോട്ടം വെള്ളം കയറി മുങ്ങിയ നിലയിലാണ്. ഇവിടെ നിന്നും മുഗൾ ഭരണാധികാരി ഷാജഹാന്റെ ശവകുടീരത്തിലേക്കും വെള്ളം കയറിയിട്ടുണ്ട്. വെള്ളത്തിനടിയിലായ പൂന്തോട്ടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

എവിടെ നിന്നാണ് ചോർച്ച സംഭവിച്ചതെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് സൂപ്രണ്ടിങ് ആര്ക്കിയോളജിസ്റ്റ് രാജ്കുമാർപട്ടേൽ വ്യക്തമാക്കി. മഴ മാറിക്കഴിഞ്ഞാൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താനാണ് തീരുമാനം.

ന്യൂഡൽഹി: പ്രധാനമന്ത്രിയാകാൻ താത്പര്യമുണ്ടെങ്കിൽ പിന്തുണയ്ക്കാമെന്ന് ഒരു നേതാവ് തനിക്ക് വാഗ്ദാനം നൽകിയിരുന്നതായി വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. എന്നാൽ താൻ ഈ ക്ഷണം നിരസിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ആശയവും പാർട്ടിയുമാണ് തനിക്ക് വലുതെന്ന് പറഞ്ഞാണ് താൻ വാഗ്ദാനം നിരസിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. നാഗ് പൂരിൽ മാധ്യമ പുരസ്‌കാര ചടങ്ങിനിടെയാണ് ഗഡ്കരി ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ പിന്തുണ വാഗ്ദാനം ചെയ്ത നേതാവിന്റെ പേരോ സന്ദർഭമോ ഗഡ്കരി വിശദമാക്കിയില്ല.

പ്രതിപക്ഷത്തിന്റെ ഓഫർ ശക്തമായി നിരസിച്ചു. ഒരു പ്രത്യേക പ്രത്യയശാസ്ത്രവും ഉറച്ച വിശ്വാസവുമാണ് തന്നെ നയിക്കുന്നതെന്ന് താൻ നേതാവിനോട് പറഞ്ഞു. തനിക്ക് സ്വപ്നം കാണാൻ കഴിയുന്നതിലും അപ്പുറം തന്ന ഒരു പാർട്ടിയുടെ ഭാഗമാണ് താൻ. ഒരു ഓഫറിനും തന്നെ പ്രലോഭിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏവർക്കും സന്തോഷകരമായ ഓണാശംസകൾ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പ്രതികൂല ജീവിത സാഹചര്യങ്ങളുണ്ടെങ്കിൽ പോലും ആഹ്ലാദിക്കാനും സന്തോഷിക്കാനും ഒന്നിച്ചു ചേരാനും സൗഹൃദങ്ങൾ പുതുക്കാനുമുള്ള അവസരങ്ങളാണ് ഉത്സവാഘോഷങ്ങൾ. അതിജീവനത്തിനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ആഘോഷങ്ങൾ നൽകുന്നത്. അത്തരത്തിൽ എല്ലാവരിലും പ്രതീക്ഷയും സന്തോഷവും നിറയ്ക്കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷമെന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: തിരുവോണ ദിനത്തിൽ കേരളീയർക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തിലായിരുന്നു പ്രധാനമന്ത്രി ഓണാശംസകൾ നേർന്നത്. കേരളത്തിന്റെ മഹത്തായ സംസ്‌കാരം ആഘോഷിക്കുന്ന ഉത്സവമാണ് ഓണമെന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സ് പ്ലാറ്റ് ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഏവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്റെ മഹത്തായ സംസ്‌കാരം ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും മലയാളികൾക്ക് മലയാളത്തിൽ തന്നെ ഓണാശംകൾ നേർന്നു. കാർഷിക സംസ്‌കൃതിയുടെ ഉത്സവമായ ഓണം പ്രകൃതിയുമായും സംസ്‌കാരവുമായും നമുക്കുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതോടൊപ്പം സന്തോഷവും ആരോഗ്യവും പ്രദാനം ചെയ്യട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ജനങ്ങൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ആഘോഷവേള ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതായിരിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുണ്ടക്കൈ ദുരന്തം ഓർമ്മിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

ഓണം കേരളത്തിന്റെ വിളവെടുപ്പിന്റെ ഉത്സവമാണ്. മുൻപെങ്ങോ ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്ന വിവേചനരഹിതവും സമത്വസുന്ദരവുമായ ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓണം. സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഭൂതകാലത്തെ കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകൾ സഹവർത്തിത്വത്തിന്റെയും അഭിവൃദ്ധിയുടെയും ഭാവികാലം കെട്ടിപ്പടുക്കാനുള്ള വറ്റാത്ത ഊർജ്ജമാണ് നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തവണ ഓണമെത്തുന്നത് മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിലാണ്. ഭവനങ്ങൾ പുനർനിർമ്മിക്കാനും ഉപജീവനമാർഗ്ഗങ്ങൾ തിരികെ പിടിക്കാനും അതിജീവിത പ്രദേശത്തെ സാമ്പത്തികമായും സാമൂഹികമായും ചലനാത്മകമാക്കാനുമുള്ള ഒരു വലിയ പരിശ്രമത്തിലാണ് നാമിപ്പോൾ ഏർപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ ആഘോഷവേള ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതായിരിക്കട്ടെ. ഭേദചിന്തകൾക്കതീതമായ മനുഷ്യ മനസ്സുകളുടെ ഒരുമ ഉയർത്തിപ്പിടിക്കാൻ ‘മാനുഷരെല്ലാരും ഒന്നു പോലെ’ എന്ന് പഠിപ്പിക്കുന്ന ഓണ സങ്കൽപ്പം പ്രചോദനമാവട്ടെ!

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തുകൊണ്ട് ദുരന്തബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിൽ പങ്കാളികളാവാം. അങ്ങനെ നമ്മുടെ ഓണാഘോഷങ്ങളെ അർത്ഥവത്താക്കാം. എല്ലാവർക്കും ഓണാശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൊൽക്കത്ത: കൊൽക്കത്തയിൽ സ്‌ഫോടനം. എസ്എൻ ബാനർജി റോഡിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു.

ആക്രി പെറുക്കിവിൽക്കുന്ന യുവാവിനാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. ഉച്ചയ്ക്ക് 1.45ഓടെയായിരുന്നു സംഭവം. സ്ഥലത്ത് പൊലീസും ബോംബ് സ്‌ക്വാഡും എത്തി പരിശോധന നടത്തുകയാണ്. കൈയ്ക്ക് പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എൻആർഎസ് ആശുപത്രിയിലാണ് യുവാവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.