General (Page 104)

ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടു. സുപ്രീം കോടതി നടപടികൾ സംബന്ധിച്ച് മുൻപ് അപ്ലോഡ് ചെയ്ത വീഡിയോകളൊന്നും യൂട്യൂബ് അക്കൗണ്ടിൽ ഇപ്പോൾ കാണാനില്ല.

യൂട്യൂബ് അക്കൗണ്ടിന്റെ പേര് മാറ്റി അമേരിക്കൻ കമ്പനിയായ റിപ്പിളിന്റെ പേരാണ് ഹാക്കർമാർ നൽകിയിരിക്കുന്നത്. യു എസ് ആസ്ഥാനമായുള്ള റിപ്പിളിന്റെ വീഡിയോകളാണ് സുപ്രീം കോടതിയുടെ യൂട്യൂബ് അക്കൗണ്ടിൽ ഹാക്കർമാർ പ്രദർശിപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരം: ദേശീയ തലത്തിൽ ഭക്ഷ്യ സുരക്ഷയിൽ ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളത്തിന് ദേശീയ തലത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ വർഷമാണ് കേരളം ഒന്നാം സ്ഥാനം നേടിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

ശക്തമായ പ്രവർത്തനങ്ങളിലൂടെ തുടർച്ചയായ രണ്ടാം വർഷവും കേരളം ഒന്നാം സ്ഥാനം നിലനിർത്തുകയായിരുന്നു. ഭക്ഷ്യസുരക്ഷ പരിശോധന, സാമ്പിൾ ശേഖരണം, സാമ്പിൾ പരിശോധന, പ്രോസിക്യൂഷൻ കേസുകൾ, എൻ.എ.ബി.എൽ അംഗീകാരമുള്ള ലാബുകളുടെ എണ്ണം, ലാബുകളിലെ പരിശോധനാ മികവ്, മൊബൈൽ ലാബിന്റെ പ്രവർത്തനം, പരിശീലനം, ബോധവത്കരണ പ്രവർത്തനങ്ങൾ തുടങ്ങി 40ഓളം മേഖലകളിലെ പ്രവർത്തന മികവാണ് ദേശീയ ഭക്ഷ്യസുരക്ഷ സൂചികയിൽ കേരളം ഒന്നാം സ്ഥാനത്തെത്തിത്. കേരളം ഭക്ഷ്യ സുരക്ഷാ രംഗത്ത് നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ നേട്ടം. ഒപ്പം നിന്ന് പ്രവർത്തിച്ച് ഈ നേട്ടം കൈവരിക്കാൻ പ്രയത്നിച്ച ഭക്ഷ്യസുരക്ഷാ വകുപ്പിലെ എല്ലാ ജീവനക്കാരേയും അഭിനന്ദിക്കുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം : എഡിജിപി എം.ആർ അജിത്ത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസ് മേധാവിയുടെ ശുപാർശ അംഗീകരിച്ചാണ് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. മുൻ പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരായ ആരോപണങ്ങളിലും വിജിലൻസ് അന്വേഷണം നടത്തും.

അന്വേഷണ സംഘാംഗങ്ങളെ ഇന്ന് തീരുമാനിക്കും. വിജിലൻസ് അന്വേഷണം കൂടിയായതോടെ അജിത് കുമാറിന് ക്രമസമാധന ചുമതലയിൽ തുടരാൻ കഴിയില്ല. ഡിജിപി ശുപാർശ നൽകി അഞ്ച് ദിവസത്തിന് ശേഷമാണ് തീരുമാനം.

അനധികൃത സ്വത്ത് സമ്പാദനം , കെട്ടിട നിർമാണം തുടങ്ങിയ വിഷയങ്ങളിലാണ് അന്വേഷണം. മലപ്പുറം മുൻ എസ് പി സുജിത്ത് ദാസിനെതിരേയും അന്വേഷണം ഉണ്ടാകും. അന്വേഷണ സംഘത്തെ വെള്ളിയാഴ്ച രൂപീകരിക്കും. മലപ്പുറം എസ്പി ക്യാംപ് ഓഫിസില്‍നിന്നു മരം മുറിച്ചു കടത്തിയെന്ന പരാതിയില്‍ മുന്‍ എസ്പി സുജിത് ദാസിനെതിരേ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതി തിരുവനന്തപുരം യൂണിറ്റാണ് അന്വേഷിക്കുന്നത്.

തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 3881 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 231 സ്‌ക്വാഡുകൾ പരിശോധനകൾക്ക് നേതൃത്വം നൽകി. 476 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 385 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. തുടർപരിശോധനകൾക്കായി 752 സർവൈലൻസ് സാമ്പിളുകളും 135 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. ഗുരുതര വീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചതായും മന്ത്രി പറഞ്ഞു.

ഓണക്കാലത്ത് വിപണിയിൽ അധികമായെത്തുന്ന പാൽ, ഭക്ഷ്യ എണ്ണകൾ, പപ്പടം, പായസം മിശ്രിതം, ശർക്കര, നെയ്യ്, വിവിധ തരം ചിപ്‌സ്, പച്ചക്കറികൾ, ചായപ്പൊടി, പരിപ്പുവർഗങ്ങൾ, പഴങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവയുടെ ഉത്പാദന വിതരണ വില്പന കേന്ദ്രങ്ങളിലും, ഹോട്ടൽ, ബേക്കറി, തട്ടുകടകൾ, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിലും ചെക്ക്‌പോസ്റ്റുകളിലും പരിശോധന നടത്തി. പായ്ക്കറ്റുകളിൽ നൽകുന്ന ഭക്ഷണപദാർത്ഥങ്ങളുടെ ലേബൽ വിവരങ്ങളും പരിശോധിച്ചു.

ഓണക്കാലത്ത് അയൽസംസ്ഥാനങ്ങളിൽ നിന്നും അധികമായെത്തുന്ന പാൽ, എണ്ണ, പച്ചക്കറികൾ എന്നിവയുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനായി പഴുതടച്ച പരിശോധനകളാണ് ചെക്‌പോസ്റ്റുകളിൽ പൂർത്തിയാക്കിയത്. സെപ്തംബർ 10 രാവിലെ ആറ് മുതൽ 14 രാവിലെ ആറ് വരെ 24 മണിക്കൂറും പരിശോധനകൾ നടത്തി. ഈ സമയം ഭക്ഷ്യവസ്തുക്കളുമായി കടന്നുവന്ന മുഴുവൻ വാഹനങ്ങളിലും പരിശോധനകൾ നടത്തി. 687 പരിശോധനകളാണ് പൂർത്തിയാക്കിയത്. തുടർപരിശോധനകൾക്കായി പാൽ, പാലുൽപനങ്ങൾ എന്നിവയുടെ 751 സർവൈലൻസ് സാമ്പിളുകൾ ശേഖരിച്ചു. കൂടാതെ ചെക്‌പോസ്റ്റുകൾ വഴി എത്തിയ ഭക്ഷ്യ എണ്ണ, പച്ചക്കറികൾ, പഴവർഗങ്ങൾ, മത്സ്യം, മാംസം എന്നിവയുടെ സാമ്പിളുകളും ശേഖരിച്ചു. 40 സ്‌ക്വാഡുകളാണ് പരിശോധനകൾക്കുണ്ടായിരുന്നത്.

വകുപ്പിന്റെ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെയായിരുന്നു പരിശോധനകൾ. പാൽ, പാലുത്പന്നങ്ങൾ എന്നിവയുടെ പരിശോധനക്കായി ഇടുക്കിയിലെ കുമളി, പാലക്കാട് ജില്ലയിലെ മീനാക്ഷിപുരം, വാളയാർ, കൊല്ലം ജില്ലയിലെ ആര്യങ്കാവ്, തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിരുന്നു.

തിരുവനന്തപുരം: പനയുൽപ്പന്നങ്ങളുടെ വ്യാപാരത്തിന് ഭിന്നശേഷിക്കാർക്ക് ബങ്കുകൾ ഒരുക്കിനൽകുന്ന പദ്ധതിയ്ക്ക് തുടക്കമാകുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരള സംസ്ഥാന പനയുൽപ്പന്ന വികസന കോർപ്പറേഷനും (കെൽപാം) സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും തമ്മിൽ ഇതിനായുള്ള ധാരണാപത്രം ഒപ്പിട്ടതായി മന്ത്രി അറിയിച്ചു.

ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ. മൊയ്തീൻകുട്ടിയും കെൽപാം മാനേജിംഗ് ഡയറക്ടർ സതീഷ് കുമാറും മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ പദ്ധതിയുടെ ധാരണാപത്രം പരസ്പരം കൈമാറി. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായാണ് പദ്ധതിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

വ്യവസായവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെൽപാമിന് പനയുൽപ്പന്നങ്ങളുടെ വിപണനത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അനുവദിച്ച സ്ഥലങ്ങളിലാണ് ബങ്കുകൾ സ്ഥാപിക്കുകയെന്ന് മന്ത്രി ഡോ. ബിന്ദു അറിയിച്ചു. ഭിന്നശേഷിക്കാരുടെ സാമ്പത്തിക പുനരധിവാസം ലക്ഷ്യമിട്ടാണ് ഈ പദ്ധതി ഒരുക്കുന്നത്. തിരഞ്ഞെടുത്ത ഭിന്നശേഷിക്കാർക്ക് ഇതിനായി ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ വായ്പ അനുവദിക്കും.

തിരുവനന്തപുരം നഗരസഭാ പരിധിയിലെ തിരഞ്ഞെടുക്കപ്പെടുന്ന പത്ത് ഭിന്നശേഷിക്കാരായ അപേക്ഷകർക്കാണ് ഒരു ലക്ഷം രൂപ വീതം വായ്പ അനുവദിച്ച് പദ്ധതിയ്ക്ക് തുടക്കം കുറിക്കുക. വായ്പാതുക ഉപയോഗിച്ച് ഗുണഭോക്താവ് ബങ്ക് നിർമ്മിച്ച് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ കെൽപാമിന് കൈമാറും. കെൽപാം വേണ്ട സജ്ജീകരണമൊരുക്കി ഇത് തിരികെ ഗുണഭോക്താവിന് നിശ്ചിത വാടകനിരക്കിൽ അനുവദിക്കും. വായ്പാതുക പലിശയടക്കം തിരിച്ചടയ്‌ക്കേണ്ട ഉത്തരവാദിത്തം കെൽപാം വഹിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

അഞ്ചുവർഷ കാലാവധിക്കുള്ളിൽ വായ്പാ തിരിച്ചടവ് പൂർത്തിയാക്കുന്ന മുറയ്ക്ക് ഗുണഭോക്താവിന് അർഹമായ സബ്‌സിഡി ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ അനുവദിക്കും. വായ്പാ കാലാവധി കഴിഞ്ഞും തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താവിന് ബങ്ക് നടത്തിക്കൊണ്ടുപോകാനാവും – മന്ത്രി അറിയിച്ചു. കേരളത്തിലെമ്പാടും ഇത്തരം ബങ്കുകൾ ആരംഭിക്കാനും സാധ്യമായത്ര ഭിന്നശേഷിക്കാർക്ക് ഉപജീവനമാർഗ്ഗം ഒരുക്കി നൽകാനുമാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.

ധാരണാപത്രം കൈമാറൽ ചടങ്ങിൽ ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്‌സൺ ജയാ ഡാളി, മുൻ എംഡിയും സാമൂഹ്യനീതി വകുപ്പ് ജോ. സെക്രട്ടറിയുമായ ശ്രീ സൺദേവ്, ഫിനാൻസ് ഓഫീസർ ഷീജ, കെൽപാo ഫിനാൻസ് ഓഫീസർ ശ്രീലേഖ എന്നിവരും സന്നിഹിതരായി.

കത്ര: ലോകത്തെ ഒരു ശക്തിക്കും ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 മടക്കിക്കൊണ്ടുവരാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുകശ്മീരിൽ പാകിസ്താന്റെ അജണ്ട നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കത്രയിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താന്റെ അജണ്ട തന്നെയാണ് കോൺ?ഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തിന്റെയും അജണ്ട. Congress-NC സഖ്യം പുറത്തുവിട്ട പ്രകടനപത്രികയെ പിന്തുണച്ചുകൊണ്ട് പാകിസ്താനിലെ പ്രതിരോധ മന്ത്രി രംഗത്തെത്തിയിരിക്കുകയാണ്. ആ പ്രകടനപത്രിക ആഘോഷമാക്കുകയാണ് പാകിസ്താൻ. കശ്മീരിൽ പാക് അജണ്ട നടപ്പാക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: തിരുവോണം ബമ്പർ ടിക്കറ്റ് വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്. 25 കോടി രൂപയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമാണ് ഇത്തവണ ടിക്കറ്റിനുള്ളത്. നിലവിൽ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളിൽ 36,41,328 ടിക്കറ്റുകൾ പൊതുജനങ്ങളിലേയ്ക്ക് എത്തിക്കഴിഞ്ഞു,

ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്. സബ് ഓഫീസുകളിലേതുൾപ്പെടെ 659240 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 469470 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരവും 437450 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്.

കേരളത്തിൽ മാത്രമാണ് സംസ്ഥാന ഭാ?ഗ്യക്കുറിയുടെ വിൽപ്പനയെന്നും പേപ്പർ ലോട്ടറിയായി മാത്രമാണ് വിൽക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയ്‌ക്കൊപ്പം, തമിഴ് ഭാഷയിലും വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണവുമാണ് വകുപ്പ് മുന്നോട്ട് പോവുകയാണ്.

തിരുവനന്തപുരം: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണിയാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫെഡറൽ വ്യവസ്ഥയെയും ജനാധിപത്യത്തെയും തകർത്ത് അധികാരം ഒരിടത്ത് കേന്ദ്രീകരിക്കുക എന്ന സംഘപരിവാർ അജൻഡയാണ്’ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ പാർലിമെന്ററി സമ്പ്രദായത്തെ അവസാനിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യങ്ങളെ മാനിക്കാതെ, ഇന്ത്യൻ ബഹുസ്വരതയുടെ
ജനവിധികളെ അട്ടിമറിക്കാനുള്ള സൂത്രവിദ്യയാണ് കേന്ദ്ര സർക്കാർ തേടുന്നത്. സംസ്ഥാന സർക്കാരുകളെ വരുതിയിലാക്കുക എന്ന തന്ത്രമാണ് ബിജെപി പരീക്ഷിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ജീവൻ സംരക്ഷിക്കുവാൻ നമുക്ക് കൈകോർക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും നൽകിയ വിടുതൽ ഹർജി കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ സിബിഐ ചുമത്തിയിട്ടുള്ളത്.

കൊലപാതകത്തിനായി ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികൾ ഉണ്ടെന്നും ജയരാജന്റെയും, ടി വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നുമാണ് ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്.

2012 ഫെബ്രുവരി 20 നാണ് ഷുക്കൂറിന്റെ കൊലപാതകം നടത്തിയത്. മുസ്ലീംലീഗ് വിദ്യാർത്ഥി വിഭാഗമായ എംഎസ്എഫിന്റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ.

തിരുവനന്തപുരം: ഫർണിച്ചർ കമ്പനിയുടെ പേരിൽ ഒരു തട്ടിപ്പ് എസ്എംഎസ് നിങ്ങൾക്കും വന്നേക്കാമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. കമ്പനിയുടെ പേരിൽ വരുന്ന എസ്എംഎസ് ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങൾ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുന്നു. 2027 ൽ ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫർണിച്ചർ കമ്പനിയിൽ ജോലി ലഭിക്കുന്നതിന് നിങ്ങളെക്കൊണ്ട് ഫർണിച്ചർ ബുക്ക് ചെയ്യിക്കുകയാണ് ഈ ഗ്രൂപ്പ് വഴി തട്ടിപ്പുകാർ ചെയ്യുന്നത്. തുടർന്നുള്ള ഓരോ ബുക്കിങ്ങിനും നിങ്ങൾക്ക് ലാഭവിഹിതം ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മണിച്ചെയിൻ മാതൃകയിലാണ് തട്ടിപ്പ് നടത്തുകയെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

വ്യാജ വെബ്സൈറ്റ് മുഖാന്തിരം അക്കൗണ്ട് ആരംഭിക്കാൻ അവർ നിങ്ങളെ പ്രേരിപ്പിക്കുന്നു. ഈ വെബ്‌സൈറ്റ് വഴി ലാഭവിഹിതം മനസ്സിലാക്കാമെന്ന് അവർ നിങ്ങളെ ധരിപ്പിക്കും. നിങ്ങൾ ഫർണിച്ചർ വാങ്ങുന്നതിനു പുറമെ കൂടുതൽ ആളുകളെ ചേർക്കണമെന്നും ഇത്തരത്തിൽ ചേർക്കുന്ന ഓരോരുത്തരും ഫർണിച്ചർ വാങ്ങുമ്പോൾ നിങ്ങൾക്ക് ലാഭവിഹിതം ലഭിച്ചുകൊണ്ടിരിക്കുമെന്നും അവർ പറഞ്ഞു വിശ്വസിപ്പിക്കുന്നു. വളരെ വൈകിയാകും ഇത് തട്ടിപ്പാണെന്ന് നിങ്ങൾക്ക് മനസ്സിലാവുക. അമിതലാഭം ഉറപ്പുനൽകുന്ന ജോലിവാഗ്ദാനങ്ങളിലോ ഓൺലൈൻ നിക്ഷേപങ്ങളിലോ ഇടപാടുകൾ നടത്താതിരിക്കുക.

ഇത്തരത്തിലുള്ള വെബ് സൈറ്റുകളുടെ ലിങ്കിൽ ക്ലിക്ക് ചെയ്യാതിരിക്കുക. ഇത്തരം ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന സൗജന്യ നമ്പറിൽ ബന്ധപ്പെട്ടോ https://cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ പരാതികൾ നൽകാമെന്നും പോലീസ് കൂട്ടിച്ചേർത്തു.