General (Page 103)

വയനാട്: മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരന്ത നിവാരണക്കണക്ക് വിവാദവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി മാദ്ധ്യമങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ചത്. മാധ്യമങ്ങളുടെ രീതി പരിശോധിക്കപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

വയനാട്ടിൽ ചെലവിട്ട കണക്കുമായി സർക്കാർ എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രമുഖ മാധ്യമങ്ങളുടെ തലക്കെട്ട്. പെട്ടെന്ന് കേൾക്കുമ്പോ ആരും ഞെട്ടിപ്പോകുന്ന തരത്തിലാണ് മാധ്യമങ്ങൾ കണക്കുകൾ അവതരിപ്പിച്ചത്. ഒറ്റ ദിവസം കൊണ്ട് ഇത് പോലുള്ള വാർത്തകൾ ലോകം മുഴുവൻ സഞ്ചരിക്കുന്നു. വയനാട് പുനരധിവാസത്തിൽ സർക്കാർ കള്ളക്കണക്ക് കൊടുത്തു എന്ന് പ്രതിപക്ഷം ആരോപിച്ചു. എല്ലാ സീമകളും ലംഘിച്ച് വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. അസത്യം പറന്നപ്പോൾ പിന്നാലെ വന്ന സത്യം മുടന്തുകയാണ്. അങ്ങനെ മുടന്താനെ സർക്കാർ വാർത്താക്കുറിപ്പിന് പോലും കഴിഞ്ഞുള്ളു. അനർഹമായ സഹായം നേടിയെടുക്കാൻ കേരളം ശ്രമിക്കുന്നു എന്ന വ്യാജ കഥ ജനം വിശ്വസിച്ചതാണ് ഇതിന്റെ അന്തിമ ഫലം. കേരളത്തിലെ ജനങ്ങളും സർക്കാറും ലോകത്തിന് മുന്നിൽ അവഹേളിക്കപ്പെട്ടു. മാധ്യമ നുണകൾക്ക് പിന്നിലെ അജണ്ടയാണ് ചർച്ചയാകേണ്ടതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

വയനാട്ടിലെ രക്ഷാപ്രവർത്തനം ലോകം പ്രകീർത്തിച്ചതാണ്. വയനാട്ടിലെ ദുരിതാശ്വാസം നല്ല നിലയിൽ പുരോഗമിക്കുകയാണ്. ഇതിനിടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന സാധാരണക്കാരെ പിന്തിരിപ്പിക്കുക എന്നതാണ് ഇത്തരം വാർത്തകളുടെ ദുഷ്ട ലക്ഷ്യം. ഇത് നശീകരണ മാധ്യമ പ്രവർത്തനമാണ്. ഇത് സമൂഹത്തിന് ആപത്താണ്. മാധ്യമങ്ങൾ വിവാദ നിർമ്മാണ ശാലകളാകുന്നതാണ് കണ്ടത്. കച്ചവട രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് മാധ്യമ പ്രവർത്തനം അധഃപതിച്ചു. ഏത് വിധത്തിലും സർക്കാർ വിരുദ്ധ വാർത്ത കൊടുക്കുന്നതിനിടെ ദുരന്ത ബാധിതരായ ജനങ്ങളെ പോലും മറന്നു. ആർക്കെതിരെയാണോ വാർത്ത അതിന് മുൻപ് അവരോട് വിശദീകരണം ചോദിക്കണമെന്നത് അടിസ്ഥാന ധർമ്മമാണ്. അത് പോലും മാധ്യമങ്ങൾ വിസ്മരിച്ചു. മെമ്മോറാണ്ടത്തിലെ കാര്യങ്ങൾ മനസിലാക്കിയില്ലെങ്കിൽ അറിവുള്ളവരോട് ചോദിച്ച് മനസിലാക്കാനുള്ള സത്യസന്ധത കാണിക്കണമെന്നും അദ്ദേഹം അറിയിച്ചു.

സർക്കാരിനെ ജനങ്ങൾക്കെതിരാക്കുക എന്ന ലളിത യുക്തിയിലാണ് വാർത്ത വളച്ചൊടിച്ചത്. ഇതിന് മുൻപ് സമർപ്പിച്ച മെമ്മോറാണ്ടങ്ങളെല്ലാം ഒറ്റ ക്ലിക്കിൽ ദുരന്ത നിവാരണ സമിതി വെബ്‌സൈറ്റിലുണ്ട്. വരൾച്ച മുതൽ പുറ്റിങ്ങൾ വെടിക്കെട്ട് അപകടം വരെയുള്ള കാര്യങ്ങളിൽ പരമാവധി കേന്ദ്ര സഹായത്തിനാണ് ശ്രമിച്ചത്. മലയാളികൾ കൂട്ടായ്മ കൊണ്ട് ദുരന്തത്തെ അതിജീവിക്കാൻ ശ്രമിക്കുമ്പോൾ അതിന് തുരങ്കം വെക്കുന്ന പണിയാണ് മാധ്യമങ്ങൾ കാണിച്ചത്. മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല. മാനദണ്ഡങ്ങൾ വച്ച് വിദഗ്ധർ തയ്യാറാക്കിയ കണക്കിനെയാണ് കള്ളക്കണക്കായി എഴുതി വെച്ചത്. എസ്ഡിആർഎഫിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് 219 കോടി മാത്രമാണ് കേരളത്തിന് ചോദിക്കാനായത്. പുനർ നിർമ്മാണത്തിന് 2000 കോടിയെങ്കിലും വേണമെന്നിരിക്കെയാണ് ഈ വിവാദം വരുന്നത്. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഒരു രൂപ പോലും ദുരിതാശ്വാസ നിധിയിൽ നിന്ന് ചെലവഴിക്കാനാകില്ല. മെമ്മോറാണ്ടത്തിലെ ആക്ച്വൽസ് കണ്ട് ചെലവാക്കിയ പണമെന്ന് ദുർവ്യാഖ്യാനം ചെയ്തു. മെമ്മോറാണ്ടം തയ്യാറാക്കുന്ന സമയത്ത് സർക്കാരിൻറെ മുന്നിൽ ചെലവുകളുടെ ബിലുകളൊന്നും ലഭ്യമായിട്ടില്ല. മനക്കണക്ക് വച്ചല്ല മെമ്മോറാണ്ടം തയ്യാറാക്കിയത്. ശാസ്ത്രീയമായി മാനദണ്ഡ പ്രകാരമാണ്. പ്രതീക്ഷിക്കുന്ന ചെലവാണ് പറഞ്ഞത്. അതിന് നിയതമായ മാനദണ്ഡങ്ങൾ ഉണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ആംആദ്മി വനിതാ നേതാവ് അതിഷി ഇന്ന് ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് ശേഷം 4.30ന് രാജ്നിവാസിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. മന്ത്രിസഭാംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അതിഷിയെ ഡൽഹി മുഖ്യമന്ത്രിയായി നിയമിക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അനുമതി ലഭിച്ചതായി ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അരവിന്ദ് കെജ്രിവാളിന്റെ രാജി സ്വീകരിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.

അഞ്ച് മന്ത്രിമാരുടെ നിയമനത്തിനും രാഷ്ട്രപതി അനുമതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ആം ആദ്മി അതിഷിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. തുടർന്ന് അന്ന് വൈകുന്നേരം തന്നെ കെജ്രിവാൾ ലെഫ് ഗവർണർക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. പുതിയ മന്ത്രിസഭയിൽ ഗോപാൽ റായ്, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, ആദ്യമായി എംഎൽഎ സ്ഥാനത്തെത്തുന്ന മുകേഷ് അഹ്ലാവത്ത് എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം: കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ സുദീർഘമായ കലാജീവിതം സിനിമയിൽ മാത്രം ഒതുങ്ങിയിരുന്നില്ല. നാടകത്തിലും ടെലിവിഷനിലുമെല്ലാം ശ്രദ്ധേയമായ സംഭാവനകൾ അവർ അർപ്പിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കവിയൂർ പൊന്നമ്മയുടെ കലാജീവിതം തളിരിട്ടതും വളർന്നതും കേരളത്തിന്റെ പുരോഗമന സാംസ്‌കാരിക മുന്നേറ്റത്തിൽ നിർണ്ണായക പങ്കു വഹിച്ച കെപിഎസിയിലാണ്. തുടർന്ന് മറ്റു പല പ്രധാന നാടകസമിതികളിലും പ്രവർത്തിച്ച അവർ മൂലധനം, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങിയ അക്കാലത്തെ ജനപ്രിയ നാടകങ്ങളിൽ അവിസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തുടർന്ന് അവർ വളരെ പെട്ടെന്നു തന്നെ മലയാള സിനിമയുടെ അവിഭാജ്യഘടകമായി. ഒരഗത്ഭരായ സംവിധായകരുടെ സിനിമകളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ അവർ തിളങ്ങി. തന്മയത്വത്തോടെ അവതരിപ്പിച്ച അമ്മവേഷങ്ങൾ മലയാളികളിൽ അവരോടുള്ള ആത്മബന്ധം സുദൃഢമാക്കി. നാലു തവണയാണ് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചത്. അവരുടെ അഭിനയ മികവിന് അടിവരയിടുന്ന നേട്ടമാണിതെന്ന് അദ്ദേഹം അറിയിച്ചു.

മലയാള സിനിമയുടെയും നാടകലോകത്തിന്റേയും ചരിത്രത്തിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച കവിയൂർ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. തന്റെ കഥാപാത്രങ്ങളിലൂടെ അവർ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കും. കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മാലിന്യം വലിച്ചെറിയുക, കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടാറുണ്ടോ. ഇനി അങ്ങനെയുണ്ടായാൽ ഒരു ചിത്രമെടുത്ത് ഉടൻ 9446 700 800 എന്ന വാട്ട്‌സാപ്പിൽ അയയ്ക്കണമെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. നിയമ വിരുദ്ധ പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ നടപടിയുണ്ടാവുമെന്ന് മാത്രമല്ല നിയമലംഘനങ്ങൾ നടത്തുന്നവരുടെ ഫോട്ടോ എടുത്ത് നൽകുന്നവർക്ക് പാരിതോഷികവും ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കേണ്ട പരാതികൾ അറിയിക്കാനാണ് പുതിയ സംവിധാനം ഒരുക്കിയത്. ഇപ്പോൾ എല്ലാ പഞ്ചായത്തിനും മുൻസിപ്പാലിറ്റിക്കും ഈ വിവരം അറിയിക്കാൻ നമ്പറുണ്ട്, എന്നാൽ എല്ലാ നമ്പറും ജനങ്ങൾക്ക് അറിയാത്ത പ്രശ്‌നമുണ്ട്. ഈ പ്രശ്‌നത്തിനാണ് പരിഹാരമായിരിക്കുന്നത്. പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂനകൾ സംബന്ധിച്ച പരാതികളും ഇനി പൊതുജനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം തേടാം. ഇതുവഴി മാലിന്യപ്രശ്‌നത്തിൽ ജനകീയ ഓഡിറ്റ് സാധ്യമാവും. സംസ്ഥാനത്ത് എവിടെ നിന്നും വാട്‌സാപ്പിൽ ലഭിക്കുന്ന പരാതികൾ അവയുടെ ലൊക്കേഷൻ മനസ്സിലാക്കി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് തുടർ നടപടികൾക്കായി കൈമാറുന്നതിനുള്ള സാങ്കേതിക സംവിധാനമാണ് തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടി ശുചിത്വമിഷനും ഇൻഫർമേഷൻ കേരള മിഷനും തയാറാക്കിയതെന്ന് മന്ത്രി അറിയിച്ചു.

വാട്‌സാപ്പ് നമ്പറിൽ മലിനീകരണം നടത്തുന്ന ആളിൻറെ പേര്, വാഹന നമ്പർ അറിയുമെങ്കിൽ അവയും ഒപ്പം ഫോട്ടോകളും സഹിതം പരാതി അറിയിക്കാം. തുടർന്ന് ലൊക്കേഷൻ വിശദാംശങ്ങളും ലഭ്യമാക്കണം. ഇങ്ങനെ ലഭിക്കുന്ന പരാതികൾ മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വികസിപ്പിച്ച വാർറൂം പോർട്ടലിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾക്ക് ലഭ്യമാക്കും. മലിനീകരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തെളിവ് സഹിതം റിപ്പോർട്ട് ചെയ്യുന്നവർക്ക് നിയമലംഘനത്തിന്മേൽ ഈടാക്കിയ പിഴയുടെ 25 % തുക (പരമാവധി 2500 രൂപ) പാരിതോഷികം നൽകുന്നതിനും വ്യവസ്ഥയുണ്ട്. അതിനാണ് പരാതികൾ തദ്ദേശസ്വയംഭരണ സ്ഥാപനകൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനായാണ് സംസ്ഥാന വ്യാപകമായി ഒറ്റ വാട്‌സ് ആപ്പ് നമ്പർ സൗകര്യം ലഭ്യമാക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. മെയ് മാസത്തിൽ കവിയൂർ പൊന്നമ്മയ്ക്ക് അർബുദം സ്ഥിരീകരിച്ചിരുന്നു. രോഗം നാലാം ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് അർബുദം സ്ഥിരീകരിച്ചത്. മലയാള സിനിമയിൽ അമ്മ വേഷങ്ങളെ അനശ്വരമാക്കിയ നടിയാണ് കവിയൂർ പൊന്നമ്മ.

കവിയൂർ പൊന്നമ്മയുടെ മൃതദേഹം നാളെ കളമശേരി മുൻസിപ്പൽ ഹാളിൽ പൊതുദർശനത്തിന് വെയ്ക്കും. ആലുവ കരുമാലൂരിൽ മൃതദേഹം സംസ്‌കരിക്കും. നാന്നൂറിലധികം സിനിമകളിൽ കവിയൂർ പൊന്നമ്മ അഭിനയിച്ചു. കെപിഎസി നാടകങ്ങളിൽ അഭിനയിച്ചായിരുന്നു തുടക്കം. 1962 മുതൽ സിനിമയിൽ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964ൽ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കിയിട്ടുണ്ട്.

നിരവധി സിനിമകളിൽ ഗായികയായും തിളങ്ങിയിരുന്നു. തിരുവല്ലക്കടുത്ത് കവിയൂരിൽ ടി.പി ദാമോദരന്റെയും ഗൗരിയുടെയും മൂത്തമകളായാണ് കവിയൂർ പൊന്നമ്മ ജനിച്ചത്. നടി കവിയൂർ രേണുക ഉൾപെടെ ആറ് സഹോദരങ്ങളുണ്ട്.

തിരുവനന്തപുരം: ഓണക്കാലത്തെ വിപണന മേളകളിലൂടെ 28.47 കോടിയുടെ വിറ്റുവരവുമായി തിളങ്ങി കുടുംബശ്രീ. 3.6 കോടി രൂപയുടെ വിറ്റുവരവ് നടത്തിയ എറണാകുളമാണ് മുന്നിൽ. 3.4 കോടി രൂപ നേടി ആലപ്പുഴ രണ്ടാമതും 3.3 കോടി രൂപയുമായി തൃശൂർ മൂന്നാമതുമാണ്. സിഡിഎസ്, ജില്ലാതലങ്ങളിൽ നടത്തിയ 2014 മേളകൾ വഴിയാണ് ഈ നേട്ടം. കുടുംബശ്രീ സംരംഭകർക്കാണ് ഈ വരുമാനം.

വിപണനമേളകളുടെ എണ്ണത്തിലും എറണാകുളമാണ് മുന്നിൽ. ആകെ 205 മേള. 186 വിപണനമേളകളുമായി തൃശൂരും 182 മേളകളുമായി കണ്ണൂരും രണ്ടും മൂന്നും സ്ഥാനത്തെത്തി. ഈ വർഷം 43,359 സൂക്ഷ്മസംരംഭ യൂണിറ്റും മേളയിലെത്തി. കഴിഞ്ഞ വർഷം 28,401 ആയിരുന്നു. ഇത്തവണ 26,816 വനിതാ കർഷക സംഘങ്ങൾ കാർഷികോൽപന്നങ്ങൾ എത്തിച്ചു. മുൻവർഷത്തേക്കാൾ 5826 യൂണിറ്റുകളുടെ അധിക പങ്കാളിത്തമാണ് ഉണ്ടായത്.

പൊതുവിപണിയിൽ മെച്ചപ്പെട്ട ഉൽപ്പന്നം എത്തിക്കാനും ന്യായവിലയ്ക്ക് ലഭ്യമാക്കാനും കഴിഞ്ഞു. 3000 വനിതാ കർഷകർ 1253 ഏക്കറിൽ ജമന്തി, മുല്ല,താമര എന്നിവ കൃഷി ചെയ്ത് വിപണിയിലെത്തിച്ചിരുന്നു. കഴിഞ്ഞ വർഷം 780 ഏക്കറിൽ 1819 കർഷകരാണ് കൃഷിചെയ്ത് ഉൽപ്പന്നം വിപണിയിലെത്തിച്ചത്.

തിരുവനന്തപുരം: വനംമന്ത്രി എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയും. കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ആവും ശശീന്ദ്രന് പകരം മന്ത്രിയാവുക. തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിലാണ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും അനുകൂല നിലപാടുണ്ടാവാതെ വന്നതോടെയാണ് മന്ത്രി സ്ഥാനം ഒഴിയാൻ ശശീന്ദ്രൻ തയാറായത്.

എൻസിപിയുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ശരദ് പവാറിൻറെ തീരുമാനവും തോമസ് കെ തോമസിന് അനുകൂലമായി. ശരദ് പവാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലും മന്ത്രിമാറ്റത്തിന് അനുകൂല തീരുമാനം ഉണ്ടായി. ശരദ് പവാറിന്റെ തീരുമാനം തോമസ് കെ തോമസിന് അനുകൂലമായിരുന്നു. മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക തീരുമാനങ്ങൾ വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് വിവരം.

തൃശൂർ: തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് യാതൊരു നടപടികളും ഉണ്ടാകുന്നില്ലെങ്കിൽ തനിക്കറിയാവുന്ന ചില കാര്യങ്ങൾ തുറന്നു പറയുമെന്ന് വ്യക്തമാക്കി വി എസ് സുനിൽ കുമാർ. തൃശൂർ പൂരം അലങ്കോലമായതുമായ ബന്ധപ്പെട്ട് അന്വേഷണമൊന്നും നടക്കുന്നില്ലെന്ന വിവാരാവകാശ റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.

പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അന്വേഷണം നടക്കുന്നില്ലെന്ന മറുപടി ലഭിച്ചത് ഞെട്ടലുണ്ടാക്കുന്നതും അപലപനീയവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഭവവുമായി ബന്ധപ്പെട്ട് വിവിധ ദേവസ്വം ബോർഡ് അധികൃതരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതെല്ലാം നാടകമായിരുന്നോ ആർക്ക വേണ്ടിയാണതൊക്കെ ചെയ്തത്. ഇക്കാര്യം ഈ നിലയ്ക്കാമ് കൈകാര്യം ചെയ്തിട്ടുള്ളതെങ്കിൽ ഗുരുതരമാണെന്നു സുനിൽ കുമാർ കൂട്ടിച്ചേർത്തു.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുത്. പ്രതികളേയോ സാക്ഷികളെയോ ബന്ധപ്പെടരുത്. ഒരു സിം കാർഡ് മാത്രമെ ഉപയോഗിക്കാവൂ, മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയവയാണ് പ്രധാന ജാമ്യ ഉപാധികൾ.

പൾസർ സുനിയുടെ സുരക്ഷ പൊലീസ് ഉറപ്പാക്കണമെന്ന നിർദേശവും കോടതി മുന്നോട്ടുവെച്ചു. ഇന്ന് വൈകുന്നേരത്തോടെ പൾസർ സുനിയ്ക്ക് പുറത്തിറങ്ങാനായേക്കുമെന്നാണ് വിവരം. ജയിലിൽ ഫോൺ ഉപയോഗിച്ച കേസിലും സുനി ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. നിലവിൽ എറണാകുളം സബ്ജയിലിൽ റിമാൻഡിൽ കഴിയുകയാണ് സുനി.

കഴിഞ്ഞ ദിവസം സുപ്രീം കോടതി പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. വിചാരണ നീണ്ടു പോകുന്നതിനാൽ ജാമ്യം നല്കിയ കോടതി ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നല്കണമെന്നും ഉത്തരവിട്ടിരുന്നു. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. 2017- ഫെബ്രുവരി 23 മുതൽ പൾസർ സുനി ജയിലിൽ കഴിയുകയാണ്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് പൾസർ സുനി ജയിലിൽ കഴിയുന്നത്.

പാലക്കാട്: പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കുമെന്ന് വ്യക്തമാക്കി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഇക്കാര്യം റെഗുലേറ്ററി കമ്മിഷന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഉപഭോക്താക്കൾ ആവശ്യപ്പെട്ടത് പ്രകാരമാണ് പുതിയ രീതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ വൻകിട ഉപഭോക്താക്കളിലായിരിക്കും പുതിയ രീതി നടപ്പാക്കുക. വിജയിച്ചാൽ സമ്പൂർണമായും പ്രതിമാസ ബില്ലിങ്ങിലേക്ക് മാറുമെന്ന് മന്ത്രി വിശദീകരിച്ചു

സ്മാർട്ട് മീറ്ററിലൂടെ ഉപഭോക്താക്കൾക്ക് തന്നെ മീറ്റർ റീഡ് ചെയ്യാനാവും. മീറ്റർ റീഡിങ്ങിന് കൂടുതൽ ജീവനക്കാരെ വേണ്ടി വരില്ല. പ്രതിമാസ ബില്ലിങ് വൈദ്യുതി താരിഫിൽ പ്രതിഫലിക്കില്ലെന്നും കെ കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു.