General (Page 102)

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിദിന സന്ദർശനത്തിന്റെ ഭാഗമായി അമേരിക്കയിലെത്തിയപ്പോഴാണ് നരേന്ദ്ര മോദി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി ഇരുനേതാക്കളും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തി.

പ്രതിരോധ മേഖലയിലെ സഹകരണത്തിന്റെ ഭാഗമായി ഇന്ത്യയും അമേരിക്കയും തമ്മിൽ മൾട്ടി ബില്യൺ ഡോളർ ഡ്രോൺ കരാറിൽ ഏർപ്പെട്ടുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. അമേരിക്കയിൽ നിന്ന് 31 എംക്യു-9ബി സ്‌കൈ ഗാർഡിയൻ, സീ ഗാർഡിയൻ ഡ്രോണുകൾ വാങ്ങാനുള്ള നീക്കങ്ങൾ ഇന്ത്യ സജീവമാക്കിയിരിക്കുകയാണ്. ഇവ സ്വന്തമാക്കാൻ ഏകദേശം 3 ബില്യൺ ഡോളർ ചെലവാണ് പ്രതീക്ഷിക്കുന്നത്.

ചൈനയിൽ നിന്ന് വെല്ലുവിളി ഉയരാനുള്ള സാധ്യതകൾ മുന്നിൽ കണ്ടാണ് ഇന്ത്യ പ്രതിരോധ മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. ചൈനയുമായുള്ള അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സ്‌കൈ ഗാർഡിയൻ, സീ ഗാർഡിയൻ ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഈ കരാറിൻമേലുള്ള ചർച്ചകൾ ഇരുരാജ്യങ്ങൾക്കുമിടയിൽ നടന്നുവരികയാണ്.

അമേരിക്കയിൽ നിന്ന് എയർ-ടു-സർഫേസ് മിസൈലുകളും ലേസർ-ഗൈഡഡ് ബോംബുകളുമുള്ള എംക്യു-9ബി സ്‌കൈ ഗാർഡിയൻ, സീ ഗാർഡിയൻ ഡ്രോണുകൾ വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരുന്നു.

വാഷിംഗ്ടൺ ഡിസി: ‘ ഒരു ഭൂമി ഒരു ആരോഗ്യം’ എന്ന ഇന്ത്യയുടെ കാഴ്ചപ്പാട് ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയിൽ ക്വാഡ് കാൻസർ മൂൺഷോട്ട് ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെർവിക്കൽ കാൻസർ ചെറുക്കുന്നതിനായി സാമ്പിൾ കിറ്റുകൾ, ഡിറ്റക്ഷൻ കിറ്റുകൾ, വാക്സിനുകൾ എന്നിവയ്ക്ക് 7.5 മില്യൺ ഡോളർ സാമ്പത്തിക പിന്തുണ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

സെർവിക്കൽ കാൻസർ തടയുന്നതിനായി രോഗം നിർണയിക്കേണ്ടതിന്റെയും ചികിത്സിക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കാൻസറിനെതിരെയുള്ള കൂട്ടായ പോരാട്ടമാണിത്. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ, എന്നാൽ ഗുണനിലവാരമുള്ള ചികിത്സകളും ലഭ്യമാക്കാൻ ഇത്തരം പരിപാടികൾ അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് മഹാമാരി കാലത്ത് ഇന്തോ- പസഫിക്കിനായി ക്വാഡ് വാക്സിനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്ത്യയും അമേരിക്കയും മുൻകൈ എടുത്തിരുന്നു. സെർവിക്കൽ കാൻസറിനെതിരെ ഒന്നിച്ച് പോരാടുമെന്ന പ്രതിജ്ഞയാണ് ഇപ്പോൾ സ്വീകരിക്കുന്നത്. കാൻസർ ചികിത്സയ്ക്കും പരിചരണത്തിനും സഹകരണം അനിവാര്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഒറ്റമിനിറ്റുകൊണ്ട് എംഎസ്എംഇകൾക്ക് സംരംഭം തുടങ്ങാൻ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്ന് വ്യവസായ മന്ത്രി പി രാജീവ്. വ്യവസായം ആരംഭിക്കുന്നതിൽ ഏറ്റവും അനുയോജ്യ സംസ്ഥാനമായിമാറാൻ കേരളത്തിന് സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ കേരളം ഒന്നാംസ്ഥാനത്ത് എത്തി. ഈ സർക്കാർ അധികാരമേൽക്കുമ്പോൾ 28-ാം സ്ഥാനത്തായിരുന്നു കേരളം. സാധ്യതകളെയും വെല്ലുവിളികളെയും കോർത്തിണക്കിയുള്ള പുതിയ വ്യവസായനയം സംസ്ഥാനം ആവിഷ്‌ക്കരിച്ചു. പരിശോധന കഴിഞ്ഞ സ്ഥാപനങ്ങളിലെ റിപ്പോർട്ട് 48 മണിക്കൂറിനുള്ളിൽ പബ്ലിക് ഡൊമെയ്‌നിൽ പ്രസിദ്ധീകരിക്കാൻ സംവിധാനവും ഒരുക്കി. രണ്ടര വർഷം കൊണ്ട് കേരളത്തിൽ 2,90,000 എംഎസ്എംഇകൾ സ്ഥാപിക്കാനായി. 18,000 കോടിയിലധികം പുതിയ നിക്ഷേപവും വന്നു. സംരംഭകരിൽ 92,000 പേർ വനിതകളും 30 പേർ ട്രാൻസ്‌ജെൻഡർമാരുമാണെന്ന് അദ്ദേഹം വിശദമാക്കി.

മലപ്പുറം: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്കപട്ടികയിലുള്ള ആറു പേരുടെ പരിശോധനാ ഫലം കൂടി ഇന്ന് നെഗറ്റീവ് ആയി. ഇതുവരെ 74 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇന്ന് പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ സമ്പർക്കപ്പട്ടികയിൽ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണെന്നും അധികൃതർ അറിയിച്ചു.

177 പേർ പ്രൈമറി കോൺടാക്ട് പട്ടികയിലും 90 പേർ സെക്കന്ററി കോൺടാക്ട് പട്ടികയിലുമാണുള്ളത്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്.

രോഗലക്ഷണങ്ങളുമായി രണ്ടു പേർ ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായിട്ടുണ്ട്. ഇവർ അടക്കം നാലു പേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും 28 പേർ പെരിന്തൽമണ്ണ എം.ഇ.എസ് .മെഡിക്കൽ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് മികച്ച മാനസിക പിന്തുണയാണ് നൽകിവരുന്നത്. ഇന്ന് ആറു പേർക്ക് ഉൾപ്പെടെ 274 പേർക്ക് കോൾ സെന്റർ വഴി മാനസിക പിന്തുണ നൽകി.

തിരുവനന്തപുരം: പൂരം കലക്കി നേടിയതാണോ തൃശൂരിലെ ബിജെപിയുടെ ജയമെന്ന കാര്യം അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കൊണ്ട് പ്രശ്‌നം തീരില്ല. ആരോപണ വിധേയരെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൃശൂരിൽ മത്സരിച്ച സ്ഥാനാർഥികൾ വരെ അത് പറയുന്നുണ്ട്. മുൻ മന്ത്രിവരെ ആ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അതിന് വ്യക്തമായ ഒരു വിശദീകരണവും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും ആരോപണ വിധേയർ തന്നെയാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മെമ്മോറാണ്ടത്തിൽ മുഖ്യമന്ത്രി നൽകിയ വിശദീകരണം തൃപ്തികരമല്ല. സംശയത്തിന് ഇട നൽകുന്ന ഒരു ഡോക്യുമെന്റ് പുറത്ത് വരാൻ പടില്ലായിരുന്നു. അസാധാരണ ആരോപണങ്ങളാണ് പൊലീസിന് നേരിടേണ്ടി വന്നത്. ആരോപണങ്ങളിൽ നിഷ്പക്ഷ അന്വേഷണം വേണം. ആരോപണ വിധേയൻ തന്നെ അന്വേഷിക്കുന്ന അവസ്ഥ വരരുത്. എഡിജിപി അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷിക്കണം. താനൂർ കസ്റ്റഡി കൊലപാതകം മുതൽ തന്നെ പൊലീസിന്റെ വിഷയം ഞങ്ങൾ പറഞ്ഞിരുന്നു. ഇപ്പോൾ ഭരണകക്ഷി എംഎൽഎ പറയുന്നതിന് മുൻപ് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. പൊലീസിനെ വെള്ള പൂശിയിട്ട് കാര്യമില്ല. അതിൽ അന്വേഷണം വേണം. യുഡിഎഫും ലീഗും പ്രക്ഷോഭം തുടരുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

ശ്രീനഗർ: ജമ്മുകശ്മീരിൽ കുടുംബവാഴ്ചയ്ക്ക് തടയിടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രജൗരിയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ മൂന്ന് കുടുംബവാഴ്ചകൾ അവസാനിക്കുന്ന കാഴ്ചയ്ക്കാണ് ജനങ്ങൾ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അബ്ദുള്ള, മുഫ്തി, നെഹ്റു-ഗാന്ധി കുടുംബങ്ങളുടെ ഭരണത്തിന് തടയിടും. കാരണം ഈ മേഖലയിലെ യുവാക്കൾ കല്ലുകൾക്ക് പകരം ഇപ്പോൾ ലാപ്ടോപ്പുകളാണ് ഉപയോഗിക്കുന്നത്. 75 വർഷത്തോളം അബ്ദുള്ള, മുഫ്തി, നെഹ്റു- ഗാന്ധി കുടുംബങ്ങൾ ജനാധിപത്യത്തെ അവരുടെ കാൽക്കീഴിൽ വച്ച് ചവിട്ടിയരച്ചു. മോദി സർക്കാരിന്റെ വരവോടെ ഇന്ന് ജമ്മുകശ്മീരിലെ 30,000-ലധികം യുവാക്കൾ യഥാർത്ഥ ജനാധിപത്യം എന്തെന്ന് തിരിച്ചറിയുന്നു. അവർ കല്ലുകൾക്ക് പകരം ഇപ്പോൾ ലാപ്ടോപ്പുകൾ ഉപയോഗിച്ച് വികസനത്തിന്റെ പാതയിൽ ചേക്കേറുന്നുവെന്നും അദ്ദേഹം വിശദമാക്കി.

കേന്ദ്രഭരണ പ്രദേശങ്ങളിൽ ജനാധിപത്യം കൊണ്ടുവന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. എന്നാൽ ഭീകരവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് മുഫ്തിയും നെഹ്റുവും ഉൾപ്പെടെയുള്ള കുടുംബങ്ങൾ ശ്രമിച്ചതെന്നും അമിത് ഷാ വിമർശിച്ചു. ജമ്മുകശ്മീരിൽ 30 വർഷത്തോളം ഭീകരവാദ പ്രവർത്തനങ്ങൾ അരങ്ങേറി. സാധാരണക്കാരായ നിരവധി ആളുകളും കുട്ടികളും മരിച്ചു. ഇതിനെല്ലാം ആരാണ് ഉത്തരവാദികളെന്ന് അമിത് ഷാ ചോദിക്കുന്നു.

മലപ്പുറം: മുഖ്യമന്ത്രി നടത്തിയ വിമർശനത്തിൽ രൂക്ഷ ഭാഷയിൽ പ്രതികരണം നടത്തി നിലമ്പൂർ എംഎൽഎ പി വി അൻവർ. മുഖ്യമന്ത്രിയെ പൂർണമായും തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം നിലപാട് പുനഃപരിശോധിക്കണമെന്നും അൻവർ പറഞ്ഞു. പി ശശിക്കെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. ശശിയുടെ പ്രവർത്തനം മാതൃകാപരമല്ല, സ്വർണം പൊട്ടിക്കലിൽ ശശിക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

മനോവീര്യം തകർന്നത് പൊലീസിലെ കള്ളന്മാരുടേതാണ്. തന്റെ വീട്ടിലെ കാര്യത്തിനല്ല മുഖ്യമന്ത്രിയെ കണ്ടത്. ഫോൺ ചോർത്തൽ പുറത്തുവിട്ടത് ചെറ്റത്തരമാണ്. എന്നാലത് ജനനന്മ ലക്ഷ്യമിട്ട് ചെയ്തതാണ്. പൊലീസിലെ മനോവീര്യം തകരുന്നവർ 4-5 ശതമാനം വരുന്ന ക്രിമിനലുകൾക്കാണ്. മുഖ്യമന്ത്രിയുടെ തെറ്റിദ്ധാരണ മാറുമ്പോൾ നിലപാട് മാറും. സ്വർണക്കടത്ത് സംഘങ്ങളിൽ നിന്ന് ശശി പങ്ക് പറ്റുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്നും അതുകൊണ്ടാണോ മുഖ്യമന്ത്രിയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അൻവർ വ്യക്തമാക്കുന്നു.

താൻ ആരോപണം ഉന്നയിച്ചത് പോലീസിലെ വളരെ കുറച്ച് ഉദ്യോഗസ്ഥർക്കെതിരെയാണ്. പോലീസിൽ നല്ല ഉദ്യോഗസ്ഥരാണ് ഭൂരിഭാഗവും. പത്താം ക്ലാസ് പാസാകാത്ത എഴുതാനറിയാത്ത പോലീസുകാരും കേരളത്തിലില്ല. മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ച പോലീസിലെ പുഴുക്കുത്തുകൾക്കെതിരെയാണ് തന്റെ പോരാട്ടം. അത് തുടരും. തന്റെ ആരോപണത്തിൽ പൊലീസിലെ ക്രിമിനലുകളുടെ മനോവീര്യമാണ് തകർന്നതെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും അദ്ദേഹം അറിയിച്ചു.

കൊച്ചി: ജോലി സമ്മർദ്ദത്തെ തുടർന്ന് മരണപ്പെട്ട ഏണസ്റ്റ് ആൻഡ് യങ്ങിലെ ചാർട്ടേഡ് അക്കൌണ്ടന്റായിരുന്ന കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യന്റെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അന്നയുടെ കുടുംബാംഗങ്ങളെ സുരേഷ് ഗോപി ആശ്വസിപ്പിച്ചു. ഇനി ഒരാൾക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുതെന്ന് സന്ദർശനത്തിന് ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

സംഭവത്തിൽ അനീതിയുണ്ടായതായാണ് തോന്നുന്നത്. സാമൂഹികമായ തിരുത്തൽ ആവശ്യമാണ്. പാർലമെന്റിൽ അന്നയുടെ മരണം വിഷയമായി വരും. കേന്ദ്ര മന്ത്രി എന്നതിനപ്പുറം ഒരു അച്ഛൻ എന്ന നിലയിൽ ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കും. തൊഴിൽ ചൂഷണം നടത്തുന്ന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും സുരേഷ് ഗോപി ഉറപ്പു നൽകി.

അതേസമയം, അന്നയുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

റാഞ്ചി: രണ്ട് ദിവസം ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി ജാർഖണ്ഡ്. കോപ്പിയടി തടയാൻ വേണ്ടിയാണ് സംസ്ഥാനം ഇത്തരമൊരു നടപടി സ്വീകരിച്ചത്. ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ബിരുദ ലെവൽ പരീക്ഷ നടക്കുന്നതിനാലാണ് ഇന്നും നാളെയും രാവിലെ 8 മുതൽ ഉച്ചക്ക് 1.30 വരെ സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധിച്ചത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ പേപ്പർ ചോരുന്നതടക്കമുള്ള മുൻകാല അനുഭവങ്ങൾ കണക്കിലെടുത്താണ് അധികൃതർ ഇത്തരമൊരു നടപടി സ്വീകരിച്ചത്. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ രീതിയിൽ പരീക്ഷ നടത്താനാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക അറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നത്. ഉദ്യോഗാർത്ഥികൾക്ക് ഒരു സംശയത്തിനുമിട നൽകാത്ത പഴുതടച്ച നടപടികളാണ് സ്വീകരിക്കുന്നതെന്നും അധികൃതർ വിശദീകരിച്ചു.

ഇന്റർനെറ്റ് നിയന്ത്രണം വോയ്സ് കോളുകളെയും ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റിയെയും ബാധിക്കില്ല. ആകെ 823 കേന്ദ്രങ്ങളിലാണ് ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ നടത്തുന്നത്. ഇന്നും നാളെയുമായി ഏകദേശം 6.40 ലക്ഷം ഉദ്യോഗാർത്ഥികളായിരിക്കും പരീക്ഷ എഴുതുന്നത്.

തിരുവനന്തപുരം: തൃശൂർ പൂരം സംബന്ധിച്ച് നല്ല രീതിയിൽ തന്നെ പരിശോധന നടത്താൻ നേരത്തെ ചുമതലപ്പെടുത്തിയതാണെന്നും അത് നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതകൾക്ക് അനുസരിച്ചുള്ള റിപ്പോർട്ട് അല്ല വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടി നൽകിയത്. അതിനാലാണ് പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസർക്കെതിരെ നടപടിയെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

വിവരാവകാശ ഓഫീസറായ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി മാറ്റി നിർത്തി. അന്വേഷണം നേരത്തെ പൂർത്തിയാക്കേണ്ടതായിരുന്നു.എന്നാൽ, കഴിഞ്ഞയാഴ്ച കുറച്ചു കൂടി സമയം വേണമെന്ന കത്ത് ലഭിച്ചു. തുടർന്ന് 24ന് മുമ്പ് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിട്ടു. ആ റിപ്പോർട്ട് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ട് വൈകുന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. എന്തുകൊണ്ടാണ് അന്വേഷണ റിപ്പോർട്ട് വൈകുന്നതെന്ന് സ്വഭാവികമായും അന്വേഷിക്കും. അന്വേഷണ ഉദ്യോഗസ്ഥനെ ഇതുവരെ മാറ്റിയിട്ടില്ല. അദ്ദേഹം തന്നെ അന്വേഷിക്കട്ടെയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എഡിജിപി എംആർ അജിത്ത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വിവാദങ്ങൾക്കിടെ ആരോപണ വിധേയനായ എംആർ അജിത്ത് കുമാർ തന്നെ തൃശൂർ പൂരം കലക്കൽ അന്വേഷിക്കുന്നതിലൂടെ വസ്തുത പുറത്തുവരുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.