General (Page 101)

തിരുവനന്തപുരം: ഗുണ്ടാബന്ധം ആരോപിച്ച് സസ്‌പെൻഡ് ചെയ്ത ഡിവൈഎസ്പിമാരെ സർവ്വീസിൽ തിരിച്ചെടുത്തു. ഡിവൈഎസ്പിമാരായ പ്രസാദ്, ജോൺസൺ തുടങ്ങിയവരെയാണ് തിരിച്ചെടുത്തത്.

കഴിഞ്ഞ വർഷം ജനുവരിയിലാണ് ഗുണ്ടാ ബന്ധം ആരോപിച്ച് ഇവരെ സസ്‌പെൻഡ് ചെയ്തത്. പാറ്റൂർ ഗുണ്ടാ ആക്രമണത്തിന് പിന്നാലെയായിരുന്നു പൊലീസിന് ഗുണ്ടാബന്ധം ഉണ്ടെന്ന ആരോപണം ഉയർന്നത്.

ഗുണ്ടകളുമായി മദ്യപാന സൽക്കാരത്തിൽ പങ്കെടുത്തുവെന്നായിരുന്നു ഈ ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണം. വകുപ്പുതല നടപടി പൂർത്തിയാക്കിയാണ് തിരിച്ചെടുത്തത്. ഡിവൈഎസ്പി പ്രസാദിന്റെ ഒരു ഇൻഗ്രിമെന്റും ജോൺസണിന്റെ രണ്ട് ഇൻഗ്രിമെന്റും റദ്ദാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ (പരമാവധി 50 kmph) ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അഭ്യർത്ഥിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

-ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  • അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
  • മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  • ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
  • പട്ടം പറത്തുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
  • വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
  • അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
  • ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
  • മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

മലപ്പുറം: വനംവകുപ്പിനെതിരെ ആഞ്ഞടിച്ച് പിവി അൻവർ എംഎൽഎ. നിലമ്പൂർ വനംവകുപ്പിന്റെ പരിപാടിയിൽ വനംമന്ത്രി എകെ ശശീന്ദ്രനെ വേദിയിലിരുത്തിയായിരുന്നു അൻവറിന്റെ വിമർശനം. വനം വന്യജീവി സംരക്ഷണ മന്ത്രിക്കൊപ്പം മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അവസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോഴെന്ന് അൻവർ പറഞ്ഞു.

വനംവകുപ്പ് ജീവനക്കാരുടെ തോന്നിവാസത്തിന് അതിരില്ല. ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാൾ ക്രൂരമമാണ്. വനത്തിൽ ആർക്കും പ്രവേശനമില്ല. വനത്തിൽ എന്തും നടക്കുമെന്നതാണ് സ്ഥിതി. ജനവാസ മേഖലയിൽ സ്ഥിരമായി വന്യ ജീവി ആക്രമണം ഉണ്ടാകുകയാണ്. നഗരങ്ങളിൽ വരെ വന്യജീവികൾ എത്തുന്നുണ്ട്. സോഷ്യൽ ഓഡിറ്റിന് വിധേയമാകത്ത വകുപ്പാണ് വനം വകുപ്പ്. അന്യർക്ക് പ്രവേശനമില്ലെന്ന് എഴുതി വെക്കുന്ന വകുപ്പാണ് വനം വകുപ്പ്. മാധ്യമപ്രവർത്തകരെയും ജനപ്രതിനിധികളെയും വനത്തിലേക്ക് കയറ്റി വിടില്ല. വനത്തിനകത്ത് വന്യജീവികൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്നും അൻവർ ചൂണ്ടിക്കാട്ടി.

വനത്തിനുളളിൽ അനാവശ്യമായി വനംവകുപ്പ് കെട്ടിടങ്ങൾ പണിയുകയാണ്. ഇത് ശരിയല്ല. പാർട്ടി ഇടപെടേണ്ട വിഷയമാണിത്. മനുഷ്യ – വന്യ ജീവി സംഘർഷം ശക്തമാകുമ്പോഴും ഒരു നടപടിയും ഉണ്ടാകുന്നില്ല. ഈ വിഷയം ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ വലിയ വോട്ടുചോർച്ചയുണ്ടാക്കി. വനം വകുപ്പുദ്യോഗസ്ഥരുടെ മനസ് വന്യ ജീവികളെക്കാൾ ക്രൂരമാണ്. വനം വകുപ്പുദ്യോഗസ്ഥൻ മരിച്ചിട്ട് മൃതദേഹം ഓഫീസിൽ വക്കാൻ പോലും മേലുദ്യോഗസ്ഥർ സമ്മതിച്ചില്ല. ഇത് കമ്മ്യൂണിസ്റ്റ് രീതിയല്ല. വരച്ച വരയിൽ ഉദ്യോഗസ്ഥരെ നിർത്താനാവണം. വന്യജീവി ആക്രമണത്തെക്കുറിച്ച് പരാതി പറയാൻ ചെന്നപ്പോൾ നഷ്ടപരിഹാരം 10 ലക്ഷം കിട്ടുന്നില്ലേയെന്ന് ഒരു ഉദ്യോഗസ്ഥൻ ചോദിച്ചു. താൻഅപ്പോൾ അവിടെ ഉണ്ടായിരുന്നെങ്കിൽ അടി കൊടുത്തേനെയെന്നും പി വി.അൻവർ അഭിപ്രായപ്പെട്ടു.

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പണ്ടത്തെ പോലെ ഇപ്പോൾ പണിയില്ല. ഈ നിയമസഭ പ്രസംഗത്തിൽ പറയാൻ ഉള്ളതാണ് പറഞ്ഞത്. ഈ നിയമസഭ സമ്മേളനത്തിൽ പറയാൻ കഴിയുമോ എന്ന് ഉറപ്പില്ലാത്തതിനാൽ നേരത്തെ പറയുകയാണ്. ആവാസ വ്യവസ്ഥയും പ്രകൃതിയും മാത്രം മതി എന്നാണ് ഉദ്യോഗസ്ഥരുടെ വിചാരം. മനുഷ്യർക്കും ഇവിടെ ജീവിക്കണം.ലോക രാജ്യങ്ങളിൽ കാലത്തിന് അനുസരിച്ച് പല നിയമങ്ങൾ പരിഷ്‌ക്കരിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: സംഘടിത കുറ്റവാളികളുടെ ഡേറ്റ ബേസ് തയ്യാറാക്കാനുള്ള നീക്കവുമായി ദേശീയ അന്വേഷണ ഏജൻസി. ഇങ്ങനെ തയ്യാറാക്കുന്ന ഡേറ്റാ ബേസ് എൻഐഎ ലോക്കൽ പൊലീസിന് കൈമാറും. കുറ്റവാളികളുടെ വിശദാംശങ്ങൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, സാമ്പത്തിക ശൃംഖല, മറ്റ് വിവരങ്ങൾ എന്നിവ കേന്ദ്ര ഏജൻസി ഡേറ്റ ബേസിൽ ഉൾപ്പെടുത്തും.

കുറ്റവാളികളുടെ ഏറ്റവും പുതിയ ചിത്രം, ബയോമെട്രിക് വിശദാംശങ്ങൾ, ചോദ്യം ചെയ്യൽ റിപ്പോർട്ട്, അവരുടെ ആയുധ വിതരണക്കാർ എന്നിവരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ എന്നിവ പോർട്ടലിൽ ഉണ്ടാവും.

സംഘടിത കുറ്റവാളികളുടെ ശൃംഖല തകർക്കുക, ആയുധ വിതരണക്കാർ, റിക്രൂട്ടർമാർ, ഹവാല ഓപ്പറേറ്റർമാർ, വ്യാജ പാസ്‌പോർട്ട്, വ്യാജ രേഖകൾ നൽകുന്നവർ എന്നിവരെ കണ്ടെത്തി പിടികൂടുക, സാമ്പത്തിക വരവ് നിയന്ത്രിക്കുക തുടങ്ങിയവയാണ് ഈ പോർട്ടലിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ന്യൂഡൽഹി: രാജ്യത്ത് ഈ വർഷം കേന്ദ്ര സർക്കാർ 60 പുതിയ മെഡിക്കൽ കോളേജുകൾക്ക് കൂടി അംഗീകാരം നൽകി. ഇതോടെ രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം 766 ആയി ഉയർന്നു. 2023-24 വർഷത്തിൽ 706 മെഡിക്കൽ കോളജുകളായിരുന്നു രാജ്യത്തുണ്ടായിരുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ മെഡിക്കൽ കോളേജുകളുടെ എണ്ണത്തിൽ 98% വർധനയുണ്ടായതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

2013-14ൽ രാജ്യത്താകമാനം 387 മെഡിക്കൽ കോളേജുകളുണ്ടായിരുന്നു. 2024-25ൽ 766 ആയി ഉയർന്നു. ഇതിൽ 423 എണ്ണം സർക്കാർ മെഡിക്കൽ കോളജുകളാണ്. 343 സ്വകാര്യ മെഡിക്കൽ കോളജുകളുമുണ്ട്. 2023-24 ൽ 1,08,940 ആയിരുന്നു എംബിബിഎസ് സീറ്റുകളുടെ എണ്ണം. 2024-25 ൽ ഇത് 1,15,812 ആയെന്ന് ജെ പി നദ്ദ പറഞ്ഞു.

പിജി മെഡിക്കൽ സീറ്റുകൾ 2023-24ൽ 69,024 ആയിരുന്നത് 2024-25ൽ 73,111 ആയി വർദ്ധിച്ചു. കഴിഞ്ഞ 10 വർഷത്തിനിടയിൽ പിജി സീറ്റുകളുടെ എണ്ണത്തിൽ 39,460 സീറ്റുകളുടെ വർദ്ധനയാണുണ്ടായതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ചൈൽഡ് പോണോഗ്രാഫി എന്ന പദം ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും കുറ്റകരമല്ലെന്ന മദ്രാസ് ഹൈകോടതി വിധി റദ്ദാക്കികൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കി പുതിയ ഉത്തരവിറക്കിയത്.

‘കുട്ടികളുടെ അശ്ലീലദൃശ്യം’ എന്നതിന് പകരം ‘കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ വസ്തുക്കൾ’ എന്ന് മാറ്റണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ പാർലമെന്റിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. നിയമപരമായ കാര്യങ്ങൾക്കും മറ്റുമായി കുട്ടികളുടെ അശ്ലീല ദൃശ്യം എന്ന പദത്തിന് പകരം പദം ഉപയോഗിക്കണമെന്നും ഇതിനായി ഓർഡിൻസ് കൊണ്ടുവരണമെന്നുമാണ് നിർദേശം.

തിരുവനന്തപുരം: അപകട രക്ഷാപ്രതിരോധ പ്രവർത്തനങ്ങളെ ജനകീയമാക്കുന്നതിനായി അഗ്‌നിരക്ഷാ വകുപ്പിന് കീഴിൽ ആരംഭിച്ച സിവിൽ ഡിഫൻസ് ഫോഴ്സിൽ കൂടുതൽ പേരെ അംഗങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് അക്കാദമിയിൽ പരിശീലനം പൂർത്തീകരിച്ച 295 ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാർ, 20 ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) മാർ ഉൾപ്പെടെ 315 പരിശീലനാർത്ഥികളുടെ സംയുക്ത പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തമേഖലകളിൽ സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ പ്രവർത്തനം മാതൃകാപരമാണ്. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത 6200 പേർ വിജയകരമായി പരിശീലനം പൂർത്തിയാക്കി സേവന സജ്ജരാക്കി. ഇവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 1000 പേർക്ക് പ്രൊഫഷണൽ പരിശീലനം നൽകുന്നത് ആലോചനയിലാണ്. രണ്ടാംഘട്ടമായി തിരഞ്ഞെടുത്ത 3300 പേർക്ക് പ്രത്യേക പരിശീലനവും നൽകിവരുന്നു. ഇവ പൂർത്തിയാകുന്നതോടെ അഗ്‌നിരക്ഷാ സേനയ്ക്ക് കൂടുതൽ സഹായം നൽകാൻ കഴിയുന്ന 10000 പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിക്കുകയാണ് ലക്ഷ്യം. ഇവർക്കായി ഗം ബൂട്ട്, ഹെൽമെറ്റ് തുടങ്ങിയ വ്യക്തി സുരക്ഷാ ഉപകരണങ്ങളും, ആംബുലൻസ്, എം ഇ വി വാഹനങ്ങളും, ആശയവിനിമയത്തിനുള്ള സംവിധാനങ്ങളും ലഭ്യമാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സാഹസിക രക്ഷാപ്രവർത്തനത്തിനായി വകുപ്പിന്റെ കീഴിൽ പ്രത്യേക ടീം രൂപീകരിച്ചിട്ടുണ്ട്. 30 പേർ അടങ്ങുന്ന പ്രത്യേക ദൗത്യസേനയും ജലാശയ അപകടങ്ങളിൽ നിന്നും ഫലപ്രദമായ രക്ഷാപ്രവർത്തനം നടത്താൻ സ്‌കൂബാ ടീമും സജ്ജമാണ്. പൊതുസമൂഹത്തിന്റെ രക്ഷാസേന എന്ന ഉത്തരവാദിത്വ ബോധ്യത്തോടെയാകണം സേനാംഗങ്ങൾ തങ്ങളുടെ അറിവുകൾ പ്രയോഗിക്കേണ്ടത്. കേവലം തീ അണയ്ക്കുന്ന സേന എന്ന വിശേഷണത്തിൽ നിന്നും ഏത് ദുരന്തഘട്ടത്തിലും സഹായം എത്തിക്കുന്ന സേനയായി അഗ്‌നിരക്ഷാ വകുപ്പ് മാറി. പ്രളയം, ഉരുൾപൊട്ടൽ മാത്രമല്ല പകർച്ചവ്യാധി നിയന്ത്രണ ഘട്ടത്തിലും മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവച്ചത്.

കാലാനുസൃതമായി അഗ്‌നിരക്ഷാസേനയെ ശാക്തീകരിക്കുന്നതിനും ആധുനികരിക്കുന്നതിനും പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാരിനുള്ളത്. ഇതിന്റെ ഭാഗമായി കൂടുതൽ അപകട സാധ്യത മേഖലകളിൽ ഉപയോഗിക്കുന്നതിന് റോബോട്ടിക്ക് ഫയർ ഫൈറ്റിങ് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. ചരിത്രത്തിൽ ആദ്യമായി അഗ്‌നിരക്ഷാസേനയിൽ വനിതകളെ റിക്രൂട്ട് ചെയ്തത് കഴിഞ്ഞ സർക്കാരിന്റെ കാലത്താണ്. ആദ്യ പടിയായി 100 തസ്തികകൾ സൃഷ്ടിച്ചു. ഇതിലേക്ക് 82 വനിതാ ഓഫീസർമാരാണ് എത്തിയത്. അഗ്‌നിരക്ഷാസേനയിൽ ലിംഗ സമത്വം ഉറപ്പാക്കാനായതായും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളാ ഫയർ & റെസ്‌ക്യൂ സർവീസസ് ഡയറക്ടർ ജനറൽ കെ പത്മകമാർ, ഡയറക്ടർ ടെക്‌നിക്കൽ എം നൗഷാദ്, ഡയറക്ടർ അഡ്മിനിസ്‌ട്രേഷൻ അരുൺ അൽഫോൺസ്, അക്കാദമി ഡയറക്ടർ എം ജി രാജേഷ്, അസിസ്റ്റന്റ് ഡയറക്ടർമാരായ എ. എസ്. ജോഗി, എസ് എൽ ദിലീപ്, സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ തുടങ്ങിയവർ സന്നിഹിതരായി. അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ റെനി ലൂക്കോസ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. പരേഡ് കമാൻഡർ ടി. എസ് അജിലേഷാണ് പാസ്സിങ് ഔട്ട് പരേഡ് നയിച്ചത്.

പ്ലസ്സ് ടു അടിസ്ഥാന യോഗ്യതയായ ഈ പരിശീലനം ലഭിച്ച 315 ട്രെയിനികളിൽ, എം.ടെക്ക് യോഗ്യതയുള്ള 4 പേരും എം.ബി.എ ഉള്ള 2 പേരും ബി.എഡ്- 3 പേരും 24 മറ്റ് ബിരുദാനന്തര ബിരുദധാരികളും 51 ബി.ടെക് ബിരുദധാരികളും 158 ബിരുദധാരികളും 35 ഡിപ്ലോമക്കാരും ഐ ടി ഐ യോഗ്യതയുള്ള 8 പേരും പ്ലസ് ടു യോഗ്യതയുള്ള 17 പേരും ഉൾപ്പെടുന്നു.

ഫയർ പ്രൊട്ടക്ഷൻ, ഫയർ ഫൈറ്റിംഗ്, ഇൻഡസ്ട്രിയൽ ഫയർ സേഫ്റ്റി, മൗണ്ടയ്ൻ റെസ്‌ക്യൂ, വെള്ളത്തിനടിയിലെ രക്ഷാപ്രവർത്തനം, വെള്ളപ്പൊക്ക രക്ഷാപ്രവർത്തനം, സെൽഫ് റെസ്‌ക്യൂ, വിവിധ രാസ അപകടങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യം, പ്രഥമ ശുശ്രൂഷ എന്നിവ ഉൾപ്പെടെയുള്ള 4 മാസത്തെ അടിസ്ഥാന പരിശീലനവും കൂടാതെ കമാൻഡോ പരിശീലന രീതിയിൽ പുക നിറഞ്ഞതും ഇരുട്ടുള്ളതുമായ മുറികളിലെ രക്ഷാ പ്രവർത്തനം, ശ്വസനസഹായികൾ ഉപയോഗിച്ച് ബഹുനില കെട്ടിടങ്ങൾ കയറിയുള്ള രക്ഷാപ്രവർത്തനം, ബേസിക് ലൈഫ് സപ്പോർട്ട്, യാതൊരുവിധ രക്ഷാ ഉപകരണങ്ങളും ലഭ്യമല്ലാത്ത അവസ്ഥയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് ആവശ്യമായ ഇമ്പ്രവൈസ്ഡ് രക്ഷാ ഉപകരണങ്ങളുടെ നിർമ്മാണവും അവയുടെ പ്രായോഗിക പരിശീലനങ്ങളും 300 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയിലുള്ള രക്ഷാപ്രവർത്തനങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിലെ പ്രായോഗിക പരിശീലനവും നൽകി.

ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റുകളുടെ എണ്ണത്തിൽ വലിയ കുതിപ്പ്. അഞ്ച് മാസത്തിനിടെ രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റുകളിലുണ്ടായത് വലിയ കുതിപ്പാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിൽ, ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലഘട്ടത്തിൽ നടത്തിയത് 1,669 ലക്ഷം കോടി ഇടപാടുകളാണ്. കേന്ദ്ര ധനമന്ത്രാലയമാണ് കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇക്കാലയളവിൽ 8,659 കോടി രൂപയുടെ ഇടപാടാണ് നടന്നത്. ഡിജിറ്റൽ ഇടപാടുകളിൽ വമ്പൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രാലയം വാർത്താ കുറിപ്പിൽ വ്യക്തമാക്കി. 2017-18 കാലഘട്ടത്തിൽ 18,737 കോടി ഇടപാടുകളാണ് നടന്നിരുന്നതെങ്കിൽ 2023-24 സാമ്പത്തിക വർഷത്തിൽ ഇത് 18,737 കോടിയായി വർദ്ധിച്ചു. ഏകദേശം 44 ശതമാനത്തിന്റെ വർദ്ധനയാണുണ്ടായത്.

ആഗോളതലത്തിൽ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ലോകോത്തര നിലവാരത്തിലേക്കാണ് ഉയരുന്നത്.

തിരുവനന്തപുരം: വൈദ്യുത ഊർജ്ജ ചെലവുകളും കാർബൺ ഫൂട്ട് പ്രിന്റും കുറയ്ക്കാൻ കിയാലിന്റെ 4 മെഗാ വാട്ട് സോളാർ പ്രോജക്ട് ഒരുങ്ങുന്നു
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഊർജ്ജ ചെലവും പാരിസ്ഥിതികാഘാതവും കുറയ്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട് 4 മെഗാ വാട്ട് സോളാർ പ്രോജക്ട് ഒരുങ്ങുന്നു. എയർപോർട്ടിന്റെ വൈദ്യുതി ഉപഭോഗ ചെലവുകളും കാർബൺ ഫൂട്ട് പ്രിന്റും കുറയ്ക്കാൻ സഹായകമാകുന്ന പ്രോജക്ടാണ് ഇത്.

രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി ലഭ്യമാക്കുന്ന സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിലൂടെ ബാഹ്യ വൈദ്യുതി സ്രോതസുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിക്കും. വിമാനത്താവളത്തിന്റെ കാർ പാർക്കിംഗ് ഏരിയയിലും സമീപ പ്രദേശങ്ങളിലുമാണ് സോളാർ പ്രോജക്ട് സ്ഥാപിക്കുവാൻ ഒരുങ്ങുന്നത്. പാർക്കിംഗ് സ്ഥലങ്ങൾക്കു മുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുക വഴി വിമാനത്താവളത്തിന്റെ സേവന നിലവാരം വർദ്ധിപ്പിക്കുവാനും സൗകര്യം മെച്ചപ്പെടുത്താനും സാധിക്കും. ഈ സാമ്പത്തിക വർഷത്തിനുളളിൽ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി മുഖേന വിമാനത്താവളത്തിന് ഗണ്യമായ സാമ്പത്തിക ലാഭം ഉണ്ടായേക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

ഈ സംരംഭം വ്യോമയാന മേഖലയിൽ ഹരിത ഊർജ്ജം സ്വീകരിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുമെന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനവും പാരിസ്ഥിതിക ബോധവും കൂടുതൽ ബലപ്പെടുത്തുമെന്നുമുള്ള ശുഭാപ്തി വിശ്വാസത്തിലാണെന്നും കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് മാനേജിങ് ഡയറക്ടർ അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിന് നിർഭയമായും നീതിപുർവ്വമായും പ്രവർത്തിക്കാനും നിയമവിരുദ്ധ പ്രവൃത്തികൾ തടയാനുമുള്ള സാഹചര്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി. പൊലീസിന്റെ ഭാഗത്തു നിന്ന് തെറ്റായ കാര്യങ്ങൾ ഉണ്ടാകില്ല എന്നുറപ്പാക്കാനും തെറ്റു ചെയ്യുന്നവരെ ശിക്ഷിക്കാനും കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം പൊലീസ് സേനയുടെ മനോവീര്യം തകർക്കാനുള്ള ബോധപൂർവ്വ നീക്കത്തോട് ഒരു തരത്തിലും യോജിക്കാനും കഴിയില്ല. സംസ്ഥാനത്ത് നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ കണ്ടെത്തി തടയാനുള്ള സേനയാണ് പൊലീസ്. ആ പൊലീസ് അതിന്റെ ജോലി ചെയ്യുന്നതിന്റെ ഭാഗമായാണ് സ്വർണ്ണക്കടത്ത് അടക്കം പിടികൂടുന്നതും കടത്തുകാരെ നിയമത്തിനു മുന്നിൽ എത്തിക്കുന്നതും. സ്വർണ്ണം, മയക്കുമരുന്ന്, കള്ളപ്പണം എന്നിവ കടത്തുന്നത് നാടിനെതിരായ കുറ്റകൃത്യം തന്നെയാണ്. അത് ഒരു വിധത്തിലും അനുവദിക്കില്ല. പരിശോധനകൾ കർശനമാക്കാനും കള്ളക്കടത്തുകാരെ കർക്കശമായി കൈകാര്യം ചെയ്യാനും പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ടു ലഭിച്ച പരാതിയിൽ അന്വേഷണം നടക്കുകയാണെും അദ്ദേഹം വ്യക്തമാക്കി. ദിവസങ്ങളോളം പരസ്യമായി ചാനലുകളിൽ ഉയർത്തിയ പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ നിയോഗിച്ചു. തെറ്റ് സംഭവിച്ചാൽ ഉചിതമായ നടപടി സർക്കാർ സ്വീകരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഒരു മുൻവിധിയോടെയും ഈ കാര്യത്തെ സമീപിക്കുന്നില്ല. ഉയർന്നു വന്ന ഓരോ കാര്യങ്ങളെക്കുറിച്ചും കുറ്റമറ്റ അന്വേഷണം നടത്തും. എന്തെങ്കിലും അപാകം കണ്ടെത്തിയാൽ അതിനുത്തരവാദി ആയവർക്കെതിരെ പരമാവധി ശിക്ഷയുമുണ്ടാകും. കുറ്റവാളികളെ മഹത്വവൽക്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു