ബാലസോര്‍: ഒഡീഷ ട്രെയിന്‍ അപകടത്തെത്തുടര്‍ന്ന് താറുമാറായ തീവണ്ടിഗതാഗതം പുനഃസ്ഥാപിക്കാനുള്ള പരിശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നുവെന്ന് റെയില്‍വെ അറിയിച്ചു. തീവണ്ടി ഗതാഗതം ബുധനാഴ്ച രാവിലെയോടെ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പ്രതികരിച്ചിരുന്നു.
ആയിരത്തിലധികം ജോലിക്കാര്‍ രാത്രിയും പകലുമായി സ്ഥലത്ത് ജോലിചെയ്യുന്നുണ്ട്. ഏഴ് മണ്ണുമാന്തി യന്ത്രങ്ങള്‍, രണ്ട് ആക്സിഡന്റ് റിലീഫ് ട്രെയിനുകള്‍, നാല് ക്രെയിനുകള്‍ എന്നിവ സ്ഥലത്തെത്തിച്ചാണ് ഗതാഗതം പുനഃസ്ഥാപിക്കാന്‍ ശ്രമം നടത്തുന്നത്. അപകടത്തെത്തുടര്‍ന്ന് മറിഞ്ഞ ബോഗികള്‍ ട്രാക്കില്‍ നിന്ന് നീക്കിയിട്ടുണ്ട്. പാളങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
അതേസമയം, ദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് സംഘങ്ങളും ഓഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ അഞ്ച് സംഘങ്ങളും 24 അഗ്‌നിശമന സേനാ യൂണിറ്റുകളും സ്ഥലത്തുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനടക്കം വ്യോമസേനാ ഹെലിക്കോപ്റ്ററുകളും സ്ഥലത്തെത്തിച്ചിട്ടുണ്ട്.

