Highlights (Page 218)

കാലിഫോര്‍ണിയ: ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ 533 മില്യണ്‍ പേരുടെ വിവരങ്ങളുടെ കൂട്ടത്തില്‍ ഫേസ്ബുക്ക് സഹസ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗും. ഫേസ്ബുക്ക് സി.ഇ.ഒയുടെ കോണ്ടാക്ട് ഡീറ്റൈല്‍സ് അടക്കം പരസ്യമാക്കിക്കൊണ്ടാണ് വാല്‍ക്കര്‍ സുരക്ഷാ വീഴ്ച ചൂണ്ടികാണിച്ചിരിക്കുന്നത്. എന്നാല്‍ വാല്‍ക്കറിന്റെ വാദം ഫേസ്ബുക്ക് തളളിക്കളഞ്ഞു. 2019ല്‍ ചോര്‍ന്ന അതേ ഡാറ്റയേക്കുറിച്ച് തന്നെയാണ് പുതിയ അവകാശവാദമെന്നാണ് ഫേസ്ബുക്കിന്റെ പ്രതികരണം. ഹഡ്‌സണ്‍ റോക്കിലെ ചീഫ് ടെക്‌നോളജി ഓഫീസര്‍ അലോണ്‍ ഗാലാണ് ഡാറ്റാ ചോര്‍ച്ചയേക്കുറിച്ചുള്ള വിവരം ആദ്യം പുറത്ത് വിട്ടത്.
ഇന്ത്യയില്‍ നിന്നുള്ള ആറു ദശലക്ഷം അക്കൗണ്ടുകളുടെയും യു.കെയില്‍ നിന്നുളള 11 ദശലക്ഷം അക്കൗണ്ടുകളുടെയും വിവരം ഇത്തരത്തില്‍ പുറത്തായതായി അലോണ്‍ ഗാല്‍ വിശദമാക്കുന്നത്.

കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുളള കാരണം രേഖാമൂലം അറിയിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. രാജ്യസഭാ അംഗങ്ങളുടെ വിരമിക്കലിന് മുമ്പ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കി. തിരഞ്ഞെടുപ്പ് മുമ്പ് തീരുമാനിച്ച തീയതിയില്‍ നിന്ന് മാറ്റിവച്ചതിന് കാരണമില്ലെന്നും വോട്ട് ചെയ്യാനുളള നിലവിലെ നിയമസഭാ അംഗങ്ങളുടെ അവസരം നഷ്ടപ്പെടുത്താനാണ് ശ്രമമെന്നും നിയമസഭാ സെക്രട്ടറി കോടതിയില്‍ വാദിച്ചിരുന്നു.
ഈ വാദം കേട്ട ശേഷമാണ് കോടതി എന്തുകൊണ്ടാണ് മുമ്പ് തീരുമാനിച്ച തീയതി മാറ്റിയതെന്ന് രേഖാമൂലം അറിയിക്കാന്‍ നിര്‍ദേശം നല്‍കിയത്. മറ്റന്നാള്‍ കേസില്‍ വിശദമായി കോടതി വാദം കേള്‍ക്കും.

നിവിന്‍പോളി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. തൊപ്പിയും കണ്ണടയും വെച്ച നിവിന്റെ ഗ്രാഫിക്കല്‍ ചിത്രമടങ്ങിയ പടത്തിന്റെ പോസ്റ്ററും നടന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് താരം എന്നാണ്. കിളി പോയി, കോഹിനൂര്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് വിനയ്. വിവേക് രഞ്ജിത്ത് ആണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.കുടുംബപ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു റൊമാന്റിക് കോമഡിയായിരിക്കും താരം എന്ന ചിത്രം.
പ്രദീഷ് എം വര്‍മ്മയാണ് ഛായാഗ്രഹണം. സംഗീതം രാഹുല് രാജ്. എഡിറ്റിംഗ് അര്‍ജു ബെന്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര് (സൗണ്ട് ഫാക്റ്റര്). സൗണ്ട് മിക്‌സ് വിഷ്ണു ഗോവിന്ദ്. മനു മഞ്ജിത്ത്, ഹരിനാരായണന്‍ ബി കെ എന്നിവരുടേതാണ് വരികള്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര് അരുണ് ഡി ജോസ്. പബ്ലിസിറ്റി ഡിസൈന്‍്‌സ് യെല്ലോടൂത്ത്‌സ്. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമായ തുറമുഖമാണ് റിലീസിന് തയാറെടുക്കുന്ന നിവിന്റെ ചിത്രം. മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ നിവിനെത്തുന്നത്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകരും. ലിജു കൃഷ്ണയുടെ പടവെട്ട്, രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ കനകം കാമിനി കലഹം, എബ്രിഡ് ഷൈനിന്റെ മഹാവീര്യര്‍ എന്നിവയാണ് നിവിന്റേതായി പുറത്തുവരാനുള്ള ചിത്രങ്ങള്‍.

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) ഭവന വായ്പയുടെ പലിശ നിരക്ക് ഉയർത്തി. ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുന്ന ഭവനവായ്പ നിരക്ക് 6.95 ശതമാനമായി പരിഷ്കരിച്ചു. മുൻപ് നിരക്ക് 6.70 ശതമാനം ആയിരുന്നു. സ്റ്റേറ്റ് ബാങ്ക് നിരക്ക് വർധിപ്പിച്ചതിനെ തുടർന്ന് മറ്റ് വാണിജ്യ ബാങ്കുകളും നിരക്ക് വർധിപ്പിച്ചേക്കുമെന്നാണ് സൂചനകൾ.

പലിശ നിരക്ക് വർധിപ്പിച്ചതിനൊപ്പം എല്ലാ ഭവന വായ്പകൾക്കും പ്രോസസ്സിംഗ് ഫീസ് ഉൾപ്പെടുത്തുകയും ചെയ്തു. ഭവന വായ്പ നിരക്കിന്റെ 0.40 ശതമാനവും ജിഎസ്ടി നിരക്കായി കുറഞ്ഞത് 10,000 രൂപയും പരമാവധി നിരക്കായി 30,000 രൂപയും ഈടാക്കാനാണ് ബാങ്ക് പദ്ധതിയിടുന്നത്.എസ്ബിഐ കഴിഞ്ഞ മാസം മാർച്ച് 31 വരെ ഭവനവായ്പയ്ക്ക് പ്രോസസിം​ഗ് ഫീസ് ഒഴിവാക്കിയിരുന്നു. ഭവനവായ്പകൾക്ക് ഏകീകൃത പ്രോസസ്സിംഗ് ഫീസും ബാങ്ക് ഈടാക്കും. ഇത് വായ്പ തുകയുടെ 0.40 ശതമാനവും ജിഎസ്ടിയും ആയിരിക്കും.

ഫഹദ് ഫാസില്‍ ചിത്രം ഇരുള്‍ നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശനം തുടരുകയാണ്. നസീഫ് യൂസഫ് ഇസുദ്ദിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറും ദര്‍ശന രാജേന്ദ്രനും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാഹിത്യകാരന്മാരുടെ ലോകത്തേക്ക് തന്റെ ആദ്യ രചനയുമായി കടന്നു വന്ന അലക്‌സ് പാറയില്‍ എന്ന എഴുത്തുകാരന്‍, കാമുകി അര്‍ച്ചനയുമൊത്തൊരു വീക്കെന്‍ഡ് ചിലവിടാന്‍ പുറപ്പെടുന്നു. തങ്ങളുടെ സ്വകാര്യതയില്‍ മൊബൈല്‍ ഫോണ്‍ പോലും ഒഴിവാക്കുന്ന കമിതാക്കള്‍ക്ക് പക്ഷെ പോകും വഴിയേ, അപ്രതീക്ഷിത സാഹചര്യത്തില്‍, ഒരു ബംഗ്‌ളാവില്‍ അഭയം തേടേണ്ടി വരുന്നു. പിന്നീടുണ്ടാകുന്ന പ്രശ്‌നങ്ങളാണി സിനിമയുടെ ഇതിവൃത്തം.

ചെന്നൈ: റോക്കറ്ററി ദി നമ്പി എഫ്ക്ട് എന്ന ബ്രഹ്മാണ്ട ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു.ആര്‍. മാധവന്റെ ട്രൈ കളര്‍ ഫിലീസും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായാണ് ഒരുങ്ങുന്നത്. നാലുവര്‍ഷമായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നതും മാധവന്‍ തന്നെയാണ്.ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയുമെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു.

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ. ചാരകേസ് അന്വേഷിച്ച ജസ്റ്റിസ് ഡി.കെ. ജയിന്‍ അധ്യക്ഷനായ ഉന്നതതല സമിതി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.2018 സെപ്റ്റംബറിലാണ് ഐ.എസ്.ആര്‍.ഒ. ചാരകേസിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ഡി.കെ. ജയിന്‍ അധ്യക്ഷനായ സമിതിക്ക് സുപ്രീം കോടതി രൂപം നല്‍കിയത്.

കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി ബി.കെ.പ്രസാദ്, കേരളത്തിലെ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തില്‍ എന്നിവരാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളായി സമിതിയില്‍ ഉള്ളത്. 2020 ഡിസംബര്‍ 14, 15 തീയതികളില്‍ ജസ്റ്റിസ് ജയിന്റെ അധ്യക്ഷതയിലുള്ള സമിതി തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തിയിരുന്നു.

ദുല്‍ഖര്‍ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന പുതിയ ചിത്രമാണ് സല്യൂട്ട്. ഐപിഎസ് ഓഫീസറായ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ താരങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ടീസര്‍ ഇന്ന് വൈകുന്നേരം ആറ് മണിക്ക് പുറത്ത് വിടും. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയെഴുതുന്നത്. സന്തോഷ് നാരായണന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചി്ത്രത്തില്‍ ഡയാന പെന്റിയാണ് നായിക. സാനിയ ഇയപ്പന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

തിരുവനന്തപുരം: കേരള സര്‍വലാശാലയിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളുടെ പരീക്ഷയുമായി ബന്ധപ്പെട്ട് വ്യാപക പരാതി. ഡിഗ്രി വിദ്യാര്‍ത്ഥികളുടെ അഞ്ചാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞത് മാര്‍ച്ച് പതിനെട്ടിന്. പിന്നാലെയാണ് ആറാം സെമസ്റ്റര്‍ പരീക്ഷ ഈ മാസം പതിനഞ്ച് മുതല്‍ നടത്താന്‍ കേരള സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്. പരീക്ഷ മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ട് സര്‍വകലാശാല അധികൃതരെ ബന്ധപ്പെട്ടെങ്കിലും അനുകൂല മറുപടിയുണ്ടായില്ലെന്നാണ് ആരോപണം.

ശ്രീദേവ് കപ്പൂര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജഗള.മുരളീ റാം, ശ്രീദേവ് കപൂര്‍ എന്നിവര്‍ ചേര്‍ന്ന് ചരന നിര്‍വഹിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോള്‍. മോഹന്‍ലാലിന്റെയും ദിലീപിന്റെയും ഫേസ്ബുക്ക് പേജിലൂടെയാണ് ജഗള എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത് വിട്ടത്. മലബാര്‍ ലഹള കാലത്ത് ഏറനാട്ടില്‍ ജീവിച്ചിരുന്ന ചേക്കു എന്ന മുസ്ലിം യുവാവിന്റെ ആത്മസംഘര്‍ഷങ്ങളുടെയും പ്രണയത്തിന്റെയും കഥയാണ് ജഗള എന്ന ചിത്രത്തിന്റെ പ്രമേയം. നവാഗതനായ മുരളീറാമാണ് ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മെറീന മൈക്കിളാണ് കുഞ്ഞാത്തു എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഖദ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബിറ്റോ ഡേവിഡ്, അപ്പുണ്ണി ശശി, കണ്ണന്‍ പട്ടാമ്പി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.