രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുളള കാരണം രേഖാമൂലം അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു

കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുളള കാരണം രേഖാമൂലം അറിയിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. രാജ്യസഭാ അംഗങ്ങളുടെ വിരമിക്കലിന് മുമ്പ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കി. തിരഞ്ഞെടുപ്പ് മുമ്പ് തീരുമാനിച്ച തീയതിയില്‍ നിന്ന് മാറ്റിവച്ചതിന് കാരണമില്ലെന്നും വോട്ട് ചെയ്യാനുളള നിലവിലെ നിയമസഭാ അംഗങ്ങളുടെ അവസരം നഷ്ടപ്പെടുത്താനാണ് ശ്രമമെന്നും നിയമസഭാ സെക്രട്ടറി കോടതിയില്‍ വാദിച്ചിരുന്നു.
ഈ വാദം കേട്ട ശേഷമാണ് കോടതി എന്തുകൊണ്ടാണ് മുമ്പ് തീരുമാനിച്ച തീയതി മാറ്റിയതെന്ന് രേഖാമൂലം അറിയിക്കാന്‍ നിര്‍ദേശം നല്‍കിയത്. മറ്റന്നാള്‍ കേസില്‍ വിശദമായി കോടതി വാദം കേള്‍ക്കും.